മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന അവിവേകിയും മൃഗവും തമ്മിൽ ഭേദമില്ലെന്നറിയുന്ന, കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കിൽപ്പോലും ഒരിടത്തും അഭയം ലഭിക്കില്ലെന്നറിയുന്ന, സത്യാന്വേഷിയായ മനുഷ്യൻ മുതുകത്തൊരു ഭാണ്ഡവും പേറി നടന്നുനീങ്ങിയിട്ട് കൊല്ലമെത്ര കഴിഞ്ഞിരിക്കുന്നു!
ഇറച്ചിവെട്ട് വെറുമൊരു കൂലിവേല മാത്രമായി കരുതിയിരുന്നെങ്കിൽ രണ്ടര പതിറ്റാണ്ട് മുൻപ് ബസന്തിയുടെ കഴുത്തിൽ മിന്നുകെട്ടി കേരളത്തിൽ സ്ഥിരതാമസമാക്കിയപ്പോഴെങ്കിലും ജോലി ഉപേക്ഷിച്ച് ഞാൻ കോടമ്പാക്കത്തേക്ക് മടങ്ങിപ്പോകേണ്ടതായിരുന്നു. പക്ഷെ ഇപ്പോൾ മടുപ്പായിരിക്കുന്നു. വെട്ടലും തിന്നലും സേവയും ഹരമായിരുന്ന കാലം കടന്നുപോയിരിക്കുന്നു. ശാന്തിയും സമാധാനവുമാണ് ഇനിയുള്ള കാലം വേണ്ടതെന്നൊരു തോന്നൽ. ഒരേട് പൂർത്തിയായിക്കഴിഞ്ഞാൽപ്പിന്നെ തോന്നലുകളുടെ മച്ചിൻപുറത്താണല്ലോ ബാക്കി ജീവിതം. പക്ഷെ, അങ്ങനെ ജീവിക്കാനും ഒരു പ്രത്യേക സുഖമൊക്കെയുണ്ട്.
"അങ്ങനെയെങ്കിൽ പാച്ചൻ ഇതേവരെ എത്ര പോത്തുകളെ കൊന്നിട്ടുണ്ടാവും?" കണിപ്പൂവന്റെ ചോദ്യത്തിൽ പതിവുപോലെ കുസൃതിയുണ്ട്. മുത്തുമണി കിലുക്കം പോലെയുള്ള ശബ്ദത്തിൽ അവന്റെ 'പാച്ചൻ' എന്ന വിളി കേൾക്കുന്നതുതന്നെ സുഖമാണ്.
"തിന്ന കാര്യം പറയുമ്പോ കൊന്ന കാര്യം മറക്കണം ന്നാ. അക്കണക്കിന് ഞാനൊരാളെയെ കൊന്നിട്ടുള്ളൂ, അതൊരു മനുഷ്യനെ", പുരികം തെല്ലൊന്ന് മേൽപ്പോട്ടുയർത്തി കണിപ്പൂവൻ എന്നെ തറപ്പിച്ചൊന്ന് നോക്കി. അവന്റെ പുരികത്തിലെ കുഞ്ചിരോമങ്ങൾ ആ നോട്ടത്തിൽ എഴുന്നുനിന്നു.
"ബാക്കിയൊന്നും കൊലകളായിട്ട് എനിക്കും അവറ്റകൾക്കും തോന്നിയിട്ടില്ല, അറിവ് നേടുംവരെ വെല്ലുവിളികളെ ഭയന്നവൻ, അറിവുള്ളവനെ ബഹുമാനിച്ചവൻ, അറിവില്ലാത്തവനെ കളിയാക്കിയവൻ, അറിവുകളെ അമൃത് പോലെ ഭക്ഷിച്ചവൻ, ഇപ്പോൾ അറിവുകളെക്കാൾ മുറിവുകളെ തലോടുന്നു. മുറിവുണക്കാനുള്ള വ്യഗ്രതയിൽ ഇനി ബാക്കി ജീവിതം".
ഇറച്ചിവെട്ടുകാരൻ പണ്ഡിതനെപ്പോലെ സംസാരിക്കുന്നത് മുഷിപ്പിച്ചിട്ടാവണം, കണിപ്പൂവൻ കാട്ടുകുന്നന്റെ മുകളിൽ കിടന്ന ചരൽക്കല്ലെടുത്ത് കരിമ്പനയാറിന്റെ മാറ് നോക്കി എറിഞ്ഞു.
"അതെന്റെ പെങ്ങളെയായിരുന്നു. അറിയാതെ വിഷം കലർത്തിയാ കൊന്നെ. ചത്ത് കിടന്നപ്പോഴും എന്നോടുള്ള വിശ്വാസത്തിന്റെ തുരുമ്പ് പോലെ 'വലിയേട്ടാ' എന്നവൾ വിളിച്ചു. കരിമ്പനയാറിന്റെ ആഴത്തെക്കാൾ അറിവ് നേടിയാൽ, എല്ലാം തികഞ്ഞവളെപ്പോലെ പെരുമാറിയാൽ, സ്വയം അപമാനിതയായാൽ, ഭൂമിക്കൊരു ഭാരമായാൽ... ഒറ്റവെട്ടിന് തീർത്തു ഞാനവളെ"
കരിമ്പനയാറിന്റെ കുളിരേറ്റ് വാടിയ മുക്കുറ്റിമലരിന്റെ മണം തട്ടി എന്റെ ദേഹരോമങ്ങൾ എഴുന്നുനിന്നു.

"ഹൃദയത്തിൽ സ്ഥാനമുള്ളവർ കരഞ്ഞാൽ എനിക്കും കരച്ചിൽ വരും, ചിരിച്ചാൽ കൂടെ ചിരിക്കും. എന്റെ ഹൃദയത്തിൽ സ്ഥാനമുള്ളവനാണ് നീയും ചിന്നാ".
രാത്രി ഇരുണ്ട് മൂടി. കണിപ്പൂവന് പേടി തോന്നി. അവൻ മൂക്കുകയർ കൊണ്ടെന്റെ കാലുഴിഞ്ഞു, വാൽ ചുഴറ്റി വാൾ തടയാനെന്ന പോലെ മലക്കം മറിഞ്ഞു. ഞാൻ കുപ്പിയിലെ വെള്ളം അവന്റെ അണ്ണാക്കിലേക്കൊഴിച്ച്, കണ്ണുപൊത്തി, വാളിന്റെ കൂർത്തയറ്റം കഴുത്തറ്റം തറപ്പിച്ച് ആഞ്ഞൊന്നമർത്തി. ഒരു പിടച്ചിൽ, ഞരക്കം. കാട്ടുകുന്നന്റെ കരിപുരണ്ട ദേഹത്തേക്ക് ചെഞ്ചാന്ത് പോലെ ചോര വാർന്നൊലിച്ചു.
കണിപ്പൂവന്റെ ഇറച്ചി ഞാൻ കൈകൊണ്ട് തൊട്ടില്ല. ഉള്ളതിൽ ചെറിയവനെന്ന സ്നേഹം കൊണ്ട് ഞാനവനെ വീർപ്പുമുട്ടിച്ചിരുന്നു. മൂത്തോരുടെ വെട്ട് കഴിഞ്ഞ് കൊല്ലം ഒന്ന് കഴിഞ്ഞിട്ടും കണിപ്പൂവന്റേത് വെച്ച് താമസിപ്പിക്കുകയായിരുന്നു. 'ഇങ്ങനൊരു സ്നേഹമുണ്ടോ'ന്ന് പ്രഹ്ള ചോദിച്ചാൽ ഞാൻ പറയും, 'മനുഷ്യരെക്കാൾ സ്നേഹമുണ്ടെന്ന്'. അവളതിന് കലഹിച്ച് പിണങ്ങിയിരിക്കും. പരാതികൾക്കെല്ലാം ഇന്നോടെ അവസാനമായി.
എനിക്കൊന്ന് വിശ്രമിക്കണം. രാത്രി പ്രഹ്ളയുടെ മടിയിൽ തല ചായ്ച്ചുറങ്ങണം. ഞാൻ ആമ്പൽക്കുളത്തിനരികിലെ പേരമരച്ചോട്ടിൽ പ്രഹ്ളയുടെ മടിയിൽ തലവെച്ച് കിടന്നു. പഴുത്ത പേരയ്ക്കയൊരെണ്ണമിറുത്തെടുത്ത് പ്രഹ്ളയ്ക്ക് കൊടുത്തു. അവൾ രുചി നുകർന്നതിൽ പാതി ചുണ്ടോട് ചേർത്തു. എന്റെ നെഞ്ചിലെ ചൂടിനൊപ്പം കണിപ്പൂവന്റെ മുശിടറിഞ്ഞ അവൾക്ക് വെറുപ്പ് തോന്നി.
"ഈ മുശിട് താങ്ങാനെന്നെക്കൊണ്ടാവൂല", എന്റെ താടി രോമങ്ങളിൽ വിരലോടിച്ചുകൊണ്ട് പ്രഹ്ള മുഖം വെട്ടിച്ചു.
"കഴിച്ച ഇറച്ചിക്കില്ലായിരുന്നോ മുശിട്?"
"ഇല്ലേയില്ല"
അവളുടെ കഴുത്തിൽ തൂങ്ങിയാടിയ ചുട്ടിമാലയിൽ ഞാൻ ദീപകന്റെ ചിത്രം കണ്ടു. ഞാനവളെ ചേർത്തുപിടിച്ചു. തെരുതെരെ ചുംബിച്ചു. വയറ്റിൽ ഉമ്മ വെച്ചപ്പോൾ ചുണ്ടിന്റെയറ്റം കടിച്ച് പിടിച്ച് കണ്ണുകൾ കൂമ്പിയടച്ചു. വിരലുകളിൽ ഇറച്ചിക്കറിയുടെ മണം തട്ടി ഞാൻ ഓക്കാനിച്ച് പിന്മാറി.
"ഇപ്പോയിപ്പോ എനിക്കും വെറുപ്പ് തുടങ്ങിയിരിക്കണ്"
അവശേഷിച്ച വിത്തുകാള തൊഴുത്തിൽ നിലവിളിച്ചു. കണിപ്പൂവന്റെ ശൂന്യത കത്തുന്ന ചാണകം പോലെ മണത്തു. പ്രണയം അവസാനിപ്പിക്കാൻ നേരമായെന്നപോലെ അകലെവിടെയോ ഒരു കുളക്കോഴി കൂകി. ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയ പ്രഹ്ളയെ ഞാൻ നിലാവെളിച്ചത്തിൽ താങ്ങിയെടുത്ത് അകത്ത് കൊണ്ടുപോയി കിടത്തി.
"സ്നേഹിച്ചവരെയൊക്കെയും കൊല്ലും നിങ്ങൾ…ഒരുനാൾ എന്നെയും"
ഞെട്ടിയുണരുകയും ഒരു കുളത്തിലേക്കെന്നപോലെ ഊളിയിടുകയും ചെയ്യുന്നതിനിടയിൽ അവൾ പിറുപിറുത്തു. എനിക്ക് ഉറക്കം ഞെട്ടി. ഞാൻ അരികിൽ കിടന്നുറങ്ങിയ ജീനയെ ഒരുകൈ കൊണ്ട് ചേർത്ത് പിടിച്ചു. പ്രഹ്ള എന്നും എന്റെ സ്വപ്നവിഹായസ്സിൽ ജ്വലിക്കുന്ന കാമുകി.
സ്വപ്നത്തിലെ അരുമക്കിടാവിന്റെ അവസാനം എന്റെ കൈ കൊണ്ടായ ദുഃഖം ഉണർന്നപ്പോൾ നെഞ്ചിൽ കല്ല് കയറ്റിവെച്ച ഭാരം പോലെ അനുഭവപ്പെട്ടു. ഉസ്കൂള് മാഷായ എനിക്കിതെന്തു പറ്റിയെന്ന് കണക്കുപുസ്തകം കൈകൊണ്ട് തൊട്ടപ്പോൾ മുതൽക്ക് നെഞ്ചിടിപ്പ് ഉയരും താളത്തിൽ ചിന്തയുണ്ടായി.
"മാഷിതെന്താ ആലോചിക്കണെ?" സമപാര്‍ശ്വ ത്രികോണത്തിലെ ശീര്‍ഷകോണിന്റെ സമഭാജി പാദത്തിനു ലംബവും സമമായും ഭാഗിക്കുന്ന കുഴക്കുന്ന സിദ്ധാന്തം കാണാതെ പഠിച്ച് പറഞ്ഞ ചെറുക്കന്റെ ക്ഷമ നശിച്ചു.
"ഇത് ഞാൻ നാലാമത്തെ വട്ടമാ പറയുന്നേ" ചെറുക്കന്റെ മുന്നിൽ ഞാൻ വിയർപ്പ് തുടച്ചു.
"എടാ സുദേവെ, ഈ വെട്ടുന്നോന്റെ മനസ്സിലന്നേരം എന്തായിരിക്കും ഇണ്ടാവുക?", മുൻബെഞ്ചുകാരനെ തോണ്ടി പറഞ്ഞ പിറകുബെഞ്ചുകാരൻ എന്നെയായിരുന്നു ലക്ഷ്യം വെച്ചത്.
"വെട്ടുക, തിന്നുക, കുടിക്കുക. അത്ര ന്നെ. അല്ലാണ്ടെന്താ?"
"അപ്പൊ വെട്ടുപോത്തിന്റെയുള്ളിലോ?"
ചെറുക്കൻ എന്നെ രൂക്ഷമായൊന്ന് നോക്കി. ഞാൻ ചെക്കനെ ചൂരൽ വടിക്കിരുത്തി കുറച്ചുനേരം മിണ്ടാതെ നിന്നു.
"നിങ്ങള് പറഞ്ഞത് ഏന്നെയാന്ന് എനിക്കറിയാം. എന്നാലെനിക്കത് പൊള്ളൂല. കാരണം ഞാനൊരു മാഷാണ്", കൂട്ടമണി കേട്ട് പുസ്തകവുമായി പരക്കം പാഞ്ഞിറങ്ങിയ പിള്ളേര് കേൾക്കാനെന്നപോലെ ഞാൻ പറയുമ്പോൾ ഒരുത്തൻ മാത്രം തിരിഞ്ഞു നിന്നു.

"ഒരു കണക്കിന് ആകെ ഒരുത്തരമല്ലേ മാഷെ ഇണ്ടാവാ?...അപ്പൊപ്പിന്നെ മാഷിന് മാത്രം എങ്ങനാ ഒന്നിൽക്കൂടുതൽ ഉത്തരങ്ങൾ?" എന്നെ ഒരു ചോദ്യത്തിൽ തറച്ചുകൊണ്ട് ചെറുക്കൻ ഇറങ്ങിയോടി.
അന്ന് രാത്രി അതാലോചിച്ച് എനിക്ക് ഉറങ്ങാനായില്ല. സ്വഭാവത്തിലും പാഠ്യരീതിയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജീനയുമായി വെളുക്കുവോളം ചർച്ച ചെയ്തു. ചർച്ച എന്നതിനെ വിളിക്കാനാകില്ല. ഞാൻ മാത്രം സംസാരിച്ചുകൊണ്ടിരുന്നു. ജീന മൂളികേട്ടു. രാത്രിയുറക്കത്തിൽ പ്രഹ്ളയെക്കുറിച്ചെങ്ങാനം ഞാനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവൾ മനസ്സിൽ വെച്ച് പെരുമാറും. പ്രഹ്ള സ്വപ്നത്തിൽ വന്ന് ശല്യം ചെയ്യാറുള്ള വെറുമൊരു കളവ് മാത്രമാണെന്ന വാദം വിശ്വസിച്ചതായി അവൾ തല കുലുക്കും. അപ്പോഴൊക്കെയും ദിനചര്യകളിൽ മാറ്റങ്ങൾ വരുത്തിയും കുട്ടികളോട് സ്നേഹസംഭാഷണം നടത്തിയും നല്ലൊരധ്യാപകനാകുന്നതിനെക്കുറിച്ച് ഞാൻ ആഴത്തിൽ ചിന്തിച്ചു തുടങ്ങിയിരുന്നു. പുല്ലാംകുഴലിന്റെ കഥ പറയുന്ന നായകനെപ്പോലെ പുല്ലുമേഞ്ഞ താഴ്വാരങ്ങളിൽ കുട്ടികൾക്കൊപ്പം ഓടിക്കളിച്ചും പാടിരസിച്ചും ചോക്ലേറ്റ് വാങ്ങിക്കൊടുത്തും പെർമിഷൻ വാങ്ങി ത്രീഡി സിനിമയ്ക്ക് കമല തിയറ്ററിലേക്ക് ടിക്കറ്റെടുത്തും തികച്ചും അവരിലൊരാളായി തീരാൻ ആഗ്രഹിച്ചു.
അതിന്റെ തുടക്കമെന്നോണം പിറ്റേന്ന് കാട്ടുകുന്നന്റെയും കരിമ്പനയാറിന്റെയും കഥ പറഞ്ഞു. കാട്ടുവാസിയെ പ്രണയിച്ച രാജകുമാരിയോടുള്ള വൈരാഗ്യത്താൽ രാജഗുരു രാജകല്പനപ്രകാരം ഇരുവരെയും ശപിച്ച് പുഴയായും കുന്നായും മാറ്റിയ കഥ ദുരഭിമാനക്കൊലയുടെ അതിപുരാതന ഏടുപോലെ കുട്ടികളുടെ മനസ്സിൽ പതിഞ്ഞു.
"കണക്ക് മാഷ് കഥ പറയോ?" എന്നൊരു ചോദ്യത്തിന് പിന്നാലെ കൂട്ടത്തിൽ പഠിപ്പിസ്റ്റായ കുഞ്ഞുമോൻ ടി.പിയുടെ മനസ്സിലേക്ക് പുതിയൊരാഗ്രഹം അന്നേരം ഉറവകൊണ്ടു.
"കാട്ടുകുന്നന്റെ ഉച്ചാംതലപ്പേൽ കേറി നിന്നുകൊണ്ട് ലോകമൊന്ന് കാണണം, അതും രാത്രീല്" കാട്ടുകുന്നന്റെ മുകളിൽ കയറി അവനേതാണ്ട് സൂത്രം കാണിക്കാനുണ്ടത്രെ. കരിമ്പനയാറിലേക്കുള്ള പടവുകളിൽ കനത്തിൽ പിടിച്ച് നിൽക്കുന്ന തെച്ചിപ്പൂവുകൾ നുള്ളണമെന്ന മോഹം പെൺ പഠിപ്പിസ്റ്റായ ശുഭക്കുണ്ടെങ്കിലും കാട്ടുകുന്നന്റെ മുകളിലേക്കൊരു രാത്രിസഞ്ചാരം അവളുടെ സ്വപ്നത്തിൽപ്പോലുമില്ല.
പിള്ളേരെ വളയ്ക്കാൻ പഴയ മലയാളം ഭാഷാപണ്ഡിതൻ മാർത്തോമ കുര്യാക്കോസിൽ നിന്ന് കോപ്പിയടിച്ച പൊട്ടക്കഥ ഇത്ര പെട്ടെന്നങ്ങ് വിശ്വാസത്തിലെടുക്കുമെന്ന് ഞാനും കരുതിയില്ല. മറിച്ച് അതാണ് സത്യമെന്ന് അവരറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചുള്ള ചിന്തയിൽ മനസ്സ് കുടുങ്ങിക്കിടന്നു. അന്നേരം കുഞ്ഞുമോൻ ടി.പി ഭരണിക്കാവ് കുഞ്ഞപ്പനാശാന്റെ കാക്കാരിശ്ശി നാടകം കഥ ഓർത്തെടുത്തു. മുക്കുവനെയും മുക്കുവ സ്ത്രീയെയും ശപിച്ച് മീനുകളാക്കി കടലിലെറിഞ്ഞ മുനിവര്യൻ അവന്റെ മനസ്സിൽ ഹീറോയാണെന്നറിഞ്ഞപ്പോൾ വേദനകൊള്ളുന്നൊരു പ്രതാപകാലം ഉള്ളിലെവിടെയോ മിന്നിമാഞ്ഞു.
കരിമ്പനയാറിന്റെ കിഴക്കേയറ്റത്ത് ആർക്കും വേണ്ടാതെ ചവറുമൂടി അടഞ്ഞുപോയ ഒരു കിണറുണ്ട്. ആ കിണറ്റിലില്ലാത്തതൊന്നുമില്ലെന്ന പറച്ചിലിന്റെ പൊരുൾ തേടി ഞാനൊരു രാത്രിയിലാ കിണറ്റിൻ കരയിലേക്കൊരു ഭ്രാന്തൻ യാത്ര പോയിട്ടുണ്ട്. കോഴി, കരടി, പോത്ത് തുടങ്ങി മനുഷ്യന്മാർ വരെ അതിനകത്തുണ്ടെന്നറിഞ്ഞാൽ അത് ഉസ്കൂൾ പിള്ളേർക്ക് കേൾക്കാനൊരു ഹരവുമാവും. പ്രത്യേകിച്ച് കുഞ്ഞുമോൻ ടി.പിക്ക്. പണക്കാരൻ ചെക്കനെ പ്രേമിച്ച കുറ്റത്തിന് കുഞ്ഞുമോൻ ടി.പിയുടെ ചേച്ചിപ്പെണ്ണിനെ അതിനകത്ത് തള്ളിയിട്ട് കൊന്ന കഥ സായി പറഞ്ഞത് പിന്നീടായിരുന്നു.

"കുഞ്ഞുമോനങ്ങനെയാ മാഷേ. ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ആൾക്കാരെ ബെടക്കാക്കല് ഓന്റെ സ്ഥിരം കലാപരിപാടിയാ. കുറച്ചീസം കഴിഞ്ഞാൽ അവൻ മറ്റൊരു ആഗ്രഹമാവുമായിട്ട് വരും. ഒക്കെ ഓന്റെ പഴേ നമ്പറുകളാ. മാഷിന് അറിയാത്തോണ്ടാ. ആഗ്രഹങ്ങളൊടുങ്ങാത്ത കടലാണ് അവന്റെ ആ കൊച്ചു ശരീരം "
കാട്ടുകുന്നന്റെ മുകളിൽ കയറി കരിമ്പനയാറിന്റെ ഭംഗി ആസ്വദിക്കാനാകാത്ത ദീപുവിന്റെയും ആന്ത്രോസിന്റെയും കുശുമ്പ് ഞാനൊട്ട് അറിഞ്ഞതായി ഭാവിച്ചില്ലെങ്കിലും അവർ പറഞ്ഞത് ശരിവെയ്ക്കും പോലെ കുഞ്ഞുമോൻ ടി.പി ഉച്ചയ്ക്കുശേഷം എന്നെ ഓഫീസ് മുറിയിൽ വന്ന് കണ്ടു. 'ഗണിതശാസ്ത്രപ്രകാരം ദൈവമുണ്ടോ മാഷെ?' അതിശയിപ്പിക്കുംവിധം ചോദിച്ചുകൊണ്ട് എന്റെ മറുപടിക്കായി അവൻ കാതോർത്തു. അന്നേരം ആ ചോദ്യത്തിൽ നിന്നവനെ വ്യതിചലിപ്പിച്ച് മറ്റൊരു ചോദ്യത്തിലേക്ക് തള്ളിയിടാനായെങ്കിലും അതിനകം ആ ചോദ്യമെന്റെ ചിന്തകളെ കുരുക്കിട്ട് മുറുക്കിയിരുന്നു.
"അപ്പൊ എപ്പളാ മാഷെ നമ്മള് കാട്ടുകുന്നന്റടുക്കലേക്ക് പോവല്?" കുഞ്ഞുമോൻ ടി.പി തീരുമാനത്തിലുറച്ചു.
"പോയാലെന്താ സംഭവിക്ക്യാ? അവൻ കുഞ്ഞല്ലേ? ഇങ്ങനൊക്കെയല്ലേ മാഷ്മാര് കുട്ട്യോള്ടെ ഹൃദയത്തിൽ ഇടം പിടിക്ക്യ?" മുടിയിലെ കുരുക്കഴിക്കുന്ന ജോലിക്കിടെ നിസാരമെന്നപോലെ ജീന പറഞ്ഞതോർമ്മിച്ചുകൊണ്ട് ഞാനവന് വാക്ക് കൊടുത്തു.
"മറ്റന്നാള് പോകാം"…
അന്ന്, വൈശാഖ പൗർണ്ണമീടന്ന് കുന്നപ്പന് മീതെ സൂര്യകാന്തിപ്പൂക്കൾ വിടർന്ന് നിൽക്കും പോലെ നിലാവുദിക്കും. കുന്നപ്പന്റെ കറുത്തമേനിയിൽ തട്ടിതഴുകി വെളുക്കുമ്പോഴേക്കും വെട്ടം കരിമ്പനയാറിന്റെ കുളിരോളങ്ങളെ പുളകം കൊള്ളിക്കാനെത്തിച്ചേരും. അത് കണ്ടാൽ കവികൾ കവിതയെഴുതും, ചിത്രകാരൻ ചിത്രം വരയ്ക്കും.
"എങ്ങനാ, എപ്പളാ പോവാ?"
"രാത്രി സ്‌കൂട്ടറില് മുത്തിയമ്മൻ കോവിലില്. അവിടുന്ന് ഒന്നര നടന്നാൽ പത്തരയോടെ എത്തലായി, മോന്തിക്ക് തുടങ്ങി പുലർച്ചയ്ക്ക് മടക്കം"
"എനക്കൊരു സെൽഫി എടുക്കണം"
"ഈടെ ഓടുന്ന ട്രെയിനിന് മുന്നീന്ന് എടുക്ക്ന്ന് സെൽഫി. അപ്പളാ ചലിക്കാത്ത കുന്നപ്പന്റെ മുന്നീന്നൊരു കുൽഫി’’.
വൈശാഖ പൗർണ്ണമിയുടന്ന് എട്ടു മണിയായപ്പോൾ കുഞ്ഞുമോൻ ടി.പി കുളിച്ച്, മുടി കോതി, പുള്ളിയുടുപ്പണിഞ്ഞ് എന്നെയും കാത്ത് റോഡരുകിൽ നിന്നു. എന്നെക്കണ്ടപ്പോൾ കൂട്ടുവന്ന ബന്ധു നീളത്തിലൊരു കോട്ടുവായിട്ട് വന്നവഴിക്ക് മടങ്ങി. ചേച്ചി മരിച്ചശേഷം അമ്മയുടെ പ്രതീക്ഷ താൻ മാത്രമാണെന്ന് അവൻ പറഞ്ഞത് എതിർ കാറ്റിൽ വീശിയ അശരീരി പോലെ ബൈക്കിലിരുന്നപ്പോൾ ഞാൻ കേട്ടു. ചേച്ചിയെ പഠിപ്പിച്ച് വലിയ ആൾ ആക്കണമെന്ന അമ്മമോഹത്തിൽ കണ്ണീരിറ്റുന്നത് വലത് കണ്ണാടിയിലൂടെ കണ്ടു.
"ചേച്ചി എങ്ങനെയാ മരിച്ചത്?"
"പ്രേമമായിരുന്നൂന്ന് ഇന്നാളമ്മ അടുത്ത വീട്ടിലെ കലേച്ചിയോട് പറേണത് കേട്ടു. വല്യ ആപ്പീസറാരുന്നു അയാളെന്ന്. ജോലിയുള്ള പെണ്ണിനെ വേണംന്നും പണം വേണംന്നും നെറം വേണംന്നും കുലമഹിമ വേണംന്നും വാ കീറുന്ന കാരണോന്മാർക്ക് പിറകെ പോണവൻ കാമുകനാണോന്നും അത് പ്രേമമാണോന്നും ചോദിച്ച് കലേച്ചി അമ്മയെ സാക്ഷി നിർത്തി, ശൂന്യതയ്ക്കുനേരെ ആട്ടിത്തുപ്പി", അവൻ പറഞ്ഞു.
ബൈക്കൊതുക്കി മുകളിലേക്ക് നടക്കുമ്പോൾ ഇരുട്ട് കാളകൂടവിഷം പോലെ കാട്ടുകുന്നന്റെ മുകളിൽ നിന്നൊഴുകി വന്നു. മൊബൈൽ ടോർച്ച് നീട്ടിപ്പിടിച്ചുകൊണ്ട് മുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വൈകി. ആകാശം ഭൂമിക്ക് മേലെ കൈയെത്തും ദൂരത്തെന്ന് കുഞ്ഞുമോന് തോന്നി. നിലാവിന്റെ വെണ്മയിൽ പ്രായം കൊണ്ട് നന്നേ ചെറുപ്പമായ അവനെ കുന്നപ്പൻ കൈമാടി വിളിച്ചുവോ? സുഖവിവരങ്ങളും നാട്ടുവിശേഷങ്ങളും തിരക്കിയോ?
"മാഷിത് എത്രാമത്തെ വട്ടമാ?"
"ഏയ്, ഞാനെങ്ങും വന്നിട്ടില്ല"
"ഞാനും ആദ്യവാ… അതുകൊണ്ട് വിഢിത്തങ്ങൾ എഴുന്നള്ളിച്ചെന്നിരിക്കും. യു ജസ്റ്റ് ഡോണ്ട് കെയർ"
"കുന്നപ്പന് മിണ്ടുന്നവരെയാ ഇഷ്ടം"
"ഇതിപ്പോ അസലായിരിക്കുന്നല്ലോ. വെറുതെയൊരാഗ്രഹം പറഞ്ഞാൽ സാധിക്കുമെന്ന് ഞാനെന്റെ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചില്ല കുന്നപ്പാ".

"ദേ, അങ്ങോട്ട് നോക്കൂ… പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങൾ ജീവൻ നിലനിർത്താൻ സഹായകരമായ രീതിയിൽ കൃത്യമായി ചിട്ടപ്പെടുത്തിവെച്ചിരിക്കുന്നതിനുപിന്നിൽ ഗണിത ശാസ്ത്രത്തിന് പങ്കുണ്ടെന്നതിന്റെ കൃത്യമായ ഉദാഹരണം. എഴുതിവെച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ പ്രകൃതിയുടെ അടിസ്ഥാന സവിശേഷതകളെ കൃത്യമായി നിർണയിക്കാനാകുന്ന തെളിവുകൾ"
"ഏതു ശാസ്ത്രമായാലും മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ നാമറിയാതൊരു ശക്തി നമ്മളെ സഹായിക്കാനെത്തും, അത് തീർച്ച. ആ നിലയ്ക്ക് ദൈവം ഉണ്ട്. അതുകൊണ്ടല്ലേ, എന്നെയും മാഷിനെയും ഒരുമിച്ച് ഇന്ന് കാട്ടുകുന്നൻ മുകളിലേറ്റിയത്".
കുഞ്ഞുമോൻ ടി.പിയുടെ മുഖത്ത് പെട്ടെന്നൊരു കൊള്ളിയാൻ മിന്നി. ഒരു കാര്യവുമില്ലാതെ എന്നേം ചെക്കനേം കാട്ടുകുന്നൻ മുകളിലേക്ക് ക്ഷണിക്കില്ലെന്ന ബോധ്യത്തിൽ അന്നേരം എന്റെ പെരുവിരലൊന്ന് വിറച്ചു. അവന്റെയുള്ളിലെ നീറ്റൽ ഞാൻ ഒറ്റ നിമിഷത്തിൽ തിരിച്ചറിഞ്ഞു.
"നീയാ ഇടയത്തിപ്പെണ്ണ് പ്രഹ്ളയുടെ അനിയനാ?" എന്റെ ചോദ്യത്തിന് അവനൊന്ന് മൂളി. മുഖത്ത് വിയർപ്പ് കിനിഞ്ഞു. വാക്കുടക്കി രണ്ടുവട്ടം ഞാൻ ചുമച്ച് കാർക്കിച്ചു.
"ഞാൻ ആരേം ചതിച്ചിട്ടും കൊന്നിട്ടുംല്ല കുഞ്ഞോനെ. നിന്റെ ചേച്ചിയോടെനിക്ക് പ്രേമം ഇണ്ടാർന്നോന്ന് ചോദിച്ചാൽ ഇണ്ടാർന്നു. നല്ല അസ്ഥിക്ക് പിടിച്ച പ്രേമം. കുടുംബത്തിലിള്ളോര് വേണ്ടന്ന് പറഞ്ഞാൽ എതിർക്കാൻ പറ്റോ? മോന്തിക്ക് കള്ള് കുടിക്കാൻ അമ്മാവനും കൂട്ടരും കാട്ടുകുന്നന്റെ മുകളിൽ പോയതറിഞ്ഞ് തിരക്കി വന്നപ്പഴാ കാലികളെ മേയ്ക്കാൻ വന്ന പെണ്ണിന്റെ ജഡം കിഴക്ക് കിണറ്റില് കണ്ടെന്നാരോ പറേണത്" കുഞ്ഞുമോൻ ടി.പി എന്റെ മുഖത്ത് നോക്കാതെ വിറച്ചു. ചുമച്ച് കരിമ്പനേന്റെ മൂട്ടില് പത തുപ്പി. അവസാന നിമിഷം കണിപ്പൂവന്റെ വായീന്ന് തികട്ടി വന്ന പോലൊരു പത.
"എന്റെ ചേച്ചി ചത്തതിൽ നിങ്ങക്ക് പങ്കില്ലെന്ന് നിങ്ങക്ക് നിങ്ങടെ നെഞ്ചിൽ കൈവെച്ച് പറയാൻ കൈയോ?...ഇല്ല, അതെനിക്കറിയും. അതറിഞ്ഞോണ്ട് തന്നെയാ നിങ്ങളോടൊത്ത് ഈടേക്ക് വന്നതും. എനക്ക് നിങ്ങളെ ആ കിണറ്റിൽ തള്ളിയിട്ട് കൊല്ലണംന്നാരുന്നു ആശ. പക്ഷെ,ന്നെക്കൊണ്ടതാവൂല" ഞാനവന്റെ ചുമലിൽ കൈ വെച്ചു. ആശ്വസിപ്പിച്ചു.
"ബാ നടക്ക്" താഴേക്ക് വിളിച്ചിറക്കി.
മുത്തുകുടപോലെ എന്തോ ഒന്ന് അന്നേരം ആകാശത്തുനിന്ന് താണിറങ്ങി ജലാശയത്തിൽ പതിച്ചു. അത് കണ്ട ആഹ്ലാദത്തിൽ കുഞ്ഞുമോൻ ടി.പി പ്രസരിപ്പ് വീണ്ടെടുത്തു. ഞങ്ങളുടെ തലകൾക്ക് മുകളിലൂടെ വേറെയും മുത്തുക്കുടകൾ പെയ്തിറങ്ങി. അതിലൊരെണ്ണം കയ്യെത്തിപ്പിടിക്കാനായി കുഞ്ഞുമോൻ കാട്ടുകുന്നന്റെ ഉച്ചാംതലപ്പിലേക്ക് ഓടിക്കയറി.

"ടാ വേണ്ടടാ..വിട്ടേര്..."
"മാഷെ..ഒരു സെൽഫി" അവൻ കെഞ്ചി.
തലയെടുപ്പുള്ള ആനക്കൊമ്പന്റെ മുകളിലെ മുത്തുക്കുട പോലെ വർണ്ണാഭമായ ആ വെട്ടം ഞങ്ങളുടെ തലയ്ക്കുമീതെ പാറിയപ്പോൾ ഞാൻ മൊബൈൽ ക്യാമറയിൽ വിരലമർത്തി.
കാട്ടുകുന്നന്റെ മുകളിൽ കാണുന്ന കാഴ്ചകളാണ് പിന്നെയങ്ങോട്ട് സ്വപ്നങ്ങളിൽ തെളിയുക. അക്കാര്യത്തിൽ കുഞ്ഞുമോൻ ടി.പി ഭാഗ്യവാനാണ്. പെണ്ണിനൊരു ആണെന്ന മട്ടിൽ കരിമ്പനയാറിനെ പുൽകി നിൽക്കുന്ന കാട്ടുകുന്നനെയും അരികിൽ ശാലീനതയുടെ പെൺശോഭയോടെ ഒഴുകുന്ന കരിമ്പനയാറും രാത്രി ആകാശത്തിലെ മായക്കാഴ്ചകളും കൺകുളിർക്കെ കണ്ടുകൊണ്ടാണ് അവൻ മടങ്ങുന്നത്.
പുലർച്ചയോടെ അടിവാരത്തെത്തി, കുഞ്ഞുമോനെ ബൈക്കിൽ വീട്ടുനടയ്ക്കൽ കൊണ്ടുചെന്നാക്കി മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കോടമ്പാക്കം പാണ്ടിലോറിക്കുള്ളിൽ ബസന്തിയും പാച്ചനും ചിന്നനും കുറെ പോത്തുകൾക്കൊപ്പം മടക്കയാത്രയിലായിരുന്നു. ഒന്ന് ഇമ വെട്ടിയടച്ച്, മൂവർക്കും വിട ചൊല്ലി ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി.
