കായലിൻ്റെ ഓരംപറ്റി വെള്ളത്തിൽ മലർന്നുവീണ മുളയില പോലെ വള്ളം പതുക്കെ നീങ്ങി നീങ്ങി വന്നുകൊണ്ടിരുന്നു.
വെളുപ്പാൻ കാലമാണ്; കല്ലടക്കടവിലേക്ക് ഒരു ടോർച്ച് വെളിച്ചം മെല്ലെ നടന്നടുക്കുന്നത് കണ്ടു.
വള്ളത്തിൻ്റെ വാൽ ഭാഗത്ത് നിന്ന് കുഞ്ഞൂള്ള വെറളി വെള്ളത്തിലേക്കിട്ടുതുടങ്ങി. വള്ളവും വെള്ളവുമറിയാതെ തുഴഞ്ഞു കൊണ്ടിരുന്ന അയ്യപ്പൻ ഒന്നുറങ്ങിപ്പോയി.
വെറളി വീഴുന്നതനുസരിച്ച് വള്ളം നീങ്ങാഞ്ഞത് കണ്ട് കുഞ്ഞൂള്ള തിരിഞ്ഞുനോക്കി.
കള്ളത്തായോളീ, നീ രാത്രീ ആരേ ഓക്കാൻ പോയിട്ടാണ് ഇപ്പഴിരുന്ന് ഒറങ്ങുന്നത്...?
ഒരു കൊള്ളിയാൻ മാനത്തൂടെ പാഞ്ഞുപോയി
ചെവിക്കല്ല് പൊളക്കുന്ന പച്ചത്തെറി അയ്യപ്പനേ ഉണർത്തി; നിൻ്റെ പെണ്ണുമ്പുള്ളേ ആരുന്ന് മൈരേ...
കടിച്ചുപിടിച്ച പല്ലിൻ്റെടയിൽ നിന്ന് അയ്യപ്പൻ്റെ കലി മുറുമുറുത്ത് പുറത്തുവീണു.
കുഞ്ഞൂള്ളയത് കേട്ടില്ല.
കുഞ്ഞൂള്ളക്ക് ചെവി പിറകോട്ടാണ്.
അറിവായ പ്രായം മുതൽ കോട്ടേക്കായലിൽ വെറളിയിട്ട് മീൻപിടുത്തമായതുകൊണ്ട് മുങ്ങി മുങ്ങി കുഞ്ഞൂള്ളക്ക് മനുഷ്യരുടെ ഭാഷ വെള്ളത്തിനടിയിലെ മുഴക്കം പോലെ അവ്യക്തമായിപ്പോയതാണ്.
അയ്യപ്പൻ കുഞ്ഞൂള്ളയുടെ ചേഴക്കാരനാണ്. മൂത്ത പെങ്ങളുടെ മകൻ. തങ്കമണി കെട്ടിക്കേറി കൊല്ലങ്ങള് കഴിഞ്ഞിട്ടും കുഞ്ഞൂള്ളക്ക് പുന്നാരിക്കാൻ ഒരു കുഞ്ഞൊണ്ടാവാതിരുന്നപ്പൊ അയ്യപ്പൻ എsക്കും മൊറക്കും വീട്ടിൽ വന്നു തുടങ്ങിയതാണ്. വെളുപ്പിന് കുഞ്ഞൂള്ള പണിക്ക് പോയാൽ കുന്നിൻ മുകളിലുള്ള വീട്ടിൽ തങ്കമണിയമ്മാവി ഒറ്റപ്പെടാതിരിക്കാൻ അവനവരോടൊപ്പം അവിടെ തങ്ങാൻ തുടങ്ങി. തങ്കമണിക്കവനൊരാശ്വാസമായിരുന്നു. എന്തും ഉറക്കെപ്പറഞ്ഞാൽ മാത്രം കേൾക്കുന്നതുകൊണ്ട് എല്ലാവരേയും കുഞ്ഞൂള്ള സംശയത്തോടെയാണ് കേട്ടത്. സ്വന്തം ഭാര്യ പോലും കലികേറുമ്പോൾ പൊട്ടനെന്ന് വിളിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അയാൾ എന്തിനുമേതിനും ദേഷ്യപ്പെടുന്നത് കൊണ്ട് തങ്കമണി അയാളോട് സംസാരിക്കാതായി. തന്നത്താൻ പറഞ്ഞ് ഭ്രാന്തായിപ്പോവാതിരിക്കാൻ അയ്യപ്പനോടവർ സംസാരിച്ചു തുടങ്ങിയതങ്ങനെയാണ്.
വള്ളം കര ചേർന്ന് അർത്ഥചന്ദ്രാകൃതിയിൽ കോളേജ് കുന്നുംപുറം മുതൽ അമ്പലക്കടവ് വരെയെത്തി. കുഞ്ഞൂള്ള വള്ളം കരക്കടുപ്പിക്കാൻ തല കൊണ്ട് ആംഗ്യം കാണിച്ചത് കണ്ട് മീനുകൾ ചേറിൽ പതുങ്ങി. ആഞ്ഞിഴുത്ത് വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ തീ ചുവട്ടിലെത്തിച്ചിട്ട് കുഞ്ഞൂള്ളയത് വെള്ളത്തിലേക്ക് തുപ്പി. തോർത്ത് മുറുക്കിയുടുത്തിട്ട് അയാൾ കായലിലേക്ക് മുങ്ങിപ്പോയി.
കുഞ്ഞൂള്ള മെലിഞ്ഞ് കൊലുന്ന് ഒരസാധാരണ മനുഷ്യനാണ്, ഒരു നീർനായ. കോട്ടേൽ സ്കൂളിലെ ആറാം ക്ലാസ് സയൻസ് പരീക്ഷക്ക് കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി ഏത് എന്ന ചോദ്യത്തിന്, കുഞ്ഞൂള്ള എന്നാണൊരുകുട്ടി ഉത്തരമെഴുതിയത്. അതവൻ്റെ കുറ്റമായിരുന്നില്ല. പകൽനേരങ്ങളിൽ കുഞ്ഞൂള്ളയേ വെള്ളത്തിലോ വള്ളത്തിലോ മാത്രം അവൻ കണ്ടു.
അയാൾ ഒരു നേരവും വെറുതേയിരുന്നില്ല.
കായൽപ്പണി കഴിഞ്ഞ് പച്ചീർക്കിലിൽ കുരുക്കിട്ട് ഓന്തുകളെ പിടിച്ചും കരപറ്റിയിരിക്കുന്ന തവളകളെ തപ്പിപ്പിടിച്ചും അയൽവീടുകളിലെ അടുക്കളകളിൽ നിന്ന് പാറ്റയെ പിടിച്ചും കോളേജിലെ ബയോളജി ലാബിൽ കൊടുത്ത് അയാൾ വരുമാനമുണ്ടാക്കി. അയാളുടെ ദേഹത്തിന് മുങ്ങിച്ചത്ത ശവത്തിൻ്റെ നിറവും ചേറിൻ്റെ മണമാവുമായിരുന്നു. കൈകൾ തണുത്ത് മരവിച്ച് തവളക്കാൽ പോലെ തോന്നിച്ചു.
തങ്കമണിക്കയാളേ അറപ്പായിരുന്നു, അയാൾ തൊടുമ്പോളവർ ചൂളിക്കൂടി. രാത്രികളിൽ അയാളവരേ മലർത്തിയിട്ടിട്ട് നടുവിനിരുന്ന് പട്ടിയേപ്പോലെ അണച്ചു. അറഞ്ഞ് കേറലിൻ്റെ അവസാനത്തിൽ അവ്യക്തമായ ശബ്ദത്തിൽ അറുവാണീ.....എന്നയാൾ പൊട്ടിയൊലിച്ചു. കണ്ണിറുക്കിയടച്ച് കിടക്കുന്ന അവരുടെ മുകളിൽ ഇരുപുറം കാലുവച്ചെഴുന്നേറ്റുനിന്ന് കൈലി കുടഞ്ഞുടുത്തിട്ട് ആ മെലിഞ്ഞ ശരീരം ഇറങ്ങിപ്പോയി.
പൊങ്ങി വരുമ്പോൾ കുഞ്ഞൂള്ളയുടെ രണ്ട് കയ്യിലും കരിമീൻ പൊട്ടുണ്ടായിരുന്നു. വള്ളത്തിലെ പച്ചവല്ലത്തിൻ്റെ മേൽമൂടി മാറ്റി അയാളതിനേ അതിലേക്കിട്ടു. മീൻ ചെറുതായതിൻ്റെ കലിയിൽ ഇഞ്ഞോട്ട് തൊഴഞ്ഞ് വാടാ മൈരേയെന്നയാൾ അയ്യപ്പനോട് ചൂടായി. അയാൾ വീണ്ടും മുങ്ങിയതും പോടാ പൊട്ടൻ പൂറീമോനേയെന്ന് മരുമകൻ പ്രതികാരം ചെയ്തു. അയ്യപ്പന് അമ്മാവനേ കൊല്ലാനൊള്ള ദേഷ്യമുണ്ട്. അവനീപ്പണി ഇഷ്ടമുണ്ടായിട്ടല്ല. തങ്കമണി അമ്മാവിയേ ഓർത്ത് മാത്രമാണ് അവനയാളുടെയൊപ്പം തുടരുന്നത്. അവന് അമ്മാവി അടുത്തിരുന്ന് ചോറ് വിളമ്പിക്കൊടുത്തു. കുഞ്ഞൂള്ളയില്ലാത്തപ്പോൾ അവന് വാരിയൂട്ടി. പിണങ്ങുമ്പോൾ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു.
തങ്കമണിക്ക് കാമനകളുടെ സംപൂർത്തീകരണമായിരുന്നു അയ്യപ്പൻ. ഉറക്കത്തിൽ വലിച്ചിട്ട് പുറത്തു കയറിയിറങ്ങിപ്പോവുന്ന കുഞ്ഞൂള്ളയേക്കാൾ, കൊടുത്ത ചോറിന് നന്ദിയുള്ള നായയായി അവരെ നക്കിത്തോർത്തുന്ന അവനെ അവർ ചൊല്ലുവിളിയോട് വളർത്തി.
വെറളിയുടെ വാടിയ ഓല മാറ്റി പുത്തൻ ഓല കോർക്കണം അതിന് കുരുത്തോല വെട്ടണം ഓല വെട്ടാൻ പറഞ്ഞിട്ടും അയ്യപ്പന് സാ മട്ടാണ്.
ഡാ...
ഡാ... അയ്യപ്പോ...
അയാൾ വള്ളത്തിനടുത്ത് നിന്ന് ഒറക്കെ വിളിച്ചു.
കുന്നിൻ മുകളിലെ വീട്ടിൽ അകത്തിരുന്ന് ചോറ് തിന്നുകൊണ്ടിരുന്ന അവൻ കേട്ടിട്ടും അനങ്ങിയില്ല.
അവൻ തിന്നെഴുന്നേക്കുന്നതിന് മുമ്പ് കൊടുക്കാൻ വെക്കം കൊറച്ച് ചമ്മന്തിയരച്ച് കൊണ്ടിരുന്ന തങ്കമണി തിരിഞ്ഞ് നോക്കി.
അരപ്പിനൊത്താടുന്ന തൻ്റെ ചന്തി നോക്കി അവനിരിക്കുന്നത് കണ്ട് തങ്കമണിക്ക് ചിരി പൊട്ടി; പോടാ അവുടുന്ന്...
അവർ ഊറിച്ചിരിച്ചുകൊണ്ട് കയ്യിൽ പറ്റിയിരുന്ന അരപ്പ് വെള്ളം അവൻ്റെ മേലേക്ക് കുടഞ്ഞു.
കായലിലേക്ക് പ്രഭാതം വെയിലൊഴിച്ച് തുടങ്ങിയത് കലങ്ങാതെ വെള്ളത്തിൻ്റെ മുകളിൽ പൊങ്ങിക്കിടന്നു.
കുഞ്ഞൂള്ളേ... വരാലൊണ്ടോ? വലുത് വേണം; കരക്ക് നിന്ന് വള്ളക്കാരൻ വെളുത്ത രാജൻ അങ്ങേരേ ചുമ്മാതെ എരികേറ്റി.
കുഞ്ഞൂള്ളയപ്പോൾ കയ്യിലിരുന്ന പള്ളത്തിയേ വല്ലത്തിലേക്കിട്ടിട്ട് വള്ളപ്പിടിയിലിരുന്ന് ബീഡി വലിക്കുകയായിരുന്നു.
കുഞ്ഞൂള്ളേ വരാല്.. വരാലൊണ്ടോ അങ്ങേരേ പ്രാന്ത് പിടിപ്പിക്കാൻ വെളുത്ത രാജൻ കൈയ്യാങ്ഗ്യം കാണിച്ചു കൊണ്ട് വീണ്ടും ചോദിച്ചത് അക്കരെ വരെ മുഴങ്ങിക്കേട്ടു.
അയ്യപ്പൻ കുനിഞ്ഞിരുന്ന് ചിരിക്കുന്നത് കണ്ടപ്പോൾ കുഞ്ഞൂള്ളക്ക് കലി കേറി.
ഒണ്ടെടാ മൈരേ ദാണ്ട് കെടക്കുന്നെന്ന് അയാൾ ഉടുത്തിരുന്ന തോർത്ത് മാറ്റിക്കാണിച്ചു.
ഓ അത് ആരകാൻ കുഞ്ഞല്ലിയോ വേണ്ടാ എന്ന് വെളുത്ത രാജൻ കടകടാ ചിരിച്ചുകൊണ്ട് നടന്ന് പോയി.
നേരം പര പരാ വെളുത്തു തുടങ്ങി.
അമ്പലക്കാട്ടിൽ നിന്നും കുരങ്ങൻമാരുടെ ഒച്ച പൊങ്ങി.
അന്ന് പത്താമുദയമായിരുന്നു.
കല്ലടക്കാര് പെണ്ണുങ്ങൾ ശാസ്താവിനെ തൊഴാൻ കോട്ടക്ക് വരുന്ന ദിവസം.
തൊഴുതുകഴിഞ്ഞ് കോട്ടേൽ ചന്തയിൽ കേറി വീട്ടുസാധനങ്ങളും വാങ്ങിയാണവർ തിരികെ പോവുന്നത്.
അക്കര നിന്ന് ഒരു വള്ളം അതിൽ കൊള്ളാവുന്നതിലധികം ആളുമായി ഇക്കരക്ക് വരുന്നുണ്ടായിരുന്നു. കോട്ടേലമ്പലത്തിലും ചന്തയിലും പോവാനുള്ളവരുടെ തിരക്കാണ്.
ഒത്ത നടുക്ക് വന്നതും വള്ളം വശപ്പെശകായിട്ടൊന്ന് ഉലഞ്ഞു. എഴുന്നേറ്റ് മാറിയിരിക്കാൻ നോക്കിയ ആർക്കോ നില തെറ്റിയതാണ്. ഒരുപാട് നേരമൊന്നുമെടുത്തില്ല, വള്ളം തണ്ട് പിടിച്ചവൻ്റെ താളത്തിന് വഴങ്ങാതെ ഇടത്തോട്ടൊന്നു ചാഞ്ഞ് മുങ്ങിപ്പോയി.
കൂട്ട നിലവിളിയായിരുന്നു പിന്നെക്കേട്ടത്.
ഓളപ്പരപ്പിൽ ഒരുപാട് കയ്യുകൾ പ്രാണനുവേണ്ടി തല്ലിപ്പതക്കുന്നത് കണ്ട് അയ്യപ്പൻ അന്നുവരെ പോയിട്ടില്ലാത്ത വേഗത്തിൽ വള്ളവുമെടുത്ത് തുഴ കുത്തിയെറിഞ്ഞ് പാഞ്ഞ് ചെന്നു. കയ്യിൽ കിട്ടിയ കരിമീൻ മുറ്റിയതിനേ കടിച്ച് പിടിച്ച് അഴിഞ്ഞ് പോയ തോർത്തുടുത്തുകൊണ്ട് കുഞ്ഞൂള്ള പൊങ്ങി വരുമ്പോൾ മുശി ബ്ലാങ്കിനേപ്പോലെ വെള്ളത്തിന് മുകളിൽ കുതിക്കുന്നതാണ് കണ്ടത്. നിലവിളി കേട്ട് ഇരുകരകളിലും ആള് കൂടിത്തുടങ്ങിയിരുന്നു. വള്ളത്തിൽ ഉറ്റവരുണ്ടെന്ന അന്ധാളിപ്പിൽ പലരും ഉടുപ്പൂരിയെറിഞ്ഞ് കായലിലേക്ക് ചാടി നീന്തിച്ചെന്നു.
കമിഴ്ന്ന് കിടന്ന പഞ്ചായത്ത് വള്ളത്തിൽ, വെള്ളത്തിൽ വീണ ഉറുമ്പുകളേപ്പോലെ നിലകിട്ടിയവർ പിടിച്ച് കിടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പകച്ച് പോയ കുഞ്ഞൂള്ള മീനേ വെള്ളത്തിലേക്ക്. തുപ്പിയിട്ട്, തങ്കമണീ എന്നൊരാന്തലോടെ മുങ്ങിയ വള്ളത്തിന് നേരേ നീന്താൻ തുടങ്ങി....
(* വെറളി ശുദ്ധജല തടാകങ്ങളിൽ മുൻപുണ്ടായിരുന്ന ഒരു മീൻ പിടുത്ത രീതി. നീളൻ കയറിൽ ഇടക്കിടക്ക് കുരുത്തോലകൾ കൊരുത്ത് വച്ചിരിക്കും കയർ വെള്ളത്തിലേക്ക് ഇടുമ്പോൾ കുരുത്തോലയുടെ വെളുപ്പ് കണ്ട് ചേറിലൊളിക്കുന്ന കരിമീനേയും പള്ളത്തിയേയും ചേറ് കലങ്ങിയ ഇടം നോക്കി മുങ്ങിപ്പിടിക്കും.)