ചിത്രീകരണം: ദേവപ്രകാശ്

വേട്ടക്കൊരുമകൻ

1. വേട്ടയിലെ നീതിയും നെറിയും

‘സാമുവലേ ...'
പതിഞ്ഞ സ്വരത്തിൽ അപ്പൻ വിളിക്കുമ്പോൾ സാമുവലും മെല്ലെ കാതോർക്കും ശ്വാസം പിടിച്ച് കണ്ണ് ചുളിച്ച് തോളിടയിൽ തോക്കിൻ പാത്തി കേറ്റി അപ്പൻ ഉന്നം പിടിക്കുന്നത് കണ്ടാൽ സാമുവലും തോക്ക് ചൂണ്ടുന്നിടത്തേക്ക് നോക്കും.

വേട്ടമൃഗത്തെ മുന്നിൽ കണ്ടാൽ, ഉന്നം ഉറപ്പിച്ചാൽ, പിന്നെ കാഞ്ചി വലിക്കുന്നവരെയുള്ള നിമിഷം നിർണായകമാണ്. അപ്പന്റെ വായിൽ നിന്ന്​വന്നിരുന്ന കള്ളിന്റെ മണം അപ്പോൾ ഉണ്ടാവില്ല. അപ്പൻ കിടക്കുന്നിടത്തെ കരിയില പോലും നിശ്ചലമായിരിക്കും. അപ്പന്റെ ശൈലി കമിഴ്​ന്നുകിടന്ന് കൈമുട്ട് നിലത്തൂന്നിയതിൽ തോക്ക് താങ്ങിയുള്ള പൊട്ടിക്കലാണ്.

‘വെടിവെക്കുമ്പോൾ തോക്ക് തെല്ല് പോലും വിറക്കരുത്; വിറച്ചാൽ ഉന്നം തെറ്റും', അതാണ് അപ്പൻ, തന്റെ ശൈലിയെ ന്യായീകരിച്ച് പറഞ്ഞത്.

അന്ന് അവർ കാട് കയറിയത് പുതിയ ചാലു കീറി ഇറങ്ങിയ കാട്ടുപന്നിയെ പിടിക്കാനാണ്.

അപ്പൻ കുറേയായി ഈ പന്നിയെ നോട്ടമിടുന്നു. ഇരുത്തം വന്ന വേട്ടക്കാരുടെ പതിവ് അങ്ങിനെയാണ്, ദിവസങ്ങളോളം ക്ഷമയോടെ നീരീക്ഷിച്ച് കാട്ടുപന്നിയുടെ സഞ്ചാരം മനസ്സിലാക്കി,നല്ല നിലാവുള്ള രാത്രി ചാലിറങ്ങി പന്നി വരുന്നത് കാത്തിരിക്കും.

പന്നി സ്ഥിരമായി സഞ്ചരിക്കുന്ന വഴി കാട്ട് ചെടികൾക്കിടയിലൂടെ ചെറുതുരങ്കം പോലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും, അതാണ് ചാല്. ഈ ചാല് അടയാളമാക്കിയിട്ടാണ് വേട്ടക്കിറങ്ങുക. നിലാവ് പരന്നുവീഴുന്ന ഒരുവശത്ത് മരത്തിന്റേയോ കുറ്റിക്കാടിന്റേയോ മറവിൽ പതിയിരിക്കും. വലിയ പിടുത്തമില്ലാത്തവർ ചിലപ്പോ ചാലിൽ തന്നെ കാത്തിരുന്നെന്നുവരും. പക്ഷെ അത് ബുദ്ധിയല്ല, പന്നിയുടെ തേറ്റക്ക് നല്ല മൂർച്ചയാണ്.

അപ്പൻ ഒരു പാട് നിർബന്ധിച്ചാണ് അന്നത്തെ ആ വേട്ടക്ക് സാമുവലും കൂട്ടിന് ചെന്നത്. അതായിരുന്നു അപ്പന്റെ അവസാന വേട്ട. പേസ്റ്റും ചാരായവും കലർന്ന മണമുളള ശബ്ദത്തിൽ അപ്പൻ അന്ന് പറഞ്ഞ കാര്യങ്ങൾ അവൻ ഇപ്പോഴും ഓർക്കുന്നു.

‘‘ശ്വാസം പോലും എടുത്തൂട ... പ്രതിമ പോലെ വേണം .... പതിയെ വിരല് കാഞ്ചിയില് വച്ച് ... പന്നി എതിരാണ് നിക്കണതെങ്കിൽ നെറ്റിനോക്കി ... ഇനി സൈഡ് ചെരിഞ്ഞിട്ടാണേ തൊണ്ടയും തലേം ചേരണിടത്ത്’, അപ്പൻ പതിവില്ലാതെ വാചാലനാവുകയാണ്.

‘അതെന്തിനാപ്പാ, വയറ്റത്ത് വച്ചൂടെ, ചത്ത് കിട്ടിയാ പോരേ?'

‘അത് പോരട സാമുവലേ, നമ്മടെ തോക്ക് നീ കണ്ടാ?'

‘ആ കണ്ടു’

‘ഇതില് തെരനെറക്കണത് കണ്ട് ണ്ടാ..?'

‘ണ്ട് ... '

‘പറ, എങ്ങനാന്ന്’

‘മരുന്നും, ഒണക്ക പുല്ലും, തെരേം ഒക്കെപ്പാടെ കുത്തിനിറക്കണത് ഞാൻ കണ്ട്ണ്ട് ...’

‘ആ, അതാണ്, എടാ ഇത് നീ സിനിമേ കാണണ തോക്കല്ല, ഇതീന്ന് തെരയാണ് പോവാ, ഒറ്റ ഉണ്ടയല്ല; പല പല ചെറ് പെല്ലറ്റ്. പന്നി വയറ്റില് കൊഴുപ്പാ. പെല്ലറ്റ് കൊഴുപ്പീ കുടുങ്ങി ഇരിക്കും. പന്നി ഓടിയാ പിന്നെ അറിയാലോ നമ്മക്ക് പണിയാ. മാത്രല്ല, അത് കൊറേ കാലം വേദന തിന്ന് പഴുത്ത് ചാവും. അത് മഹാ പാപല്ലേടാ?'

തിങ്ങിയ ഇലകളിലൂടെ തട്ടിത്തെറിച്ച് അവിടെ ഇവിടെയായി പരന്നുവീണ നിലാവിലും അപ്പന്റെ മുഖത്തെ മിന്നിമായുന്ന കരുണാഭാവം സാമുവൽ കണ്ടു.

‘അപ്പോ തലയിൽ വച്ചാ?'

‘‘ഒറ്റടിക്ക് ചാവും. വേദന അധികം അറിയില്ല. മാത്രല്ല പന്നി ഓടി, അതിന്റെ പിന്നാലെ തെരഞ് മെനക്കെടണ്ട.''

സാമുവൽ മറുപടിയൊന്നും പറയാതെ ഇരുന്നു.

അപ്പന് പക്ഷെ എന്തൊക്കെയോ പറയാനുണ്ടായിരുന്നു.
‘‘സാമുവലേ, എന്തിനും ഒരു നെറി വേണം വേട്ടക്കാരനാണേലും വേദോപദേശിയാണേലും, പന്നി ഗതികേടുകൊണ്ട് കാടിറങ്ങുന്നു. നമ്മള് ഗതികേട് കൊണ്ട് പൊട്ടിക്കുന്നു. എന്നാലും അതിലൊരു നീതീം നെറീം വേണം’, ഒന്നും ചോദിക്കാതെ തന്നെ ഇത്രയും പറഞ് അപ്പൻ നെടുവീർപ്പിട്ടു.

കാട് ഉറക്കത്തിലാണ്.
മരം വിട്ട് മരത്തിലേക്ക് പാറുന്ന ചില പക്ഷികളൊഴിച്ചാൽ കാടിന് വേറെ അനക്കമൊന്നുമില്ല.
ചാലിറങ്ങി പന്നി വരുന്നതുകാത്ത് അവരിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ വീട്ടിൽ വന്ന് പൊലീസുകാർ വിളിച്ചപ്പോ മറുത്തൊന്നും പറയാതെ അപ്പൻ ഇറങ്ങി.

അപ്പൻ ഇടക്കങ്ങിനെ പോകാറുണ്ട്. പക്ഷെ അതൊക്കെ വിളിപ്പിക്കലാണ്, വന്ന് വിളിച്ചുകൊണ്ട് പോവാറില്ല. പൊലീസുകാരെല്ലാം അപ്പന്റെ ചങ്ങാതിമാരെ പോലെയാണ്​. അല്ലറ ചില്ലറ കേസ് തെളിയാനൊക്കെ അപ്പനാണ് സഹായിക്കണത്. അതൊക്കെ സ്വയം ഏൽക്കും. അന്ന് അപ്പനെ കൊണ്ടുപോവാൻ വന്ന പോലീസുകാരിൽ ഒരാളെ സാമുവൽ അറിയും. അയാളാണ് അപ്പനെ വിളിപ്പിക്കാറ്. പന്നിയുടെ നെയ്യേറിയ കഷണങ്ങൾ നോക്കിയെടുത്ത് അപ്പൻ അയാൾക്ക് സമ്മാനിക്കാറുമുണ്ട്. ആ നെയ്യെല്ലാം കാക്കി പാന്റിന്റെ ബെൽറ്റിനുമുകളിൽ വീർപ്പ് മുട്ടുന്നു.

അപ്പനെ ജീപ്പിൽ കയറ്റുമ്പോൾ അയാൾ സാമുവലിനെ നോക്കി ഒരു ഇളിഭ്യൻ ചിരി ചിരിച്ചു.

അപ്പനെ കൊണ്ടുപോയി ദിവസമൊട്ട് കഴിഞ്ഞിട്ടും വിവരമൊന്നും കാണാഞ്ഞ് അമ്മക്ക് ആവലാതിയായി.
‘നീയ് ബേജാറാവാണ്ട അവനിങ്ങ് വരും' എന്നെല്ലാവരും സമാധാനപ്പെടുത്തിയെങ്കിലും
‘എന്തോ പന്തികേട്' എന്നും പറഞ്ഞ് അന്വേഷിക്കാനിറങ്ങിത്തിരിച്ചത് അപ്പന്റെ ഉറ്റ ചങ്ങാതിയായ ദിവാകരേട്ടൻ മാത്രമായിരുന്നു.

‘കൊലക്കേസാണ്​. ഓൻ സമ്മതിക്കണില്ല’, ഇത്രയും പറയാനേ തിരിച്ചുവന്ന ദിവാകരേട്ടന് കഴിഞ്ഞുള്ളൂ. അപ്പനെ കാണാനോ സംസാരിക്കാനോ പോലീസുകാര് സമ്മതിച്ചില്ല.
അവര് അപ്പനുനേരെ ഉന്നയിച്ച കേസ് എല്ലാവരേയും പോലെതന്നെ സാമുവലിനും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഒന്നിനേയും ഒരാളേയും മനഃപ്പൂർവ്വം അപ്പൻ വേദനിപ്പിക്കിലെന്ന് സാമുവലിന് നന്നായിട്ടറിയാം.
പന്നിയെപ്പോലും വല്ലാണ്ട് വേദനിപ്പിക്കാതെ കൊല്ലുന്ന അപ്പൻ രണ്ടുപേരെ തലക്കടിച്ച് കൊന്നെന്ന് പറയുമ്പോ അത് സത്യമല്ലെന്ന് കണ്ണടച്ച് പറയാൻ കഴിയും. അപ്പനൊരു നീതിയുണ്ട്, ന്യായമുണ്ട്, നെറിയുണ്ട്.

2. ചത്താലും ചാവാത്ത ഞരമ്പുകൾ

സൂര്യൻ തെളിയും മുമ്പേ ചിലപ്പോ പുറത്തെ ചൂട് കാടിനെ ഉരുക്കും, ഇലയിലും മറ്റും പാളി പോലെ പറ്റി പിടിച്ച മഞ്ഞിൻ പാട നനവാകും. കാട്ടുപന്നിയുടെ യാതൊരു ലക്ഷണവും കാണുന്നില്ല. കൊതുകിന്റെ കടിയും നനവിന്റെ ഉരയലും സാമുവലിനെ അസ്വസ്​ഥനാക്കി.

‘തലക്ക് പൊട്ടിച്ചാ വേദന അറിയില്ലേ?'
തന്റെ അവസ്ഥയിൽ നിന്ന്​ മനസ്സിനെ പിടിച്ചു മാറ്റാൻ അപ്പനോടുള്ള ചോദ്യ ശരങ്ങളായിരുന്നു സാമുവലിന്റെ ആയുധം

‘ഇല്ലടാ', ഒന്ന് മിണ്ടാതിരിയെട ചെറുക്കാ എന്നൊരു ധ്വനി ആ മറുപടിയിൽ ഉണ്ടായിരുന്നു. അപ്പനും മടുപ്പ് കയറുന്നുണ്ട്, വിച്ചാരിച്ച നേരമായിട്ടും പന്നിച്ചാലിൽ ഒരീച്ച പോലും വരുന്നില്ല.

എങ്കിലും സമുവൽ വിട്ടില്ല.
‘അത് വെറ്‌തേണപ്പാ, പന്നി പെടയണത് ഞാൻ കണ്ട്ട്ട് ണ്ടല്ലാ, തലക്ക് പൊട്ടിച്ചപ്പോ'

ചെറുക്കനെ കൊണ്ടുവന്നത് പിത്തനയായല്ലോ എന്നൊരു നെടുവീർപ്പിട്ടുകൊണ്ട് അപ്പൻ തോക്ക് പാത്തിയിൽ നെറ്റി മുട്ടിച്ചു.

‘എടാ സാമുവലേ, പിടയുന്ന പന്നിയുടെ കണ്ണ് നോക്കണം. ചത്ത് മലച്ചിട്ട്ണ്ടാവും. പിടയണത് ഞരമ്പാണ്, പന്നിയല്ല. മനുഷ്യനാണേലും പന്നിയാണേലും പിടക്കും ചത്താലും ചെല ഞരമ്പുകള് ചാവില്ല’, കൈപ്പത്തിക്കുമേലെ വന്നിരുന്ന ഒരു കൊതുകിനെ അപ്പൻ പതിയെ തോക്കനക്കാതെ ആട്ടി. ഇരുകാലുകളും പരസ്പരം തട്ടിച്ചുരസി കാലിലും മുതുകിലുമുള്ള കൊതുകുകളെയും വിരട്ടിയോടിച്ച്​ തുടർന്നു.

‘ഇനി പിടച്ചിട്ടില്ലേൽ അതിന് കാരണമുണ്ട്, ചാവാറായ പന്നിയായിരിക്കും വേറെ പന്നിയായിട്ടോ മൃഗമായിട്ടോ അടികൂടി വയ്യാണ്ടായിട്ട്, അല്ലെങ്കില് നല്ലോം വയസ്സായ പന്നി'

പൊലീസ് സ്റ്റേഷനുപിറകിലുളള തെക്കേ കണ്ടത്തിൽ പൊടി പാറ്റി താടിക്ക് കൈ താങ്ങിയ ആൾക്കൂട്ടം. ‘അങ്ങട് പോണ്ടടാ' എന്ന് താക്കീതോടെ തടയാൻ വന്ന കൈകളിൽ നിന്ന്​ മൊയ്യ് കണക്കെ വഴുതിയോടി സാമുവൽ.

കമിഴ്ന്നാണ് അപ്പൻ കിടക്കുന്നത്, വേട്ടക്ക് കിടക്കും പോലെ; ചുറ്റിലുമുള്ള ഒന്നിലും അനക്കം തട്ടിക്കാതെ.
അത് കണ്ടതും ആദ്യം ചങ്കിലുരുണ്ടുകയറിയത് ‘അപ്പാ' എന്നൊരലർച്ചയായിരുന്നെങ്കിലും സാമുവലത് വിഴുങ്ങി. അവന്റെ കണ്ണുകൾ ചുറ്റുപാടുകളെ അതിവേഗം പഠിച്ചു കൊണ്ടിരുന്നു.

അപ്പന്റെ തലക്കുപിന്നിലാണ് വെടികൊണ്ടിരിക്കുന്നത്, ഇടവിള ഇറക്കാതെ നെല്ല് മാത്രം ഇറക്കി കൊയ്ത്, പശിമ വിട്ട്, കല്ലും പൂഴിയും അല്ലാതുള്ള മണ്ണിലാണ് അപ്പൻ കമിഴ്ന്ന് കിടക്കുന്നത്.

ഒരു പുൽനാമ്പിഴഞാൽ കൂടെ അടുത്ത മഴ വരെ ആയുസ്സുള്ള ചാലടയാളം വീഴുന്ന ആ മണ്ണിൽ പക്ഷെ, തലക്ക് വെടികൊണ്ട അപ്പന്റെ ചാവാത്ത ഞരമ്പുകൾ പിടഞ്ഞ പാടില്ല.

3. കാൽപ്പാടുകൾക്കുണ്ട് കഥകൾ പറയാൻ

സാമുവലിന്റെ അടുത്ത ചോദ്യത്തിന് മുമ്പേ അപ്പൻ നിർത്തെന്ന് കൈ പൊക്കി. ചെവി കൂർപ്പിച്ച് പതിയെ തിരിഞ്ഞു: ചെവിയിരുന്നിടത്തിപ്പോ കണ്ണാണ്, സാമുവലും മെല്ലെ തിരിഞ്ഞു. പന്നിയുടെ മുക്രയും കാലടിയിൽ ഞരങ്ങുന്ന മണ്ണും ശബ്ദ ചിത്രങ്ങൾ വരച്ചു. നിലം മണത്ത്, കിഴങ്ങ് തിരഞ്ഞ് പതിയെ വരുന്ന പന്നിയെ സാമുവലും അപ്പനും കണ്ണിൽ പെടുന്നതിനുമുമ്പേ കണ്ടു. ഇനി കുറച്ചുനേരത്തേക്ക് കാട്ടിലെ മഞ്ഞിൽ കുതിർന്ന ഇരുട്ട് കണക്കെ കനത്ത മൗനമാണ്.
അപ്പൻ അനങ്ങാതെ കിടന്നു, അല്ലെങ്കിലും അപ്പൻ തോക്ക് പന്നിക്കുനേരെ തിരിക്കാറില്ല. ചൂണ്ടിയ കുഴലിനുനേരെ പന്നിയുടെ തലയോ കഴുത്തോ ഒത്ത് വന്നാൽ ഒറ്റപ്പൊട്ടിക്കലാണ്! കൃത്യം കൊള്ളും.

പന്നിയുടെ അനക്കം മാത്രം കാണാറായി. അപ്പൻ ശ്വാസം പിടിച്ചു കൂടെ സാമുവലും.

‘ഠോ’ എന്നൊരു പൊട്ടലാണ് രണ്ടുപേരെയും ഞെട്ടിച്ചത്.
പിന്നാലെ കേട്ടത് പന്നിയുടെ ചീറലും മരണപാച്ചിലുമാണ്.
പൊട്ടിയത് അപ്പന്റെ തോക്കിൽ നിന്നല്ല.
കുറച്ചുനിമിഷത്തെ പകപ്പ് മാറിയപ്പോൾ അപ്പൻ എണീറ്റു. നെറ്റി ടോർച്ചിന്റെ സുന തിരിച്ച് വെളിച്ചം കൂട്ടി, ‘വാടാ' എന്നൊരു ആംഗ്യം മാത്രം കാണിച്ച്​ മുന്നിൽനടന്നു. നടുക്കം തുറിപ്പിച്ച കണ്ണ് ചിമ്മാതെ സാമുവൽ പിന്നിലും.

അവർ രണ്ടുപേരും പന്നിച്ചാല് ലക്ഷ്യമാക്കി നടന്നു.
കുറച്ചകലെയായി ആരൊക്കെയോ അടക്കം പറഞ്ഞ് ചാല് കയറി പന്നിക്കു പിറകേ പോകുന്നത് കേൾക്കാമായിരുന്നു.

‘ആരോ, പുതിയ കൂട്ടർ ഇറങ്ങീട്ട്ണ്ട് ... '

പരാക്രമത്തിൽ പന്നി കുത്തി മലർത്തിയ ചെടികൾക്കിടയിൽ തോക്കിൻ പാത്തി നിലത്തൂന്നി, കുന്തിച്ചിരുന്ന് കൊണ്ട് അപ്പൻ പറഞ്ഞു.
എന്നിട്ട് ‘സാമുവലേ, നോക്കടാ' ന്ന് നെറ്റി ടോർച്ച് നിലത്തേക്ക് തെളിച്ച് കുഴഞ്ഞ മണ്ണിൽ പതിഞ്ഞ പന്നിയുടെ കാൽപ്പാട് ചൂണ്ടിക്കാണിച്ചു.

‘‘കണ്ടാ, പന്നി വന്നത് തെക്കൂന്ന്, ഇവിടെവച്ച് വെടികൊണ്ടു ...’’

മണ്ണിൽ പതിഞ്ഞ പന്നിയുടെ കുളമ്പടിപ്പാടുകളിൽ തട്ടി ടോർച്ചിന്റെ വെട്ടം വഴിയറിയാതെ ചിതറി.

‘‘മണ്ണ് മാറിയവിധം നോക്കിയാ മതിയെടാ സാമുലേ’’, സാമുവലിന്റെ ചോദ്യത്തിന് മുന്നേ അപ്പൻ ഉത്തരം പറഞ്ഞു.
‘‘അമർന്ന്, കൃത്യമായി പതിഞ്ഞത്, പന്നി വെറുതേ നിലം മണത്ത് നടന്നത്,
നീണ്ടും ചെരിഞ്ഞും കിടക്കുന്നത്, പന്നി ഓടിയപ്പോ പതിഞ്ഞത്’’, നടത്തത്തിനിടക്ക് നിലത്തെ പാടുകളിൽ ചൂണ്ടി അപ്പൻ പറഞ്ഞു.
പോരാത്തതിന്, വ്യത്യാസം നോക്കെന്ന് കാലുകൊണ്ട് മണ്ണിലമർത്തിയും, ഓടുമ്പോഴെന്ന പോലെ ഉരച്ചും കാണിച്ച് കൊടുത്തു.
എന്നാൽ സാമുവലിന്റെ മനസ്സിൽ വന്ന സംശയം മറ്റൊന്നായിരുന്നു, ‘അപ്പാ, പന്നിയെ കിട്ടിയാ നമ്മളെടുക്കോ?'

‘അതിന് ആദ്യം പന്നി ചാവട്ടെടാ, അവൻമാര് പന്നിപ്പാട്​ നോക്കി വഴിതെറ്റി പടിഞ്ഞാട്ട് കയറി'

‘അപ്പൻ കണ്ടാ?'

‘പൊന്നേ, സാമുവലേ, കാട്ടിലെ മണ്ണിൽ പതിയണ കാൽപാട്കള് എന്തൊക്കെ കഥ പറയും. അത് കാണാനും കേൾക്കാനും മനസിരുത്തി നോക്കണം. '

ഇല ചീഞ്ഞ മണ്ണിൽ ഉന്തിയും തിരിഞ്ഞും കിടന്നിരുന്ന ചെരുപ്പിന്റെ പാടുകൾ ശരിയടയാളം തീർത്തു.

ആൾക്കൂട്ടത്തിന്റെ പിറുപിറുക്കലിലും സാമുവലിന്റെ ശ്രദ്ധ തെറ്റിയില്ല.
അവൻ മനസ്സിരുത്തി നോക്കി.
തരം കിട്ടിയപ്പോൾ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ആയുധം കൈക്കലാക്കി പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെ​ട്ടോടിയ പ്രതിക്കുനേരെ, വേറെ നിർവാഹമില്ലാത്തതിനാലാണ് നിറയൊഴിച്ചത് എന്നാണ് പൊലീസിന്റെ കഥ.

എന്നാൽ ...

കുറച്ചകലെ കാണുന്ന പൊലീസ് സ്റ്റേഷൻ മുതൽ അപ്പൻ വീണുകിടന്ന വരെയുള്ള മണ്ണിൽ പൊലീസ് ബൂട്ടുകൾക്കൊപ്പം പതിഞ്ഞ അപ്പന്റെ വലതുകാൽപ്പാടും, മുടന്തിയാലെന്നപോലെ മങ്ങി മാത്രം പതിഞ്ഞ ഇടതുകാൽപ്പാടും സാമുവലിന് പറഞ്ഞുകൊടുത്ത കഥ മറ്റൊന്നായിരുന്നു.

4. ചോരത്തുള്ളികൾ തെറിക്കുന്ന വിധം

കാട് മെല്ലെ പകലിന്റെ ശബ്ദങ്ങളുണ്ടാക്കാൻ തുടങ്ങി. മരച്ചില്ലകൾ ഇപ്പോൾ ഞരമ്പ് പോലെ പടരുന്നത് ചുവന്ന മാനത്തേക്കാണ്. കൂമൻ മാർ മൂളലും നിർത്തി.

മഴ കഴിഞ്ഞാൽ പിന്നെ കാട്ടിൽ ഒട്ടാകെ മരം പെയ്യും. അങ്ങനെ കൊല്ലക്കണക്കിന് കാലം, മരം പെയ്തുപെയ്ത് മണ്ണും പാറയും കുഴിഞ്ഞൊലിച്ച് ചോലയാവും. ഒഴുകുന്നത് ഏത് ചോലയാണെന്നും, എങ്ങോട്ടാണൊഴുകുന്നതെന്നും പഠിച്ച് വച്ചാൽ തന്നെ മുക്കാൽ കാട് പഠിച്ചു എന്നാണ് അപ്പൻ പറയാറ്.
അങ്ങനെ ചിലമ്പിച്ചിതറി കിഴക്കോട്ടൊഴുകുന്ന കുഞ്ഞൻ ചോലയുടെ അടുത്ത് എത്താറായപ്പോൾ അപ്പൻ നിന്നു.

കഴുത്തിനും മേലെ വളർന്ന നീളൻപുല്ലുകൾ തോക്കിൻ കുഴലുകൊണ്ട് വകഞ്ഞ് ചോലക്കുനേരെ ചൂണ്ടി.

കിതച്ച്, കണ്ണ് തുറിച്ച് വെടി കൊണ്ട പന്നി.

അപ്പൻ തോക്ക് ചൂണ്ടിക്കൊണ്ടുതന്നെ മെല്ലെ താണ് കാൽമുട്ട് മടക്കി നില ശരിയാക്കി ഇരുന്നു. വലതുകണ്ണടച്ച്, തോക്കിൻ പാത്തി തോളിടയിൽ കയറ്റി.

‘ഠോ’
സാമുവലിന്റെ കണ്ണ് മിന്നി. തോക്കിന്റെ പുകയും, കരിഞ്ഞ ഉണക്കപ്പുല്ലും മാത്രമാണ് ആദ്യം കണ്ണിൽപെട്ടത്. പിന്നെ ചുട്ട വെടിമരുന്നിന്റെ മണം മൂക്കിലടിച്ചുകയറി.
കാഴ്ച തെളിഞ്ഞു. പന്നി വീണുകിടക്കുന്നു. തലക്കാണ് വെടി കൊണ്ടതെങ്കിലും പിടയുന്നില്ല. ആദ്യത്തെ വെടിയിൽ അതിന് പറ്റിയ പരിക്ക് സാരമുള്ളതായിരുന്നു. വീണുരുണ്ട് ചോര വാർന്ന് മൃതപ്രായനായ പന്നിക്ക് അപ്പന്റെ പെല്ലറ്റുകൾ ഒരു മോക്ഷമായിക്കാണും.

അപ്പൻ ഇപ്പഴും പക്ഷെ തോക്കിൻപാത്തി നിലത്തൂന്നി പന്നിയെ തന്നെ നോക്കിയിരിപ്പാണ്.

സാമുവൽ സംശയ ഭാവത്തിൽ അപ്പന്റെ മുഖത്തേക്ക് നോക്കി.

‘‘ചത്തെന്ന് ഉറപ്പാക്കാനാണ്, ഇല്ലെങ്കി അടുത്ത് ചെന്നാ ചെക്കാ നിന്നെ അത്. തേറ്റയിൽക്കോർത്ത് കീറിയെറിയും’’, പന്നിയിൽ നിന്ന്​ കണ്ണെടുക്കാതെ അപ്പൻ പറഞ്ഞു.
അൽപനേരം കൂടി ഇരുന്ന് പന്നി അനങ്ങുന്ന കാണാഞ്ഞ് രണ്ടുപേരും മെല്ലെ എഴുന്നേറ്റുചെന്നു.
തേറ്റ തൊട്ട് വാലുവരെ ചോരയും ചേറും പുതഞ്ഞ്, കണ്ണ് പാതി മാത്രം തുറന്ന് ആ മൃഗം അന്ത്യവിശ്രമം കൊള്ളുന്നു.

‘ടാ, നീയാ പടിഞ്ഞാട്ട് നോക്കിയൊന്ന് വിളി. കയറിപ്പോയ വിദ്വാന്മാര്​ വഴിതെറ്റാണ്ടിങ്ങ് വരട്ടെ. പന്നി മുക്കാലും അവർക്കാണ്.’

‘അതെന്തിനാപ്പാ?, പന്നിയെ പിടിച്ചത് നമ്മളല്ലെ? ' സാമുവൽ നീരസം മറച്ചില്ല.

‘സാമുവലേ, വേട്ടയാണേലും വേദമാണേലും മൂന്നുകാര്യം നോക്കണം: നീതി, ന്യായം, സർവ്വോപരി നെറി', അപ്പൻ സാമുവലിന്റെ തല പിടിച്ച് മെല്ലെ ആട്ടിക്കൊണ്ട് പറഞ്ഞു.

‘അവർക്ക്, വെറുതേ മുക്കാലും കൊടുക്കുന്നതല്ലേ നെറികേട് എന്നാ ഞാനും ചോദിച്ചേ' സാമുവൽ അപ്പന്റെ കൈതട്ടി മാറ്റി.

‘എടാ, അവര് വെടി പൊട്ടിച്ചോണ്ടാ ഇന്ന് നമ്മക്ക് ഇതിനേ കിട്ടിയേ, ദാ നോക്ക്’, അപ്പൻ പന്നിയുടെ പിൻകാലിനടുത്തുള്ള മുറിവിലേക്ക് ചൂണ്ടി.
‘ചോര ഒഴുകിയത് കണ്ടോ, കട്ടിയില്ല, മാത്രല്ല, പന്നിക്ക് വെടികൊണ്ട ചാലില് തെറിച്ച ചോരത്തുള്ളികള് നീ കണ്ടോ? പേനേന്ന് മഷി കുടഞ്ഞപോലെ. പന്നി ഓടിയപ്പോ കൊണ്ട വെടി.'

നെറ്റി ടോർച്ച് ഒന്ന് മിന്നി. അപ്പൻ രണ്ട് മേട് മേടി അതിനെ ഉഷാറാക്കി.

‘‘ഇനി നമ്മള് വെച്ചതിന്റെ മുറിവായ കണ്ടോ?, ചോര കട്ടീല് ഒലിച്ച് ണ്ട്. പന്നി നിക്കുമ്പോ കൊണ്ട വെടി. പന്നി എന്തോ കണ്ട് ഓടിയപ്പോ ആ പരിഭ്രമത്തിൽ അവൻമാര് പൊട്ടിച്ചതാണ്. ഇവൻ ഓടിയിരുന്നേ നമ്മക്ക് കിട്ടില്ല. അവൻമാർ പൊട്ടിച്ച വെടി പന്നിക്ക് കൊണ്ടതുകൊണ്ട് നമ്മക്ക് കിട്ടി അത്രതന്നെ.’’

ഇത്രയും പറഞ്ഞ് കൈപ്പത്തി ചുരുട്ടി, കോളാമ്പിയാക്കി അപ്പൻ ഉറക്കെ കൂവി.
പകല് കിനിഞ്ഞിറങ്ങുന്ന കാട്ടിൽ ആ കൂവൽ മെല്ലെ അലിഞ്ഞു. അൽപം കഴിഞ്ഞ് കാറ്റിന്റെ ഓരിക്കും പക്ഷി ചിലമ്പിനും ശ്രുതി ചേർത്ത് പടിഞ്ഞാറുനിന്ന്​ മറുപടി കൂവൽ ....

‘കുഞ്ചാ വാടാ ' എന്ന് ദയനീയമായി കേണുകൊണ്ട് തന്റെ തോളിൽ വീണ ദാമോദരേട്ടന്റെ കൈ ‘സാരല്ല്യടാ, വായോ' എന്നുകരഞ്ഞ് തന്നെ വാരിയെടുത്ത് പൊട്ടിക്കരഞ്ഞ് ആ ദുരന്തക്കാഴ്ചയിൽ നിന്നും അടർത്തിക്കൊണ്ടുപോവാൻ തുനിയുന്നതിനുമുമ്പുള്ള കുറച്ചുനിമിഷങ്ങൾ കൂടി സാമുവലിന് ധാരാളമായിരുന്നു.
അപ്പന്റെ തലക്കുപിന്നിലെ മുറിവ് നടന്ന സത്യം വാപിളർന്ന്, അപ്പന്റെ ശബ്ദത്തിൽ സാമുവലിനോട് വിളിച്ച് കൂവി.

‘സാമുവലേ, തലക്ക് വെടിയേറ്റിട്ടും അപ്പന്റെ കാല് പിടഞ്ഞിട്ടില്ല. അപ്പൻ മൃതപ്രായനായിരുന്നു, ഇരുവശവും പൊലീസ് ബൂട്ട് അകമ്പടി സേവിച്ച അപ്പന്റെ കാലടിപ്പാടുകൾ ഓടിയിട്ടില്ല, ഒരു കാലിൽ മുടന്തിയിട്ടേയുള്ളൂ. മനസ്സിരുത്തി നോക്ക് അപ്പന് വെടികൊണ്ടത് ഓടുമ്പോഴല്ല. അപ്പന്റെ തലക്കുപിന്നിൽ നിന്ന്​ കട്ടിച്ചാലായി മുതുകിലൂടെ ഒലിച്ച ചോര, പൊലീസ് സ്റ്റേഷനുനേരെ വെറുപ്പോടെ ചൂണ്ടി.'

അപ്പൻ ഇനി ഇല്ലെന്ന സത്യം സാമുവലിന്റെ നെഞ്ചത്തടിച്ചു. തിരിച്ചെടുക്കാനോ മാറ്റിമറിക്കാനോ പറ്റാത്ത സത്യം. ആ ബോധത്തിൽ അവൻ പിടഞ്ഞു, ‘നെറികേടെന്ന് ' അലറി.
ദാമോദരേട്ടന്റെ പിടുത്തത്തിൽ നിന്ന്​ കുതറിയോടിയ സാമുവൽ മുഷ്ടി ചുരുട്ടി കാട്ട് പന്നി കണക്കെ കുതിച്ചു, ‘നെറികെട്ടവനേ' എന്നലറി.

തേറ്റയുടെ ശക്തിയുള്ള സാമുവലിന്റെ മുഷ്ടി ചെന്ന് പതിഞ്ഞത് കാക്കി പാന്റിന്റെ, ബെൽറ്റിനുമുകളിൽ തള്ളി വീർപ്പുമുട്ടുന്ന, ഇളിഭ്യൻ ചിരി ചിരിക്കുന്ന പന്നിക്കൊഴുപ്പിലായിരുന്നു. ▮


അർജുൻ അടാട്ട്

കഥാകൃത്ത്. Wyatt the lone bandit ( English Novella), ഭാഗോതീടെ മുല എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments