ജിന്‍ഷ ഗംഗ

വിസെലിറ്റ്സ

"ജയിലറകളെ ഒരുതരം എഴുത്തുമുറികളായിട്ടാണ് ഞാൻ എല്ലാ കാലത്തും വിഭാവനം ചെയ്തിട്ടുള്ളത്."
- ലെനിൻ ഒരിടത്തും പറയാത്തത്.

യിൽ വളപ്പിലെ പൂന്തോട്ടത്തിൽ ഒരു ചുവന്ന റോസാപ്പൂവ് കണ്ടപ്പോൾ അയാൾ ബഷീറിനെ ഓർത്തു. കോളേജിൽ പഠിക്കുമ്പോഴാണ് ബഷീറിന്റെ പേരിലുള്ള കഥാപുരസ്കാരം അയാൾക്ക് ലഭിച്ചത്. അതിൽപ്പിന്നെയാണ് പ്രമുഖ വാരികകളിലൊക്കെയും പതിവായി കഥകൾ അച്ചടിച്ചു വന്നുതുടങ്ങിയത്.

ഒട്ടുമിക്ക വിശേഷപതിപ്പുകളിലും പതിവ് എഴുത്തുകാരനായി ചുരുക്കം സമയം കൊണ്ട് അയാൾ മാറുകയായിരുന്നു.
അതിവേഗം എഴുത്തുകളൊക്കെയും നിരൂപക പ്രശസ്തി കൈവരിച്ചു.
കൃതികളെല്ലാം പ്രസിദ്ധീകരിച്ചുവരികയും അവാർഡുകൾ പലതും ലഭിക്കുകയും ചെയ്തതോടെ മുൻനിര എഴുത്തുകാരിൽ ഒരാളായി അയാൾ മാറി. മൂന്ന് വർഷത്തിനുള്ളിൽ പ്രമുഖ പബ്ലിക്കേഷന്റെ കീഴിൽ ഒരു കഥാസമാഹാരവും നോവലും പുറത്തിറങ്ങിയതോടെ എഴുത്താണ് തന്റെ മേഖലയെന്ന് അയാൾ തിരിച്ചറിയുകയും, വക്കീൽ പണി ഉപേക്ഷിച്ച് മുഴുവൻ സമയവും സാഹിത്യത്തിനായി മാറ്റിവെക്കുകയും ചെയ്തു.

മറ്റെഴുത്തുകാർക്കെല്ലാം അസൂയ തോന്നും വിധത്തിൽ ഒരുവലിയ കൂട്ടം വായനക്കാരെ അയാൾ നിർമിച്ചെടുത്തു. ഒരു വാരത്തിൽ നാലും അഞ്ചും സാഹിത്യ സംവാദങ്ങൾ, അഭിമുഖങ്ങൾ...

ഇന്നേക്ക് ഏഴു മാസം മുൻപാണ് അയാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ‘ഈ കഥ പ്രസിദ്ധീകരണ യോഗ്യമല്ല’ എന്ന മറുപടിയോടെ ഒരു പ്രമുഖ വാരിക കഥ തിരിച്ചയച്ചതുമുതൽ.
ആ വാരികയുടെ എഡിറ്ററെ ഫോൺ ചെയ്യുന്നതിനു മുൻപ് അയാളൊരിക്കൽ കൂടി കഥയിലേക്ക് നോക്കി. തെറ്റിയിട്ടില്ല, താൻ അയച്ച കഥ തന്നെയാണിത്. സാറിനെ പോലെ അപൂർവം ചിലർ മാത്രമാണ് ഇപ്പോഴും കഥകൾ കടലാസിൽ എഴുതി അയക്കാറുള്ളതെന്ന് കഴിഞ്ഞ തവണ കണ്ടപ്പോഴും എഡിറ്റർ പറഞ്ഞിരുന്നു.

‘മാറിപ്പോയതല്ല, സാറ് ആ വിഷയം ശരിക്കൊന്ന് നോക്കിയേ. കഴിഞ്ഞ ആഴ്ച മറ്റൊരു വാരികയിൽ സാറ് എഴുതിയ കഥയുടെ ഇരട്ടയാണ് ഈ കഥ എന്നേ വായനക്കാര് പറയൂ. ഒരേ വിഷയം, ഒരേ സന്ദർഭം. കഥാപാത്രങ്ങളുടെ പേരില് മാത്രമല്ലേയുള്ളൂ സാർ മാറ്റം. എനിക്ക് അത് വായിച്ചപ്പോൾ അങ്ങനെയാ തോന്നിയത്....’ എഡിറ്ററുടെ വാക്കുകൾ വിശ്വസിക്കാനോ അംഗീകരിക്കാനോ അയാൾക്ക് വല്ലാത്ത പ്രയാസം തോന്നി.

‘ചെറുപ്പക്കാരടക്കം ഇപ്പോൾ വാരിക കൃത്യമായി വായിക്കുന്നുണ്ട്. മാഗ്സ്റ്റർ പോലുള്ള മൊബൈൽ ആപ്ലിക്കേഷനിൽ ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ വായിക്കുന്നതും നമ്മുടെ വാരികയാണ്. വായിച്ചയുടനെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഇപ്പോൾ പതിവാണ്. ഈ കഥ വന്നുകഴിഞ്ഞാൽ നെഗറ്റീവ് റിവ്യൂ മാത്രമേ എവിടെയും കിട്ടൂ. അത് നമ്മുടെ വാരികയ്ക്ക് ദോഷം ചെയ്യില്ലേ...? സാറിനും അത് നെഗറ്റീവായി ബാധിക്കില്ലേ...?’

‘നിങ്ങള് പറഞ്ഞു വരുന്നത് ഈ കഥ പ്രസിദ്ധീകരിക്കില്ലാന്നാണോ? നിങ്ങടെ പഴയ എഡിറ്റേഴ്സ് എന്റെ പേര് കണ്ടാലുടൻ കഥകൾ പ്രസിദ്ധീകരിച്ചിരുന്നു. അതവർക്ക് എന്റെ കഥകളിലുള്ള വിശ്വാസം കൊണ്ടല്ലേ..?’ അയാൾ അൽപം പരുഷമായി ചോദിച്ചു.

‘എഴുത്തുകാരുടെ പേര് കണ്ടാലുടൻ കഥകൾ പ്രസിദ്ധീകരിക്കുന്ന പരിപാടി ഇനി ഞാനുള്ളിടത്തോളം സമ്മതിക്കില്ല സാർ. വായനക്കാരുടെ സമയത്തിനും വിലയില്ലേ..? അവർക്കുവേണ്ടത് പുതുമയുള്ള വിഷയങ്ങളല്ലേ..? നമ്മുടെ വാരിക ഇപ്പോൾ ലക്ഷ്യമിടുന്നത് അതാണ്. സാറ് പുതിയ വിഷയങ്ങൾ കണ്ടെത്തൂ. മലയാള സാഹിത്യത്തില് സാറിനുള്ള പേര് ഇത്തരം മോശം കഥകളെഴുതി ഇല്ലാതാക്കണോ..?’

കൂടുതൽ ഉപദേശിക്കണ്ട എന്ന് പറയാനാണ് തോന്നിയത്. പക്ഷേ, മറുപടി പറയാൻ സമയം നൽകാതെ, സാറ് ആ കഥ മാറ്റി മറ്റൊരെണ്ണം അയക്കൂ പരിഗണിക്കാം എന്ന് പറഞ്ഞ് എഡിറ്റർ ഫോൺ കട്ട് ചെയ്തു. അയാൾക്ക് താൻ അപമാനിക്കപ്പെട്ടതായി തോന്നി. അടുത്ത ചില കൂട്ടുകാരോട് അതേക്കുറിച്ച് സംസാരിച്ചപ്പോൾ താൻ ഒട്ടും അപ്ഡേറ്റഡ് അല്ലെന്നും, ഫേസ്ബുക്ക് പോലുള്ള മീഡിയയിൽ സജീവമായി ഇടപെടണമെന്നുമുള്ള അഭിപ്രായങ്ങളായിരുന്നു കിട്ടിയത്. അന്ന് തന്നെ അയാൾ ഫേസ്ബുക്ക് ഇൻസ്റ്റാൾ ചെയ്ത് പഴയ അക്കൗണ്ടിൽ ലോഗിൻ ചെയ്തു. പാസ്സ്‌വേർഡ് മറന്നിരുന്നില്ല. അത് അയാളുടെ ആദ്യ കഥയുടെ പേരായിരുന്നു.

