റോസ്​ ജോർജ്​

വഴിക്കണക്ക്

വീടിനടുത്തുള്ള ഗവൺമെൻ്റ് സ്കൂളിൽ അസംബ്ലി നടക്കുകയാണ്. എനിക്കും ഭർത്താവിനും മനസ്സിനു കുളിർമ്മയുള്ള കാഴ്ചയാണത്.

വെളുത്ത ഷർട്ടും പാൻ്റ്സുമിട്ട ഹെഡ്മാസ്റ്റർ മനോഹരറാവു കുട്ടികൾക്ക് ഓരോരോ നിർദേശങ്ങൾ കൊടുക്കുന്നു. വരാൻ പോകുന്ന പരീക്ഷാക്കാലത്തെ എങ്ങനെ നേരിടണമെന്നും അതിനു വേണ്ടിയുള്ള പൊടിക്കൈകളുമൊക്കെയാണ് അദ്ദേഹം പറഞ്ഞു കൊടുക്കുന്നത്. ഇടതുകൈ ഉയർത്തിപ്പിടിച്ച് കൈത്തണ്ടയിലെ വാച്ച് കുട്ടികൾക്ക് കാണിച്ചു കൊടുത്തിട്ട് മനോഹരറാവു പറഞ്ഞു; “ഈ വട്ടത്തിനുള്ളിലുള്ളത് സമയം. ടിക്ക് ടിക്ക് വച്ചു മുന്നോട്ടു നീങ്ങുന്ന സമയമാണ് നമ്മുടെ ജീവിതത്തെ കൊണ്ടുനടക്കുന്നത്. ഇതിനെ നമ്മുടെ വരുതിയിൽ നിർത്തണം. ഒപ്പത്തിനൊപ്പമെങ്കിലും എത്താൻ ഓരോരുത്തരും പരിശ്രമിക്കണം. ഇനി മുതൽ ബെല്ലടിക്കുന്നതിനു മുൻപ് എല്ലാവരും സ്കൂളിൽ വരണം. നല്ല സമയനിഷ്ഠയും അച്ചടക്കവുമുണ്ടെങ്കിലേ എല്ലാം കൃത്യമായി നടക്കൂ’’.

ലളിതമായി കുട്ടികളോട് സംസാരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന മനോഹരറാവു, സംസാരത്തിൽ കേറിവന്ന ഫിലോസഫിയെ പഴിച്ചുകൊണ്ട്, തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്ന് സ്വയം തോന്നിപ്പിച്ച് ഇരുവശങ്ങളിലായി നിൽക്കുന്ന സ്കൂൾ ലീഡേഴ്‌സിന് ഇനി തുടങ്ങിക്കോളൂ എന്ന മട്ടിൽ സിഗ്നൽ കൊടുത്തു:

മാ തെലുഗു തള്ളിക്കി മല്ലിപ്പൂ ദണ്ഡെ
മാ കന്ന തള്ളിക്കു മംഗളാരതി.

മാതൃഭാഷയെ അമ്മയായി കണ്ടുകൊണ്ട് അവർ മല്ലിപ്പൂമാലയിട്ട് മംഗളാരതി നേരുകയാണ്. കുട്ടികൾ ദേശത്തിന്റെ ഗാനം ഒരേ സ്വരത്തിൽ ഒരുമിച്ചു പാടുമ്പോൾ കൂടെ പാടാൻ ഞാനും എല്ലാം മറന്ന് ആവും വിധം ശ്രമിച്ചു. അങ്ങനെയെങ്കിലും ഭാഷ പഠിക്കാമല്ലോ. ഒരു മതിലിനപ്പുറം സ്കൂൾ ഉള്ളതിന്റെ മെച്ചമാണിതെല്ലാം.

ആന്ധ്രയിൽ ഇത് പൊരിഞ്ഞ വേനൽക്കാലമാണ്. പുറത്തിറങ്ങിനടന്നാൽ വടദൊബ്ബയടിക്കും. നമ്മുടെ ഭാഷയിൽ സൂര്യാഘാതം. അകത്തിരുന്നാൽ വിയർത്തൊലിക്കും. എന്നാൽ ഇതൊന്നും പ്രശ്നമല്ലാത്ത ചിലരുണ്ട്. മലകൾക്കും മരക്കാടുകൾക്കും അപ്പുറത്തുനിന്ന് വാനരപ്പട കൂട്ടം കൂട്ടമായി ചാടി മറിഞ്ഞുവരും. സപ്പോട്ടമരങ്ങൾക്കും മാവുകൾക്കും സമീപത്ത് താവളമടിക്കും. നല്ല മധുരമുള്ള ഫലങ്ങൾ കടിച്ചു തുപ്പിയും എറിഞ്ഞു കളിച്ചും അർമാദിച്ചിട്ട് സ്കൂളിന്റെ വാട്ടർ ടാങ്കിൽ മുങ്ങി നീരാടി അതുങ്ങൾ വന്ന വഴിക്ക് മടങ്ങിപ്പോകും.

എല്ലാം കൗതുകത്തോടെ നോക്കിക്കാണുന്നത് രസമാണ്.

വാക്കുകൾ ഓരോന്നും പഠിച്ചെടുത്ത് അർത്ഥം ഊഹിച്ച് ജീവിതം പഠിക്കുന്ന കാലമാണിത്. അതിനിടയിലേക്കാണ് അയല്പക്കത്തെ വീട്ടിലെ മമ്മു എന്ന പന്ത്രണ്ട് വയസ്സുകാരന്റെ വരവ്. അമ്മ പറഞ്ഞു വിട്ടതാണ്‌. രണ്ടു സങ്കടങ്ങൾ അവൻ പൊതിഞ്ഞു കെട്ടിക്കൊണ്ടുവന്നിരുന്നു.

ഒന്ന്. അവന് സ്വന്തമായി വാച്ച് ഇല്ല. ഹെഡ് മാസ്റ്റർ മനോഹരറാവു പറഞ്ഞതെല്ലാം അവന്റെ കുഞ്ഞു മനസ്സിലുണ്ട്. ഉദയാഹ്നം, മജ്ജാഹ്നം, സായന്തനം, രാത്രി എന്നീ നാലു നേരങ്ങളും അവയ്ക്കിടയിലെ പേരില്ലാത്ത സമയങ്ങളും കൂടിക്കലർന്ന മനക്കണക്കാണ് മമ്മുവിന്റെ ഒരു ദിവസം.

ഹ്മ്മ്.. ഞാൻ മൂളി. പിന്നെയവന്റെ മുടിയിൽ വിരലോടിച്ച് ആ സമയസങ്കടത്തെ പ്രതീക്ഷ കൊടുത്ത് ദൂരേയ്ക്ക് ഞൊട്ടി വിട്ടു. അത് റോക്കറ്റ് പോലെ ആകാശത്തിൽ ചെന്ന് തൊട്ടു.

രണ്ടാമത്തെ സങ്കടപ്പൊതി.

അക്കാ…
നീ ചെപ്പ്‌ മമ്മു…
മമ്മു: മീരു നാക്കു ഗണിതം നേർപഗലാര
ഞാൻ: നാക്കു അസലു ഏലാ ബോധിൻചാലോ തെളിയദു.

കണക്കുപുസ്തകത്തിലെ ചില സംശയങ്ങൾ തീർത്തുതരാമോയെന്നു ചോദിക്കാനാണ് മമ്മു എൻ്റടുത്ത് വന്നത്. അവൻ തെലുഗുഭാഷയിൽ ചോദിച്ചതിന് എനിക്കറിയാവുന്ന രീതിയിൽ ഉത്തരവും കൊടുത്തു. അവനെ പഠിപ്പിച്ചു കൊടുക്കാനുള്ള അറിവ് എനിക്കില്ലായെന്നു പറയുകയും ചെയ്തു. എന്നിട്ടും എൻ്റെ മുഖഭാവവും അങ്കലാപ്പും കണ്ടിട്ട് ഞാനിപ്പം വരാമെന്നും പറഞ്ഞ് അവൻ വീട്ടിലേക്കോടി. പുസ്തകം ചൂണ്ടിക്കാട്ടി പാഠഭാഗങ്ങൾ തൊട്ടു കാണിച്ചു ചോദിച്ചാൽ കാര്യങ്ങൾ ഏതാണ്ടൊക്കെ പിടികിട്ടുമെന്ന് അവനോർത്തു കാണും. പക്ഷെ അവിടെയും ഭാഷയുടെ പ്രശ്നമുണ്ടല്ലോ.

മുമ്പും അന്നാട്ടിലുള്ള പലരും കുട്ടികൾക്ക് ട്യൂഷൻ എടുക്കാമോയെന്ന് ചോദിച്ച് സമീപിച്ചിട്ടുണ്ട്. എല്ലാവരെയും തിരിച്ചയക്കുമ്പോൾ ഞാനോർക്കും. അറിഞ്ഞതുകൊണ്ട് ഒന്നുമാവില്ല. മറ്റൊരാൾക്ക്‌ ഗ്രഹിക്കാൻ തക്കവിധം അത് പറഞ്ഞു കൊടുക്കുവാനും ആകണം. എല്ലാവർക്കും അങ്ങനെയൊരു വരം കിട്ടില്ലായിരിക്കും എന്ന് ആശ്വസിക്കുമ്പോഴും പറയാനും വിശദീകരിക്കാനുമുള്ള തെളിച്ചമുള്ള ഭാഷയുണ്ടെങ്കിൽ അത് ഒഴുകേണ്ടിടത്തേക്ക് ഒഴുകുകയും നിറയേണ്ടതൊക്കെ നിറച്ചു കൊടുക്കുകയും ചെയ്യുമല്ലോയെന്ന് പലപ്പോഴും തോന്നാറുണ്ടായിരുന്നു.

ഒരിക്കൽ പഠിച്ചതും അറിഞ്ഞതുമൊക്കെ മുറുക്കിക്കെട്ടിയ ഭാണ്ഡം പോലെ എപ്പോഴും ഭാരപ്പെടുത്തിയിരുന്നു. ഉപയോഗമില്ലാത്ത ഒന്നായി അതെന്റെ തൊണ്ടക്കുഴിയിൽ ഉറഞ്ഞുകിടന്നു.വളരെക്കാലം അതങ്ങനെ കിടന്നു. ഒരു കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് അതൊക്കെ തുള്ളിതുള്ളിയായി പുറത്തേയ്ക്ക് ഇറ്റിറ്റുവീണത്. അതിനോട് മിണ്ടണമായിരുന്നു. അകവും പുറവും തമ്മിലുള്ള ആ ചേർച്ചക്കണക്കിൽ കുറെയേറെ വാക്കുകൾ സ്വതന്ത്രമായി.

പക്ഷെ, മറ്റേത് വിഷയത്തേക്കാളും കണക്കിന്റെ കാര്യത്തിൽ ആ വിചാരം പാളിപ്പോയി. പണ്ടൊരിക്കൽ ചിറ്റമ്മയുടെ വീട്ടിലെ ഡൈനിങ് ടേബിളിലിരുന്ന് അരക്കുറ്റി പുട്ടും പഴവും കഴിച്ചിട്ട് പിന്നെയും ബാക്കിയായ വിശപ്പിലേക്ക് ഒരു ഗ്ലാസ്സ് വെള്ളം കൂടി ഒഴിച്ചു കൊടുത്താൽ ഭൂഗോളം പോലത്തെ നല്ല ഉരുണ്ട വയറ് കിട്ടുമെന്ന കണക്ക് ജീവിതമാണ് എന്നെ പഠിപ്പിച്ചത്. മുതിർന്നപ്പോൾ പുട്ടിനുള്ള നനവ് ഒരു ഗ്ലാസ്സ് പൊടിക്ക് ഒരു ഗ്ലാസ്സ് വെള്ളം എന്ന കണക്കിൽ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ അതെന്നെ പ്രാപ്തയാക്കി. പുട്ടുപൊടി വിൽക്കുന്ന ചില കമ്പനികളൊക്കെ ഹൈവേയിൽ വലിയ ബിൽബോർഡിൽ ആ സമവാക്യം എഴുതിവച്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും.വേഗത്തിലോടുന്ന വണ്ടിയിലിരുന്ന് പുട്ടുണ്ടാക്കലിന്റെ ബാക്കി ഭാഗം ഞാൻ പൂരിപ്പിക്കും.

വിരലുകൾക്കൊണ്ടിടയണം
കൈവെള്ളക്കുള്ളിലുരുളണം
ആ നേരം നോക്കിയത്, ഇടിഞ്ഞങ്ങു വീഴണം
തരിയായും തരങ്ങായും
കുഴൽരൂപം പൂകണം🎵

നോക്കൂ, പുട്ടിനെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഒപ്പനപ്പാട്ടിന്റെ താളമല്ലേ?

അയൽവക്കത്തെ വീട്ടിലെ ഗൗതമിയുടെ മകൻ മമ്മുവിന്റെ ഇപ്പോഴത്തെ വരവ് എന്നെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്.പാവം കുട്ടി. അവന് പഠിക്കണമെന്നും നല്ല മാർക്ക് വാങ്ങണമെന്നുമുണ്ട്. വന്നു താമസിക്കുന്ന മലയാളി അക്കക്ക്‌ പഠിപ്പിക്കാനറിയാമെന്ന് അവന്റെ അമ്മ ഗൗതമിക്ക് ഉറപ്പു വല്ലതുമുണ്ടോ? അവളുടെ തോന്നലുകളൊക്കെ സത്യമാകണമെന്നുണ്ടോ?

മനസ്സ് ഏറെ പിന്നിലേക്ക് സഞ്ചരിക്കുന്നു. മമ്മു എനിക്ക് ഓർമ്മകളുടെ വഴി വെട്ടി തന്നിരിക്കയാണ്. എന്നിട്ടവൻ എന്തോ പ്രതീക്ഷ കിട്ടിയതുപോലെ പുസ്തകമെടുക്കാൻ അവന്റെ വീട്ടിലേക്ക് ഓടിയിരിക്കുന്നു.

സമയാസമയങ്ങളിൽ മുന്നിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യരാണ് പ്രായത്തെ പലപ്പോഴും പിന്നോട്ട് നടത്തുന്നത്. അങ്ങനെയൊരു ദൗത്യം തങ്ങൾക്കുണ്ടെന്ന് അവരാരും അറിയുന്നുമില്ല. ഞാനാരുടെയെങ്കിലും മുന്നിൽ അബദ്ധത്തിലോ സുബദ്ധത്തിലോ ചെന്നു പെട്ടാലുണ്ടാകുന്ന സ്ഥിതി! അവരെയും മുന്നോട്ടോ പിന്നോട്ടോ വലിച്ചു കൊണ്ടു പോകുന്നുള്ളതൊക്കെയും ഉണ്ടാക്കി വച്ചിട്ടുണ്ട് എന്നതും എനിക്ക് മാത്രമറിയാവുന്ന സത്യമാണ്‌.

ഇന്നോർത്തുനോക്കുമ്പോൾ സ്കൂളിൽ കണക്കിന്റെ കാര്യത്തിൽ ഞാനൊരു പരാജയമായിരുന്നു.ഉത്തരക്കടലാസ്സിൽ അതൊരിക്കലും ഇരട്ട സംഖ്യയിലേക്ക് വളർന്നില്ല. ഡോളി എന്ന് പേരുള്ള കോമ്പസുകൊണ്ട് വരച്ചപോലത്തെ വട്ട മുഖമുള്ള ടീച്ചർ പത്തിലെ മോഡൽ പരീക്ഷയുടെ ഉത്തരക്കടലാസ് നീട്ടിയിട്ട് ദയാവായ്പോടെ നോക്കിയ നോട്ടം ഇന്നും എനിക്കോർമ്മയുണ്ട്. സങ്കടവും അലിവും കൂടിക്കലർന്ന ഒന്ന്. പക്ഷെ എന്റെ ഉള്ളിന്റെയുള്ളിൽ പാവക്കുട്ടി മുഖമുള്ള ആ ടീച്ചറിന് പേരിട്ട അച്ഛനമ്മമാരെ അഭിനന്ദിക്കുകയായിരുന്നു ആ നിമിഷത്തിൽ. വായിൽ തോന്നിയതല്ലല്ലോ, മുഖം കണ്ടിട്ട് മനസ്സിൽ വന്ന പേരല്ലേ അവരാ കുഞ്ഞിന് ഇട്ടത്. അങ്ങനെ വേണം.

ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വ വിഖ്യാതനായ ചാക്കോ മാഷോക്കെ ഉറപ്പിക്കുന്നതിന് എത്രയോ മുൻപ് എന്റപ്പൻ അത് പറഞ്ഞുവച്ചിരുന്നു. മക്കളെ നിങ്ങൾ ഏതു വിഷയം നന്നായി പഠിച്ചാലും അതിന്റെ കൂട്ടത്തിൽ കണക്കും പഠിച്ചിരിക്കണം. അത് മസ്റ്റാ…

അങ്ങനെയാണ് തേർഡ് ഗ്രൂപ്പ്‌ എടുത്ത് പഠിക്കുന്ന കാലത്ത് കോളേജിലേക്ക് തിരിയുന്ന കവലയിലെ മാത്‍സ് അക്കാഡമിയിൽ പോയത്. അവിടെ പത്താം ക്ലാസ്സ്‌ വരെയുള്ള ബേസിക് മാത്‍സ് പഠിപ്പിക്കുന്ന രണ്ടു ചേട്ടന്മാർ, ജോസൂട്ടിയെന്നും ഷിന്റോയെന്നും പേരുള്ളവർ, എന്നെ നോക്കിയിട്ട് ‘സ്ലോ ലേണിംഗ് ‘എന്നൊരു കമെന്റ് പാസ്സാക്കിയപ്പോളാണ് അവിടെ ഇരുപ്പുറപ്പിക്കാൻ പറ്റാതായത്. ചുമ്മാ എഴുന്നേൽക്കലല്ല, ചാടി എണീറ്റു. ഒട്ടും പറ്റാത്ത ഒരു സാഹചര്യത്തിലാണ് ഇരിക്കുന്നതെന്ന അറിവ് അവിടുന്ന് വേഗം പുറത്താവാൻ സിഗ്നൽ തരികയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത അത്തരം സിഗ്നലുകൾ ഭേദിച്ച് മുന്നോട്ട് പോയതുകൊണ്ട് സമാന്തരവിദ്യാഭ്യാസത്തിൽ കൗതുകം കൂടിക്കൂടി വന്നുവെന്ന് പറയാം. ആ വഴിക്കാണ് മിത്രങ്ങളെല്ലാം ഉണ്ടായത്.

ജോസൂട്ടിയും ഷിന്റോയും പരസ്പരം എന്നെക്കുറിച്ച് പറയുന്നതിനുപകരം കാര്യകാരണസഹിതം നേരിട്ടത് പറഞ്ഞിരുന്നുവെങ്കിൽ മമ്മുവിന് പറഞ്ഞു കൊടുക്കുവാനുള്ള കെൽപ്പിലേക്ക് ഞാനെന്നെ ഉയർത്തിയേനെ. ഈ എംമ്പതി എന്നതൊക്കെ മുളച്ചിട്ടു പോലുമില്ലാത്ത കാലമല്ലേ. വികാരങ്ങളൊന്നും കണക്കിന്റെ ലോകത്തിൽ ഏശില്ലല്ലോ. അറിവില്ലായ്മയുടെ കൃത്യതയ്ക്കുമേൽ പരിഹാസത്തിന്റെ കടുംവെട്ട്. ആർക്കു പോയി. പാവം മമ്മു എന്ന പന്ത്രണ്ടു വയസ്സുകാരന്.

പറഞ്ഞുവല്ലോ, ശേഷമുള്ള ജീവിതത്തിൽ മനക്കണക്കും കൈയളവും എന്നെ കൊണ്ടുനടന്നു. ഇന്നും, ഈ പ്രായത്തിലും ഒറ്റയ്ക്ക് ടെറസിലെ മടക്കു കട്ടിലിൽ പോയിക്കിടന്ന് ആകാശം നോക്കി ചിതറികിടക്കുന്ന നക്ഷത്രപ്പൊട്ടുകളിൽ കണ്മുന കൊണ്ട് വരച്ചും കൂട്ടിയും യോജിപ്പിച്ചും രൂപങ്ങൾ ഉണ്ടാക്കാൻ ഇഷ്ടമാണ്. ജ്യാമീതീയ രൂപങ്ങളും മീനും മാനും മയിലും മുയലും കുതിരയും കഴുതയും യക്ഷിയും ഗന്ധർവ്വനും ആ വരയിൽ വരും. എത്ര വേണേലും തിരുത്തിയും മായ്ച്ചും ആ കളി കളിക്കുമ്പോൾ പ്രപഞ്ചം അതിന്റെ നമ്പർ ലോക്ക് തുറന്നുതന്ന് അനുഗ്രഹിക്കും. കൊള്ളിമീൻ പോലെ പായുന്ന ഒന്നിന്റെ പിന്നാലെ ജീവിത ഭാരങ്ങളൊന്നുമില്ലാതെ ഉള്ളിലേക്കുള്ളിലേക്ക് നീന്തി നീന്തി പോകും. പല ലോകങ്ങൾ കാണും. വല്ലാണ്ട് കാർമേഘം നിറഞ്ഞ ആകാശത്തിന് നിറവയറുള്ള പെണ്ണിന്റെ സ്കാനിംഗ് റിപ്പോർട്ടിന്റെ ചാരനിറമാണ്. റൗണ്ട് എബൌട്ട്‌ ചുറ്റിക്കറങ്ങിയ കുഞ്ഞുനക്ഷത്രം ഭൂമിയിലേക്ക് പതിക്കാനുള്ള വെമ്പലിൽ സമയം കൈവിരലിലെണ്ണിയും കണ്ണുചിമ്മിയും തിട്ടപ്പെടുത്തുന്ന നേരമാവുമത്. അതിന് ആകെ ബോറായി തുടങ്ങിയിരിക്കുന്നു. ഊഞ്ഞാലാടിക്കളിക്കാനുള്ള ആയം തീർന്നു പോയിരിക്കുന്നു. വേഗം ഒഴിഞ്ഞു പോവുക എന്ന സന്ദേശം അതിനെ തലകുത്തി നിർത്തിയിരിക്കുകയാണ്. ഒന്നടുത്തു കാണാമെന്ന വ്യഗ്രതയിൽ കണ്ണു കൂർപ്പിച്ച് അതിലേക്കടുക്കുമ്പോൾ തെന്നിത്തെന്നി അകത്തേക്ക് കുമ്പിടും. ഒട്ടും മനസ്സിലാകാത്ത ആ കണക്കിൽ ഉത്തരം കിട്ടാതാവുമ്പോൾ ഞാൻ താഴേക്കിറങ്ങി വീടിന്റെ തണലും ആറടി നീളവും കട്ടിലിന്റെ ഉയരവും തേടും.

മനുഷ്യരുടെ കണക്കുകൂട്ടലുകളെല്ലാം തകർക്കാനുള്ള ശേഷി പ്രകൃതിയിൽ ഒളിച്ചിരിപ്പുണ്ട് എന്നൊരു തിരിച്ചറിവ് ബാല്യത്തിൽത്തന്നെ എനിക്ക് ലഭിച്ചിരുന്നു. വീട്ടിലിരിക്കാതെ തൊടിയിലും തോട്ടിലും തോന്ന്യാസക്കാരിയായി കറങ്ങി നടന്നതിന്റെ മെച്ചമായിരിക്കും.

പുസ്തകമെടുക്കാൻ പോയ മമ്മു തിരിച്ചെത്തുംവരെയുള്ള നേരമേ പഴയ കാലത്തിലിങ്ങനെ മുങ്ങിക്കേറാൻ എനിക്കുള്ളൂ എന്ന വിചാരം ഉള്ളിലുള്ളതുകൊണ്ടാവാം സംഭവങ്ങളിങ്ങനെ ഇരിച്ചിരച്ച് വേഗം എത്തുന്നത്. വല്ലാതെ പതഞ്ഞു വരുന്ന ഓർമ്മകൾ അതേ വേഗത്തിൽ കുമിളപൊട്ടി ഇല്ലാതാകും. അവയെ കോരിയെടുക്കാനും വാക്കിൽ കുടുക്കാനും നല്ല ജാഗ്രത വേണം.

എന്റെ ചെറുപ്പത്തിൽ നടന്നൊരു സംഭവമാണ്. ഒരു വേനൽകാലത്ത് വീട്ടിലെ കിണറ്റിൽ ഒരു മരപ്പട്ടി വീണു. പേടിച്ചോടിയപ്പോൾ വീണു പോയതാണ്. അത് മരപ്പട്ടിയല്ല ഈനാം പേച്ചിയാണെന്ന് ഉറപ്പിക്കാൻ ജ്ഞാനമുള്ള കേമന്മാരും ആ കരയിൽ അന്നുണ്ടായിരുന്നു. എത്തി വലിഞ്ഞു നോക്കിയിട്ട് ഏയ്‌ അത് കീരിയാണെന്ന് പറഞ്ഞ ഗോപിയണ്ണന് പൊത്തോന്ന് അടി കിട്ടി. അത് കരിമുയലാണെന്ന് പറഞ്ഞ ആലീസിന്റെ മകൻ കൊച്ചുതൊമ്മന് ആട്ടു കൊടുത്തിട്ട് അവനെ കുറെ നേരത്തേക്ക് നിശ്ശബ്ദനാക്കിയ ചരിത്രവും ആരും മറന്നിട്ടില്ല.

പ്ലാൻ എ യെന്നോ ബി യെന്നോ ഒന്നും മനുഷ്യർക്ക് അറിയില്ലാത്ത കാലമാണ്. ആ സന്ദർഭം കൈകാര്യം ചെയ്യുക എന്നതിൽ മാത്രം എല്ലാവരും ഉറച്ചുനിന്നു. റെസ്ക്യൂ മിഷൻ എന്നതിലുപരി, അതിനെ പുറത്താക്കി കിണറു തേകി കുടിക്കാനുള്ള വെള്ളം ശുദ്ധമാക്കുക എന്നതായിരുന്നു വീട്ടുകാരുടെ അപ്പോഴത്തെ മാസ്റ്റർ പ്ലാൻ.

പാതാളക്കരണ്ടിയിൽ വല്ലക്കുട്ട കൊളുത്തി മരപ്പട്ടിയെ കിണറ്റിൽ നിന്നും പുറത്തോട്ട് ഇറക്കാനായിരുന്നു നാട്ടുകാരുടെ പ്ലാൻ. അതിലേക്കാണ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ നിന്നും ആളു വരുന്നുണ്ട് എന്ന വാർത്ത എത്തുന്നത്.

“ദയവായി വീട്ടുകാരും നാട്ടുകാരും വനംവകുപ്പിനോട് സഹകരിക്കുക’’, കോളാമ്പി പോലത്തെ മൈക്കിലൂടെ ഒരു കാക്കി പാന്റീട്ട പോലീസുകാരൻ വിളിച്ചു പറഞ്ഞുകൊണ്ട് തലങ്ങും വിലങ്ങും നടന്നു.

അവർക്കത് റെസ്ക്യൂ മിഷൻ ആണ്.

ആ ഒറ്റപ്പറച്ചിലിൽ നാട്ടുകാർ അപാരക്ഷമയുള്ളവരായി. വിടുതൽ ശുശ്രുഷ എന്നൊക്കെ പറയുന്നതു മാതിരി അവരതിനെ ഏറ്റെടുത്തു. വിശുദ്ധന്മാരുടെ ആണ്ടുപെരുന്നാളിന് ആ വഴിയെ പ്രദക്ഷിണം പോകുമ്പോൾ വിശ്വാസികൾ പ്രകടിപ്പിക്കുന്ന ശരീരഭാഷയിൽ ഓരോരുത്തരും കയ്യും നെഞ്ചിൽ മടക്കിക്കെട്ടി നിന്നു. ആരെങ്കിലും മിണ്ടിയാലോ ഒച്ച വച്ചാലോ മരപ്പെട്ടിയെ പ്രതി അവർ അച്ചടക്കപാലകരായി. സാഹചര്യങ്ങൾ മനുഷ്യർക്ക് സമയാസമയങ്ങളിൽ പല പദവികൾ ഏൽപ്പിച്ചു കൊടുക്കുമെന്ന്, അതവർ സ്വപ്നത്തിൽ പോലും കാണാത്തതാ യിരിക്കുമെന്നും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നാണ് ഞാനും പഠിച്ചത്. ഒരു റോൾ മര്യാദയ്ക്ക് ജീവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാവും പൊടുന്ന മറ്റൊന്നു വന്ന് കൂട്ടിക്കൊണ്ടുപോകുന്നത്. എവിടെയും അധികാരത്തിന്റെ എപ്പിസെന്ററിൽ നിന്നാണ് ചെറു ചലനങ്ങൾ മനുഷ്യരിലേക്ക് പടരുന്നത്. ഇവിടെയും അതുതന്നെ സംഭവിച്ചു. എല്ലാവരും ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഒരേ നിൽപ്പു നിന്നു.

പറഞ്ഞതുപോലെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് എന്നെഴുതിയ ജീപ്പിൽ യൂണിഫോമിട്ട നാലു പേര് വന്നു. ആള് കൂടി. മരപ്പട്ടി ഒച്ച കേട്ട് ചുറ്റരഞ്ഞാണ ണത്തിൽ നിന്ന് ഉള്ളിലെ കല്ലിടുക്കിലേക്ക് പതുങ്ങി. ഒരിക്കൽ തനിക്കുണ്ടായിരുന്ന വേഗതയെ അത് പഴിച്ചു. ദുർഗ്രഹവും അജ്ഞാതവുമായ ഭാവിയെ മുന്നിൽക്കണ്ട് അത് ജലജീവികളോടും പായൽപ്പുറ്റുകളോടും അതിജീവനത്തിന്റെ രഹസ്യം ആരാഞ്ഞു.

പാതാളക്കരണ്ടിയുടെ പിടുത്തത്തിൽ വല്ലക്കുട്ട ആഴം തേടി കിണറ്റിനുള്ളിലേക്ക് ഊർന്നിറങ്ങി. രക്ഷപ്പെടാനുള്ള മാർഗ്ഗമായി അതിനെ കാണണമെന്ന് മരപ്പട്ടിക്ക് അറിയില്ലായിരുന്നു. നീളമുള്ള കോലു വന്ന് ദേഹത്തു തട്ടിയപ്പോഴും അത് ഉള്ളിലേക്ക് ചുരുണ്ടതേയുള്ളൂ. വല്ലാതെ അലോസരമുണ്ടാക്കുന്ന ഇടപെടലുകൾ കൂടിക്കൂടി വന്നപ്പോൾ മുന്നിൽക്കണ്ട രക്ഷാമാർഗ്ഗത്തിലേക്കത് എടുത്തുചാടുകയായിരുന്നു.

ഫോറസ്റ്റുകാർ വളരെ വിദഗ്ദമായി മരപ്പട്ടിയെ കുട്ടയിലാക്കി. എലൈസ യെയ്… ല്ലൈസ… എന്നൊരു താളമിട്ടുകൊടുത്ത് നാട്ടുകാർ ആ സന്ദർഭം ഓളത്തിലാക്കാൻ ശ്രമിച്ചുവെങ്കിലും കാക്കിയിട്ട, കൊമ്പൻ മീശയുള്ള ഒരാളുടെ കണ്ണുരുട്ടലിൽ ആളുകൾ പിന്നെയും വായ പൂട്ടി.

കാഴ്ചയ്ക്ക് യോഗ്യനായിരുന്നുവെങ്കിലും ആ സമയത്ത് ഏമാൻ കാണിച്ച ധാർഷ്ട്യത്തിൽ അവിടുണ്ടായിരുന്ന സ്ത്രീകളൊക്കെ അയാളെ കുടിയിരുത്തിയ ഹൃദയപ്രതിഷ്ഠയിൽ നിന്നും പുറത്തേക്ക് ഇറക്കിവിട്ടു. അധികാരത്തിന്റെ ഏതൊരു പ്രകടനവും മാനസികവും ശാരീരികവുമായ ആകർഷണത്തെ തടയുന്നുവെന്നും ക്ഷണനേരം കൊണ്ട് തോന്നിയ അടുപ്പം പോലും അകലമായി മാറുമെന്നുമുള്ള നിഗമനം ആ കിണറ്റിൻകരയിൽ വച്ച് രൂപാന്തരപ്പെടുകയും അവരുടെയെല്ലാം ബോധ്യത്തിൽ നിലനിൽക്കുകയും ചെയ്തു, എന്നന്നേക്കുമായി.

എന്നിട്ട് എന്താണ് സംഭവിച്ചത്? നാട്ടുകാരെയെല്ലാം ആകാംഷയിൽ അടക്കിനിർത്തി, മെല്ലെ കര പറ്റിയതും താങ്ക് യു വെരി മച്ച് ചേട്ടന്മാരെ എന്നും പറഞ്ഞ് മരപ്പട്ടി ഓടി മറഞ്ഞു. കപ്പക്കാലകൾക്കും കോതിയൊതുക്കാത്ത തേക്കുമരങ്ങൾക്കും അപ്പുറം മിന്നായം പോലൊരു പാച്ചിലിൽ അത് എങ്ങോട്ടോ പോയി മറഞ്ഞു. എത്ര ദൂരേയ്ക്ക് നോട്ടം അയച്ചു കൊടുത്താലും കാണാൻ ആവാത്തതുപോലെ ശൂന്യം!

അത് പോയി…

ആ രണ്ടു വാക്കുകൾ മാത്രം മനുഷ്യരുടെ തൊണ്ടക്കുഴിയിൽ നിന്ന് ശ്വാസത്തോടൊപ്പം ഞെങ്ങി ഞെരുങ്ങി പുറത്തേക്ക് ചാടി. പിന്നെ എന്തൊക്കെ പുകിലാണവിടെ നടന്നത്..

ഫോറസ്ററ്റുകാരുടെ വണ്ടി കേറ്റം കേറി മറയും മുൻപ് അവരുടെ ചെവിയിൽ എത്തും വിധം ജനങ്ങളിൽ നിന്ന് കൂവലുണ്ടായി. വണ്ടി പിന്നോട്ട് വരില്ലെന്നുള്ള ഉറപ്പിന്റെ കണക്കുകൂട്ടലിൽ സമയത്തിന്റെ തുമ്പത്തു പിടിച്ച് ഒച്ച കൊണ്ട് ഒറ്റ ഏറ്.
ഫൂയ്…ഫൂയ്…

അതു വരെ തങ്ങളെ വായടപ്പിച്ചതിന്റെ പ്രതിഷേധവും മരപ്പട്ടി രക്ഷപ്പെട്ടതിന്റെ ജാള്യതയും ആ ശബ്ദത്തിൽ ഒളിപ്പിച്ചുവച്ചിരുന്നു. ഒച്ച കൊണ്ടുള്ള ഏറും കഴിഞ്ഞ് ചിരിച്ചു മറിഞ്ഞു പിരിഞ്ഞുപോയി മനുഷ്യരെല്ലാം. പ്രതീക്ഷിച്ച സുഖം കിട്ടിയില്ലെങ്കിലും ആളുകൾ കൂട്ടം കൂടുമ്പോൾ ഉണ്ടാകുന്ന എന്തോ ഒരു നല്ല വികാരം അവിടെയും സംഭവിച്ചിരുന്നു. .

അത് പോയി…മരപ്പട്ടി പറ്റിച്ചിട്ടു പൊയ്ക്കളഞ്ഞു, വീണ്ടും വീണ്ടും അവരത് പറഞ്ഞു കൊണ്ടിരുന്നു. അതു വാണം വിട്ട പോലെ പോയി..

ഹോ….എന്നാലും ഇക്കണ്ട മനുഷ്യരെയൊക്കെ മണ്ടന്മാരാക്കിയില്ലേ? ഇനി ജീവിച്ചിരുന്നിട്ടു കാര്യമൊണ്ടോ? മലമണ്ടേലും കാട്ടിറമ്പിലും കുടിയേറി ജീവിച്ചപ്പോഴും ഇതിലും വലിയതിനെ കൈകാര്യം ചെയ്ത കഥകൾ ആളുകൾ പറയാൻ തുടങ്ങി. സന്ദർഭം ആവശ്യപ്പെടുന്ന നേരത്തിലേക്കാണ് എരിവും പുളിയുമുള്ള വീരകഥകൾ വന്നു വീഴുന്നതെന്ന് അന്നെന്റെ കുഞ്ഞു മനസ്സ് പഠിച്ചെടുത്തു.

ദേ ഇപ്പം വരാമെന്നു പറഞ്ഞ് പുസ്തകമെടുക്കാൻ പോയ മമ്മു പോലും സ്കൂട്ട് ആയിരിക്കുന്നു. അവനെ അന്വേഷിച്ച് ഒരാളെ വിട്ടാലും അയാളെ തിരക്കി പിന്നാലെ ഞാനും പോകേണ്ടിവരുമോ?അന്തിക്ക് കവലയിലേക്ക് പോയ ഒരാളെ അന്വേഷിച്ചു ടോർച്ചും മിന്നിച്ചു വെപ്രാളത്തിൽ മറ്റൊരാൾ പോകുന്നു.. കുട്ടിക്കാലത്തെ ഓർമ്മകളിൽ അങ്ങനത്തെ ചില ഗ്രാമദൃശ്യങ്ങളും ഉണ്ട്.

ഹോ, കണക്കിലധികം ഓർമ്മകൾ തന്നിട്ട് കാലം അകന്നു പോയിരിക്കുന്നു. എല്ലാം വിചിത്രമായി തോന്നുന്നു. ഇപ്പോൾ ഞാനിരിക്കുന്നിടത്ത് ഉച്ചവെയിലിൽ പൊള്ളിയ തെരുവും സപ്പോട്ട വിൽക്കുന്ന വൃദ്ധയും കുഞ്ഞുങ്ങൾ ഇറങ്ങിപ്പോയ അംഗൻവാടിയും മാത്രം. ഭാഷ പോലും എന്നെ തുണയ്ക്കുന്നില്ലന്നുള്ള ചിന്തയ്ക്ക് മേലെയാണ് മനുഷ്യരിങ്ങനെ സ്നേഹത്തിലും സന്ദേഹത്തിലും ജീവിച്ചുകാണിക്കുന്നത്.

മമ്മു എവിടെ?

അവനും അവന്റെ സംശയങ്ങളും അപ്രത്യ ക്ഷമായോ? ഉത്തരം കണ്ടെത്താൻ മറ്റൊരു വഴി അവന്റെ മുന്നിൽ തെളിഞ്ഞുവന്നോ?

എനിക്ക് കാണാവുന്ന ദൂരത്തിലാണ് മമ്മുവിന്റെ വീട്. കുറച്ചു മണൽച്ചാക്കുകളും ഇഷ്ടികകളും മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന വീടാണത്. പണി പൂർത്തിയായിരുന്നില്ലെങ്കിലും അവൻ്റെ അമ്മ ഗൗതമി പൂച്ചെടികൾ വച്ചു പിടിപ്പിച്ചു തുടങ്ങിയിരുന്നു. എന്തൊക്കെയോ പ്രതീക്ഷകളാണ് അവളെയും നയിച്ചിരുന്നത്. ഇട്ടാവട്ടത്തിലെ അഞ്ചു സെൻ്ററിലാണെങ്കിലും ആ തെരുവിലെ എല്ലാ പെണ്ണുങ്ങളും ചെയ്യുന്നതുമാതിരി ജീവിക്കുന്ന അന്തരീക്ഷം സന്തോഷകരമാക്കുന്നതിൽ അവളും ഉത്സാഹിച്ചുതുടങ്ങിയിരുന്നു. നല്ലൊരു മുല്ലവള്ളി കയറുകെട്ടി വലിച്ചു കെട്ടി നിർത്തിയിരുന്നു. കനകാംബരം, അതും രണ്ടു നിറത്തിലുള്ളത് നീലയും പീച്ചും, തെച്ചിയും മല്ലിയുമെല്ലാം ആ പരിസരത്ത് വളർന്നു തുടങ്ങിയിരുന്നു.

ഒരിക്കൽ അതുവഴി ഹൈവെയിലേക്ക് കുറുക്കു ചാടുമ്പോൾ മുല്ലവള്ളി കണ്ടിട്ട് കളിയായി ചോദിച്ചു, ഇതാണോ നിന്റെ വനജോത്സ്‌ന. എവിടെപ്പോയ് നിന്റെ മാൻകിടാവ്? മെലിഞ്ഞു നീണ്ട വിരലുകളിലൊന്നിൽ ഗൗതമിയുടെ നിറം മങ്ങിയ വെള്ളിമോതിരം ഇറുകിപ്പിടിച്ചു കിടന്നിരുന്നു. അത് വട്ടംചുറ്റിച്ച് വല്ലാത്തൊരു ചിരിയിൽ മറുപടിയൊതുക്കി അവൾ മിണ്ടാതെ നിന്നു. അവളൊരു പാവം പെണ്ണായിരുന്നു. ചേല ചുറ്റുക എന്നതിൽനിന്ന് സാരി ഉടുക്കുക എന്നതിലേക്ക് അവൾ വഴിമാറിയിരുന്നില്ല. അവളുടെ അരക്കെട്ടിന് പ്രദക്ഷിണം വച്ച് നെഞ്ചിനു കുറുകെ പോയി വന്ന ശേഷം പിന്നാമ്പുറം ചുറ്റി അത് വിലങ്ങുപോലെ അവളെ തളച്ചിട്ടിരുന്നു. പൊക്കിൾക്കീഴേ ചുരുട്ടിക്കൂട്ടിയ സങ്കടം പോലൊന്ന് കുത്തിയിറക്കിയിരുന്നു.

ഒരു മാവ്, പേര, മുരിങ്ങ, സീതാഫൽ, എന്നിവയും അവൾ തന്നെ തടമെടുത്ത് നട്ടു പിടിപ്പിച്ചിരുന്നു. തൊട്ടടുത്തുള്ള വീടുകളെല്ലാം ആവും വിധം തേച്ചു മിനുക്കി അണിഞ്ഞൊരുങ്ങി നിന്നപ്പോൾ മമ്മുവിന്റെ വീടുമാത്രം പണി പൂർത്തിയാക്കാൻ മടി കാണിച്ച് തൊട്ടു തൊടുവിച്ച് ചാരിവച്ച വാതിലും അഴികൾ മാത്രമുള്ള ജനാലകളുമായി വഴിപോക്കരുടെ പരിഹാസം ഏറ്റുവാങ്ങി.

അടച്ചുറപ്പില്ലാത്ത വീട്ടിൽ എത്രനാളാണ് ഗൗതമിയിങ്ങനെ മമ്മുവുമായി കഴിയുക? ചന്ദ്രദാസ് വല്ലപ്പോഴും വീട്ടിൽ വന്നുകയറിയിട്ട് ഒച്ച വച്ച് വല്ലാത്തൊരു ശബ്ദത്തോടെ ട്രാക്ടറോടിച്ചു പോകുമ്പോൾ കൽബഞ്ചിലിരുന്ന് പൂ കൊരുക്കുന്നവരും പരസ്പരം പേൻ നോക്കി സഹായിക്കുന്നവരും അതു തന്നെ പറയും.

കാര്യങ്ങൾ ഒറ്റയ്ക്ക് നടത്തുന്നതിന്റെ വിഷമം ഗൗതമിക്കുണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്. എല്ലാത്തിനും അവൾത്തന്നെ ഓടിനടക്കേണ്ടി വന്നു.പാടങ്ങളായ പാടങ്ങളിൽ നിന്നെല്ലാം വിളവുകൾ ശേഖരിച്ചു ദൂരേയുള്ള കച്ചവടസ്ഥലങ്ങളിൽ എത്തിക്കലായിരുന്നു ചന്ദ്രദാസിന്റെ തൊഴിൽ. അത് നെല്ല്, നാരങ്ങ, ചേമ്പ്, ഗോങ്കുറ എന്നിങ്ങനെ സീസൺ അനുസരിച്ചു മാറി മാറി വരും. ആ പോക്കിലും വരവിലും അയാളുടെ ജീവിതവും അയാൾ ആശിക്കുന്നപോലെ ഓടിക്കൊണ്ടിരുന്നു.

കണക്കുപുസ്തകം എടുക്കാൻ വീട്ടിലേക്കോടിയ മമ്മു അലറിവിളിച്ച് ഓടി വന്നു.

അക്കാ… ഇന്റിലു പാമ്പു.

പാമ്പ് എന്നാണവൻ പറയുന്നതെന്ന് എനിക്ക് മനസ്സിലാക്കിയെടുക്കാൻ പ്രയാസം വന്നില്ല.

ഏക്കടെ ഏക്കടെ?

നേനു ഇന്റിലു ലോപ്പിലു പാമ്പു…

വീടിനകത്താണ് കക്ഷി.

ബഹളം കേട്ട് എന്റെ ഭർത്താവ് പുറത്തേക്ക് വന്നതും അങ്കിളു, നേനു ഇല്ലൂക്കു ലോപ്പിലു പാമ്പു, മമ്മു അയാളെ വട്ടത്തിൽ കെട്ടിപ്പിടിച്ചു.

ഭയപ്പെടവദ്ദു .. നേനു മി ഇന്റിക്ക്

ഒസ്തുന്നാരു

അതും പറഞ്ഞുകൊണ്ട് മമ്മുവിന്റെ കൈയ്യിൽ ഇറുക്കെപ്പിടിച്ച് ഒരു സംഘമായി ഞങ്ങൾ പാമ്പിനെ കാണാൻ അവന്റെ വീട്ടിലേക്ക് നടന്നു.

സംക്രാന്തി സമയത്ത് ഒരുമിച്ച് പട്ടം പറത്തിയ രണ്ടു പേർക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന അടുപ്പം എന്റെ ഭർത്താവും മമ്മുവും തമ്മിൽ ഉണ്ടായിരുന്നു.പശയും ചില്ലുപൊടിയും യോജിപ്പിച്ച് പട്ടച്ചരടിന് ബലം കൂട്ടാമെന്നും കാറ്റിന്റെ ഗതിയനുസരിച്ച് ഉയർന്നു പറക്കുമ്പോൾ നിയന്ത്രിക്കാൻ എളുപ്പമാണെന്നുമൊക്കെ മമ്മുവാണ് പറഞ്ഞു കൊടുത്തത്. അന്നവൻ ടെറസ്സുള്ള വീടു തേടി ഇവിടേക്ക് വരുകയായിരുന്നു. ഗുജറാത്തിലെ തന്റെ ബാല്യകാലം മമ്മുവിൽ നിന്നാണ് അയാൾ തിരികെ വാങ്ങിയത്.

“ബാല്യം തിരിച്ചു തരുന്നവരെ നമ്മളൊരുപാട് സ്നേഹിക്കും”, അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു. അവർ ഒരുമിച്ച് ഗോലി കളിക്കുകയും സൈക്കിൾറിക്ഷാക്കാരന്റെ പക്കൽ നിന്നും സമൂസ വാങ്ങുകയും ചെയ്യുന്നവരായിരുന്നു. കൂടാതെ കോലൈസും പാലൈസുമെന്ന് വിളിച്ചു ചൊല്ലി ആ തെരുവിലെ മനുഷ്യരെ കൊതിപ്പിക്കുന്ന ടീമും ആയിരുന്നു.

സദാനന്ദൻ്റെയും ലാവണ്യയുടെയും വീടിരിക്കുന്ന തിരിവിലൂടെ ഞങ്ങൾ അവിടെത്തി. കാര്യമായിട്ട് ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഗൗതമി നിലത്തു കുത്തിയിരുന്ന് സ്റ്റീൽ പാത്രങ്ങളോരോന്നും കഴുകി കിഴുത്തയുള്ള വട്ടക്കുട്ടയിലേക്ക് അടുക്കിയടുക്കി വയ്ക്കുകയാണ്.

ഞാൻ സൂക്ഷിച്ചുനോക്കി.

ഓരോ പാത്രങ്ങളിലും അത് സമ്മാനിച്ചവരുടെ പേരു കൊത്തിയിട്ടുണ്ട്. ചിലരൊക്കെ മരിച്ചുപോയി. ചിലരൊക്കെ ജീവിച്ചിരിപ്പുണ്ട്. ഓർമ്മകൾക്ക് വേണ്ടി പാത്രങ്ങളിൽ തങ്ങളെത്തന്നെ നിക്ഷേപിക്കുന്നവരായിരുന്നു ആ ദേശക്കാർ. ദോശയും ഇഡ്ഡലിയും കഴിക്കുമ്പോൾ ഭദ്രയ്യായെ ഓർമ്മ വരും. മറ്റൊരു പാത്രത്തിൽ പൊങ്കൽ വിളമ്പിയാൽ അത് സുബ്ബാമ്മക്കുള്ള ഓർമ്മയാണ്. ഓരോരോ വിശേഷങ്ങൾക്കും പാത്രമാണ് റിട്ടേൺ ഗിഫ്റ്റ്. അങ്ങനെ ചിന്തിച്ചാൽ ഭൂമി മുഴുവൻ ഓർമ്മ നിറച്ചു വച്ചിരിക്കയാണ്. എല്ലാ പിറവികളും ഓർമ്മയിലേക്ക് ജനിച്ചു വീഴുകയാണ്. അത് പറയാൻ ഒരാളുടെ മരണം വരെ കാത്തിരിക്കണോ? അതാണെന്റെ സംശയം.

എവിടെയാണ് പാമ്പ്?
വന്നവരെല്ലാം കൗതുകത്തോടെ പാമ്പിനെ അന്വേഷിച്ചു.

അവൾ നിസ്സഹായതയോടെ അകത്തേക്ക് കൈ ചൂണ്ടി പറഞ്ഞു, അമ്മാ, അദു ലോപ്പിലു ഉണ്ടദി.

എന്നിട്ടും ഗൗതമി യാതൊരു കൂസലുമില്ലാതെ അവൾ ചെയ്തു കൊണ്ടിരുന്ന പണി തുടർന്നുകൊണ്ടിരുന്നു. പാത്രം കഴുകൽ കഴിഞ്ഞിട്ട് അലക്കാനുള്ള തുണി ചുരുട്ടിക്കൂട്ടി ബക്കറ്റിലെ സോപ്പു വെള്ളത്തിൽ മുക്കിയിട്ടു. മുറ്റത്തു ചിതറിക്കിടന്ന ഇഷ്ടികകളും പലകകളും അടുക്കി വച്ചു. മനസ്സിൽ ഭയം വരുമ്പോൾ നിർത്താതെ ചലിച്ചാൽ അതങ്ങ് കണ്ടം വഴി ഓടിപ്പോക്കോളും എന്ന് ആ നിമിഷം ഗൗതമി എന്നെ പഠിപ്പിച്ചു.

അകത്തോട്ട് പോയവരൊക്കെ ചിരിച്ചോണ്ട് ഇറങ്ങി വന്നു. ആരുടെയും മുഖത്ത് പേടിയില്ല.

ശരിയ്ക്കും സംഭവം അകത്തുണ്ട്.

പാവത്താനൊരു നാഗപ്പാമ്പ്… അസാലു കോപം ലേതു (ഒട്ടും കോപമില്ല).

പക്ഷെ കൊല്ലരുത്. ശാപം കിട്ടും. നാഗമണി എന്നു പേരുള്ള ഒരുവൾ എല്ലാവരെയും നോക്കി താക്കീത് കൊടുത്തിട്ട് കൈ കൂപ്പി കണ്ണടച്ചുനിന്നു.

എത്തിനോക്കിയവർക്കെല്ലാം ദർശനം കൊടുത്ത് തല ഉയർത്തി പത്തി വിടർത്തി അത് ഒരേ നിൽപ്പ് നിന്നു. സ്വർണ്ണനിറമുള്ള ഒരു ഇല പോലെ. സ്വർണ്ണക്കരണ്ടി പുറംതിരിഞ്ഞ് എഴുന്നേറ്റ് നിൽക്കും പോലെ. നിലത്ത് ചിതറിച്ചിട്ടിരിക്കുന്ന മമ്മുവിന്റെ പുസ്തകങ്ങൾക്ക് മേലെയാണ് ആശാന്റെ കിടപ്പ്.

ഗൗതമി ആകെ അസ്വസ്ഥത പ്രകടിപ്പിച്ച് മമ്മുവിന്റെ നേരെ തിരിഞ്ഞു. അവൾക്കവനെ സ്കൂളിലേക്ക് പറഞ്ഞു വിടണം. അവന് പോകണ്ട. വല്ലാതെ മടി കാണിച്ച് അവൻ അമ്മയുടെ അരയ്ക്ക് വട്ടംപിടിച്ചു നിന്നു ചിണുങ്ങി.

കൗതുകമുള്ള കാഴ്ചകളിലും സംസാരത്തിലും മനുഷ്യർ ഹരം കണ്ടെത്തുന്നതറിഞ്ഞിട്ടാവണം ഗൗതമി പുത്രന്റെ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമം നടത്തിയതെന്ന് ഞാനപ്പോൾ ഓർത്തു. പക്ഷെ അതങ്ങനെ ആയിരുന്നില്ല. മമ്മുവിനന്ന് കണക്കു പരീക്ഷയുടെ ദിവസമായിരുന്നു. വിഷമം പിടിച്ച ചില പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് അവൻ എന്നെത്തേടി വന്നതെന്നുള്ള അറിവിൽ എനിക്ക് കുറ്റബോധവും എന്നോടുതന്നെ സഹതാപവും തോന്നി. എല്ലാവരുടെയും ചോദ്യവും പറച്ചിലും കേട്ട് സഹികെട്ട് അപ്പുറത്തെ വീട്ടിൽ നിന്നും ചോറും പരിപ്പും ഇപ്പുറത്തെ വാസന്തിയുടെ വീട്ടിൽ നിന്നുള്ള അപ്പളവും കൂട്ടി പൊടിച്ചും കുഴച്ചും ഉരുട്ടിയും മമ്മു വയറ്റിലേക്ക് ആഹാരം തള്ളിവിട്ടു.

മനസ്സില്ലാ മനസ്സോടെ മമ്മു യൂണിഫോമിട്ട് സ്കൂളിലേക്ക് പോകുന്നത് വ്യസനത്തോടെ ഞാൻ നോക്കി നിന്നു. മനസ്സിലാകാത്ത കണക്കുകളും വീടിനുള്ളിലെ പാമ്പും അവന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. മമ്മുവിന്റെ പല സംശയങ്ങളും എന്റേതും കൂടിയാവാം.

യാതൊരു കുലുക്കവുമില്ലാതെ ഗൗതമി കൂടുതൽ ജോലികൾ അന്വേഷിച്ചു കണ്ടെത്തി മേലനങ്ങി നടന്നു.

ഇവളെന്താ ഇങ്ങനെ എന്നൊരു സംശയത്തിൽ പെണ്ണുങ്ങൾ പിറുപിറുത്തുകൊണ്ടിരുന്നു. ചില മരണവീടുകളിൽ ഞാനും അത് കണ്ടിട്ടുണ്ട്. പെണ്ണ് കരഞ്ഞില്ലേലും കുറ്റമാണ്. ആകെ ഉലഞ്ഞു തകർന്ന ഒരു പാകമാണ് മനുഷ്യദൃഷ്ടിയിൽ എപ്പോഴും പ്രീതികരമായിട്ടുള്ളത്. അവൾക്കെന്തെങ്കിലും സംഭവിക്കണം, കറങ്ങിയടിച്ചുവീഴണം.

ഒരു മണിക്കൂറോളം ഒരിടത്തുതന്നെ പാമ്പ് അതേ പോലെ നിന്നു. അതിന് മനുഷ്യരെ ഭയം എന്ന മട്ടിൽ. തിരിച്ചു പോയവരൊക്കെ വീണ്ടും വന്ന് ഒന്നും കൂടി കണ്ടിട്ട് പോയി. കാണും തോറും അവരുടെയും പേടി കുറഞ്ഞുവന്നു. ചില വിദ്വാന്മാർ അതിന് പേരിട്ടു. വിനയൻ, നിർമ്മലൻ, സദാനന്ദൻ എന്നീ പേരുകൾ വീണപ്പോൾ അതൊരു വ്യക്തിത്വമുള്ള പാമ്പായി. ഒരേ നിൽപ്പുമൂലം നിലപാട്, പ്രകടമായ സൗമ്യഭാവത്തിൽ കരുണ, എന്നൊക്കെ വ്യാഖ്യാനം നൽകാവുന്ന ഭാവത്തിൽ നിശ്ശബ്ദ സാന്നിധ്യമായി അത് മാറി.

ഒരു നവജാതശിശുവുള്ള വീട്ടിലേക്ക് ആളുകൾ കയറുന്നതുപോലെ പുറത്ത് ചെരുപ്പ് ഊരിയിട്ട് ഒച്ചയുണ്ടാക്കാതെ മനുഷ്യർ അതിനെ കണ്ടു. ശേഷം മുറ്റത്തിന്റെ മൂലയിൽ കൈകെട്ടി നിന്നു. ഗൗതമിയുടെ വീട്ടുമുറ്റം ഏതോ ശുഭകർമ്മത്തിന് ആളുകൾ ഒത്തുകൂടിയ ഗ്രാമദൃശ്യമായി മാറി. കണ്ടു മടങ്ങുന്നവർ വീട്ടിലേക്ക് വരുന്നവരോട് പകുതി വഴിയിൽ വച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് ആ കാഴ്ചയെ ചോർത്തിക്കളഞ്ഞു. എന്നിട്ടും അവരും സന്തോഷത്തോടെ അതിനെ കണ്ടു മടങ്ങി.

ഇതിനിടയിൽ ഗൗതമിയുടെ തമ്പുടു (സഹോദരൻ) സ്കൂട്ടറിൽ പാഞ്ഞു വന്നിട്ട് മുറ്റത്തിന്റെ ചെരിവിലേക്ക് വണ്ടി ചായ്ച്ചുവച്ചിട്ട് അളിയനെ ഉറക്കെ തെറി പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന പെങ്ങളുടെ പ്രതിസന്ധികൾ അയാളുടെ മനസ്സിനെയും ഭാരപ്പെടുത്തിയിട്ടുണ്ടാവണം. അതി വൈകാരികമായ ആ ഭാഷ കേട്ടിട്ടാവണം, അകത്തു നിന്ന് നേർത്ത ചലനമുണ്ടായി.

ആളുകൾ ജാഗ്രതയോടെ വഴിയൊരുക്കി. മെല്ലെയത് ഇഴഞ്ഞിഴഞ്ഞു, പുറത്തിറങ്ങി. പൊരി വെയിലിൽ മൺ റോഡ് കുറുകെ കടന്ന് തിട്ടയിലൂടെ പാടത്തെ വെള്ളക്കെട്ടിൽ അപ്രത്യക്ഷമായി. ഗൗതമിയുടെ വീട്ടുമുറ്റം വളരെപ്പെട്ടെന്ന് ശൂന്യമായി. അവൾ വീടിനകത്തേക്ക് കയറി.

മറ്റൊരു കാഴ്ച്ചയെ എന്റെ മനസ്സ് വിടാതെ പിന്തുടരുന്നുണ്ട്. ഒഴുക്കില്ലാത്ത ഇരുണ്ടതും നിഗൂഢവുമായ പായൽ പരപ്പിലൂടെ മറുകര തേടി അത് നീന്തുകയാണ്. എഴുന്നേറ്റു നടക്കാവുന്ന രണ്ടു കാലുള്ള ജീവിയായി താൻ മാറുന്നുവെന്ന് അതിന് മനസ്സിലാവുന്നുണ്ട്. മനുഷ്യരെപ്പോലെ മുഖവും കൈകാലുകളും ബോധത്തിലേക്ക് പ്രവേശിച്ച മിന്നലും കൂടിയായപ്പോൾ സ്വത്വം വീണ്ടെടുത്ത് അത് തിട്ടയിൽ അള്ളിപ്പിടിച്ചു കര പറ്റി. ശേഷം ചതുപ്പിലെ കുഴഞ്ഞ പച്ചമണ്ണിൽക്കിടന്നുരുണ്ടു. പൊഴിച്ചിട്ടും പൊഴിയാത്ത പടം പോലെ ആത്മനിന്ദ അതിനെ വിട്ടുപോകാൻ കൂട്ടാക്കാതെ ഒട്ടിപ്പിടിച്ചു. ഗൗതമിയെ അത് ഓർക്കുന്നുണ്ട്. ഓർമ്മയെ അത് വല്ലാതെ ഭയക്കുന്നു. തൽക്ഷണം മറവി കൊണ്ടു മൂടി ഓർമ്മയുടെ നീലനാളത്തെ കെടുത്തിക്കളഞ്ഞു. ശേഷമത് പിന്തുടരുവാനാവാത്തതും പിടി തരാത്തതുമായ ഏതോ അദൃശ്യതയിലേക്ക് മറഞ്ഞുപോയി.

രൂപരഹിതമായ ഓർമ്മ പോലെ..

വൈകിട്ട് പതിവു നടത്തം കഴിഞ്ഞു വരുമ്പോൾ ഗൗതമിയും മമ്മുവും കൽബെഞ്ചിലുണ്ട്. കണക്കു പരീക്ഷക്ക് സമയം ആവശ്യത്തിന് കിട്ടിയില്ലെന്നും ചില ചോദ്യങ്ങൾക്കുള്ള വഴികൾ തെറ്റിയെന്നും അവൻ വിഷമത്തോടെ പറഞ്ഞു.

ഗൗതമി പാമ്പുവിഷയത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. മറ്റു പലതും ചോദിച്ചും പറഞ്ഞും ഒന്നും സംഭവിക്കാത്തതു പോലെ അവളെന്റെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടിരുന്നു.

ഞാനോർത്തു പോകയാണ്, മമ്മു കണക്കുപരീക്ഷയ്ക്ക് പോകാതെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഏറെ കാര്യങ്ങൾ പഠിച്ചേനെ. പ്രക്ഷുബ്ദമായ സാഹചര്യങ്ങളിൽ നിന്നു പോലും സംയമനം നിലനിർത്തിയും മൗനം അവലംബിച്ചും തോൽവി സമ്മതിച്ചും മെല്ലെ ഇറങ്ങിനടക്കാനുള്ള ബോധം അവന് ലഭിക്കുമായിരുന്നുവോ? അവന്റെ അമ്മയുടെ ഗോപ്യവും നിഗൂഢവുമായിരുന്ന മൗനം പോലെ. പ്രപഞ്ചം സാക്ഷി!

പൗർണമിചന്ദ്രന്റെ നിലാവെട്ടത്തിൽ രാത്രി ഇരുളാൻ മടിച്ചു നിൽക്കുന്നു. വഴിയരികിലെ പെൺകൂട്ടങ്ങളോടൊത്ത് ഗൗതമിയും ഇരിക്കുന്നുണ്ട്. അന്നന്നത്തേക്കുള്ള പൂമാല കോർത്തുകൊണ്ട് അവരെല്ലാം സാധാരണതയിലേക്ക് മടങ്ങിപ്പോകയാണ്. ഒരു മുഴം പൂ ചൂടി ഗൗതമിയും പണി തീരാത്ത വീട്ടിനുള്ളിലേക്ക് മമ്മുവിനെയും കൂട്ടി മടങ്ങുകയാണ്.

ഇന്നത്തെ അവളുടെ രാത്രി എങ്ങനെയാവും? ഒരു സ്ത്രീയെന്ന നിലയിൽ എനിക്കവളെ പിടികിട്ടും. എന്റെ കണക്കുകൂട്ടലിൽ ഇന്നാണ് അവളൊരു മുഴുവൻ സ്ത്രീയായത്. എന്റെ ഉള്ളിലെ ബയോളജിക്കൽ ക്ലോക്ക് അത് പറഞ്ഞു തരുന്നുണ്ട്.

അവളിപ്പോൾ എന്തു ചെയ്യുകയാവും?

ഇന്നത്തെ പകലിൽ പരസ്പരം കാമിക്കപ്പെട്ടതിന്റെ നിറവിൽ രണ്ടു ശരീരങ്ങൾ പൊഴിച്ചിട്ട സ്നേഹം നിറഞ്ഞ വാക്കുകൾ കുനിഞ്ഞിരുന്ന് വിരൽ കൊണ്ട് തൊട്ടെടുക്കുകയാവും. ശേഷം ഉള്ളിൽ സൂക്ഷിക്കുന്ന സ്ഫടികസമാനമായ ഹൃദയതാലത്തിൽ ആ വാക്കുകൾ പൊഴിച്ചിടും. ഒരു പേര് മുദ്ര കുത്തി ഓർമ്മയാക്കും. അവൾക്ക് മാത്രമായുള്ളത്. എല്ലാത്തിനും ശേഷം അതിസ്നേഹത്താൽ മമ്മുവിനെ ആശ്വസിപ്പിക്കും. ആവേശത്തോടെ ഉമ്മകൊടുക്കും. സുരക്ഷിതത്വവും സ്നേഹവും കോരിച്ചൊരിയുന്നതിനിടയ്ക്ക് ഒന്നിനെയും വേദനിപ്പിക്കരുതെന്നും വാസ യോഗ്യമായ ഭൂമി എല്ലാവർക്കുമുള്ളതാണെന്നും പറഞ്ഞു കൊടുക്കും. ഇനിയത് വരില്ലെന്നുള്ള ഉറപ്പ് കൊടുക്കാൻ തനിക്കാവില്ലല്ലോയെന്നും അവളോർക്കും.

വെളിച്ചം അണയ്ക്കും മുൻപ് ഭിത്തിയിൽ ചാരിവച്ചിരിക്കുന്ന പൊട്ടിപ്പൊളിഞ്ഞ പലകയെടുത്ത് പ്രണയദംശനമേറ്റ അവളുടെ ശക്തമായ ആന്തരികലോകം മറച്ചുവയ്ക്കും.

Comments