ചിത്രീകരണം : കെ.പി മുരളീധരൻ

വെള്ളിനക്ഷത്രം

മുൻകുറിപ്പ് : സംഭവങ്ങൾ, സന്ദർഭങ്ങൾ, സൂചനകൾ എന്നിവയ്ക്ക് ചരിത്രബന്ധമുണ്ടെങ്കിലും ആത്യന്തികമായി ഇതൊരു കാക്ക പറഞ്ഞ കെട്ടുകഥയാണ്.

ശോകവികലമേ ലോകമിതാകെ നിയതമിതാർക്കും കാണ്മതിനാകാ അഴലാളുമീ ഭവജീവിതമേന്തി നേടുവതെന്തേ മാനവനോർത്താൽ
- അഭയദേവ് (വെള്ളിനക്ഷത്രം എന്ന സിനിമയിലെ ഗാനം)

കൂടിനകം

റെ നേരമായി വാശിക്കരച്ചിൽ തുടരുന്ന പൊൻകുഞ്ഞിനെ നോക്കിക്കൊണ്ട് കാക്ക തന്റെ കാലിയായ കൊക്കിനെ പഴിച്ചു. തള്ളക്കാക്ക വന്നു ചേക്കേറിയ സമയം മുതൽ തുടങ്ങിയ വായും പൊളിച്ചുള്ള കാറലാണത്. പറക്കമുറ്റാത്തതിനാൽ പകലുമുഴുവനും തനിച്ചുകാത്തിരുന്നൊടുക്കം അന്തിമയങ്ങുന്നേരത്തെ ചിറകനക്കം കേട്ടപ്പോളുണ്ടായ കുഞ്ഞുപ്രതീക്ഷയാകട്ടെ ഒരു ചെരിഞ്ഞുനോട്ടത്താൽ പൊടുന്നനെ ഇല്ലാതായി. തന്നെ പോറ്റേണ്ട കൊക്കിലാണെങ്കിൽ ഒരു ചെറുപുഴുവോ, എച്ചിൽത്തുണ്ടോ, എലിവാലോ, മീൻതലയോ ഒന്നുമില്ലെന്നു കണ്ടതിന്റെ നിരാശയാണ് കരഞ്ഞു തീർക്കുന്നത്. മരങ്ങളൊന്നും തന്നെ ആ നഗരച്ചുറ്റുവെട്ടത്തിൽ ഇല്ലാത്തതിനാൽ പഴങ്ങളോ കായ്കളോ ഒക്കെ കിട്ടുന്ന കാര്യം ആലോചിക്കുകയേ വേണ്ടാ. മഹാമാരിയെ ഭയന്ന് ആളുകൾ തെരുവൊഴിഞ്ഞതിന്റെ പുറകെ എച്ചിൽക്കൂനകൾ അപ്രത്യക്ഷമായി. കറുകറുത്ത പെരുമ്പാമ്പിനെക്കണക്ക് ഇഴഞ്ഞൊഴുകിയും ഇടയ്ക്കെല്ലാം ഇരവിഴുങ്ങി ഇളകാതാകുകയും ചെയ്യുന്ന കൊഴുത്ത ഓടവെള്ളം വറ്റിയതോടെ കൊക്കിലൊതുങ്ങുന്ന ചെറുജീവികളെയും കാണാതായി. നഗരത്തിന്റെ ഏതാണ്ട് നടുക്കായുള്ള പാതിപണിതീർന്ന കോൺക്രീറ്റുകെട്ടിടത്തിന്റെ മുകളിൽത്തന്നെ കൂടുപണിയാൻ തോന്നിയ നിമിഷത്തെ കാക്ക അറഞ്ഞു ശപിച്ചു. ചക്രവാളത്തെളിച്ചം മുഴുവനായും മറഞ്ഞ് ഇരുട്ടുപരന്നതോടെ അവരുടെ കൂടിനുമുകളിൽ നക്ഷത്രങ്ങളുടെ തിളക്കംമാത്രം ബാക്കിയായി. വേണ്ടാത്തിടത്തൊക്കെ കൊണ്ടുപോയി കൂടുകെട്ടിയതിന്റെ അനർത്ഥങ്ങൾ തലമുറതലമുറകളായി കേട്ടുവന്ന കഥകളായും കരച്ചിലുകളായും അന്നേരം മാനത്തുമിന്നിത്തെളിഞ്ഞു.

‘നമുക്ക് കഥകൾ പറഞ്ഞും കേട്ടും നക്ഷത്രങ്ങളെ കൊത്തിത്തിന്നാലോ?'
തള്ള പറഞ്ഞതു കേട്ട പാതി കുഞ്ഞുകാക്ക വായ പിളർത്തി.

‘കൊത്താൻ വരട്ടെ... ആദ്യം കഥകേട്ടു തീരണം... ഓരോ കഥയുടെയും ഒടുക്കമാണ് ഒരു മിന്നിത്തിളക്കം വിഴുങ്ങേണ്ടത്. അതോടെ തീർന്നുപോയ ആ കഥ ആകാശത്തിന്റെ ഇരുട്ടിൽ ചേർന്നലിയുന്നു. അങ്ങനെയാണതിന്റെ കണക്ക്.'

കൊക്കൊഴിഞ്ഞ അന്തികളിൽ തള്ളപ്പക്ഷിമാർ തങ്ങളുടെ കൂട്ടിലെ കാലിവയറുകളെ ശമിപ്പിക്കുന്ന പതിവുകൗശലം നിവൃത്തിയില്ലാതെ പുറത്തുവന്നു. തിളങ്ങുന്ന താരങ്ങളിലേക്ക് കൊതിയോടെ കൊക്കുകൂർപ്പിച്ചിരിക്കുന്ന പൊൻകുഞ്ഞിനെ ആശ്വസിപ്പിച്ചുകൊണ്ട് കാക്ക കഥ പറഞ്ഞുതുടങ്ങി.

പണ്ടുപണ്ടൊരിക്കൽ...

ലോകചരിത്രത്തിലെ രണ്ട് മഹായുദ്ധങ്ങൾക്കു ശേഷമുള്ള കാലം...
കെടുതികളിൽനിന്ന് കരകയറാൻ മാലോകരെല്ലാം ആഗ്രഹിച്ചിരുന്ന കാലം...
സമരങ്ങൾക്കും വിപ്ലവങ്ങൾക്കുമൊടുവിൽ പല നാടുകൾക്കും സ്വാതന്ത്ര്യം കിട്ടിത്തുടങ്ങിയ കാലം...

കാക്കിനക്ഷത്രം

‘എടോ സോമരാജൻ പിള്ളേ... തന്നോട് എഴുതാൻ പറഞ്ഞതിന്റെ കാര്യമെന്തായി?'
നാടാർ ഇൻസ്പെക്ടറുടെ വിളിപ്പുറത്ത് കോൺസ്റ്റബിൾ പിള്ള സല്യൂട്ടുമായെത്തി.

‘ഏതാണ്ടൊരു രൂപമായിട്ടുണ്ട്. ബാക്കിയൊക്കെ ഏമാൻ തന്നെ വായിച്ചു തിരുത്തിയാൽ മതി.'

അതു പറയുമ്പോഴും ഇൻസ്‌പെക്ടറുടെ മുഖത്തൊരു തെളിച്ചമില്ലായിരുന്നു. മേലാവിലേക്ക് അയക്കാനായി താൻ തയ്യാറാക്കുന്നൊരു രഹസ്യക്കുറിപ്പിന് ശരിയായ പോലീസ്ഭാഷ വരുത്താനായി കീഴുദ്യോഗസ്ഥനിൽനിന്ന് സഹായം തേടേണ്ടി വന്നതിന്റെ ഒരേനക്കേട് അയാൾ അമർത്തിയൊന്ന് മൂളിത്തീർത്തു. പറഞ്ഞുവരുമ്പോൾ തിരുമലക്കാരൻ നാടാര് വലിയ വിദ്വാൻ പരീക്ഷയൊക്കെ പാസായ ആളാണ്. കുറച്ചുകാലം പള്ളിക്കൂടത്തിൽ വാധ്യാരായും, പിന്നെ ഹജൂർ കച്ചേരിയിൽ ഗുമസ്തനായുമൊക്കെ ജോലി ചെയ്തിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ കാലത്ത് ആവേശം മൂത്ത് അയാൾ പട്ടാളത്തിൽ ചേർന്ന് ബ്രിട്ടീഷ് വൈസ്രോയിയുടെ കമ്മീഷൻഡ് ഓഫീസറായി മണിപ്പൂരിലും ബർമ്മയിലും മലയയിലുമൊക്കെ സേവനമനുഷ്ഠിച്ചു. അതൊക്കെ കഴിഞ്ഞു നാട്ടിലെത്തിയ ശേഷമാണ് തിരുവിതാംകൂർ പോലീസിൽ ജോലി കിട്ടിയത്.

പുന്നപ്രയിലും വയലാറിലുമൊക്കെ ഉയർന്ന ചെങ്കൊടികളേയും വാരിക്കുന്തങ്ങളേയും മുദ്രാവാക്യങ്ങളേയുമൊക്കെ അടിച്ചമർത്താനായി തിരുവിതാംകൂർ ദിവാൻ ഉത്തരവിട്ട കാലത്ത് ആലപ്പുഴ നോർത്ത് സ്റ്റേഷന്റെ ചുമതലയിൽ നാടാരുമുണ്ടായിരുന്നു. സർ സി.പി. രാമസ്വാമി അയ്യരുടെ കൽപ്പനയെ കാക്കിത്തൊപ്പിയിലെ ശംഖുമുദ്രയിലേക്കാവാഹിച്ചു ശിരസ്സാവഹിച്ചുകൊണ്ട് ലാത്തിയും ബയണറ്റും തോക്കുമായി നിരന്ന പ്രധാനികളിലൊരാളായിരുന്നു അയാൾ. സമരക്കാരുടെ മുതുകിൽ കയറിയിരുന്ന് കൈമുട്ടുകൊണ്ട് പ്രഹരിക്കുന്നതായിരുന്നു നാടാരുടെ ക്രൂരവിനോദം. സ്വാതിതിരുന്നാൾ സംഗീത കോളേജിന്റെ വാർഷികത്തിൽ പങ്കെടുക്കവേ മൂക്കിന് വെട്ടുകിട്ടിയ രാമസ്വാമി ദിവാൻ പദവിയുപേക്ഷിച്ച് ഇംഗ്ലണ്ടിലേക്കു പോയതോടെ വേറിട്ടുനിൽക്കാനുള്ള പിടിവാശിയുപേക്ഷിച്ച് ആ നാട് ഇന്ത്യാമഹാരാജ്യത്തിൽ ലയിച്ചുചേർന്നു. അതോടെ നാടാരും പോലീസുമൊക്കെ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത പട്ടം താണുപിള്ളയുടെ കീഴിലായി.

പുതിയ സേനാക്രമത്തിന്റെ കീഴിൽ നാടാരൊന്ന് പരുവപ്പെട്ടു വന്നപ്പോഴേക്കും തിരുവിതാംകൂറും കൊച്ചിയുമായിക്കിടന്ന നാട്ടുരാജ്യങ്ങൾ ഒരുമിക്കാനൊരുമ്പെട്ടു. അതിനു മുന്നോടിയായി ഓരോരോ പ്രദേശത്തെയും പ്രധാന കുഴപ്പങ്ങളും സംശയങ്ങളും സംഭവങ്ങളുമൊക്കെ രഹസ്യമായി ശേഖരിച്ച് വിശദമായ റിപ്പോർട്ടുണ്ടാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഉത്തരവുകിട്ടി. മറ്റാർക്കും വെളിപ്പെടുത്താനാകാത്ത എന്തെങ്കിലുമൊക്കെ തന്റെ കുറിപ്പിലുണ്ടാകണമെന്ന് നാടാർ അതിയായി ആഗ്രഹിച്ചിരിക്കെയാണ് ആലപ്പുഴയിൽ ‘ഉദയാ സ്റ്റുഡിയോ' എന്നൊരു സ്ഥാപനം വരുന്നതും അവിടെ ആദ്യമായി സിനിമാപിടുത്തം നടക്കുന്നതും. സ്റ്റുഡിയോ തുടങ്ങുന്ന സമയത്ത് അതിന് ത്രീഫേസ് ഇലക്ട്രിക് കണക്ഷൻ കിട്ടാനുള്ള അപേക്ഷ ദിവാൻ രാമസ്വാമി തള്ളിയ വിവരം അറിഞ്ഞതുമുതൽക്കേ നാടാർ ഇൻസ്‌പെക്ടർ അവിടേക്കൊരു കണ്ണുവെച്ചിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തിയ നാഷണൽ കോൺഗ്രസുകാരുടെയും, ഉത്തരവാദഭരണസമരവും നിവർത്തനപ്രക്ഷോഭവുമൊക്കെയായി മുന്നോട്ടിറങ്ങിയ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസുകാരുടെയും, ജന്മിത്വത്തിനും ദിവാനുമെതിരെ പോരാടുന്ന കമ്യൂണിസ്റ്റുകരുടെയും ചില നേതാക്കൾ കൂട്ടുചേർന്നാണ് സിനിമാ സ്റ്റുഡിയോ ആരംഭിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർ സി.പി. കയറി ഉടക്കിട്ടതെന്ന് പോലീസേമാന്മാർക്കെല്ലാം അറിയാമായിരുന്നു താനും. അതുകൊണ്ടുതന്നെയാണ് ആലപ്പുഴ പട്ടണത്തിൽനിന്നു കുറച്ചുമാറി പാതിരാപ്പള്ളിയിൽ ഉയർന്ന ആ സിനിമാസ്റ്റുഡിയോയുടെ പിന്നാമ്പുറകഥകളും തിരു- കൊച്ചി ലയനത്തിന് മുന്നോടിയായി തയ്യാറാക്കുന്ന രഹസ്യവിവരക്കുറിപ്പിൽ വേണമെന്നകാര്യം ഉള്ളിന്റെയുള്ളിലിപ്പോഴും പഴയ ദിവാനോട് കൂറുപുലർത്തുന്ന നാടാർ ഇൻസ്‌പെക്ടർ നിശ്ചയിച്ചത്. അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ തഞ്ചത്തിലൊന്നു തിരക്കിവരാൻ തനിക്കു വിശ്വസ്തനായ സോമരാജൻ പിള്ളയെത്തന്നെയാണ് നാടാർ അയച്ചത്. പിള്ളയതിന്റെ തരംപോലെ എല്ലാമറിഞ്ഞുവന്ന് വേണ്ടതെല്ലാം ഏമാനെ ബോധിപ്പിച്ചു.

വെള്ളിനക്ഷത്രം എന്നാണ് അവരു പിടിക്കുന്ന സിനിമയുടെ പേര്. നാടകക്കാരൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ അനിയൻ വിൻസന്റാണ് ഇതിന്റെ പ്രധാനിയായി നിൽക്കുന്നത്. അയാളെ ഏമാൻ ചിലപ്പോൾ അറിയാൻ വഴിയുണ്ട്. ഉത്തരവാദ ഭരണത്തെരഞ്ഞെടുപ്പില് സ്ഥാനാർത്ഥിയാകൻ നോക്കിയപ്പം ദിവാൻ നേരിട്ടിടപെട്ട് പത്രിക തള്ളിയില്ലേ... അതിയാളുടെയാണ്...'

‘ഓ!.. സിനിമാക്കാരൻ ആലപ്പി വിൻസന്റ്. ബാലനും ജ്ഞാനാംബികയുമൊക്കെ ഞാനും കണ്ടിട്ടുണ്ടെടോ. അയാള് കോൺഗ്രസുകാരനല്ലേ, പിള്ളേ?''

‘അതെ ഏമാനേ.. പക്ഷേ പുന്നപ്രവയലാർ സമരത്തിലെ കമ്യൂണിസ്റ്റ് നേതാവ് ടി.വി തോമസിന്റെ കൂടെ നിയമം പഠിക്കാൻ പോയവനാണ് ഈ വിൻസന്റ്. രാഷ്ട്രീയം രണ്ടാണെങ്കിലും അവരുടെ കളിയും കുളിയുമൊക്കെ ഒരുമിച്ചാണ്. അത്രയ്ക്കും അടുത്ത ചങ്ങാതിമാരാണത്രേ. വയലാറിലെ കലാപത്തിന് ശേഷം ഈ തോമസ് പിന്നെ ജയിലിലായില്ലേ'

‘അതറിയാം... വേറെ ആരൊക്കെയുണ്ട് അവരുടെ കൂട്ടത്തിൽ?'

‘ടി.എം വർഗീസും കുട്ടനാടൻ രാമകൃഷ്ണപിള്ളയും... അവര് രണ്ടുപേരും സ്റ്റേറ്റ് കോൺഗ്രസുകാരാണ്. ഈ കുട്ടനാടനെ ഏമാന് ചെലപ്പം ഓർമ കാണും. കുറച്ചുകാലം മുമ്പ് പ്രതിമയെന്നൊരു നാടകം ദിവാൻ വിലക്കിയില്ലേ. അതെഴുതിയത് ഇയാളാണ്.'

‘ആകെമൊത്തം വിപ്ലവകാരികളാണല്ലോടോ... ആട്ടെ, ഈ പൊല്ലാപ്പിന് പണം മുടക്കിയതും ഇവരൊക്കെത്തന്നെയാണോ?'

‘അല്ലേയല്ല.. ഹർഷൻപിള്ളയെന്നൊരു ജന്മിയും പിന്നെ നമ്മുടെ വെണ്ടർ കൃഷ്ണപിള്ളയുമൊക്കെയാണ് ഇതിന്റെ തുടക്കം.'

‘കായലിൽ കായം കലക്കണ പോലത്തെ കാശിറക്കണ പരിപാടിക്കിറങ്ങാൻ പിള്ളമാർക്കെന്താ തലയ്ക്ക് ഓളമുണ്ടോ?'

‘ഈ ഹർഷൻ പിള്ളേടെ പെങ്ങളെയാണ് വിൻസന്റ് കല്ല്യാണം കഴിച്ചിരിക്കണത്. എന്തായാലും അളിയച്ചാര് നാടകമെന്നും കൂത്തെന്നും പറഞ്ഞുള്ള ഓട്ടമല്ലേ. എന്നാപ്പിന്നെ അതേ കടവില് തന്നെ വള്ളമടുപ്പിക്കാമെന്ന് പിള്ള കരുതിക്കാണും. പക്ഷെ പറഞ്ഞുവന്നിതൊടുക്കം നമ്മുടെ കുഞ്ചാക്കോയുടെ കയ്യിലായ അവസ്ഥയാണിപ്പോൾ. അയാളുടെ സഹായത്തിന് ആ കോശിയുമുണ്ടത്രേ...'

‘ഏത്...? കയറ് ഫാക്ടറിയൊക്കെയുള്ള കുഞ്ചാക്കോ മുതലാളിയോ?'

‘മൂപ്പർക്ക് കയറും കള്ളുഷാപ്പുകളും എന്നുവേണ്ടാ ഇല്ലാത്ത കച്ചവടമൊന്നുമില്ലാ. ആ കുഞ്ചാക്കോ തന്നെയാണ് സ്റ്റുഡിയോക്കുള്ള സ്ഥലം കൊടുത്തതും ഇതിലെ പങ്കുകാരനായതും. ഇപ്പോഴേതാണ്ടെല്ലാം മുതലാളീടെ നിയന്ത്രണത്തിലാണ്. തെകയാണ്ട് വന്ന കാശിറക്കിയതും മൂപ്പരാണെന്ന് കേട്ടു.'

‘ഒക്കും... അയാളെക്കൊണ്ടതൊക്കും...'

‘ആ മുതൽമുടക്കിന്റെ കാര്യം നമുക്കൊന്ന് തിരക്കണ്ടേ ഏമാനേ?'

‘എന്തിന്? യുദ്ധകാലത്ത് ഈ ആലപ്പുഴയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റിയയച്ചത് എന്താണെന്ന് തനിക്കറിയാമോടോ പിള്ളേ? അത് കയറായിരുന്നു... അമേരിക്കേന്നും ബ്രിട്ടണീന്നും വന്ന കമ്പനികളുടെ ഏജന്റുമാര് ഗുണോം മണോം പോലും നോക്കാതെയാണ് കിട്ടിയ കയറെല്ലാം പൊന്നും വിലയ്ക്ക് വാങ്ങി കയറ്റി അയച്ചോണ്ടിരുന്നത്. അതിന്റെയൊക്കെ ചുങ്കക്കണക്കെടുത്താൽത്തന്നെ നമ്മുടെയൊക്കെ തലകറങ്ങും. പിന്നെയാണോ ലാഭത്തിന്റെ കാര്യം?'

‘അതുള്ളതാണേ...'
‘അപ്പോളതിന്റെ നല്ലൊരു പങ്ക് കുഞ്ചാക്കോയ്ക്കും കിട്ടിക്കാണില്ലേ... പോരാത്തേന് കള്ളുകച്ചവടവും. അമ്പലപ്പുഴ റേഞ്ച് മൊത്തം ഭരിക്കുന്ന അബ്കാരിയാണ് അയാൾ. അതുകൊണ്ട് കാശിന്റെ കാര്യമൊക്കെ അന്വേഷിച്ചിറങ്ങിയാൽ മെനക്കേടാവും. അത് പോട്ടെ... നാടിന് പുറത്തൂന്നുള്ള ചിലര് അവിടെ പറ്റിക്കൂടീട്ടുണ്ടെന്ന് കേട്ടല്ലോ. അത് താൻ അന്വേഷിച്ചോ? അക്കാര്യം നമുക്ക് വളരെ പ്രധാനമാണ്...'

‘സിനിമാപിടുത്തക്കാരൻ ഒരു സായിപ്പുണ്ട്.. കൂടെ മൂപ്പരുടെ മദാമ്മയും പിള്ളേരും... ഈ ഫെലിക്സ് സായിപ്പിനെ മദ്രാസീന്ന് കൂട്ടിക്കൊണ്ടുവന്ന് ഇവടത്തെ ടി.ബിയില് പാർപ്പിച്ചത് വിൻസന്റാണ്. ആ കുടുംബം ഇപ്പോൾ ആറാട്ടുവഴിയിലെ ഏതോ വീട്ടിലാണ് താമസം. പക്ഷെ സായിപ്പ് മിക്കപ്പോഴും സ്റ്റുഡിയോയിൽ തന്നെയാണത്രേ തീനും കുടിയും കിടപ്പുമൊക്കെ. അയാളുടെ സഹായികളായി തമിഴരും ഗോസായികളും പഞ്ചാബികളുമൊക്കെയായി അഞ്ചാറുപേര് വേറെയുമുണ്ടെന്നാണ് കേൾവി. നമ്മുടെ ഭാഷയറിയാത്തോണ്ടാവും നാട്ടുകാരുമായൊന്നും സായിപ്പിന് അത്ര അടുപ്പമില്ല. ആ വിൻസന്റാണ് വല്ലപ്പോഴും അയാളെ എങ്ങോട്ടെങ്കിലും കെട്ടിയെഴുന്നെള്ളിച്ചു നടത്തിക്കണത്. സ്റ്റുഡിയോയുടെ പരിസരംവിട്ട് സായിപ്പ് പുറത്തിറങ്ങുന്നതുതന്നെ അപൂർവ്വമെന്നാണ് ചുറ്റുവട്ടത്തുള്ളവരൊക്കെ പറഞ്ഞറിയാൻ കഴിഞ്ഞത്.'

‘ആയാളെക്കുറിച്ച് വിശദമായി ഒന്നൂടെ തിരക്കണമല്ലോടോ? അതിനെന്താണൊരു വഴി?'

‘അക്കാര്യം എളുപ്പമാണ്... സായിപ്പ് പിടിക്കണ സിനിമായുടെ ചുരുളുകളൊക്കെ വെട്ടിയെടുത്ത് നേരാംവണ്ണം ഒട്ടിച്ചു മെനയാക്കണത് ഒരു ജോർജാണ്. സായിപ്പിന്റെ പ്രധാനസിൽബന്ധിയാണയാൾ. മുന്നെ പട്ടാളത്തിലുണ്ടായിരുന്നെന്നും ഏമാനെ അറിയാമെന്നുമൊക്കെ പറഞ്ഞു. ആ ജോർജിനെ പിടിച്ചാൽ നമുക്ക് ഫെലിക്സ് സായിപ്പിന്റെ കൂടുതൽ ചരിത്രമറിയാം.'

‘ആണോ.. എങ്കിൽ അയാളെയൊന്ന് കണ്ടുകളയാം. പിന്നേയ്... ഇതൊക്കെ അന്വേഷിക്കാൻ താൻ വല്ലാതെ വിഷമിച്ചോടോ പിള്ളേ?'

‘എന്നു പറയാൻ വയ്യ. ഈ സിനിമയിലെ നായികയായി അഭിനയിക്കുന്ന പെണ്ണ് എനിക്ക് പരിചയമുള്ളൊരു കോൺസ്റ്റബിളിന്റെ മകളാണ്. ആ വഴിയ്ക്കാണ് ഞാൻ കാര്യങ്ങളൊക്കെ തിരക്കിയത്.'

‘പക്ഷെ വിവരങ്ങൾ ഇത്രകൊണ്ട് പോരാ പിള്ളേ... ഇതിപ്പോൾ ഏത് പോലീസുകാരനും തപ്പിയിറങ്ങിയാൽ അറിയാവുന്ന കാര്യങ്ങളൊക്കെയല്ലേ. നമ്മളൊരു കാര്യത്തിനിറങ്ങിയാൽ അത് വെടിപ്പായിട്ടങ്ങ് നടത്തിയേക്കണം. അല്ലാതെ ചുമ്മാ എന്തെങ്കിലും കാണിച്ചുകൂട്ടുന്നത് എന്റെ ഒരു രീതിയല്ലെന്ന് തനിക്കറിയാമല്ലോ. കള്ളപ്പേരില് വിപ്ലവകവിതയെഴുതിയ പി. ഭാസ്‌ക്കരന്റെ പുസ്തകം ദിവാൻ രാമസ്വാമി നിരോധിച്ചപ്പോൾ പല ഇൻസ്‌പെക്ടർമാരും നാട്ടിലേക്കിറങ്ങി കടകളും വായനശാലകളുമൊക്കെ പേരിനൊന്നു പരതിനോക്കി. എന്നാൽ നമ്മളോ...? ഒരു പടികൂടെ മുന്നോട്ടുപോയി സംശയമുള്ള ഓരോരുത്തന്മാരുടെ വീടും കയറിയിറങ്ങിയില്ലേ. തല്ലിയും തൊഴിച്ചും തെരഞ്ഞപ്പോൾ കൂമ്പാരം കൂട്ടിക്കത്തിനാൻ മാത്രം കോപ്പികളല്ലേ കിട്ടിയത്. ഈ സ്റ്റേഷന്റെ പരിധിയില് പിന്നെ വയലാറ് ഗർജ്ജിച്ചിട്ടുണ്ടോടോ പിള്ളേ? അതിന്റെ കീർത്തിയങ്ങ് ദിവാന്റെയടുത്ത് നേരിട്ടെത്തി എന്നാണ് ഞാനറിഞ്ഞത്. ആ നമ്മളൊരു റിപ്പോർട്ടുണ്ടാക്കുമ്പോൾ അതിലെന്തെങ്കിലും കാര്യത്തിലും കനത്തിലും ഉണ്ടാകണം. എന്നാലേ അത് എഴുതിയവർക്കും വായിക്കുന്നവർക്കും ഗുണപ്പെടൂ. മേലേയ്ക്കുംമേലെയുള്ള അധികാരികള് വായിക്കേണ്ട കടലാസ്സാണെന്ന് ഓർമ്മവേണം. അതിന്റെയൊരു പകർപ്പ് മന്ത്രിയുടെ മേശപ്പുറത്തുവരെ എത്തേണ്ടതാണ്. ഞാൻ പറഞ്ഞുവരുന്നത് പിള്ളയ്ക്ക് പിടികിട്ടുന്നുണ്ടോ?'

‘ഏതാണ്ടൊക്കെ ഏമാനേ...'

‘ഇല്ലാത്തതൊന്നും എഴുതിപ്പിടിപ്പിക്കണ്ടാ. പക്ഷെ നമുക്കിതിന്റെ അകവും പുറവും കുഴിയും കുന്നായ്മയും ഒക്കെയൊന്ന് വിശദമായറിയണം. സ്റ്റുഡിയോയുടെ അകത്തുപെരുമാറുന്ന ആളുകളോടൊക്കെ തിരക്കിയാൽ അത്രയും നല്ലത്. ഈ സിനിമയുടെ പുറകില് വലിയ വമ്പന്മാരൊക്കെ ഉള്ള നിലയ്ക്ക് നേരിട്ടൊരു പോലീസ് അന്വേഷണമാണെന്ന് അവരാരും അറിയാനും പാടില്ലാ. അതിനെന്താണൊരു മാർഗ്ഗം?'

‘അതിന്റെ പരിസരത്തെപ്പോഴും കാക്കകളെ കല്ലെറിഞ്ഞോടിക്കുന്നൊരു കൊച്ചുപയ്യനെ കാണാം. അവനാള് ചെറുതാണെങ്കിലും ചോദിക്കുന്നതിനൊക്കെ ഏതാണ്ട് വ്യക്തമായിട്ട് തന്നെ മറുപടി പറയാറുണ്ട്. അവനെ ശരിക്കിട്ടൊന്നു കിഴുക്കിച്ചോദിച്ചാൽ അകത്തെ കാര്യങ്ങളെല്ലാം കൃത്യമായി അറിയാം.'

‘അതുകൊള്ളാമല്ലോടോ പിള്ളേ... ആദ്യം ആ പയ്യനിൽ നിന്നുതന്നെ തുടങ്ങാം. നമുക്കവനെ തഞ്ചത്തിലൊന്ന് വിളിപ്പിക്കാം'

അങ്ങനെ പലരെയും അങ്ങോട്ടു ചെന്നുകണ്ട് ചോദിച്ചറിഞ്ഞതും വിളിപ്പിച്ചുവരുത്തി തിരക്കിയതുമൊക്കെ ചേർത്തു കുറച്ചുമാസങ്ങൾകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ട് കോൺസ്റ്റബിൾ സോമരാജൻ പിള്ള വായിക്കാൻ തുടങ്ങി.

‘1124 തുലാം മാസം നാലാം തിയ്യതി.

ജില്ലാ പോലീസ് സൂപ്രണ്ട് അദ്ദേഹം മുമ്പാകെ ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഇൻസ്‌പെക്ടറായ മാനുവേൽ സത്യനേശൻ നാടാർ ബോധിപ്പിക്കുന്ന റിപ്പോർട്ട്.
ആലപ്പുഴയിൽ പുതിയതായി സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ എന്ന സ്ഥാപനത്തെ സംബന്ധിച്ചും അവിടെ നടക്കുന്ന സിനിമാപിടുത്തത്തെപ്പറ്റിയും അതിൽ സഹകരിക്കുന്ന ആളുകളെ സംബന്ധിച്ചും പല സംശയങ്ങളും ഉയർന്നുവരുന്നുണ്ട്. ആയതിനെക്കുറിച്ച് സ്റ്റുഡിയോയുടെ സമീപത്തെ താമസക്കാർ, സിനിമായിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ, നിലവിൽ അവിടെ ജോലി തുടരുന്ന ചില തൊഴിലാളികൾ എന്നിവരെ രഹസ്യമായി ചോദ്യം ചെയ്യുകയുണ്ടായി. അത്തരത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനിടെ ബോധ്യപ്പെട്ട പ്രധാന വിവരങ്ങളാണ് കീഴെ കൊടുത്തിരിക്കുന്നത്.

1. ആലപ്പുഴ പട്ടണത്തിൽ നിന്നേതാണ്ട് മൂന്നുമൈൽ അപ്പുറമായി പാതിരാപ്പള്ളിയിലെ ഒരു പുരയിടത്തിലാണ് ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്.
2. ടി സ്റ്റുഡിയോയുടെ പ്രധാന പ്രവർത്തന പങ്കാളികളായ...'

‘നിർത്ത് പിള്ളേ... നിർത്ത്... '

വായനയ്ക്കിടെ എന്ത് അബദ്ധമാണ് തനിക്കു പിണഞ്ഞതെന്നു തിരിച്ചറിയാനാകാത്ത പരിഭ്രമത്തോടെ പിള്ള മേലുദ്യോഗസ്ഥന്റെ നേർക്ക് ഭയബഹുമാനങ്ങളോക്കെ ഉറ്റുനോക്കി.

‘മലയാളത്തിൽ സിനിമാ പിടിക്കാനായി തിരുവിതാംകൂറിലൊരു സ്റ്റുഡിയോ... എന്തൊക്കെ പറഞ്ഞാലും അത് നമുക്കൊക്കെയൊരു അന്തസ്സാണ്, അല്ലേടോ?'

‘എനിക്കിതിലൊന്നും വലിയ കമ്പമില്ലേമാനേ...'

‘എന്നാൽ കേട്ടോ... അതൊരു നല്ല കാര്യം തന്നെയാണ്. അതിന്റെ കടയ്ക്കല് നമ്മളായിട്ട് വെട്ടണോ? അതാണിപ്പോൾ എന്റെയൊരു സംശയം'

‘അപ്പോൾ ഈ എഴുതിക്കൂട്ടിയ വിവരങ്ങളൊക്കെ...'

‘ലോകയുദ്ധമൊക്കെ തീർന്നിട്ട് കൊല്ലം മൂന്നായില്ലേടോ? ജപ്പാനും ജർമ്മനിയുമൊക്കെ തോറ്റമ്പിയില്ലേ? ബ്രിട്ടീഷുകാരാണെങ്കിൽ ഇവിടം വിട്ടുപോകുകയും ചെയ്തു. ഇനിയതിനൊക്കെ എന്ത് പ്രസക്തിയാണുള്ളത്?'

‘കഷ്ടപ്പെട്ടുണ്ടാക്കിയ ഈ റിപ്പോർട്ട് പിന്നെയെന്തു ചെയ്യാനാണ് ഏമാനേ?'

‘അതിന്റെ കാര്യം ഞാനൊന്നൂടെ ആലോചിക്കട്ടെ. എന്നിട്ടേ മേലാവിലേക്ക് വിടുന്നുള്ളൂ. താനൊരു കാര്യം ചെയ്യ്. കലാപകാലത്ത് ചെറിയ ശിക്ഷ കിട്ടി ജയിലിൽ പോയ ചിലരൊക്കെ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. അകത്തു കിടക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളിൽനിന്ന് വേണ്ട വിവരങ്ങളൊക്കെ പുറത്തേക്ക് എത്തിക്കുന്നതും ഒളിവിലുള്ളവരെ ചെന്നു കാണുന്നതുമൊക്കെ അവന്മാരാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. താനും കൂട്ടരും അതിനെക്കുറിച്ച് നന്നായിട്ടൊന്ന് തിരക്കണം. ഈ സ്റ്റേഷന്റെ കീഴില് ഈയടുത്ത് ജയിലീന്ന് ഇറങ്ങിയ സകലവന്മാരെക്കുറിച്ചുള്ള വിവരവും എനിക്ക് ഉടനെത്തന്നെ കിട്ടണം'

വായിച്ചു തുടങ്ങിയ കടലാസ് മേലുദ്യോഗസ്ഥന്റെ മേശപ്പുറത്തു തന്നെ തിരികെവെച്ചശേഷം പുതിയ ഉത്തരവും പേറി സോമരാജൻപിള്ള എഴുന്നേറ്റു. സ്റ്റേഷന്റെ പുറത്തേക്കിറങ്ങി നടക്കാനൊരുങ്ങിയ പിള്ളയെ തിരികെ വിളിപ്പിച്ചശേഷം ഇൻസ്‌പെക്ടർ ചോദിച്ചു.

‘എടോ... അവിടെ പിടിക്കുന്ന സിനിമയില്ലേ... വെള്ളിനക്ഷത്രം.. അതിന്റെ കഥയെന്താണെന്ന് തനിക്കറിയാമോ?'

‘ഇല്ലേമാനേ...'

‘എന്നാലെനിക്കറിയാം'

‘അതെങ്ങനെ?'

‘ആ കാക്കയെ വിരട്ടുന്ന പയ്യനില്ലേ? അവനെ പിടിച്ചൊന്ന് കുടയുന്ന കൂട്ടത്തിൽ ഇതിന്റെ കഥയൊക്കെ സൂത്രത്തിൽ ചോദിച്ചു മനസ്സിലാക്കി. ശാന്തയെന്നൊരു പെൺകുട്ടി... അച്ഛൻ ജയിലിൽ പോയതോടെ ആരും നോക്കാനില്ലാത്ത അവളെ സ്വന്തം മകളെപ്പോലെ വളർത്തിയത് അടുത്തൂൺ പറ്റിയൊരു ജഡ്ജിയാണ് . ഈ ജഡ്ജിയദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളൊരു മില്ലിലെ ഗുമസ്തനായ മോഹനനുമായി നമ്മുടെ ശാന്ത പ്രണയത്തിലാകുന്നു. എന്നാൽ ആ മില്ലിന്റെ മാനേജർക്ക് തന്റെ മുടിയനായ പുത്രനെക്കൊണ്ട് ശാന്തയെ വിവാഹം കഴിപ്പിച്ച് സ്വത്ത് തട്ടിയെടുക്കാനാണ് ആശ. അതിനായി ആയാളെന്തൊക്കെയോ കുനിഷ്ഠും കുന്നായ്മയുമൊക്കെ ജഡ്ജിയദ്ദേഹത്തിന്റെയടുത്തു ചെന്നുപറഞ്ഞ് മോഹനന്റെ ജോലി കളയിക്കുന്നു. പക്ഷെ നമ്മുടെ ശാന്തയുണ്ടല്ലോ... അവളാണ് പെൺകുട്ടി. ആ ബന്ധത്തീന്ന് പിന്മാറാതെ അവളൊരു പാറപോലെ ഉറച്ചുനിൽക്കുന്നു. അതോടെ മോഹനനും കാര്യങ്ങൾക്കൊക്കെ ഒരുശിരുകിട്ടി. മില്ലിലെ തൊഴിലാളികള് സംഘം ചേർന്നു സമരം ചെയ്തപ്പോൾ നിവൃത്തിയില്ലാതെ മോഹനനെ തിരികെയെടുക്കേണ്ടി വന്നു. അയാളെ കൊല്ലാനുള്ള ശ്രമം പാഴായിപ്പോയതോടെ മാനേജർക്ക് കാര്യങ്ങളാകെ കൈവിട്ടുപോയി. ശാന്തയുടെയും സ്വത്തിന്റെയും പുറകെനിന്ന് മാനേജരും മകനുമൊക്കെ പിൻവാങ്ങുന്നതോടെ മോഹനന്റെ പ്രണയം പൂവണിയുന്നു. ഇതാണതിന്റെ കഥ. എങ്ങനെയുണ്ട്?'

‘എനിക്ക് ഈ വക കഥകളൊന്നും പോരെന്നേയ്. രാജാപാർട്ടുള്ള ബാലെയും നാടകവുമൊക്കെ ഉണ്ടെങ്കിലേ കാണാനൊരു ഉഷാറുള്ളൂ. നടീനടന്മാരൊക്കെ നമ്മടെ മുന്നീത്തന്നെ ഉടലോടെ ചാടിമറിഞ്ഞഭിനയിക്കണത് കാണണം. അല്ലാതെ ഈ തുണികെട്ടിയതിന്റെ മേലെ ആളുടെ രൂപം പതിയണതില് വല്ല കാര്യവുമുണ്ടോ?'

‘അതൊക്കെ മാറാൻ പോവുകയാണെടോ. താൻ കുറിച്ചിട്ടോ... ഇനിയങ്ങോട്ട് സിനിമായുടെ കാലമായിരിക്കും.'

‘മൂന്നും മുറിയുമായി കിടന്നിരുന്ന ഈ രാജ്യങ്ങളൊക്കെ ചേർന്ന് മലയാളനാടാകാൻ പോകുകയാണെന്നു പറഞ്ഞാല് അഞ്ചാറു കൊല്ലം മുന്നെ ആരെങ്കിലും വിശ്വസിച്ചിരുന്നോ... ഇപ്പോഴത് സംഭവിക്കാൻ പോകുകയല്ലേ... ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു.'

‘ഞാൻ ഒരു സിനിമയില് അഭിനയിച്ചാലെങ്ങനെയിരിക്കും പിള്ളേ?'

‘ഏമാൻ എന്നെ കളിയാക്കുവാണോ?'

‘അല്ലെടോ... കാര്യായിട്ട് തന്നെ...'

‘നായകനായി രംഗത്ത് മാനുവേൽ സത്യനേശൻ നാടാർ... ആഹാ! അത് നന്നാകും'

‘ഓ...! അത്ര വലിപ്പമൊന്നും വേണ്ടെടോ. പേരായാലും അഭിനയമായാലും അതങ്ങനെ ചുരുക്കത്തിൽ ആളുകളുടെ ഉള്ളില് നല്ലപോലെ പതിയണം. അത്രയേ വേണ്ടൂ'

തലകുലുക്കി സമ്മതം മൂളി മേലുദ്യോഗസ്ഥനെ അഭിവാദനം ചെയ്തുകൊണ്ട് കോൺസ്റ്റബിൾ സ്റ്റേഷന്റെ പടിയിറങ്ങിപ്പോയി. സല്യൂട്ട് മടക്കിയ ഇൻസ്പെക്ടർ കസേരയിൽ നിന്നെണീറ്റൊന്ന് മൂരി നിവർന്നു. ചുവർ ഘടികാരത്തിലേക്കു നോക്കിയശേഷം അന്നത്തെ ഡ്യൂട്ടി അവസാനിപ്പിക്കാമെന്നു നിശ്ചയിച്ച് കാക്കിക്കുപ്പായം പതിയെ അഴിച്ചുമാറ്റി. മുറിക്കയ്യൻ ബനിയന് മീതെയായി വയറിന്മേലുഴിഞ്ഞുകൊണ്ട് സ്റ്റേഷന്റെ നടുത്തളത്തിൽ ഉലാത്തുന്നതിനിടെ കീഴുദ്യോഗസ്ഥർ ക്ഷൗരം ചെയ്യാനായി ചുമരിലൊട്ടിച്ച ചെറിയൊരു മുഖക്കണ്ണാടിയിലേക്ക് അയാളൊന്നു പാളിനോക്കി. തോളൽപം ചെരിച്ച് ഒരുകൈ എളിയിൽക്കുത്തി നിന്നശേഷം മറുകൈ വെറുതെ മുന്നിലേക്കൊന്നാഞ്ഞുകൊണ്ട് നടനായി സ്വയം സങ്കൽപ്പിച്ചു നോക്കുന്നേരം സത്യനേശൻ നാടാരുടെ മുഖത്ത് പൂനിലാവുപോലെയൊരു പുഞ്ചിരി തെളിഞ്ഞു.

വാൽനക്ഷത്രം

ആദ്യത്തെ കഥ കേട്ടുതീർന്നതും തന്റെ തലക്കുമുകളിലായി മിന്നിനിന്നൊരു നക്ഷത്രത്തെ പൊൻകുഞ്ഞ് കൊത്തിവിഴുങ്ങി. കഥ കേട്ടതിന്റെ നിറവിലാണോ അതോ കാലിവയറിൽ കാറ്റുകയറാൻ തുടങ്ങിയതുകൊണ്ടാണോ എന്നൊന്നും തീർച്ചയില്ലെങ്കിലും ആ കുരുന്നുവയറ്റിലെ വിശപ്പിനൊരല്പം ശമനമുണ്ടായി. കുഞ്ഞിന്റെ കൊക്കിൻതുമ്പത്തെ മറ്റൊരു തിളക്കത്തിലേക്കു കണ്ണുനട്ടുകൊണ്ട് തള്ളകാക്ക കഥപറച്ചിൽ തുടർന്നു.

പെട്ടെന്ന് വെട്ടമണഞ്ഞു. അതോടെ കാണികളുടെ മുഴുവൻ ശ്രദ്ധയും തിരശ്ശീലയിലേക്കായി. അവിടെയതാ ഒരു ഫാക്ടറിയുടെ കവാടം. അതു തുറന്നതും ആണും പെണ്ണുമായി വലിയൊരുകൂട്ടം തൊഴിലാളികൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങിവരികയാണ്. ചിലർ ആ തിരക്കിനിടയിലൂടെ കൈകോർത്തു നടക്കുന്നു, മറ്റുചിലർ സൈക്കിൾ ഉരുട്ടിക്കൊണ്ടുപോകുന്നു. അക്കൂട്ടത്തിൽപ്പെട്ടൊരു പട്ടി നട്ടംതിരിയുന്നത് കണ്ട കാഴ്ചക്കാർ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി... ലൂമിയേ സഹോദരങ്ങൾ ഒരുക്കിയ ചലച്ചിത്രദൃശ്യങ്ങളുടെ ആദ്യത്തെ പൊതുപ്രദർശനമായിരുന്നു അത്. കൊയമ്പത്തൂരുകാരൻ സ്വാമിക്കണ്ണ് വിൻസെന്റും തൃശ്ശൂരുകാരനായ കാട്ടൂക്കാരൻ വാറുണ്ണിയുമൊക്കെച്ചേർന്ന് പാരീസിലെ ജനങ്ങൾ ആർപ്പുവിളികളോടെ ആസ്വദിച്ച ആ അത്ഭുതത്തെ പത്തുകൊല്ലത്തിനിപ്പുറം മലയാളക്കരയിലുമെത്തിച്ചു. സൂര്യാസ്തമയവും പൂവിരിയുന്നതും പന്തയക്കുതിരകളോടുന്നതും ബോട്ടുസവാരിയുമെല്ലാം കൗതുകത്തോടെ കണ്ട് ആളുകൾ മതിമറന്നുനിന്നു. പോകപ്പോകെ ആ കാഴ്ചകൾ മടുപ്പായിത്തുടങ്ങിയപ്പോൾ ചലിക്കുന്ന വെറും ദൃശ്യങ്ങൾക്കു പകരം അവർക്കായി തിരശ്ശീലയിൽ കഥകൾ പിറന്നു. വിഗതകുമാരനും മാർത്താണ്ഡവർമ്മയും ബാലനും ജ്ഞാനാംബികയുമൊക്കെ അവർക്കു മുന്നിലെത്തി. പതിയെപ്പതിയെ സിനിമയുടെ ഹരം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും പടർന്നുപിടിച്ചു. അങ്ങനെയാണ് ഇന്നാട്ടിലാദ്യമായൊരു സ്റ്റുഡിയോ വരുന്നതും സിനിമാ പിടുത്തം നടക്കുന്നതുമെല്ലാം...

പത്തുമുപ്പതേക്കറോളമങ്ങനെ കാടുപിടിച്ചുകിടന്നൊരു പറമ്പായിരുന്നു അത്. തൊട്ടടുത്തെങ്ങും ആളും പെരുമാറ്റവുമൊന്നുമില്ലതാനും. അതുകൊണ്ടുതന്നെയാണ് അവിടെയുള്ളൊരു പുന്നമരത്തിന്റെ കൊമ്പിൽ കൂടുവെയ്ക്കാൻ കാക്ക തീരുമാനിച്ചത്. കുറച്ചകലെമാറിയുള്ളൊരു റാട്ടുപുരയിൽനിന്ന് ചകിരിനാരുകൾ കൊത്തിയെടുത്തുകൊണ്ടുവന്നാണ് കൂടിന്റെ പണിതുടങ്ങിവെച്ചത്. എന്നാൽ കാക്ക കൂടൊരുക്കിത്തുടങ്ങിയതിന്റെ ആറാം പക്കം ആ പുരയിടത്തിൽ ആളുകൾ നിരന്നു. പൊന്തപിടിച്ചുകിടന്ന ചെടികകളും പുല്ലുമൊക്കെ അവർ ചെത്തിയരിഞ്ഞു വെളുപ്പിച്ചു. ചുറ്റുവട്ടത്തുള്ള കുറെ മരങ്ങൾ വെട്ടിമാറ്റിയതോടെ അവിടെയാകെ വെയിൽവെട്ടം പരന്നു. കുണ്ടും കുഴിയുമായി കിടന്നിടമൊക്കെ മണ്ണുകിളച്ചു നിരപ്പാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടെ ഓലമേഞ്ഞ നാലഞ്ചു കൂരകളുയർന്നു. പുറമെ നിന്നാരും അങ്ങോട്ടു കടക്കാതിരിക്കാൻ നാലുവശത്തും മുള്ളുവേലികെട്ടിത്തിരിച്ചു. രണ്ടാം ലോകമഹായുദ്ധം തീർന്ന് ബ്രിട്ടിഷുകാർ കൊച്ചിയിലെ വെല്ലിംഗ്ടൺ ദ്വീപിലെ താവളം ഒഴിഞ്ഞുപോയതോടെ അവിടെ അവശേഷിച്ച കൂടാരങ്ങളും സാമഗ്രികളുമൊക്കെയായി കുറെയെന്തൊക്കെയോ കുഞ്ചാക്കോ ലേലത്തിൽ പിടിച്ചിരുന്നു. സ്റ്റുഡിയോയുടെ മുക്കാലേമുണ്ടാണിയും പണി തീർത്തത് അതുപയോഗിച്ചാണ്. കുഞ്ചാക്കോ മുതലാളി പുതിയതായി എന്തോ കമ്പനി ആരംഭിക്കുകയാണെന്നാണ് അന്നാട്ടുകാരൊക്കെ കരുതിയിരുന്നത്. അവരെയൊക്കെ നിരാശരാക്കിക്കൊണ്ട് ആർക്കും വലിയപിടുത്തമൊന്നും കിട്ടാത്തൊരു ബോർഡ് അവിടെ ഉയർന്നു. ഉദയാ സ്റ്റുഡിയോസ്...

കൂടുകെട്ടാനായുള്ള സാമഗ്രികളോരോന്നും കൊത്തിയെടുത്തുവരാനായി ഇനിയേറെദൂരം പറന്നുചെല്ലേണ്ട കാര്യമില്ലല്ലോയെന്ന ആശ്വാസത്തിലായിരുന്നു കാക്ക. സ്റ്റുഡിയോയുടെയും ചുറ്റുവട്ടത്തായുള്ള ഓലപ്പുരകളുടെയും പണി നടക്കുന്നിടത്തുനിന്ന് കൊക്കിലൊതുങ്ങുന്നതും കൂടിനുവേണ്ടതുമൊക്കെ പുന്നമരത്തിന്റെ കൊമ്പിൽ എളുപ്പമെത്തി. ഒരു രാത്രിയിൽ ആ മരക്കൊമ്പത്തു വിശ്രമിക്കുന്നേരം എന്തോ ഒച്ചകേട്ട് കാക്ക നോക്കിയപ്പോഴതാ തൊട്ടു കീഴെ സംവിധായകനായ സായിപ്പ് മരത്തിൽ ചാരിയിരുന്ന് റേഡിയോ കേൾക്കുകയാണ്. പാട്ടുകളല്ല, പലപല ദേശങ്ങളിലെ വാർത്തകൾ പരതുന്നതിനിടെയാണ് റേഡിയോയിൽ നിന്ന് ചെകിടുമൂളുന്ന കിരുകിരുപ്പൻ ശബ്ദങ്ങളുണ്ടാകുന്നതെന്ന് കാക്ക തിരിച്ചറിഞ്ഞു. പിന്നെപ്പിന്നെ അതൊരു സ്ഥിരം ഏർപ്പാടായിമാറി. പകൽ നേരത്ത് കൂടൊരുക്കുന്നതിന്റെ തിരക്കിലാകും കാക്ക. സായിപ്പ് അതേ സമയം സ്റ്റുഡിയോ സജ്ജീകരണത്തിന്റെ ജോലികളിലാകും. രാത്രിയിൽ ചുറ്റുമുള്ളവരൊക്കെ ഉറങ്ങിയെന്നുറപ്പായാൽ അയാൾ തന്റെ റേഡിയോയുമെടുത്ത് ആ പുന്നമരച്ചോട്ടിൽ വന്നിരിക്കും. അതിൽ നിന്നു കേൾക്കുന്ന ചില വാർത്തകൾക്കനുസ്സരിച്ച് സായിപ്പിന്റെ മുഖത്ത് ദേഷ്യവും സങ്കടവും നിരാശയുമെല്ലാം മാറിമറിയും. കുറച്ചുനേരം കഴിഞ്ഞാൽ റേഡിയോ കേൾക്കുന്നതു നിർത്തി അയാളൊരു ചുരുട്ടെടുത്ത് കത്തിക്കും. അതിന്റെ പുകച്ചുരുളുകൾ ഇരുട്ടിലലിഞ്ഞുതീരുന്നതും നോക്കി കാക്കയങ്ങനെ കൗതുകത്തോടെയിരിക്കും. വലിച്ചു തീരാറായ ചുരുട്ടിന്റെ കുറ്റി ചവിട്ടിക്കെടുത്തിയശേഷം കയ്യും കലാശവും കാണിച്ചെന്തൊക്കെയോ പുലമ്പിക്കൊണ്ട് തിരിച്ചുപോകുന്ന സായിപ്പ് കാക്കയെ സംബന്ധിച്ചിടത്തോളം ഒരു പതിവുകാഴ്ചയായിമാറി.

പടർപ്പും പച്ചപ്പും തണലും കുളിർമ്മയുമെല്ലാം പോയി ആ പുരയിടത്തിൽ ആളും ബഹളവുമായിട്ടും താൻ കൂടൊരുക്കിത്തുടങ്ങിയ പുന്നമരം അവരാരും വെട്ടിക്കളഞ്ഞില്ലല്ലോ എന്ന സമാധാനത്തിലാണ് കാക്ക അവിടെത്തന്നെ മുട്ടയിട്ടത്. എന്നാൽ അതാകെ അബദ്ധമായെന്നോർത്ത് അടയിരിക്കുന്ന ആ പക്ഷി സ്വയം പഴിച്ചു. കൂടിരിക്കുന്ന മരത്തിനു കീഴെ വന്നിരുന്ന് പുകയിലപ്പുകയൂതുന്ന സായിപ്പാകും തന്റെ സ്വെെര്യം കെടുത്താൻ പോകുന്നതെന്നകാര്യത്തിൽ ഒരൂഹം പോലും കാക്കയ്ക്കുണ്ടായിരുന്നില്ല. സ്റ്റുഡിയോ നിർമ്മാണത്തിന്റെ കാലത്ത് ഏവരുടെയും മുമ്പാകെ പൊതുവെ ശാന്തനായി കാണപ്പെട്ട സായിപ്പ് ഷൂട്ടിംഗും റെക്കോർഡിംഗുമൊക്കെ തുടങ്ങിയതോടെ ആളാകെ മാറി. താൻ പറയുന്ന ഭാഷ മനസ്സിലാക്കാതെ മുന്നിൽ കിടന്നു നട്ടംതിരിയുന്ന അഭിനേതാക്കളെയും ഛായാഗ്രഹണസഹായികളെയും, തന്റെ നിർദ്ദേശങ്ങളെയൊക്കെ വെട്ടിത്തിരുത്തുന്ന നടൻ വിൻസന്റിനെയും അതിന് കൂട്ടുനിൽക്കുന്ന സ്റ്റുഡിയോ മാനേജർ റാം പിള്ളയേയുമൊക്കെ സായിപ്പ് കണ്ണുപൊട്ടുന്ന തെറിവിളിച്ചു. അതിനിടയിലാണ് ശബ്ദലേഖനത്തെ ശല്ല്യപ്പെടുത്തുന്ന വിധം പക്ഷികളുടെ ശബ്ദവും വഴിയരികിലൂടെ വല്ലപ്പോഴും പോകുമായിരുന്ന വാഹനങ്ങളുമൊക്കെ വലിയൊരു പ്രശ്‌നമായി മാറിയത്. അത്ര വലിയ അടച്ചുറപ്പൊന്നുമില്ലാത്ത ഓലമേഞ്ഞ റെക്കോർഡിംഗ് സ്റ്റുഡിയോയിലിരിക്കുന്ന സായിപ്പ് ആ ഒച്ചകൾ കേട്ടു പൊട്ടിത്തെറിച്ചു. വലംകാലിലെ ഷൂസുകൊണ്ട് തറയിലാഞ്ഞു ചവിട്ടിയശേഷം ചുറ്റിലുമുള്ളവരോട് അയാൾ കയർത്തു. ഒരുദിവസം ആ ബഹളം കേട്ടു വന്ന സാക്ഷാൽ കുഞ്ചാക്കോ തന്നെ അതിനൊരു പരിഹാരവുമുണ്ടാക്കി. കൈയ്യിൽ കല്ലും വടിയുമൊക്കെയേന്തിയ നാലഞ്ചുപയ്യന്മാരും അവരെ നിയന്ത്രിക്കാൻ മുതിർന്നയൊരാളും പിറ്റേന്ന് സ്റ്റുഡിയോയിലെത്തി. ആ പറമ്പിന്റെ ചുറ്റുവട്ടത്തുള്ള കുടിയാന്മാരായിരുന്നു അവരിൽ പലരും. ലോകമഹായുദ്ധം കഴിഞ്ഞശേഷം ഉരിയരികിട്ടാൻ പ്രയാസപ്പെട്ട് പട്ടിണികിടന്നിരുന്ന അവർക്ക് കൈയ്യിൽ തടഞ്ഞ ചില്ലിക്കാശുകൾ തന്നെ ധാരാളമായിത്തോന്നി. കുഞ്ചാക്കോ മുതലാളിയുടെ നിർദ്ദേശമനുസ്സരിച്ച് അവർ മരങ്ങളുടെ മുകളിൽക്കയറി പതിയിരുന്ന് ആ പ്രദേശത്തുള്ള പക്ഷികളെയൊന്നാകെ ആട്ടിപ്പായിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഏറ്റവും ചെറിയൊരു പയ്യനെ സ്റ്റുഡിയോയുടെ പുറത്ത് വഴിയരികിലായി നിർത്തി. വാഹനങ്ങളേതെങ്കിലും അകലെനിന്നു വരുന്നതുകണ്ടാൽ അകത്തേക്കോടിവന്ന് അറിയിപ്പുകൊടുക്കേണ്ട ഉത്തരവാദിത്വം അവനായിരുന്നു. ഏറ് ഭയന്ന് കൂട്ടാളികളൊക്കെ കരഞ്ഞുപാഞ്ഞ് പറന്നുപോയതോടെ പുന്നമരത്തിന്മേൽ കൂടുകെട്ടിയ കാക്ക ഗതിമുട്ടി വലഞ്ഞു. മുട്ടയിടുന്നതിനു മുന്നെയായിരുന്നെങ്കിൽ വിഷമത്തോടെയാണെങ്കിലും അവിടമുപേക്ഷിക്കാമായിരുന്നു. മറ്റെവിടെയെങ്കിലും ചെന്ന് കൊക്കിനുകിട്ടിയ കമ്പും നാരുമൊക്കെ കൂട്ടിച്ചേർത്ത് തിടുക്കത്തിൽ പാർപ്പൊരുക്കാമായിരുന്നു. എന്നാൽ തന്റെ മുട്ടകൾ ഇളംചൂടേറ്റു വിരിയാൻ കാത്തുകിടക്കുമ്പോൾ ഏതു തള്ളപക്ഷിയ്ക്കാണ് കൂടൊഴിഞ്ഞു പോകാനാവുക?