ഒന്നോ രണ്ടോ ഫോട്ടോകൾ മാത്രമുള്ള സ്വന്തം പ്രൊഫൈലിൽ അയാൾക്ക് കാര്യമായിട്ടൊന്നും ശ്രദ്ധിക്കാൻ ഉണ്ടായിരുന്നില്ല. ഫ്രണ്ട് ലിസ്റ്റും നന്നേ ചെറുതായിരുന്നു. സുഹൃത്തുക്കൾ പറഞ്ഞ ചില ഗ്രൂപ്പുകൾ സെർച്ച് ചെയ്തു. ചിലത് കഥകൾ എഴുതിയിടുന്ന സാധാരണക്കാരുടെ ഗ്രൂപ്പാണ്. മറ്റു ചിലത് നവകഥകളെയും നോവലുകളെയും വിശദമായി പരിചയപ്പെടുത്തുന്ന ഗ്രൂപ്പുകളാണ്. ആനുകാലികങ്ങളിൽ വരുന്ന കഥകളെ കീറിമുറിച്ചു പരിശോധിക്കുന്ന വായനക്കാരുടെ ഗ്രൂപ്പ്. പുസ്തകപ്രേമികളുടെ മറ്റൊരു ഗ്രൂപ്പ്. എല്ലാത്തിലും അയാൾ തന്റെ പേര് തിരഞ്ഞു. പോസ്റ്റുകൾ വായിച്ചപ്പോൾ  ഞെട്ടിപ്പോയി. അടുത്ത കാലത്ത് തന്റേതായി ഇറങ്ങിയിട്ടുള്ള കഥകളും പുസ്തകങ്ങളുമൊന്നും വായനക്കാർക്ക് തീരെ ഇഷ്ടമായിട്ടില്ല എന്ന് ആ പോസ്റ്റുകളിലൂടെ മനസ്സിലായി. രൂക്ഷമായ വിമർശനങ്ങളും പലരും എഴുതിയിട്ടുണ്ട്. താൻ അപരിചിതമായ ഏതോ ലോകത്ത് വന്നെത്തിയത് പോലെയാണ് അതൊക്കെ വായിച്ചപ്പോൾ അയാൾക്ക് തോന്നിയത്. താൻ ആ ലോകത്തെയും ആ ലോകം തന്നെയും അർഹിക്കുന്നില്ല എന്ന തോന്നൽ, അതിലപ്പുറം മലയാളസാഹിത്യത്തിൽ താൻ ഒന്നുമല്ലാതായി പോയെന്ന ചിന്ത...ഒക്കെയും അയാളെ വല്ലാത്ത വിഷമത്തിലാക്കി.

തനിക്ക് മുന്നിൽ മറ്റാരോ വന്നത് കണ്ട് അയാൾ തലയുയർത്തി നോക്കി. ഏകദേശം അൻപതു വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യനെയാണ് കണ്ടത്. വെളുത്ത് മെലിഞ്ഞ ഒരു മനുഷ്യൻ. മുടി നരച്ചു തുടങ്ങിയിരുന്നു.

‘സാറിവിടെ ഇന്നലെ എത്തി എന്നറിഞ്ഞു’, അയാൾ ചളി പുരണ്ട തന്റെ കൈകൾ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
‘വല്ലാണ്ട് ക്ഷീണമുള്ളത് പോലെ, ഭക്ഷണമൊന്നും കഴിച്ചില്ലേ...?’
‘രാത്രി ഒന്നും കഴിച്ചില്ല. രാവിലെ ചപ്പാത്തി കഴിച്ചു’ നിർവികാരതയോടെ അയാൾ പറഞ്ഞു. കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ മുഖം താഴ്ത്തി സ്വന്തം കാൽനഖങ്ങളിലേക്ക് നോക്കി ഇരുന്നു.
താനിപ്പോൾ ജയിലിലാണെന്നും തന്നോട് സംസാരിക്കുന്നത് തന്നെപ്പോലെയുള്ള ഒരു ജയിൽപ്പുള്ളിയാണെന്നുമൊക്കെയുള്ള വസ്തുതകളെ കുറിച്ച് അയാൾ ചിന്തിക്കുകയായിരുന്നു.

ഇങ്ങോട്ടേക്ക് വരുമ്പോൾ പ്രാർത്ഥിച്ചത് ഇവിടെ എല്ലാവർക്കും താൻ അപരിചിതൻ ആയിരിക്കണേ എന്നാണ്. പക്ഷേ ഇപ്പോൾ, തന്നെ ഇയാൾ തിരിച്ചറിഞ്ഞിരിക്കുന്നു. മുൻപ് എഴുത്തുകാരനല്ലേ എന്നും ചോദിച്ച് ആരെങ്കിലും പരിചയപ്പെടാൻ വരുമ്പോൾ സന്തോഷം തോന്നിയിരുന്നു. എന്നാലിപ്പോൾ...
‘ഇവിടത്തെ ലൈബ്രറിയിൽ നിന്ന്, സാറിന്റെ കഥകളും നോവലുകളും അഭിമുഖങ്ങളും ഒക്കെ ഞാൻ വായിച്ചിട്ടുണ്ട്. ഇങ്ങനെയൊരു കുറ്റം ചെയ്തൂന്ന് കേട്ടപ്പോ വിശ്വസിക്കാനായില്ല...’

തടവുകാരൻ പെട്ടെന്ന് സംസാരം നിർത്തി. പറഞ്ഞത് അബദ്ധമായി പോയോ എന്ന മട്ടിൽ നോക്കി. കുറ്റമോ? അയാൾ ഓർത്തു. എന്താണ് താൻ ചെയ്ത കുറ്റം..? കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി ചിന്തിക്കുംതോറും അയാൾക്ക് ഭ്രാന്ത് പിടിച്ചു.

ഫേസ്ബുക്കിലെ വിമർശനങ്ങളായിരുന്നു വല്ലാതെ തളർത്തിയത്. മങ്ങിപ്പോയ പേര് വീണ്ടെടുക്കണമെന്ന് തോന്നി. ഒരു മാർഗ്ഗം ആലോചിച്ചു. ഒരു പുസ്തകം ഇറക്കാം. അതിന് മുൻപ് നോവൽ ഇറക്കിയത് മൂന്ന് വർഷം മുൻപായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പുരസ്കാരങ്ങളൊന്നും നോവലിന് കിട്ടിയില്ല. രണ്ട് എഡിഷനിൽ കൂടുതൽ ഇറങ്ങിയതുമില്ല. അതിന്റെ വിഷമം വല്ലാതെ അലട്ടിയിരുന്നു.

ആയിടക്ക് എഴുതിയതും പ്രസിദ്ധീകരിച്ചു വന്നതുമായ കഥകളെ ചേർത്ത് കഥാസമാഹാരം ഇറക്കാൻ തീരുമാനിച്ചു. ആർക്കാണ് പ്രസിദ്ധീകരണത്തിന് കൊടുക്കേണ്ടത് എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. തന്റെ അന്നോളമുള്ള മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ച നേഷൻ ബുക്സ്. പുസ്തകം ആവശ്യപ്പെട്ട് അവർ എല്ലായ്പ്പോഴും ഇങ്ങോട്ടേക്ക് സമീപിക്കാറുണ്ട്. കഴിഞ്ഞ രണ്ട് വർഷമായിട്ട് അവർ തേടി വന്നിട്ടേയില്ല. പഴയ എഡിറ്റർക്ക് പകരം പുതിയ എഡിറ്റർ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. അതിലൊന്നും പ്രസക്തി തോന്നിയില്ല. പ്രകാശനം കെങ്കേമമാക്കണം. എഴുത്തിലെ ഇരുപത്തിയഞ്ചു വർഷങ്ങൾ പ്രകാശനചടങ്ങിൽ വച്ച് ആഘോഷിക്കണം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരെയൊക്കെ വിളിക്കണം. രാഷ്ട്രീയക്കാരും വേണം. വാർത്തകളിലും, ചാനലുകളിലും നിറയണം...

