ചിത്രീകരണം: ദേവപ്രകാശ്

വാഴ്‌കൈ സട്ടം

സുമൻ കുളി കഴിഞ്ഞ് വന്നു. മുഖവും മേനിയും മുൻപിലെ ചതുരക്കണ്ണാടിക്കുള്ളിലാക്കി, ലീ കൂപ്പറിന്റെ നീല ജീൻസും ടോപ്പുമണിഞ്ഞ് സുന്ദരിയായി. ഉറക്കം ബാക്കിയായ കണ്ണുകളുമായി സിദ്ധാർത്ഥൻ ആ ദിവസത്തെ ആദ്യത്തെ സിഗററ്റിന് തീ കൊളുത്തി.

"ഉണ്മയിൽ ഇന്ത കാലഘട്ടത്തിൽ ജീൻസ്, സുരുദാറ് ഒന്നുമേ പരിന്തുരൈക്കപ്പടവില്ലൈ...' അവൾ കണ്ണാടിയിലെ സിദ്ധാർത്ഥന്റെ പ്രതിബിംബത്തിലേക്ക് നോക്കി പറഞ്ഞു.

"മലയാളത്തിൽ പേസുവിർകളാ... അനാൽ ഇന്ത മനനിലയ്ക്ക് തമിഴ് താൻ ബെസ്റ്റ് '
ചീകി തീർന്ന ചീർപ്പ് അവൾ ഊക്കോടെ മേശപ്പുറത്തേക്കെറിഞ്ഞു. സിദ്ധാർത്ഥൻ കൈവെള്ളയിൽ മുഷ്ടി ചുരുട്ടിയിടിച്ച്, എഴുന്നേറ്റ് പോയി ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. കാറ്റത്ത് കെട്ട സിഗരറ്റ്, വീണ്ടും കൊളുത്തി വലിച്ചു.
"മോഹങ്ങൾ കടൽ തേടുന്ന പുഴകളാകുമ്പോൾ തോട്ടിലിറങ്ങി മുങ്ങരുതേ' എന്ന വാരികയിൽ വന്ന കഥയിലെ വരി വായിച്ച് കേൾപ്പിച്ച ദിവസമാണ് സിദ്ധാർത്ഥൻ അവസാനമായി ചിരിച്ച് അവൾ കണ്ടത്.

"അനാൽ ഇതിപ്പോ എന്ന ചട്ടവിരോധം...?' ഒരു നീണ്ട ചോദ്യത്തിന്റെ കൊല്ലം കോയമ്പത്തൂർ എക്‌സ്പ്രസ് അവസാന സ്റ്റേഷനിലെത്തിച്ചേരാതെ അതിന്റെ മറ്റൊരു യാത്ര കൂടി അവസാനിപ്പിക്കുന്ന ദിവസമാണ് ഇന്ന്. "വെറുപ്പാണ് ഓർമ്മകൾ' എന്ന് ആവർത്തിച്ച് പറഞ്ഞ് സുമൻ ബാഗെടുത്ത് പുറത്തിറങ്ങി.

"ഒന്നിറങ്ങുന്നുണ്ടോ? ട്രെയിൻ മിസ്സാക്കി ഇനി ഉടമ്പടി തെറ്റിക്കണ്ട' സിദ്ധാർത്ഥൻ സിഗരറ്റ് കുത്തി കെടുത്തി പുറത്തിറങ്ങും മുൻപ് അവൾ വീണ്ടും വിളിച്ചു പറഞ്ഞു. "ഗ്യാസ് ഓഫ് ചെയ്‌തോന്ന് നോക്കണേ. മുറിയിലെ ഫാനും. നാളെ മുതൽ മെസ്സിൽ ജോയിൻ ചെയ്യുന്നുവെങ്കിൽ അഡ്വാൻസ് തുക കയ്യിൽ കരുതിയേക്കൂ' കടമകളുടെ കടലാസ് അവൾ പതിവുപോലെ നിവർത്തിപ്പിച്ചു.

സിദ്ധാർത്ഥൻ മുന്നിലും സുമൻ പിറകിലുമായി ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആദ്യമായി കണ്ടത്,പരിചയപ്പെട്ടത്, തൊട്ടത്, ഇണ ചേർന്നത്, പിണങ്ങിയത്. കൈ കാണിച്ചിട്ട് നിർത്താതെ പോയ സൂപ്പർഫാസ്റ്റ് ബസിന്റെ വേഗതയായിരുന്നു പോയ കാലത്തിനെന്ന് രണ്ടുപേർക്കും തോന്നി.

"ഓട്ടോ വിളിച്ചാലോ?' സിദ്ധാർത്ഥൻ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു.

രാധണ്ണന്റെ ഓട്ടോ വിളിക്കണ്ടായിരുന്നു. അയാൾ ഓട്ടോയിൽ കയറുന്നവരെ അതിനിഗൂഢമായി നിരീക്ഷിക്കും. പ്രണയ പുഷ്പങ്ങൾ എങ്ങോട്ട് പോകുന്നുവെന്ന് ചോദിക്കും. ഹണിമൂൺ ഇനിയും കഴിഞ്ഞില്ലേയെന്ന് കളിയാക്കും. അതാലോചിക്കുമ്പോൾ കേസ് കോയമ്പത്തൂരിൽ തന്നെ പരിഗണിച്ചതും നല്ലത് തന്നെ. യാത്രക്കിടെ ഒരു ആക്‌സിഡന്റ്, അവിവേകത്താലൊരു ആത്മഹത്യ, ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗർത്തിലേക്കൊരു മലക്കം...ഏതെങ്കിലും ഒരു കഥ രാധണ്ണൻ വിശ്വസിക്കും. രാധണ്ണൻ കറുത്ത കണ്ണടയ്ക്കിടയിലൂടെ രണ്ടുപേരെയും മാറിമാറി നോക്കി.

"വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു. ഭൂമിയിൽ മോഹങ്ങൾ വിടരുന്നു; ഭൂമിയിൽത്തന്നെ കൊഴിയുന്നു.'

രാധണ്ണൻ നാടൻ പെണ്ണ് സിനിമയിലെ കലക്കനൊരു പാട്ട് വച്ചു. വയലാറിന്റെ വരി, ദേവരാജന്റെ സംഗീതം, ഗന്ധർവ്വന്റെ ശബ്ദം. എതിരെ വരുന്ന കാറുകളും ബസുകളും ഓട്ടോകളും രാധണ്ണനോട് സൗമ്യമായി സംസാരിച്ചു. ചിലത് രൗദ്രമായി ഹോൺ മുഴക്കി.

"ഈ ജീവിതം തന്നാ ശരിക്കും കവികള് എഴുതി പിടിപ്പിക്കുന്നത്...ല്ല്യോ' രാധണ്ണൻ നന്നായൊന്ന് മിണ്ടാൻ അന്നിത്തിരി വൈകി. സ്റ്റേഷനിൽ ചെന്നപ്പോൾ നൽകിയ ഇരുന്നൂറിന്റെ ഒറ്റ നോട്ട് മടക്കി പോക്കറ്റിലിട്ട്, പതിവ് ചിരിയോടെ രാധണ്ണൻ മടങ്ങി.
8.10 ന്റെ ശബരി എക്‌സ്പ്രസ് 8.15ന് നാലാമത്തെ പ്ലാറ്റ്ഫോമിൽ നിന്നനങ്ങിയപ്പോൾ താഴത്തെ ബെർത്ത് നിവർത്തിയിട്ട് സിദ്ധാർത്ഥൻ നീണ്ട് നിവർന്ന് കിടന്നു. സുമൻ എതിർ വശത്തെ സീറ്റിൽ പിറകിലേക്കോടുന്ന മനുഷ്യ ശിൽപ്പങ്ങളെ നോക്കിയിരുന്നു. അര മണിക്കൂർ മയങ്ങിയപ്പോഴാണ് സീറ്റ് അന്വേഷിച്ച് ശല്യപ്പെടുത്താൻ ആദ്യത്തെ ആൾ വന്നത്.

"എക്‌സ്‌ക്യൂസ് മി, ഇഫ് യു ഡോണ്ട് മൈൻഡ്, ക്യാൻ ഐ ഹാവ് മൈ സ്പെയ്സ്, പ്ലീസ്?'

ചങ്ങനാശ്ശേരിയിൽ നിന്ന് ഭാര്യയോടൊപ്പം കയറിയ,നരച്ച തലമുടിയുള്ള മനുഷ്യൻ ഒട്ടും പരുക്കമല്ലാത്ത ശബ്ദത്തിൽ പറഞ്ഞു. അയാളുടെ മാന്യമായ പെരുമാറ്റം സിദ്ധാർത്ഥനെ ബെർത്തിൽ നിന്നെഴുന്നേൽപ്പിക്കുകയും സുമനെ പുറത്തെ അവരോഹണക്കാഴ്ചകളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ബാഗ് ബെർത്തിന്റെ കീഴിൽ വച്ച ശേഷം അയാൾ പരിചയപ്പെടുത്തി.

