ഒന്ന്
മത്തായി എന്നു പേരുള്ള യുവാവായ ഒരു പട്ടി അങ്ങാടിയിൽ നിൽക്കുകയായിരുന്നു. കുറേ നേരം തെണ്ടി നടന്നിട്ടും ചെറിയാച്ചൻ പോലീസ് അങ്ങാടിയിലേക്ക് വരുന്ന ലക്ഷണമൊന്നും അവൻ കണ്ടില്ല. മങ്ങാട് സെമിത്തേരിയിൽ പൊട്ടക്കുളം കാരുടെ കല്ലറയിൽ വെയിൽ കാഞ്ഞ് കിടക്കാൻ നേരമാണ് മത്തായി പട്ടിക്ക് വെളിപാട് കിട്ടിയത്.
“ഡാ മൈരേ മത്തായീ...”
ഗ്രാനൈറ്റിനടിയിൽ നിന്നും വിളി കേട്ട് മത്തായിയൊന്ന് പതറി.
“എന്തോ?” ഭയന്നെങ്കിലും മത്തായി വിളി കേട്ടു.
മങ്ങാട് ഷാപ്പിൽ വെച്ച് കുത്തുകിട്ടി ചത്ത ഔതയുടെ കല്ലറയ്ക്കു മുകളിൽ കിടക്കുകയായിരുന്നു മത്തായി. പണ്ട് തെമ്മാടി കുഴിയിൽ അടക്കിയ അയാളുടെ എല്ലും കൊട്ടിയും ഉദ്യോഗം കിട്ടി സെറ്റിലായ മക്കൾ കുടുംബ കല്ലറിയിലേക്ക് മാറ്റി സ്ഥാപിച്ചിട്ട് അധികം നാളായിരുന്നില്ല.
തുടർന്നങ്ങോട്ട് മത്തായിയും ഔതയും തമ്മിലുള്ള സംഭാഷണം രഹസ്യമായിരുന്നു. ഔതയുടെ കൽപ്പന നിറവേറ്റുകയായിരുന്നു മത്തായിയിടെ പിന്നീടങ്ങോട്ടുള്ള ജീവിത ദൗത്യം.
രണ്ട്
“അയ്യോ... അയ്യോ...”, ചെറിയാച്ചൻ പോലീസ് താൻ മരിക്കാൻ പോകുവാണല്ലോയെന്നോർത്ത് നിലവിളിച്ചു.
“പ്ഫ കുണ്ണേ... അയ്യോ കിയ്യോന്ന് വിളിക്കാതെ ഈശോ ഈശോ എന്ന് പറയെടാ...’’
അയ്യനെന്ന് പറഞ്ഞാ ആരാ? അയ്യപ്പൻ... നീ ഈശോയെ വിളിച്ചാ മതി’’, കൈകാൽ കൂച്ചിക്കെട്ടി ഗ്രൗണ്ടിൽ കൂടിയിരുന്നവരുടെ നടുക്ക് കിടത്തിയിരിക്കുകയായിരുന്ന ചെറിയാച്ചന്റെ മുഖമടച്ച് പാപ്പി പറഞ്ഞു.
“അവൻ പേടിച്ചു തൂറി ചാകുന്നേനു മുന്നേ കറി വേവിച്ചെടുക്ക് അച്ചാമ്മേ’’, പാപ്പി അക്ഷമനായി.
ഉത്കണ്ഠ താങ്ങാനാകാതെ ചെറിയാച്ചൻ പോലീസിന് ശരിക്കും തൂറാൻ മുട്ടി തുടങ്ങിയിരുന്നു. മരണ വേദനകൊണ്ടും വയറ്റീന്നൊഴിയാനുള്ള തോന്നലുകൊണ്ടും ചെറിയാച്ചൻ പോലീസ് പുളയുമ്പോൾ മങ്ങാട് സെമിത്തേരിയിൽ നിന്നു വന്നവർ കർത്താവിന്റെ അന്തിമ വിധിയെക്കുറിച്ചുള്ള ഭയാനകമായ വരികൾ പതിഞ്ഞ സ്വരത്തിൽ പാടി.
മൂന്ന്
“കഴുവേറീടെ മോനേ, നീയിങ്ങ് വന്നേ’’, ചെറിയാച്ചൻ വന്നപാടെ മത്തായി തുടങ്ങി.
ചെറിയാച്ചനെ നോക്കിയുള്ള മത്തായിയുടെ കുര കണ്ട് കൂടെയുണ്ടായിരുന്ന പോലീസുകാർക്ക് സംഗതി പന്തിയല്ലെന്നു തോന്നി. കയ്യിൽ നീളൻ മുളവടിയുണ്ടായിരുന്നതിനാൽ ചെറിയാച്ചൻ പട്ടിയെ നേരിടുമെന്നാണ് പോലീസുകാർ കരുതിയത്.
“നിന്റെ അമ്മയെ പെഴപ്പിക്കാൻ ഞാൻ വന്നാരുന്നോടാ കൂത്തിച്ചി മോനെ...” ചെറിയാച്ചൻ പോലീസ് മത്തായിയുടെ പള്ള നോക്കി ഊക്കിൽ തൊഴിച്ചു. മത്തായിക്ക് പിന്നൊന്നും നോക്കാനില്ലായിരുന്നു. “കൊണച്ച വർത്താനം പറയാണ്ട് ചൊണയുണ്ടെങ്കിൽ ഒണ്ടാക്കടാ താളീ...” മത്തായി ഇതു പറഞ്ഞതും ഞൊടിയിടയിൽ ചെറിയാച്ചന്റെ പിടുക്കിൽ പല്ലുകൊണ്ട് കോറിയതും ഒന്നിച്ചായിരുന്നു.
മത്തായിയുടെ കടിയേറ്റതും ചെറിയാച്ചൻ പോലീസ് നാലുകാലിൽ നിന്ന് നായയെപ്പോലെ പല്ലും മോണയും കാട്ടി ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ മുരണ്ടു. ചെറിയാച്ചൻ പോലീസിന്റെ കാട്ടായം കണ്ട് പോലീസുകാരും നാട്ടുകാരും അമ്പരന്നു. ചീറിക്കൊണ്ട് ചെറിയാച്ചൻ പോലീസും മത്തായിയും മുഖത്തോടു മുഖം നിന്ന് വെല്ലുവിളിച്ചു. സംഗതി എന്തെന്നു പിടികിട്ടാതെ നാട്ടുകാരും പോലീസുകാരും കുഴങ്ങി.
“ആ കുണ്ടച്ചിമോനെ പിടിച്ച് വണ്ടിയിൽ കേറ്റെടാ. മനുഷ്യനെ നാണംകെടുത്താൻ ഇറങ്ങിയേക്കുന്നു’’, പോലീസുകാരിലൊരാൾ പറഞ്ഞു.
എക്സൈസുകാർ മങ്ങാട് മലയിൽ നിന്നും പിടിച്ചെടുത്ത വാറ്റിൽ നിന്നുള്ള പങ്ക് കേറ്റീട്ടാണ് ചെറിയാച്ചനും മറ്റുള്ള പോലീസുകാരും ജീപ്പിൽ അങ്ങാടിയിലെത്തിയത്. ഈ പ്രകടനമെല്ലാം വാറ്റിന്റെ കിക്കിലായിരിക്കുമെന്ന് പോലീസുകാർ ബലമായി സംശയിച്ചു.
“അയാളുടെ കിളി പോയെന്നാ തോന്നുന്നത്...”, ചെറിയാച്ചൻ പോലീസിന്റെ അവതരണം കണ്ട് നാട്ടുകാർ തമ്മാമ്മിൽ പറഞ്ഞു.
പെട്ടെന്നു തന്നെ കാര്യത്തിന്റെ കിടപ്പ് മാറി. ആദ്യത്തെ മുളവടി തലമണ്ടയിൽ പതിച്ചയുടൻ മത്തായി ജീവനുംകൊണ്ടു പാഞ്ഞു. എന്നിട്ടും കുര നിർത്താതിരുന്ന ചെറിയാച്ചൻ പോലീസിനെ തൂക്കിയെടുത്ത് പിന്നിൽ കിടത്തി പോലീസ് ജീപ്പ് വന്നവഴിയെ ഓടിച്ചുപോയി.
“സാറേന്നു വിളിച്ച വാകൊണ്ട് വേറൊന്നും വിളിപ്പിക്കരുത്. ഒരുമാതിരി കൊണച്ച പരിപാടിയായിപ്പോയി...” സ്റ്റേഷനിൽ ചെന്നപാടെ പോലീസുകാരിലൊരാൽ ചെറിയാച്ചൻ പോലീസിനെ നോക്കി പറഞ്ഞു. അയാൾ ഭയന്നു വിറയ്ക്കുകയായിരുന്നു.
“അവരെന്നെ കൊല്ലും...”, ചെറിയാച്ചൻ പോലീസിന്റെ ശബ്ദം തൊണ്ടക്കുഴിയിൽ വെച്ചുതന്നെ പതറിപ്പോയി.
“സാറ് ഉള്ള കാര്യം പറ, അവിടെ കാണിച്ചുകൂട്ടിയതൊക്കെ നാട്ടുകാര് കണ്ടതാണ്. ഞങ്ങൾ മാത്രമേ ഉള്ളൂവെങ്കിൽ അതങ്ങ് വിട്ടുകളയാരുന്നു. സാറിന് പ്രാന്താണെന്നാ നാട്ടുകാർ ഒതുക്കത്തിൽ പറയുന്നത്.” കൂട്ടത്തിൽ കാര്യ ഗൗരവം ഉണ്ടെന്നു തോന്നിക്കുന്ന പോലീസുകാരൻ പറഞ്ഞു.
“ഇന്നവരെന്നെ വകവരുത്തുമെന്നാടാ ആ നായിന്റെ മോൻ വന്നു പറഞ്ഞത്…” ചെറിയാച്ചൻ പോലീസിന്റെ ശബ്ദം ദയനീയമായി.
“പട്ടിവന്ന് സംസാരിച്ചെന്നൊക്കെ പറഞ്ഞാൽ തലയ്ക്ക് വെളിവൊള്ളവർ വിശ്വസിക്കുവോ? സാറ് ലീവെടുത്ത് രണ്ട് ദിവസം വീട്ടിപ്പോയിരി.” ഗൗരവക്കാരൻ പോലീസ് തുടർന്നു.
“അയാക്ക് മാനസികം ഇളകിയെന്നാ തോന്നുന്നത്.” പോലീസുകാരിലെ ചെറുപ്പക്കാരിലൊരാൾ അടുത്തു നിന്നയാളെ നോക്കി പറഞ്ഞു.
നാല്
നടന്ന സംഭവം പറയാം, ഒരു കേസന്വേഷണത്തിനു പോയിട്ട് താമരശ്ശേരി ചുരം വഴി മലയിറങ്ങാനുള്ള പുറപ്പാടിലായിരുന്നു ചെറിയാച്ചൻ പോലീസ്. വണ്ടീലിരുന്ന കുപ്പിയുടെ പകുതിയോളം കമിഴ്ത്തിയിട്ടുണ്ടെങ്കിലും ചെറിയാച്ചൻ പോലീസ് ഫിറ്റല്ല. ഫിറ്റല്ലെന്നു പറഞ്ഞാൽ വണ്ടിയോടിക്കാനുള്ള ആവതൊക്കെയുണ്ടെന്ന്. ചുരത്തിന്റെ തുടക്കത്തിലെത്തിയപ്പോൾ കുറച്ച് സോഡാകൂടി കരുതിയേക്കാമെന്ന് അയാൾക്ക് തോന്നി.
“ഡാ കൊച്ചനേ നീ ഏതുവരെ പഠിച്ചിട്ടുണ്ട്?’’, പലചരക്കുകടയിലെ എടുത്തുകൊടുപ്പുകാരനായ ചെറുപ്പക്കാരനെ കണ്ടതും ചെറിയാച്ചൻ പോലീസ് ചോദിച്ചു.
“അതിപ്പോ അറിഞ്ഞിട്ടെന്നാത്തിനാ. വല്ല സമാനങ്ങളും വേണമെങ്കിൽ അത് ചോദിക്ക്’’, മുന്നിൽ നിൽക്കുന്നത് പോലീസുകാരനാണെന്നറിയാതെ ചെറുപ്പക്കാരൻ പറഞ്ഞു.
“ഇടയാൻവേണ്ടി ചോദിച്ചതല്ലെടാ, നിനക്ക് പോലീസീ ചേരണോ? വേണോങ്കി ഇടാനുള്ള വസ്ത്രോം അത്യാവശ്യം വേണ്ടുന്ന സാമാനങ്ങളും എടുത്തോണ്ട് കൂടെ പോരെ.” ചെറിയാച്ചൻ വിട്ടില്ല.
കാര്യത്തിനു വ്യക്തത വന്നപ്പോൾ കടുംപിടുത്തം വിട്ട് ചെറുപ്പക്കാരൻ ഉഷാറായി. പിന്നെ മേൽകീഴ് നോക്കാതെ മുതലാളീടെ കയ്യീന് ബാലൻസ് പൈസയും വാങ്ങി മുറീ ചെന്ന് അത്യാവശ്യം വേണ്ടുന്നതൊക്കെ ഒരു ബിഗ് ഷോപ്പറിലാക്കി ചെറുപ്പക്കാരൻ ചെറിയാച്ചൻ പോലീസ് വന്ന ജീപ്പിൽ കയറിയിരുന്നു.
“ഗതിയില്ലാത്തോണ്ടാ സാറേ, അല്ലെങ്കി ഡിഗ്രി കഴിഞ്ഞ് ഈ പണിക്ക് ഇറങ്ങത്തില്ലായിരുന്നു’’, ചെറുപ്പക്കാരൻ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി.
“അതിനെന്നാടാവ്വേ… നീ ഇനി പോലീസുകാരനല്ലേ…” ഇതും പറഞ്ഞ് ഇളകി ചിരിച്ചുകൊണ്ട് ചെറിയാച്ചൻ പോലീസ് ചെറുപ്പക്കാരന്റെ തോളത്ത് രണ്ട് തട്ട് തട്ടി.
അഭിമാനംകൊണ്ടാകണം ഉയർത്തിപ്പിടിച്ച തലയുമായി ചെറുപ്പക്കാരൻ ജീപ്പിന്റെ മുന്നിലിരുന്നു.
“ഒരു പട്ടി നിന്നെ കടിക്കാനിട്ടോടിച്ചാൽ നീ എന്നാ ചെയ്യും?”, മുഖവുരയില്ലാതെ ചെറിയാച്ചൻ പോലീസ് ചോദിച്ചു.
“അതിപ്പോ ഓടും... ആരെങ്കിലും കടിമേടിക്കാൻ നിന്ന് കൊടുക്കുവോ സാറേ.” ലളിത യുക്തിക്കാരനായ ചെറുപ്പക്കാരൻ പറഞ്ഞു.
“ഓട്ടം നിന്നെപ്പോലത്തെ ക്ണാപ്പന്മാർക്ക് പറഞ്ഞിട്ടുള്ളതാണ്. ഓടാനൊക്കുന്ന സാഹചര്യമല്ലെങ്കി നീ എന്നാ ചെയ്യുമെന്ന് പറ?” ഗിയറ് തട്ടിക്കൊണ്ട് ചെറിയാച്ചൻ പോലീസ് ചോദിച്ചു.
“നിന്ന് കടി മേടിക്കും. അല്ലാണ്ടിപ്പോ...”, ചെറുപ്പക്കാരന്റെ വാക്കുകൾ പരുങ്ങലായി.
“എന്നാ നീയിത് കേട്ടോ…”, ചെറിയാച്ചൻ പോലീസ് വീരസ്യം പറയാനുള്ള ഉന്മേഷംകൊണ്ട് ഡ്രൈവിങ് സീറ്റിൽ ഇളകിയിരുന്നു.
“ഡ്യൂട്ടി കഴിഞ്ഞ് ഒരു കാട്ടിലൂടെ വേണം എനിക്ക് വീട്ടിലേക്ക് പോകാൻ. പോകുന്ന വഴിക്ക് കാടിന്റെ വക്കത്തൊരു വീടുണ്ട്. അവിടെയൊരു കില്ലപ്പട്ടീം. കുറച്ചുനാൾ മുൻപ് സന്ധ്യക്ക് വീട്ടിലേക്ക് നടക്കാന്നേരം ഈ പട്ടിയൊണ്ട് വഴീക്കേറി നിന്ന് കുരയ്ക്കുന്നു. എന്നെ നോക്കിയാണ് കുര. ഞാൻ അടുത്തെത്തിയതും എന്നെ ഒരിഞ്ച് നടക്കാൻ സമ്മതിക്കണ്ടേ. അത് പല്ലൊക്കെ വെളീ കാണിച്ച് നിന്ന് കുരയ്ക്കുവാണ്. ആ വീട്ടിലെ കാർന്നോത്തിയാണെങ്കി എനിക്ക് രണ്ട് കിട്ടുവാണെ കിട്ടട്ടെ എന്നമട്ടിൽ വരാന്തയിൽ നിപ്പൊണ്ട്. ഞാനുണ്ടോ വിടുന്നു. ഒറ്റച്ചാട്ടത്തിന് പട്ടീടെ പിൻകാലിൽ പിടിച്ച് കാലേവാരിയൊരടി. എന്നിട്ട് അതേ ഊക്കിൽ കാർന്നോത്തീടെ മുന്നിലേക്ക് ഒരേറുകൊടുത്തു.”

“ശരിക്കും!” വിശ്വാസം വരാണ്ട് ചെറുപ്പക്കാരൻ ചെറിയാച്ചൻ പോലീസിനെ നോക്കി.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ചുരം ഇറങ്ങുന്നതിനിടെ ജീപ്പിന്റെ ഗിയറന്വേഷിച്ച് ചെറിയാച്ചൻ പോലീസിന്റെ ഇടംകൈ ചെറുപ്പക്കാരന്റെ മുണ്ടിനടിയിൽ തപ്പാനൊരുങ്ങി. പരിഭ്രമിച്ചുപോയ ചെറുപ്പക്കാരൻ കണ്ണു കാണുന്നില്ലേ സാറേന്നും ചോദിച്ച് കയ്യെടുത്ത് ഗിയറിൽ വെപ്പിച്ചു.
അങ്ങനെ, ഗിയറന്വേഷിച്ചും ചെറുതടിച്ചും അടിവാരത്തെത്തിയപ്പോൾ ചെറിയാച്ചൻ പോലീസിന്റെ മട്ടുമാറി.
“ഇവിടെ ഇറങ്ങിക്കോണം’’, ആദ്യം കണ്ട ബസ് സ്റ്റോപ്പിനു മുന്നിൽ ജീപ്പ് നിർത്തി ചെറിയാച്ചൻ പോലീസ് പറഞ്ഞു.
“അതെന്നാ വർത്താനമാ സാറേ...” ചെറുപ്പക്കാരനെ പറഞ്ഞു പൂർത്തിയാക്കാൻ ചെറിയാച്ചൻ സമ്മതിച്ചില്ല.
“ഇറങ്ങിപ്പോടാ പുണ്ടച്ചി മോനേ…”, അയാൾ അലറി.
ഭയന്നു പോയ ചെറുപ്പക്കാരൻ കാലിന്റെടേന്ന് ബിഗ് ഷോപ്പർ വലിച്ചെടുത്തതും ജീപ്പിനു പുറത്തേക്ക് അലച്ചിറങ്ങിയോടിയതും ഒന്നിച്ചായിരുന്നു.
“അല്ലടാ അവരാതീ... നിന്നെ ഞാൻ കൊണ്ടുപോയി പൂവിട്ട് വാഴിക്കാം...”
ഇതും പറഞ്ഞ് പിന്നാലെ ചാടിയിറങ്ങിയ ചെറിയാച്ചൻ പോലീസ് ചെറുപ്പക്കാരനു പിന്നാലെ ഓടാൻ ആഞ്ഞെങ്കിലും ഓടി മെനക്കെടാൻ വയ്യാത്തതുകൊണ്ട് വേണ്ടെന്നുവെച്ചു.
അഞ്ച്
ചേർപ്പുങ്കലിൽ നിന്നും വെല്ല്യമ്മത്തള്ള അച്ചാമ്മയെ കാണാൻ മങ്ങാട്ടിലേക്ക് വന്നതായിരുന്നു കൊച്ചുമക്കളായ കത്രിയും ഇളയവളായ മോനിയും.
“കോട്ടയത്തൂന്ന് പോയോരൊക്കെ അവസാനം കോട്ടയത്തേക്ക് മടങ്ങിവരും.” എന്ന നിലപാടുകാരനായിരുന്നു കത്രിയുടെയും മോനിയുടെയും അപ്പൻ. അതുകൊണ്ട് മക്കൾ പറക്കമുറ്റിയപ്പോഴേക്കും കെട്ടും കെട്ടി അയാൾ കോട്ടയത്തേക്കുതന്നെ മടങ്ങി.
ഈ വേനലവധിക്കാലം പ്രതികാരത്തിനായി നീക്കിവെക്കേണ്ടിവരുമെന്ന് അവർ കരുതിയിരുന്നില്ല. അല്ലെങ്കിൽ തന്നെ ഭൂതവും ഭാവിയും മുന്നേ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവർക്കിതൊന്നും സംഭവിക്കില്ലായിരുന്നല്ലോ. അവരുടെ മാനസിക വേദന ഊഹിക്കാൻ കഴിയുന്ന ഒരേ ഒരാളായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്, അച്ചാമ്മ.
ആറ്
മങ്ങാട്ടിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ആണിക്കല്ലായിരുന്നു അച്ചാമ്മ ചേട്ടത്തി. അതുവരെ കത്തോലിക്കാ ക്രിസ്ത്യാനികൾക്കിടയിലില്ലാത്ത ഒരു ഏർപ്പാട് പോട്ടയിൽ പോയി ട്രെയിനിങ്ങെടുത്ത് മങ്ങാട്ടിൽ അവതരിപ്പിച്ചത് അച്ചാമ്മ ചേട്ടത്തിയായിരുന്നു. പരുക്കൻ മനസുകാരായ കശാപ്പുകാർ മുതൽ അറുവാണിച്ചികൾ വരെ അച്ചാമ്മ ചേട്ടത്തിയുടെ സുവിശേഷത്തിന് കാതോർത്തു. അതുവരെ പാട്ടുകേട്ടാൽ മസിലുപിടിച്ചു നിന്ന ആളുകൾ അച്ചാമ്മ പഠിപ്പിച്ചുകൊടുത്ത ആംഗ്യപ്പാട്ടുപാടി ചുവടുവെച്ചു.
അങ്ങനെയിരിക്കെ പോട്ടയിൽ പോയി ധ്യാനം കൂടിവന്ന അച്ചാമ്മ ചേട്ടത്തി മങ്ങാട്ടിലെ ക്രിസ്തുവിശ്വാസികൾക്കായി ഒരു ലേഖനം എഴുതാനിരുന്നു. കർത്താവിന്റെ ശിഷ്യർക്ക് ലേഖനം എഴുതാമെങ്കിൽ ഭാഷാവരം കിട്ടിയ തനിക്കും എഴുതാമെന്നായിരുന്നു അച്ചാമ്മയുടെ ലൈൻ.
ഉച്ചയൂണിന് സമയമായിട്ടും അച്ചാമ്മയെ പുറത്തേക്ക് കാണാതെ വന്നതോടെ മരുമകൾ എറവാലത്തെ ജനാലയിലൂടെ എത്തിനോക്കി. തിന്നാനും കുടിക്കാനും മറന്ന് എഴുത്തിൽ മാത്രം ശ്രദ്ധകൊടുത്തിരിക്കുകയായിരുന്നു അവർ. കാർന്നോത്തിയെ ചോദ്യം ചെയ്യാനുള്ള ഭയം നിമിത്തം മക്കളും മരുമക്കളും ജനാലപ്പടിയൂടെ എത്തിനോക്കിയതല്ലാതെ കമാന്നൊരക്ഷരം ചോദിക്കാൻ മുതിർന്നില്ല. മൂന്നാം നാൾ കുഴഞ്ഞു വീണ അച്ചാമ്മ പിന്നീടങ്ങോട്ട് മങ്ങാട്ടുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉറക്കത്തിൽ മുഴുകി.
'അച്ചാമ്മ മങ്ങാട്ടിലെ ക്രിസ്തുവിശ്വാസികൾക്ക് എഴുതിയ ലേഖനം' എന്ന് അറിയപ്പെടേണ്ടിയിരുന്ന ആ കുറിപ്പ് ആരെങ്കിലുമൊന്ന് വായിക്കാൻ അച്ചാമ്മയുടെ നാലാം തലമുറയിൽപെട്ട കത്രിയും മോനിയും വേണ്ടിവന്നു.
മേശവലിപ്പിൽ നിന്നു കിട്ടിയ ലേഖനത്തിന്റെ ഒരു വരി മൂത്തവളായ കത്രി ഇങ്ങനെ വായിച്ചു.
"ഞാൻ കർത്താവിന്റെ ദൂതരുമായി വരുമ്പോൾ വിധിക്കപ്പെടാതിരിക്കുന്നതിന് നിങ്ങൾ പാപം ചെയ്യാതിരിക്കുവിൻ."
ഈ തള്ളയെന്താ ചാകാത്തതെന്ന് മക്കളും ബന്ധുക്കളും അടക്കം പറയാൻ തുടങ്ങിയ കാലത്താണ് കത്രിയും മോനിയും മാങ്ങാട്ടിലേക്ക് വന്നത്. ചെറിയാച്ചൻ പോലീസ് കൊച്ചുമക്കളോടു ചെയ്ത തോന്ന്യാസം നേരിട്ടറിയുന്നവരിൽ ഒരാളുകൂടിയായിരുന്നു അച്ചാമ്മ.
“ഓ… അതങ്ങ് മറന്നുകള പിള്ളേരെ…” എന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ അച്ചാമ്മ മാത്രം എല്ലാം അറിഞ്ഞുകൊണ്ട് ഉറക്കത്തിൽ മുഴുകി.
ഏഴ്
മങ്ങാട് കാടിന്റെ കിഴക്കേ അതിർത്തിയിൽ നിന്നാണ് ചെറിയാച്ചൻ പോലീസിനെ തപ്പിയുള്ള പട പുറപ്പെട്ടത്. അവിടെയായിരുന്നു അച്ചാമ്മയുടെ വീട്. ഈ രാത്രിയിലെ സംഭവ വികാസങ്ങൾ മങ്ങാട്ടുകാർ അറിയുമ്പോൾ അവർ തങ്ങളുടെ സാമാന്യ ബുദ്ധി നശിച്ചെന്നോർത്ത് അങ്കലാപ്പിലാകുമെന്ന് ഉറപ്പ്. കോമയിൽ കിടന്ന അച്ചാമ്മ ചാടിപ്പിടഞ്ഞെണീറ്റത് എങ്ങനെയെന്ന് അവർ ആലോചിച്ച് കുഴങ്ങും.
"ഓട്…’’, അച്ചാമ്മ ആക്രോശിച്ചു.
വേനൽക്കാലമായിരുന്നിട്ടും ഇടിവെട്ടിപ്പെയ്ത മഴയുടെ മിന്നൽ വെളിച്ചത്തിൽ അച്ചാമ്മയും കൊച്ചുമക്കളും മങ്ങാട്ടിലെ വളർത്തു നായ്ക്കളും ചെറിയാച്ചൻ പോലീസിന്റെ വീടിരിക്കുന്ന ദിക്കിലേക്ക് കൊള്ളിയാൻ വേഗത്തിൽ പാഞ്ഞു. ആകാശത്തേക്ക് കുത്തനെ നിന്ന കാട്ടുമരങ്ങളുടെ ഇലകൾക്കിടയിലൂടെ രാത്രിയുടെ നിറം അവിടെയാകെ വ്യാപിച്ചു. പാതിരാത്രിയിൽ പതിവില്ലാത്ത നായ്ക്കളുടെ കാലൻകൂവൽ കേട്ട് കൊടും ചൂടത്ത് ഉറങ്ങാൻ പാടുപെട്ട മങ്ങാട്ടുകാർ ഇതെന്നാ കോപ്പെന്നാലോചിച്ച് വിയർപ്പ് തുടച്ച് തിരിഞ്ഞു കിടന്നു.
എട്ട്
ചെറിയാച്ചൻ പോലീസിനെ ആര് വകവരുത്തിയാലും കുഴിച്ചിടാനുള്ള അവകാശം തനിക്കാണെന്ന് പറഞ്ഞു നടന്ന പാപ്പി ഇങ്ങനെയൊരു അവസരം വീണു കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
അതിരാവിലെ കിട്ടിയ ചരമ അറിയിപ്പ് പ്രകാരം തൂമ്പയും പിക്കാസുമെടുത്ത് മങ്ങാട് സെമിത്തേരിയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഒരു നായ വീടിനു മന്നിൽ കാത്തു നിൽക്കുന്നത് പാപ്പി ശ്രദ്ധിച്ചത്. കൊന്നപ്പത്തലു നാട്ടി വേലി കെട്ടിയ അതിരിനു പുറത്തേക്ക് ഇറങ്ങാനാഞ്ഞതും നായ മുരണ്ടു. മനുഷ്യനു മനസിലാകാത്ത ആ മുരൾച്ചയുടെ ഭാഷ പാപ്പിക്കു മാത്രം മനസിലായി.
നായ കുരച്ചു, പാപ്പിയും നിന്നു കുരച്ചു. പതിവില്ലാതെ വീടിനു വെളിയിലെ കുര കേട്ട് പാപ്പിയുടെ കെട്ടിയോൾ തിണ്ണക്കടിയിലേക്ക് ഇറങ്ങി നോക്കിയപ്പോഴുണ്ട് പാപ്പി ഒരു നായക്കു മുന്നിൽ പട്ടിയെപ്പോലെ നാലുകാലിൽ നിന്ന് കുരയ്ക്കുന്നു. ഇതിയാനിതെന്തിന്റെ കേടാണെന്നും പറഞ്ഞ് മുറ്റത്തേക്കിറങ്ങിയ കെട്ടിയോൾ പാപ്പിയുടെ മൂലാദണ്ഡുനോക്കി ഊക്കിൽ തൊഴിച്ചു. കാലു വീശിയുള്ള അടിയിൽ മേലു നൊന്ത പാപ്പി പേപിടിച്ച പട്ടിയെപ്പോലെ കെട്ട്യോൾക്കു നേരെ തിരിഞ്ഞു. ഉടനെ പാപ്പിയുടെ കെട്ട്യോൾ, ഗീവർഗീസു പുണ്യാളാ കാത്തോണേയെന്നു വിളിച്ച് പുരയ്ക്കകത്തേക്ക് ഓടിക്കയറിയതും വാതിലടച്ചതും ഒന്നിച്ചായിരുന്നു.
നേരം ഇരുട്ടുമ്പോൾ അച്ചാമ്മയുടെ വീട്ടിലെത്തണമെന്ന കാര്യപ്പെട്ട വിവരമായിരുന്നു നായയ്ക്ക് പറയാനുണ്ടായിരുന്നത്. നായ പറഞ്ഞത് പാപ്പിക്കും പാപ്പി പറഞ്ഞത് നായക്കും മനസിലായി.
മങ്ങാട് പള്ളിയിലെ കുഴിവെട്ടുകാരനായ പാപ്പി മകൾക്കുണ്ടായ അപമാനം ചോദ്യം ചെയ്യാൻ ഒരിക്കൽ ചെറിയാച്ചൻ പോലീസിന്റെ വീടുവരെ ചെന്നതാണ്.
"കൊച്ചു പിള്ളേരോട് ഇങ്ങനെയാണോ നായിന്റെ മോനേ പെരുമാറുന്നത്" എന്ന് പാപ്പിക്ക് ചോദിക്കേണ്ടിയിരുന്നു.
പക്ഷേ ആ ശ്രമം മുടങ്ങിയത് എങ്ങനെയെന്നു കേട്ടാൽ പാപ്പിക്ക് കിറുക്കാണെന്ന് നാട്ടുകാർ ഉറപ്പിച്ചേക്കും. അതുകൊണ്ട് അന്നു നടന്ന സംഭവം പാപ്പി ആരോടും പറഞ്ഞില്ല.
ഒരു രാത്രി പള്ളി സെമിത്തേരിയിലെ പണിയൊക്കെ കഴിഞ്ഞ് മങ്ങാട്ടിലെ കുന്നിറങ്ങുകയായിരുന്നു അയാൾ. ഇറക്കത്തിലൂടെ നടക്കുന്നതിനിടെ ഇതാണ് തക്ക സമയം എന്ന് പാപ്പിക്ക് തോന്നി. വേലിക്കെട്ട് ചാടിക്കടന്ന് നൂറ് വാര നടന്നാൽ ചെറിയാച്ചൻ പോലീസിന്റെ വീട്ടുപടിക്കലെത്താം. മനസു പറയുന്നതുപോലെ തന്നെ പാപ്പി ചെയ്തു. തിടുക്കം പിടിച്ചുള്ള നടത്തം വീട്ടുപടിക്കലെത്തുന്നതിനു മുന്നേ പാപ്പി അപകടം തിരിച്ചറിഞ്ഞു. സെമിത്തേരിയിൽ നിന്നും വലിച്ചു കേറ്റിയ ചാരായത്തിന്റെ കെട്ടിറങ്ങാത്തതുകൊണ്ട് അയാൾ കണ്ണുകൾ ഇറുക്കിയടച്ച് ഒന്നുകൂടി നോക്കി.
"തേവിടിശ്ശീടെ മോനേ വന്ന വഴിക്കു വിട്ടോ...", കണ്ണ് ചിമ്മിത്തുറക്കും മുന്നേ ചുറ്റും കൂടിയ നായ്ക്കളിൽ ഒരുത്തൻ പറഞ്ഞു.
"വേണ്ടാദീനം കാട്ടിയത് ഞാനല്ലെടാ നായേ... അവനെ ഇങ്ങ് ഇറക്കി വിട്." പാപ്പി തിരിച്ചടിച്ചു. നിങ്ങളിപ്പോ വിട്ടില്ലെങ്കിൽ അവനെ പട്ടിയേപ്പോലെ തീർക്കുമെന്നായി പാപ്പി.
നായ്ക്കളും പാപ്പിയും തമ്മിലുള്ള തർക്കം കയ്യാങ്കളിയാകുമെന്നുറപ്പിച്ച ഘട്ടത്തിൽ പറമ്പിന്റെ അങ്ങേ തലയ്ക്കലുള്ള വഴിയിൽ ഫോർ വീൽ ജീപ്പിന്റെ വെളിച്ചം തെളിഞ്ഞു. ചെറിയാച്ചൻ പോലീസ് എത്തുമ്പോൾ പട്ടികളിലൊരാളെപ്പോലെ നാലുകാലിൽ നിൽക്കുകയായിരുന്നു പാപ്പി.

"സാറേ സംഗതിയുടെ കിടപ്പ് അത്ര വെടിപ്പല്ല’’, വന്നപാടെ ചെറിയാച്ചനോട് നായ്ക്കളിലൊരാൾ പറഞ്ഞു.
"ഇവനെ ഇവിടിട്ട് തട്ടിയേക്കാം." നായ്ക്കളിൽ രണ്ടാമൻ മുരണ്ടു.
അത്രയൊന്നും വേണ്ടെന്ന് ചെറിയാച്ചൻ പോലീസിന് അറിയാമായിരുന്നു. ആടിനെ കക്കാൻ വന്നെന്നുപറഞ്ഞ് പാപ്പിയുടെ പേരിൽ അയാളൊരു കേസുണ്ടാക്കി. കള്ളൻ പറയുന്നത് ഇനി ആരും വിശ്വസിക്കില്ലെന്നായിരുന്നു ചെറിയാച്ചൻ പോലീസിന്റെ ധാരണ.
വെവ്വേറെ സംഭവങ്ങളാണെങ്കിലും ചെറിയാച്ചൻ പോലീസിൽ നിന്നുണ്ടായ അനുഭവം മങ്ങാട്ടിലെ പെൺകുട്ടികളെയാകെ ഉത്കണ്ഠാ രോഗികളാക്കി. എവിടെ പോയാലും തങ്ങളെ ആരൊക്കെയോ പതിയിരുന്ന് ആക്രമിക്കുമെന്ന ചിന്ത അവരെ ആകെ വലച്ചു.
ഒമ്പത്
സന്ധ്യാപ്രാർത്ഥന കഴിഞ്ഞ് പള്ളിക്കു ചുറ്റും വെറുതേ നടക്കുകയായിരുന്നു വികാരി അന്ത്രയോച്ചൻ. വികാരിയെ നോക്കിയാണോ അതോ പള്ളിയിലെ ക്രൂശിത രൂപത്തെ നോക്കിയാണോ എന്നറിയില്ല മുറ്റത്തെ വിളക്കുമരങ്ങൾ നമസ്കരിച്ചു നിന്ന് വെളിച്ചം പ്രകാശിപ്പിക്കുകയായിരുന്നു. ഈ നേരം സെമിത്തേരി കല്ലറയിൽ നിന്നും ഉറക്കമുണർന്നവരെപ്പോലെ തോന്നിക്കുന്ന മരണപ്പെട്ടവുരുടെ ജാഥ പള്ളിയുടെ കമാനവും കടന്ന് മുന്നോട്ടു പോകുന്നതായി അന്ത്രയോച്ചൻ കണ്ടു. അവർ വെള്ള പെറ്റിക്കോട്ടുപോലെ തോന്നിക്കുന്ന വസ്ത്രവും തലയിൽ പൂക്കൾക്കൊണ്ടുള്ള കിരീടവും ധരിച്ചിട്ടുള്ളതായി വികാരിക്കു തോന്നി. അച്ചാമ്മയുടെ കെട്ടിയോൻ ചാക്കോയും ഇടവകയിൽ നിന്നും മരണപ്പെട്ടുപോയവരുമായിരുന്നു അവർ.
ചെറിയാച്ചനേക്കാൾ വലിയ ചെറ്റകൾ പോലീസിൽ ഇല്ലെന്നാണ് മങ്ങാട്ടിലെ പെണ്ണുങ്ങൾ പറയാറ്. പോലീസാണെങ്കിലും പെണ്ണുങ്ങളെ കണ്ടാൽ അയാൾക്ക് വല്ലാത്തൊരു പിടപ്പാണ്. അതിൽ പെൺപിള്ളേരെന്നോ മുതിർന്നവരെന്നോ അയാൾക്ക് നോട്ടമില്ല. അതുകൊണ്ട് നടക്കല്ലിലിരുന്ന് പേൻ നോക്കാന്നേരം ചെറിയാച്ചനുള്ള വഴീലൊന്നും ചെന്നുപെട്ടേക്കല്ലേ പിള്ളേരേന്ന് അമ്മമാർ പെൺമക്കളെ ഉപദേശിച്ചു.
10.
അച്ചാമ്മയും കൊച്ചുമക്കളും അടങ്ങുന്ന സംഘം മങ്ങാട് കാടിനു നടുവിലൂടെ തിരക്കിട്ട് നടക്കും നേരം ഒരു വാഹനം മഞ്ഞവെളിച്ചം ചിതറിച്ചുകൊണ്ട് തങ്ങൾക്കു നേരെ വരുന്നതായി അവർ കണ്ടു. ചെറിയാച്ചൻ പോലീസിന്റെ ഫോർവീൽ ജീപ്പ് ഉരുളൻ കല്ലുകളിൽ കയറിയും മഴവെള്ളം കെട്ടിയ കുഴികളിൽ ഇറങ്ങിയും അവർക്കെതിരെ വരികയായിരുന്നു.
അച്ചാമ്മ മൂക്കിൽ വിരൽ വെച്ചതും മങ്ങാട്ടിലെ നായ്ക്കൾ ജീപ്പിലുള്ളവന്റെ മണം തിരഞ്ഞ് വായുവിൽ വൃത്തങ്ങൾ വരച്ചു. പതിവില്ലാതെ വഴിയിൽ നായ്ക്കൂട്ടത്തെ കണ്ട് ചെറിയാച്ചൻ അപകടം മണത്തു. അയാൾ ജീപ്പിന്റെ ബ്രേക്ക് ആഞ്ഞമർത്തി. കാട്ടുമരങ്ങൾക്കിടയിലൂടെ പെയ്തു വീണ മഴത്തുള്ളികളും കൊള്ളിയാൻ വെട്ടവും വശങ്ങളിലേക്ക് തെറിപ്പിച്ചുകൊണ്ട് ആ വാഹനം നിന്നു.
"ഇങ്ങിറങ്ങി വന്നേടാ പെലയാടിമോനേ’’, പോലീസിനേക്കാൾ ദാർഷ്ട്യമുള്ള ഭാഷയിൽ ആദ്യം ചെന്ന നായ്ക്കളിലൊരാൾ പറഞ്ഞു.
"നിന്നെ ഞങ്ങളായിട്ട് കൊല്ലുകേല. ഇറങ്ങി വന്നാട്ട്’’, നായ്ക്കളുടെ മുരളലിന് കനം കൂടിവന്നു.
ചെറിയാച്ചന്റെ അനക്കം കാണാഞ്ഞ് മുഴുവൻ പല്ലുകളും പുറത്തുകാട്ടി മങ്ങാട്ടിലെ നായ്ക്കൾ ജീപ്പിനോടടുത്തു. സംഗതി പന്തിയല്ലെന്നുകണ്ട് ഉശിരൊത്ത അൽസേഷനെപ്പോലെ ചെറിയാച്ചൻ നാലുകാലിൽ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി.
"കില്ലപ്പട്ടികളേ...", മുൻകാലുകൾകൊണ്ട് നിലത്തൊരു വൃത്തം വരച്ച് ചെറിയാച്ചൻ പോലീസ് ഏറ്റുമുട്ടലിനൊരുങ്ങി.
"കൊല്ലുകേലെന്ന് പറഞ്ഞില്ലേടാ മൈരേ... നീയിങ്ങനെ പേടിക്കാതെ." നായ്ക്കളുടെ നേതാവ് പറഞ്ഞു.
ചെറിയാച്ചൻ അടങ്ങാൻ ഒരുക്കമല്ലായിരുന്നു. "പോലീസുകാരനെ തൊട്ടവരൊക്കെ പട്ടിയെപ്പോലെ ചത്തിട്ടേയുള്ളൂ." അയാൾ മുറുമിക്കൊണ്ട് പല്ലുകടിച്ചു. മങ്ങാട്ടിലെ നായ്ക്കൾ അയാൾ വരച്ച വൃത്തത്തിനു വെളിയിൽ കയ്യാങ്കളിക്ക് തയ്യാറായി നിന്നു.
പിന്നൊട്ടും വൈകിയില്ല ഒരു അഭ്യാസിയെപ്പോലെ പാപ്പിയുടെ മകൾ വായുവിൽ കാലുകളുറപ്പിച്ച് ചെറിയാച്ചന്റെ പിടുക്കു നോക്കി ആഞ്ഞടിച്ചു. അടിയുടെ ഊക്കിൽ പതറിപ്പോയ ചെറിയാച്ചൻ പോലീസ് വേദന സഹിക്കാനാകാതെ അണച്ചു. പിന്നൊട്ടും വൈകിയില്ല കണ്ണിക്ക് ബലമുള്ള ചങ്ങല കൊണ്ടുവന്ന് പാപ്പി അയാളെ പൂട്ടി.

11.
സെമിത്തേരിയിൽ നിന്നുള്ളവരുടെ ജാഥ മങ്ങാട് പുഴ മുറിച്ചു കടക്കുകയായിരുന്നു. തെളിച്ചുപിടിച്ച പന്തം കണക്കെ മാനത്തു നിന്നും ചന്ദ്രൻ അവർക്ക് വഴി കാട്ടി. ഇതിനിടെ ചെറിയാച്ചൻ പോലീസിനെ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് അവർ തമ്മാമ്മിൽ അടക്കം പറയുകയായിരുന്നു. അവരുടെ കുശുകുശുപ്പ് പിടിച്ചെടുക്കാൻ ഓളപ്പരപ്പിനു മുകളിൽ ചെവി വട്ടംപിടിച്ച് കിടക്കുകയായിരുന്നു മീനുകൾ. ചെറിയാച്ചന് സംഭവിക്കാനിരിക്കുന്ന വിധിയറിഞ്ഞ് അവർ മങ്ങാട്ടുകാർക്കു പിന്നാലെ കൂടിയെങ്കിലും ജലാതിർത്തി ലംഘിക്കാനാകാതെ അവർ ആഴങ്ങളിലേക്ക് ഊളയിട്ടു.
കഴുത്തിൽ തുടൽ ബന്ധിക്കപ്പെട്ടപ്പോൾ തനിക്ക് അപകടം സംഭവിക്കാൻ പോകുകയാണെന്ന് ചെറിയാച്ചന് തോന്നി.
"എന്നെ എന്നാ ചെയ്യാൻ പോകുവാണെന്ന് പറയെടാ കുണ്ണകളേ..."
പേടി സഹിക്കാനാകാതെ ചെറിയാച്ചൻ പോലീസ് തന്റെ വാലുകൾ പിൻ കാലുകൾക്കിടയിലേക്ക് ചുരുട്ടി.
തുടലിൽ ബന്ധിക്കപ്പെട്ട ചെറിയാച്ചനുമായി അച്ചാമ്മ മുന്നിൽ നടന്നു. മറ്റുള്ളവർ അച്ചാമ്മയ്ക്കൊപ്പമെത്താൻ പാടുപെടുകയായിരുന്നു.
അച്ചാമ്മയുടെ സംഘം മങ്ങാട് വയലിലെത്തുമ്പോൾ അന്ത്യവിധിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു സെമിത്തേരിയിൽ നിന്നും വന്നവർ. അവരുടെ കൂട്ടത്തിൽ മരിച്ചുപോയ തന്തയേയും തള്ളയേയും കണ്ട് ചെറിയാച്ചൻ ഓരിയിട്ടു, ഭയാനകമാംവിധമുള്ള ഓരി.
സെമിത്തേരിയിൽ നിന്നും വന്നവർ പെട്ടെന്ന് നിശബ്ദരായി. ഒപ്പീസിന്റെ വരികൾ അവർ നേരിയ ശബ്ദത്തിൽ ഉരുവിട്ടുകൊണ്ടിരുന്നു. മരണം മണത്ത ചെറിയാച്ചന്റെ കരച്ചിലും പല്ലുകടിയും ഒപ്പീസിന്റെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ വയലിൽ മുഴങ്ങി.
അച്ചാമ്മ അടയാളം കാട്ടിയപ്പോൾ തോൾ സഞ്ചിയിൽ സൂക്ഷിച്ച സഞ്ചിയിൽ നിന്നും കത്രി വെല്ല്യമ്മച്ചി എഴുതിയ ലേഖനത്തിന്റെ ചുരുൾ പുറത്തെടുത്തു.
"വിലാപത്തിന്റെ കാവ്യം ഞാൻ രചിക്കുന്നു. പാപികൾ അന്ത്യവിധിയിൽ നിന്നും രക്ഷനേടുകയില്ല. വേട്ടക്കാർ ഇരകളും ഇരകൾ വേട്ടക്കാരുമാകുന്ന അന്ത്യദിനത്തിൽ വിധിക്കപ്പെടാതിരിക്കാൻ നിങ്ങൾ പാപം ചെയ്യാതിരിക്കുവിൻ." അതിന്റെ അവസാന താളിലെ വാക്യം അവൾ വായിച്ചു നിർത്തി.
ലേഖനഭാഗം വായിച്ചു തീർന്നതും സെമിത്തേരിയിൽ നിന്നു വന്നവരും മങ്ങാട്ടിലെ വളർത്തു നായ്ക്കളും വയലിനു നടുവിൽ വൃത്താകൃതിയിലിരുന്നു. മങ്ങാട് പള്ളിയിലെ കപ്യാരായിരുന്ന വറുഗീസുചേട്ടൻ മരണവീട്ടിലെന്നതുപോലെ കുന്തിരിക്കം പുകയുന്ന ധൂപക്കുറ്റിയുമായി ആ വൃത്തത്തിനു ചുറ്റും മൂന്നുവട്ടം വലംവെച്ചു.
കത്രിയോടും മോനിയോടും പാപ്പിയുടെ മകളോടും ചെയ്ത വേണ്ടാദീനങ്ങളോരൊന്നും ചെറിയാച്ചൻ പോലീസ് ഓർത്തു. പാപ്പി ചോദിക്കാൻ വന്ന രാത്രിയിൽ രണ്ടെണ്ണം വിട്ടിരുന്നപ്പോഴും ഇതേകാര്യം അയാൾ ഓർത്തതാണ്. അവളുമാരുടെ കവയ്ക്കെടേലോട്ട് സമാനം കേറാനുള്ളതല്ലേ എന്നായിരുന്നു അപ്പോൾ ചെറിയാച്ചൻ പോലീസ് കണ്ടെത്തിയ ന്യായീകരണം.
12.
"നമുക്ക് പാചകം തുടങ്ങാം’’, അച്ചാമ്മ പറഞ്ഞു.
സെമിത്തേരിയിൽ നിന്നും വന്നവർ തയ്യാറാക്കിവെച്ചിരുന്ന ഇഷ്ടിക കഷ്ണങ്ങളെടുത്ത് കത്രിയും മോനിയും അടുപ്പുകൂട്ടി. കൂറ്റാക്കൂറ്റിരുട്ടത്ത് വയലിന്റെ ഒത്ത നടുവിൽ ഒരു വൃത്തം മെല്ലെ തെളിഞ്ഞു. അടുപ്പിൽ തീയാളിയതും ചീനച്ചട്ടിയെടുത്ത് പാപ്പിയുടെ മകൾ അടുപ്പത്തുവെച്ചു. മങ്ങാട്ടിലെ കശാപ്പു കടയിൽ നിന്നും വാങ്ങിയ പോത്തിറച്ചി കഴുകി വാരുകയായിരുന്നു അച്ചാമ്മ.
"കൊല്ലാൻ കൊണ്ടുവന്നതാണെങ്കിൽ കൊല്ലടീ കൂത്തിച്ചീ..." ചെറിയാച്ചൻ പോലീസ് അലറിവിളിച്ചു.
"നിന്നെ ചുമ്മാതങ്ങ് കൊല്ലുകേല, നാറിത്തരം കാണിക്കാന്നേരം ഓർക്കണമായിരുന്നെടാ." അച്ചാമ്മ സ്വരം കനപ്പിച്ചു.
വെട്ടിത്തിളയ്ക്കുന്ന പോത്തിറച്ചിയിലേക്ക് കാഞ്ഞിരത്തിന്റെ തൊലി അച്ചാമ്മ പാകത്തിന് ചേർത്തുകൊടുത്തു. ഇറച്ചിമസാലക്കൂട്ടിന്റെ മണം അവിടമാകെ നിറഞ്ഞു. കില്ലപ്പട്ടികളെ വകവരുത്താൻ കാർന്നോന്മാർ വഴി പകർന്നു കിട്ടിയ ആശയമായിരുന്നു കാഞ്ഞിര പ്രയോഗം.
"കരുണയുള്ള കർത്താവേ, കരയുന്നവർ നിന്നെ വിളിക്കുകയും സങ്കടപ്പെടുന്നവർ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാൽ നിന്റെ ദാസരെ ശക്തിയുള്ളവരാക്കണമേ."
പ്രാർത്ഥന അവസാനഘട്ടത്തിലെത്തിയപ്പോൾ വെന്ത് പാകമായ പോത്തിറച്ചി നിറച്ച പിഞ്ഞാണവുമായി കത്രി പ്രാർത്ഥനാ സംഘത്തിനു നടുവിൽ തയ്യാറായി. കരങ്ങൾ ദൈവസന്നിധിയിലേക്ക് ഉയർത്തി നിശബ്ദമായി പ്രാർത്ഥിച്ചതിനു ശേഷം ചെറിയാച്ചൻ പോലീസിന്റെ അമ്മ കത്രിയിൽ നിന്നും പിഞ്ഞാണം ഏറ്റുവാങ്ങി.
മരണത്തേക്കുറിച്ചുള്ള ആധിമൂത്ത് ചെറിയാച്ചൻ കില്ലപ്പട്ടിയെപ്പോലെ ചീറുകയും തൊണ്ടക്കുഴിയിൽ നിന്നും അജ്ഞാതങ്ങളായ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.
മകന്റെ പരാക്രമം കണ്ടിട്ടും ചെറിയാച്ചന്റെ അമ്മ ഭയന്നില്ല. ഒരിക്കൽ മരണം സംഭവിച്ചവരെ ഇവനെന്നാ ചെയ്യാനാണെന്ന മട്ടായിരുന്നു അവർക്ക്. അമ്മ സാവധാനം അയാൾക്കരികിൽ നിലത്തിരുന്നു. സ്നേഹത്തോടെ അയാളുടെ കഴുത്തിലെ രോമത്തിൽ തടവിക്കൊണ്ട് മോനേ നീയിത് കഴിച്ചേടായെന്ന് അവർ വാത്സല്യത്തോടെ പറഞ്ഞു.