പക്ഷേ, അതേക്കുറിച്ച് സംസാരിച്ചപ്പോൾ പ്രതീക്ഷിച്ച മറുപടിയല്ല നേഷൻ ബുക്സിൽ നിന്ന് കിട്ടിയത്. ഈ കഥകൾ ഉടൻ പ്രസിദ്ധീകരണത്തിന് എടുക്കുന്നില്ല എന്നാണ് എഡിറ്റർ പറഞ്ഞത്. പരിചയമില്ലാത്ത ഒരു സ്ത്രീയായിരുന്നു പുതിയ എഡിറ്റർ. പുതിയ കഥാകാരന്മാരുടെ പുസ്തകങ്ങളാണ് ഈ വർഷം ഇറക്കുന്നതെന്നും, സാറിന്റെ പുസ്തകം അടുത്ത വർഷത്തേക്ക് നോക്കാമെന്നും അവൾ പറഞ്ഞപ്പോൾ ആകെ തകർന്നു പോയി. അന്നോളം ഉണ്ടാക്കിയ പേരും പ്രശസ്തിയും പെട്ടെന്ന് നഷ്ടപ്പെട്ടതായി തോന്നി. ഫോൺ കട്ട് ചെയ്ത് നേഷൻ ബുക്സിന്റെ ഉടമയെ വിളിച്ചു.

‘താൻ പറയുന്നതൊക്കെ എനിക്ക് മനസ്സിലായി. പക്ഷേ, എന്റെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ മക്കളാ അതൊക്കെ നോക്കുന്നത്. ഞാനിപ്പോ അതിലൊന്നും ഇടപെടാറില്ല വക്കീലേ’ അയാൾ പറഞ്ഞൊഴിഞ്ഞു.

പിന്നീടുള്ള ദിവസങ്ങൾ  മാനസികമായി തളരുകയായിരുന്നു. അലമാരിയിലെ പുസ്തകങ്ങളെ തൊട്ടുനോക്കിയില്ല. ആനുകാലികങ്ങൾ വായിച്ചില്ല.

ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്തു. മടുപ്പിക്കുന്ന ഏകാന്തത.

വിവാഹജീവിതം വേണ്ട എന്ന തീരുമാനമെടുത്തതിൽ ആ ദിവസങ്ങളിൽ വല്ലാത്ത കുറ്റബോധം തോന്നി.

എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിച്ച് കൊണ്ടിരുന്നു. പക്ഷേ, രണ്ടോ മൂന്നോ വാചകങ്ങൾക്കപ്പുറം വാക്കുകൾ മടിച്ചുനിന്നു. കഥാപാത്രങ്ങളൊക്കെയും തന്നെ നോക്കി വായ പൊത്തി കളിയാക്കി ചിരിക്കുന്നത് പോലെയാണ് തോന്നിയത്. തൃപ്തി വരാതെ കടലാസുകൾ  ചുരുട്ടിയെറിഞ്ഞു.

പതിയെ പതിയെ തീർത്തും ഒറ്റപ്പെട്ടു. സാഹിത്യ പരിപാടികളിലേക്കുള്ള ക്ഷണം കുറഞ്ഞു. ആ വർഷത്തെ അവാർഡുകൾക്കൊന്നും പരിഗണിക്കപ്പെട്ടില്ല. ഒന്നുമല്ലാതായി തീർന്നേക്കുമോ എന്ന ഭയത്തിൽ നിന്ന് രക്ഷപ്പെടാനാണ് മദ്യപാനം സ്ഥിരമാക്കിയത്.

ബോധം മറയും വരെ മദ്യപിച്ചു കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു. ആയിടയ്ക്കാണ് നാട്ടിലുള്ള ഒരു ചെറുപ്പക്കാരന്റെ ഫോൺ വന്നത്, തന്റെ ആദ്യപുസ്തക പ്രകാശന ചടങ്ങിലേക്കുള്ള ക്ഷണമായിരുന്നു ആ വിളി. അവൻ കാര്യം പറഞ്ഞയുടനെ താല്പര്യമില്ലാതെ ഒഴിഞ്ഞുമാറി. നിന്റെ ഒരു കഥയും ഞാനിന്ന് വരെ എവിടെയും കണ്ടിട്ടില്ലലോ എന്ന് പരിഹസിച്ചു. അവൻ പക്ഷേ സൗമ്യമായി സംസാരിച്ചു. പുസ്തകത്തിന്റെ പ്രസാധകർ നേഷൻ ബുക്സ് ആണെന്ന് പറഞ്ഞപ്പോൾ അമ്പരന്ന് പോയി.
‘പ്രകാശനം ചെയ്യാൻ സാറ് വരുമോ?’ അവൻ വീണ്ടും ചോദിച്ചു.
വരാമെന്ന് മറുപടി കൊടുത്തു.

പ്രകാശനം നേഷൻ ബുക്സിന്റെ സിറ്റിയിലുള്ള സ്റ്റാളിൽ തന്നെയായിരുന്നു. എഴുത്തൊക്കെ നിർത്തിയോ എന്ന് ചിലർ പരിഹാസത്തോടെ ചോദിച്ചു. ആരോടും മറുപടി പറഞ്ഞില്ല. അന്വേഷിച്ചത് ആ പുതിയ എഡിറ്ററെയാണ്. അല്പ്പം കഴിഞ്ഞപ്പോൾ ഒരു ചെറിയ പെൺകുട്ടി അടുത്ത് വന്ന് ഇരുന്നു.
‘ഞാൻ പുതിയ എഡിറ്റർ ആണ്’, അവൾ സ്വയം പരിചയപ്പെടുത്തി.
കടുത്ത അരിശമാണ് തോന്നിയത്. ഇത്രയും ചെറിയ ഒരു പെണ്ണാണോ എന്റെ എഴുത്തിന് വില ഇല്ലെന്ന് തീരുമാനിച്ചത്? ഇരുപത്തിയഞ്ചു വർഷത്തെ എഴുത്ത് ജീവിതത്തെയാണ് അവൾ അപമാനിച്ചത്. അവളോട് തോന്നിയ ദേഷ്യം മുഖത്ത് പ്രകടിപ്പിച്ചു. മുരടനക്കിക്കൊണ്ട് മുഖം തിരിച്ചു. അത് മനസ്സിലാക്കിയിട്ടാകണം കൂടുതൽ പറയാൻ നിൽക്കാതെ അവൾ തിരിച്ചു നടന്നു.

വേദിയിൽ സംസാരിച്ചപ്പോൾ നേഷൻ ബുക്സിന്റെ പുതിയ നിലപാടുകളെ പേരെടുത്തു പറയാതെ കുറ്റം പറഞ്ഞു. കയ്യടികൾ കുറവായിരുന്നു. എങ്കിലും സന്തോഷം തോന്നി. ചടങ്ങിന്റെ അവസാനമാണ് അവൾ സംസാരിച്ചത്. പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങളെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞതിന് ശേഷം അവൾ താൻ പറഞ്ഞതിന് മറുപടിയെന്നോണം പറഞ്ഞു.

‘നേഷൻ ബുക്സ് ഇപ്പോൾ പുതിയ പാതയിൽക്കൂടിയാണ് സഞ്ചരിക്കുന്നത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എഴുത്തുകാരുടെ പേരിനെയല്ല, അവരുടെ അക്ഷരങ്ങളെയും ആശയത്തെയുമാണ് പുതുവായനക്കാര് അംഗീകരിക്കുന്നത്. വായനക്കാരോടൊപ്പം നേഷൻ ബുക്‌സും നിൽക്കുന്നു. അതിൽ ആർക്കെങ്കിലും മനഃപ്രയാസം തോന്നിയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. പക്ഷേ, ഞങ്ങളുടെ പാത ഞങ്ങൾ നിശ്ചയിച്ചു കഴിഞ്ഞതാണ്..’

അവൾക്ക് കയ്യടികൾ ലഭിച്ചു. അപ്പോൾ വല്ലാത്ത ദേഷ്യം വന്നു. ദേഹം വിറച്ചു. സ്ഥലകാലബോധം നഷ്ട്ടപ്പെട്ടു. മൈക്കിനടുത്തു നിന്ന് അവൾ തിരിച്ചു വരുമ്പോൾ, ടേബിളിൽ ഉണ്ടായിരുന്ന തടിച്ച പുസ്തകമെടുത്ത് അവളുടെ നെറ്റിയിലടിക്കുകയായിരുന്നു. അപ്രതീക്ഷിതമായുള്ള അടിയിൽ നിലത്തേക്ക് വീണ അവളെ വലതുകാൽ ഉയർത്തി ചവിട്ടി. വീണ്ടും ചവിട്ടാൻ കാലുയർത്തുമ്പോഴേക്കും ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റിയിരുന്നു.

പിന്നീടങ്ങോട്ടുള്ള രണ്ടാഴ്ച്ച ശരിക്കും ആസ്വദിക്കുകയായിരുന്നു. സ്ത്രീപക്ഷ വാദികൾ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടി. സാഹിത്യ അക്കാദമിക്ക് മുന്നിൽ സമരം ചെയ്തു. ചാനൽ ചർച്ചകൾ തുടങ്ങി. അപ്പോഴൊന്നും കുറ്റബോധമോ അപമാനമോ തോന്നിയില്ല. മറിച്ച്, പ്രശസ്ത എഴുത്തുകാരൻ എന്ന് എല്ലാവരും ആവർത്തിച്ചു പറയുമ്പോൾ വല്ലാത്തൊരു ഉന്മാദമാണ് തോന്നിയത്.

സംഗതി വഷളായപ്പോൾ പോലീസ് കേസെടുത്തു. അറസ്റ്റ് ഉറപ്പാണെന്നറിഞ്ഞപ്പോൾ ആദ്യമൊരു മരവിപ്പ് തോന്നി. എഴുതി തുടങ്ങിയ നിമിഷത്തെയും, എഴുതിക്കൂട്ടിയ വരികളെയും ശപിച്ചു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എഴുത്തുകാരോടൊക്കെയും അരിശം തോന്നി. വീട്ടിൽ നിന്നും പോലീസ് ജീപ്പിൽ കയറുമ്പോൾ അലമാരയിലുള്ള മുഴുവൻ പുസ്തകങ്ങളും കത്തിച്ചു ചാരമാക്ക് എന്ന് ജോലിക്കാരിയോട് അലറി.

‘സാറിന് ഇവിടെ വായിക്കാൻ പുസ്തകങ്ങളൊക്കെ കിട്ടും’ അയാളുടെ ശബ്ദം വീണ്ടും കേട്ടു.

‘ഒറ്റയ്ക്കിരുന്നത് കണ്ടപ്പോഴാ മിണ്ടാൻ വന്നത്. സാറിന് ബുദ്ധിമുട്ടായോ..?’ അയാൾ ചോദിച്ചു. അപ്പോഴാണ് അയാളോട് പേര് പോലും ചോദിച്ചില്ലെന്ന് ഓർത്തത്.

‘നിങ്ങളുടെ പേരെന്താ?’ സൗമ്യമായി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു. പക്ഷെ, ചിരിക്കാൻ കഴിഞ്ഞില്ല.

‘പ്രഭാകരൻ’ അയാൾ പറഞ്ഞു. അയാളുടെ ശബ്ദത്തിന്, രൂപത്തിന് ചേരാത്ത കനം ഉണ്ടായിരുന്നു.
‘വേലുപ്പിള്ള ആണോ?’ അയാൾ ചോദിച്ചു. പ്രഭാകരൻ ചിരിച്ചു.
‘പ്രഭാകരൻ എത്ര കാലമായി ഇവിടെ..?’ മതിൽക്കെട്ടിന് പുറത്തെ ഏതോ ശബ്ദത്തിലേക്ക് കാതോർത്തുകൊണ്ട് അയാൾ ചോദിച്ചു.
‘ഇരുപത് വർഷം കഴിഞ്ഞു..’ എന്തോ ഓർത്തുകൊണ്ട് പ്രഭാകരൻ തുടർന്നു. ‘ഞാൻ കണ്ണൂരുകാരനാ. ദേ ഇവിടന്ന് വെറും പത്ത് മിനുട്ട് നടന്നാ മതി വീട്ടിലോട്ട്...’
‘താൻ എങ്ങനെയാടോ ഇത്രേം കൊല്ലം ഇതിനകത്തു ജീവിച്ചേ...?’
അതിരിനപ്പുറം തെളിഞ്ഞ പുറംലോകത്തേക്ക് കണ്ണയച്ചു കൊണ്ട് അയാൾ ചോദിച്ചു. പ്രഭാകരൻ ചിരിച്ചു.
‘ആദ്യകാലത്തൊക്കെ നരകമാരുന്നു സാറേ...രാത്രീല് ഉറക്കം കിട്ടൂല. കരഞ്ഞും ശപിച്ചും നേരം വെളുപ്പിക്കും. പിന്നെ മലർന്നു കിടന്ന് സെല്ലിന്റെ മേൽക്കൂരയിലേക്ക് നോക്കും. പൊറത്തെ ഇരുട്ടിലേക്ക് നോക്കും. അങ്ങനെ നോക്കുമ്പോൾ ഈ ജയിലിനെ കുറിച്ചുള്ള കൊറേ കാര്യങ്ങള് ഓർമ വരും.. സാറിന് ഈ ജയിലിന്റെ കഥ അറിയോ..?’
അങ്ങനൊരു ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അറിയില്ലെന്ന് തലയാട്ടി. പ്രിസൺ ഓഫീസർ തങ്ങൾക്ക് നേരെ നടന്നു വരുന്നത് കണ്ട് പ്രഭാകരൻ നിശ്ശബ്ദനായി.
‘സാറിന് പ്രത്യേകമായി പുസ്തകമോ മറ്റോ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ സൂപ്രണ്ട് പറഞ്ഞു. മിനിസ്റ്ററുടെ സ്പെഷ്യൽ ഓർഡറുണ്ട്. സാറിനെ ശ്രദ്ധിക്കണമെന്ന്’ കോൺസ്റ്റബിൾ പറഞ്ഞു.
"ഞാനൊരു പ്രതിയല്ലെടോ" അയാൾ ചിരിച്ചു. ‘നിയമത്തിനു മുന്നില് എല്ലാരും തുല്യരാണെന്ന് സകല വേദിയിലും ഞാൻ പ്രസംഗിച്ചിട്ടുണ്ട്. എനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ട..’
‘നമുക്കൽപ്പം നടന്നാലോ..? പ്രഭാകരന് മറ്റെന്തെങ്കിലും ജോലിയുണ്ടോ..?’ കോൺസ്റ്റബിൾ തിരികെ നടന്നപ്പോൾ അയാൾ പ്രഭാകരനോട് ചോദിച്ചു.
‘ഇല്ല. ഇന്നിനി വൈകീട്ടേ ജോലിയുള്ളൂ..’അയാൾ പറഞ്ഞു. അവരൊന്നിച്ചു നടന്നു തുടങ്ങി.
‘ഈ ജയിലില് കിടന്ന് കൊറേ പേര് മരിച്ചിട്ടുണ്ടാകില്ലേ പ്രഭാകരാ...?’ വളപ്പിലൂടെ നടക്കുമ്പോൾ ചുറ്റിനും നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
‘മരിച്ച കണക്കിനേക്കാളും കൊന്നതിന്റെ കണക്കല്ലേ സാറേ ഈ ജയിലിനു പറയാനുള്ളത്. എത്രയാൾക്കാരെയാ ബ്രിട്ടീഷ്കാരും അവരുടെ പോലീസും, മറ്റുള്ളോരുമൊക്കെ ഇതിനകത്തിട്ട് കൊന്നത് എന്നറിയോ...? ദേ സാറും ഞാനും ചവിട്ടുന്ന ഈ മണ്ണിലും ഉണ്ടാവും ഉണങ്ങാത്ത കൊറേ ചോരത്തുള്ളികള്...’
‘പ്രഭാകരൻ കമ്മ്യൂണിസ്റ്റ് ആണോ?’ അയാൾ പ്രഭാകരനെ നോക്കി ചിരിച്ചു.
‘ആയിരുന്നു സാറേ...’ പ്രഭാകരനും തിരിച്ചു ചിരിച്ചു. ‘ജയിലില് കേറുമ്പം ഞാൻ ലോക്കൽ കമ്മിറ്റി മെമ്പറാരുന്നു. ഈ ജയിലിലിരിക്കുമ്പോ എന്റെ ആശ്വാസം അത് മാത്രാ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനിച്ചത് തന്നെ ഈ ജയിലിലല്ലേ...അതോണ്ട് ഈ ജയിലില് കെടക്കാൻ എനക്ക് എപ്പഴും അഭിമാനേ ഉള്ളൂ’
‘അപ്പൊ, പ്രഭാകരൻ ചെയ്ത കുറ്റമെന്താ.?’
‘ഞാനൊരാളെ കൊന്നതാ സാറേ..’

അയാൾ നടുങ്ങിപ്പോയി. അങ്ങേയറ്റം ദുർബലനായ ഈ മനുഷ്യൻ ഒരു കൊലയാളി ആണെന്ന് വിശ്വസിക്കാൻ  അയാൾക്ക് പ്രയാസം തോന്നി.
‘ഞാൻ കൊന്നത് വേറൊരു പാർട്ടിക്കാരനെയാ...’ ചോദിക്കാതെ തന്നെ പ്രഭാകരൻ പറഞ്ഞുതുടങ്ങി,
‘പക്ഷെങ്കില് രാഷ്ട്രീയത്തിന്റെ പേരില് ചെയ്തതല്ല. ഞാൻ  ഈ നാട്ടിലെ ഒരു ട്യൂഷൻ സെന്ററില് മാഷായിട്ട് ജോലി ചെയ്യാരുന്നു. അയാള് അതിന്റെ മൊതലാളിയും. ഞങ്ങള് തമ്മില് ഇടക്കിടക്ക് തമാശക്ക് രാഷ്ട്രീയം പറഞ്ഞ് അടിയാകും. ഒരു ദെവസം ട്യൂഷൻ ക്ലാസ്സ് ലീവാക്കീട്ട് ഞാൻ ജാഥയ്ക്ക് പോയത് അയാൾക്ക് ഇഷ്ടായില്ല. അതിന്റെ പേരില് പിള്ളേരുടേം മറ്റ് മാഷുമാരുടേം മുന്നിലിട്ട് എന്നെ ചീത്ത വിളിച്ചു. കയ്യാങ്കളിയായി. ഞാൻ അയാളെ അടിച്ചു. അപ്പോഴത്തെ തെളപ്പില് കൊല്ലുമെന്നൊക്കെ ഭീഷണിപ്പെടുത്തി. അത് പിള്ളേരും മറ്റ് മാഷുമാരും കേട്ടു. അന്ന് ഞാൻ അവിടത്തെ പണി നിർത്തി. മൂന്ന് ദിവസം കഴിഞ്ഞപ്പോ അയാള് വീട്ടില് വന്നു. ഷാപ്പില് കേറീട്ടാ വന്നത്. നല്ല ഫിറ്റാരുന്നു. എന്നെ കണ്ടമാനം ചീത്ത പറഞ്ഞു. ഞാനെല്ലാം സഹിച്ച് നിന്നു. അവസാനം ഇറങ്ങിപ്പോവാൻ പറഞ്ഞ് ഞാനൊച്ചയെടുത്തപ്പോ എന്റമ്മ എന്നെ പിടിച്ചു വെക്കാൻ വന്നു. അന്നേരം അയാള് എന്റെ അമ്മേനെ നോക്കീട്ട് ഒരു പറച്ചില്, ‘വെറുതെയല്ല, ജാഥയ്ക്ക് വരുന്ന വെല്ല്യ പാർട്ടിക്കാരൊക്കെ നിന്റെ വീട്ടില് പൊറുക്കുന്നതെന്ന്....’ എനക്കത് സഹിക്കാൻ പറ്റീല സാറേ. ഞാൻ അയാളെ ചവിട്ടി മുറ്റത്തേക്കിട്ടു. അയാള് കമിഴ്ന്നു വീണുപോയി. ആ വീഴ്ച്ചേല് അയാൾടെ നെഞ്ചിന് എന്തോ പറ്റി. ഞാൻ തന്നെയാ ഓട്ടോ കൂട്ടി ആശുപത്രിലോട്ട് കൊണ്ടോയത്. പക്ഷേ, രണ്ട് ദെവസം കഴിഞ്ഞപ്പോ അയാള് മരിച്ചു. ശവം ആശുപത്രീന്ന് ഇറക്കുന്നേനു മുൻപേ പാർട്ടിക്കാര് തമ്മില് തല്ല് തൊടങ്ങി. അവരെല്ലാം കൂടി അതൊരു രാഷ്ട്രീയ കൊലപാതകം ആക്കി. വക്കീലിനെ വെക്കാനും വാദിക്കാനും ഒന്നും കയ്യില് പൈസ ഇല്ലാരുന്നു. പാർട്ടിക്കാരു പോലും കൈ മലർത്തി. എന്റെ അവസ്ഥ കണ്ട് കണ്ട് ഭ്രാന്തായിറ്റാ അമ്മ മരിച്ചത്....’ പ്രഭാകരന്റെ ഒച്ച വിറച്ചു.

ആ ജീവിതം കേട്ടപ്പോൾ അയാൾക്ക് അമ്പരപ്പോ ദുഖമോ തോന്നിയില്ല. ഇതിലും എത്രയോ വലിയ ദുരന്ത കഥാപാത്രങ്ങളെ സൃഷ്ടിച്ചു സൃഷ്ടിച്ച് തന്റെ ഉള്ളിലെ മനസാക്ഷിയൊക്കെ എന്നേ മരിച്ചു കഴിഞ്ഞതാണ്.

‘എനക്ക് ഈ ജീവിതം ശീലായി സാറേ. ചാവുന്ന വരെ ഇതില് തന്നെ കെടക്കണംന്നേ ഇപ്പൊ വിചാരിക്കാറുള്ളൂ. ഇതിനകത്തെ പണിയൊക്കെ എടുക്കും. ഒഴിവ് കിട്ടുമ്പോ കൊറേ പുസ്തകങ്ങള് വായിക്കും. പൊറത്തെ ലോകം എങ്ങനത്തേതാണെന്ന് കൂടെ മറന്നു പോയി...’

നാലഞ്ച് തടവുകാർ തൂമ്പയും കൈക്കോട്ടുമായി അവരുടെ മുന്നിലൂടെ നടന്നു പോയി.

‘എന്റെ തറവാട്ടിലെ രണ്ട് കാർന്നോന്മാര് ഈ ജയിലില് കെടന്നിട്ടുണ്ട് സാറേ. ബ്രിട്ടീഷ്കാരുടെ ഭരണം ഉള്ളപ്പോഴാരുന്നു. അന്ന് ഈ ജയിലില് കോളറയും വസൂരിയും പടർന്നു പിടിച്ചു. സകലരും ദുരിതമനുഭവിച്ചു. വസൂരി വന്ന് എന്റെ ഒരു കാർന്നോൻ അടക്കം കൊറേ പേര് മരിച്ചു. അതില് പിന്നെയാ ഈ ജയില് ബ്രിട്ടീഷ്കാര് ഇത്രയും വലുതാക്കിയത്. അന്നൊക്കെ ആയിരത്തിന് മോളിലോളം ആൾക്കാരെ ഒന്നിച്ചു ഇതിനകത്തു ഇട്ടിട്ടുണ്ട്...’

ഏറെ കാലത്തിനുശേഷമാണ് താൻ ഒരാളെ കേൾക്കുന്നതെന്ന് അയാൾ അപ്പോൾ ഓർത്തു. തന്നെ കേൾക്കാൻ വരുന്നവരെ മാത്രമാണ് ഇത്രയും കാലം കണ്ടത്. പ്രഭാകരന്റെ വർത്തമാനത്തിൽ അയാൾക്ക് താല്പര്യം തോന്നിത്തുടങ്ങിയിരുന്നു. പണ്ട് എഴുതാൻ വിഷയം കിട്ടാതിരിക്കുമ്പോൾ അമ്മയുടെ അടുത്ത് പോയി നാട്ടിലെ പഴയകാല കഥകൾ കേൾക്കുമ്പോഴുള്ള അതേ താല്പര്യം.

‘സാറ് കേട്ടിട്ടുണ്ടാകും…’ പ്രഭാകരൻ ആവേശത്തോടെ തുടർന്നു. ‘മലബാർ കലാപത്തിലൊക്കെ പങ്കെടുത്തതിന് ഡസൻ കണക്കിനാൾക്കാരെയാന്ന് അവര് ഈ ജയിലില് കഴുവേറ്റിയത്. ഈ മതിലിന്റുള്ളില് ബ്രിട്ടീഷ്കാര് വെടിവച്ചും തല്ലിയുമൊക്കെ കൊന്നവർക്ക് ഒരു കണക്കും ഇല്ല സാറേ. ഒരു പുസ്തകത്തിലും അവരുടെ പേര് കാണാൻ പറ്റൂലാ..’

‘പ്രഭാകരന് ഈ ജയിലിന്റെ ചരിത്രം മുഴുവൻ അറിയാലോ?’ അയാൾ ഒന്ന് പുഞ്ചിരിച്ചു.

‘സ്വന്തം വീടിന്റെ ചരിത്രം നമ്മള് അറിഞ്ഞിരിക്കണ്ടേ സാറേ. കൊറേ വർഷായിട്ട് ഇതല്ലേ എന്റെ വീട്...’ പ്രഭാകരൻ ചിരിച്ചു.

‘അപ്പൊ ഞാനും അറിഞ്ഞിരിക്കണ്ടേ ഇനി ഇത് എന്റെയും കൂടെ വീടല്ലേ’ താനത് പറഞ്ഞപ്പോൾ പ്രഭാകരന്റെ മുഖത്തെ ചിരി മാഞ്ഞത് അയാൾ ശ്രദ്ധിച്ചു.

തെങ്ങുകൾക്ക് വളമിട്ടു കൊണ്ടിരുന്ന തടവുകാരിൽ ചിലർ തങ്ങളെ നോക്കുന്നതും പരസ്പരം പറഞ്ഞു ചിരിക്കുന്നതും അവർ കണ്ടില്ലെന്ന് നടിച്ചു. പ്രഭാകരൻ പിന്നൊന്നും പറഞ്ഞില്ല. അയാൾ ചോദിച്ചുമില്ല. ഒന്നും മിണ്ടാതെ അവർ ഒന്നിച്ചു നടന്നു.

അന്ന് വൈകിട്ട് അയാളെ കാണാൻ  സൗഹൃദവലയത്തിലുള്ള ചുരുക്കം ചില എഴുത്തുകാരിൽ രണ്ട് പേർ വന്നു. ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്ന് അവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അയാൾ നിസ്സംഗതയോടെ ചിരിച്ചു. ഒരു കാരണവശാലും എഴുത്ത് അവസാനിപ്പിക്കരുതെന്നും ജയിലിൽ ഇരുന്ന് എഴുതിയവരുടെ ചരിത്രം മറക്കരുതെന്നുമൊക്കെ അവർ പറയുന്നുണ്ടായിരുന്നു. അയാൾക്ക് അതൊന്നും കേൾക്കാൻ താല്പര്യം തോന്നിയില്ല. അവർ പോയതിനു ശേഷം പ്രഭാകരനെ തിരക്കി ഇറങ്ങി.

‘പ്രഭാകരൻ കുളിമുറി കഴുകുന്നുണ്ട്. അതാ ആ സൈഡിലാണ്’ പോലീസ് കോൺസ്റ്റബിൾ ചൂണ്ടിയ ദിക്കിലേക്ക് അയാൾ നടന്നു. ആ വഴിയിൽ സെൻട്രൽ ജയിലിന്റെ വർക്ക്ഷോപ്പ് കണ്ടു. പണ്ട് ഇവിടെ നിന്ന് ഒരു അലമാര വീട്ടില് എത്തിച്ചത് ഓർത്തു. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒരാളാണ് ആ അലമാര ഉണ്ടാക്കിയത് എന്നറിഞ്ഞപ്പോൾ അന്ന് അമ്പരന്ന് പോയതാണ്. ആ അലമാരയിൽ തനിക്കേറ്റം പ്രിയപ്പെട്ട പുസ്തകങ്ങൾ അടുക്കി വയ്ക്കുമ്പോൾ തന്റെ കൈ വിറക്കുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു.

‘സാറേ’ വർക്ക്‌ഷോപ്പിലെ പണി നോക്കിനിൽക്കുമ്പോൾ പ്രഭാകരന്റെ ശബ്ദം കേട്ടു. അയാൾ തിരിഞ്ഞുനോക്കി. കയ്യിലൊരു ബക്കറ്റും പിടിച്ച് പ്രഭാകരൻ നടന്നു വരുന്നുണ്ടായിരുന്നു.

‘കക്കൂസ് വൃത്തിയാക്കലാ’ അടുത്തെത്തിയപ്പോൾ പ്രഭാകരൻ പറഞ്ഞു.
‘അറിഞ്ഞു’
‘സാറിനെ കാണാൻ വന്നോരോക്കെ പോയോ?’
‘പോയി’

അയാൾ പ്രഭാകരനോടൊന്നിച്ചു നടന്നു. നടത്തത്തിനിടയിൽ പ്രഭാകരൻ കുറച്ചകലെയുള്ള ഒരു വലിയ മരത്തിലേക്ക് ചൂണ്ടി. നിറയെ ശാഖകൾ ഉള്ള ഒരു വന്മരം. കൊമ്പുകളും ഇലകളും വിരിച്ച് അത് ജയിലിനഭിമുഖമായി നിൽക്കുകയാണ്.
‘ആ മരം നട്ടത് സഖാവ് കൃഷ്ണപിള്ളയാണെന്ന് ഒരു സംസാരം ഉണ്ട്. സത്യാണോന്ന് അറീല..’
‘കൃഷ്ണപിള്ളയുടെ കൂടെ ഇ.എം.എസും ഈ ജയിലില് കിടന്നിട്ടില്ലേ?’
‘ആ...അവരൊന്നിച്ചായിരുന്നു. കമൽനാഥ് തിവാരിയെയൊക്കെ പരിചയപ്പെട്ടത് അപ്പോഴല്ലേ. ഈ ജയിലിനുള്ളീന്നാ അവര് വിപ്ലവത്തെക്കുറിച്ച് ചർച്ച ചെയ്തത്. മാർക്സിസത്തെ കുറിച്ച് പഠിച്ചത്. ’ പ്രഭാകരൻ തുടർന്നു ‘വിപ്ലവം, ബൂർഷ്വാ, പെറ്റിബൂർഷ്വാ...എത്രവട്ടം ഈ പരിസരത്തൊക്കെ ആ വാക്കുകള് മുഴങ്ങിട്ടുണ്ടാവും അല്ലേ...ഈ ജയിലിലെ അവരുടെ ചർച്ചയ്ക്കും സംവാദത്തിനുമൊക്കെ ശേഷാ ശരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തില് പിറന്നത്. ആ മണ്ണല്ലേ സാറേ ഇത്..’ പ്രഭാകരന്റെ തൊണ്ട ഇടറി.

‘അപ്പോൾ ഈ ജയില് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗർഭപാത്രം ആണെന്ന് ചുരുക്കം..’ അയാൾ പ്രഭാകരന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.

‘ആ..അങ്ങനൊക്കെ ഓർത്തോണ്ടിരിക്കുമ്പോ സങ്കടം മാറിക്കോളും..’ കണ്ണ് നിറഞ്ഞത് അയാൾ കാണാതിരിക്കാൻ പ്രഭാകരൻ തല കുനിച്ചു.
‘വേറെന്തൊക്കെയാ ഈ ജയിലിന്റെ കഥകള്...താൻ പറ കേൾക്കട്ടെ’ അയാൾക്ക് കഥ കേൾക്കാൻ ആവേശം തോന്നി.
‘ഇത്രേം വായനേം എഴുത്തുമുള്ള ആളായിട്ടും, സാറിന് ഈ കഥകളൊന്നും അറിയില്ലേ?’ പ്രഭാകരൻ തലയുയർത്തി ‘എന്നെ കളിയാക്കുന്നതാണോ?’
‘വായിച്ചതും എഴുതിയതുമൊക്കെ മറന്ന് പോയെടോ. താൻ പറ, എനിക്കിപ്പോ താൻ പറയുന്നതാ വിശ്വാസം.’
‘അത് സാറെന്നെ കളിയാക്കിയതാ... എന്നാലും ഒരു കാര്യമുണ്ട് സാറേ, ഈ ജയിലിന്റെ കഥ ഇവിടുള്ളോർക്കു പോലും ശരിക്കും അറീല. ആരും അറിയാൻ കൂട്ടാക്കില്ല. സാറിന്റെ ഉത്സാഹം കണ്ടതോണ്ടാ ഞാൻ ഓരോന്ന് പറഞ്ഞേ..’

പോരാളികളുടെ തടവറയാണ് കണ്ണൂർ ജയിൽ എന്ന് പണ്ടെങ്ങോ ഒരു കൂട്ടുകാരന്റെ അച്ഛൻ പറഞ്ഞത് അയാളപ്പോൾ ഓർത്തു. പണ്ട് മലബാറിൽ നടന്ന മോറാഴ, മട്ടന്നൂർ, തലശ്ശേരി സംഭവങ്ങളിൽ ജയിലിൽ കിടന്നിട്ടുള്ള ആളായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റാണെന്ന് സംശയിക്കുന്നവരെ പോലും കണ്ണൂർ ജയിലിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയിരുന്ന കഥകളൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്നിതാ കാലങ്ങൾക്ക് ശേഷം അതേ ജയിലിൽ താനെത്തിച്ചേർന്നപ്പോൾ കഥകൾ പറഞ്ഞ് തരാൻ മറ്റൊരാൾ. കാലത്തിന്റെ തമാശകൾ. ഓരോന്നോർത്തു കൊണ്ട് അയാൾ പ്രഭാകരനൊപ്പം നടന്നു.

‘പ്രഭാകരൻ ഇവിടത്തെ കഴുമരം കണ്ടിട്ടുണ്ടോ..?’ നടത്തത്തിനിടയിൽ അയാൾ ചോദിച്ചു. പ്രതീക്ഷിച്ചിട്ടില്ലാത്ത ചോദ്യമായത് കൊണ്ട് പ്രഭാകരൻ ഞെട്ടി.
‘ഞാൻ കണ്ടിട്ടില്ല. കാണാതിരിക്കുന്നതാ സാറേ നല്ലത്. അവസാനം തൂക്കിയത് റിപ്പർ ചന്ദ്രനെയല്ലേ. ചില പോലീസുകാരൊക്കെ പറയുന്നത് കേൾക്കാം, രാത്രീലൊക്കെ ആ സൈഡിലൂടെ നടക്കുമ്പോ ചുറ്റിക കൊണ്ട് തലയ്ക്കു അടി കിട്ടുമോന്ന് പേടി തോന്നുമത്രേ..’
പ്രഭാകരന്റെ ചിരിയിൽ അയാളും പങ്ക് ചേർന്നു. ചിരി മാഞ്ഞ പ്രഭാകരന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവം തെളിഞ്ഞു.
‘എത്രയെത്ര വിപ്ലവകാരികളെ കഴുവേറ്റിയ സ്ഥലമാ...’ പ്രഭാകരൻ മുഷ്ടി ചുരുട്ടി.
‘കൊറേ വിപ്ലവകാരികളുണ്ട് സാറേ..’ പ്രഭാകരന്റെ ശബ്ദം ഇടറി.
‘തൊള്ളായിരത്തി നാല്പത്തിമൂന്നില് കയ്യൂരിലെ നാല് പേര്... പോലീസുകാരുടെയും ജന്മികളുടെയും മുന്നില് പതറാതെ നിന്ന നാല് പേരും ചിരിച്ചു കൊണ്ടാ ആ കഴുമരത്തിലേക്ക് കേറിയത്...’
‘പിന്നേം എത്രയെത്ര ആൾക്കാരാ..’പ്രഭാകരൻ തുടർന്നു.

‘സാറിനറിയോ, അതിന്റെയൊന്നും രേഖ പോലും ഈടെ ഉണ്ടാവില്ല. സ്വാഭാവിക മരണം, ആത്മഹത്യ എന്നൊക്കെയാ അന്ന് തൂക്കിക്കൊന്നവരുടെ പേരിന്റെ കൂടെ ചേർത്തിരിക്കുന്നെ. കാട്ടാളന്മാര്..’ പ്രിസൺ ഓഫീസറെ ദൂരെ കണ്ടില്ലായിരുന്നെങ്കിൽ പ്രഭാകരൻ ഇപ്പോൾ മണ്ണിലേക്ക് കാർക്കിച്ചു തുപ്പിയേനെ എന്ന് അയാൾക്ക് തോന്നി. 

അന്ന് രാത്രിയിൽ, ജയിലിലെ പൂന്തോട്ടത്തിനിടയിലൂടെ നടക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ അയാൾ സ്വപ്നം കണ്ടു. രാവിലെ ഉണർന്നപ്പോൾ പക്ഷേ, സ്വപ്നത്തിൽ കണ്ടത് ബഷീറിനെയാണോ, അതോ പ്രഭാകരനെയായിരുന്നോ എന്ന് അയാൾക്ക് സംശയം തോന്നി. അന്ന് പ്രഭാകരനെ കണ്ടപ്പോൾ അയാൾ ബഷീറിനെ അറിയില്ലേ എന്ന് ചോദിച്ചു. ചോദ്യം കേട്ടപ്പോൾ പ്രഭാകരൻ കുറേ ചിരിച്ചു.

‘അത്യാവശ്യം വായനയുള്ള ഒരു ജയിൽപ്പുള്ളിക്ക് വേറെ ആരെ അറിയില്ലേലും ബഷീറിനെ അറിയാതിരിക്കോ സാറേ..?’

‘ആരും ജയിലില് കിടക്കുന്നത് അയാൾക്ക് ഇഷ്ടപ്പെടില്ലാടോ. ചിലപ്പോ ഞാനിതിനുള്ളില് കിടക്കുന്നത്  കാണുന്നുണ്ടാകും. എഴുതാൻ വേണ്ടി ജീവിതം കളഞ്ഞ നിനക്കൊക്കെ ഇത് തന്നെ വേണമെന്ന് പരിഹസിക്കുന്നുണ്ടാകും...’ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും, പ്രായത്തിന്റെ ചുളിവ് പറ്റിയ അയാളുടെ കവിളുകളിൽ നനവ് പടർന്നു.

‘സാറ് ഇനിയും എഴുതണം..’ പ്രഭാകരൻ പറഞ്ഞു.
‘ഞാനിനി എന്തെഴുതാനാടോ. ഒക്കേം തീർന്നില്ലേ? ഈ ജയിലില് തീർന്നില്ലേ എന്റെ ജീവിതം..’ അയാൾ പിറുപിറുത്തു.

‘സാറ് പറഞ്ഞതൊക്കെ ശരിയാ, ഇത് വലിയൊരു കോട്ടയാ. പക്ഷേ ഇതിന് ചരിത്രത്തില് വലിയ സ്ഥാനം ഉണ്ട്. സാറ് പറഞ്ഞില്ലേ ഇതൊരു ഗർഭപാത്രാണെന്ന്. അത് സത്യാ. ഈ കേരളത്തില് കമ്മ്യൂണിസ്റ്റ് പാർട്ടീടെ ബീജം ഏറ്റുവാങ്ങാൻ കരുത്തുള്ള ഒരൊറ്റ ഗർഭപാത്രമേ ഉണ്ടായിട്ടുള്ളൂ. അതീ ജയിലാ. ആ ബീജം വളർന്നതും വലുതായതും പിന്നെ കേരളം ഒട്ടുക്ക് പടർന്നതും ഈടെ ഇക്കണ്ട മാറ്റങ്ങളൊക്കെയുണ്ടാക്കിയതും എല്ലാറ്റിന്റേം തൊടക്കം ഈ മതിലിന്റുള്ളീന്നാ..ആ കാലത്തെ അടക്കിപിടിച്ച വർത്താനോം ആവേശോം ഇപ്പഴും ഈടത്തെ ചുമരില് ചെവി ചേർത്താ കേൾക്കാം. അത് പുറത്തുന്ന് കേൾക്കാൻ പറ്റൂല. അതിന് ഈടെ ഉള്ളില് തന്നെ എത്തണം പുറത്ത് എന്താ നടക്കണേന്ന് അറിയാതെ പിന്നേം പിന്നേം ഉള്ളിലേക്ക് തന്നെ നോക്കണ തടവുകാരനാകണം...’

പ്രഭാകരൻ നെഞ്ചിൽ കൈ വച്ചുകൊണ്ട് തുടർന്നു.
‘എല്ലാ വിപ്ലവോം തൊടങ്ങണത് ഇവിടന്നാ സാറേ....ഈ മണ്ണില് കൊറേ കൊറേ വിപ്ലവങ്ങള് ജനിച്ചിട്ടുണ്ട്. വിപ്ലവകാരികള് പിടഞ്ഞു തീർന്നിട്ടുണ്ട്...ഈ ജയിലല്ലേ സാറേ, മറ്റുള്ളോരുടെ ജീവിതങ്ങള് എഴുതാനുള്ള ഏറ്റോം നല്ല സ്ഥലം...’

പ്രഭാകരൻ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി. സന്ധ്യ കടുത്തു. ജയിൽവളപ്പിൽ ലൈറ്റ് തെളിഞ്ഞു.
രാത്രിയിൽ അയാൾ ഒരു നോട്ട്ബുക്കും പേനയും അസിസ്റ്റന്റ് പ്രിസൺ ഓഫീസറോട് ആവശ്യപ്പെട്ടു.
അതിന്റെ പിറ്റേന്നാണ് ജാമ്യപേക്ഷയുടെ വിധി വന്നത്. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയെന്ന വിവരം പ്രിസൺ ഓഫീസർ അറിയിച്ചു. മൂന്ന് മാസത്തേക്ക് ജാമ്യം പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞു. അയാൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

ജയിലിലെ ജീവിതം അയാൾ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. ജയിൽ അധികൃതർ വിലക്കിയിട്ടും പ്രഭാകരനോടൊപ്പം അയാളും ജോലികളിൽ ഏർപ്പെട്ടു. ജയിൽഭക്ഷണം ആസ്വദിച്ചു. പ്രഭാകരൻ പറയുന്ന കഥകളും ചരിത്രവുമൊക്കെ ആവേശത്തോടെ കേട്ടു. പക്ഷേ, താൻ ഒരു നോവൽ എഴുതിത്തുടങ്ങിയത് മാത്രം പ്രഭാകരനോട് പറഞ്ഞതേയില്ല.

രണ്ട് മാസത്തിനുള്ളിൽ അയാളാ നോവൽ എഴുതിതീർത്തു. അവസാനത്തെ വരികൾ എഴുതിയപ്പോഴേക്കും അയാൾക്ക് അന്നേവരെയുള്ള ജീവിതം ഓർമ്മ വന്നു. പുലരുവോളം പൊട്ടിക്കരഞ്ഞു.
‘പ്രഭാകരാ. ഞാൻ ഒരു നോവൽ  എഴുതി...’പിറ്റേന്ന് രാവിലെ തന്നെ അയാൾ പ്രഭാകരനെ കണ്ടു.
‘സത്യാണോ സാറേ..’ പ്രഭാകരന്റെ ശബ്ദത്തിൽ അവിശ്വസനീയതയും ആഹ്ലാദവും കലർന്നിരുന്നു.
‘എന്താ വിഷയം..?’ ആശ്ചര്യത്തോടെ പ്രഭാകരൻ ചോദിച്ചു. അയാൾ പ്രഭാകരനെ ചേർത്ത് പിടിച്ചു.
‘എന്റെ പ്രിയപ്പെട്ട പ്രഭാകരന് വേണ്ടി, പേരറിയാത്ത, ഒരു കണക്കിലും പെടാതെ ഈ ജയിലിനുള്ളിൽ തീർന്നു പോയ ഓരോരുത്തർക്കും വേണ്ടി ഈ തിലക് രാജ കണ്ണൂര് ജയിലിനെ കുറിച്ച് ഒരു നോവൽ എഴുതി...’

പ്രഭാകരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കേട്ടത് ഉറപ്പ് വരുത്താനെന്ന വണ്ണം പ്രഭാകരൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി. സത്യമാണെടോ എന്ന് അയാൾ തലയാട്ടി.
‘തന്നോട് നന്ദി പറയാൻ തോന്നുവാടോ. പക്ഷേ, തന്നോട് എന്ത് പറഞ്ഞാലും എനിക്ക് മതിയാകില്ല....’ മറുപടിക്ക് കാക്കാതെ ഒരു ചിരിയോടെ അയാൾ തിരിച്ചു നടന്നു. പ്രഭാകരന്റെ വിതുമ്പൽ കേട്ടിട്ടും അയാൾ തിരിഞ്ഞു നോക്കിയില്ല.

ഒരു നോവൽ എഴുതിയെന്നും അത് പ്രസാധകന് അയക്കണമെന്നും അയാൾ കോൺസ്റ്റബിളിനോട് പറഞ്ഞു. പോസ്റ്റൽ കവറും കൊണ്ട് കോൺസ്റ്റബിൾ വന്നപ്പോൾ അയാൾ സെല്ലിന് പുറത്തെ വരാന്തയിൽ ഇരിക്കുകയായിരുന്നു. പ്രഭാകരനും അടുത്ത് ഉണ്ടായിരുന്നു. കവറിൽ വിലാസം എഴുതുമ്പോൾ അയാൾ ചോദിച്ചു.
‘പ്രഭാകരന് ഇപ്പോൾ നോവൽ വായിക്കണോ..?’
‘വേണ്ട..അച്ചടിച്ചു ഇറങ്ങട്ടെ. എന്നിട്ടേ ഞാൻ വായിക്കുന്നുള്ളൂ.’
അയാൾ ചിരിച്ചു. നോട്ട്ബുക്ക് തുറന്ന് ആദ്യ പേജ് പ്രഭാകരന് കാണിച്ച് കൊടുത്തു. പ്രഭാകരൻ അതിലേക്ക് ആകാംക്ഷയോടെ കണ്ണോടിച്ചു.

‘സമർപ്പണം - കണ്ണൂർ ജയിലിൽ ജീവൻ വെടിഞ്ഞ സകല പോരാളികൾക്കും’

പ്രഭാകരന്റെ കണ്ണ് നിറഞ്ഞു. കണ്ണ് തുടച്ചുകൊണ്ട് പ്രഭാകരൻ കവറിലേക്ക് നോക്കി. അയാൾ വിലാസം എഴുതിക്കഴിഞ്ഞിരുന്നു. വിലാസം കണ്ടപ്പോൾ സംശയത്തോടെ പ്രഭാകരൻ അയാളുടെ മുഖത്തേക്ക് നോക്കി. ചിരിച്ചുകൊണ്ട് അയാൾ കവറിനുള്ളിലേക്ക് നോട്ട്ബുക്ക് വെച്ച് അത് പ്രിസൺ ഓഫീസർക്ക് നേരെ നീട്ടി.
‘ഇന്ന് തന്നെ പോസ്റ്റ് ചെയ്യാമോ സാർ?’ അയാൾ ചോദിച്ചു.
അയക്കാമെന്ന് തലയാട്ടിക്കൊണ്ട് കവറുമായി അയാൾ തിരികെ പോയി.
‘സാറേ..’ പ്രഭാകരൻ ഇടറിയ ശബ്ദത്തിൽ വിളിച്ചു.

‘ഞാൻ ഇത്തിരി നേരം തനിച്ചിരിക്കട്ടെ പ്രഭാകരാ..’ അയാളുടെ ശബ്ദത്തിൽ പതർച്ച ഉണ്ടായിരുന്നു. അയാൾ കരയുന്നുണ്ടെന്ന് പ്രഭാകരന് മനസ്സിലായി. അയാളെ വരാന്തയിൽ തനിച്ച് വിട്ട് പ്രഭാകരൻ ജയിൽവളപ്പിലേക്ക് നടന്നു. കുറച്ചകലെ എത്തി തിരിഞ്ഞുനോക്കുമ്പോൾ ചമ്രംപടിഞ്ഞ് കണ്ണുകളടച്ച് അയാളിരിക്കുന്നത് കണ്ടു.

അന്നേക്ക് മൂന്നാം നാളിൽ നേഷൻ ബുക്സിന്റെ എഡിറ്റർ, തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് അപ്ഡേറ്റ് ചെയ്തു.

‘പ്രശസ്ത എഴുത്തുകാരൻ തിലക് രാജ തന്റെ ജയിൽ ജീവിതത്തിനിടയിൽ രചിച്ച ‘വിസെലിറ്റ്സ’ എന്ന നോവൽ നേഷൻ ബുക്സ് പ്രസിദ്ധീകരിക്കുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന എഴുത്തുകാരൻ തന്റെ ജയിൽജീവിതത്തിന്റെ അനുഭവങ്ങളും കണ്ണൂർ ജയിലിന്റെ രാഷ്ട്രീയചരിത്രവും ഉൾപ്പെടുത്തി എഴുതിയ കൃതിയുടെ പ്രീബുക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.’

പോസ്റ്റ് ഷെയർ ചെയ്ത് അവർ ലാപ്ടോപ്പ് അടച്ചു. കസേരയിലേക്ക് ചാഞ്ഞിരുന്നപ്പോൾ രണ്ട് മാസം മുൻപുള്ള ഒരു ഓർമയിൽ അവർ നെറ്റി അമർത്തി തടവി.

അന്ന് രാത്രി, ജയിലിൽ തിലക് രാജ എന്ന എഴുത്തുകാരൻ ഒരു സ്വപ്നം കണ്ടു. തനിക്കിതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത ആ കഴുമരത്തിൽ മുഖത്തിന് പകരം നിറയെ പുസ്തകങ്ങൾ ഉള്ള ഒരു ഉടൽ തൂങ്ങിയാടുന്നു...! അയാൾ ഞെട്ടിയുണർന്നു. കണ്ണ് തിരുമ്മിക്കൊണ്ട് പരിസരത്തൊട്ടാകെ ഒരു വിറയലോടെ അയാളൊരു ചുറ്റികയ്ക്കായി പരതി.

(*വിസെലിറ്റ്സ - കഴുമരം എന്ന അർത്ഥം വരുന്ന റഷ്യൻ പദം.)

Comments