"ഞാൻ താമരാക്ഷൻ... ഹാഫ് തമിലൻ. സാമിയെന്ന് കൂപ്പിടലാം...ഇതെന്നുടെ മനൈവി മോഹനവല്ലി' സിദ്ധാർത്ഥൻ ചിരിക്കാൻ ശ്രമിച്ചു.
"മനൈവി വന്ത് കോടമ്പാക്കം. എട്ട് പത്ത് മണിക്കൂർ യാത്രയൊഴിച്ചാൽ വി ആൽവേയ്‌സ് എൻജോയ് ഔർ ചെന്നൈ ട്രിപ്പ്'

തിരിച്ചൊരു പരിചയപ്പെടുത്തൽ താമരാക്ഷൻ പ്രതീക്ഷിക്കുന്നുണ്ടോയെന്ന് സിദ്ധാർത്ഥൻ ആലോചിച്ചിരിക്കവേ മോഹനവല്ലി ബാഗ് തുറന്ന് അയാൾക്ക് കഴിക്കാനുള്ള മരുന്നും വെള്ളവും നൽകി. ചുണ്ടിൽ നിന്ന് കഴുത്തിലേക്കിറ്റിയ വെള്ളം മോഹനവല്ലി തൂവാലയെടുത്ത് തുടച്ചെടുത്തപ്പോൾ അയാൾ നന്ദി പറഞ്ഞു. അയാളുടെ ആ നന്ദി വാക്ക് ഒരു മുന വച്ച ചോദ്യം പോലെ ബോഗിക്കുള്ളിലാകെ പറന്ന് നടന്ന് സിദ്ധാർത്ഥനെ വീർപ്പുമുട്ടിച്ചു.

ടി ടി ആർ പരിശോധനയ്ക്ക് ശേഷം മോഹനവല്ലി ആലുവയിൽ നിന്ന് വാങ്ങിയ ചപ്പാത്തിപ്പൊതി പിരുത്ത് താമരാക്ഷന്റെ മുന്നിൽ വച്ചു. അയാൾ ഒരേസമയം തിന്നുകയും മോഹനവല്ലിയെ സ്‌നേഹത്തോടെ തീറ്റിക്കുകയും ചെയ്‌തു. അവർ വ്രീഡയോടെ മുഖം തിരിച്ച്, വിൻഡോയുടെ വിപരീത സ്ഥാനത്ത് അരിക് ചേർന്നിരുന്ന സുമനെ നോക്കി. ചിരിച്ചു. തലയടുപ്പിച്ച് സ്വകാര്യം പറഞ്ഞു. ഒരുമിച്ച് മൂത്രപ്പുരയിലേക്ക് പോയി.

സുമനും മോഹനവല്ലിയും ഇരിപ്പിടങ്ങളിലേക്ക് തിരികെ വന്നപ്പോൾ പുരുഷ കേസരികൾ എഴുന്നേറ്റ് പോയി വാതിലിനരികിൽ ഇടം പിടിച്ചു.
"ലോങ്ങ് ജേർണിയാകുമ്പോൾ കുറേശ്ശേ നടു നിവർത്തുന്നത് നന്നായിരിക്കും.' അയഞ്ഞ പാന്റ്‌സ് നേരെയാക്കി താമരാക്ഷൻ സിദ്ധാർത്ഥന്റെ തോളിൽ തട്ടി. "അവർ നിങ്ങളുടെ വൈഫ് അല്ലാ, അല്ലേ?'

അപരിചിതനിൽ നിന്ന് ആ ചോദ്യം സിദ്ധാർത്ഥൻ ഒട്ടും പ്രതീക്ഷിച്ചതല്ല.
"കൺസ്ട്രക്റ്റീവല്ലാത്ത റോഡുകളും പാലങ്ങളും കണ്ടറിയുന്ന പോലെ വികല ദാമ്പത്യങ്ങൾ തിരിച്ചറിയാൻ എനിക്കൊരു പ്രത്യേക കഴിവുണ്ട്. ബികാസ് ഐ ആം ആൻ എൻജിനീയർ റ്റൂ' എതിര് നിന്നും ഒരു തീവണ്ടി ചീറിപ്പാഞ്ഞു പോയി. അതിലിരുന്ന ഒരാളെയെങ്കിലും വ്യക്തമായി കാണാൻ ശ്രമിച്ച് പരാജയപ്പെട്ട സിദ്ധാർത്ഥൻ തിരിഞ്ഞ് താമരാക്ഷനെ നോക്കി. "സാമി സാർ കരുതും പോലെയല്ല കാര്യങ്ങൾ. ഞങ്ങൾക്കൊരു കുട്ടിയുണ്ട്.'

