Ponder the weight of your lover's grasp. Record birdsong. Trace the shape of a shared moon. Because we don't always know what may hold meaning in the future, capture whatever life fragments move you today.
- An extract from Lissa Jensen's journal.
1. സായൂജ്യപ്പൂക്കള്‍
(പണ്ടെങ്ങോ പെയ്ത നല്ലൊരു മഴ പോലെ, പൊഴിയുന്ന പൂക്കളൊന്നും യഥാര്‍ത്ഥത്തില്‍ കൊഴിയുകയോ ജീര്‍ണിക്കുകയോ ചെയ്യുന്നില്ലെന്നും അവ 'വെളിച്ചമുള്ള പൂക്കളാണെ'ന്നും ഓര്‍മിപ്പിച്ച ബൈബു മോനെ ഇത്തരുണത്തില്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു.)
അമ്മയും കുഞ്ഞും കൂടി കുഞ്ഞിന്റെ കുത്തി വെപ്പിനായിട്ടുള്ള പോക്കാണ്. ‘അമ്മ നന്നേ തിടുക്കത്തിലാണ്. കുഞ്ഞിനാട്ടെ മെതുവേ ചലിക്കുന്നതാണ് യതം. പോകുന്ന പോക്കിനും നടക്കുന്ന നടപ്പിനുമിടയില്‍ കുഞ്ഞിനൊരേ വാശി, തലേന്നു ചാറിയ ചാറ്റലില്‍ കുതിര്‍ന്ന കടലാസ് മുടി ഉണക്കാനെന്നോണം അവനോളം താഴ്ന്ന് നിക്കണ ചോന്ന പൂക്കള്‍ പിച്ചി കൈ കുമ്പിള്‍ നിറക്കണമെന്ന്. ‘നിലത്ത് കിടക്കണത് എടുത്തോ കുഞ്ഞേ’ എന്നമ്മ. ‘അത് വെളിച്ചമുള്ള പൂവാ, പെറുക്കരുത്..’. എന്നായി കുഞ്ഞും.
കുഞ്ഞിന് ചിറി കോടിക്കലും അമ്മയ്ക്ക് നെറ്റി ചുളിക്കലുമായി.
അന്നേരമാണ്, ആ ഇളം വെയില്‍ തൂവിയ നാട്ടു വഴിയിലൂടെ ആയുസ്സിന്റെ നല്ലൊരു പങ്കും ജീവിച്ചു തീര്‍ത്തു, എന്ന് ഉത്തമ ബോധ്യമുള്ള ഒരു കിഴവന്‍ പണ്ടെങ്ങോ ചത്തു മലന്ന തന്റെ കാമുകിക്കൊപ്പം സംഗമിക്കാന്‍ കടലിനെ ലക്ഷ്യം വെച്ച് നടന്നുവന്നത്. കൗതുകത്തോടെ കാഴ്ച കണ്ട് നിന്നയാള്‍, പുറംചട്ട പിഞ്ഞിയ ജീവിതമെന്ന പുസ്തകത്തിന്റെ ഏടുകള്‍ പിന്നോക്കം കുറെ മറിച്ചു. അയാളുടെ കണ്ണപ്പോള്‍ തിളങ്ങി, പഞ്ഞിമീശയില്‍ മധുര ചിരിയും കിനിഞ്ഞു.
അരികെ ചെന്ന് കിഴവന്‍ കുഞ്ഞിനെ അയാള്‍പ്പൊക്കത്തില്‍ എടുത്തുയര്‍ത്തി. കുഞ്ഞ് കൈ കുമ്പിള്‍ നിറയെ പൂക്കള്‍ നിറച്ച് ചോപ്പിച്ചു. ഇറങ്ങുമ്പഴും, കിഴവന്റെ ഇക്കിളി പരത്തുന്ന താടിയില്‍ മൂക്കും കണ്ണും പൊത്തി മുത്താനും അവന്‍ മറന്നില്ല.
തിരികെ നടക്കുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ഭാരക്കുറവ്. അയഞ്ഞ യതം. ചില്ലകളില്‍ നിന്ന് കുഞ്ഞുപൂക്കള്‍ പിച്ചവെ അതില്‍ നിന്നും ഒരല്ലി പോലും നിലത്തെ ഓടയില്‍ വീണില്ല. മറിച്ചത് കിഴവന്റെ തെളിഞ്ഞ നെറ്റി പുറത്തും തോളത്തുമിരുന്ന് അയാള്‍ക്കൊപ്പം യാത്ര തിരിച്ചു.