പക്ഷികളൊഴിഞ്ഞ ആ പറമ്പിൽ അടയിരിക്കുന്ന കാക്ക മാത്രം ബാക്കിയായി. തങ്ങളെത്രയോടിച്ചിട്ടും അത് അവിടംവിട്ടു പോകുന്നില്ലെന്നു വന്നതോടെ കിളിയെ കല്ലെറിയാനും വണ്ടി വരുന്നേരം വിളിച്ചുപറയാനുമൊക്കെ നിന്നവരുടെ കൂട്ടത്തിലൊരുവൻ പുന്നമരത്തിൽ കയറി കൂട് തട്ടിമറിച്ചിട്ടു. മണ്ണിൽ പരന്നൊഴുകിയ മഞ്ഞക്കരു കണ്ട് കലികയറിയ കാക്ക മരക്കൊമ്പിലുള്ളവനെ ലാക്കാക്കി കൂർത്തൊരു ശരം പോലെ പറന്നുവരുന്നേരമാണ് ഒരു കല്ലു പാഞ്ഞുവന്നതിന്റെ തലയിലാഞ്ഞുപതിച്ചത്. ഇടംകണ്ണുപൊട്ടി ചോരയൊഴുകിയതോടെ കാക്ക ഉച്ചത്തിൽ കരഞ്ഞുകൊണ്ട് എങ്ങോട്ടോ ചിറകടിച്ചുമറഞ്ഞു. അതുവരെ ഒരു കിളിയെപ്പോലും എറിയാതെ സ്റ്റുഡിയോയുടെ മുന്നിൽ വാഹനങ്ങൾ വരുന്നുണ്ടോ എന്നു നോക്കാൻ നിർത്തിയിരുന്ന ചെറുപയ്യനാണ് കാക്കയുടെ കണ്ണെറിഞ്ഞുപൊട്ടിച്ച് ഓടിച്ചതെന്നറിഞ്ഞപ്പോൾ കൂടെയുള്ളവരെല്ലാം തെല്ലൊന്നമ്പരന്നു. വാക്കുകൊണ്ടും നോക്കുകൊണ്ടും എല്ലാവരും അവനെയഭിനന്ദിച്ചെങ്കിലും ആ സിനിമയിൽ പാടിയഭിനയിക്കാൻ വന്ന ത്രേസ്യാമ്മയെന്ന പെൺകുട്ടിമാത്രം മുഖം ചുളിച്ചുകൊണ്ട് തന്റെ എതിർപ്പുപറഞ്ഞു.

‘വലിയ മിടുക്കനായെന്നങ്ങ് കരുതണ്ടാ. കേട്ടോടാ കൊച്ചനേ...'

‘എന്റെ കൂട്ടക്കാരനെ അത് കൊത്താൻ വന്നപ്പൊ അറിയാണ്ടെറിഞ്ഞതാണ്'

‘തള്ളപ്പക്ഷീടെ പള്ളച്ചൂടുപറ്റിക്കിടന്ന് ഉയിരുകിട്ടേണ്ട മൊട്ടകള് ഒടച്ചു മണ്ണുപറ്റിച്ചാ പിന്നെയത് എന്തോ ചെയ്യും?'

ആ ചോദ്യത്തിന് മറുപടിയില്ലാതെ അവൻ ആ പതിനേഴുകാരിപ്പെൺകുട്ടിയുടെ മുന്നിൽ ചൂളിനിന്നു.

‘തമ്പുരാൻ കർത്താവ് പൊറുക്കാത്ത പണിയല്ലേ നിങ്ങള് കാണിച്ചത്?'

‘കാക്കയെ എറിഞ്ഞിട്ടില്ലേൽ വൈകീട്ട് ചില്ലിക്കാശ് കിട്ടത്തില്ല. ഞാനും അമ്മേം അനിയത്തിപ്പെണ്ണുമൊക്കെ പട്ടിണിയായിപ്പോവും. അത് പോട്ടെ, നിങ്ങടെ പാട്ടെടുക്കുന്നേരത്ത് ആ കാക്ക കരഞ്ഞുവിളിച്ചാലെന്ത് പറ്റും?'

ആരാണവിടെ തെറ്റുചെയ്തതെന്നോർക്കുന്തോറും ത്രേസ്യാമ്മ വല്ലാതെ കുഴങ്ങി. കൂടുതൽ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ അവൾ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ അടുത്തുചെന്നിരുന്നശേഷം പിറ്റേന്നു പാടാനുള്ള പാട്ട് ഒരുതവണകൂടി മൂളിനോക്കി. അപ്പോൾ സ്റ്റുഡിയോയുടെ പുറത്ത് ഒരു വാഹനം വന്നുനിന്നതോ, തള്ളക്കാക്കയെ എറിഞ്ഞ പയ്യനെ നാടാർ ഇൻസ്പെക്ടർ കൂട്ടിക്കൊണ്ട് പോയതോ, ആ നാടാരുടെ നായികയായി അഭിനയിച്ചതിന് തനിക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് വെള്ളിപ്പതക്കം കിട്ടുമെന്നോ, അപ്പോഴേക്കും ത്രേ്യസ്യാമ്മയെന്ന താൻ മിസ്.കുമാരിയാകുമെന്നോ, സത്യനേശൻ നാടാരുടെ പേരുചുരുങ്ങി സത്യനായി മാറുമെന്നോ, തങ്ങളൊരുമിച്ചഭിനയിക്കുന്ന സിനിമയുടെ പേര് സ്വന്തമായി കൂടൊരുക്കാതെ കാക്കക്കൂട്ടിൽ മുട്ടയിട്ട് കടന്നുകളയുന്ന നീലക്കുയിലിന്റേതായിരിക്കുമെന്നോ ഒന്നുംതന്നെ അന്നേരം ആ പെൺകുട്ടിക്കറിയില്ലായിരുന്നു.

കൂട് തട്ടിമറിച്ചശേഷം കുറച്ചു ദിവസത്തേക്ക് കാക്കകളുടെ ബഹളമൊന്നുമില്ലാഞ്ഞതിനാൽ ഏറുകാരുടെ കൂട്ടം ഷൂട്ടിംഗ് നടക്കുന്നിടത്തേക്ക് ചെന്നെത്തിനോക്കി. പാട്ടും നൃത്തവും പരിശീലിക്കുന്നതു കണ്ട് അവർ തലയിളക്കി താളം പിടിച്ചു. സായിപ്പിന്റെ മുറിമലയാളവും ചേഷ്ടകളും കണ്ട് ഒച്ചയടക്കിച്ചിരിച്ചു. സിനിമാനടിമാരുടെ ആകാരവടിവിലേക്ക് ഏറെനേരം കണ്ണുനട്ടിരുന്നു. നടന്മാരുടെ സംഭാഷണങ്ങൾ ഏറ്റുപിടിച്ചുപറഞ്ഞു. പണിയൊന്നുമില്ലാതെ അവരവിടെയങ്ങനെ ചുറ്റിത്തിരിയുന്നത് കണ്ണിൽപെട്ടപ്പോൾ കുഞ്ചാക്കോ മുതലാളിക്കത്ര രസിച്ചില്ല. കാശ് ചിലവാക്കുന്നകാര്യത്തിൽ കണിശക്കാരനായിരുന്നു അയാൾ. അതുകൊണ്ടുതന്നെ കാക്കക്കൂട് തകർത്ത സംഭവത്തിന് ശേഷം ആ പറമ്പിൽ കിളികളുടെ വലിയ ശല്ല്യമുണ്ടായിരുന്നത് ഒഴിഞ്ഞതിനാൽ, അതിനുവേണ്ടി നിർത്തിയിരുന്ന പണിക്കാരെയെല്ലാം പറഞ്ഞുവിടാൻ മാനേജർ റാം പിള്ളയോട് കുഞ്ചാക്കോ ആവശ്യപ്പെട്ടു. എന്നാൽ സംവിധായകനായ സായിപ്പിനോടൊരു വാക്ക് ചോദിക്കാതെ അവരെ പറഞ്ഞുവിട്ടാൽ അയാളെങ്ങാനും ചാടിക്കടിക്കാൻ വന്നാലോയെന്നു കരുതി പിള്ള തഞ്ചത്തിൽ വിൻസന്റിന്റെയടുത്തെത്തി വിവരം സൂചിപ്പിച്ചു. ഒഴിവുനോക്കി വിൻസന്റ് അക്കാര്യം പറഞ്ഞപ്പോൾ സായിപ്പിനും വലിയ എതിർപ്പില്ലായിരുന്നു. ഒറ്റക്കാര്യമേ അയാൾ വിൻസന്റിനോട് ആവശ്യപ്പെട്ടുള്ളൂ.

‘ബാക്കിയുള്ളവരെല്ലാം വേണമെങ്കിൽ പൊയ്ക്കൊള്ളട്ടെ. പക്ഷെ, കാക്കയെ എറിഞ്ഞോടിച്ച ചെറിയ പയ്യൻ മാത്രമിവിടെ ഉണ്ടാകണം'

‘അതെന്തിനാണ് മിസ്റ്റർ ഫെലിക്‌സ്? അന്ന് ഏറുകിട്ടിയ ശേഷം ആ പക്ഷിയെ പിന്നീട് ഈ പരിസരത്തൊന്നും കണ്ടിട്ടില്ല.'

‘എത്ര വെള്ളപൂശിയാലും കാക്ക എളുപ്പത്തിൽ തനിനിറം കാണിക്കും... ഒരു ജർമ്മൻ പഴഞ്ചൊല്ലാണത്.'

‘ഇനിയവറ്റകളുടെ ശല്ല്യമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല'

‘വിവരക്കേട് പറയാതെ... എനിക്ക് കാക്കകളുടെ സ്വഭാവം നന്നായി അറിയാം. കുറച്ചുകൂടി കാത്തിരിക്കൂ... അത് തിരികെ വരും.'

സായിപ്പിന്റെ ഊഹം നേരായിത്തീർന്നു. മുറിവ് തെല്ലൊന്നുണങ്ങി വലതുകണ്ണുകൊണ്ടുമാത്രം കാഴ്ചകളെ പരിചയിച്ചു പറക്കാമെന്നായപ്പോൾ തന്റെ കൂട് തട്ടിമറിച്ചിട്ട പറമ്പിലേക്ക് ഒമ്പതാംപക്കം ആ കാക്ക തിരിച്ചെത്തി.

വാൽനക്ഷത്രം... കല്ലേറുകിട്ടുമെന്ന് ഭയമുള്ളത്തിനാൽ തിടുക്കത്തിൽ ചിറകുതാഴ്ത്തിവന്ന് ചുറ്റുവട്ടമൊക്കെയൊന്നു പരതുന്നതിനിടെയിൽ ഉച്ചത്തിൽ കരഞ്ഞശേഷം എങ്ങോട്ടോ പറന്നുകളയുന്ന ഒറ്റക്കണ്ണിക്കാക്കയെ നോക്കി സംവിധായകനായ സായിപ്പ് ഒരിക്കൽ വിളിച്ച പേര് സ്റ്റുഡിയോ മൊത്തം പരന്നു. കേട്ടവർക്കെല്ലാം അത് നേരാണെന്നു തോന്നി. നക്ഷത്രകൂട്ടങ്ങൾക്കിടയിൽനിന്ന് പൊട്ടിവീഴുന്നൊരു ധൂമകേതുവിനെപ്പോലെയാണ് ആ കാക്ക പാഞ്ഞുവരുന്നതും കാറിവിളിച്ച് മറഞ്ഞുകളയുന്നതും. ഒന്നുരണ്ട് ദിവസം അതാവർത്തിച്ചതോടെ കാക്കയ്ക്കും ചില കാര്യങ്ങളിൽ തിരിച്ചറിവുണ്ടായി. താൻ വരുന്നതോ മരത്തിൽ ചെന്നിരിക്കുന്നതോ ഒന്നുമല്ല, മറിച്ച് തന്റെ കരച്ചിലാണ് അവിടെയുള്ള ആളുകളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ തന്റെ ശബ്ദമാണ് അവരോടുള്ള പ്രതിഷേധം. സായിപ്പിനെ ദേഷ്യം പിടിപ്പിക്കാനും ചില നേരങ്ങളുണ്ടെന്ന് കാക്ക മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ഒരു യന്ത്രത്തിലൂടെ നോക്കിയശേഷം സായിപ്പ് ഉച്ചത്തിൽ നിർദ്ദേശം നൽകിയാൽ അയാൾക്കു മുന്നിലുള്ള ഒന്നുരണ്ട് പേരൊഴികെ ബാക്കിയെല്ലാവരും അനങ്ങാതെയും മിണ്ടാതെയും നിൽക്കും. അപ്പോഴെങ്ങാനും കാക്കക്കരച്ചിൽ കേട്ടാൽ ദേഷ്യം മൂത്ത് സായിപ്പ് തന്റെ തൊപ്പി വലിച്ചെറിഞ്ഞുകൊണ്ട് പരിസരം മറന്നാക്രോശിക്കും. അതുപോലെ തൊട്ടടുത്തുള്ള ഓലപ്പുരയ്ക്കകത്തെ മറ്റൊരു യന്ത്രത്തിൽനിന്നുവരുന്ന നേർത്ത ശബ്ദങ്ങളിലേക്ക് സായിപ്പ് ഗൗരവത്തോടെ ചെവിയോർത്തിരിക്കുന്ന അവസരവും കാത്ത് കാക്കയിരിക്കും. പെട്ടെന്ന് കരഞ്ഞുവിളിച്ചുകൊണ്ടതൊരു വാൽനക്ഷത്രത്തെപ്പോലെ അതിവേഗത്തിൽ വട്ടംചുറ്റി പറക്കുന്നേരം അവിടെയുള്ള സകലരെയും തെറിവിളിച്ചുകൊണ്ട് സായിപ്പ് പുറത്തേക്കോടിവരും. പലപല ഭാഷകളിലായി ആ ചീത്തവിളി ചെവിക്കുചെവിമറിഞ്ഞൊടുക്കം കാക്കയെ ഓടിക്കാനായി നിർത്തിയ പയ്യനിലെത്തിനിൽക്കും. അതെല്ലാം കണ്ടും കേട്ടും കാക്കയപ്പോൾ തൊട്ടടുത്തുള്ള ഏതെങ്കിലും മരക്കൊമ്പിലെ പച്ചപ്പിനിടയിൽ മറഞ്ഞിരിക്കും. അതോടെ താനോ കാക്കയോ ആരെങ്കിലുമൊരാളേ അവിടെ വാഴൂവെന്ന് പയ്യനേതാണ്ട് ഉറപ്പായിക്കഴിഞ്ഞിരുന്നു.

പക്ഷികളെ സ്റ്റുഡിയോയുടെ പരിസരത്തേക്കടുപ്പിക്കാതിരിക്കാൻ ആ പയ്യനും, ഏതുവിധേനയും അവിടേയ്ക്കു പറന്നെത്തി കരഞ്ഞുവിളിക്കാൻ ഒറ്റക്കണ്ണിക്കാക്കയും പടിച്ചപണി പതിനെട്ടും പയറ്റിനോക്കി. അവരുടെ പോരിനൊടുക്കം സഹികെട്ട് വിൻസെന്റിനെയും കൂട്ടി സായിപ്പ് കുഞ്ചാക്കോയുടെ അരികിലെത്തി.

‘എന്താണ് വിഷയം വിൻസന്റേ?'

‘ആ കാക്കയെക്കൊണ്ട് വലിയ സൈ്വര്യക്കേടാണ്... ചുറ്റുവട്ടത്തുള്ള മുഴുവൻ മരങ്ങളും വെട്ടിക്കളഞ്ഞു തീയിടാനാണ് ഫെലിക്‌സ് സായിപ്പ് പറയണത്'

‘ഇവിടെയുള്ള പണിക്കാർക്കൊക്കെ പൊള്ളുന്ന വെയിലത്തൂന്നൊന്ന് മാറിനിൽക്കാനോ.. കഞ്ഞി പാർന്നുകുടിക്കാനിരിക്കാനോ ഒരിത്തിരി തണലൊക്കെ വേണ്ടേടോ? താൻ സമ്മുടെ സംവിധായകനെ നല്ലതുപോലെ ഒക്കെയൊന്നു പറഞ്ഞു മനസ്സിലാക്ക്. ഇയാൾക്കിപ്പോഴും ഇന്നാട്ടിലെ കാര്യങ്ങളൊന്നും വേണ്ടവിധം പിടികിട്ടിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്'

‘അപ്പോൾ ഈ ഒച്ചയുടെ കാര്യം എങ്ങനെ പരിഹരിക്കും?'

‘എലിയെപ്പേടിച്ച് ഇല്ലം ചുടണോ? ഇതാണ് പ്രശ്‌നമെങ്കിൽ വെറുതെ സമയം മെനക്കെടുത്താതെ ആ പയ്യന് നല്ലപോലെ ഉന്നം പിടിക്കാനൊരു കാക്കാബെൽറ്റ് വാങ്ങിക്കൊടുക്കെന്റെ വിൻസന്റേ...'