ഗ്രാൻഡ് പാരൻറ്​സിനൊപ്പം നിൽക്കുന്ന രണ്ടു വയസ്സുകാരന് കിട്ടുന്ന ആനുകൂല്യം വിവാഹമോചന ശേഷമുള്ള സഹവാസ ജീവിതത്തിലൂടെ പിറക്കാൻ പോണ കുട്ടിക്കും കിട്ടണം. "അതാണ് സർ എക്‌സ് അമ്മായി അച്ഛന്റെ ആവശ്യം.' സുമന്റെ മാതാപിതാക്കൾ ഫയൽ ചെയ്തിരിക്കുന്ന അവകാശ സംരക്ഷണ ഹർജിയെക്കുറിച്ച് സിദ്ധാർത്ഥൻ ഒറ്റശ്വാസത്തിൽ പറഞ്ഞു. ട്രെയിനകത്ത് പുകവലിക്കാൻ കഴിയില്ലെന്നോർക്കാതെ സിദ്ധാർത്ഥൻ പെട്ടെന്ന് സിഗരറ്റ് പായ്ക്കറ്റ് തപ്പി, മടക്കി വച്ചു.
ചങ്ങല വലിച്ച് നിർത്തിയ ട്രെയിൻ പോലെ താമരാക്ഷൻ മൂക്കത്ത് വിരൽ വച്ച് നിന്നു. താമരാക്ഷൻ മൂത്രമൊഴിച്ച് തിരികെ വന്നപ്പോഴേക്കും വിദൂരത്തായിരുന്ന ചായ് വാല അടുത്തെത്തി. അയാൾ പരിപ്പുവട പാർസൽ വാങ്ങി മോഹനവല്ലിയെ ഏൽപ്പിച്ച്, ഷുഗറിടാത്ത ചായ വാങ്ങി കുടിച്ചു. നിർത്തിയിട്ട ട്രെയിനിന്റെ വശങ്ങളിലേക്ക് കണ്ണോടി ക്കുമ്പോൾ നീലഗിരി എക്‌സ്പ്രസ് മറ്റൊരു പാളത്തിലൂടെ പിറകിലേക്കോടിപ്പോയി. ഊട്ടിയിലെ ഹിൽ സ്റ്റേഷൻസിൽ ജോലി ചെയ്തിരുന്ന കാലം താമരാക്ഷൻ ഓർത്തെടുത്തു. "അന്ന് ഊട്ടിയല്ല. ഊട്ടക്കാമണ്ഡെന്നും ഉദഗ മണ്ഡലമെന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്' ജോലി സ്ഥലത്തെത്താൻ മേട്ടുപ്പാളയത്തിറങ്ങി ബസിന് പോകുന്ന സ്ഥിരം യാത്രക്കിടയിലാണ് താമരാക്ഷൻ മോഹനവല്ലിയെ പരിചയപ്പെട്ടത്.

ഹൊ! അതൊരു വല്ലാത്ത കാലമായിരുന്നു!

"നാൻ മുതലിൽ കാതൽ കടിതം കൊടുത്താർ...അവൾ എനക്കാകെ പുന്നകൈ തന്താർ... അപ്പുറം ബൊട്ടാനിക്കൽ ഗാർഡനിൽ പോയി ദ ഫേമസ് മലർതിരുവിഴ പാത്തേൻ... അപ്പുറം ബൈ ഗോഡ്‌സ് ഗ്രേസ് തിരുമണം സെയ്തുകൊൺടോം'
സാമിയുടെ കാതൽ കതൈ കേട്ട് സിദ്ധാർത്ഥൻ ഒച്ചയെടുത്ത് ചിരിച്ചു. അയാൾ ഒരു നേരമ്പോക്കെന്നോണം താമരാക്ഷന്റെ വാക്കുകൾ എഡിറ്റ് ചെയ്ത് രസിച്ചു. നാൻ അവൾക്കാകെ മുത്തം കൊടുത്താർ...അണുറെയ് തന്താർ...എന്ത ഭയവും ഇല്ലാമൽ ഒരു വാരം ഒന്നറാക പെരിയ ലീ മെറിഡിയൻ ഹോട്ടലിൽ തങ്കിനാർ... തിരുമണത്തുക്ക് മുൻ ഗർഭമാകിറാൽ...

