തടിച്ച
രണ്ട് പെൺകുട്ടികൾ

രു അമ്മാവൻ തുറിച്ചുനോക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി. രൂക്ഷമായ നോട്ടം.

കീർത്തി ആദ്യം മൈൻഡ് ചെയ്തില്ല. പക്ഷെ അസഹ്യമായിത്തുടങ്ങിയപ്പോൾ അവൾ കവിതയോട് മന്ത്രിച്ചു; “ഒരു കെളവൻ നമ്മളെ തുറിച്ചുനോക്കുന്നു. കൊറേ നേരമായി’’.
കവിത അയാളെ ഒളികണ്ണിട്ടു നോക്കി. അവൾക്ക് കാര്യം മനസ്സിലായി.
“നാല് പേർക്കിരിക്കാവുന്നിടത്താ നമ്മൾ രണ്ടുപേർ ഇരിക്കുന്നത്. അതിന്റെ കലിപ്പാ ചേട്ടന്’’, കവിത പറഞ്ഞു.
“പിന്നെ തടിയുള്ളോർക്കുവേണ്ടി കെളവൻ വേറെ മെട്രോ ഓടിക്കുമോ?”, കീർത്തിക്ക് ദേഷ്യം വന്നു.
“നീ ഇന്നലെ വെയിറ്റ് നോക്കിയോ?’’, കവിത അവളോട് ചോദിച്ചു.
“ഇല്ല, എന്തേ?’’, കീർത്തി ചോദിച്ചു.
“എന്നാ ലാസ്റ്റ് നോക്കിയേ?”
“കഴിഞ്ഞാഴ്ച?”
“എത്രയുണ്ടായിരുന്നു?”
“124”, കീർത്തി ഉദാസീനമായി പറഞ്ഞു.
“ഞാൻ ഇന്നു രാവിലെ നോക്കി. 120, അല്ല, 121”

രണ്ടാളും വാ പൊത്തി ചിരിച്ചു. അതോടെ അമ്മാവന്റെ നോട്ടം കൂടുതൽ രൂക്ഷമായി.

“നമ്മൾ സബ്ജക്റ്റിൽ നിന്ന് മാറി. നീ പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് കാണിച്ചേ, എന്തെങ്കിലും ഹോപ് ഉണ്ടോന്നു നോക്കട്ടെ’’, കവിത പറഞ്ഞു.

“ആ കെളവന്റെ നോട്ടം കണ്ടപ്പോ എന്റെ മൂഡ് പോയി. കണ്ടിട്ട് മിക്കവാറും അയാളെ തെറി പറയേണ്ടിവരുന്ന ലക്ഷണമുണ്ട്’’, കീർത്തി പറഞ്ഞു.

കവിത വീണ്ടും കിഴവനെ ശ്രദ്ധിച്ചു. ഓറഞ്ചു നിറമുള്ള ഷർട്ടും കറുത്ത പാന്റുമാണ് അയാൾ ധരിച്ചിരിക്കുന്നത്. ജയലക്ഷ്മി സില്ക്ക്സിലെ ഒരു ഷോപ്പിംഗ് ബാഗും കയ്യിലുണ്ട്. കവിത അയാളുടെ തിരുനെറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെ തന്റെ തടിച്ച കൈത്തണ്ടയിലെ കരിനീല നിറമുള്ള ബ്രേസ്ലെറ്റിൽ വിരലുകൾ സ്പർശിച്ചു. ബ്രേസ്ലെറ്റിൽ പിടിപ്പിച്ച മരതകമണിയിൽ അമർത്തിക്കൊണ്ട് അവൾ ഉള്ളിൽ എന്തോ ആവർത്തിക്കാൻ തുടങ്ങി. തന്റെ നോട്ടം കിഴവന്റെ ശിരസ്സിൽ നിന്ന് മാറ്റാതെ.

പെട്ടെന്ന് തന്റെ ശിരസ്സിൽ ആരോ ഒരു ഐസുകട്ട എടുത്തുവച്ചതുപോലെ വൃദ്ധന് തോന്നി. ആന കാട് ചവിട്ടി മെതിക്കുന്നതുപോലെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്ന അയാളുടെ ചിന്തകൾ നിശ്ചലമായി. അയാൾ നോട്ടം മാറ്റിയത് കീർത്തി ശ്രദ്ധിച്ചു. ഇപ്പോൾ അയാൾ കീഴ്പ്പോട്ടാണ് നോക്കുന്നത്.

“താങ്ക്സ്’’, അവൾ കവിതയോട് പറഞ്ഞു.
“നോ മെൻഷൻ. ഇനി മൊബൈൽ എടുക്ക്’’.
കീർത്തി തന്റെ ഫോൺ തുറന്ന് കവിതയ്ക്ക് കൊടുത്തു. ഫേസ്ബുക്കിലെ ഒരു എഴുത്തുകാരിയുടെ അനുഭവക്കുറിപ്പായിരുന്നു അത്. അവർ കൊച്ചിനഗരത്തിലെ ഒരു സലൂണിൽ പോയി മുടി വെട്ടിയതിനുശേഷം ഹെയർസ്പാ ചെയ്തു. മുടി വെട്ടിയ ബംഗാളി തന്നെയായിരുന്നു ഹെയർസ്പായും ചെയ്തത്. അത്രയും നേരം മാന്യമായി ഇടപെട്ടവൻ തല മസാജ് ചെയ്യുന്നതിനിടയിൽ അവളുടെ മുലകളും തഴുകി. കൂടാതെ അവളോട് ലൈംഗിക ചുവയിൽ സംസാരിക്കുകയും ചെയ്തു.

പോസ്റ്റ് വായിച്ചതിനുശേഷം കവിത കീർത്തിയെ ഒന്ന് നോക്കി.
“സലൂൺ എവിടെയാ?’’, കവിത ചോദിച്ചു.
“എം.ജി റോഡിൽ’’, കീർത്തി പറഞ്ഞു.
“എനിക്ക് സലൂൺ ഏതാന്നു ഏകദേശം പിടികിട്ടി. നമുക്ക് ഏതായാലും ഒന്ന് ട്രൈ ചെയ്യാം’’, അവൾ പറഞ്ഞു.
“ആർ യൂ സീരിയസ്?”
“പിന്നെയല്ലാതെ?, മെട്രോയിൽ വന്നാരേലും മസാജ് ചെയ്തു തരുമോ?’’, കീർത്തി ചോദിച്ചു.
ട്രെയിനിൽ അനൌൺസ്മെന്റ് മുഴങ്ങി.
നെക്സ്റ്റ് സ്റ്റോപ്പ് എം. ജി റോഡ്‌.
“ഇറങ്ങുവല്ലേ?” കീർത്തി ചോദിച്ചു.
“അത് വേണോ?”കവിതയ്ക്ക് സംശയം.
“വയസ്സ് പത്തുനാൽപതായി. ഇനി എന്ത് നോക്കാനാ. നീ വാ’’, കീർത്തി ഉദാസീനമായി പറഞ്ഞു.

രണ്ടുപേരും മെട്രോയ്ക്ക് വെളിയിലേക്ക് നടന്നു. പ്രദർശനത്തിനുവച്ച രണ്ടു പാവക്കുട്ടികൾ‍ പോലെ അവർ എസ്കലറ്ററിൽനിന്നു. കീർത്തി മൊബൈലിൽ കുത്തിക്കൊണ്ടിരുന്നപ്പോൾ കവിത ചുറ്റിനുമുള്ള കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.

കവിതയ്ക്ക് വളരെ ഇഷ്ടമാണ് മെട്രോ സ്റ്റേഷനുകൾ. സ്കാനറിൽ ടിക്കറ്റ് വയ്ക്കുമ്പോൾ തെളിയുന്ന പച്ച മിന്നൽ. ആട്ടോമാറ്റിക്കായി തുറക്കുന്ന ഗേറ്റ്, വളരെ തിരക്കിട്ട് ആളുകൾ എങ്ങോട്ടൊക്കെയോ പോകുന്നത്. അവൾ എല്ലാവരുടെയും മുഖങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ടിരുന്നു.

കീർത്തിക്ക് വേഗം നടക്കാൻ കഴിയുന്നില്ല. മല പോലത്തെ ശരീരം നീങ്ങാൻ പാടാണ്.
“കാലു കഴയ്ക്കുന്നു’’, അവൾ പരാതിപ്പെട്ടു.
“നീ ഇന്നലെ രാത്രി എന്ത് കഴിച്ചു?” കവിത ചോദിച്ചു.
“ബാംഗ്ലൂർ ജ്യൂസിയിൽ പോയി’’, മൊബൈലിൽനിന്ന് കണ്ണ് പൊക്കാതെ കീർത്തി പറഞ്ഞു.
“മനസ്സിലായി. എന്ത് കഴിച്ചൂന്നാ ചോദിച്ചേ?’’
കീർത്തിയുടെ ശ്രദ്ധ ഫോണിൽ തന്നെയാണ്. എന്നാൽ അവൾ തന്റെ ചോദ്യം കേട്ടുവെന്നും മനഃപ്പൂർവം മിണ്ടാതിരിക്കുകയാന്നും കവിതയ്ക്ക് അറിയാം.
“എടീ ആനമറുതേ, ചോദിച്ചത് കേട്ടില്ലേ?”, കവിത കീർത്തിയെ തോണ്ടി.
“ഓ, അതോ ഒരു ബോബെ ഫലൂദാ. പിന്നെ ഒരു ചോക്കലെറ്റ് ഫഡ്ജ്’’.
“കൊള്ളാം. അത്രെയുള്ളോ?”
“ആ പിന്നെ ഒരു ചിക്കൻ സാൻഡ് വിച്ച് കൂടി തിന്നു’’.
കവിത ദീർഘമായി നിശ്വസിച്ചു.

നഗരത്തിലെ ഒരു ഫിറ്റ്‌നെസ് സെന്റ്റിൽ വച്ചാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടിയത്‌. ദുഃഖത്തിന്റെ നാളുകളായിരുന്നു അത്, ഒടുങ്ങാത്ത വിശപ്പിന്റെയും. കവിതയ്ക്ക് ഹോർമോൺ പ്രശ്നം കാരണമാണ് അമിത വണ്ണം. കീർത്തിക്ക് സ്ട്രെസ് ഈറ്റിംഗ്. മാനസികപ്രശ്നങ്ങളിൽനിന്ന് മനസ്സിനെ സംരക്ഷിക്കാൻ ശരീരം നെയ്യ് സൂക്ഷിക്കുന്നു.
എക്സ്ർസൈസിന്റെ ഇടവേളകളിൽ രണ്ടാളും പരസ്പരം ദു:ഖം പങ്കുവച്ചു. ജിം കഴിഞ്ഞു നേരെ ചിക്കിംഗ്സിൽ പോയി ക്രിസ്പി ചിക്കൻ കാലുകൾ തിന്നു.

“നിങ്ങൾ രണ്ടാളും എവിടെയാണ് താമസിക്കുന്നത്?” ഒരു ദിവസം ജിം ട്രെയിനർ ടോണി ചോദിച്ചു.
“ഞാൻ രവിപുരം. കീർത്തി പാലാരിവട്ടം’’, കവിത പറഞ്ഞു.
“റെന്റ് അല്ലെ?”
“അതെ’’.
“നിങ്ങൾക്ക് ഒരുമിച്ചു താമസിച്ചു കൂടേ, നിങ്ങൾ രണ്ടാളും ഒരേ ഫിസിക് ഉള്ളവരാണ്. എക്സ്രാ ഒബീസ്. പരസ്പരം ഹെല്പ് ചെയ്യാം. തടി വേഗം നിയന്ത്രിക്കാം’’, ടോണി പറഞ്ഞു.
“നല്ല ഐഡിയയാണ് ടോണി’’, കവിത പറഞ്ഞു. എന്നിട്ട് കീർത്തിയെ നോക്കി. അവൾ സംഭാഷണം ഒന്നും ശ്രദ്ധിക്കാതെ ടോണിയെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൻ തീരെ ചെറുപ്പമല്ല. എന്നാൽ, ഒത്തിരി മൂത്തിട്ടുമില്ല. ടോണിക്ക് അടുത്ത ചിങ്ങത്തിൽ മുപ്പതാകും. സിനിമാനടൻ കൂടിയാണ്. ഏഴു സിനിമകളിൽ വേഷമിട്ടു. ഗുണ്ടാ വേഷം. അടുത്ത സിനിമയിൽ മെയിൻ വില്ലനാകും എന്നാണ് അവന്റെ പ്രതീക്ഷ. കീർത്തി അയാളുടെ മസിലുകൾ കൊതിയോടെ നോക്കി. വെയിറ്റ് ഉയർത്തുമ്പോൾ അവന്റെ കൈമുട്ടിനു താഴെ ഒരു നീല ഞരമ്പ് തെളിഞ്ഞു വരും, ന്റെ മോനേ…
“കീർത്തി ഞാൻ പറയുന്നത് വല്ലോം കേട്ടോ?’ ടോണി ചോദിച്ചു.
“രാവിലെ സ്മൂത്തിയുണ്ടാക്കുന്ന കാര്യമല്ലേ? ചെയ്യാം’’, കീർത്തി പറഞ്ഞു.
“ഇയാള് കൂട്ടുകാരിയേം വിളിച്ചോണ്ട് പോ’’, ടോണി അക്ഷമയോടെ കവിതയോട് പറഞ്ഞു.
കവിത കീർത്തിയുടെ ഫ്ലാറ്റിലേക്ക് മാറി. അവിടെ വേറെ ആരുമില്ല. കീർത്തിയുടെ മാതാപിതാക്കൾ അവളെ ഉപേക്ഷിച്ചതാണ്. അവളുടെ ഭാരം അവർക്ക് ഒരു ഭാരമായി തുടങ്ങിയപ്പോൾ.
“ഞങ്ങൾ മടുത്തു. ഞങ്ങളുടെ വർഷങ്ങൾ മുഴുവൻ നിന്നെ മെലിയിക്കാൻ വെറുതെ പോയി. ഇനി അത് തിരിച്ചു കിട്ടില്ല’’, അവളുടെ അമ്മ പറഞ്ഞു.

“ഇനിയുള്ള വർഷങ്ങൾ നിനക്ക് തരാൻ പറ്റില്ല. ഞങ്ങൾക്കും നല്ല ഭക്ഷണം കഴിക്കണം. വിശ്രമിക്കണം. നിന്റെ അപ്പൻ നീ ജനിക്കുന്നതിനു മുൻപ് എങ്ങനെയിരുന്നതാണ് എന്നറിയാമോ? നല്ല കൊഴുത്തുരുണ്ട്… എനിക്ക് അങ്ങേരെ ഇനിം അത് പോലെയാക്കണം’’, കീർത്തിയുടെ അമ്മ പറഞ്ഞു.

മാതാപിതാക്കൾ കീർത്തിക്ക് നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങി നൽകി. ഒരു വൻതുക അവളുടെ പേരിൽ നിക്ഷേപിച്ചു. എങ്കിലും കവിതയെ കാണുന്നത് വരെ കീർത്തി ശരിക്കും സന്തോഷിച്ചിരുന്നില്ല.

ജനനം മുതൽ നിശബ്ദയായി ജീവിക്കുന്നവളാണ് കവിത. മാതാപിതാക്കൾ ചെറുപ്പത്തിലെ മരിച്ചു. അമിതവണ്ണം അവളെ കൂടുതൽ നിശ്ശബ്ദയാക്കി. കോൺവെന്റിൽ നിന്നാണ് അവൾ സ്കൂൾ പഠനം പൂർത്തിയാക്കിയത്. സൈക്കോളജിയിൽ ബിരുദമെടുത്തു. ഹിപ്നോട്ടിസം പ്രാക്ടീസ് ചെയ്യുന്നു. കൌൺസിലിംഗ് ചെയ്യുന്നുണ്ട്. അവർ ഒരുമിച്ചു താമസിക്കാനാരംഭിച്ചു. ടോണി പറഞ്ഞത് പോലെ രണ്ടാളും പരസ്പരം സഹായിച്ചു. പക്ഷേ തടി കൂടിയതല്ലാതെ കുറഞ്ഞില്ല. ഇഷ്ടം പോലെ യാത്ര ചെയ്ത്, ഇഷ്ടമുള്ള സിനിമ കണ്ട്, ഇഷ്ടം പോലെ ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള ഹോസ്പിറ്റലുകളിൽ പോയി… അങ്ങനെ ഹാപ്പിയായ ജീവിതം. ഒരുമിച്ചു താമസിച്ചതിന്റെ പ്രധാന റിസൾട്ട് ജിമ്മിൽ പോക്ക് നിന്നു എന്നുള്ളതാണ്.

റോഡിന്റെ ഓരം ചേർന്ന് നടക്കുന്നതിനിടയിൽ കവിത തങ്ങളുടെ നിഴലുകൾ ശ്രദ്ധിച്ചു. പണ്ട് അവൾ തന്റെ നിഴലനെ വെറുത്തിരുന്നു. ആകൃതി നഷ്ടമായ ഒരു കൂറ്റൻ പർവതം പോലെ തന്റെ നിഴൽ. പൊറുക്കാനാവാത്ത ഒരു തെറ്റ്.

വഴിയരികിലെ മരങ്ങൾ ഇലകൊഴിഞ്ഞു നിന്നു. മരക്കൊമ്പുകൾക്കിടയിലെ ആകാശത്തിന്റെ കഷണങ്ങളിൽ ഉരുണ്ട മേഘങ്ങൾ തങ്ങിനിന്നു. പൊടി കലർന്ന ഒരു ചൂട് കാറ്റ് വീശി. നഗരത്തിന്റെ ആധി കലർന്ന ദീർഘനിശ്വാസം പോലെ. ഇരുമ്പു ഷട്ടറിട്ട കെട്ടിടങ്ങൾക്ക് മുന്നിലിരുന്ന ലോട്ടറി വിൽപ്പനക്കാർ ഉറക്കം തൂങ്ങി.

റോഡിലൂടെ മഹീന്ദ്രയുടെ പുതിയ എക്സ്.യു.വി പാഞ്ഞുപോയി. തിളങ്ങുന്ന കറുപ്പു നിറം. ആനയുടെ വലിപ്പം. വാഹനങ്ങൾക്ക് തടിച്ച വാഹനം, മെലിഞ്ഞ വാഹനം എന്നിങ്ങനെ വേർതിരിവില്ല. തനിക്ക് തോന്നിയ വിചിത്രചിന്ത കീർത്തിയോട് പറയാൻ കവിത ഒരുങ്ങിയതാണ്. എന്നാൽ അവളതു വേണ്ടെന്നു വച്ചു. എപ്പോഴും തടിയെ കുറിച്ച് പറഞ്ഞാൽ കീർത്തിക്ക് ഇഷ്ടപ്പെടില്ല. ചിലപ്പോൾ അവൾ കരയുകയും ചെയ്യും. കരച്ചിൽ തുടങ്ങിയാൽ നിർത്തില്ല.

“ആട്ടോ പിടിക്കാം’’, കീർത്തി പറഞ്ഞു. അവളെ അണയ്ക്കാൻ തുടങ്ങിയിരിക്കുന്നു.

“വേണ്ട. കുറച്ചു നടക്കാം’’, കവിത നിർബന്ധിച്ചു.

അപ്പോഴേക്കും ഒരു ആട്ടോ അവരുടെ അടുത്തു വന്നു നിന്നു. കൂടുതൽ ചർച്ച ചെയ്യാതെ രണ്ട് പേരും അതിൽ കയറി.

ലാവണ്ടർ പൂക്കളുടെ ഡിസൈനുള്ള വാൾപേപ്പർ ഒട്ടിച്ച സലൂൺ. കല്യാണി പ്രിയദർശൻ മുടിയഴിച്ചിട്ട് നിൽക്കുന്ന ഒരു കൂറ്റൻ പോസ്റ്ററായിരുന്നു അവരെ സ്വാഗതം ചെയ്തത്. അതുകണ്ട് കീർത്തിക്ക് ദേഷ്യം വന്നെങ്കിലും അവൾ അത് പുറത്തുകാണിച്ചില്ല. കീർത്തി മെലിഞ്ഞ നടിമാരെ വെറുക്കുന്നു.

“ഹെയർ സ്പാ ചെയ്യണം’’.
“ഉണ്ടല്ലോ. ഹെയർ കട്ടിംഗ് ചെയ്തിട്ട് പോരെ’’, റിസപ്ഷനിലെ പെൺകുട്ടി പറഞ്ഞു.
“വേണ്ട. ഹെയർ സ്പാ മതി’’.
“ശരി അകത്തേക്ക് പോര്’’, അവൾ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

വിശാലമായ ഹാൾ. വലിയ കണ്ണാടികൾക്ക് മുൻപിലിരുന്നു യുവതികൾ മുടി വെട്ടുന്നു. ചിലർ നഖം വെട്ടുന്നു. പാതി ചാരിയിട്ട മേക്കപ്പ് റൂമിൽ കാലു നീട്ടിയിരുന്നു ഉറങ്ങുന്ന മൂന്നു സ്ത്രീകൾ. അതിൽ ഒരാൾക്ക് നല്ല തടിയുണ്ട്. അവരെ കണ്ടപ്പോൾ കവിതയ്ക്ക് കുറച്ച് ആശ്വാസം തോന്നി.

“ഇവിടെ ബംഗാളി ആൺപിള്ളേരല്ലേ ഹെയർ സ്പാ ചെയ്യുന്നത്?” കീർത്തി ചോദിച്ചു.
“അല്ല. ഫുൾ ഫീമെയിൽ സ്റ്റാഫാ”, റിസപ്ഷനിസ്റ്റ് പറഞ്ഞു.
“ഞങ്ങൾ മെയിൽ സ്റ്റാഫിനെ ഉദ്ദേശിച്ചാണ് വന്നത്’’, കീർത്തി പറഞ്ഞു.

റിസപ്ഷനിസ്റ്റ് അവരെ അത്ഭുതത്തോടെ നോക്കി.
“ഫീമെയിൽ സ്റ്റാഫിനെ നോക്കിയാണ് ഇവിടെ എല്ലാവരും വരുന്നത് തന്നെ’’.
“ആണുങ്ങളാ പെണ്ണുങ്ങളെക്കാളും നന്നായി മുടിവെട്ടുന്നത്. ഹെഡ് മസാജിംഗും”, കീർത്തി പറഞ്ഞു.

“തൽക്കാലം ഫീമെയിൽ മതി, പോരേ’’, കവിത വിക്കി വിക്കി കീർത്തിയോട് ചോദിച്ചു. കീർത്തി അവളെ രൂക്ഷമായി നോക്കി.

“ശരി. ഒരാളുണ്ട്. പുള്ളി മുടി വെട്ടുകയാണ്. പുള്ളി എക്സ്പെർട്ട് ഒന്നുമല്ല. പക്ഷേ കുഴപ്പമില്ല. ഞാൻ പറഞ്ഞുവിടാം’’.

“ബംഗാളിയാണോ?” കീർത്തി ചോദിച്ചു.
“അല്ല, മലയാളി’’.
കുറച്ചു കടുപ്പമുള്ള സ്വരത്തിലാണ് റിസപ്ഷനിസ്റ്റ് അത് പറഞ്ഞതെന്നു കവിതയ്ക്ക് തോന്നി.

രണ്ടുപേരും ബ്രൗൺ നിറമുള്ള കുഷ്യൻ സോഫകളിൽ അമർന്നു. വിശാലമായ ദേഹം സോഫയിൽ പടർന്നപ്പോൾ രണ്ടുപേർക്കും ഭയങ്കരമായ ആശ്വാസം തോന്നി. സ്പാ ചെയ്യാൻ വന്ന മറ്റു സ്ത്രീകൾ തങ്ങളെ സൂക്ഷിച്ചുനോക്കുന്നത് രണ്ടാളും അറിയുന്നുണ്ടായിരുന്നു. സഹതാപവും സന്തോഷവും ആശ്വാസവും നിറഞ്ഞ അത്തരം നോട്ടങ്ങൾ അവർക്ക് ചിരപരിചിതമാണ്‌.

ഇരുന്നയുടൻ കീർത്തി കൈനീട്ടി കവിതയുടെ ദേഹത്തു നുള്ളി.

“ഈ പൊരിവെയിലത്ത് വന്നിട്ട് മസാജ് ചെയ്യാതെ പോകാനോ? എന്ത് വർത്താനാ നീ പറഞ്ഞേ?”
കവിത എന്തോ മറുപടി പറയാൻ തുടങ്ങി. അപ്പോഴേക്കും ഹെയർ സ്പാ ചെയ്യാൻ ഒരു പയ്യൻ വന്നു.

“നീയാദ്യം ചെയ്തോ’’, കവിത ഉദാരപൂർവ്വം പറഞ്ഞു.
ഒരു കള്ളച്ചിരിയോടെ കീർത്തി പ്ലാസ്റ്റിക് കർട്ടൻ കൊണ്ട് മറച്ച ഹെയർസ്പാ സ്റ്റേഷനിലേക്ക് പയ്യന്റെ പിന്നാലെ നീങ്ങി.

അവന്റെ വിരലുകൾ ചെറുതാണ്, മൃദുവും. തലയോട്ടിയിൽ അവ അമർന്നപ്പോൾ കവിത പണ്ട് പഠിപ്പിച്ച കണക്കുസാറിനെ ഓർത്തു. അടുത്ത നിമിഷം ആ ഓർമ്മ പൊലിഞ്ഞു. പണ്ട് മമ്മി ഉണ്ടാക്കിയ കട്ട്ലറ്റിന്റെ രുചി നാവിൽ വന്നു. കീർത്തി ഓർമ്മകൾക്കായി കണ്ണടച്ചു. പിന്നെ പയ്യൻ മാറിടങ്ങളിൽ അമർത്തുന്നത് കാത്തുകിടന്നു. ഇല്ല, അനക്കമില്ല.

അവൾ കണ്ണ് തുറന്നു കണ്ണാടിയിലേക്ക് നോക്കി. പയ്യൻ എന്തോ ആലോചിച്ചുകൊണ്ട് യാന്ത്രികമായി തല തിരുമ്മുകയാണ്. ഇവന് വികാരങ്ങളില്ലേ? കീർത്തി ദേഷ്യത്തോടെ ആലോചിച്ചു. പിന്നെ തന്റെ മാംസളമായ കൈ എടുത്ത് പയ്യന്റെ വയറിൽ ഒന്ന് തട്ടി. അവൻ ഞെട്ടലോടെ അവളെ നോക്കി.

“കഴുത്തൊക്കെ ഒന്ന് നന്നായി തിരുമ്മ് കുട്ടാ’’, അവൾ കുറുകലോടെ പറഞ്ഞു. പിന്നീട് കവിതയും കീർത്തിയും തനിച്ചാകുമ്പോൾ അവർ വീണ്ടും പറഞ്ഞു പൊട്ടിച്ചിരിക്കാൻ പോകുന്ന ഒരു ഡയലോഗായിരുന്നു അത്.

കഴുത്തിലേക്ക് സ്ഥാനം മാറിയെങ്കിലും അവന്റെ തിരുമ്മിനു മാറ്റമൊന്നും വന്നില്ല. യാന്ത്രികം. എന്നാൽ അവന്റെ വിരലുകൾ പേശിയിൽ അമരുമ്പോൾ എണ്ണയിൽ കടുക്ക് പൊട്ടിത്തെറിക്കുന്നത് പോലെ പരസ്പരബന്ധമില്ലാത്ത ഓർമ്മകൾ അവളുടെ ഉള്ളിൽ പൊങ്ങിവരാൻ തുടങ്ങി. സ്കൂളിനു മുൻപിലെ റോഡിൽ വാകത്തണലിൽ ബോംബെ മിട്ടായിയുമായി കാത്തുനിൽക്കുന്ന കച്ചവടക്കാരൻ, കാസറോളിൽ ബ്രെഡ്‌ഡും ചിക്കൻ ഫ്രൈയുമായി സ്കൂളിൽ ലഞ്ചിന് കൊണ്ടുപോയിരുന്നത്, അത് കണ്ട് കൂടെയിരിക്കുന്ന ലക്ഷ്മി എന്ന പെൺകുട്ടി വെള്ളമിറക്കുന്നത്, അമ്പലത്തിലെ ശാന്തിക്കാരൻ പത്തായം എന്നു വിളിച്ച് തന്നെ കളിയാക്കിയത്, അതിന്റെ പേരിൽ ദൈവങ്ങളെ വെറുത്തുപോയത്.

“നിന്നെക്കൊണ്ട് ദേഹം മുഴുവൻ തിരുമ്മിക്കാൻ തോന്നുന്നു’’, കീർത്തി പറഞ്ഞു.
പയ്യൻ മൈൻഡ് ചെയ്തില്ല.
“നിനക്ക് എന്നെ മസാജ് ചെയ്യുമ്പോൾ എന്ത് തോന്നുന്നു?” കീർത്തി വീണ്ടും ചോദിച്ചു.
പയ്യൻ ഒരു നിമിഷം ആലോചിച്ചു.
“ജീവനുള്ള ഒരു മെത്ത ചുരുട്ടിവയ്ക്കുന്നതുപോലെ. എന്നാൽ എത്ര ചുരുട്ടിയാലും തീരില്ലതാനും’’, അവൻ പറഞ്ഞു.

കീർത്തി അതൃപ്തിയോടെ ഇറങ്ങിവരുന്ന കണ്ടപ്പോഴേ കവിതയ്ക്ക് കാര്യം മനസ്സിലായി. “ഞാൻ ട്രൈ ചെയ്യണ്ടല്ലോ അല്ലേ?”, അവൾ ചോദിച്ചു.
“വേണ്ട. നഷ്ടമാണ്’’, അവൾ പറഞ്ഞു.

അന്ന് രാത്രി അവർ ഒരു മന്തിക്കടയിൽ പോയി. തിരക്ക് കുറഞ്ഞ കടയായിരുന്നു അത്. ബാറിലെ പോലെ ഇരുണ്ട വെളിച്ചമായിരുന്നു കടയുടെ പ്രത്യേകത. തങ്ങളുടെ ശരീരം കണ്ട് ആളുകൾ വല്ലാത്ത രീതിയിൽ നോക്കുന്നത് കുറച്ചു കുറയും.

“ഇതുപോലെ ടോണിയെ തിന്നണം’’, ഒരു ചിക്കൻ കാല് കടിച്ചുകൊണ്ട് കീർത്തി പറഞ്ഞു. ഫ്ലാറ്റിൽ നിന്നിറങ്ങുന്നതിനു മുൻപ് അവൾ രണ്ടു പെഗ് കഴിച്ചിരുന്നു.
“കൊതി ഉള്ളിൽനിന്ന് വരണം’’, കവിത പറഞ്ഞു.
“നീ എന്താ ഉദ്ദേശിക്കുന്നത്?”
“ആണിന്റെ അഭിനിവേശം ഹൃദയത്തിൽ നിന്നല്ല. അതൊരു മൃഗീയചോദനയാണ്’’, കവിത പറഞ്ഞു.
“സൈക്കോളജി പറഞ്ഞിട്ട് കാര്യമില്ല. മിക്ക ആണുങ്ങൾക്കും തടിച്ചികളെ ഇഷ്ടമല്ല’’,
അവൾ സ്പ്രൈറ്റ് കുടിക്കുന്നതിനിടയിൽ പറഞ്ഞു. പിന്നെ മൊബൈൽ എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്തു. മുഖം മറച്ച ഒരു മനുഷ്യന്റെ ഇന്റർവ്യൂ. അവൾ ഫോണെടുത്തു കീർത്തിക്ക് കൊടുത്തു. അയാൾ ഒരു പുരുഷവേശ്യയാണ്. വീഡിയോ കണ്ടുകൊണ്ടു കവിത തീറ്റ തുടർന്നു.
“ദിസീസ് ഗുഡ്, ബട്ട്…’’, അവൾ ഫോൺ തിരിച്ചു കൊടുത്തിട്ട് പറഞ്ഞു.

അന്ന് രാത്രി കീർത്തിയുടെ മുറിയിൽ നിന്ന് കരച്ചിലിന്റെ ശബ്ദം കേട്ടു. ചില ദിവസങ്ങളിൽ കീർത്തി അങ്ങിനെയാണ്. അങ്ങനെയുള്ളപ്പോൾ അവളെ വെറുതെ വിടുന്നതാണ് നല്ലത്. കവിത മുറിയിലിരുന്നു വായിച്ചു. കാൾ ജുങ്ങിന്റെ ‘ദ റെഡ് ബുക്ക്’ എന്ന പുസ്തകം. കീർത്തിയുടെ മുറിയിൽ നിന്ന് കരച്ചിൽ നിലച്ചപ്പോൾ അവൾ അകത്തേക്ക് ചെന്നു. അവൾ ജനാലയ്ക്കടുത്തു കസേരയിട്ടിരിക്കുകയായിരുന്നു. മടിയിൽ വലിയ ഒരു പാക്കറ്റ് പൊട്ടറ്റോ ചിപ്സ്. മുറിയിൽ വെളിച്ചമില്ല. കറുത്ത ഞരമ്പ് പൊട്ടിയൊഴുകിയ പോലെ വഴുവഴുത്ത ഇരുട്ട്. കതകു തുറക്കുന്ന ശബ്ദം കേട്ട് കീർത്തി തിരിഞ്ഞുനോക്കി.

“വേഗം വാടീ ഒരു കാഴ്ച കാണിക്കാം”, അവൾ ഉറക്കെ വിളിച്ചുപറഞ്ഞു. കവിത അവൾക്കരികിലെക്ക് ഓടിച്ചെന്നു.
“കണ്ടോ?” അവൾ ആകാശത്തേക്ക് വിരൽചൂണ്ടി. തിളങ്ങുന്ന നീലത്തുമ്പി പോലെ ഒരു വിമാനം മേഘങ്ങൾക്കിടയിൽ മറയുന്നു.
“കണ്ടോ, നമ്മുടെ ലൈഫാ അത്… നമ്മൾ നോക്കി നിൽക്കുമ്പോൾ പാഞ്ഞുപോവുന്നു. നമുക്കുവേണ്ടി വെയിറ്റ് ചെയ്യാതെ’’, കീർത്തി ചിപ്സ് ചവച്ചു കൊണ്ട് പറഞ്ഞു.
കവിത അവളുടെ മുഖത്ത് സ്പർശിച്ചു. പിന്നെ ഉണങ്ങാൻ തുടങ്ങുന്ന കണ്ണീർപാടയിലൂടെ വിരലോടിച്ചു.
“സാരമില്ല’’, കവിത പറഞ്ഞു. കീർത്തിയോട് പറഞ്ഞെങ്കിലും അവൾ തന്നോടുകൂടിയാണ് അത് പറഞ്ഞത്.
“സൂക്ഷ്മമായി നോക്കുന്നയാൾക്ക് മാത്രമേ യഥാർത്ഥ സൗന്ദര്യം കാണാൻ കഴിയൂ’’, കവിത പറഞ്ഞു.
എന്നാൽ കീർത്തി അത് കേട്ടില്ലെന്ന് തോന്നി. അവൾ ആകാശത്തേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു. പഴുത്തു മഞ്ഞച്ച പ്ലാവിലയുടെ തുണ്ട് പോലെ ഒരു വിളറിയ ചന്ദ്രൻ ആകാശത്തുണ്ട്. കവിത കണ്ണുചിമ്മാതെ അതിൽ നോക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് തലയിൽ അവൾ വിരൽ കൊണ്ട് അമർത്തി. എന്നാലിപ്പോൾ ഓർമ്മകൾ ഉണരുന്നില്ല. അവളെ ഒരു നിമിഷം സഹതാപത്തോടെ നോക്കിയിട്ട് കീർത്തി തിരിഞ്ഞുനടന്നു.

“കവിതേ’’, കീർത്തി പെട്ടെന്ന് അവളെ തിരിഞ്ഞു വിളിച്ചു.
കവിത നിന്നു.
“ഒരുത്തനെങ്കിലും എന്നെ ഒന്ന് കൊതിയോടെ നോക്കിയാൽ, ഞാനെന്റെ സർവസ്വത്തുക്കളും അവനു എഴുതിക്കൊടുക്കും’’, അവൾ പറഞ്ഞു.
“എന്നിട്ടോ?” കവിത ചോദിച്ചു.
കീർത്തി മറുപടി പറഞ്ഞില്ല. അവൾ മാനത്തേക്ക് നോക്കിയിരിക്കുന്നത് തുടർന്നു.

പിറ്റേന്നുമുതൽ കീർത്തി മുറിക്കു പുറത്തുനിന്ന് ഇറങ്ങാതായി. തന്റെ തടിച്ച ദേഹം പൂക്കൾ പ്രിന്റ് ചെയ്ത ഒരു പുതപ്പുകൊണ്ട് മൂടി അവൾ കട്ടിലിൽ തന്നെ കിടന്നു. വിഷാദത്തിന്റെ ഒരു കുഴിയിലാണ് അവളെന്ന് മനസ്സിലാക്കാൻ കവിതയ്ക്ക് പ്രയാസമൊന്നും ഉണ്ടായില്ല. ഭക്ഷണം കഴിക്കാൻ മാത്രം കീർത്തി എഴുന്നേറ്റു. കഴിച്ചതിനുശേഷം ഒരു പാറ മറിഞ്ഞു വീഴുന്നതുപോലെ അവൾ പുതപ്പുകൾക്കിടയിലേക്ക് മറിഞ്ഞുവീണു. ഒരു തവണ മുറിക്കുള്ളിൽവച്ച് അവളെ ഹിപ്നോട്ടൈസ് ചെയ്യാൻ കവിത ശ്രമിച്ചു. എന്നാൽ പരാജയപ്പെട്ടു. കരിങ്കല്ല് കൊണ്ട് കെട്ടിയ മതിൽ പോലെ കീർത്തിയുടെ മനസ്സ് അടഞ്ഞുകിടന്നു.

“അടിത്തട്ട് കാണാൻ കഴിയാത്ത ഒരു കുഴിയിലേക്ക് വീണു പോകുന്നതുപോലെ’’, ഒരു ദിവസം കപ്പയും ഇറച്ചിയും മൂന്നു പ്ലേറ്റ് ചോറും കഴിച്ചിട്ട് കീർത്തി പറഞ്ഞു.
കവിത അതിനു മറുപടി പറഞ്ഞില്ല.
“എന്നാൽ ഈ വീഴ്ചയ്ക്ക് ഒരു സുഖമുണ്ട്. എന്തോ ഒരു സുഖം’’.

കവിത ഫോണെടുത്തു. ടെലിഗ്രാമിൽ ഒരു ചാറ്റ് ബോട്ട് തുറന്ന് അവൾ കീർത്തിയുടെ മുന്നിലേക്ക് നീക്കിവച്ചു. അതിൽ പല പുരുഷൻമാരുടെയും ഫോട്ടോയും വിവരങ്ങളും ഉണ്ടായിരുന്നു.
“ഒന്ന് ക്ലിക്ക് ചെയ്‌താൽ മതി. അവർ ഇവിടെ വരും’’.
ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ കീർത്തി അവളുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു.
“ഇത് മുഴുവൻ നമ്മളെക്കാൾ പ്രായം കുറഞ്ഞ പുരുഷൻമാരാണ്’’, കീർത്തി പറഞ്ഞു.
“സാരമില്ല’’.
കീർത്തി ഒരു ഫോട്ടോയിൽ ക്ലിക്ക് ചെയ്തു. അടുത്ത നിമിഷം അവരുടെ ലൊക്കേഷനും ഹാഫ് പെയ്മെന്റും ചോദിച്ചുകൊണ്ടുള്ള സ്ക്രീൻ തെളിഞ്ഞു.
അൽപ്പനേരം ആലോചിച്ചിട്ട് കവിത ഫോൺ തിരിച്ചു കൊടുത്തു.
“വേണ്ട. ഇറ്റ് വിൽ നോട്ട് ഹീൽ മീ’’.
കവിത ഫോൺ വാങ്ങിച്ചു തിരിച്ചുനടന്നു.
“കവിതേ…’’, കീർത്തി അവളെ പിന്നിൽനിന്ന് വിളിച്ചു.
“അടുത്ത ജന്മം ഞാൻ വളരെ മെലിഞ്ഞു സുന്ദരിയാകും. എന്റെ പിന്നാലെ അവൻമാർ വരും’’.

കീർത്തിയുടെ അവസ്ഥ അനുദിനം വഷളായിവന്നു. അവൾ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ മടിച്ചു. ഭക്ഷണവും വേണ്ടെന്നായി. കവിത എത്ര നിർബന്ധിച്ചിട്ടും അവൾ മരുന്ന് കഴിക്കാൻ വിസ്സമ്മതിച്ചു.

ഒരു മധ്യാഹ്നത്തിലാണ് ആ ചെറുപ്പക്കാരൻ വന്നത്. കീർത്തിയുടെ മുറിയിലേക്ക് പോകുന്നതിനു മുൻപ് അവൻ കവിതയുമായി സംസാരിച്ചു. അവൻ ആർട്സ് കോളേജിൽ പഠിക്കുകയാണ്. പെയിന്റിംഗ് വിദ്യാർത്ഥിയാണ്. ഇത് അവന്റെ പാർട്ട് ടൈം ജോലിയാണ്.
“ഇടയ്ക്ക് സോമാറ്റോയിൽ ഡെലിവറിക്കും പോകും’’, അവൻ കവിതയോട് പറഞ്ഞു. അവൻ കീർത്തിയുടെ മുറിയിലെ ജനാലകൾ തുറന്നിട്ടു. മഞ്ഞവെളിച്ചത്തിന്റെ ഒരു കീറു മുഖത്തു തട്ടിയപ്പോൾ കീർത്തി ഉണർന്നു. തന്റെ അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക് കീർത്തി ഞെട്ടലോടെ നോക്കി.
“നീ… ആരാണ്?” അവൾ ചോദിച്ചു.
അവൻ പുഞ്ചിരിച്ചു. പിന്നെ, ‘നിശ്ശബ്ദയാകൂ’ എന്ന അർത്ഥത്തിൽ ചുണ്ടിൽ വിരൽചേർത്തു.

കീർത്തി കട്ടിലിൽ എഴുന്നേറ്റിരുന്നു. പൂക്കൾ പ്രിന്റ് ചെയ്ത പുതപ്പിനിടയിൽ, പാറിപ്പറന്ന മുടിയിൽ അവൾ രാജ്യം നഷ്ടപ്പെട്ട ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു. അവൻ ബാഗിൽ നിന്ന് ഒരു തടിബോർഡ് എടുത്തു. പിന്നെ ഒരു കെട്ടു കടലാസും പെൻസിലും.
“എന്താണ് വരയ്ക്കുന്നത്?” കീർത്തി ചോദിച്ചു.
“നിന്റെ കണ്ണുകൾ. ഇത്ര സുന്ദരമായ കണ്ണുകൾ ഞാൻ കണ്ടിട്ടില്ല’’.

കീർത്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നതും ആ പുഞ്ചിരിയുടെ തെളിച്ചം മുഖമാകെ പടരുന്നതും അപ്പുറത്തെ മുറിയിലിരുന്നു കവിത അറിയുന്നുണ്ടായിരുന്നു.


Summary: Vannamulla Randu Penkuttikal, Malayalam Short Story written by Anish Francis and published in Truecopy Webzine packet 296.


അനീഷ് ഫ്രാൻസിസ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. വൈദ്യുത ബോർഡിൽ അസിസ്റ്റൻറ്​ എഞ്ചിനീയർ. ദൂരെ ദൂരെ റോസാക്കുന്നിൽ (കഥ) വിഷാദ വലയങ്ങൾ, ശ്വേതദണ്ഡനം (നോവെല്ല) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments