എൻഡോക്രൈനോളജി വിഭാഗത്തിൽ ഡോക്ടറുടെ മുറിക്കുപുറത്ത് അന്ന് പതിവിലേറെ തിരക്കുണ്ടായിരുന്നു. ആണും പെണ്ണും ഇടകലർന്നിരുന്ന കസേരകളൊക്കെ നിറഞ്ഞു. ടെസ്റ്റ് റിപ്പോർട്ടുകൾ വാങ്ങി മടങ്ങിവന്ന രാഘവൻ നീരു വന്ന കാലുമായി പിന്നിലേക്കായി നീങ്ങി. വേദന സഹിച്ച് അയാൾ അരമണിക്കൂറോളം നിന്നു. ആരും കസേരയൊഴിഞ്ഞില്ല. കണങ്കാല് വരെ പടർന്ന കറുപ്പ് കലർന്ന തൊലിപ്പുറത്തിലോട്ട് എല്ലാവരും അറച്ച് നോക്കി. തള്ളവിരലിൽ മുറിവുണ്ടാക്കി, പഴുപ്പിൻ്റെ മഞ്ഞച്ചലം പൊതിഞ്ഞ് കെട്ടിവച്ച തുണിക്കഷണത്തിലൂടെ പുറത്തേക്ക് നനഞ്ഞ് വന്നു.
അയാൾക്കടുത്തുനിന്ന പലരും ഇതുകണ്ട് അകന്നു മാറി. പൈസക്കാര് മാത്രം കയറിയിറങ്ങുന്ന ആശുപത്രിയിലേക്ക് ആയിരം രൂപയും കൊടുത്ത് പറഞ്ഞയച്ചത് ബേക്കറി മുതലാളിയാണ്. പഴുപ്പും നീരുമൊക്കെ വറ്റിയിട്ടുവന്നാൽ മതിയെന്ന് മുഖം നോക്കിപ്പറഞ്ഞപ്പോൾ അയാൾക്ക് മുന്നിലെ മറ്റ് മാർഗങ്ങളൊക്കെ അടഞ്ഞു. ഡോക്ടറെ കണ്ട് പലരും മടങ്ങി. ഓരോ കസേരകളിൽ നിന്നും പെണ്ണുങ്ങളുടെ ചന്തിയൊഴിഞ്ഞുവന്നു.
രാഘവൻ സാവധാനം നടന്ന് ഒരു കസേര പിടിച്ചു. ചൂട് പരന്ന പ്രതലത്തിൽ അമർന്നിരുന്നപ്പോൾ സുലോചനയുടെ ചൂട് ചുരുങ്ങിക്കൂടിയ വീട്ടിലെ പഴയ ചുവന്നപ്ലാസ്റ്റിക് കസേര കാല് പിളർത്തി വെട്ടിപ്പൊളിഞ്ഞ് ചതകുത്തി തുളഞ്ഞതിൻ്റെ വേദന അഞ്ചാറ് വർഷങ്ങൾക്കിപ്പറവും രണ്ടായി പകുത്ത് നിന്ന പിൻഭാഗത്തിൻ്റെ ഇടത്തേവശത്ത് മിടിച്ചുനിന്നു.
ഡോക്ടറുടെ മുറിക്കകത്ത് കയറിയപ്പോൾ എ. സി. യുടെ തണുപ്പുകൊണ്ട് ആയുസ്സ് വറ്റി ഉണക്കച്ചണ്ടിപോലായ ശരീരത്തിന് ഒന്ന് കുളിർത്തു വന്നു. ഒരു സ്ത്രീരൂപം കസേരയിലിരുന്നുകൊണ്ട് കറങ്ങിയത് കണ്ടപ്പോൾ കുളിര് വിട്ട് രാഘവൻ അസ്വസ്ഥനായി. അയാളുടെ മുഖം നോക്കാതെ അടുത്ത് നിന്ന നേഴ്സിനെക്കൊണ്ട് ടെസ്റ്റ് റിപ്പോർട്ടുകൾ വാങ്ങിപ്പിച്ചു.
'മുൻപ് ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നോ?'
'ഇല്ല'
'മദ്യം കഴിക്കാറുണ്ടോ?'
'ഇല്ല'
'പുകവലി..?'
'വല്ലപ്പോഴും'
'ഏതെങ്കിലും സർജറി ചെയ്തിട്ടുണ്ടോ?'
അല്പം ഇടത്തോട്ട് വളഞ്ഞ്, ചതഞ്ഞുനിന്ന ലിംഗം സുലോചന കാണാതെ ഇരുട്ടത്ത് മാത്രം വെളിക്ക് വന്നത് കിടപ്പറയിലും കുളിമുറിയിലും മാത്രം.
അയാൾ ഏറെ നേരം മടിച്ചുനിന്ന ശേഷം പറഞ്ഞു, 'ഉണ്ടായിര്ന്ന്.. ഒഴിക്ക്ന്ന ഭാഗത്ത് ചെറ്പ്പത്തില് ഒരു പന്ത് കൊണ്ട്. അപ്പോ ഒരു ഓപ്പറേഷൻ ചെയ്ത്’.
'എത്രാമത്തെ വയസ്സിൽ?'
'പത്തൊൻപതില്'
'കല്ല്യാണം കഴിഞ്ഞതാണോ'
'കഴിഞ്ഞ്'
'കുട്ടികൾ ഉണ്ടോ?'
'ഇല്ല'
അയാൾ പരമാവധി തലകുമ്പിട്ടിരുന്നു.
' മൂത്രം ഒഴിക്കുമ്പോൾ വേദനയോ പഴുപ്പോ വരാറുണ്ടോ?'
'വേദനിണ്ടാവും'
'നീര് വന്നിട്ട് എത്ര ദിവസമായി?'
'ഒരാഴ്ച'
'മുറിവ് വല്ലതും പറ്റിയിട്ടുണ്ടോ?'

ചുറ്റിവച്ച തുണിക്കെട്ട് അഴിച്ചു മാറ്റിക്കാണിച്ചു. പഴുപ്പ് നിറഞ്ഞ തള്ളവിരലിലെ നഖത്തിന് സ്വർണ്ണത്തിന്റെ മഞ്ഞളിപ്പ്. പാദം തൊട്ട് നോക്കിയ ഡോക്ടർ പറഞ്ഞു: "നിര് വീക്കം കൂടുതലാണ്. എടുത്ത ടെസ്റ്റ് റിപ്പോർട്ടുകളിൽ പ്രമേഹം കൂടിയ അളവിലാണ്. പഴുപ്പ് നിറഞ്ഞ സ്ഥിതിക്ക് ഇനി കാര്യങ്ങൾ ബുദ്ധിമുട്ടാകും’’.
മരുന്ന് കുറിച്ച് കൊടുക്കുന്നതിനിടയ്ക്ക് ഇടത്തേക്കാലിലെ കറുപ്പും കാൽമുട്ടിന് താഴെ വേരിറങ്ങിയ പച്ച ഞരമ്പുകൾ പിടഞ്ഞെണീറ്റ് കിടക്കുന്നതിനെക്കുറിച്ചും രാഘവൻ ഡോക്ടറോട് പറഞ്ഞു.
"ഇത് വെരിക്കോസ് വെയിനിൻ്റെ ലക്ഷണങ്ങളാണ്. രാഘവൻ ഇതിന്റെ സ്പെഷലിസ്റ്റിനെകൂടി കാണേണ്ടി വരും, ഇന്ന് തന്നെ".
ഇംഗ്ലീഷ് പേരില് പറഞ്ഞ രോഗത്തെക്കുറിച്ചൊന്നും അയാൾക്ക് തിരിഞ്ഞില്ല. വേറെ ഒരു ഡോക്ടറെക്കൂടി കാണേണ്ടിവരുമെന്ന് മാത്രം മനസ്സിലാക്കി കൂടുതലൊന്നും ചോദിച്ചറിയാനുള്ള ഉശിരില്ലാതെ അയാൾ സാവധാനം മുറി വിട്ട് പുറത്തിറങ്ങി. കയ്യിലുള്ള ആയിരം രൂപയിൽ നാന്നൂറ് കുറഞ്ഞു. മരുന്നുകുറിപ്പുമായി ചെന്നപ്പോൾ ആകെക്കൂടി ആയിരത്തിയിരുന്നൂറ് രൂപാ. നാളെ മുതൽ ബേക്കറി ജോലിയുണ്ടാവില്ലെന്നറിഞ്ഞ് മിച്ചം വന്ന രൂപാനോട്ടുകൾ കീശയ്ക്കുള്ളിൽ മടക്കിക്കയറ്റി രാഘവൻ മരുന്ന് വാങ്ങിക്കാതെ വീട്ടിലേക്ക് നടന്നു. മെയിൻ റോഡിലൂടെ നടന്ന് വലത് വശത്തേക്ക് തിരിയുന്ന ഒറ്റയടിപ്പാതവഴിയാണ് വീട്ടിലേക്ക് നടക്കേണ്ടത്. ഉൾവലിഞ്ഞ് നിന്ന പാത ചെന്നവസാനിച്ചത് മാറാലപൊത്തി മാനംകെട്ട് നിന്ന അയാളുടെ വീട്ടുമുറ്റത്താണ്. സുലോചന ഈ വീട് വിട്ടാണ് ഇറങ്ങിയത്. പെറ്റ തള്ള വയറിളകിച്ചത്തതും അവരുടെ അപ്പി വാരിയതും ഇതേ വീട്ടിലാണ്. ഉറ്റവരൊക്കെ ഒഴിഞ്ഞുപോയ ആ വീട്ടിലേക്ക് അയാൾ വാതില് തുറന്ന് കയറി. വീട് നിറയെ ഒഴിഞ്ഞ കസേരകളാണ്. പല വഴിക്ക് ചിതറിയും ചെരിഞ്ഞുമുള്ള കസേരകളുടെ കിടത്തം ശരീരങ്ങളെ ചുമന്നിരുത്തിയുള്ള ആയാസത്തിൻ്റെ അഭാവത്തെ മാത്രം ഒഴിച്ചുനിർത്തി. അഞ്ച് മാസംമുൻപ് ചത്തുപോയ തള്ള പടമായി ചിരിച്ച് നിൽക്കുന്നതും നോക്കിയിരുന്ന അയാൾക്ക് മുൻപിൽ തുറന്നിട്ട വാതിലിലൂടെ പൊള്ളയായ ആകാശം കാണാം.
അടുത്തേക്ക് വലിച്ചിട്ട പൊട്ടിയ കസേരയിൽ കാല് കയറ്റി വച്ച് വീർത്തപാദത്തിലേക്കും തള്ളവിരലിലെ മഞ്ഞളിപ്പിലേക്കും അയാൾ വെറുതെ നോക്കിയിരുന്നു. ഒരുപാട് നേരം നോക്കിയിരുന്നാൽ തനിക്ക് തന്നെ ഛർദ്ദിക്കാൻ വരുമെന്ന് കരുതി അയാളെഴുന്നേറ്റ് മുറിയിലേക്ക് നടന്നു. സുലോചനയുടെ മണം ആദ്യമായി അയാൾക്ക് കിട്ടിയത് അവിടെയാണ്.
▮
2
ഇരുപത്തിനാലിൻ്റെ തുടക്കത്തിലായിരുന്നു കല്ല്യാണം. കല്ല്യാണരാത്രിയിലാണ് സുലോചനയുടെ ഇടത്തേ ചെവിക്ക് താഴെയുള്ള കുഞ്ഞു മറുക് രാഘവൻ ആദ്യമായി കണ്ടത്. വെളുത്ത് ചെറുങ്ങനെയുള്ള ഒരു രൂപമായിരുന്നു അവൾക്ക്. രാഘവനാണെങ്കിൽ കറുപ്പും വെളുപ്പും കലർന്ന തൊലിപ്പുറത്ത് കുട്ടിക്കൂറാ പൗഡറിൻ്റെ പാണ്ട്നിറമാണ്. പെണ്ണിനെ ആദ്യമായി തൊട്ടപ്പോൾ അതൊക്കെ വിയർത്തൊലിച്ചുപോയതും പെട്ടെന്ന് വെളുത്ത് വന്ന പകലും ഇന്നലെയാണെന്ന് അയാൾക്ക് തോന്നി. ഭാര്യ പെറാത്തതിനെച്ചൊല്ലി നാട്ടുകാർ മുറുമുറുത്തപ്പോൾ അതിന്റെ ഒരംശം അടുക്കളയിലും പാത്രങ്ങളായി ഉരുണ്ടു കളിച്ചു.
"എടി പെണ്ണെ, കെട്ട് കഴിഞ്ഞ് അഞ്ച് കൊല്ലം തീരാറായി. ഇത് വരെ വയറ്റില് വല്ലതും ഒണ്ടായോ അതൂല്ല".
"ഇത് മോനോടുംകൂടി ചോദിക്കാമായിരുന്നു".
"പ്ഫ..! ഒരുമ്പെട്ടോളേ അവനെന്താടി കൊഴപ്പം. നിനക്കാ കൊഴപ്പം. പെറാത്ത പെണ്ണേ കുടുംബം മുടിക്കും".
അതിന്റെ അവസാനം രാഘവന് ഭാര്യയുടെ മണം കിട്ടാതെയായി.
സുലോചനയുടെ അമ്മയുടെ ഉപദേശ പ്രകാരമാണ് അവർ നഗരത്തിലെ ആശുപത്രിയിലേക്ക് പോയിത്തുടങ്ങിയത്. ഒടുവിൽ രാഘവന് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന സത്യം പെറ്റ് വീണപ്പോൾ കൈകാലിട്ട് കുടഞ്ഞ് കരഞ്ഞത് അയൽവക്കത്തെ തള്ളമാരാണ്. രാഘവനാണ് അവസാനം കരഞ്ഞത്, സുലോചന ചിരിച്ചപ്പോൾ ഒട്ടിക്കിടന്ന വെള്ളത്തൊലിയിലെ കാക്കാപ്പുള്ളിയിലേക്ക് മറ്റൊരാൾ കൂടി ചുരുണ്ടു കേറിയത് അറിഞ്ഞ്. നാടും നാട്ടാരും കറക്കിക്കുത്തി ഉത്തരം ശരിയാക്കി രാഘവനിലേക്ക് തിരിഞ്ഞു. അരക്കെട്ടിന് താഴേക്ക് നോക്കി പുരുഷൻമാർ ഊറിച്ചിരിച്ചു തുടങ്ങിയത് പിന്നീടാണ്. കുറ്റവും കുറവുകളും അയാളുടെ കണ്ണിന് താഴെ കറുപ്പ് പടർത്തി. ശിക്ഷ അനുഭവിച്ചു തുടങ്ങിയതിൽപ്പിന്നെ അയാളുടെ മുഖം മറ്റൊരു പെണ്ണിലേക്കും ഉയർന്നില്ല. ബേയ്ക്കറിക്ക് മുകളിലെ നിലയിലേക്ക് കൂട്ടുകാർ പെണ്ണുങ്ങളെയും കൊണ്ട് മറയുമ്പോൾ അയാളുടെ തല താണ് തന്നെയിരുന്നു. പണ്ട് ബസ്സില് പെണ്ണുങ്ങളുടെ മണം കിട്ടിയ അയാൾ ഇപ്പോൾ അവരുടെ വിയർപ്പു പൊട്ടി വരുന്ന മണത്തോട് ഓക്കാനിക്കാൻ തുടങ്ങി.
വീടണയുമ്പോൾ സുലോചനയുടെ അഭാവം അയാളെ കൂടുതൽ മുഷിപ്പിച്ചു. സുലോചന തേച്ച്കുളിക്കാറുള്ള മെഡിമിക്സിൻ്റെ മണം പോയ്കിട്ടി പകരം വാതം പിടിപെട്ട തള്ളയുടെ ഉശിര് തീർന്ന ഉയിരിൻ്റെ നാറ്റം അയാളെ ശ്വാസം മുട്ടിച്ചു. അപ്പി മണത്തിൻ്റെ അന്തരീക്ഷത്തിൽ ഒരു ജീവച്ഛവം എല്ലും തോലുമായി കിടന്നുകൊണ്ട് താൻ അടക്കിപ്പിടിച്ച സകല ദുഃഖങ്ങളെയും ഞെരിച്ചുകൊന്ന് പുറത്തേയ്ക്ക് വിട്ടുകൊണ്ടിരുന്നു. അതിനൊരു ഭീകരത സൃഷ്ടിക്കാൻ കഴിഞ്ഞതിൽ രാഘവൻ അത്ഭുതപ്പെട്ടില്ല. അപ്പിത്തുണി കഴുകിയെടുക്കുമ്പോഴും തള്ള ഛർദ്ദിച്ചത് കോരിയെടുക്കുമ്പോഴും അയാൾ അറയ്ക്കുകയോ ഓക്കാനിക്കുകയോ ചെയ്തില്ല. പരലോകത്തേയ്ക്കുള്ള പുറപ്പാടിൽ വെപ്രാളപ്പെട്ട് തൂറിയത് മുഴുവൻ രാഘവന്റെ മേലൊട്ടി നിന്നു. നാറ്റത്തിലും അയാൾ അവരെ പൊക്കിയെടുത്ത് ശരീരം വൃത്തിയാക്കി വെള്ള പുതച്ച് നടുമുറ്റത്ത് കട്ടിലിൽ കിടത്തി മാനംമുട്ടെ നോക്കിനിന്നതേയുള്ളു.