ചായ കുടിച്ച പേപ്പർ കപ്പ് ചുരുട്ടി സാമി പന്ത് പോലെ പുറത്തേക്കെറിഞ്ഞു. ട്രെയിൻ ഷൊർണ്ണൂരിൽ നിർത്തിയപ്പോൾ താമരാക്ഷനും സിദ്ധാർത്ഥനും ഇരിപ്പിടങ്ങളിലേക്ക് തിരികെ പോയി. സുമൻ കണ്ണടച്ചിരുന്നു. ഏതോ അടിവാരത്തിലൂടെ കടന്ന് പോകും പോലെ ഇരുവശങ്ങളുമുള്ള ചെമ്മൺ മറവുകൾ അൽപ സമയത്തേക്ക് ട്രെയിനകം ഇരുട്ടിലാക്കി. ആ ഇരുട്ടിൽ മോഹനവല്ലിയും താമരാക്ഷനും ചുണ്ട് കോർത്ത് ഉമ്മ വയ്ക്കുന്നത് കണ്ടുകൊണ്ടാണ് സുമൻ കണ്ണ് തുറന്നത്. ഒറ്റപ്പാലവും പാലക്കാടും പിന്നിട്ട് ട്രെയിന്റെ വേഗത കുറഞ്ഞപ്പോൾ സുമൻ ബാഗെടുത്ത് തോളിലിട്ട് വാതിലിനരികിലേക്ക് നീങ്ങി.

ട്രെയിൻ ഏറെ നേരം കോയമ്പത്തൂരിൽ നിർത്തിയിട്ടു. താമരാക്ഷൻ ഒരു കടലാസിൽ വിലാസമെഴുതി സിദ്ധാർത്ഥന് നൽകി. തിരക്കൊഴിഞ്ഞ ശേഷം രണ്ടുപേരും ചേർന്ന് വരണം. അവർ സഹയാത്രികരോട് നന്ദി പറഞ്ഞു. ശബരി എക്‌സ്പ്രസ് ചെറിയൊരു ഞരക്കത്തോടെ ചൂളം വിളിച്ചു. താമരാക്ഷനേയും മോഹനവല്ലിയേയും കൊണ്ട് ട്രെയിൻ ഇരുട്ട് വീണ ദിക്കിലേക്ക് ഓടിമറഞ്ഞു. "കവലൈകളെ മറന്ത് വാഴ്‌ക്കൈ അനുഭവിപ്പതാർക്ക കടവുൾ നമക്ക് ഏതയോ കൊടുത്തിരുക്കിറാർ' ട്രെയിൻ ഇളകുന്നതിന് തൊട്ടു മുൻപ് താമരാക്ഷൻ പറഞ്ഞ വാക്കുകൾ ഒരു നീണ്ട മുഴക്കം പോലെ ഇരുവരുടേയും കാതുകളിൽ ഏറെനേരം തങ്ങിനിന്നു.

സ്റ്റേഷൻ വിശ്രമമുറിയിലെ പരുപരുത്ത കസേര ചൂണ്ടിക്കാട്ടി "ഇങ്കെ ഉക്കാറ്' എന്ന് പറഞ്ഞ് സിദ്ധാർത്ഥൻ പോയി ആഹാരം വാങ്ങി വന്നു. തീരെ വിശപ്പില്ലെങ്കിലും സുമൻ അത് രുചിയോടെ കഴിച്ചു. മുന്നിലെ ടീവിയിലായിരുന്നു ഇരുവരുടേയും കണ്ണുകൾ. സിദ്ധാർത്ഥൻ പറഞ്ഞു: "ഒൺലി ഫീവ് അവേഴ്‌സ് ലെഫ്റ്റ്. കാലയിൽ ടാക്‌സി പുടിച്ച് ഡയറക്ടായി നീതിമണ്ഡത്തിലേക്ക് പോയിടലാം'
"ങ്ഹും'
"എൻ കുഴന്തൈകൾക്ക് എന്ന വേണ്ടുമാണാലും നാൻ കൊടുപ്പേൻ. അതർക്കാക ഏൻ സട്ടം പോടവേണ്ടും?'
"ങ്ഹും'

