റെജി ജോർജ്

വയലറ്റ് പൂക്കൾ

ഴവങ്ങാടി വരെ മാത്രമേ ബസ് പോകുകയുള്ളൂ. അൻവറിന് പോകേണ്ടത് വരക്കാട് ഗ്രാമത്തിലേക്കാണ്. പഴവങ്ങാടിയിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് വരക്കാട്ടിലേക്ക്. ഓട്ടോ സ്റ്റാൻഡിൽ പലരോടും ചോദിച്ചിട്ടും ആരും വരാൻ കൂട്ടാക്കുന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്. നേരം ഉച്ചയോടടുത്തു. വെയിലിന് അത്യാവശ്യം നല്ല ചൂടുണ്ട്. അവസാനം, നടക്കാൻ തന്നെ തീരുമാനിച്ചു. പോകാതെ പറ്റില്ല. വർഷങ്ങൾക്കുമുൻപ് തീരുമാനിച്ചതാണ്.

പോകുന്നവഴി പ്രായം ചെന്ന ഒരാളെ പരിചയപ്പെട്ടു. അദ്ദേഹത്തിൽ നിന്നാണ് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായത്.

വരക്കാട് ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. ആരെങ്കിലും അവിടേക്കു പോവുകയോ അവിടെനിന്ന് പുറത്തേയ്ക്കു വരുകയോ ചെയ്തിട്ട് വർഷങ്ങളായി. ആരെങ്കിലും അവിടെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.

അവിടെ പ്രശ്നങ്ങളുടെ തുടക്കം ഒരു കവിതയിൽ നിന്നാണ്. ഏതോ ഒരു ഭ്രാന്തൻ ഗ്രാമത്തിലെ അമ്പലക്കുളത്തിന്റെ മതിലിൽ ഒരു കവിത കുറിച്ചിട്ടു. ആമ്പൽപ്പൂ വിടരുന്ന കുളം. ഏറെനാളായി ആരെങ്കിലും ആ കുളത്തിൽ ഇറങ്ങിയിട്ട്.

മുതലകളുണ്ടെന്ന് ആരോ കെട്ടുകഥ പറഞ്ഞു പരത്തിയതിനുശേഷം ആരും ആ കുളത്തിലേക്കിറങ്ങാൻ ധൈര്യപ്പെട്ടിട്ടില്ല. ഏകദേശം ഒരു ഫുട്ബോൾ മൈതാനത്തിനോടൊപ്പം വലുപ്പമുള്ള കുളമാണ്. ചുറ്റും ആറടിയിലേറെ പൊക്കമുള്ള മതിലും.

കവിത ആദ്യം കണ്ടത്, അവധിക്കായി നാട്ടിലെത്തിയ മീരയാണ്- തിരുവന്തപുരത്ത് എഞ്ചിനീറിംഗിന് പഠിക്കുന്ന അവൾ, എല്ലാ വാരാന്ത്യങ്ങളിലും നാട്ടിലേക്കുവരും. പഴയ കൂട്ടുകാരെ കാണും, പുതിയ കോളേജ് കഥകൾ പങ്കുവെക്കും. അവർ സ്ഥിരമായി ഒത്തുകൂടുന്ന ഒരു ചായക്കടയുണ്ട് നാട്ടിൽ, പപ്പേട്ടന്റെ ചായക്കട.

ചായക്കടയുടെ പിറകിൽ ഒരു ചെറിയ വാതിലുണ്ട്. അത് തുറന്നാൽ പച്ചപ്പരവതാനി വിരിച്ച മാതിരി നെൽപ്പാടം കാണാം. വാതിലിന്റെ അരികിൽ പപ്പേട്ടൻ ഒരു പഴയ ബെഞ്ച് ഇട്ടിട്ടുണ്ട്- അവിടെ ഇരുന്നാൽ സമയം പോകുന്നതറിയില്ല. സിഗരറ്റ് വലിക്കുന്ന ശീലമുള്ളവർക്ക്, ആരും കാണാതെ ഒന്ന് പുകയ്‌ക്കാനും അതൊരു ഇടമാണ്. മീരക്കും കൂട്ടുകാർക്കും പപ്പേട്ടന്റെ കടയിലേക്കുള്ള ആകർഷണത്തിൽ അതും ഒരു പ്രധാന ഭാഗമാണ്.