നിങ്ങളിന്നത്തെ പാതിരാവെട്ടത്ത് മാനം നോക്കുമ്പോള്‍ തോണി നിലാവിന്റെ കൂര്‍ത്തിരിക്കണ ഒരറ്റത്ത് കടലാസ് പൂക്കള്‍ കൊത്തിയ ചോന്ന പൊട്ടും മറ്റേയറ്റത് കിഴവനും കാമുകിയും കൈകോര്‍ത്തിരിക്കുന്നതായും കാണാം.
2. നൂല്‍ച്ചിരി നെയ്യുന്ന വിധം
(കടുത്ത വിഷാദരോഗത്തിന്റെ നുകം സഹിക്ക വയ്യാതെ ഇടത്തെ ചെവി സ്വമേധയാ മുറിച്ചതിനു ശേഷം വിന്‍സെന്റ് വാന്‍ഗോഗും പോള്‍ ഗോഗിനും ഒരുമിച്ച് ചിലവഴിച്ച സായാഹ്നം.)
വീര്യമേറിയ ചോപ്പ് ചഷകങ്ങള്‍ വാനോളം ഉയര്‍ത്തി അസ്തമയം കാക്കുന്ന ചക്രവാള കോണിലേക്ക് അന്നേ ദിവസത്തെ വേല ഒതുക്കിയ മേഘ ചുരുളുകള്‍ മന്ദം നീങ്ങുന്നതും നോക്കി കിടക്കുകയായിരുന്നു അവരപ്പോള്‍.
അരമതിലില്‍ നട്ടിരുന്ന റോസ ചെടികള്‍ അവരിരുവരുടെയും മുഖത്തപ്പോള്‍ പാവക്കൂത്താടി. പോള്‍ ഗോഗിനാകട്ടെ ഒരു കണ്ണ് മുറുക്കിയടച്ച് റോസ തണ്ടിന്റെ ചലനങ്ങളെ വിരല്‍ തുമ്പ് കൊണ്ട് വായുവില്‍ അനുകരിക്കാന്‍ ശ്രമിച്ചു.
കടുത്ത തലവേദന നിമിത്തം വാന്‍ഗോഗിന് കണ്ണ് തുറക്കാന്‍ മേല. വരണ്ടുണങ്ങിയ നിറങ്ങള്‍ പറ്റി പിടിച്ച അയാളുടെ വിരലുകള്‍ പോള്‍ ഗോഗിന്റെ നൃത്തം ചെയ്തുകൊണ്ടിരുന്ന വിരലുകളിലേക്ക് ചുണ്ടുകള്‍ പോലെ കോര്‍ത്തു. അവ നിറങ്ങള്‍ കലരും പോലെ അനായാസേന പരസ്പരം പുണര്‍ന്നു.
പോള്‍ ഗോഗിന്‍ റോസയുടെ നിഴലാട്ടവും വണ്ടുകള്‍ അതിന്റെ മുല ഞെട്ട് ഉറുഞ്ചി മധുരം നുകരുന്ന ആര്‍ത്തനാദവും കേള്‍പ്പിച്ചപ്പോള്‍ വാന്‍ഗോഗാകട്ടെ, ഹൃദയവര്‍ണത്തിലുള്ള അവയുടെ നിറപ്പകിട്ടും ആയുസന്തിയോളം അതിനെ ആവരണം ചെയ്തിരിക്കുന്ന കോര മുള്ളിന്റെ ആഴ്ന്നിറങ്ങുന്ന നോവെന്തെന്നും പറഞ്ഞു കൊടുത്തു.
ദൂരെ നിന്നും നിറവയറു കണക്കുള്ള മുളസഞ്ചിയുമേന്തി കുടുംബത്തേക്ക് മടങ്ങുന്ന പെണ്ണുങ്ങളുടെ ഞാറ്റു പാട്ട് കേള്‍ക്കാമായിരുന്നു. ബാര്‍ലി മണക്കുന്ന പടിഞ്ഞാറന്‍ കാറ്റ് ആ ഞാറ്റു പാട്ടിന്റെ ചുമലിലേറി വാന്‍ ഗോഗിന്റെ ക്ഷേമം അന്വേഷിക്കാന്‍ വന്നതും അവന്‍ പോള്‍ ഗോഗിനെ കെട്ടി പിടിച്ച് തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു:
‘എന്റെ പ്രിയ ചങ്ങാതി, തെച്ചിപ്പൂക്കള് ചോന്ന് നിക്കണ ആകാശക്കോണിലേക്ക് പറവകളുടെ ചിറകിലേന്തി മേഘങ്ങള്‍ കൂട്ടത്തോടെ യാത്ര തിരിച്ചിരിക്കുന്ന ഈ നാഴികയില്‍, ചിരിക്കുക എന്നാല്‍ എന്തെന്ന് നീ എനിക്ക് പറഞ്ഞു തരുമോ?’
അത് കേട്ടതും പോള്‍ ഗോഗിനൊന്ന് മന്ദഹസിച്ചു. എന്നിട്ട്, ചെള്ള് പുറ്റായി കട്ട പിടിച്ച വാന്‍ഗോഗിന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് ഞാന്നു കിടന്ന കാതിന്റെ തുഞ്ചത്തൊന്ന് ചുണ്ട് നനപ്പിച്ച് മുത്തി, പച്ചമാംസത്തിന്റെ പുളിപ്പറിഞ്ഞു. ഒരു വശത്തെ ശ്രവണ ശേഷി പൂര്‍ണമായും നഷ്ടപ്പെട്ട ആ മനുഷ്യന്റെ ഉള്ളിലത് പുതുവര്‍ണങ്ങള്‍ മെടഞ്ഞു.
‘ഒരു വൈകുന്നേരം പ്രപഞ്ചവുമായി കലഹത്തിലേര്‍പ്പെട്ട മാര്‍ഗരീത്ത തണുത്ത കാപ്പിയും കോപ്പയില്‍ നിറച്ച് തന്നേത്തന്നെ പ്രാകി മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്നു. ’പോള്‍ ഗോഗിന്‍ പറഞ്ഞു തുടങ്ങി.
‘അന്നേരമാണ് കിഴവനായ പാല്‍ക്കാരന്‍ ഒരു ശൂളം വിളിയുടെ അകമ്പടിയോടെ നിരത്തിലൂടെ സൈക്കിളില്‍ പോകുന്നത് അവള്‍ കണ്ടത്. അവള്‍ക്ക് ആ കാഴ്ച സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. കോപ്പക്കരുകില്‍ കൊണ്ട് വച്ചിരുന്ന അലൂമിനിയം ടിന്നില്‍ നിന്നും വെണ്ണ കുക്കിയില്‍ ഒരെണ്ണമെടുത്ത് അതില്‍ മുക്കിക്കൊണ്ടവള്‍ തലയില്‍ കൈ വെച്ചലറി: ‘ഹേയ് പടു കിഴവാ! ഞാനും ഈ ലോകവും വ്യസനിക്കുന്ന ഈ അവസരത്തില്‍ നൃത്താനന്ദത്തോടെ ഇതുവഴി പോകാന്‍ നാണമാകുന്നില്ലേ നിങ്ങള്‍ക്ക്?’ അവളുടെ ശബ്ദ ചീളുകള്‍ ഉരുളന്‍ കല്ലുകളായി കിഴവന്റെ സൈക്കിളിനു മേല്‍ പതിക്കേണ്ടുന്ന താമസം, അയാള്‍ ദാ, ‘പൊത്തോ’ന്നും പറഞ്ഞോണ്ട് നിലം പൊത്തിയിരിക്കുന്നു.’
‘യ്യോ... പാവം കിഴവന്‍’ വാന്‍ഗോഗിന്റെ അടര്‍ന്ന ചെവി പരിതപിച്ചെന്നോണം ഒന്ന് രണ്ട് തുള്ളികള്‍ വീതം മഞ്ചാടിക്കുരുക്കളിറ്റി.
കിഴവന്റെ ചരുവം കമിഴ്ന്ന് അതില്‍ നിന്നും തൂകിയ പാല്‍ ഇരുള്‍ ബാധിച്ച ആ തെരുവീഥി മുഴുവന്‍ ശോഭനീയമായ സുന്ദരമാനമാക്കി തെളിഞ്ഞൊഴുകി. പട്ടിണി നിമിത്തം കൂരകളില്‍ തന്നെ അനേകം ദിവസങ്ങളായി ചുരുണ്ട് കൂടിയ പൈതങ്ങള്‍ ഇത് കാണേണ്ട താമസം അവരോടി വന്നതിലേക്ക് തലകുത്തനെ മറിഞ്ഞ് തിമിര്‍ത്തുല്ലസിക്കാന്‍ തുടങ്ങി.
തരിച്ചുനിന്ന മാര്‍ഗരീത്തയുടെ മേല്‍ കിഴവന്റെ ദയനീയമായ നോട്ടം വന്ന് തറഞ്ഞു. കോപ്പയില്‍ ചുഴിയുണ്ടാക്കിയ ബിസ്‌കറ്റ് തരികള്‍ പോലെ അവളുടെ ഉള്ളൊന്ന് കലങ്ങി.
മുട്ടനൊരു തെറി പ്രതീക്ഷിച്ച അവളുടെ നേര്‍ക്ക് വിശന്നുലഞ്ഞതെങ്കിലും പാതി വിടര്‍ന്നൊരു ചിരി അയാള്‍ തൊടുത്തുവിട്ടു. പാതി നെയ്ത ആ കുനുപ്പിനെ പൂര്‍ത്തീകരിക്കേണ്ടുന്ന കാവ്യനീതി അവളുടെ ഇടിഞ്ഞ ചുമലുകളില്‍ വന്നു വീണതിനാല്‍ മടിച്ചു മടിച്ചെങ്കിലും കിഴവന്റെ ചിരിയോടൊപ്പം അവളുടെ ചിരിയും കൂട്ടിമുട്ടി.
പാതി വൃത്തമായി രൂപാന്തരപ്പെട്ട ആ ചിരിയില്‍ വയറു നിറഞ്ഞ അനേകം കുട്ടികള്‍ കയറി ഇരുന്ന് പാട്ടും വര്‍ത്താനങ്ങളുമായി ആവോളം ഊഞ്ഞാലാടി.
അന്ധകാരത്തിനു മാത്രം വില കല്പിക്കാനാകുന്ന വെണ്മണികളുടെ വരവിനു കാക്കാതെ വാന്‍ഗോഗ് അപ്പോഴേക്കും പോള്‍ ഗോഗിന്റെ കാതുകളില്‍ മെതുവെ നുണഞ്ഞു നുണഞ്ഞ് ഉറങ്ങിയിരുന്നു. അന്നവന്റെ കപോലങ്ങള്‍ തഴുകിയിറങ്ങിയ കണ്ണുനീര്‍ ഗ്രന്ഥികള്‍ക്ക് ആര്‍ത്തിരമ്പുന്ന കടല്‍ച്ചൊരുക്കിന്റെ വിങ്ങലില്ലായിരുന്നു എന്ന് കണ്ട പോള്‍ ഗോഗിന്‍ മോസര്‍ട്ടിനൊപ്പം ഒരു സ്തുതിഗീതവുമുതിര്‍ത്ത് ആ രാവിന് തിരശ്ശീലയിട്ടു.
3. കമ്പളം.
നീണ്ട കൊക്ക് വായുവില്‍ അലസമായി അങ്ങിങ്ങ് വെട്ടിച്ചോണ്ട് പാതിരാ കോഴി കിറുങ്ങി കിറുങ്ങി കൂട്ടില്‍ കയറുന്ന നേരത്ത് പണിക്കിറങ്ങുന്ന പൈലി സൂര്യകാന്തിയും തൊട്ടാവാടിയുമൊക്കെ സ്‌നേഹാവശരായ കൂമ്പ് പോലെ വാടി കാറ്റത്താടുമ്പോഴാകും തിരികെ കുടിലിലേക്ക് മടങ്ങുക.
വെള്ളി പിണര്‍ കൊണ്ട് ആകാശം സ്വയം ചമ്മട്ടിയടിയേല്‍ക്കുന്ന ഒരു സായാഹ്നമായിരുന്നു അത്. എന്നത്തേയും പോലെ തന്നെ കൈക്കോട്ടും കാലും കഴുകി കക്ഷവും തോര്‍ത്തി വരമ്പ് തിട്ട കയറുമ്പോഴായിരുന്നു നന്നേ പ്രായമുള്ള കുറ്റി രോമങ്ങള്‍ ഏഴ്ന്നു നിന്ന പൈലിയുടെ ചെവി ആ വിങ്ങിയ വിലാപം വട്ടം പിടിച്ചത്.
ശെടാ, ഇതെന്നാ കൂത്താടാ അപ്പനെ! വെല്ല മറുതയോ കല്ലറ പ്രേതമോ മറ്റുമാണോ എന്ന് സംശയിച്ചു സംശയിച്ച് കൈക്കോട്ടും തഴമ്പിച്ച കൈയില്‍ മുറുക്കിക്കൊണ്ടയാള്‍ ആ കരച്ചിലിന് കാതോര്‍ത്ത് മന്ദം നീങ്ങി.
പുളിപ്പ് മണം പ്രദാനം ചെയ്യുന്ന മുട്ടനൊരു ജാതി മരത്തിന്റെ കുടുമയോട് ചേര്‍ന്ന് ചെളിയില്‍ പൊത്തി കിടന്നു മോങ്ങുകയാണ് യമണ്ടനൊരു കാട്ടുപന്നീടെ നരുന്ത്. തള്ളയെ പോലെ തന്നെ തൊലി പൊറത്തിനു നല്ല പരപ്പും തൂക്കോം കൈവന്നിട്ടുണ്ടേലും തോറ്റിയൊന്നും മുളച്ചിട്ടുണ്ടായിരുന്നില്ല. സ്വയം പ്രതിരോധിക്കാനുള്ള ഉപാധി ഇല്ലാത്തതിനാലാകാം അതിന്റെ ഒരു ചെവി ദേശാടന കൊക്കോ ഗിനി കോഴിയോ കൊത്തിപ്പറിച്ച മട്ടില്‍ വൃണങ്ങള്‍ ബാധിച്ചിരുന്നു. അതില്‍ സുഭിക്ഷം പ്രാണികളും ഈച്ചയും വിരുന്നാര്‍ത്തിയോടെ വന്നണഞ്ഞു.
കൈക്കോട്ടിന്റെ മുനമ്പ് വിളങ്ങിയതും പന്നിക്കുഞ്ഞ് തല വെട്ടിച്ചൊന്നു തേങ്ങി. ആകാശക്കോണില്‍ ചോന്ന മുത്ത് മണികള്‍ ചാര്‍ത്തും പോലെ അതിന്റെ കണ്ണുമപ്പോള്‍ അനുകമ്പയോടെ ചോന്നു മിന്നി. ക്ഷണനേരത്തേക്ക് പാഞ്ഞു പോയ പ്രാണികള്‍ ആര്‍ത്തിയോടെ പിന്നെയും വൃണത്തിലേക്ക് നാവാഴ്ത്തി.
കൈക്കോട്ട് ചെളിയില്‍ കുത്തിനിര്‍ത്തീട്ട്, പൈലി ഇലച്ചപ്പും, ചെളിയും ഉഴിഞ്ഞു മാറ്റി ആ ഇരുള്‍കുണ്ഡത്തെ കൈ തൊട്ടിയില്‍ പൊതിഞ്ഞ് മോന്തായമിടിഞ്ഞ കൂരയിലേക്ക് നടന്നു.
കൂരേടെ വാതില്‍ തുറന്നതും കുറെ നേരമായി ഉള്ളില്‍ ബന്ധിതമായ ഉഷ്ണക്കാറ്റ് ഒരു നെലവിളിയോടെ പൊറത്തേക്ക് പരക്കം പാഞ്ഞു. അത് കേട്ട് പേടിച്ച് മുക്രിച്ച പന്നിക്കുഞ്ഞിന്റെ ചെവിഭാഗവും പിന്‍ കഴുത്തും ചേര്‍ത്ത് തലോടി കൂരേടെ ഒത്ത നടുക്കുള്ള കട്ടിളയില്‍ നിന്നും കൊലക്കയറു കണക്ക് ഞാന്നു കിടന്നാടിയ തുണി തൊട്ടിലില്‍ കൊണ്ട് കിടത്തി.
പഴുകാത്ത മനുഷ്യക്കുഞ്ഞിന്റെ ഗന്ധം അതറിഞ്ഞെങ്കിലും അത് ആരുടെതെന്ന് ചോദിക്കാന്‍ പന്നിക്കുഞ്ഞിന് മനസ്സുവന്നില്ല.
റാന്തല്‍ വെട്ടത്തില്‍ മുറിവും വെച്ച് കെട്ടി അടുക്കളയില്‍ ചെന്ന് കരിപ്പട്ടീം ചക്കരയുമിട്ട് കാപ്പിയുമനത്തി പൈലി ഉമ്മറപ്പടിയില്‍ വന്നിരുന്നു. ആകാശം ചുട്ടു പൊള്ളുന്ന കരിക്കട്ട പോലെ വെന്താളി. അയാളുടെ നടുവത്തും കൂടി ഉഷ്ണത്തുള്ളികള്‍ പൊള്ളലേല്‍പ്പിച്ച് മത്സരിച്ച് ചാലുണ്ടാക്കി ഒഴുകി. വിമ്മിട്ടപ്പെടുത്തുന്ന നീരാവി സഹിക്കാതെ പുറകില്‍ പന്നിക്കുഞ്ഞൊന്ന് ഞരങ്ങി. അതോടെ പൈലിക്കത്രമേല്‍ സുപരിചിതമായ സന്ധ്യാ പ്രാര്‍ഥന ഗീതത്തോടെ മാര്‍ദ്ദവമാര്‍ന്ന നിഴല്‍ കൈകള്‍ ഊഞ്ഞാല്‍ മെതുവേ ആട്ടി തുടങ്ങി:
‘കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്ന
മേച്ചില്‍ പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍ മേയും
ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍...’
തൊട്ടിലിന്റെ ആട്ടത്തിനോട് ചേര്‍ന്ന് ഞരങ്ങി ഞരങ്ങി പന്നിക്കുഞ്ഞ് മയക്കത്തിലേക്ക് വഴുതി. അനേകം നാളുകളായി ഉള്ളില്‍ കൂപ്പ് കൂടി കിടന്ന പുകച്ചുരുളുകളെല്ലാം അയാളുടെ ഓര്‍മയില്‍ തെളിഞ്ഞു വന്നു. അയാള്‍ ആ സന്ധ്യാ സമയം കണ്ണീര്‍ വാര്‍ത്ത് ഏറെ നേരം കരഞ്ഞു.
കരഞ്ഞു കരഞ്ഞ് വിളവിടം പോലെ മനസ്സകം തെളിഞ്ഞപ്പോള്‍ അയാള്‍ മാനം നോക്കി പ്രസവാനന്തരം തന്നെ ഏകനാക്കി കഴുകന്റെ ചിറകിലേന്തി പറന്നു പോയ രണ്ട് വാല്‍നക്ഷത്രങ്ങളെ കണ്ടു വണങ്ങി. ആ വാല്‍നക്ഷത്രങ്ങള്‍ വര്‍ഷിച്ച പുത്തനൂഷ്മാവിന്റെ നേര്‍മയില്‍ കുമുകുമാന്ന് കൊഴുപ്പാര്‍ന്ന കൊക്കോയുടെ വാട ആ രാവിനെ കമ്പളം പൊതപ്പിച്ചു.
4. കുഞ്ഞന്റെ വ്യാഴവട്ടം.
മേല്‍ക്കൂരേന്ന് മഴവെള്ള ചൊരുക്ക് കണ്ട് ആദ്യം മടിച്ചു നിന്നെങ്കിലും കുഞ്ഞന്‍ മഴക്കൊപ്പം തൊട്ടു തൊട്ടില്ല കളിക്കാനിറങ്ങി.
കളി മൂര്‍ച്ഛിച്ചപ്പോള്‍ മഴക്കും കുഞ്ഞിനുമാട്ടെ ആവേശം കൊണ്ട് പിടിച്ചു.
ചാറ്റല്‍ കനത്തു.
കാറ്റ് പറഞ്ഞറിഞ്ഞ് ചെടികളെല്ലാം ആര്‍ത്തുല്ലസിച്ച് കളി കാണാന്‍ പെരുമഴയത്ത് ഒത്ത് കൂടി നിന്ന്, 'ആര്‍പ്പോന്ന്' വിളിച്ചു. പൊടുന്നനെ, കാപ്പി അനത്തിയ കുഞ്ഞന്റെ 'അമ്മ ഉമ്മറത്തോട്ട് ഇറങ്ങി വന്ന്: ‘കുഞ്ഞാ, മതി നനഞ്ഞത്. വന്ന് തോര്‍ത്തിക്കേ.’
ചെളിമണലില്‍ വട്ടം തിരിഞ്ഞ് നിന്നെങ്കിലും ശകാരം വരഞ്ഞ് അമ്മയുടെ കവിള് ചെന്നപ്പോള്‍, അവന്‍ മഴയുടെ നേര്‍ത്ത നനുത്ത ചെവിക്ക് വട്ടം പിടിച്ച്, 'നാളെ വരാമേ.' എന്നും പറഞ്ഞ് അമ്മയുടെ കൈ പിടിച്ച് അകത്തേക്ക് ഓടിപ്പോയി. മതിയാകും മുന്നേ ചങ്ങാത്തം മുറിഞ്ഞേന്റെ സങ്കടം മഴക്ക് സഹിച്ചില്ല. അത് നിന്ന് പെയ്തു പെയ്തങ്ങ് അടങ്ങി. പിറ്റേന്ന്, കോളില്‍ നിന്ന് മഴ ചാറും മുന്നേ കുഞ്ഞന്‍ നിറഞ്ഞ ചിരിയോടെ ഒറ്റക്കാലേല്‍ മിറ്റത്ത് നില്‍പ്പുറപ്പിച്ചു.
അന്നും കളി കണ്ട്, കാറ്റിനൊപ്പം കൊഴിവാലന്‍ പൂക്കള്‍ ആര്‍ത്തുല്ലസിച്ച് ചിരിച്ചു. പിറ്റേന്നും അയിന്റെ പിറ്റേന്നും അങ്ങനെ അങ്ങനെ കുറെ പിറ്റേന്നുകള്‍ അതേപടി കടന്നു പോയി.
കാലം ചെല്ലുന്തോറും കുഞ്ഞന്‍ വലുതായി കൊണ്ടിരുന്നു. ഉടലും കഴിവും നിലയും ഉന്നമനത്തില്‍ എത്തിയിരുന്നെങ്കിലും മഴയുടെയും കുഞ്ഞന്റെയും മനസ്സ് ബാല്യത്തില്‍ തന്നെ തളം കെട്ടി കിടന്നു. മണ്ണീന്ന് വന്ന കുഞ്ഞന്‍ മണ്ണില്‍ ചേര്‍ന്ന് ഉണരാത്ത ഉറക്കം തുടങ്ങിയ അന്നും ആ ഉറ്റ സുഹൃത്ത് കാണാനെത്തി. അത് കണ്ണീര്‍ പൊഴിച്ചില്ലെങ്കിലും ഏറെ നേരം കുഞ്ഞന്റെ കിടപ്പറ പൊത്തിലേക്ക് നോക്കി കുഞ്ഞനെ തന്നെ ഓര്‍ത്തോര്‍ത്ത് പെയ്തു.
പിറ്റേന്നത്തെ കാഴ്ച കണ്ട കുഞ്ഞന്റെ വീട്ടര് അമ്പരന്നു. തന്റെ കളിക്കൂട്ടുക്കാരനുവേണ്ടി ആറടി ചുറ്റും മാത്രം വര്‍ഷിക്കുകയാണ് മഴ. നനുത്ത, ഈര്‍പ്പം മാത്രം പകരുന്ന ചെറു നനവ്. ബാല്യകാലത്തിന്റെ സ്മരണ പൂക്കള്‍ പൊടിഞ്ഞു വിരിയും വരെ അതിങ്ങനെ വര്‍ച്ചോണ്ടേയിരിക്കും. ഇന്നും വര്‍ഷിക്കുന്നു …
(ഇരുളില്‍ ചെരാതിന്റെ വെട്ടം തൂവാന്‍ മറക്കാതിരുന്നവര്‍ക്ക്: വീണേച്ചി, ആതിര, സ്‌നേഹ മോന്‍, തുത്തുരു മോള്‍).