മൂളലുകൾ തിരസ്‌ക്കരിക്കപ്പെട്ട ഭ്രൂണങ്ങളെപ്പോലെ ശ്യൂന്യതയിൽ പിടഞ്ഞ് വീണു. സുമൻ എഴുന്നേറ്റു പോയി പ്ലാറ്റ്ഫോമിനരികിൽ നിന്നു. അടുത്ത സ്റ്റേഷൻ പിടിക്കാൻ പാളം തെറ്റാതോടുന്ന തീവണ്ടികളെ കുറേനേരം നോക്കി നിന്നപ്പോൾ അവൾക്ക് കണ്ണ് കഴച്ചു. വീണ്ടും തിരികെ വന്ന് ഇരിപ്പിടത്തിലിരുന്നു. തൊട്ടടുത്ത കസേരകളിലിരുന്ന ദമ്പതികളുടെ സ്‌നേഹപ്രകടനങ്ങൾ താമരാക്ഷനേയും മോഹനവല്ലിയെയും ഓർമ്മിപ്പിച്ചു. അവർ ആഹാരം പങ്ക് വച്ച് കഴിക്കുന്നതും തോളോട് തോൾ ചേർന്നുറങ്ങുന്നതും തെല്ലിട സിദ്ധാർത്ഥനും നോക്കിയിരുന്നു. ദമ്പതികൾ ഉറക്കമായപ്പോൾ ഇടക്കെപ്പോഴോ സിദ്ധാർത്ഥൻ സുമനെ നോക്കി. വെറുപ്പോ വിദ്വേഷമോയില്ലാതെ ഏറെ നാളുകൾക്ക് ശേഷം ഒരു മാത്ര അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. പൊള്ളിക്കരിഞ്ഞു പോയ പ്രണയം പുനരുജ്ജീവിപ്പിക്കുന്ന ജീവനൗഷധം പോലെ എന്തോ ഒന്ന് ഉള്ളിലാകെ പടരുന്നതായി അവർക്ക് തോന്നി. പുലർച്ചെ കണ്ണ് തുറക്കുമ്പോൾ സുമൻ സിദ്ധാർത്ഥന്റെ തോളിൽ ചാഞ്ഞുറങ്ങുകയായിരുന്നു. അവൾ തട്ടി വിളിച്ചിട്ടാണ് അയാൾ ഉണർന്നതും.

ആ സമയം സ്റ്റേഷൻ ടി.വിയിൽ കാണിച്ച വ്യത്യസ്തമായ പരിപാടിയിലായിരുന്നു വെയിറ്റിങ് ഏരിയയിലിരുന്നവരുടെ കണ്ണ് മുഴുവൻ. പ്രണയിക്കുന്നവരുടെ ആകാശക്കപ്പൽ കൂറ്റൻ പക്ഷിയെപ്പോലെ ആകാശത്ത് പറക്കുന്നു. അതിലൊരു കപ്പലിൽ താമരാക്ഷനും മോഹനവല്ലിയും. പ്രായഭേദമെന്യേ പുഷ്പഹാരങ്ങളണിയിക്കുന്നു, ആലിംഗനം ചെയ്യുന്നു, ചുംബിക്കുന്നു. പ്രണയ ഗാനങ്ങളാലപിക്കുന്ന കാനറി പക്ഷികൾ ചുറ്റിലും പാറിപ്പറക്കുന്നു. സിദ്ധാർത്ഥനും സുമനും മുഖത്തോട് മുഖം നോക്കി. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ഷാലിമാർ എക്‌സ്‌പ്രെസ്സിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ "വാഴ്‌കൈക്കും കാതലുക്കും ഏന്ന സട്ടം' എന്ന പഴയ തമിഴ് ഗാനം പാടിക്കൊണ്ടിരുന്ന ഗായകരിലേക്കായി പിന്നെ അവരുടെ ശ്രദ്ധ. ▮

* പുന്നകൈ- പുഞ്ചിരി. ​​​​​​​* അണുറെയ് - ഗർഭനിരോധന ഉറ. * മലർതിരുവിഴ- പുഷ്പോത്സവം.


വിനോദ് ആനന്ദ്

കഥാകൃത്ത്, നോവലിസ്റ്റ്. (അ)ലിഖിതം എന്ന കഥാസമാഹാരവും കഠ്പുത്ലിവാല എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments