ചിത്രീകരണം: ദേവപ്രകാശ്

ബ്ലാക്ക് മാജിക്

പാതിരാത്രിയിൽ ചാലോട്ട് കാവിന്റെ കൽമതിലിനു അരികു ചേർന്ന് കുത്തിയിരിക്കുമ്പോൾ നേരത്തെ കുടിച്ച കള്ളിന്റെ മണം പരത്തിക്കൊണ്ട് ചിരൂണ്ടൻ വലിയൊരു ഏമ്പക്കം വിട്ടു. ആരെങ്കിലും കേട്ടുകാണുമോ എന്നെനിക്കൊരു പേടി തോന്നി. ചിരൂണ്ടൻ വളരെ ലാഘവത്തോടെ മതിലിനു കൂടുതൽ ചേർന്നിരുന്നു. കാവിന്റെ മുൻപിലെ ആൽമരത്തിന്റെ ഇലകൾ ചെറുകാറ്റിൽ വിറച്ചു. അതിന്റെ മർമ്മരം പോലെ പതുക്കെ ഉള്ളിൽ ഇരച്ചു വരുന്ന പേടിയെ പുറത്തുകാണിക്കാതെ ഞാൻ "ആയോ' എന്ന് ചോദിച്ചതും ചിരൂണ്ടൻ ചൂടായി.

കാവിന്റെ അടുത്തുള്ള ഒരു വീട്ടിലെ വെളിച്ചം കൂടി കെടാൻ ബാക്കിയുണ്ട്.

"ആ വീട്ടാര് എപ്പളും ഒറങ്ങൂല'

ഒരില വീഴുന്നത്രയും പതുക്കെ ഞാൻ പറഞ്ഞു. ചിരൂണ്ടൻ എന്റെ തലയ്ക്ക് ഒന്ന് കുത്തി. പിന്നെ ഞാൻ മിണ്ടിയില്ല. സമീപത്തുള്ള സകല വീടുകളുടെയും വെളിച്ചം കെട്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ ഇരയെ പിടിക്കാനൊരുങ്ങുന്ന ഒരു വ്യാഘ്രത്തിന്റെ കാൽവെയ്പ്പുകളോടെ പതുങ്ങി കാവിനകത്തെക്ക് നടന്നു. എരിഞ്ഞു തീരാറായ ഒരു വിളക്ക് ഞങ്ങളെ നോക്കി. സ്റ്റോർ റൂമിന്റെ കൊത്തുപണിയുള്ള വാതിലിന്റെ താക്കോൽ ദ്വാരത്തിലെക്ക് കണ്ണ് കൂർപ്പിച്ചുകൊണ്ട് ചിരൂണ്ടൻ എന്നോട് കൈനീട്ടി നേരത്തെ ഏൽപ്പിച്ച താക്കോൽ വാങ്ങിച്ചു. തുറന്നു അകത്തു കയറി പായസം വെയ്ക്കുന്ന വലിയ വട്ടക എടുത്തു പൊക്കി ചുമരിനോട് ചാരി വച്ചു. ഞാനെല്ലാം കണ്ടു വെറുതെ നിന്നു. വട്ടക കിടന്ന സ്ഥലത്തെ ചെറിയ ചെമ്പ് പെട്ടി തുറന്നു അതിൽ നിന്നും കിട്ടിയ മറ്റൊരു താക്കോലെടുത്ത് ശ്രീകോവിൽ തുറന്നു. രൗദ്ര
രൂപിണിയായ ദേവിയുടെ വിഗ്രഹത്തിന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയപ്പോൾ തെയ്യ സമയത്ത് തലയറുത്തിട്ട കോഴിയെ പോലെ എന്റെയുള്ളൂ വിറച്ചു. പുറകോട്ടു നീങ്ങി ഞാൻ അടുത്തുള്ള തൂണിനോട് പരമാവധി ചേർന്നു നിന്നു. ചിരൂണ്ടൻ വിഗ്രഹത്തിനു പുറകിൽ സൂക്ഷിച്ച ആഭരണങ്ങൾ ഓരോന്നായി പുറത്തെടുക്കുകയാണ്. കയ്യിൽ കരുതിയ കാവിമുണ്ടിൽ ആഭരണങ്ങൾ പൊതിയാൻ ചിരൂണ്ടൻ എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാൻ അനങ്ങിയില്ല. ശ്രീകോവിലിനു പുറത്തിറങ്ങിയ ശേഷം എന്റെ കയ്യിൽ നിന്നും ദേഷ്യത്തോടെ മുണ്ട് പിടിച്ചു വാങ്ങി ചിരൂണ്ടൻ തന്നെ ആഭരണങ്ങൾ പൊതിഞ്ഞു കെട്ടി. എല്ലാം പഴയത് പോലെ എടുത്തു വച്ച് നടയിൽ സാഷ്ടാംഗം നമസ്‌ക്കരിച്ചു കാവിനു പുറത്തിറങ്ങി. ചിരൂണ്ടനു പിന്നാലെ ഒരു വാല് പോലെ ഞാൻ ചേർന്നു നടന്നു. വെളിച്ചം തെളിയിക്കാൻ ചിരൂണ്ടൻ സമ്മതിച്ചില്ല. റോഡ് മുറിച്ചു കടന്ന് ചാലോടൻ പറമ്പിലേക്ക് കയറിയപ്പോൾ എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് എനിക്കൊരു സംശയമുണ്ടായി. പക്ഷെ മിണ്ടിയാൽ ചീത്ത കിട്ടുമെന്നതിനാൽ ഞാനൊന്നും ചോദിച്ചില്ല. സ്വർണ്ണം എടുത്തതിനു ശേഷം എന്താണ് പദ്ധതിയെന്നു ചിരൂണ്ടൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല. കുറച്ചു നേരത്തിനകം തന്നെ വള്ളിപ്പടർപ്പുകളും കൂറ്റൻ മരങ്ങളുമുള്ള ചാലോടൻ പറമ്പിലെ ഇരുൾ മൂടിയ വഴിയിലൂടെ നടന്ന് ഞങ്ങൾ ഇലഞ്ഞിമരത്തിന്റെ തറയുടെ പടികൾ ഇറങ്ങി മണിക്കിണറിനു അടുത്തെത്തി. കെട്ട് ഒന്നുകൂടി മുറുക്കിയ ശേഷം ചിരൂണ്ടൻ ഞാനെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അത് കിണറ്റിലേക്കിട്ടു.

പിന്നെ ഒന്നും സംഭവിച്ചിട്ടില്ലയെന്ന മട്ടിൽ ചാലോടൻ പറമ്പിനു പുറത്തിറങ്ങി. ഇടവഴിയിലൂടെ മൂകരായി ഞങ്ങൾ വീട്ടിലേക്ക് നടന്നു. പേടിയുടെ കാഠിന്യം കുറഞ്ഞപ്പോൾ ഞാനൊരു നീണ്ട ശ്വാസമെടുത്തു. വീടിനടുത്തെത്തിയപ്പോൾ ഒരു മാന്ത്രികനെകണക്കെ ചിരൂണ്ടൻ പൊടുന്നനെ എവിടെയോ മറഞ്ഞു. പൊതുവേ ചിരൂണ്ടനു അങ്ങനെ ഒരു പതിവുണ്ട്. എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും അത് പൂർത്തിയായെന്നു നമുക്ക് തോന്നുന്നതിന് മുൻപേ പോയ്ക്കളയും. ചുറ്റിലും നോക്കി ചിരൂണ്ടൻ പോയതായിരിക്കുമെന്നു ഉറപ്പിച്ചു ഞാൻ വീട്ടിലേക്ക് ഒച്ചയില്ലാതെ നടന്നു. അകത്തു ചെന്ന് കട്ടിലിൽ കേറി കിടന്നു. ഒരേ സമയം കടം തീർക്കാൻ വഴി തുറന്നു കിട്ടിയ ആശ്വാസവും പിടിക്കപ്പെട്ടാൽ ചാർത്തപ്പെടുന്ന കള്ളനെന്ന പേരിന്റെ ഭയവും എന്റെ ഉറക്കമില്ലാതെയാക്കി. അപ്പോൾ തന്നെ ആശ്വാസത്തിനായി ചിരൂണ്ടന്റെ വീട്ടിലേക്ക് പോയാലെന്തെന്നു ഞാൻ ആലോചിച്ചു.

പിറ്റേന്ന് നേരം പുലർന്നയുടൻ ഞാൻ നേരെ ചിരൂണ്ടന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു. വലിയ നിരത്ത് വഴി നടന്ന് വയൽ വരമ്പിലൂടെ കയറി കശുവണ്ടി തോട്ടത്തിലേക്ക് കടന്നു. ബാലൻ വൈദ്യർ റാക്ക് കുടിച്ച പൂസിൽ പണ്ട് തൂങ്ങി ചത്ത കശുവണ്ടി മരത്തിനു അടുത്തെത്തിയപ്പോൾ പരമാവധി വേഗമെടുത്തു. മഴ കുത്തിയൊലിച്ചു പോകുമ്പോൾ കീറിയിട്ട ചാലുകളിൽ കാൽ കുടുങ്ങാതെ ഇടവഴി കടന്നു ചിരൂണ്ടന്റെ ഒറ്റമുറി വീട്ടിലേക്ക് കയറി. ചെല്ലുമ്പോഴേക്കും ഒരു കട്ടൻ ചായയും കുടിച്ചു ചിരൂണ്ടൻ ഇറയത്തു തന്നെ കുത്തിയിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അകത്തു പോയി ഒരു പകുതി ഗ്ലാസ് കട്ടൻ ചായയുമായി വന്നു. ഇനിയെന്താണ് പരിപാടിയെന്ന് ഞാൻ ചോദിച്ചു. എന്റെ അക്ഷമ ചിരൂണ്ടന് തീരെ പിടിച്ചില്ല.

"നീ ചാത്തുമ്മോനെ പറയിക്കുവല്ലോ'

എന്റെ ബുദ്ധിയെ പരിഹസിച്ചു കൊണ്ട് ചിരൂണ്ടൻ പറഞ്ഞു. കളത്തിൽ കുഞ്ഞിചാത്തു എന്നറിയപ്പെടുന്ന എന്റെ അച്ചാച്ചൻ ചിരൂണ്ടന്റെ വകയിലൊരു അമ്മാവനും ഗുരുവുമാണ്. കിണറ്റിലിട്ട സ്വർണ്ണം എടുക്കേണ്ടതിനെക്കുറിച്ച് ചിരൂണ്ടൻ എന്തെങ്കിലും പറയുമെന്ന് കരുതി ഞാൻ അൽപ്പനേരം കൂടി അവിടിരുന്നു. തലേന്ന് രാത്രി അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലായെന്ന മട്ടിലാണ് ചിരൂണ്ടന്റെ പെരുമാറ്റം. മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ദേഷ്യം ഒതുക്കികൊണ്ട് ഞാൻ പറഞ്ഞു. "ചിരൂണ്ടാ കടം കേറി മൂടീട്ടാണ് ഞാനീപ്പണിക്ക് നിന്നത്.'

ഞാനങ്ങനെ പറഞ്ഞപ്പോൾ ചിരൂണ്ടൻ ഒന്ന് ചിരിച്ചു. എന്നിട്ട് അടുത്തേക്ക് വന്നു സ്‌നേഹത്തോടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

"കുഞ്ഞീ ആടെ പണിക്കാർ ഇണ്ട്. നമ്മക്ക് സൗകര്യം പോലെ നോക്കാ'

ചാലോടൻ പറമ്പിൽ മരം മുറിക്കുന്ന പണിക്കാർ ഉള്ളത് ഓർത്തു കൊണ്ട് ചിരൂണ്ടൻ പറഞ്ഞു.

അച്ചാച്ചന്റെ തറവാടായ കളത്തിൽ കുടുംബത്തിന്റെ അധീനതയിലാണ് ചാലോടൻ പറമ്പ്. പാരമ്പര്യമായി മരുമക്ക സമ്പ്രദായം നിലനിർത്തി പോരുന്നത് കൊണ്ട് അച്ഛനോ എനിക്കോ ചാലോടൻ പറമ്പിൽ അവകാശമില്ല. ചാലോട്ട് കാവിലെ ദേവിയുടെ ആരൂഡ സ്ഥാനം ചാലോടൻ പറമ്പിന്റെ ഉള്ളിലെ ഒരു വലിയ ഇലഞ്ഞി മരമാണെന്നാണ് വിശ്വാസം. അതുകൊണ്ട് മാത്രം ഏക്കറുകളോളം നീണ്ടു കിടക്കുന്ന ആ പെരുംകാട് ഭാഗം നടക്കാത്ത കുടുംബ സ്വത്തായി മാറി. ഇത്രയും വലിയ സ്വത്തായിട്ടും മറ്റു വരുമാനമൊന്നും കിട്ടാത്തതിനാൽ വല്ലപോഴും പൊരിഞ്ഞു വീണ മരങ്ങൾ വിറ്റുകിട്ടുന്ന തുക വീതിച്ചെടുക്കുക പതിവുണ്ട് തറവാട്ടംഗങ്ങൾക്ക്. പക്ഷെ ഇത്തവണ അത് മരങ്ങൾ മുറിച്ചെടുക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ചിരൂണ്ടൻ ഇതിനെ എതിർത്തിരുന്നുവെങ്കിലും കിട്ടുന്ന പണം വാങ്ങിക്കാതിരിക്കാറില്ല. മരംമുറി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ പകൽ നേരത്ത് കാവിൽ പോയി സ്വർണ്ണമെടുത്തു തിരിച്ചു വരിക വളരെ ബുദ്ധിമുട്ടാണ്. പണിക്കാർ ഇല്ലെങ്കിൽ ആഴമില്ലാത്ത കിണറ്റിൽ നിന്നും വളരെ എളുപ്പത്തിൽ ഇറങ്ങി എടുക്കുകയും ചെയ്യാം.

ചിരൂണ്ടൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു.

കശുവണ്ടി തോട്ടത്തിൽ എത്തിയപ്പോൾ സാധാരണയിൽ കവിഞ്ഞൊരു വെയിൽ മുഖത്തേക്ക് തെറിക്കുന്നു. പാതി തുറന്ന വിഷാദകണ്ണുകൾ അതുവരെയുള്ള കണക്കുകൾ തീർക്കാനെന്നവണ്ണം പുറത്തേക്ക് തുറപ്പിച്ചു തൂങ്ങിയാടുന്ന ബാലൻ വൈദ്യരുടെ ദേഹവും മരണത്തെ പിന്തുടർന്ന് മുകളിലേക്ക് നോക്കിയുള്ള അച്ചാച്ചന്റെ കിടത്തവും എനിക്ക് പൊടുന്നനെ ഓർമ വന്നു. മുന്നോട്ട് നടക്കുമ്പോൾ മനസ്സെന്നെക്കാൾ വേഗതയിൽ പുറകോട്ടു പാഞ്ഞു.

ചിരൂണ്ടനും തൂങ്ങിച്ചത്ത ബാലൻ വൈദ്യരും അച്ചാച്ചന്റെ പ്രിയപ്പെട്ട ശിഷ്യരായിരുന്നു. അച്ഛൻ ജനിച്ചയുടനെ നാട് വിട്ടുപോയ അച്ചാച്ചൻ പിന്നെ തിരിച്ചെത്തുന്നത് പത്തിരുപത് വർഷങ്ങൾക്ക് ശേഷമാണ്. ഉത്തരേന്ത്യ മുഴുവൻ കറങ്ങി എവിടെയോ ജയിലിൽ അകപ്പെട്ട അച്ചാച്ചൻ തിരിച്ചെത്തിയത് ചാലോട്ട് കാവിലെ ഭഗവതിയെ നേർച്ചയായി കെട്ടിയാടിക്കാമെന്ന അമ്മമ്മയുടെ പ്രാർത്ഥനയ്ക്ക് ശേഷമാണ്. അച്ചാച്ചൻ വന്നതോട് കൂടി കുടുംബമാകെ പൊടുന്നനെ സമ്പത്തിന്റെ ഉന്നതിയിലേക്ക് കുതിച്ചു. ചെറുപ്പത്തിൽ അഭ്യസിച്ച ശേഷം പ്രയോഗിക്കാതിരുന്ന മന്ത്രവാദവും വൈദ്യവും തിരിച്ചു വന്നശേഷം നടത്തി അച്ചാച്ചൻ പേരെടുത്തു.

നാട്ടിലെ പ്രധാന മന്ത്രവാദിയും പ്രേതബാധ നീക്കുന്നവനുമായ കേളുഗുരുക്കളെ നേരിട്ടുള്ള ഒരേറ്റുമുട്ടലിൽ തോൽപ്പിച്ചതും അച്ചാച്ചന്റെ വളർച്ചയ്ക്ക് ഗുണമായി. ചെറുപ്പത്തിൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു അച്ചാച്ചനും ബന്ധു കൂടിയായ കേളുഗുരുക്കളും. പക്ഷെ അച്ചാച്ചൻ തിരിച്ചു വന്നപ്പോഴേക്കും കേളുഗുരുക്കൾ ഗുരുക്കളായി പേരെടുത്തിരുന്നു. അതുകൊണ്ട് തന്നെ ചെറിയ കിടമത്സരങ്ങളും പാരവെയ്പ്പുകളും ഇവർ തമ്മിലുണ്ടായി. ഒരിക്കൽ ഗുരുക്കളുടെ പറമ്പിൽ നിൽക്കുന്ന ഒരു മെരട് ചേന ചൂണ്ടി അതെനിക്ക് തരുമോയെന്നു അച്ചാച്ചൻ ചോദിക്കുകയുണ്ടായി. വല്യ മന്ത്രവാദിയല്ലേ പറ്റുമെങ്കിൽ എടുത്തോളൂ എന്ന് കേളുഗുരുക്കൾ അദ്ദേഹത്തെ പരിഹസിച്ചു. അന്ന് രാത്രി കേളുഗുരുക്കൾ ചേനയുടെ മുകളിൽ പായ വിരിച്ചു കിടന്നു. പായ മാറ്റാതെ മണ്ണ് കുഴിക്കാതെ അച്ചാച്ചൻ ചേന എടുത്ത കഥ നാട്ടിലാകെയറിഞ്ഞു. ഈ സംഭവത്തിന് ശേഷം കേളുഗുരുക്കളെ മന്ത്രവാദ ആവശ്യങ്ങൾക്ക് കണ്ടിരുന്ന പലരും രഹസ്യമായി അച്ചാച്ചനെ തേടി ഞങ്ങളുടെ വീട്ടിൽ എത്തി. അപമാനം നേരിട്ടതും വരുമാന മാർഗ്ഗം മുട്ടിയതും ഗുരുക്കളെയാകെ വലച്ചു. ഒരു സന്ധ്യക്ക് വീടിന്റെ കഴുക്കോലിൻമേൽ തൂങ്ങി കിടന്നു കൊണ്ട് കേളുഗുരുക്കളുടെ ദേഹം പിടഞ്ഞു. മൃതദേഹം ബഹുമാനപൂർവ്വം സംസ്‌ക്കരിക്കാൻ നാട്ടിലെ പ്രമാണിയായി മാറിയ അച്ചാച്ചൻ തന്നെ മുന്നിൽ നിന്നു. പ്രധാന എതിരാളിയുടെ മരണ ശേഷം അച്ചാച്ചൻ കൂടുതൽ ശക്തനായി. ചില വൈദ്യ പരീക്ഷണങ്ങളിൽ വിജയിച്ചതും പ്രവചനങ്ങൾ ഫലിച്ചതും കാരണം എന്തോ അത്ഭുത ശക്തിയുണ്ട് അച്ചാച്ചനെന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായി. ആയിടയ്ക്കാണ് രണ്ടു യുവാക്കൾ ; ശ്രീകണ്ഠനെന്ന ചിരൂണ്ടനും ബാലകൃഷ്ണനെന്ന ബാലനും അച്ചാച്ചന്റെ ശിഷ്യത്വം സ്വീകരിക്കാനായി എത്തുന്നത്. ചിരൂണ്ടൻ കേളുഗുരുക്കളുടെ മരുമകനും ബാലൻ മകനുമായിരുന്നു. ഇരുവരെയും അച്ചാച്ചൻ സന്തോഷത്തോടെ സ്വീകരിച്ചു.

പഴയ തറവാട് വീടിന്റെ മുറ്റത്ത് അച്ചാച്ചൻ മുറുക്കാൻ ചവച്ചു കൊണ്ട് ചാരുകസേരയിൽ ചാഞ്ഞിരിക്കും. ചിരൂണ്ടനും ബാലനും ഇരുവശങ്ങളിലുമായി കുത്തിയിരുന്ന് സംശയങ്ങൾ ചോദിക്കുകയും വെറ്റിലയിൽ നൂറു തേച്ചു കൊടുക്കുകയും ചെയ്യും. ഏതെങ്കിലുമൊരു ശിഷ്യൻ നന്നായി പഠിച്ചു തന്റെ പേര് നില നിർത്തുമെന്ന് അച്ചാച്ചൻ കരുതി. പക്ഷെ അങ്ങനെയൊന്നുമുണ്ടായില്ല. ചിരൂണ്ടൻ പഠിപ്പ് പൂർണ്ണമാക്കാതിരിക്കുകയും ബാലൻ വൈദ്യർ അകാലത്തിൽ മരിക്കുകയും ചെയ്തത് എന്നും അച്ചാച്ചനെ ദുഖിപ്പിച്ചു. ആഗ്രഹങ്ങൾ സാധിക്കപ്പെട്ടില്ലെങ്കിലും ശിഷ്യരെന്ന രീതിയിൽ ഒരു ഗുരുവിനു നൽകേണ്ട പരമാവധി ബഹുമാനം ചിരൂണ്ടനും ബാലനും നൽകി. ഗുരു എന്തുപറഞ്ഞാലും അതാണ് തങ്ങളുടെ കൂടി ശരിയെന്നു പറഞ്ഞു എല്ലാം അവർ അക്ഷരംപ്രതി അനുസരിച്ചു. അതിനാൽ തന്നെ സ്വന്തം മകനേക്കാളും മരുമക്കളെക്കാളും കൂടുതൽ സ്‌നേഹം അച്ചാച്ചനും ശിഷ്യർക്ക് തിരിച്ചു നൽകി. വൈദ്യത്തിൽ അത്യാവശ്യം മിടുക്കുണ്ടായിരുന്ന ബാലൻ ക്രമേണ ബാലൻ വൈദ്യരായി അച്ചാച്ചന്റെ ഉപദേശം ശ്രവിച്ചു ചികിത്സിച്ചു തുടങ്ങി. ചിരൂണ്ടൻ ആണെങ്കിൽ സ്ഥിരമായി അച്ചാച്ചന്റെ സഹായിയെന്ന കണക്കെ കൂടെ നടക്കുക മാത്രം ചെയ്തു.

ബാലൻ വൈദ്യർ തൂങ്ങിച്ചത്ത ശേഷം ചിരൂണ്ടൻ സ്ഥിരമായി അച്ചാച്ചനു കൂട്ടുകിടന്നു. സ്വന്തം അമ്മയെ ഒറ്റയ്ക്കാക്കിയുള്ള ചിരൂണ്ടന്റെ വരവിനെ അച്ചാച്ചൻ സ്‌നേഹപൂർവ്വം എതിർത്തെങ്കിലും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ നിന്നും ചിരൂണ്ടൻ എഴുന്നേറ്റില്ല. ബാലൻ വൈദ്യർ മരിച്ചതിനു ശേഷം ശാരീരികവും മാനസികവുമായി ഒരു തളർച്ച അച്ചാച്ചനെ ബാധിച്ചിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ചാലോടൻ പറമ്പിൽ വലിയൊരു ഇരൂൾ മരം പൊരിഞ്ഞു വീണയന്ന് പുലർച്ചെ കട്ടിലിൽ അച്ചാച്ചൻ അനക്കമില്ലാതെ കിടന്നു. വശങ്ങളിലേക്ക് ചാഞ്ഞു കിടന്ന കൈകളും മരണ വെപ്രാളത്തിൽ ഉയർത്തി വച്ചൊരു കാലും ഇരൂളിന്റെ ചില്ലകളെ ഓർമ്മിപ്പിച്ചു. അച്ചാച്ചന്റെ ദേഹം കാണാൻ വന്നവരൊക്കെ പൊരിഞ്ഞു വീണ ഇരൂളിനെയും ഒരു മൃതദേഹത്തിനു കൊടുക്കുന്ന ബഹുമാനത്തോടെ നോക്കി. അച്ചാച്ചന്റെ മരണ ശേഷം, ചിരൂണ്ടൻ അച്ചാച്ചനെ അനുകരിക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. എന്തുകൊണ്ടാണ് ഇതൊന്നും ശരിക്കും പഠിക്കാഞ്ഞാതെന്ന എന്റെ ചോദ്യത്തിന് ഒരിക്കൽ ചിരൂണ്ടൻ പറഞ്ഞു.

""രഘൂ എല്ലാം പഠിച്ചിറ്റ് കാര്യോന്നുല്ല. പ്രയോഗിക്കാൻ കയ്യുന്നത് പഠിക്കുന്നോനാന്നു ബുദ്ധിമാൻ. പ്രയോഗിക്കാൻ കയ്യുന്നതെ ഞാൻ പഠിച്ചിറ്റ്‌ലൂ.''

പ്രയോഗിക്കാൻ കഴിയുന്ന ഏത് വിദ്യയാണ് ചിരൂണ്ടൻ പഠിച്ചതെന്ന് ആശ്ചര്യപ്പെട്ടെങ്കിലും ഞാൻ ചോദിച്ചില്ല.

അച്ചാച്ചന്റെ മുൻപിൽ വിധേയനായി പതുങ്ങുന്ന ചിരൂണ്ടൻ പക്ഷെ പുറത്തെത്തിയാൽ മറ്റൊരാളാണ്. ബാലൻ വൈദ്യർ പക്ഷെ എന്നും വിഷാദമൂറിയ കണ്ണുകളുമായി ഒരു ചിരി പോലും വിരിയിക്കാതെ യാന്ത്രികമായി നടന്നു. കിഴക്കരയിലെ ദെച്മിയെ കല്യാണം കഴിക്കാൻ ബാലൻ വൈദ്യർ അതിയായി ആഗ്രഹിച്ചെങ്കിലും അച്ചാച്ചൻ സമ്മതിക്കാഞ്ഞതിനാൽ ആ കല്യാണം നടന്നില്ല. വിവരങ്ങളെല്ലാം അറിയാമായിരുന്നെങ്കിലും വെറുമൊരു ശിഷ്യനായ ബാലൻ വൈദ്യരുടെ കാര്യത്തിൽ അച്ചാച്ചൻ എന്തിനാണ് ഇത്രയധികം ഇടപെടുന്നതെന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല. കുറെ കാലം ഈ വിഷയം പറഞ്ഞു ബാലൻ അച്ചാച്ചനെ സമീപിച്ചെങ്കിലും സമ്മതം കിട്ടിയില്ല. ദെച്മിയെ കടവിന് അക്കരയുള്ള ഗോപാലൻകുട്ടി വേളി കഴിച്ചു കൊണ്ടുപോയതിന്റെ നാലാം ദിവസം റാക്ക് കുടിച്ചു പൂസായി രാത്രിയിലെപ്പോഴോ കശുവണ്ടി തോട്ടത്തിലെ കൊമ്പിന്മേൽ ബാലൻ വൈദ്യർ തൂങ്ങി.

ബാലൻ വൈദ്യരുടെ മരണത്തിനു കാരണം അച്ചാച്ചൻ ആണെന്ന് ആരോപിച്ചു ചിലരൊക്കെ അത് ചോദ്യം ചെയ്യാൻ വീട്ടിലേക്ക് വന്നുവെങ്കിലും അവരൊക്കെ ചിരൂണ്ടന്റെ ചീത്ത വിളിയിൽ ചുരുണ്ടു. അതിനു ശേഷം അച്ചാച്ചന്റെ മൗനാനുവാദത്തോടെ സകല വിഷയങ്ങളിലും അധികാരത്തോടെ ഇടപെടുകയും മറ്റും ചിരൂണ്ടന്റെ ശീലമായി മാറി. അച്ചാച്ചന്റെ മരണശേഷമാണ് പിന്നെ ചിരൂണ്ടൻ അടങ്ങിയത്. എങ്കിലും തന്നോട് എതിരിടില്ല എന്ന് തോന്നിയവരെയൊക്കെ ചിരൂണ്ടൻ ചീത്ത പറയുന്നത് തുടർന്നു. അച്ഛനുമായി കാര്യമായ അടുപ്പമോ ബന്ധമോ ഇല്ലായിരുന്നുവെങ്കിലും അച്ഛൻ കുളത്തിൽ വീണു മരിച്ചതുമുതൽ ഇനി എന്റെ ചാത്തുമ്മോന്റെ വീട്ടിന് ആരാ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ വീടിനു താങ്ങായി ചിരൂണ്ടനുണ്ട്. ആ സമയത്തൊക്കെ ഞാൻ അല്ലറ ചില്ലറ ജോലികൾ ചെയ്ത് തുടങ്ങിയിരുന്നു. പക്ഷെ ചിരൂണ്ടൻ ഞങ്ങളുടെ തോട്ടത്തിൽ പണിയെടുത്ത് കൃത്യമായ വരുമാനം അമ്മയുടെ കയ്യിലേൽപ്പിക്കുകയും പശുവിനെ പുലർച്ചെ വന്നു കറന്നു പാൽ കൊടുക്കുകയും ചെയ്യുമായിരുന്നതുകൊണ്ടാണ് ഞങ്ങൾ നന്നായി ജീവിച്ചിരുന്നത്. അക്കാലം മുതൽ ഞാൻ എന്റെ വിഷമങ്ങളെല്ലാം ചിരൂണ്ടനു മേൽ ഇറക്കിവെയ്ക്കുമായിരുന്നു. അച്ഛൻ തറവാട് വീട് പൊളിച്ച ശേഷം എടുത്ത പുതിയ വീടിന്റെ കടം ഞാനറിയാതെ ബാങ്കിൽ വളർന്നു. അത്യാവശ്യമായി പലിശയെങ്കിലും അടച്ചില്ലെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ബാങ്കിന്റെ മുന്നറിയിപ്പ് വന്നത് ചിരൂണ്ടനോട് പറഞ്ഞപ്പോൾ വഴിയുണ്ടാക്കാം, വൈകുന്നേരം കാണാം എന്ന് പറഞ്ഞു കൊണ്ട് ചിരൂണ്ടൻ എഴുന്നേറ്റ് പോയി. സന്ധ്യ കഴിഞ്ഞപ്പോൾ ഒരു സഞ്ചിയുമായി കേറി വന്നു. ഭാര്യയെയോ അമ്മയെയോ ശ്രദ്ധിക്കാതെ എന്നെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് നടന്നു. സഞ്ചിയിൽ നിന്നും കള്ളിന്റെ രണ്ടു കുപ്പികൾ പുറത്തെടുത്തു മേശമേൽ വച്ചു. അടുക്കളയിൽ ചെന്ന് മീൻ വറുത്തതും മിക്‌സ്ച്ചറും അധികാരത്തോടെ കേറി എടുത്ത് വന്നു വാതിലടച്ചു. രണ്ടു മൂന്നു ഗ്ലാസ് കുടിച്ച ശേഷം ശബ്ദം താഴ്ത്തി നിനക്ക് ലോൺ അടക്കാൻ ഒരു വഴിയുണ്ടെന്നു പറഞ്ഞു. എന്താണെന്ന് ഞാൻ ചോദിക്കുന്നതിനു മുൻപേ "ലേശം സ്വർണ്ണം എടുത്താലോ' എന്ന് പറഞ്ഞു.

"ഏട്ന്ന്' മനസ്സിലാകാതെ ഞാൻ ചോദിച്ചു.

"ചാലോട്ടു കാവിന്നു. എടാ രണ്ടു കൊല്ലം കൂടുമ്പോ തൊറക്കുന്ന കാവീന്നു നമ്മ സ്വർണ്ണം എടുത്ത് നിന്റെ പ്രശ്‌നം ഒക്കെ തീർത്ത് ആടെ തന്നെ തിരിച്ചു വെക്കുന്ന്'.ചിരൂണ്ടൻ ഒറ്റശ്വാസത്തിൽ പറഞ്ഞു. ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ അധീരനായി. കേട്ടപ്പോൾ നല്ല ആശയമാണ്. രണ്ടു വർഷം കൊണ്ട് തിരിച്ചു വച്ചാൽ മതിയല്ലോ.

"താക്കോൽ എന്റെ കയ്യിലുണ്ടല്ലോ'ചിരൂണ്ടൻ ഒരുറപ്പിനെന്ന പോലെ പറഞ്ഞു. ശരിയാണ് വിളക്ക് വെക്കുന്നതും മറ്റും ചിരൂണ്ടനാണ്. കാവിലെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്ന അവിടത്തെ അവകാശിയാണ്.

"എഴുപതു കൊല്ലം ഈ കാവില് ജീവിച്ച എന്നെയോ ഈ കാവിനെ ഇങ്ങനെ നന്നാക്കിയ ചാത്തുമ്മോന്റെ കുഞ്ഞീനെയോ ദൈവം പോലും സംശയിക്കുവോടാ'

ചിരൂണ്ടന്റെ ചോദ്യങ്ങൾ ഉത്തരമില്ലാതെ നീണ്ടു. പാതി കുടിച്ച കള്ളുമായി ഞാൻ ആലോചനയിലാണ്ടു. ചിരൂണ്ടൻ മുന്നോട്ടു വച്ച ഓഫറുകളുടെ ഭാരം സഹിക്കവയ്യാതെ ഞാൻ കസേരയിലേക്ക് ചാഞ്ഞു കിടന്നു. അൽപ്പ നേരം ഞങ്ങൾക്കിടയിൽ മൗനം ചാലോടൻ പറമ്പിലെ പൊട്ടകിണറിലെ വെള്ളം പോലെ അനക്കമറ്റു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒന്ന് കണ്ണടച്ച് ധ്യാനിച്ച ശേഷം കൈപിടിച്ചു ചിരൂണ്ടൻ പറഞ്ഞു. "ഇന്ന് പോവ്വാ'.

***

സ്വർണ്ണം എടുത്തിട്ട് ഒരാഴ്ച പിന്നിടുന്നു. ഇന്നലെയും ചിരൂണ്ടൻ വീട്ടിൽ വന്നു. പതിവ് പോലെ അമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങിക്കുടിച്ചു വിശേഷങ്ങൾ അന്വേഷിച്ചു മടങ്ങിപോയി. മരം മുറിക്കുന്ന പണിക്കാർ പോയ്കഴിഞ്ഞെന്നു ഞാൻ ചിരൂണ്ടനെ ഓർമ്മപ്പെടുത്തി. എന്നെയൊന്നു രൂക്ഷമായി നോക്കിയ ശേഷം ചിരൂണ്ടൻ വീട്ടിൽ നിന്നും വേഗത്തിൽ ഇറങ്ങി നടന്നു. വീണ്ടുമൊരിക്കൽ കൂടി കണ്ടപ്പോൾ സഹികെട്ട് ഞാൻ ചോദ്യം ആവർത്തിച്ചു. കൃത്യമായ മറുപടികളില്ലാതെ ഒരൊഴുക്കൻ മട്ടിൽ "രണ്ടീസം കഴിയട്ടെ' എന്ന് പറഞ്ഞു ചിരൂണ്ടൻ എന്നിൽ നിന്നും ഒഴിഞ്ഞു മാറി.

വാക്കിലും പ്രവൃത്തികളിലും ചിരൂണ്ടനിൽ എന്തോ ദുരൂഹത ബാക്കി നിൽക്കുന്നില്ലേ എന്നെനിക്കൊരു സംശയം തോന്നി. ഞാൻ ചില കണക്കുകൂട്ടലുകൾ നടത്തി. ആലോചിച്ചപ്പോൾ ഒരു കുരുക്കിൽ പെട്ടെന്ന കണക്കെ മനസ്സ് അസ്വസ്ഥമായി. ചാലോട്ടു കാവിൽ നിന്നും സ്വർണ്ണമെടുത്ത ശേഷം വീട്ടിലേക്കോ മറ്റെവിടെയെങ്കിലുമോ പോയി ഒളിപ്പിച്ചു വയ്ക്കുന്നതിനു പകരം സ്വർണ്ണക്കെട്ട് എന്തിനായിരിക്കും ചിരൂണ്ടൻ കിണറ്റിൽ ഇട്ടത്. ഇനി എന്തായാലും ചിരൂണ്ടൻ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കാം എന്നെനിക്ക് തോന്നി.

ബാങ്കിൽ പോയി കുറച്ചു അവധി വാങ്ങിക്കാമെന്ന ചിന്തയിൽ ഞാൻ നടന്നു. പകൽ നേരമായിട്ടും ആരോ പിന്തുടരുന്നത് പോലുള്ള ഒരു ഭയമെന്നെ പിടികൂടി. ബാങ്കിൽ നിന്നും ഇറങ്ങുമ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നുമൊരു വിളി വന്നു. അപ്പോൾ തന്നെ അസാധാരണമാംവിധം എന്തോ വാർത്തയുണ്ടെന്നു വെറുതെ മനസ്സിൽ തോന്നി. എന്നിട്ടും ചിരൂണ്ടന്റെ മരണ വിവരം അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ ഞെട്ടി. ആരുമറിയാത്ത ഒരു രഹസ്യത്തിന് കൂട്ട് വന്ന ചിരൂണ്ടൻ പോയി. സങ്കടമാണോ സന്തോഷമാണോ ഉള്ളതെന്ന് ഉറപ്പിക്കാൻ കഴിയാതെ കുഴങ്ങിക്കൊണ്ട് ഞാൻ വേഗത്തിൽ ചിരൂണ്ടന്റെ വീട്ടിലേക്ക് നടന്നു.

ചിരൂണ്ടൻ ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയതല്ല. വയസ്സ് എഴുപതായെങ്കിലും ഇളംപ്രായത്തിന്റെ കരുത്തുണ്ട്. അത് കഴിഞ്ഞയാഴ്ച കണ്ടതാണ്. രണ്ടാൾ മാത്രം വിചാരിച്ചാൽ പൊങ്ങുന്ന ചെമ്പിന്റെ വട്ടം ഒറ്റയ്ക്കാണ് എടുത്തു പൊക്കിയത്. മരണത്തെക്കുറിച്ച് ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്ന ചിരൂണ്ടനെ മരണം കൊണ്ട് പോയിരിക്കുന്നു. മരണത്തെ ഇടയ്ക്ക് നിർവചിക്കുമ്പോൾ ചിരൂണ്ടൻ പറയും. "എടാ എത്ര മരണം കണ്ടാലും നമ്മള് പിന്നേം വിചാരിക്കും നമ്മ മരിക്കൂലാന്നു. ലോകത്തില് ഏറ്റവും മറവിയുള്ള ജീവി മനുഷ്യനാന്നെടാ. പക മാത്രേ ഓൻ ഉപ്പിലിട്ട പോലെ ഉള്ളില് വെക്കൂലു. നല്ലതൊന്നും ഓർമേം ഇണ്ടാവൂല'.

സംസ്‌ക്കാര ചടങ്ങുകൾ കഴിയുമ്പോഴേക്കും നേരം സന്ധ്യയോടടുത്തിരുന്നു. സൂര്യന്റെ വെളിച്ചം ചുവപ്പിൽ നിന്നും ഇരുളിന്റെ കറുപ്പിലേക്ക് വീഴുന്നു. സ്വർണ്ണം പെട്ടെന്ന് തന്നെ എടുക്കണമെന്ന ആലോചനയിൽ വീട്ടിൽ നിന്നും ടോർച്ചും കത്തിയും ഒരു കയറുമെടുത്തു പിന്നിൽ മറച്ചു പിടിച്ചു കൊണ്ട് ഞാൻ ചാലോടൻ പറമ്പിലേക്ക് നടന്നു. അകത്തേക്ക് കയറുന്ന വഴിയരികിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് ചുറ്റിലും ശ്രദ്ധിച്ചു നോക്കി. ആഭരണങ്ങൾ എറിഞ്ഞു കളഞ്ഞ കിണറിനു അധികം ആഴമൊന്നുമില്ലെങ്കിലും ഇറങ്ങാൻ പടവുകളില്ല. പതുക്കെ ഞാൻ കിണറിനു അടുത്തേക്ക് നടന്നു. ടോർച്ച് കിണറിലേക്ക് തെളിച്ചു. കാടുമൂടിയ പടവുകൾക്ക് അനുസൃതമായി അനക്കമറ്റു കിടക്കുന്ന ജലത്തിനുള്ളിലേക്ക് സൂക്ഷ്മമായി നോക്കി. ചിരൂണ്ടൻ കെട്ടിമുറുക്കിയ തുണിക്കെട്ട് അതിൽ കിടക്കുന്നു. പടവുകൾക്ക് തൊട്ട് മുകളിൽ നിൽക്കുന്ന ജാതി മരത്തിനു കയർ മുറുക്കി കിണറ്റിലേക്ക് നീണ്ടുകിടക്കുന്ന തടിച്ച വള്ളിയിൽ ചവിട്ടി പതുക്കെ ഞാൻ ഊർന്നിറങ്ങി. സ്വർണ്ണക്കെട്ട് കടിച്ചെടുത്ത് കയറി കിതപ്പിന്റെ നീണ്ട ശ്വാസം ഒന്ന് പുറത്തു വിടുന്നതിനു മുൻപേ സന്ധ്യയുടെ അരണ്ട വെളിച്ചത്തിൽ മുറിച്ചിട്ട മരങ്ങളുടെ മുകളിലായി ഒരാളിരിക്കുന്നത് കണ്ടു. അത് ചിരൂണ്ടനായിരുന്നോ? പെട്ടെന്നൊരു സർപ്പത്തിന്റെ വലിയൊരു ശീൽക്കാരം പോലെയൊരു ശബ്ദം എന്റെ നേർക്കുയർന്നു. ചീറ്റൽ കണക്കെ ആ കാറ്റ് ദേഹത്തെ തൊട്ടു. അപ്പോൾ കണ്ണുകളിൽ ഭീകരമായ ഒരിരുട്ടു ചൂഴ്ന്നു കയറി. ചുറ്റിലും കൂടി നിൽക്കുന്ന മരങ്ങൾ പോലെ ശരീരം അൽപ്പ നേരം നിശ്ചലമായി. സർവ്വ ശക്തിയും സംഭരിച്ചു ഞാൻ ഓടി. കശുവണ്ടി തോട്ടത്തിൽ എത്തിയപ്പോൾ ബാലൻ വൈദ്യരും ചിരൂണ്ടനും അവിടിരുന്നു റാക്ക് കുടിക്കുന്നു. എന്നെ കണ്ടതും പൊട്ടിചിരിച്ചു കൊണ്ട് ചിരൂണ്ടൻ പറഞ്ഞു

"രഘൂ ലോകത്താരും മരിക്കുവോന്നുല്ലടാ'

തരിച്ചു നിൽക്കുന്ന എന്റെ കയ്യിൽ നിന്നും സ്വർണ്ണക്കെട്ട് പിടിച്ചു വാങ്ങി ചിരൂണ്ടൻ അത് തുറന്നു. നോക്കിയപ്പോൾ അതിനുള്ളിൽ കുറച്ചു വള്ളികളുടെ ചെത്തിയെടുത്ത തോലിന്റെ പൊടികളും ചെറിയ ചുള്ളിക്കമ്പുകളും മാത്രം. ആ നേരം ചിരൂണ്ടൻ മരിച്ചുവെന്നോ സ്വർണ്ണം ഞങ്ങൾ കാവിൽ നിന്നും എടുത്തിരുന്നുവെന്നോ എന്നെനിക്ക് സംശയമായി. ഞാൻ ദേഹത്ത് തൊട്ടു നോക്കി. ചിരൂണ്ടൻ പറയുന്നതുപോലെ ഈ ലോകം മുഴുവൻ ഒരു മിഥ്യയാണെന്ന് അപ്പോഴെനിക്ക് മനസ്സിലായി. ഞാൻ ശങ്കിച്ച് നിൽക്കുമ്പോൾ ചിരൂണ്ടൻ പറഞ്ഞു.

""നീ ചിലന്തി വലയ്ക്കുള്ളിൽ പെട്ട പ്രാണികളെ കണ്ടിറ്റ്ണ്ടാ രഘൂ. എല്ലാരെടെയും ജീവിതം അങ്ങനാ. ചെലരുടെ വലയിൽ പെട്ടാൽ എന്തിനാന്നു ആ വഴി പോയെതെന്നു പോലും നമ്മള് മറക്കും. ഒരടിമയെ പോലെ എല്ലാം അനുസരിക്കും. ചാത്തുമ്മോൻ അങ്ങനെ ഒരു ചിലന്തിയായിരുന്നെടാ. മരിക്കുമ്പോൾ കേളുഗുരുക്കൾ പറഞ്ഞു തന്നതൊന്നും ബാലൻ ചാവുന്ന വരെ എനിക്കോർമ്മ ഇല്ലാരുന്ന്. ബാലനെ ചാത്തുമ്മോൻ കൊന്നു കെട്ടി തൂക്കുന്ന വരെ ഞാനൊന്നും പഠിച്ചിറ്റ്‌ലാ. പ്രയോഗിക്കാൻ പറ്റുന്ന ഒരു വിദ്യ അപ്പോഴാ എനക്ക് മനസ്സിലായത്. ദെച്മിനെ ബാലൻ പ്രേമിക്കുമ്പോ തന്നെ ചാത്തുമ്മോനും പ്രേമിച്ചിരുന്ന്. നീ ഞെട്ടിയാ? ഒരാൾക്കും മറ്റൊരാള്‌ടെ ജീവിതം മനസ്സിലാവൂല രഘൂ. ഞാൻ ഈടെ ജീവിച്ചത് എന്തിനാന്ന് എനക്കല്ലേ അറിയൂ. ബാലൻ പോയേപ്പിന്നെ ചാത്തുമ്മോനെയും നിന്റെ അച്ഛനെയും കുരുക്കി കുരുക്കി.. പക്ഷെ നിന്നെ കിട്ടീറ്റ്‌ല''

നോക്കിയപ്പോൾ ചിരൂണ്ടന്റെ കണ്ണുകൾ ചുവന്നു തുടുത്തിരിക്കുന്നു. അവയിൽ നിന്നും ചോര തുള്ളികൾ ഇപ്പോൾ പുറത്തേക്കിറ്റുമെന്നു എനിക്ക് തോന്നി. വല്ലാത്ത പേടിയിൽ എന്റെ കാലുകൾ കുഴഞ്ഞു. താങ്ങിനായി കൈ നീട്ടിയപ്പോൾ ബാലൻ വൈദ്യർ എന്നെ മടിയിലേക്ക് കിടത്തി. പിന്നെ മരുന്ന് തരുന്ന സൂക്ഷ്മതയോടെ കാറ്റിൽ പൊഴിഞ്ഞു വീണ പഴുത്ത കശുമാങ്ങയുടെ ചാറെന്റെ വായിലെക്കിറ്റിച്ചു. അറിയാതെ ഞാനൊരു മയക്കത്തിലേക്ക് തലകുനിഞ്ഞു. അപ്പോഴേക്കും കുറച്ചകലെ ചാലോടൻ പറമ്പിലെ നീലിച്ചു കിടക്കുന്ന ഒരു ദേഹം ഈച്ചയാർക്കാൻ തുടങ്ങിയിരുന്നു.▮

Comments