ഇപ്രാവശ്യം നാട്ടിൽ വന്നപ്പോൾ അവരിൽ ലക്ഷ്മിയും ആരതിയും രവിയും നാട്ടിലുണ്ട്. അവരോടൊപ്പം വൈകുന്നേരം ചായക്കടയിൽ ഇരിക്കുമ്പോഴാണ് മീര ഈ കവിതയുടെ കാര്യം പറയുന്നത്. കവിതയുടെ കാര്യം മാത്രമല്ല, വയലറ്റ് പൂക്കളുടെ കാര്യവും.

വർഷങ്ങളായി പൂക്കാതെ നിന്ന ഒരു മരമുണ്ട് അമ്പലക്കുളത്തിനോടുചേർന്ന്. കവിത ചുമരിൽ പ്രത്യക്ഷപ്പെട്ട അന്ന് സന്ധ്യക്ക് ആദ്യമായി ആ മരം പൂത്തു. നല്ല വയലെറ് നിറമുള്ള പൂക്കൾ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരമാകെ പൂക്കൾ കൊണ്ട് നിറഞ്ഞു. ഇലകൾ ഒന്നും കാണാൻ പോലും കഴിയില്ല. മരത്തിന്റെ ചുറ്റും വയലറ്റ് കാർപെറ്റ് വിരിച്ചമാതിരി വയലറ്റ് പൂക്കൾ. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നേർത്ത സുഗന്ധം പരത്തുന്ന പൂവ്.

കവിത വായിച്ച അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രി ഒട്ടും ഉറങ്ങിയില്ലെങ്കിലും പകൽ പ്രത്യേകിച്ച് ഒരു ക്ഷീണവും തോന്നിയില്ല. കേട്ടപാടെ രവി പറഞ്ഞു, എന്നാൽ നമുക്ക് ഒന്ന് പോയി നോക്കിയാലോ?
‘പിന്നെന്താ പോകാം’, മീര പറഞ്ഞു.

അവന്റെ എടുത്തുചാട്ടത്തിന് പിന്നീട് പശ്ചാത്തപിക്കും എന്ന് അവൻ അപ്പോൾ അറിഞ്ഞിരുന്നില്ല. മീരയോടൊപ്പം ഒരു സന്ധ്യ എന്നേ അവൻ കരുതിയുള്ളൂ എന്നതാണ് സത്യം. ഇതുവരെ നേരിട്ട് പറയാത്ത ഒരിഷ്ടം അവനു മീരയോടുണ്ടായിരുന്നു. മീരയ്ക്കും അത് അറിയാമായിരുന്നെങ്കിലും തുറന്നു ചോദിയ്ക്കാൻ അവളും കൂട്ടാക്കിയിരുന്നില്ല. പക്ഷെ അവന്റെയും കൂടെയുള്ളവരുടെയും ജീവിതം എന്നത്തേയ്ക്കുമായി മാറ്റിമറിച്ച സന്ധ്യയായിരുന്നു അത്.

ചായ കുടി കഴിഞ്ഞ്, പപ്പേട്ടന് ചായയുടെ കാശ് കൊടുത്ത്, മീര വിശേഷങ്ങൾ തിരക്കി. പപ്പേട്ടന്റെ മോൾ എട്ടാം ക്‌ളാസിലാണ് പഠിക്കുന്നത്. ചിലപ്പോൾ കണക്ക് പഠിക്കാൻ അവൾ മീരയുടെ അടുത്ത് വരാറുണ്ടായിരുന്നു.

‘‘മോളുടെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു?’’, മീര ചോദിച്ചു.

"ഓ അവൾക്ക് എപ്പോഴും കളിയാ, മോള് വന്ന കാര്യം ഞാനറിഞ്ഞില്ല. ഞാൻ അവളോട് പറയാം’’.

‘‘അവൾ മോളെ വന്നു കാണും. എന്തെങ്കിലും നാലക്ഷരം പറഞ്ഞു കൊടുക്കണേ’’.

"പിന്നെന്താ പപ്പേട്ടാ, പറഞ്ഞു വിടൂ’’.

അവർ നാലുപേരും അമ്പലത്തിന്റെ അടുത്ത് എത്തിയപ്പോൾ ഏകദേശം അഞ്ചു മണിയായിക്കാണും. കുളത്തിന്റെ ചുവരിൽ നല്ല വടിവൊത്ത ഉരുണ്ട അക്ഷരത്തിൽ കവിതയെഴുതിവച്ചിട്ടുണ്ട്. പെയിന്റ് ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. മഴയിൽ ഒലിച്ചിറങ്ങിയ വെള്ളം കണ്ണീർച്ചാലുപോലെ വരികൾക്കിടയിൽ ഒരു പാട് പടർത്തിയിട്ടുണ്ട്. പെയിന്റ് ഉണങ്ങുന്നതിനു മുൻപ് മഴ പെയ്തതാവും കാരണം.

കവിത വായിച്ച രവിക്ക് ആദ്യം ചിരിയാണ് വന്നത്.

"ഇതാണോ താൻ പറഞ്ഞ, തന്റെ ഉറക്കം കെടുത്തിയ ആ മഹാ കവിത?’’

മീര അതിനു മറുപടിയൊന്നും പറഞ്ഞില്ല.

വീണ്ടും വായിച്ചപ്പോൾ ഒരു വിഷാദം അവളുടെ ഉള്ളിലുണ്ടായി. കാരണം പറയാൻ പറ്റാത്ത ഒരു ദുഃഖം.

മൗനം കറുത്ത നിഴൽ പോലെ എല്ലാവരെയും മൂടി. പരസ്പരം ഒന്നും മിണ്ടാതെ അവർ തിഞ്ഞുനടന്നു. ഓരോരുത്തരായി വഴിപിരിഞ്ഞപ്പോൾ വെറുതെ കൈകൾ വീശി മാത്രം വിടപറഞ്ഞു. മൗനം അതിന്റെ കൂർത്ത നഖങ്ങൾ അവരുടെ ഹൃദയത്തിൽ ആഴ്ന്നിറക്കിയിരുന്നു. കവിത അവരുടെ കാവ്യസ്മൃതിയിലേക്കു ചേക്കേറിയിരുന്നു.

അന്ന് രാത്രിയും മീരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മീരയ്ക്കു മാത്രമല്ല, അവർ നാലുപേരും ഉറങ്ങിയില്ല. അന്നു മാത്രമല്ല, പിന്നീടൊരിക്കലും.

മതിലിനോട് ചേർന്നുനിൽക്കുന്ന വയലറ്റ് പൂക്കളുള്ള മരം ഒരു കാഴ്ച തന്നെയാണ്. അത്ഭുതത്തോടെ ആരും നോക്കി നിന്നുപോകും. അതിന്റെ സുഗന്ധം ഒരു നേർത്ത ആവരണം പോലെ ആ മരത്തിനു ചുറ്റും പടർന്നു. അടുത്ത് വരുന്നവർക്ക് സ്വർഗീയ ആനന്ദം പകർന്ന്, ഇതുവരെ ആരും അറിഞ്ഞിട്ടില്ലാത്ത അത്ര സുഗന്ധം പരത്തുന്ന വയലറ്റ് പൂക്കൾ. കവിത വായിച്ചവരൊക്കെ ആ സുഗന്ധത്തിൽ മതി മറന്നുപോയി. പൂവിന്റെ കഥ നാട്ടിൽ പാട്ടായി. പൂക്കൾ കാണാൻ വന്നവർ കവിത വായിച്ചു. കവിത കാണാൻ വന്നവർ പൂവിന്റെ സുഗന്ധമാസ്വദിച്ചു.

ഓരോരുത്തർക്കും ആ സുഗന്ധം അവരുടെ പ്രണയിതാവിന്റേതായി അനുഭവപ്പെട്ടു. ആ കവിത വായിച്ചപ്പോൾ അവർ അവരുടെ പ്രണയം ഓർത്തു . കൂട്ടത്തിൽ കൂടുതൽ സാഹസികർ ആ പൂവിന്റെ രുചിയും നുകർന്നു. ജീവിതത്തിൽ ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത തരം അനുഭവം. ഏത് ലഹരിയും തോറ്റു പോകുന്ന തരം ഉന്മാദം.

പതുക്കെ പതുക്കെ ഗ്രാമത്തിൽ ഓരോരുത്തരായി അമ്പലക്കുളത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആ കവിത വായിച്ചവരാരും പിന്നീട് ഉറക്കം എന്തെന്ന് അറിഞ്ഞില്ല.
സ്വപ്നങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അവർ ഉറക്കം ഉപേക്ഷിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. കാവ്യസ്മൃതിയിൽ പതിഞ്ഞ കവിത അവരുടെ ഉറക്കം എടുത്തുമാറ്റി.

ഉറക്കമില്ലാത്തവർക്ക് പതിയെ ഓർമ്മകൾ നഷ്ടപ്പെടാൻ തുടങ്ങി. ഓർമ്മകൾ കൈമോശം വന്നവർ ആദ്യം ഉപേക്ഷിച്ചത് അവരുടെ സ്വപ്നങ്ങളാണ്. പിന്നീട് ഓരോന്നോരോന്നായി അവർ ഉപേക്ഷിച്ചു. അവസാനം അവരുടെ വസ്ത്രങ്ങൾ കൂടി അവർക്കു നഷ്ടമായി.

വസ്ത്രം ധരിക്കാതെ ചിലർ തെരുവുകളിൽ നടക്കുന്നത് കണ്ടപ്പോൾ ആദ്യമൊക്കെ മറ്റുള്ളവർ കൂകി വിളിച്ചു. ഭ്രാന്തനെന്ന് വിളിച്ചു. പക്ഷെ പതുക്കെ പതുക്കെ സ്‌മൃതിഭ്രംശം നാട് മുഴുവൻ പടർന്നു. ഭ്രാന്തൻ എന്ന് വിളിച്ചവർ തന്നെ തെരുവുകളിൽ അലഞ്ഞു. അടുത്ത ഗ്രാമങ്ങളിൽ നിന്നും ആരും അങ്ങോട്ടേയ്ക്ക് പോകാതെയായി. സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം മാറ്റം വാങ്ങി രക്ഷപെട്ടു. പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നത് അടച്ചു. പോസ്റ്റ് ഓഫീസിൽ ആരും വരാതെയായി. അതും അടച്ചു.

പതിയെപ്പതിയെ മരങ്ങൾ മനുഷ്യരുടെ വസ്തുവകകൾ കയ്യേറി. വൻ മരങ്ങളും പുല്ലുകളും ഗ്രാമത്തെയാകെ മൂടി. ആരും ഒന്നും വെട്ടിക്കളയാൻ മുതിർന്നില്ല.

ബന്ധങ്ങളും ബന്ധനങ്ങളും മറന്നവർ എവിടെയൊക്കെയോ ഉറങ്ങി എണീറ്റു. അടുക്കളകൾ പോലും മാറി ഉപയോഗിക്കാൻ തുടങ്ങി. മുഴു ഭ്രാന്തിന്റെ പടികൾ അവർ നടന്നു കയറി.

മറ്റെല്ലാം മറന്നെങ്കിലും അവർ ദിവസവും ആ മരച്ചുവട്ടിലേക്കു ആകർഷിക്കപ്പെട്ടു. ആ പൂവിന്റെ സുഗന്ധം ആവോളം ആസ്വദിച്ചു. ആ കവിതയിൽ മയങ്ങി മറ്റെല്ലാം മറന്ന് അവർ നിന്നു. ഓർമ്മകൾ നഷ്ടപ്പെട്ടവർക്ക് മറക്കാൻ ഏറെയൊന്നുമുണ്ടായിരുന്നില്ലെങ്കിലും. പതുക്കെപ്പതുക്കെ ഓർമ്മകളില്ലാതെ ആത്മാവ് നഷ്ടപ്പെട്ട് അവർ മരണത്തിലേക്ക് നടന്നടുത്തു.

സാവകാശം എല്ലാ സുഗന്ധവും കൂടിച്ചേർന്ന്, വേർതിരിച്ചറിയാനാവാത്തവിധമാകുമ്പോഴേയ്ക്കും ഗ്രാമം ശൂന്യമായിരുന്നു.



വർഷങ്ങൾക്കു മുൻപാണ് അൻവറിന്റെ പിതാവ് വരക്കാട് ഗ്രാമത്തിലേക്ക് പോയത്.
ഗ്രാമങ്ങളുടെ അതിർത്തി നിർണയിക്കുന്നതിനായുള്ള ഒരു സർവേ ചുമതലയായിരുന്നു അത്. സാധാരണമായൊരു ഔദ്യോഗിക ജോലി മാത്രമായിരുന്നെങ്കിലും, വരക്കാട് യാത്ര കഴിഞ്ഞ് മടങ്ങിയപ്പോൾ പിതാവ് മുമ്പിലത്തെ ആളല്ലായിരുന്നു — ആകെ ഒരു മാറ്റം.

ഉറക്കം നഷ്ടപ്പെട്ട് രാത്രികളിൽ നേരം പുലരുന്നതുവരെ ഓരോന്ന് കുത്തിക്കുറിക്കും, മസ്സിലാവാത്ത വരികൾ, കുറെ കവിതകൾ. അർത്ഥം പിടികിട്ടാത്ത, വേദനയുടെ ശബ്ദമുള്ള കവിതകൾ.
ഡോക്ടർമാർ പലതും പറഞ്ഞു- മാനസിക സമ്മർദ്ദം, ക്ഷീണം, നാഡീരോഗം, പക്ഷേ അധികം താമസിയാതെ അച്ഛൻ മരണത്തിനു കീഴടങ്ങി.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് അൻവറിന്റെ കൈപിടിച്ച് പറഞ്ഞ അവസാന വാക്കുകൾ ഇതായിരുന്നു:
“വരക്കാട്… അവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം’’.
"അവിടെയാണ് എനിക്ക് എന്നെ നഷ്ടമായത്’’.

അൻവറിന്റെ മനസ്സിൽ ആ വാക്കുകൾ ഒരു മുദ്രപോലെ പതിഞ്ഞിരുന്നു. അന്ന് തന്നെ അവൻ തീരുമാനിച്ചതാണ്, ഒരിക്കൽ അവിടെ പോകണം. പല പ്രാവശ്യം അൻവർ യാത്രയ്ക്ക് ഒരുങ്ങിയതാണ് . ഓരോ കാരണത്താൽ അത് മുടങ്ങി. ഭയവും അനിശ്ചിതത്വവും, അച്ഛന്റെ വാക്കുകളുടെ ഭാരവും അവനെ വിട്ടുപോകാതെ പിന്തുടർന്നു.

എന്നാൽ ഇന്ന്, ഒരു നിയോഗം പോലെ അത് സംഭവിച്ചു. അൻവർ പഴവങ്ങാടിയിൽ നിന്ന് വരക്കാട്ടേയ്ക്കു പോകുന്നത് ഒരു വാഗ്ദാനം പാലിക്കാൻ മാത്രമല്ല, അച്ഛൻ മരിക്കുന്ന നിമിഷത്തിൽ പറഞ്ഞ വാക്കുകൾക്ക് പിന്നിൽ എന്താണെന്നറിയാൻ കൂടിയാണ്.

വരക്കാട് എത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഏകദേശം ഒരു കാട്ടിലകപ്പെട്ട പ്രതീതി. പക്ഷെ എവിടെയൊക്കെയോ ആരോ തന്നെ നിരീക്ഷിക്കുന്നതുപോലെ ഒരു തോന്നൽ.
അടുത്ത കണ്ട വീട്ടിലേക്ക് അൻവർ കയറി. വരാന്ത, ഹാൾ, ഒരു കിടപ്പുമുറി, പിന്നെ അടുക്കളയും. ആരും താമസമുള്ള ലക്ഷണമില്ല. വരാന്തയിൽ ഒരു സോഫ കിടപ്പുണ്ട്.

നടന്നു ക്ഷീണിച്ചതിനാൽ ഒന്ന് വിശ്രമിക്കാനിരുന്ന അൻവർ ഉറങ്ങിപ്പോയത് അറിഞ്ഞില്ല. ഏതാണ്ട് അർദ്ധരാത്രിയോടെ അസാധാരണമായി ഒരു സുഗന്ധം അവനെ ഉണർത്തി. പുറത്ത് നല്ല നിലാവ്. അൻവർ പതുക്കെ എഴുന്നേറ്റു സുഗന്ധത്തിന്റെ ദിശയിലേക്കു നടന്നു. കുറച്ചു ദൂരം നടന്നു കാണും, അമ്പലമതിലിന്റെ അടുത്ത് നിലാവിൽ കുളിച്ചു അതാ നിൽക്കുന്നു സ്‌മൃതിമരം. പൂത്തുലഞ്ഞു നിൽക്കുകയാണ്, ഇലകൾ എന്നേ പൊഴിഞ്ഞു പോയെങ്കിലും പൂക്കൾ മാത്രം വാടാതെ നിൽക്കുന്നു, നിത്യ യൗവ്വനം പോലെ.



വയലറ്റ് പൂക്കളുടെ സുഗന്ധം അൻവറിനെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോയി. കാലവും ശരീരവും മറന്ന് എത്ര നേരം അവിടെ നിന്നുവെന്ന്. അവനു പോലും അറിയില്ല. നിലാവിന്റെ വെളിച്ചത്തിൽ അൻവർ ആ ചുവരിലെ കവിത വായിച്ചു. നേരം വെളുക്കുമ്പോൾ അൻവർ ഉണർന്നു എണീക്കുന്നത് തലേന്ന് വിശ്രമിക്കാൻ കിടന്ന സോഫയിലാണ്.

സ്വപ്നവും യാഥാർഥ്യവും തമ്മിൽ കൂട്ട് പിണഞ്ഞ പോലെ അവൻ അസ്വസ്ഥനായി . അപ്പോൾ അദ്ഭുതകരമായ ഒരു കാര്യം അവൻ തിരിച്ചറിഞ്ഞു.
മറ്റുള്ളവരുടെ ചിന്തകൾ അവനറിയാൻ കഴിയുന്നു. ദൂരെയിരിക്കുന്നവരുടെ ചിന്തകൾ പോലും. അൻവർ മരിച്ചു എന്ന് പറയാൻ ജീവനുള്ളവർ ആരും അവിടെ ഉണ്ടായിരുന്നില്ല.

ചുവരിൽ കുറിച്ച വരികൾ ഇതായിരുന്നു:

"അവർ തേടുന്നത്
നിങ്ങളെയല്ല —
നിങ്ങളുടെ
സ്വപ്നങ്ങളെയാണ്.

സ്വപ്നങ്ങളെ ബലികൊടുത്തപ്പോൾ
തെറിച്ച ചോരയ്ക്ക്
മന്ത്രങ്ങളുടെ നിറമായിരുന്നു.

ആത്മാവ് അടിയറവ് വെച്ച മനുഷ്യർക്ക്
ചോരയുടെ മണവും.

ഉറങ്ങരുത്.

ഉറങ്ങാത്ത ഒരു സ്വപ്നം
ജീവിക്കാനുള്ള അവകാശമാണ്’’.

Comments