▮
3
അടുക്കളപ്പാത്രങ്ങൾ പകുതിയും വെള്ളം കുടിച്ച് വീർത്തുനിന്നു. വെള്ളം തീണ്ടാത്ത പിച്ചളപ്പാത്രങ്ങളിലൊക്കെ എലിപ്പുഴുക്ക് വീണുരുണ്ടു. പൂച്ചകൾ തട്ടിമറിച്ചിട്ടുപോയ പാത്രങ്ങളുടെ വക്ക് പൊട്ടി കൂർത്ത് നിന്നു. രാഘവന് വയറ് കത്താൻ തുടങ്ങി. വേദനിച്ചു തുടങ്ങിയ കാലിന് ചുറ്റും മണിയനീച്ചകൾ മണം പിടിച്ചുകൊണ്ട് പറന്നു. വിശന്ന വയറിന് കാപ്പി നിറമാണ്. ആ കാപ്പി നിറത്തിലൂടെ ഒരു രോമ വര താഴേക്ക് ഇറങ്ങി. അതിനെ മുറിച്ചുകൊണ്ട് ലുങ്കിമുണ്ട് അരക്കെട്ടിനെ മുറുക്കി. അതിന് കീഴ്പ്പോട്ട് തുടിച്ച് നിന്ന ജീവന്റെ തുരുത്തിലേക്ക് കൈവിരൽ മെല്ലെ പടർന്നു. അടിവയറ്റിലൂടെ വിശപ്പ് ഒഴുകി അയാളുടെ കൈവിരലുകൾ നനഞ്ഞു. ഒരു നെടുവീർപ്പിട്ട് അയാൾ വേച്ചു വേച്ച് പുറത്തേക്കിറങ്ങി.
തലയ്ക്ക് മുകളിൽ സൂര്യൻ കത്തിത്തീരാറായി . തിരക്ക് പിടിച്ച മനുഷ്യക്കൂട്ടങ്ങൾ രാഘവനെ മുട്ടിയുരുമി കടന്നു പോയി. അയാൾ നിരത്തിൻ്റെ ഓരത്തേയ്ക്ക് ഒതുങ്ങി നടക്കാൻ തുടങ്ങി. ഓരങ്ങിലൊക്കെ ഒന്നുമില്ലായ്മയുടെ വയറൊട്ടികൾ. സ്ത്രീകളും പുരുഷൻമാരും അവിടെത്തന്നെ പെറ്റു പെരുകി ജീവിക്കുന്നു.
രാഘവൻ ആ മനുഷ്യക്കൂട്ടങ്ങൾക്ക് ഇടയിൽ നിന്നും മണം പിടിച്ച് തുടങ്ങി. ഓരോ പെണ്ണിനെയും ഉരസി നീങ്ങുമ്പോൾ രാഘവൻ മൂക്കിലൂടെ ശ്വാസം ആഞ്ഞ് വലിച്ചു. അതിൽ വെളിക്കിറങ്ങി വെള്ളം നനയ്ക്കാത്ത പെണ്ണുങ്ങളും കുഞ്ഞുങ്ങളും മണത്ത്നാറി.