കുഞ്ചാക്കോ ഏതിർപ്പറിയിച്ചതോടെ സായിപ്പിന്റെ കോപമടങ്ങി.
അന്നുരാത്രി പുന്നമരക്കൊമ്പിൽ തന്റെ കൂടുണ്ടായിരുന്നയിടത്തിരുന്ന് എന്തൊക്കെയോ ആലോചിച്ചുകുട്ടുന്നതിനിടെ കാക്ക ചിലയൊച്ചകൾ കേട്ടു നോക്കുമ്പോഴുണ്ട് കീഴെ റേഡിയോയുമായതാ സായിപ്പിരിക്കുന്നു. വാർത്തകേൾക്കുന്നതിനിടെ അയാൾ കുറച്ചുനേരം പകച്ചിരിക്കുന്നതും, ശേഷം വിതുമ്പിക്കരയുന്നതും കാക്ക ശ്രദ്ധിച്ചു. കരച്ചിലിന്നൊടുക്കം സായിപ്പ് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു ഫോട്ടോയെടുത്തു പിടിച്ചശേഷം ചുരുട്ടുകത്തിക്കാനെടുത്ത ലൈറ്ററിന്റെ വെളിച്ചത്തിൽ അതിലേക്കുറ്റുനോക്കിയിരുന്നു. പട്ടാളക്കുപ്പായത്തിലുള്ള രണ്ടുപേർക്കു ചുറ്റിലുമായി സാധാരണവേഷത്തിൽ നാലഞ്ചു ചെറുപ്പക്കാർ നിൽക്കുന്നൊരു ചിത്രമായിരുന്നു അത്. ആ ചെറുപ്പക്കാരിലൊരാൾ മരച്ചോട്ടിലിരുന്ന് വിതുമ്പുന്ന സായിപ്പുതന്നെയാണെന്ന് തിരിച്ചറിഞ്ഞതും കാക്കയൊന്നുറക്കെ കരഞ്ഞു. അതുകേട്ട സായിപ്പ് ഞെട്ടിയെഴുന്നേറ്റ് നാലുപാടും നോക്കിക്കൊണ്ട് ആരുമില്ലെന്നുറപ്പുവരുത്തുന്നതിനിടെ തന്റെ കയ്യിലിരുന്ന ഫോട്ടോ ചെറിയ കഷ്ണങ്ങളാക്കി കീറിയെറിഞ്ഞു കാറ്റിൽ പറത്തി.

സ്വബോധം നഷ്ടപ്പെട്ടതുപോലെ സായിപ്പ് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഇരുട്ടുപിടിച്ച വഴിയിലൂടെ സ്റ്റുഡിയോയുടെ പുറത്തേയ്ക്കു നടന്നുമറഞ്ഞു. അന്നേരത്ത് അയാളെത്തന്നെ ചെരിഞ്ഞുനോക്കിയിരിക്കെ തന്റെയുള്ളിലെ പ്രതികാരമൊട്ടാകെ ഉരുകിയൊലിച്ചില്ലാതാകുന്ന വികാരമൊരു തൂവൽഹർഷമായി ആ പക്ഷി ഉടലുകൊണ്ടനുഭവിച്ചു. ശേഷം ആ ഒറ്റക്കണ്ണിക്കാക്ക എന്നന്നേയ്ക്കുമായി അവിടംവിട്ട് പറന്നുയർന്നു. ചിറകടിയൊച്ചകേട്ട് തിരിഞ്ഞുനോക്കിയ സായിപ്പ് ആകാശത്തിന്റെ വടക്കേമൂലയിലൂടെ ഒരു വാൽനക്ഷത്രം പാഞ്ഞുപോകുന്നതുകണ്ട് അത്ഭുതംകൂറിനിന്നു. അന്നേരം തന്റെ ഇളയകുഞ്ഞിനെ ഉറക്കാനായി കൂരയുടെ ഇറയത്തിരുന്നൊരു കഥ പറയുകയായിരുന്നു പയ്യന്റെ അമ്മ. കരി മെഴുകിയ തിണ്ണയിൽ ചാരിക്കൊണ്ട് അനിയത്തിയോടൊപ്പം കഥകേട്ടിരുന്ന പയ്യനും ആ വാൽനക്ഷത്രത്തെക്കണ്ടു. ആകാശക്കോണിലത് പാറിവീണില്ലാതായ നിമിഷത്തിൽ അവൻ അമ്മയോട് പറഞ്ഞു.

‘ഞാൻ നാളെ മുതൽ കാക്കയെ കല്ലെറിയാനായി പോണില്ലമ്മേ'

‘അതെന്താണിപ്പൊ പെട്ടെന്നങ്ങനെ?'

‘ഓടേക്കാരന്റെ തല്ലും തെറിയും പേടിച്ചല്ലേ നമ്മള് കുടിയൊഴിഞ്ഞിങ്ങോട്ട് ഓടിപ്പോന്നത്. എന്നിട്ട് കൂടിരുന്ന കൊമ്പത്തൂന്ന് ആ കാക്കയെ കല്ലെറിഞ്ഞോടിക്കണത് ശരിയായ കാര്യമാണോ?'

‘എന്നാലും കിട്ടണ കാശ് വെറുതെ വേണ്ടെന്ന് വെക്കണോടാ മോനേ?'

‘എത്രയണ തരാമെന്നു പറഞ്ഞാലും ഞാനിനിയങ്ങോട്ടേക്കില്ല. നേരം പൊലരുമ്പള് അമ്മ തന്നെ മാമനെ അറിയിച്ചേക്ക്...'

ആ തീരുമാനത്തിന് തീർച്ചയുണ്ടെന്നു തിരിച്ചറിഞ്ഞതിനാൽ അമ്മ പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല.

രക്തനക്ഷത്രം

ആളുകളിൽ ആവേശമുയർന്നൊരു സമരകാലം...
ലാത്തിയും തോക്കുമായി പോലീസും പട്ടാളവും നാട്ടിലിറങ്ങിയ കാലം...
വടിയും വാരിക്കുന്തവുമായി നാട്ടുകാർ ദിവാൻ ഭരണത്തിനെതിരെ പോരിനിറങ്ങിയ കാലം...
അടിയും വെടിയുമേറ്റവർ കയത്തിലും കായലിലും ചേറിലും ചെളിയിലുമായി ചാവുകൂമ്പാരമായ കാലം...

‘ഏതാണ് ആ കാലം ?'
പൊൻകുഞ്ഞിന്റെ സംശയത്തിന് പൊരുത്തമുറപ്പിക്കാൻ തള്ളകാക്ക എളുപ്പം മറ്റൊരു സൂചന നൽകി.
ആ ഒറ്റക്കണ്ണിക്കാക്കയുടെ മുട്ടകൾ പുന്നമരക്കൊമ്പിൽനിന്നു താഴേക്കുവീണ് പൊട്ടിയൊഴുകുന്നതിനും ഏതാണ്ട് രണ്ടുകൊല്ലങ്ങൾക്കു മുമ്പ്...

ന്റെ കൂരയിരിക്കുന്ന ഇടത്തിന്റെ ഒടേക്കാരുടെ ആക്രമണം ഭയന്നാണ് കാക്കയുടെ കണ്ണെറിഞ്ഞുപൊട്ടിച്ച പയ്യന്റെ അച്ഛൻ നാടുവിട്ടത്. പാതിരാപ്പള്ളിയിൽ നിന്നുമേതാണ്ട് അഞ്ചുമൈൽ മാറി മുഹമ്മയിലായിരുന്നു അയാളുടെ വീട്. അക്കാലത്ത് അയാൾ സിനിമയിലെ വിളിച്ചുപറയലുകാരനായിരുന്നു. കളിക്കുന്ന സിനിമയേതാണെന്നതിനോടൊപ്പം കഥ വിളിച്ചുപറയുന്നത് ആരാണെന്നുംകൂടി നോട്ടീസിൽ അച്ചടിച്ചാലേ അന്നൊക്കെ കാണാൻ ആള് കയറുമായിരുന്നുള്ളൂ. സിനിമ ശബ്ദമില്ലാത്തതോ മറുഭാഷയിലുള്ളതോ ആകട്ടെ, അത് രസകരമായി വിവരിച്ചുചൊല്ലാനൊരാളുണ്ടാകണം. വെള്ളിത്തിരയിൽ തെളിയുന്ന കരച്ചിലും കാമുകഭാവവും കയ്യാങ്കളിയും കോമാളിത്തരങ്ങളുമെല്ലാം അപ്പപ്പോൾത്തന്നെ ഉച്ചത്തിൽ കേൾപ്പിക്കണം. മരത്തിന്റെ പീഠത്തിന്മേൽ കയറിനിന്നുകൊണ്ട് കാഴ്ചക്കാരുടെ ഉള്ളിൽത്തട്ടുന്നവിധം വിവരിച്ചു പറയുന്നവർക്ക് അക്കാലത്ത് പാരിതോഷികമായി മുണ്ടും കാശുമൊക്കെ കിട്ടുമായിരുന്നു. വിളിച്ചുപറയലിൽ കേമനായ ആലപ്പുഴക്കാരൻ ശ്രീധരൻ വാധ്യാരുടെ സഹായിയായാണ് പയ്യന്റെ അച്ഛനാദ്യം ആ തൊഴിലിലേക്കു വരുന്നത്. വെള്ളം കുടിയ്ക്കാനും തൊണ്ടയിടർച്ച മാറ്റാനുമൊക്കെയായി വാധ്യാർ മാറി നിൽക്കുന്ന ഇടവേളകളെ കൈകാര്യം ചെയ്യാനായി പീഠത്തിൽ കയറിയോരോന്നു പറഞ്ഞുപറഞ്ഞങ്ങനെ അതൊരു വഴക്കമായി. ശ്രീധരൻ വാധ്യാര് ആര്യസമാജത്തിൽ ചേർന്നശേഷം ആർ സുഗതനായി, പിന്നീട് കമ്യൂണിസ്റ്റുകാരനും തൊഴിലാളി നേതാവുമൊക്കെയായി. വാധ്യാര് പോയതോടെ അതോടെ അയാളുടെ സഹായി ആ പ്രദേശത്തെ പ്രധാന കഥപറച്ചിലുകാരനായിത്തീർന്നു. തിരശ്ശീലയിലെ പ്രേമസല്ലാപങ്ങളും വെല്ലുവിളികളും തമാശകളും പാട്ടുകളും പുരാണങ്ങളുമെല്ലാം അയാളുടെ തൊണ്ടയിലൂടെ കാണികൾ ആസ്വദിച്ചു. സിനിമയുടെ കഥയൊന്നു കൊഴുപ്പിക്കാനായി ഏതോ നാട്ടിൽ നടക്കുന്ന കഥാപാത്രങ്ങളെ തങ്ങളെ നാട്ടുകാരിൽ ചിലരായി അവതരിപ്പിക്കുന്നതൊക്കെ അക്കാലത്തൊരു പതിവായിരുന്നു.

എന്നാൽ ‘സിറ്റി ലൈറ്റ്സി'ന്റെ കഥ തമാശ കലർത്തി വിവരിക്കുന്നതിനിടെ എതിരാളിയായ ബോക്സറെ പേടിച്ച് ഇടിക്കൂട്ടിൽ പരുങ്ങി നടക്കുന്ന ചാർളി ചാപ്ലിനെ അന്നാട്ടിലെ ജന്മിയുടെ മരുമകനുമായി വിളിച്ചുപറച്ചിലുകാരൻ ചേർത്തുകെട്ടിയതോടെ കാര്യങ്ങളാകെ കൈവിട്ടു. കവലച്ചട്ടമ്പിയായൊരുത്തന്റെ കയ്യിൽനിന്ന് മരുമകൻ തല്ലുവാങ്ങിക്കൂട്ടിയ പഴയൊരു സംഭവം ജന്മിയ്ക്ക് എന്നുമൊരു നാണക്കേടായിരുന്നു. ആളെവിട്ടു തല്ലിച്ചും പിന്നീട് പോലീസിനെക്കൊണ്ടു പിടിപ്പിച്ചും ആ ചട്ടമ്പിയെ ഒതുക്കിയെങ്കിലും നാട്ടുകാർക്കിടയിൽ പഴങ്കഥയായി പല്ലിളിച്ചുകൊണ്ടിരുന്ന ഒന്നാണ് സിനിമാപ്രദർശനശാലയിൽ ഉച്ചത്തിൽ മുഴങ്ങിക്കേട്ടത്. അതിന്റെ പിറ്റേന്ന് വിളിച്ചുപറയലുകാരന് തന്റെ നാടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നു.

ആ ചാപ്ലിൻ സിനിമ കളിക്കുന്ന കാലത്ത് മുട്ടിലിഴയുന്ന പ്രായമായിരുന്നു പയ്യന്. അതിനുശേഷം കഷ്ടിയേതാണ്ട് നാലുകൊല്ലത്തോളം അവന് തന്തയെക്കാണാനൊത്തില്ല. പിന്നീടൊരന്തിനേരത്ത് കൂരയിലേക്കു കയറിവരുമ്പോഴേക്കും അവന്റെയച്ഛൻ ആകെ മാറിയിരുന്നു. ഒടേക്കാരൻ പറഞ്ഞുവിട്ട തല്ലുകാരെപ്പേടിച്ച് ഉറ്റവരെയെല്ലാം കൈവിട്ട് രായ്ക്കുരാമാനം വേമ്പനാട്ടുകായലിലേക്കെടുത്തു ചാടി നീന്തി രക്ഷപ്പെട്ട ഒരുവനേ ആയിരുന്നില്ല അയാളപ്പോൾ. തിരിച്ചുവന്നയന്നത്തെ അത്താഴം കഴിഞ്ഞ് റാന്തലിന്റെ തിരി താഴ്ത്തിയശേഷം ഉടലോടുചേർന്ന് വിയർപ്പുപറ്റിക്കിടന്നിട്ടും കെട്ടിയവനിലുണ്ടായ മാറ്റം ഉൾക്കൊള്ളാനാകാതെ അന്തിച്ചു കിടന്നവളുടെ കണ്ണിലൊരു തിളക്കം ബാക്കിനിന്നു. അതണയ്ക്കാനായി അയാൾ ഏറെക്കാലംകൂടി വീണ്ടുമൊരു കഥപറച്ചിലുകാരനായി മാറി. തന്റെ മാത്രമല്ല, അന്നാട്ടിൽ തന്നെപ്പോലെയുള്ളവരുടെയൊക്കെ പേടി ഏറെക്കൂറെ മാറിയതെങ്ങനെന്ന കഥയായിരുന്നു ആ രാത്രിമുഴുക്കെ അയാളിരുന്നുപറഞ്ഞത്. നാട്ടുരാജ്യങ്ങളായ ചെമ്പകശ്ശേരിയും കായംകുളവും കരപ്പുറവുമൊക്കെ വീരമാർത്താണ്ഡവർമ്മ കീഴടക്കിയതോടെയാണ് ആലപ്പുഴ മുഴുവനായും തിരുവിതാംകൂറിന്റെ ഭാഗമായത്. പുന്നമരങ്ങളും കൈതക്കാടുകളും പറങ്കിമാങ്കൂട്ടങ്ങളുമൊക്കെയായി പൊന്തപിടിച്ചുകിടക്കുന്ന പുരയിടങ്ങളും ബാക്കിയൊക്കെ പൊള്ളയും ചതുപ്പുമായി കിടന്ന ആ ദേശത്തെ ഇക്കാണുന്ന രൂപത്തിലാക്കിമാറ്റിയത് രാജാ കേശവദാസനെന്ന ദിവാനായിരുന്നു. അവിട്ടം തിരുനാൾ തമ്പുരാന്റെ ഉപജാപകസംഘം ചാരനെന്നാക്ഷേപിച്ച് വിഷം കൊടുത്തു കൊല്ലുന്നതിനും മുന്നെ കേശവദാസൻ ആലപ്പുഴയെ തുറമുഖപട്ടണമാക്കി മാറ്റിയിരുന്നു.. തമിഴരും തെലുങ്കരും ഗുജറാത്തികളും മറാത്തികളും യൂറോപ്യന്മാരുമൊക്കെ അവിടെ കച്ചവടത്തിനായെത്തി. കാലം കടന്നുപോകവെ കയറും സുഗന്ധവ്യഞ്ജനങ്ങളും ചെമ്മീൻപരിപ്പുമൊക്കെ കപ്പലേറിപ്പോകാൻ തുടങ്ങിയതോടെ അവിടം കിഴക്കിന്റെ വെനീസായിമാറി. പിന്നെയവിടെ കമ്പനികൾ വന്നു. ആസ്പിൻവാളും, ഡാരാ സ്മൈലും, പിയേഴ്സ് ലെസ്ലിയും, ഗുഡേക്കറും, എമ്പയറുമൊക്കെയായി ആലപ്പുഴയുടെ തീരം നിറഞ്ഞു. കൃഷിയിടങ്ങളിൽ അടിമവേല ചെയ്തിരുന്ന കുടിയാന്മാരിൽ പലരും തൊഴിലാളികളായിമാറി. തുടർന്ന് കൂലിത്തർക്കങ്ങളും പിരിച്ചുവിടലുകളും പ്രതിഷേധങ്ങളുമൊക്കെയുണ്ടായി.

അതിനുപരിഹാരമെന്നോണം തൊഴിലാളികൾ സംഘടിച്ചു തുടങ്ങി. എമ്പയർ കയർ ഫാക്ടറിയിലാരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷൻ അതിന്റെയൊരു തുടക്കം മാത്രമായിരുന്നു. പി. കൃഷ്ണപിള്ളയുടെ വരവോടെ ആലപ്പുഴയിലെ അവശവർഗം ആവേശത്തിലാണ്ടു. കയറുപിരിത്തൊഴിലാളികളുടെ കൂലിക്കുറവിനെതിരെ ആഹ്വാനം ചെയ്ത പണിമുടക്കിൽ മറ്റുള്ളവരും സഹകരിച്ചതോടെ തൃക്കുന്നപ്പുഴ മുതൽ തൃശ്ശൂർ വരെയുള്ള തൊഴിൽശാലകളേതാണ്ട് മുഴുവനായും സ്തംഭിച്ചു. ആ പ്രദേശത്തെ സകലമുതലാളിമാരും തിരുവിതാംകൂർ ദിവാനും തലയിൽ കൈവെച്ചിരുന്നുപോയൊരു ദിവസമായിരുന്നു അത്. പിന്നീട് കാര്യസ്ഥന്മാരുടെയും കങ്കാണിമാരുടെയും മൂപ്പന്മാരുടെയും തരകന്മാരുടെയുമൊക്കെ അടക്കിഭരണത്തെ എതിർത്തുകൊണ്ട് തെങ്ങുകയറ്റക്കാർക്കും കയറുപിരിക്കുന്നവർക്കും കൃഷിക്കാർക്കും ചുമട്ടുകാർക്കും തയ്യൽക്കാർക്കും മീൻപിടുത്തക്കാർക്കുമൊക്കെ സംഘടനകളുണ്ടായി. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചേരിക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയശേഷം നേരിട്ട് കൃഷിക്കാർക്കും തൊഴിലാളികൾക്കുമിടയിലേക്കിറങ്ങി പ്രവർത്തിച്ചതോടെ ചൂഷണങ്ങൾക്കെതിരെ ജാഥകളും യോഗങ്ങളും സമ്മേളനങ്ങളും സമരങ്ങളുമുണ്ടായി. കട്ടിക്കസവുള്ള തലപ്പാവ് ആവോളം വരിഞ്ഞുമുറുക്കിക്കെട്ടിയിട്ടും നാട്ടുകാർക്കിടയിൽ നാൾക്കുനാൾ തന്റെ തലക്കനം കുറഞ്ഞുവരുന്നുണ്ടോയെന്ന് ചേത്തുപ്പട്ട് പട്ടാഭിരാമസ്വാമി ദിവാന് സംശയം തോന്നിത്തുടങ്ങിയ കാലമായിരുന്നു അത്. അന്നാളുകളിലൊന്നിലാണ് ജന്മിയെ ഭയന്ന് വീടുപേക്ഷിച്ചുപോയ സിനിമാക്കഥ വിളിച്ചുപറയലുകാരൻ തന്റെ നാടായ മുഹമ്മയിലേക്ക് മടങ്ങിയെത്തിയത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഫിലിമിന് ക്ഷാമം നേരിട്ടതോടെ സിനിമകളൊക്കെ വല്ലാതെ കുറഞ്ഞു. ഉള്ളതിൽത്തന്നെ മിക്കതും സൈനികനീക്കങ്ങളെയും രാഷ്ട്രത്തലവന്മാരെയും തീവ്രദേശീയതയേയുമൊക്കെ വാഴ്ത്തിപ്പാടുന്നവയായിരുന്നു. തൊണ്ടയിലെ ഒച്ചയാണ് തന്റെ ബലമെന്ന് തിരിച്ചറിഞ്ഞ വിളിച്ചുപറയലുകാരൻ സിനിമാക്കഥയൊക്കെവിട്ട് പാർട്ടി മീറ്റിങ്ങുകളിലെ മുദ്രവാക്യം വിളിക്കാരനായി മാറി. നേതാക്കളായ പത്രോസും തോമസും സുഗതനും കുമാരപ്പണിക്കരും കൃഷ്ണപിള്ളയുമൊക്കെ നയിക്കുന്ന ജാഥകളിലേക്ക് അയാൾ കയറിനിന്നതോടെ അനേകായിരം മുഷ്ടിചുരുട്ടലുകളുടെ ആവശ്യങ്ങൾ നാടുമുഴുക്കെ മുഴങ്ങിക്കേട്ടു. സർ സി.പി. നിർദ്ദേശിച്ച അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിലെറിയാനും, വോട്ടവകാശം ഏവർക്കും വേണമെന്നും, ജന്മിമുതലാളിത്തം അവസാനിക്കട്ടേയെന്നും മുദ്രാവാക്യങ്ങളുയർന്നതോടെ ആ നാടുമുഴുവൻ സായുധസേന നിരന്നു. തൊഴിലാളി സംഘടനകളുടെ ഓഫീസുകൾ തുടർച്ചയായി ആക്രമിക്കപ്പെട്ടു. പോലീസ് വീടുകളിൽക്കയറി കണ്ണിൽക്കണ്ടവരെയെല്ലാം പിടിച്ചുകൊണ്ടുപോയി. കൂരയിലെയും പുരയിടത്തിലെയും ആടും മാടും കോഴിയുമൊക്കെ പട്ടാളക്യാമ്പിലെ തീറ്റയായി മാറി. അതോടെ രണ്ടും കൽപ്പിച്ച് കർഷകത്തൊഴിലാളികളും ആയുധപരിശീലനത്തിലേർപ്പെട്ടു. കവുങ്ങ് വെട്ടിക്കൂർപ്പിച്ച വാരിക്കുന്തങ്ങളായിരുന്നു അവർക്കു തുണ. ഏതു നിമിഷവും കലാപം പൊട്ടിപ്പുറപ്പെടാമെന്നറിഞ്ഞ പട്ടാള കമാന്ററും, രക്തച്ചൊരിച്ചിലൊഴിവാക്കാനായി ടി.വി തോമസും അവസാന ഉപായമെന്ന നിലയിൽ നടത്തിയ ചർച്ചയും നിർദ്ദേശങ്ങളുമൊക്കെ ദിവാൻ നിഷ്‌ക്കരുണം തള്ളി. അതും പോരാഞ്ഞ് സംഘടനകളെ നിരോധിച്ചുകൊണ്ട് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു. ശേഷമുള്ള സംഭവങ്ങളൊക്കെ ആയിരത്തോളമാളുകളുടെ ചോരകൊണ്ടാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. പുന്നപ്രയിലും കാട്ടൂരും മാരാരിക്കുളത്തും മേനാശ്ശേരിയിലും വയലാറിലും ഒളതലയിലും ആക്രമണങ്ങളും വെടിവെപ്പുമുണ്ടായി. പട്ടാളഭരണം പ്രഖ്യാപിച്ചുകൊണ്ട് ഹെലികോപ്ടറിൽ വിതരണം ചെയ്ത നോട്ടീസുകൾ കോപാകുലരായ സമരക്കാർ കീറിയെറിഞ്ഞു.

പുന്നപ്രയിലെ തൊഴിലാളി ക്യാമ്പ് ആക്രമിച്ചു തകർത്തശേഷം യന്ത്രത്തോക്കുകളുമായി വയലാറിലേക്കു മാർച്ചുചെയ്തു തുടങ്ങിയ പട്ടാളനീക്കത്തെ ചെറുക്കാനായി മുഹമ്മയിലെ കലുങ്കുകളും മാരാരിക്കുളത്തെ പാലങ്ങളും പൊളിച്ചുകളയാൻ
നിർദ്ദേശം കിട്ടിയവരുടെ കൂട്ടത്തിൽ വിളിച്ചുപറയലുകാരനുണ്ടായിരുന്നു. അതിനായി കൂട്ടക്കാരോടൊപ്പം ഇറങ്ങിത്തിരിച്ച അയാളെ പിന്നീടാരും കണ്ടതേയില്ല. വെടികൊണ്ട് വീണതാണോ, തടവിലായതാണോ, കായലിൽ കെട്ടിത്താഴ്ത്തിയതാണോ, കൂനകൂട്ടിയിട്ട് കത്തിച്ചതാണോ, ഒളിവിൽ പോയതാണോ എന്നൊന്നും ആർക്കുമൊരറിവുമില്ലായിരുന്നു.

രാമസ്വാമി തിരുവിതാംകൂറിന്റെ ദിവാൻ പദവിയൊഴിഞ്ഞിട്ടും നാട്ടുപ്രമാണിമാരുടെയും ജന്മിമാരുടെയും ഭരണത്തിനൊരു കുറവുമുണ്ടായില്ല. ആ പ്രദേശത്തുകാരായ പ്രധാനപ്പെട്ട നേതാക്കളൊക്കെ ജയിലിലായിരുന്നതിനാൽ ഒളിവിലുണ്ടായിയിരുന്ന സഖാവ് കൃഷ്ണപിള്ളയാണ് തൊഴിലാളി കുടുംബങ്ങളെ ആശ്വസിപ്പിച്ചതും ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം കൊടുത്തതുമെല്ലാം. പക്ഷെ അതിനേറേക്കാലം ആയുസ്സില്ലായിരുന്നു. പാമ്പുകടിയേറ്റ് കണ്ണാർക്കാടുവെച്ച് കൃഷ്ണപിള്ള മരിച്ചതോടെ മണ്ണഞ്ചേരിയിലെയും മാരാരിക്കുളത്തേയും മുഹമ്മയിലെയുമൊക്കെ കുടിയാന്മാരുടെ കൂരകൾക്കുനേരെ ആക്രമണങ്ങളുണ്ടായി. നട്ടാപ്പകല് ഭീഷണിമുഴക്കാനും അന്തിമയങ്ങിയാൽ ചെറ്റപൊക്കാനുമായി എത്തുന്നവരുടെ ശല്ല്യം സഹിക്കാതെവന്നപ്പോൽ വിളിച്ചുപറയലുകാരന്റെ ഭാര്യ രണ്ടു കുട്ടികളേയുംകൂട്ടി കൂരയുപേക്ഷിച്ചിറങ്ങി. പാതിരാപ്പള്ളിയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് ആ പയ്യൻ എത്തിയതങ്ങനെയാണ്. പട്ടിണിയും പരിവട്ടവുമൊക്കെയാണെങ്കിലും അഭയം ചോദിച്ചുവന്ന ഇളയ പെങ്ങളെ വീട്ടുകാരൻ ഒഴിവാക്കിവിട്ടില്ല. അവരവിടെ പാർപ്പുതുടങ്ങിയേതാണ്ട് ഒരുമാസം കഴിഞ്ഞപ്പോഴാണ് ആ വീട്ടുകാരനെത്തേടി ഉദയാ സ്റ്റുഡിയോയുടെ മാനേജർ റാം പിള്ളയെത്തിയത്. മരുമകൻ ചെക്കനെയും ചുറ്റുവട്ടത്തുള്ള നാലഞ്ചുപയ്യന്മാരെയും കൂട്ടി പിറ്റേന്നുതന്നെ അയാൾ പക്ഷികളെ ഓടിക്കാനായി സ്റ്റുഡിയോ നിൽക്കുന്ന പുരയിടത്തിലെത്തി. അതോടെ അടയിരിക്കേണ്ട കൂടും ഇടംകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ട കാക്ക വാൽനക്ഷത്രമായി മാറി.

സ്റ്റുഡിയോയുടെ പരിസരത്ത് ശല്ല്യക്കാരിയായി പെരുമാറിയിരുന്ന കാക്കയുടെ പക തന്നോടല്ലെന്ന് പയ്യൻ പതിയെ മനസ്സിലാക്കി. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു. കൂട് തട്ടിമറിച്ചിട്ടവനെ കൊത്താനായി മരക്കൊമ്പിലേക്ക് പറന്നു ചെല്ലുന്നതിടെ തന്നെ കല്ലെറിഞ്ഞത് കീഴെനിന്നിരുന്ന പയ്യനാണെന്ന് ആ പക്ഷി തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, നിലത്തുവീണ മുട്ടകൾ പൊട്ടിയതുകണ്ട് സായിപ്പ് അതിലേയ്ക്കങ്ങനെ ഉറ്റുനോക്കിനിൽക്കുന്നതും കാക്ക കണ്ടതാണ്. ഏറുകൊണ്ട കാക്ക കരഞ്ഞുവിളിച്ച് അവിടെ നിന്നു പാഞ്ഞുപറന്നു പോയ ശേഷവും സായിപ്പ് അവിടെത്തന്നെ അന്തംവിട്ടു നിൽക്കുന്നത് പയ്യനും ശ്രദ്ധിച്ചിരുന്നു. ഏറെനേരമായിട്ടും അയാൾ തിരികെ സ്റ്റുഡിയോയിലേക്ക് മടങ്ങുന്നില്ലെന്ന് കണ്ടതോടെ എഡിറ്റർ ജോർജ് സായിപ്പിനടുത്തെത്തി തോളിൽത്തട്ടി വിളിച്ചു. ജോർജിന്റെ മുഖത്തേക്ക് നോക്കാതെ ഉടഞ്ഞൊഴുകുന്ന മഞ്ഞക്കരുവിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സായിപ്പ് പതിയെ പറഞ്ഞു.

‘നോക്ക്... അതിനിപ്പോൾ ഒരു മഞ്ഞനക്ഷത്രത്തിന്റെ ആകൃതിയില്ലേ?'

‘അതുകൊണ്ടെന്താണ് കുഴപ്പം സാർ?'

‘ഈ ഉടഞ്ഞതൊക്കെ എടുത്തുമാറ്റി ഇവിടെയൊക്കെ വെടിപ്പാക്കാൻ ആരോടെങ്കിലും പറയൂ.'

എഡിറ്ററുടെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് സംവിധായകൻ നിർദ്ദേശം നൽകി. സംശയിച്ചു നിന്ന ജോർജിനെ നോക്കി സായിപ്പ് പരിഭ്രമത്തോടെ പിറുപിറുത്തു.

‘പെട്ടെന്നുതന്നെ എടുത്തുകളയാൻ പറയ്... അല്ലെങ്കിൽ നമ്മളെത്തേടി അവർ വരും...'

തൊട്ടരികെ നിന്നിരുന്ന പയ്യനെ ജോർജ് കൈമാടി വിളിച്ചു. അവനവിടെയെത്തി കീഴെ വീണുകിടന്ന കൂടും ഉടഞ്ഞ കരുവും തോടുമൊക്കെ മാറ്റി വൃത്തിയാക്കുന്നതു നോക്കിക്കൊണ്ട് സായിപ്പ് അതേ നിൽപ്പ് തുടർന്നു. ഏറുകിട്ടിയ കാക്കയെ സൂചിപ്പിക്കാനായി "അത്' എന്നല്ല, ഉള്ളാലെ മറ്റെന്തൊക്കെയോ ഭയപ്പെടുന്ന ഭാവത്തോടെ "അവർ' എന്നാണ് സായിപ്പ് പറഞ്ഞതെന്നകാര്യം ജോർജ് പ്രത്യേകം ശ്രദ്ധിച്ചു. കാക്കക്കൂട്ടത്തെയാകും സംവിധായകൻ ഉദ്ദേശിച്ചതെന്നോർത്ത് അയാൾ മടങ്ങിപ്പോയി. എന്നാൽ നീലയും വെള്ളയും വരകളുള്ള കുപ്പായങ്ങൾക്കുമീതെ മഞ്ഞനക്ഷത്രമുള്ള മുദ്ര ധരിച്ചുകൊണ്ട് നിരനിരയായി വലിയൊരുകൂട്ടം തടങ്കൽപ്പാളയത്തിലേക്ക് നടന്നുപോകുന്ന ദൃശ്യത്തിന്റെ ഓർമ്മയിൽ ഫെലിക്സ് ബെയ്സ് സായിപ്പ് തരിച്ചങ്ങനെ നിന്നുപോയി.

മഞ്ഞനക്ഷത്രം

അന്നമില്ലാത്തതിന്റെ തളർച്ചയും കഥകൾ കേട്ടുതുടങ്ങിയതിന്റെ മയക്കവും ബാധിച്ചു തുടങ്ങിയിട്ടും ഇനിയുമെന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നതെന്നും, അതുകഴിഞ്ഞാൽ ഏതു നക്ഷത്രത്തെയാണ് കൊത്തിയെടുക്കേണ്ടതെന്നും കിനാക്കണ്ടിരിക്കുന്ന പൊൻകുഞ്ഞിനെ ചിറകോടുചേർത്തുകൊണ്ട് തള്ളക്കാക്ക പറച്ചിൽ തുടർന്നു.
ജൂതർക്കും ജിപ്സികൾക്കുമൊക്കെയായി ഹിറ്റ്ലർ കൊലക്കളങ്ങളൊരുക്കിത്തുടങ്ങിയ കാലം...
രണ്ടാംലോകമഹായുദ്ധം ആരംഭിക്കുന്നതിനും കുറച്ചുകൊല്ലങ്ങൾക്കു മുന്നെ...
ജർമ്മൻ തെരുവുകളിലാകമാനം ചില്ലുകളുടഞ്ഞൊരു രാത്രിയിൽ....

എന്താണ് ചുറ്റിലും നടക്കുന്നതെന്ന് ജൂതർ തിരിച്ചറിഞ്ഞുവരുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. നാസികളും ജർമ്മൻ പട്ടാളവുമൊക്കെ കൂട്ടംകുഴഞ്ഞുകൊണ്ടാണ് ജർമ്മനിയുടെ വീഥികളിലേക്ക് ഇരമ്പിയെത്തിയത്. അവരുടെ കൈവശം ഇരുമ്പുദണ്ഡും ചുറ്റികയും കോടാലിയും തോക്കുമൊക്കെയുണ്ടായിരുന്നു. ജൂതരുടെ വീടുകൾ, പള്ളികൾ, കച്ചവടസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എല്ലാമെല്ലാം തകർത്തുകൊണ്ടാണവർ ആർത്തുവിളിച്ചത്. ആ ആക്രമണത്തിനും മുമ്പായി ജൂതരെ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിടാനും, ഒരു പെട്ടിയിൽ കൊള്ളാവുന്ന അവശ്യസാധനങ്ങൾ മാത്രമെടുത്ത് നാടുവിടാനും നാസികൾ ആഹ്വാനം ചെയ്തിരുന്നു. അതുകേട്ടു ഭയന്ന് കുറെപ്പേർ അവിടം വിട്ടൊഴിഞ്ഞുപോകാനൊരുമ്പെട്ടു. എന്നാൽ അത്തരം ഭീഷണികൾക്കു വഴങ്ങാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചവർക്കുനേരെയാണ് പെട്ടെന്നൊരു രാത്രിയിൽ കടന്നുകയറ്റമുണ്ടായത്. ആക്രമിക്കേണ്ടവരുടെ വീടുകൾക്കോ കടകൾക്കോ തീയിട്ടാൽ തൊട്ടരികെ ജൂതരല്ലാത്തവരുടെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായാലോയെന്ന സംശയത്താൽ ഓരോന്നായി തിരഞ്ഞുപിടിച്ച് തല്ലിത്തകർത്തും വെട്ടിപ്പൊളിച്ചുമാണ് അക്രമിസംഘം കടന്നുപോയത്. പൊട്ടിയ ചില്ലുകൾ തെരുവോരത്തങ്ങനെ കൂമ്പാരംകൂടി കിടന്നതിനാലാണ് ആ വംശീയകലാപത്തിന് "ചില്ലുകളുടഞ്ഞ രാത്രി'യെന്നു പേരുവീണത്. നൂറുകണക്കിനാളുകൾ വഴിവക്കത്ത് പിടഞ്ഞുവീണൊടുങ്ങി. അഭയം നഷ്ടപ്പെട്ട പതിനായിരങ്ങളാകട്ടെ സ്വസ്തികക്കൊടി പാറിക്കളിക്കുന്ന തടങ്കൽപ്പാളയങ്ങളിലേക്ക് എത്തിച്ചേർന്നു. ജർമ്മൻ ചാൻസലറുടെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ അരങ്ങേറിയ ക്രൂരതയുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ നാസി ആശയങ്ങളുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബൽസ് തന്റെ വകുപ്പിന് കീഴിലുള്ള ദേശീയ പ്രക്ഷേപണ നിലയത്തിൽനിന്നുള്ള ആളുകളെ തെരുവുകളിൽ പ്രത്യേകം സജ്ജമാക്കി നിർത്തിയിരുന്നു. ആയിരം അക്ഷരങ്ങളെക്കാളും നൂറ് വാക്കുകളേക്കാളും എളുപ്പത്തിലൊരു ദൃശ്യശകലംകൊണ്ട് ജനമനസ്സുകളിൽ തങ്ങളുടെ ആശയമെത്തിക്കാമെന്ന ഗീബൽസീയൻ പരീക്ഷണത്തിന്റെ തുടക്കമായിരുന്നു അത്. പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്ന് അറിയിപ്പുകിട്ടിയപ്പോൾ സാമഗ്രികളും സഹായികളെയുമൊക്കെ പെട്ടെന്നുതന്നെ സംഘടിപ്പിച്ചിറങ്ങിപ്പുറപ്പെട്ട ഫെലിക്സ് സായിപ്പിന്റെ ആദ്യത്തെ സ്വതന്ത്രഛായാഗ്രഹണദൗത്യം ആ രാത്രിഭീകരതയെ പകർത്തിയെടുക്കുക എന്നതായിരുന്നു.

സായിപ്പിന്റെ ചില നേരത്തെ പെരുമാറ്റങ്ങളൊക്കെ കണ്ടപ്പോൾ ആദ്യം സംശയം തോന്നിയത് ചിത്രസംയോജകനായ ജോർജിനായിരുന്നു. ജോലിക്കൂടുതലുള്ള ചില ദിവസങ്ങളിൽ രാത്രി സ്റ്റുഡിയോയിൽത്തന്നെ തങ്ങവെയാണ് അയാൾ സംവിധായകനെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. അത്താഴത്തിനുശേഷം പതിവളവ് മദ്യം അകത്താക്കിക്കഴിഞ്ഞാൽ ചുരുട്ടും കത്തിച്ച് റേഡിയോയും കയ്യിലെടുത്ത് സായിപ്പ് നടക്കാനിറങ്ങും. ഏതുനേരത്താണയാൾ തിരികെ വരുന്നതെന്ന് ആർക്കും പറയാനൊക്കില്ല. വന്നുകഴിഞ്ഞാൽ ആദ്യം തന്റെ മുറിയിൽച്ചെന്നൊരു പൊതിയുമെടുത്ത് ഫിലിം റോളുകളുടെ ഗുണനിലവാരം പരീക്ഷിക്കുന്നിടത്തേക്കു പോകും. പിന്നീട് കുറെനേരത്തേക്ക് അവിടേക്കാർക്കും പ്രവേശനമുണ്ടായിരിക്കുകയില്ല. അടഞ്ഞ ആ മുറിക്കകത്തിരുന്ന് സായിപ്പെന്താണ് ചെയ്യുന്നതെന്ന് എത്തിനോക്കാൻ വന്ന ജോർജിന്റെ ശ്രമം പിടിക്കപ്പെട്ടു. മദ്യലഹരിയിൽ എന്തൊക്കെയോ അലറിവിളിച്ചു പറഞ്ഞശേഷം അയാൾ ജോർജിന്റെ കുപ്പായത്തിൽ പിടിച്ചുതള്ളി. പിറ്റേന്ന് രാവിലെത്തന്നെ സായിപ്പ് ക്ഷമ ചോദിച്ചെങ്കിലും ജോർജിന്റെ മനസ്സിൽ അതൊരു കരടായിത്തന്നെ കിടന്നു. അങ്ങനെയാണ് വിൻസന്റ് ഈ വിവരമൊക്കെയറിഞ്ഞത്. തിരക്കഥയിലെ ഇടപെടലും ഷൂട്ടിംഗ് സമയത്തെ ബഹളവുമൊക്കെയായി സായിപ്പിന്റെ പല ചെയ്തികളുംകൊണ്ട് വിൻസന്റിന് ഉള്ളാലെ മുറുമുറുപ്പൊക്കെയുണ്ടെങ്കിലും, അന്നേരത്തതൊക്കെ മാറ്റിവെച്ചുകൊണ്ടയാൾ പിണങ്ങിനിന്ന ജോർജിനെ ആശ്വസിപ്പിച്ചു.

‘ഇതൊക്കെയൊന്ന് ക്ഷമിക്ക്. തന്നെ തള്ളിമാറ്റിയതിന് അയാൾ മാപ്പുപറഞ്ഞല്ലോ...'

‘നിസ്സാരമായി വിട്ടുകളയാൻ വരട്ടെ. ഞാനും പണ്ട് കുറെക്കാലം പട്ടാളത്തിലുണ്ടായിയിരുന്നു എന്നകാര്യം നിങ്ങൾക്കറിയാമല്ലോ? രാത്രിയിൽ അടച്ചിട്ട സ്റ്റുഡിയോ മുറിയിലിരുന്ന് അയാൾക്കെന്താണ് പണി? എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട് വിൻസന്റേ...'

‘അതെന്താണിപ്പോൾ പെട്ടെന്നിങ്ങനെ തോന്നാൻ കാര്യം?'

‘ഒറ്റനേരത്തെ തോന്നലൊന്നുമല്ല. ആയാളെച്ചുറ്റിപ്പറ്റി എന്തൊക്കെയോ പുകമറകളുണ്ട്. അറിയാവുന്ന ഭാഷ സംസാരിക്കുന്നവരോട് പോലും ആ സായിപ്പ് നേരാംവണ്ണമൊന്ന് ഇടപഴകുന്നത് നിങ്ങള് കണ്ടിട്ടുണ്ടോ? സ്വന്തം നാടിനെപ്പറ്റിയും മുമ്പ് ജോലിചെയ്തയിടങ്ങളെപ്പറ്റിയുമൊക്കെ വല്ലതും ചോദിച്ചാലോ.. മുക്കലും മൂളലുമല്ലാതെ അയാൾ വല്ലതും മൊഴിയാറുണ്ടോ? കുഞ്ചാക്കോ മുതലാളി വിളിച്ചുകൂട്ടിയ ഏതെങ്കിലും വിരുന്നുസൽക്കാരത്തിൽ അയാൾ പങ്കെടുക്കാറുണ്ടോ? എന്തിന്... ഇവിടെ പലപ്പോഴും ഫോട്ടോയെടുക്കുന്ന നേരത്ത് എല്ലാരും കയറി പല്ലിളിച്ചുകാണിക്കുമ്പോഴും അയാൾ മാത്രമെന്തിനാണ് ഓരോന്നും പറഞ്ഞ് അതീന്നൊഴിവായി മാറി നിൽക്കണത്?'

സംഗതിയതൊക്കെ ശരിയാണല്ലോ എന്ന് വിൻസന്റിനും അപ്പോഴാണ് കത്തിയത്. പക്ഷെ പെട്ടെന്നെങ്കിലും ചോദിച്ചും പറഞ്ഞും സായിപ്പിനെ പിണക്കാനോ, അതിന്റെപേരിൽ കുഞ്ചാക്കോയുമായി കശപിശയുണ്ടാക്കാനോ വിൻസന്റ് ഒരുക്കമായിരുന്നില്ല.

‘എന്തായാലും ഷൂട്ടിംഗ് തീരുന്നതുവരെ ഇയാളൊന്നടങ്ങ്. ബാക്കിയൊക്കെ സായിപ്പില്ലെങ്കിലും നമുക്കങ്ങ് ചെയ്തൂടേ?'

‘അയാളില്ലെങ്കിൽപ്പോലും ഷൂട്ട് ചെയ്യാൻ അസിസ്റ്റന്റ് രാമമൂർത്തിയും പോരാത്തതിന് മാധവൻ നായരുമൊക്കെയില്ലേ? നമ്മള് പറയുന്നപോലെ ആ ശിവറാംസിങ്ങ് എല്ലാം ക്യാമറായിൽ പിടിച്ചുതരും. ഞാനതെല്ലാം കൂട്ടിയൊട്ടിച്ച് നല്ലൊന്നാന്തരമൊരു സിനിമയാക്കിത്തരാം. പിന്നെന്തിനാ പേടിക്കുന്നേ?'

‘നമ്മളായിട്ടൊരു തീരുമാനമെടുക്കാൻ വരട്ടെ. ഞാൻ തരം പോലെ കുഞ്ചാക്കോയോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം പതിയെ അയാളെ ഒഴിവാക്കാൻ നോക്കാം. ചിലപ്പോൾ നമ്മൾ ശങ്കിക്കുന്നതുപോലെയൊന്നും ഉണ്ടാകില്ലെന്നേയ്. ഓരോരുത്തരുടെ പ്രകൃതവും ശീലവുമൊക്കെ വെവ്വേറെയല്ലേ.'

ജോർജിനെ സമാധാനിപ്പിക്കാനായി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാൾ സൂചിപ്പിച്ച കാര്യങ്ങളൊക്കെ മനസ്സിൽവെച്ചുകൊണ്ട് ഒന്നുരണ്ടു ദിവസം നിരീക്ഷിച്ചതോടെ വിൻസന്റിന്റെയുള്ളിലും ചെറുതായി ആധികയറിത്തുടങ്ങി. സിനിമയുടെ സാങ്കേതിക സഹായത്തിന് ആളെത്തിരക്കി മദിരാശിയിലേക്കു പോയ വിൻസന്റാണ് അവിടെനിന്ന് സായിപ്പിനെ ആലപ്പുഴയിലെത്തിച്ചത്. എഗ്മോറിലുള്ള വിക്ടോറിയാ ഹോട്ടലിന്റെ നടത്തിപ്പുകാരിയായൊരു മദാമ്മയാണ് ഫെലിക്സ് സായിപ്പിനെ അയാൾക്കു പരിചയപ്പെടുത്തിക്കൊടുത്തത്. ഭാര്യയും കുഞ്ഞുങ്ങളുമായി ആ ഹോട്ടലിൽത്തന്നെ താമസിക്കുന്ന സായിപ്പിന്റെ കയ്യിലുള്ള ഐമോ ക്യാമറ കണ്ടതും വിൻസന്റ് മറ്റൊന്നുമാലോചിക്കാതെ അപ്പോൾത്തന്നെ സംവിധായകനെ നിശ്ചയിക്കുകയായിരുന്നു. ദൂരെയൊരു ഗ്രാമത്തിൽ ഫിലിം സ്റ്റുഡിയോ നിർമ്മിക്കണം, അവിടെവെച്ചൊരു സിനിമ പിടിക്കണം, അതിനുവേണ്ട സൗകര്യങ്ങളൊക്കെ സൗജന്യമായി ഒരുക്കാമെന്നൊക്കെ കേട്ടതോടെ സായിപ്പ് പെട്ടെന്നുതന്നെ പെട്ടിയുമെടുത്ത് കുടുംബത്തോടൊപ്പം തീവണ്ടി കയറി. മദിരാശിയിൽ വെച്ചുള്ള രണ്ടുദിവസത്തെ പരിചയമൊഴിച്ചാൽ ആരാണ് ഫെലിക്സ് ബെയ്സ് എന്ന വിദേശിയെന്ന് ഒരറിവുമില്ലാതിരുന്ന വിൻസന്റ് ആകപ്പാടെ കുഴങ്ങിപ്പോയി. സായിപ്പിനെ പൂട്ടാനൊരു വഴിയെന്താണെന്ന് എത്രയാലോചിച്ചിട്ടും അയാൾക്കു വലിയ നിശ്ചയമൊന്നുമുണ്ടായിരുന്നില്ല, അതിനൊരവസം ഉടനെത്തന്നെ വീണുകിട്ടുമെന്ന് കരുതിയതുമില്ല.

കാക്കക്കരച്ചിൽ കേട്ടതിനുപുറകെ ദേഷ്യപ്പെട്ടുകൊണ്ട് റെക്കോർഡിംഗ് മുറിയിൽ നിന്നിറങ്ങിയ സായിപ്പ് നേരെ വിട്ടിലേക്കുപോയൊരു ദിവസമായിരുന്നു അത്. അന്തിമയങ്ങിയനേരം എല്ലാരും പണികളൊക്കെ തീർത്ത് ഭക്ഷണപ്പുരയിലേക്കിറങ്ങിയ തക്കം നോക്കി വിൻസന്റ് സായിപ്പിന്റെ മുറിയിൽക്കയറി. ഇടവേളകളിൽ സായിപ്പ് മയങ്ങിയിരുന്ന കയറ്റുകട്ടിലിന്റെ കീഴെയുള്ള തകരപ്പെട്ടിയുടെ പൂട്ട് തകർത്തെങ്കിലും അതിനകത്ത് കാര്യമായ രഹസ്യങ്ങളൊന്നുമില്ലായിരുന്നു. ഒരു ജോഡി വസ്ത്രങ്ങൾ, പഴയ ചില പത്രക്കഷ്ണങ്ങൾ, കാര്യമായൊന്നും കുറിച്ചിടാത്തൊരു ഡയറി, ചെറിയൊരു തുകൽ സഞ്ചി, പാതി കാലിയായൊരു മദ്യക്കുപ്പി, കഷ്ടിച്ച് രണ്ടു റീൽ ഫിലിം ചുരുളുകളുകൾ കൊള്ളുന്ന ഒന്നുരണ്ട് കൂടുകൾ എന്നിവയായിരുന്നു അതിനകത്തുണ്ടായിരുന്നത്. ഭക്ഷണം കഴിച്ചു മടങ്ങിവരുന്നവരുടെ വർത്തമാനവും കാൽപ്പെരുമാറ്റവുമൊക്കെ വരാന്തയിൽ മുഴങ്ങിയതോടെ തുകൽ സഞ്ചിയ്ക്കുള്ളിലെന്താണെന്ന് പരതാനുള്ള ശ്രമം പാതിയിൽ ഉപേക്ഷിക്കപ്പെട്ടു. അതിലെ ഫിലിം റോൾ കൂടുകളിൽ നിന്നൊരെണ്ണംമാത്രം കയ്യിലെടുത്തശേഷം പെട്ടി കട്ടിലിന്നടിയിലേക്കുതന്നെ നിരക്കിവെച്ച് വിൻസന്റ് തിടുക്കത്തിൽ ആ മുറിയിൽനിന്ന് പുറത്തുകടന്നു. സംവിധാനസഹായിയായിരുന്ന മാധവൻ നായരും കൂട്ടരുമായിരുന്നു വരാന്തയിലൂടെ നടന്നു വന്നിരുന്നത്. പഴയൊരു വിദേശച്ചിത്രത്തിന്റെ റീലാണെന്നും, തനിച്ചിരുന്നത് കാണണമെന്നൊരാശയുണ്ടെന്നും പറഞ്ഞാണ് ആ ഫിലിം ചുരുൾ മാധവൻ നായരെക്കൊണ്ട് ലോഡ് ചെയ്യിപ്പിച്ചത്. എന്നാൽ തിരശ്ശീലയിൽ തെളിയാൻ പോകുന്നത് ചില്ലുകളുടഞ്ഞ രാത്രിയിലെ ജർമ്മൻ തെരുവുകളും, നാസികൾ നടത്തിരുന്ന തടങ്കൽപ്പാളയങ്ങളും, ഹിറ്റ്ലറെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളുമാണെന്ന് വിൻസന്റിനൊരൂഹം പോലുമുണ്ടായിരുന്നില്ല. ആകപ്പാടെ അന്താളിച്ചുകൊണ്ട് ആ കാഴ്ചകളിൽ മുഴുകിയിരിക്കേ, എന്തോ എടുക്കാൻ മറന്നതിനാൽ വീട്ടിലേക്കു പോയ സായിപ്പ് സ്റ്റുഡിയോയിലേക്ക് മടങ്ങി വന്നതോ, തന്റെ മുറിയിലാരോ കടന്നുകയറിയകാര്യം തിരിച്ചറിഞ്ഞ് ചുറ്റുവട്ടത്തൊക്കെ എത്തിനോക്കിയതോ, ഫിലിം റീല് കറങ്ങുന്നതിന്റെയൊച്ചയും വെട്ടവുമൊക്കെക്കണ്ട് താനിരിക്കുന്നിടത്തേക്ക് കയറിവന്നതോ ഒന്നും തന്നെ വിൻസന്റ് അറിഞ്ഞതേയില്ല. കൊടുംക്രൂരതകളുടെ ചലച്ചിത്രദൃശ്യങ്ങൾക്കുമീതെ അതെല്ലാം പകർത്തിയെടുത്തയാളുടെ നിഴൽ വീണു മറഞ്ഞപ്പോഴാണ് ഫെലിക്സ് ബെയിസ് സായിപ്പിന്റെ സാന്നിദ്ധ്യം അയാൾ മനസ്സിലാക്കിയത്. തന്റെ മുഖത്തു നോക്കിയശേഷം ഒന്നും പറയാതെ മുറിയിലേക്കു മടങ്ങിയ സായിപ്പിന് പുറകെ വിൻസന്റുമെത്തി. ഉള്ളിലടക്കിപ്പിടിച്ച സംശയങ്ങളും സംഭ്രമങ്ങളുമെല്ലാം കെട്ടഴിച്ചുവിട്ടുകൊണ്ട് ഉച്ചത്തിൽ കയർത്തുകൊണ്ടെന്തോക്കെയോ ചോദിച്ചുകൊണ്ടിരുന്ന വിൻസന്റിന്റെ മുന്നിലേക്കായി സായിപ്പ് തന്റെ തകരപ്പെട്ടിയുടെയുള്ളിലെ തുകൽ സഞ്ചിയിൽ നിന്നൊരു ഫോട്ടോ എടുത്തിട്ടു. ഏകാധിപതിയായിരുന്നൊരു മുറിമീശക്കാരനെയും താനഭിനയിക്കുന്ന സിനിമയുടെ സംവിധായകനെയും മാത്രമേ ആ ഫോട്ടോയിൽ തിരിച്ചറിയാൻ സാധിച്ചുള്ളൂവെങ്കിലും തനിക്കു മുന്നിൽ നിൽക്കുന്നത് ആൾമാറാട്ടക്കാരനാണെന്ന സത്യം വിൻസന്റിന് ഊഹിച്ചെടുക്കാനായി.

‘നിങ്ങളാരാണ് ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസോ, അതോ ലോകമഹായുദ്ധത്തിൽ തോറ്റ ജർമ്മൻ പട്ടാളക്കാരനോ?'

‘വ്യക്തമായി പറഞ്ഞാൽ ഞാനിത് രണ്ടുമല്ല. പക്ഷെ വിൻസന്റ് ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായി. ഞാനൊരു ജർമ്മൻ ചാരനായിരുന്നു എന്നത് വാസ്തവമാണ്. നാസികളുടെ ഷുട്സ്റ്റാഫലിന്റെ കീഴിലായിരുന്നു ഞാൻ പ്രവർത്തിച്ചത്.'

അങ്ങനെയൊരു സംഘത്തെക്കുറിച്ച് വിൻസന്റ് ആദ്യമായി കേൾക്കുകയായിരുന്നു.

ജൂതന്മാരെല്ലാം ദാവീദിന്റെ മഞ്ഞനക്ഷത്രം നിർബന്ധമായും അടയാളമുദ്രയായി ധരിച്ചുകൊള്ളണമെന്ന് നിബന്ധനയുള്ള കാലത്ത് നാസിജർമ്മനിയിലെ ജനജീവിതമാകെ നിയന്ത്രിച്ചിരുന്നത് ഷുട്സ്റ്റാഫലായിരുന്നു. ആര്യൻ വംശജരല്ലാത്തവരുടെ പട്ടികയുണ്ടാക്കി തിരഞ്ഞുപിടിച്ച് ആക്രമണങ്ങൾ അഴിച്ചുവിടുക, ജൂതരെ കൊലക്കളങ്ങളിലേക്ക് അയക്കുക, തടവുപുള്ളികളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുക, നാസിപ്പാർട്ടി സമ്മേളനങ്ങളുടെ സംഘാടനവും സുരക്ഷയും കൈകാര്യം ചെയ്യുക, തങ്ങളുടെ ആശയപ്രചരണത്തിനായി ഏതറ്റംവരെയും പോകുക, വിദേശരാജ്യങ്ങളിൽച്ചെന്ന് ചാരപ്രവർത്തനത്തിലേർപ്പെടുക, സംശയമുള്ളവരെയെല്ലാം നീരിക്ഷിച്ചതിന്റെ വിവരങ്ങൾ രഹസ്യപ്പോലീസായ ഗസ്റ്റപ്പോയ്ക്ക് കൈമാറുക, ഹോളോകാസ്റ്റ് എന്നപേരിൽ രാജ്യമെമ്പാടും നടത്തിയ കൂട്ടക്കൊലകൾക്ക് ഒത്താശചെയ്യുക എന്നതൊക്കെയായിരുന്നു ആ സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ. സായുധരായതും അല്ലാത്തതുമായ രണ്ടുവിഭാഗങ്ങൾ അതിനുണ്ടായിരുന്നു. ആയുധമേന്താതെ പ്രചാരവേലയ്ക്കായി മുന്നിട്ടിറങ്ങിയവരുടെ കൂട്ടത്തിലായിരുന്നു ഫെലിക്സ് ബെയ്സ് സായിപ്പ്. ഫോട്ടോയും വീഡിയോയുമൊക്കെ നന്നായി പകർത്താൻ കഴിയുണ്ടായിരുന്ന സായിപ്പിനോട് ജർമ്മനിയുടെ പ്രചരണമന്ത്രിയായിരുന്ന ഗീബൽസിനെ ചെന്നുകാണാൻ നിർദ്ദേശിച്ചത് ഷുട്സ്റ്റാഫലിന്റെ പ്രമുഖനേതാവും പിന്നീട് ഓഷ്വിറ്റ്‌സ് തടങ്കൽപ്പാളയത്തിന്റെ കാമാൻഡറുമായിരുന്ന റുഡോൾഫ് ഹോസായിരുന്നു. അക്കാലത്ത് അന്നാട്ടിലെ സകലമാധ്യമങ്ങളും ജോസഫ് ഗീബൽസിന്റെ വകുപ്പിന് കീഴിലുള്ള പ്രക്ഷേപണ മന്ത്രായലത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഒരേ നുണ പലവട്ടം ആവർത്തിച്ചു പറഞ്ഞാലത് സത്യമായി മാറുമെന്ന ഗീബൽസീയൻ കുതന്ത്രത്തിന്റെ സന്ദേശവാഹകരായാണ് മാധ്യമങ്ങളെല്ലാം പ്രവർത്തിച്ചിരുന്നത്. നാസി സംഹിതകളെ നാടെങ്ങും പരത്താനായി ചലച്ചിത്രദൃശ്യങ്ങളുുണ്ടാക്കുന്ന വിഭാഗത്തിലാണ് സായിപ്പിന് പരിശീലനാടിസ്ഥാനത്തിൽ നിയമനം ലഭിച്ചത്. അതു പൂർത്തിയാക്കി ഇറങ്ങിയപ്പോൾ ലഭിച്ച ആദ്യത്തെ കർത്തവ്യം ചില്ലുകളുടഞ്ഞ രാത്രിയെ ഫിലിം ചുരുളുകളാക്കി നാടെങ്ങും പ്രദർശിപ്പിക്കുക എന്നതായിരുന്നു. തുടർന്ന് ജൂതരുടെ ക്യാമ്പുകളും, നാസിപ്പാർട്ടിയുടെ സമ്മേളനങ്ങളും, മന്ത്രായലത്തിലെ വിരുന്നുസൽക്കാരവുമൊക്കെ നിശ്ചലദൃശ്യമായും ചലച്ചിത്രരൂപമായുമൊക്കെ പകർത്തിയെടുക്കാനുള്ള അവസരങ്ങൾ അയാൾക്കുണ്ടായി. അതിനിടെയാണ് രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

ആ യുദ്ധത്തിൽ തങ്ങൾ അനായാസേന ജയിക്കുമെന്നായിരുന്നു ഹിറ്റ്‌ലറുടെയും ഗീബൽസിന്റെയുമൊക്കെ ധാരണ. യുദ്ധവിജയത്തിനുശേഷം തങ്ങളുടെ കീഴിലാകാൻ പോകുന്ന രാജ്യങ്ങളുടെ തന്ത്രപ്രധാനമായ ഇടങ്ങളുടെ ദൃശ്യങ്ങൾ നേരത്തേ പകർത്തിവെച്ചുകൊണ്ട് വിവരശേഖരണം വിപുലമാക്കാൻ ഗീബൽസ് തന്റെ മന്ത്രാലയത്തിന് ആജ്ഞകൊടുത്തിരുന്നു. ബോംബെയും ബനാറസും ദില്ലിയും മൈസൂരും മദിരാശിയുമൊക്കെ ക്യാമറയിലൊപ്പിയെടുക്കാനുള്ള ദൗത്യവുമായി ഫെലിക്സ് ബെയ്സ് പുറപ്പെട്ടുപോന്നതങ്ങനെയാണ്. എന്നാൽ സായിപ്പ് ഇന്ത്യയിലെത്തിയതിന് പുറകെ ജർമ്മനി യുദ്ധംതോറ്റു. അഡോൾഫ് ഹിറ്റ്‌ലർ സ്വയം വെടിവെച്ചു മരിച്ചതിനുശേഷം ഗീബൽസ് ഒറ്റദിവസത്തേയ്ക്ക് രാജ്യത്തിന്റെ സർവ്വസൈന്യാധിപനായി വാണു. പിറ്റേന്നൊരു മേയ്ദിനത്തിന്റെയന്ന് നുണപ്രചരണങ്ങളുടെ ആ തലതൊട്ടപ്പൻ തന്റെ ആറു കുഞ്ഞുങ്ങൾക്കും മയക്കുമരുന്നു നൽകി ഉറക്കിക്കിടത്തിയശേഷം സയനൈഡ് കുത്തിവെച്ചു. അവരുടെ മരണം ഉറപ്പായതോടെ ഗീബൽസ് ഭാര്യയോടൊത്ത് ആത്മഹത്യ ചെയ്തു. മഹായുദ്ധത്തിന്റെ നടുക്കം പൂർത്തിയാക്കിക്കൊണ്ട് ജപ്പാനിൽ അണുബോംബുകൾ വീണുപൊട്ടി. പന്തീരാണ്ടുകൊല്ലം ജർമ്മനിയിൽ ക്രൂരതയുടെ കൊടിയടയാളവും പേറി ലക്ഷക്കണക്കിനാളുകളുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരെയെല്ലാം അന്താരാഷ്ട്ര സൈനികക്കോടതി കുറ്റവാളികളായി പ്രഖ്യാപിച്ചു. ന്യൂറംബർഗിലും ഫ്രാങ്ക്ഫർട്ടിലും വാഴ്സായിലും ഓഷ്വിറ്റ്സിലുമൊക്കെ നാസികൾക്കെതിരെ വിചാരണയാരംഭിച്ചു.

‘മിസ്റ്റർ ഫെലിക്സ്... ഓ! അതു തന്നെ ഒന്നാന്തരമൊരു കള്ളമായിരിക്കുമല്ലോ... നിങ്ങൾ ചാരന്മാർ സ്വന്തം പേരുപയോഗിക്കാറു പതിവില്ലല്ലോ, അല്ലേ?'
"അതൊക്കെയിനി എന്തിനാണ് ചികയുന്നത്.'

‘എങ്കിലും കേൾക്കട്ടെ... എന്താണ് നിങ്ങളുടെ ശരിപ്പേര്?'

‘എന്റെ കൈവശമുള്ള രേഖകളിലൊന്നും ഇപ്പോൾ ആ പേരില്ലെന്ന കാര്യം ദയവായി നിങ്ങൾ മനസ്സിലാക്കണം'

‘നിങ്ങളെന്തെങ്കിലുമൊരു കാരണം കണ്ടെത്തി മറ്റുള്ളവരെ വിശ്വസിപ്പിച്ചശേഷം ഉടനെത്തന്നെ ഇവിടം വിട്ടുപോകണം. കാശെത്രയാണെന്നുവെച്ചാൽ ചോദിച്ചോ. ഞാനതെങ്ങനെയെങ്കിലും കുഞ്ചാക്കോയോട് പറഞ്ഞു വാങ്ങിത്തരാം'

‘പണമല്ല ഇപ്പോൾ എന്റെ വിഷയം... തങ്ങാൻ സുരക്ഷിതമായൊരിടമാണ്. പെട്ടെന്നിങ്ങനെ പറഞ്ഞാൽ എങ്ങോട്ടാണിറങ്ങിപ്പോവുക?'

‘അതും ഞാനാണോ പറഞ്ഞുതരേണ്ടത്? നിങ്ങളെയിങ്ങോട്ട് അയച്ചവന്മാരോടു തന്നെ വിളിച്ചു ചോദിക്ക്'

‘അവരിൽ മിക്കവരുമിന്ന് ജീവനോടെയില്ല വിൻസന്റ്... കുറച്ചുപേർ ഒളിവിലും തടവിലുമൊക്കെയാണ്. അവശേഷിച്ചവർ കുറ്റവിചാരണക്കുശേഷം മരണം കാത്തുകിടക്കുന്നു'

‘എന്നാലിനി മറ്റൊന്നും നോക്കാതെ നേരെ നാടുപിടിക്കാൻ നോക്ക്'

‘ഏതു നാട്? ഇങ്ങോട്ട് പുറപ്പെട്ടുപോരുമ്പോൾ ഉണ്ടായിരുന്ന ജർമ്മനി കിഴക്കെന്നും പടിഞ്ഞാറെന്നും രണ്ടായിപ്പിളരാൻ പോകുന്നു. ഞാനേതുഭാഗത്തേക്കാണ് മടങ്ങണ്ടത്?'

‘നിങ്ങളേത് നരകത്തിലെങ്കിലും ചെന്നു തുലയ്. എന്നോടിത്തിരി കരുണയുണ്ടെങ്കിൽ ഒരുപകാരം ചെയ്യണം. പോകുന്നതുവരെ നിങ്ങളാരാണെന്ന കാര്യമൊന്നും ഇവിടെയാരെയും അറിയിക്കാൻ നിൽക്കരുത്.'

‘അത് ഞാൻ താങ്കളോടങ്ങോട്ട് അഭ്യർത്ഥിക്കേണ്ട കാര്യമല്ലേ?'

‘വല്ലാത്തൊരു ഗതികേട് നോക്കണേയ്. ഇന്നാട്ടിലൊരു ഫിലിം സ്റ്റുഡിയോ ഉണ്ടാക്കി... അതിൽവെച്ചൊരു മലയാളം സിനിമ പിടിക്കുമ്പോളതിന്റെ സംവിധായകൻ ജർമ്മൻ ചാരനാണെന്ന് ആരെങ്കിലുമറിഞ്ഞാൽ പിന്നത്തെ കാര്യമെന്താകുമെന്ന് തനിക്ക് വല്ല ധാരണയുമുണ്ടോ? പണവും പരിശ്രമവുമൊക്കെയായി ഇതിന്റെ പുറകെ ഇറങ്ങിത്തിരിച്ചവർ എന്നെയും തന്നെയുമൊക്കെ വെറുതെ വിടുമെന്നാണോ കരുതിയിരിക്കുന്നത്?'
"എനിക്കെല്ലാം തിരിച്ചറിയാനാകും പ്രിയ വിൻസന്റ്. ഇതെക്കുറിച്ചോർത്ത് നിങ്ങൾ വല്ലാതെ ഭയക്കേണ്ടതില്ല. പക്ഷെ കുടുംബത്തോടൊപ്പം യാത്രക്കൊരുങ്ങാനും ചില കടലാസ്സുകൾ ശരിയാക്കാനുമൊക്കെ എനിക്ക് ഒരാഴ്ചകൂടി സമയം വേണം.'

‘എന്നാൽപ്പിന്നെ അതിനനുസ്സരിച്ച് കാര്യങ്ങൾ മുന്നോട്ടു നീക്കിയാട്ടെ...'

‘പോകുന്നതിനകം ഈ സിനിമയുടെ ബാക്കിയുള്ള ജോലികൾ പൂർത്തീകരിച്ചു തരാമെന്ന് ഞാൻ നിങ്ങൾക്കുറപ്പുതരുന്നു.'

‘തന്റെ വലിയ സഹായമൊന്നും ആർക്കുമിനി വേണ്ടാ... വൈകാതെ ഇറങ്ങിത്തന്നാൽ അതുതന്നെ വലിയ ഉപകാരമായിരിക്കും'

‘എനിക്ക് പെട്ടെന്നങ്ങനെ എവിടേയ്ക്കെങ്കിലും ഓടിപ്പോകാനാകില്ലെന്നകാര്യം ദയവായി വിൻസന്റ് മനസ്സിലാക്കൂ. ലോകത്ത് പലയിടത്തുമായി യുദ്ധവിചാരണകൾ തുടങ്ങിയിരിക്കുന്ന വാർത്തകളൊക്കെ റേഡിയോയിലൂടെ നിങ്ങളും കേൾക്കുന്നതല്ലേ? കെടുതികൾ ചെയ്ത നാസികളെന്ന് ഉറപ്പുള്ളവരെയെല്ലാം അവർ വിചാരണചെയ്തു ശിക്ഷവിധിക്കുന്നു. ഞാനെന്ത് ധൈര്യത്തിലാണ് കുട്ടികളേയുംകൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് ചെന്നുകയറുക?'

‘അതൊക്കെ ഇപ്പോഴാണോ ആലോചിക്കുന്നത്? കണ്ണാടിക്കൂടുകളിൽ ആളുകളെ കുത്തിനിറച്ച് വിഷവാതകം കയറ്റിക്കൊന്ന നിങ്ങളുടെ കൂട്ടക്കാരുടെ കഥകളൊക്കെ പത്രത്തിൽ വായിച്ചുള്ള അറിവ് എനിക്കുമുണ്ട്.'

‘ഞാൻ ആളെക്കൊല്ലുന്ന കൂട്ടത്തിൽപ്പെട്ട ഒരുവനായിരുന്നില്ല...'

‘അത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതും അത്രത്തോളം തെറ്റാണെന്ന് അറിവില്ലാതെയാണോ ഒരു മനസ്സുമടുപ്പുമില്ലാതെ നിങ്ങൾ ഇതിന്റെയൊക്കെ പുറകെ ക്യാമറയും തൂക്കിപ്പിടിച്ചിറങ്ങിയത്?'

അതിന് മറുപടിയില്ലാതെ സായിപ്പ് കീഴാർക്കൂനനെപ്പോലെയിരുന്നു.

ചീത്തവിളിച്ചുകൊണ്ട് വിൻസന്റ് ആ മുറിവിട്ടിറങ്ങിപ്പോയതിനുശേഷവും സായിപ്പ് കുറച്ചുനേരംകൂടി അതേയിരിപ്പ് തുടർന്നു. ശേഷം തന്റെ തകരപ്പെട്ടിയിലുണ്ടായിരുന്ന മദ്യക്കുപ്പി തുറന്ന് നേരെ വായിലേക്കു കമിഴ്ത്തി. പോകുന്ന പോക്കിൽ വിൻസന്റ് നിലത്തേക്കു വലിച്ചെറിഞ്ഞ ഫോട്ടോയെടുത്ത് കോട്ടിന്റെ പോക്കറ്റിലേക്കിട്ടശേഷം അയാൾ റേഡിയോയും കയ്യിലെടുത്ത് പതിവ് രാത്രിനടത്തത്തിനിറങ്ങി. പുന്നമരത്തിനു ചുവടെയെത്തിയപ്പോൾ ഒരു ചുരുട്ടെരിച്ചു ചുണ്ടത്തുവെച്ചുകൊണ്ട് ലോകവാർത്തകൾ കേട്ടു. പതിയെ അയാൾ കോട്ടിന്റെ കീശയിൽനിന്ന് ഫോട്ടോയെടുത്തശേഷം ചുരുട്ടുകത്തിക്കാനുപയോഗിച്ച ലൈറ്ററിന്റെ വെട്ടത്തിൽ അതിലേക്കങ്ങനെ ഉറ്റുനോക്കിയിരുന്നു. ജർമ്മൻ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാർഷികച്ചടങ്ങിന് ഹിറ്റ്‌ലറും ഗീബൽസും വിശിഷ്ടാതിത്ഥികളായെത്തിയ ദിവസം എടുത്തതായിരുന്നു ആ ചിത്രം. ഒരു നിമിഷം മിഴികളടച്ചിരുന്നന്നുകൊണ്ട് ഹൃദയത്തിരശ്ശീലയിൽ തെളിഞ്ഞ സ്മരണകളുടെ ചലനചിത്രങ്ങളിലേക്ക് ഊളിയിടുന്നേരം പാപബോധത്താൽ ഉള്ളകം വിങ്ങിപ്പൊട്ടിയതോടെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പെട്ടെന്നാണ് തലക്കുമീതെയായി പുന്നമരക്കൊമ്പിൽ നിന്നൊരു കാക്കക്കരച്ചിൽ കേട്ട് സായിപ്പ് ഞെട്ടിയെഴുന്നേറ്റത്. ലൈറ്ററിന്റെ തീനാളം ഊതിക്കെടുത്തിയശേഷം കയ്യിലിരുന്ന ഓർമ്മച്ചിത്രം കുനുകുനായെന്ന് കീറിയെറിഞ്ഞുകൊണ്ടയാൾ ആ രാത്രിയുടെ ഇരുട്ടിലേക്ക് നടന്നുമറഞ്ഞു.

കൊത്തിവിഴുങ്ങൽ

താരങ്ങൾ നിറഞ്ഞ രാത്രിയാകാശത്തിലേക്ക് പൊൻകുഞ്ഞ് പിന്നെയും കഴുത്തുനീട്ടി. വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ മീതെ മകയിരത്തിന് വലത്തായുള്ളൊരു തിളക്കത്തെ കൊത്തിയെടുത്ത കുഞ്ഞിനോട് കാക്ക ചോദിച്ചു;
‘ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണവും നമ്മള് പറയുന്ന കഥകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിനക്കറിയാമോ?'

കൊക്കു കൂർപ്പിച്ചുകൊണ്ട് ചെരിഞ്ഞുനോക്കിയ കാക്കക്കുഞ്ഞ് ഇല്ലെന്ന മട്ടിൽ ഇരുത്തം തുടർന്നു.

‘നേരിൽക്കണ്ടറിഞ്ഞതും ഏറുകൊണ്ടറിഞ്ഞതുമായ ഓരോ കഥയും പറഞ്ഞു കഴിയുമ്പോൾ നമ്മളൊരു നക്ഷത്രത്തെ വിഴുങ്ങും. ഓരോ കാക്കക്കഥയുടെ ഒടുക്കവും ഓരോരോ കുഞ്ഞുമിന്നാരങ്ങൾ മറഞ്ഞില്ലാതാകും. എന്നിട്ടും... ഈ ലോകത്താകമാനം കാക്കക്കൊത്തൊള്ളായിരം കാക്കകളുണ്ടായിട്ടും... അവരൊക്കെ കൊക്കു കഴയ്ക്കുവോളമിരുന്നിങ്ങനെ ആകാശത്തിലെ കഥകളുടെ മിന്നിച്ചിമ്മലുകളെ കരഞ്ഞുക്രാവി കൊത്തിക്കെടുത്തിയിട്ടും... ഈ മാനമൊട്ടാകെ ഇനിയുമിനിയും നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കണതെങ്ങനെയാണ്?'

പൊൻകുഞ്ഞ് കേൾവിക്കാരിയുടെ മൗനം തുടർന്നപ്പോൾ തള്ളക്കാക്ക തനിയെ ഉത്തരം പറഞ്ഞു.

‘ഈ മനുഷ്യര്... നന്നായും കെട്ടുമൊക്കെയിങ്ങനെ പിന്നെയും പിന്നെയും പലമാതിരി ചത്തും ജീവിച്ചുമൊക്കെ കഥകളുണ്ടാക്കി ആകാശമെമ്പാടും തെളിച്ചങ്ങൾ നിറയ്ക്കുന്നതുകൊണ്ട്...' ▮

ചരിത്രസൂചനകളുടെ ആധാരങ്ങൾ: പുന്നപ്രവയലാർ സമരരഗാഥകളെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങൾ, ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെയും മധു ഇറവങ്കരയുടെയും ലേഖനങ്ങൾ, ഗീബൽസിന്റെ ജീവചരിത്രപുസ്തകം.


ദേവദാസ്​ വി.എം.

കഥാകൃത്ത്​, നോവലിസ്​റ്റ്​, തിരക്കഥാകൃത്ത്​. ഡിൽഡോ: ആറ്​ മരണങ്ങളുടെ പൾപ്പ്​ ഫിക്ഷൻ പാഠപുസ്​തകം, പന്നിവേട്ട, ചെപ്പും പന്തും, ശലഭജീവിതം, അവനവൻതുരുത്ത്​ തുടങ്ങിയ പ്രധാന കൃതികൾ.

Comments