വഴിവക്കിൽ ചിതറിക്കിടന്ന ഓട്ടപ്പാത്രങ്ങളിലേക്ക് മണൽ വാരി കളിക്കുന്ന മേലുടുപ്പിടാത്ത കറുത്ത് മെലിഞ്ഞ കുട്ടികൾ. അവരുടെ അമ്മമാർ വെയില് കൊണ്ട് കരിഞ്ഞ കുരുന്നുകളുടെ ചന്തിക്ക് ആഞ്ഞടിച്ച് അവരെ വലിച്ചിഴച്ച് കൊണ്ടുപോയി. അതിലൊരു കുട്ടി കരഞ്ഞ് കൊണ്ട് രാഘവന് മുന്നിലൂടെ മൂക്കള ഒലിപ്പിച്ച് കടന്നുപോയി. അവൻ്റെ അമ്മ തെറിവാക്കുകൾ പുലമ്പിക്കൊണ്ട് മകന് പിറകെ ഓടി. തുള വീണ ജാക്കറ്റിലൂടെ അവളുടെ മുലകളുടെ ഇളക്കം കണ്ടില്ലെന്ന് നടിച്ച് രാഘവൻ പിന്നേയും മുന്നോട്ട് നടന്നു. പെട്ടെന്നാണ് അയാൾക്ക് കുറുകെ ഒരു പെണ്ണ് ചാടി വീണത്. മണ്ണ് കുഴഞ്ഞ് ഒട്ടി നിന്ന ദുപ്പട്ട കൊണ്ട് മാറ് മറച്ച് വച്ച് അയാൾക്ക് നേരെ അവൾ കൈവെള്ള മലർത്തി. നിറം മങ്ങിയ ഭൂപടത്തിലെ അതിർത്തിവരകൾ പൊട്ടിയും പൊടിഞ്ഞും ചിതറിയ പോലെ അവളുടെ കൈവെള്ള തോന്നിച്ചു. അയാൾ അതിലേക്ക് ഒരു രൂപത്തുട്ട് വച്ച്കൊടുത്തു. എന്നിട്ടും വഴിവിട്ട് മാറാതെ നിന്ന അവൾ രാഘവന്റെ കൈയ്ക്ക് ബലമായി പിടിച്ചു. ആരും കാണാതെ അയാളെ വലിച്ചിഴച്ച് ഒരു മറ പറ്റി നിന്നു. ചുറ്റും പരതി നോക്കി ആരും ഇല്ലെന്ന് കണ്ടപ്പോൾ മാറിടത്തിന് മറയായ ദുപ്പട്ട എടുത്ത് മാറ്റി. പാകം വയ്ക്കാത്ത കുഞ്ഞു മുലകൾ ജാക്കറ്റിനുള്ളിൽ അയഞ്ഞ് തൂങ്ങി. രാഘവനെ മലർത്തിക്കിടത്തി അരക്കെട്ടോടടുപ്പിച്ചപ്പോൾ പെണ്ണിന്റെ ജീർണ്ണിച്ച വാട അയാൾക്ക് പുളിച്ചു തികട്ടി വന്നു. വിയർപ്പിൽ കുതിർന്ന് അവളും അയാളും ഒരുപോലെ ഒലിച്ചു. ഇണ ചേരാൻ നേരമാണ് അവൾ നിലവിളിച്ചു കൊണ്ട് എഴുന്നേറ്റ് നിന്നത്.
വലിച്ചൂരി മാറ്റിയ മുണ്ട് പാതി മറഞ്ഞ് കിടന്ന അയാളുടെ പൗരുഷം പതുപതുത്ത മഞ്ഞവെള്ളം പരത്തി. അതിന്റെ നാറ്റംകൊണ്ടാണ് പരദേശി പെണ്ണ് മൂക്കും പൊത്തിപ്പിടിച്ച് പിന്നിലേക്ക് മാറി നിന്നത്. സുലോചന വീട്ടിലുണ്ടായിരുന്ന അവസാന രാത്രി അവളിലേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ മാസക്കുളി ആയതിന്റെ പേരിൽ ഭാര്യ മുടക്കം പറഞ്ഞിടത്ത് അയാൾ സ്വയം ശപിച്ചു.
നിസ്സഹായനായി കിടന്നിടത്തുനിന്ന് എണീറ്റ് പെണ്ണിന്റെ മുലക്കണ്ണുകളിൽ ഒരെണ്ണത്തിൽ തൊട്ട അയാൾ വീണ്ടും ഒരുറുപ്പിക എറിഞ്ഞ് തിരിഞ്ഞോടി. ഓട്ടത്തിനിടയിൽ അഴിഞ്ഞ ചേലകളും ഉരിഞ്ഞ ലുങ്കി മുണ്ടുകളും അനാഥച്ചവങ്ങളെപ്പോലെ മണ്ണിലുറങ്ങുന്നത് അയാൾ കണ്ടു. മറവിൽ തെരുവ് നായ്ക്കളും തെരുവ് മനുഷ്യരും ഒരുപോലെ മുരണ്ടു. അതിനപ്പുറത്ത് അവരുടെ കുട്ടികൾ ഒരു ബിസ്കറ്റ് തുണ്ടിനുവേണ്ടി മറ്റൊരുവന്റെ മൂക്ക് കല്ല് കൊണ്ട് ചതച്ചു. ഓട്ടത്തിനിടയിൽ അയാൾ എവിടെയൊ വച്ച് വീണു. പാൻപരാഗ് ചവച്ചുകൊണ്ടിരുന്ന രാഖി വീണ് കിടന്ന രാഘവനെ തൊട്ടു. ജാക്കറ്റിലെ കുഞ്ഞു തുളകളും ഒളിമറ സാധ്യമല്ലാത്ത മുലക്കണ്ണുകളും ഇപ്പോൾ അയാൾക്ക് വ്യക്തമായി കാണാം. അവളുടെ ഒക്കത്തിരുത്ത ആൺകുട്ടിക്ക് നാല് വയസ്സ് പ്രായമുണ്ട്. അവൻ വിരല് ഈമ്പിക്കുടിച്ചുകൊണ്ടിരുന്നു.

▮
4
തെരുവ് താണ്ടിയുള്ള വിശാലമായ പുറമ്പോക്കിടത്തിലാണ് തെരുവുചുറ്റി നടന്നവരെല്ലാം ഒത്തുകൂടിയിരുന്നത്. ചെളിവെള്ളം തേങ്ങിക്കിടന്നിടത്ത് രാഘവനിരുന്നു. അയാൾക്കടുത്ത് അവളും. താഴെ മണ്ണില് ചതഞ്ഞൊട്ടിയ ഭക്ഷണത്തുണ്ടുകൾ അടർത്തിയെടുക്കാൻ നോക്കുകയാണ് അവളുടെ മകൻ. പുരുഷൻമാരുടെ കൂകല് ശ്രദ്ധിച്ചാണ് ഇരുവരും പുറകോട്ട് തിരിഞ്ഞത്. അവരൊത്തുകൂടി എന്തോ ഒന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തിൽ സ്ത്രീകളെ അവിടെനിന്ന് ചവിട്ടി മാറ്റി. അവരുടെ കൈപ്പിടിയിലൊതുങ്ങാത്ത തവളകളുടെ മുഖം കണ്ട് രാഖിയുടെ മകൻ അവളുടെ മടിയിൽ നിന്ന് പിടഞ്ഞെണീറ്റോടി, അവനു പിറകെ അവളും. തവളകളുടെ വയറ് കീറി ഉള്ളൊക്കെ നീക്കം ചെയ്ത് ഉടല് കമ്പുകളിൽ കുത്തിയിറക്കി ആളിക്കത്തിയ തീ പടർപ്പിലേക്ക് അവർ നീട്ടിപ്പിടിച്ചു. മാംസം വെന്ത് കരിഞ്ഞ ചൂര് സ്ത്രീകളിലും കുട്ടികളിലും കാത്തിരിപ്പിന്റെ ഒടുക്കമായിരുന്നു. ഒരു കൂട്ടം സ്ത്രീകൾ അവരുടെ പങ്ക് പറ്റി. ചിലർ മാത്രം അവരിൽ നിന്നും ഒതുങ്ങി മാറി നിന്നു. അവരെ ആരും തിരിഞ്ഞുനോക്കിയില്ല. പലരും ഇരുട്ടിലേക്കാണ് നീങ്ങി നിന്നത്. അക്കൂട്ടത്തിൽ രാഖിയുമുണ്ട്. രാഖിയുടെ മകൻ അവളുടെ പിടിയിൽ നിന്നും കുതറി കൂട്ടത്തിനിടയിൽ കുരുങ്ങി. രാഖിക്ക് പിന്നാലെ ചില പുരുഷന്മാർ കൂടി ഇരുട്ടിലേക്ക് നീങ്ങി. ഇരുട്ടിൽ നിന്ന് രാഖിയും കൂട്ടത്തിൽ നിന്ന് മകനും ഒന്നിച്ച് പുറത്തുകടന്നപ്പോൾ അവർ രണ്ടുപേരും ഒരുപോലെ വേദനിച്ചു ചുരുങ്ങി. മകന് ഇറച്ചിത്തുണ്ട് കിട്ടിയില്ല. രാഖിക്ക് കൊടുത്തത് ഇരുട്ടിലേക്ക് അവളോടൊപ്പം നീങ്ങിയ മറ്റൊരുവൻ. അവൾ രാഘവനിരുന്നിടത്തേയ്ക്ക് വേഗത്തിൽ നടന്ന് വന്നിരുന്നു.
‘‘കെട്ടിയോൻ ചത്തപ്പിന്നെയാ ഇവന്മാര് ഇങ്ങനെ തുടങ്ങിയത്. എനിക്കും ഈ ചെക്കനും വല്ലതും തിന്നണ്ടേന്ന് വച്ചാ…"
രാഖി കൊണ്ടുവന്ന മാംസത്തുണ്ടിൻ്റെ ചരിത്രപാതയെ സ്വയം മറന്ന് ജന്തുഭേതം വകവയ്ക്കാതെ അയാളത് പല്ലില് കൊരുത്തു. തവളമാംസത്തോടൊപ്പം പുറത്തേക്ക് ഛർദ്ദി തെറിച്ചു. രാഖിയും മകനും കൊഴുത്ത് നാറിയ ഛർദ്ദിയിലേയ്ക്ക് നോക്കി നിന്നത് കണ്ട് രാഘവന് വയറ് നീറി. അത് രാഖിയുടെ ഉടലിൽ ഉരുവം കൊണ്ട നീറ്റലിൻ്റെ പകർപ്പാണ്. രാഘവൻ ഒന്നും പറയാതെ ചന്തിയൊട്ടി നിന്ന മണ്ണ് തട്ടിമാറ്റി എഴുന്നേറ്റ് നടന്നു…
▮

5
മനുഷ്യരൊഴിഞ്ഞ പാതയോരത്തോടുകൂടി ചാരപ്പൊടി തേഞ്ഞ് നിന്ന മാനത്തിന് താഴെ നടക്കുമ്പോൾ പരദേശികളുടെ ഇണചേരലിൻ്റെ ഞരക്കത്തോടൊപ്പം ഒരു മനുഷ്യക്കോലം നിലത്ത് പുരണ്ട് അമറുന്നത് കേട്ടുകൊണ്ടാണ് രാഘവൻ നിന്നത്. ഇടുങ്ങിയ ഒരു ഭാഗത്ത് ചുരുണ്ട് കൂടി ആ മനുഷ്യൻ ഞരങ്ങി. ഉടുതുണി പറിഞ്ഞ് നിലത്തുരസിക്കിടന്നിടത്ത് തുളവീണ ഭാഗങ്ങളിലൊക്കെ അയാളുടെ വിരലുകൾ തപ്പി നടന്നു. അയാളുടെ അരക്കെട്ടിന് കീഴ്പ്പോട്ട് കാറ്റ് കടക്കാനുള്ള സ്വാതന്ത്രമുണ്ടായിരുന്നു. രാഘവന് അനുഭവിക്കാൻ കഴിയാത്ത ആ സ്വാതന്ത്ര്യത്തെ ആ മനുഷ്യൻ എല്ലാ മൂലയിലേക്കും മൂത്രിച്ചു കളഞ്ഞു... പോക്കുവഴി നിശ്ചയിക്കാതെ മൂത്രം ഇഴഞ്ഞ് പിരിഞ്ഞു.
അജ്ഞാതൻ്റെ സ്വാതന്ത്ര്യത്തെ തൊട്ടപ്പോൾ രാഘവന്റെ കൈ നനഞ്ഞു. മണപ്പിച്ചപ്പോൾ അതിന് മൂത്രത്തിന്റെ മഞ്ഞ നാറ്റം.
തന്നിലേക്ക് കുനിഞ്ഞു നോക്കിയപ്പോൾ ഇറ്റിറ്റ് വീഴാനായി തുനിച്ചലുടൻ പിഴിഞ്ഞിറങ്ങുന്ന മൂത്രത്തുള്ളികൾക്ക് മീതെ പഴുപ്പ് നുരഞ്ഞു. സുലോചനയ്ക്കൊപ്പമുള്ള അവസാന വേഴ്ചയുടെ രാത്രിയിൽ അവൾക്കുണ്ടായ മനംപിരട്ടലിൻ്റെ കാര്യകാരണം അയാളുടെ ശരീരത്തിൽ ഒരു തീക്കൊള്ളിയെറിഞ്ഞു. മൂത്രിച്ച ഭാഗം എരിഞ്ഞു കത്തി. രാഘവൻ മണ്ണില് മൂത്രം നനച്ചു. അതിലേക്ക് ഉറുമ്പുകൾ അരിച്ചു കയറി. അങ്ങനെ ഉറുമ്പുകൾ തുട വഴി ...
വരി വരിയായി...
മുകളിലേക്ക്....
