ഒന്‍പതാളുകളുണ്ട്; ഞാനും നീയുമുള്‍പ്പടെ.
സ്വന്തം മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നീണ്ട യാത്ര ചെയ്ത് വന്ന് ക്ഷീണിതയായി ഉറങ്ങിപ്പോയ ഒരുവളെപ്പോലെ തോന്നി നിന്റെ കിടപ്പുകണ്ടപ്പോള്‍. മരണം അഭിനയിക്കുന്നതില്‍ കൃതഹസ്തയല്ലാത്ത നടിയെപ്പോലെയുണ്ട് നിന്നെക്കണ്ടാല്‍. വേണ്ടത്ര മരണമായിട്ടില്ല എന്നു അതൃപ്തയായ ഒരഭിനേതാവിനെപ്പോലെ. ഏതു നിമിഷവും വിരലുകളിലൊന്ന് അനങ്ങാം.
രാവിലെത്തൊട്ട് ഞാന്‍ നിന്നെ വിളിക്കുന്നുണ്ട്. ഫോണെടുക്കാനാളവശേഷിക്കുന്നില്ലെങ്കില്‍ ഫോണെടുക്കാനാവില്ലല്ലോ എന്ന് പൊടുന്നനെ ഒരു തോന്നല്‍ എന്നിലുണ്ടായി. നീ മരിച്ചിട്ടുണ്ടാവുമെന്ന് ഞാന്‍ അനുമാനിച്ചു. പക്ഷേ ആ അനുമാനത്തില്‍ ഒട്ടും ഞാന്‍ വിശ്വസിച്ചില്ല. നീ നിന്റെ മകന്റെ നമ്പര്‍ തന്നത് ഈ മുഹൂര്‍ത്തം മുന്‍കൂട്ടിക്കണ്ടാവണം. നിനക്കെപ്പോഴെങ്കിലും അവനെ വിളിക്കാന്‍ തോന്നിയാലോ എന്നു ചിരിച്ചു ലാഘവത്വത്തോടെയാണ് അയാളുടെ നമ്പര്‍ തന്നത്.
നീ വിളിച്ചെടുക്കാതായപ്പോള്‍ ഞാന്‍ അയാളെ വിളിച്ചു. നിന്നെ വിളിച്ചു കിട്ടുന്നില്ല, ഞാന്‍ പറഞ്ഞു. നിങ്ങളാരാണ്? അയാള്‍ ചോദിച്ചു.
നിനക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയെക്കാള്‍ ഞാനാരാണെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു അയാള്‍ക്ക്.
ഒരു സുഹൃത്ത്. എന്റെ പേര് രാംദാസ്.
ഇങ്ങനെയൊരു സുഹൃത്തിനെക്കുറിച്ച് അമ്മ പറഞ്ഞിട്ടില്ലല്ലോ?, അയാള്‍അല്‍ഭുതത്തോടെ പറഞ്ഞു.
എന്റെ നിയന്ത്രണം വിട്ടു. ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ അയാള്‍ക്ക് നിന്റെ ഫ്ലാറ്റിലെത്താം. ഇത്ര അടുത്തായിട്ടും ആറു മാസമായി നിങ്ങള്‍ പരസ്പരം കണ്ടിട്ടില്ല.
ഞാന്‍ പറഞ്ഞത് നിന്റെ മകന്‍ ഗൗരവത്തിലെടുക്കുമോ?
ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നിന്റെ മകന്റെ വിളി വന്നു. അമ്മ മരിച്ചു. വാതിലടച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടെളുപ്പമായി. ഹൃദയാഘാതമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഒരു പുസ്തകത്തിലെ ചെറുഖണ്ഡിക വായിക്കുന്നതുപോലെയാണ് അയാള്‍ അതു അവതരിപ്പിച്ചത്. ഒട്ടും ദുര്‍മേദസ്സില്ല. കാര്യമാത്രപ്രസക്തം.
നീയെന്താണ് വാതിലടക്കാതെ കിടന്നുറങ്ങിയത്? മരണം നീ മുന്‍കൂട്ടി കണ്ടിരുന്നോ? രാത്രി പതിനൊന്നു മണിവരെ നമ്മള്‍ സംസാരിച്ചതല്ലേ. മരണമുദ്രകളൊന്നും നിന്റെ സംഭാഷണത്തില്‍ ഉണ്ടായിരുന്നില്ലല്ലോ. ഹിമാചലിലേക്കുള്ള യാത്രയെക്കുറിച്ച് നീ വാചാലയായിരുന്നല്ലോ.
വാതിലടക്കാതിരുന്നത് കേവലം മറവിയായിരുന്നോ? പറയേണ്ടത് നീയാണ്. നീ പക്ഷേ മരിച്ചുപോയി. നിന്റെ വിമാന ടിക്കറ്റ് ജീവിച്ചിരിപ്പുണ്ട്, നീ മരിച്ചു പോയി.
ശേഷിക്കുന്ന ഏഴുപേര്‍ക്കും പരസ്പരം അറിയാം. ഞാനാരാണെന്ന ആകാംക്ഷ അവരിലുണ്ട്. നിന്റെ മകന്‍ എന്നോട് ചോദിച്ചു. അമ്മയെ എത്ര വര്‍ഷമായറിയാം? മൂന്നു വര്‍ഷം. ഞാന്‍ പറഞ്ഞു. ഞാന്‍നിന്റെ അമ്മയുടെ കാമുകനാണെന്നു പറയാന്‍ എന്റെ നാവു തരിച്ചു. ഈ മരിച്ചു കിടക്കുന്ന സ്ത്രീ എനിക്ക് എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യ ജീവിയാണ് എന്ന് അയാളോട് പറയാന്‍ ഞാനാഗ്രഹിച്ചു. പറഞ്ഞില്ല.
നീയതാഗ്രഹിക്കുന്നില്ല. നീ മരിച്ചു മണിക്കൂറുകള്‍ പിന്നിടും മുമ്പ് നിന്നെ ഒരാഖ്യാനവസ്തുവാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. നമുക്കിടയിലെ പ്രണയം നമുക്കിടയില്‍മാത്രമിരിക്കട്ടെ.
നീ മരിച്ചുപോയി.
ഇനി ആ രഹസ്യം സൂക്ഷിക്കാനുള്ള ബാധ്യതയെനിക്കാണ്.
ഞാന്‍ നിന്റെ മകനെ നോക്കി. അയാള്‍ക്ക്
എന്റെയതേ പ്രായമാണെങ്കിലും വളരെ കൂടുതല്‍ തോന്നിക്കുന്നുണ്ടായിരുന്നു. നാല്‍പ്പത്തിയഞ്ചു വയസ്സിലേ വൃദ്ധനാകാന്‍മാത്രം എന്തു ജീവിത പ്രാരബ്ദങ്ങളാണ് നിന്റെ മകനുള്ളത്?
നിന്റെ മകന്‍ ഫ്രിഡ്ജില്‍നിന്ന് മാജിക്ക് മൂമെന്റ്‌സിന്റെ കുപ്പിയെടുത്തു. അതു ഞാന്‍ നിനക്കു സമ്മാനിച്ചതാണെന്ന് അവനറിയില്ല. ആ മദ്യക്കുപ്പിയെടുത്ത് ഗ്ലാസുകളിലേക്കൊഴിക്കുന്ന ഭാവം കണ്ടാല്‍ അവനത് അവന്റെയമ്മക്ക് സമ്മാനിച്ചതു പോലെ തോന്നും.
എട്ടു ഗ്ലാസുകളിലേക്ക് അവനൊഴിച്ചു.
നിനക്കു കൂടിയൊഴിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്റെ ശബ്ദത്തിലെ പാരുഷ്യം കാരണമാകണം അവന്‍ പെട്ടന്ന് ഒരു ഗ്ലാസ് എടുത്ത് അതിലൊഴിച്ചു. അമ്പരപ്പോടെ അവന്‍ എന്റെ മുഖത്തേക്കു നോക്കി. എന്റെ കണ്‍കോണില്‍ കണ്ണീര്‍ നനവ് കണ്ടാവണം അവന്റെ അമ്പരപ്പ് വര്‍ദ്ധിച്ചു.
ആചാരമര്യാദയുടെ ഭാഗമായെന്നോണം ആ ഏഴു പുരുഷന്‍മാരും അല്‍പ്പാല്‍പ്പമായി മദ്യം നുകര്‍ന്നു. നിന്റെ മകന്‍ എന്റെ ഗ്ലാസിലേക്ക് വീണ്ടും മദ്യം പകര്‍ന്നു. അവനും. അവന് എന്നോട് എന്തോ അടുപ്പം ഉണ്ടായിവരുന്നുണ്ട്.
അവന്‍ പറഞ്ഞു.
ഗീതയ്ക്ക് വരാന്‍ കഴിയില്ല. അങ്ങനെയൊരവസ്ഥയിലാണ്.
ഇന്നലെ രാത്രിയിലുള്‍പ്പടെ നീ സ്‌നേഹവായ്‌പ്പോടെ നിരന്തരം ഉച്ചരിച്ച വാക്ക്. ഗീത. നിന്റെ മകള്‍.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും നിന്നെ കാണാന്‍ വരാന്‍ കഴിയാത്ത വിധം തിരക്കുകളുള്ള അയര്‍ലന്റിലെ ഉയര്‍ന്ന ഉദ്യോഗക്കാരി.
ഞാന്‍ നിന്റെ മകന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പറഞ്ഞു; ഗീതക്കു വരാന്‍ കഴിയില്ല എന്നല്ല പറയേണ്ടത്. ഗീത വരുന്നില്ല എന്നാണ്. അങ്ങനെയല്ലേ?
നിന്റെ മകന്‍ ചൂളി.
അവന്റെയുള്ളില്‍ എന്നോടുള്ള ക്രോധം അലയടിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. അതു പ്രകാശിപ്പിക്കാനുള്ള ആര്‍ജവം അവനില്ല. നീ നിന്റെ മക്കളെ ഒരിക്കലും കുറ്റം പറഞ്ഞു കേട്ടിട്ടില്ല.
എനിക്കു നിന്നോടുള്ള ആദരവ് കൂടി. നമുക്കിടയിലെ ബന്ധത്തെ അവന്‍ എങ്ങനെയാവും മനസ്സിലാക്കിയിട്ടുണ്ടാവുക? സ്വന്തം കുട്ടികളുടെ സ്‌നേഹ പരിഗണനകള്‍ ലഭിക്കാത്തതിനാല്‍ നീ കണ്ടെത്തിയ ദത്തുപുത്രനാണ് ഞാന്‍ എന്നവന്‍ കരുതുന്നുണ്ടാവാം. എഴുപതുകാരിയായ അമ്മയ്ക്ക് തന്റെ പ്രായമുള്ള കാമുകന്‍ ഉണ്ടെന്നു ഭാവന ചെയ്യാന്‍മാത്രം ശേഷി നിന്റെ മകനില്ല.
ഫ്ലാറ്റിലെ ആളുകളില്‍ച്ചിലര്‍ ഒന്നെത്തി നോക്കി തിടുക്കത്തില്‍ അവരവരുടെ തൊഴിലിടങ്ങളിലേക്ക് പോയി. മൃതശരീരം സ്വയം അടക്കം ചെയ്യുമെന്നാണോ ഇവര്‍ കരുതിയിരിക്കുന്നത്?
നിന്റെ മകനൊഴികെയുള്ള ആറു പേര്‍ ആരാണെന്നെനിക്കറിയില്ല. അറിയണമെന്നു തോന്നിയതുമില്ല. നിരന്തരം വാച്ചിലേക്കു നോക്കുകയും കോട്ടുവായിടുകയും ചെയ്യുന്ന ഒരനുഷ്ഠാന സംഘമായി അവര്‍ കാണപ്പെട്ടു. കോട്ടുവായ മരിച്ചവരിലേക്ക് പടരുമായിരുന്നെങ്കില്‍ സ്വന്തം മരണത്തില്‍ വിരസയായി കോട്ടു വായയിടുന്ന വൃദ്ധ എന്ന ഹ്രസ്വ ചിത്രത്തിലെ ദൃശ്യമുണ്ടായി വരുമായിരുന്നു. നിന്റെ മകന്റെ ഫോണിലേക്ക് നിരന്തരം വിളികള്‍ വരുന്നുണ്ട്. അമ്മയുടെ സ്റ്റുഡന്റ്‌സ് ആണ്. കോളേജ് ഗ്രൂപ്പില്‍നിന്ന് വിവരമറിഞ്ഞു വിളിക്കുന്നതാണ്. അവന്‍ പറഞ്ഞു.
മദ്യം സമ്മാനിച്ച ഉത്തേജനത്തിലാവണം, ആറു പേരിലൊരാള്‍ ഓരോ മുറികളിലും കയറിയിറങ്ങാന്‍ തുടങ്ങി. അലമാരകള്‍ തുറക്കുകയും അടക്കുകയും ചെയ്തു. അമ്മയുടെ അനുജനാണ്. നിന്റെ മകന്‍ പറഞ്ഞു. എനിക്ക് രോഷം ഇരച്ചുകയറി. സമ്മതമില്ലാതെ ഒരാളുടെ ഉടുപ്പിന്റെ കുടുക്കുകളഴിക്കുന്നതും അയാളുടെ മേശ വലിപ്പുകള്‍ തുറക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. നിന്റെ അമ്മാമന്‍ ഒരു ഡാഷാണ്. നിന്റെ മകന്റെ കാതില്‍ ഞാന്‍ പറഞ്ഞു. അശ്ലീലമാണയാള്‍ ചെയ്യുന്നത്. മരിച്ച മനുഷ്യര്‍ക്ക് സ്വകാര്യതയില്ലെന്നാണോ അയാള്‍ കരുതിയിരിക്കുന്നത്? നീ സൂക്ഷിച്ച് നോക്ക്. നിന്റെ അമ്മയുടെ മുഖത്ത് അനുജനോടുള്ള നീരസവും വെറുപ്പുമുണ്ട്. കൗതുകങ്ങള്‍ ശമിച്ചപ്പോള്‍ അയാള്‍ തിരികെ വന്നു കസേരയിലിരുന്നു.
അമ്മയെ നിങ്ങള്‍ അടുത്തെങ്ങാന്‍ കണ്ടിരുന്നോ?
നിന്റെ മകന്‍ സങ്കോചത്തോടെ ചോദിച്ചു.
ഉം. മിനിയാന്ന്. അന്ന് അവരുടെ എഴുപതാം പിറന്നാളായിരുന്നു.
അവന്റെ കണ്ണുകളില്‍ കുറ്റബോധത്തിന്റെ പതറല്‍ ഞാന്‍ കണ്ടു.
അമ്മ സന്തുഷ്ടയായിരുന്നോ?
അവന്‍ ലജ്ജയോടെ ചോദിച്ചു.
ആയിരുന്നു.
ഞങ്ങള്‍ കടലിനഭിമുഖമായിരുന്ന് സീക്വീന്‍ ഹോട്ടലിലെ ബാറിലിരുന്നു മദ്യപിച്ചു. നിങ്ങള്‍ കുഞ്ഞായിരിക്കേ ബീച്ചില്‍ നിരന്തരം വരാറുണ്ടായിരുന്ന കാര്യം പറഞ്ഞു.
കുഞ്ഞായിരുന്നപ്പോള്‍ നിങ്ങള്‍ തീരെ കുഞ്ഞായിരുന്നുവെന്നും മുതിര്‍ന്നതോടെ വല്ലാതെ മുതിര്‍ന്നു പോയെന്നും ചിരിയോടെ പറഞ്ഞു.
നിന്റെ മകന്‍ അതു കേട്ടതോടെ അസ്വസ്ഥനായി.
ഞാനവന്റെ കൈപ്പടത്തിനുമീതെ കൈ വെച്ചു. സാരമില്ല. മനുഷ്യരുടെ മുന്‍ഗണനകള്‍ മാറിമാറിവരും.
അമ്മ തൊണ്ണൂറു വയസ്സുവരെ ജീവിച്ചിരിക്കുമെന്ന് മിനിയാന്ന് തമാശയായി എന്നോട് പറഞ്ഞിരുന്നു. തിടുക്കപ്പെട്ട് പോയതെന്തിനെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഒരു നോവല്‍ എഴുതി വരുന്നുണ്ടായിരുന്നു. ഗംഭീരമായ ഒരെണ്ണം. അതു പൂര്‍ത്തിയാക്കാതെ നീട്ടിവെക്കുകയായിരുന്നു. അതെഴുതിക്കഴിഞ്ഞാല്‍ പെട്ടന്ന് മരിച്ചു പോകുമെന്ന് ഭയപ്പെട്ടിരുന്നു.
നിന്റെ മകന്‍ അതു കേട്ട് ആശ്ചര്യത്തോടെ എന്നെ നോക്കി.
നിന്റെ മക്കള്‍ക്ക് നിന്നെ ഒട്ടും മനസ്സിലായിട്ടില്ല. അമ്മ ഒരു നോവല്‍ എഴുതിവരികയായിരുന്നു എന്നത് അവിശ്വസനീയതയോടെയാണവന്‍ കേട്ടത്.
ഇനി കൂടുതലായൊന്നും ആലോചിക്കാനില്ലല്ലോ. ബോഡി നഗരസഭയുടെ ഇലക്ട്രിക് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയല്ലേ? ആറു പേരിലൊരാള്‍, കൂട്ടത്തില്‍ പ്രായം ചെന്നയാള്‍ വിവേകത്തിന്റെ ഈണത്തോടെ പറഞ്ഞു. അതു കേള്‍ക്കാന്‍ കാത്തിരുന്നതു പോലെ അഞ്ചു പേരും തല കുലുക്കി. അടുത്തയാഴ്ച ഹിമാചല്‍ പ്രദേശിലേക്ക് പോകേണ്ട നിന്നെ അസന്ദിഗ്ധമായി ഒരു ഡെഡ്‌ബോഡിയായി അയാള്‍ പ്രഖ്യാപിച്ചിരിക്കുന്നു. നിന്നെ അടക്കിയിട്ടു വേണം അവര്‍ക്ക് ജീവിതവ്യവഹാരങ്ങളില്‍ മുഴുകാന്‍. നിന്റെ മകന്റെ ഫോണിലേക്ക് കാള്‍വന്നു. ഗീതയാണ്. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ വിതുമ്പല്‍ കേട്ടു. കരയേണ്ട. നിന്റെ മകന്‍ പറഞ്ഞു. ഫോണ്‍ കട്ടായി. ഞാനവനോടു പറഞ്ഞു. കരയുകയെങ്കിലും ചെയ്യട്ടെ. അമ്മയ്ക്കു വേണ്ടി അത്രയെങ്കിലും ചെയ്യണ്ടേ.
രണ്ട്
മിനിയാന്ന് സീക്വീന്‍ ഹോട്ടലില്‍ അവളുടെ എഴുപതാം പിറന്നാള്‍ ഞങ്ങള്‍ ആഘോഷിച്ചിരുന്നു. നീ കൂടെയുണ്ടെങ്കില്‍ നവതിയാഘോഷിക്കാന്‍ ഞാന്‍ ജീവിച്ചിരിക്കുമെന്ന് ബാല്‍ക്കണിയില്‍ നിശാ സമുദ്രത്തെ നോക്കിയിരിക്കേ അവള്‍ പറഞ്ഞിരുന്നു.
ഞാന്‍ കൂടെയില്ലെന്ന് പെട്ടന്നു തോന്നിപ്പോയോ?
ഇത്ര തിടുക്കം എന്തിനായിരുന്നു?
ഹിമാചലിലേക്ക് നമുക്കായി ബുക്കു ചെയ്ത വിമാന ടിക്കറ്റുകള്‍ എന്റെ പോക്കറ്റിലുണ്ട്. നീയില്ലാതെ ഞാന്‍ തനിച്ചു പോകുമെന്നു കരുതിയോ?
പ്രിയപ്പെട്ടവര്‍ക്ക് യാതൊരു സൂചനയും കൊടുക്കാതെ പെട്ടെന്നൊരു രാത്രിയില്‍ കിടന്നകിടപ്പില്‍ മരിച്ചുപോകുന്നത് ന്യായമാണോ? മനുഷ്യര്‍ക്ക് അടുപ്പമുള്ളവരോട് അടിസ്ഥാനപരമായ ചില ഉത്തരവാദിത്തങ്ങളില്ലേ?
ബി.ജെ.പി തകര്‍ന്നടിഞ്ഞ ഒരിന്ത്യയില്‍ അല്‍പ്പ കാലം ജീവിച്ചിട്ടേ ഞാന്‍മരിക്കൂ എന്ന് അവള്‍ എന്നോടു പറഞ്ഞിരുന്നു.
ബി.ജെ.പി ഒരിക്കലും തകരാന്‍ പോകുന്നില്ലെന്ന ഗൂഢസന്ദേശം അവള്‍ക്ക് ഇന്നലെ രാത്രി ലഭിച്ചോ?
പുലര്‍ച്ചെ രണ്ടു മണിയോടെ ഹൃദയ സ്തംഭനമുണ്ടായി എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവള്‍ ഏറ്റവുമൊടുവില്‍ സംസാരിച്ച മനുഷ്യജീവി ഞാനായിരിക്കും.
ഒടുവിലത്തെ സംസാരത്തില്‍ വിചിത്രമായൊരാഗ്രഹം അവള്‍ അവതരിപ്പിച്ചു. ഏതെങ്കിലും ഒരു മൃഗത്തിന്റെ ഭക്ഷണമാകണം എന്ന ആഗ്രഹമായിരുന്നു അത്. മറ്റൊരു ജന്തുവിന്റെ ആഹാരമാണ് ഞാന്‍ എന്നതു കൂടിയാണ് എന്റെ ഉണ്‍മ. അവള്‍ പറഞ്ഞു. കഴുത്തില്‍ പല്ലുകള്‍ ആഴ്ന്നിറങ്ങുമ്പോള്‍ ശരീരം വിറച്ചു തുള്ളും. വേട്ടക്കാരന്‍ ക്ഷമയോടെ എന്റെ ശരീരം നിശ്ചലമാകാന്‍ കാത്തുനില്‍ക്കും. അന്തസ്സുള്ളവന്‍. എന്റെ ഭര്‍ത്താവിന്റെ വെറിപിടിച്ച ധൃതി അവനുണ്ടാവില്ല. പാത്രത്തില്‍ ഒരു വറ്റു പോലുമവശേഷിപ്പിക്കാതെ വിരുന്നില്‍ ഉണ്ട അതിഥിയെപ്പോലെ അവന്‍ എന്റെ ആത്മാവിനു ചാരിതാര്‍ത്ഥ്യം സമ്മാനിക്കും. അവളുടെ ചിരി മുഴങ്ങിക്കേട്ടു.
അവള്‍ അവസാനം പറഞ്ഞ വാചകം ഇതായിരുന്നു: എനിക്കുറക്കം വരുന്നു.
ഉറങ്ങൂ എന്ന എന്റെ മറുപടി കേള്‍ക്കും മുമ്പ് ഉറങ്ങിപ്പോയിരിക്കണം. അതിനു മറുപടിയുണ്ടായില്ല.
മൂന്ന്
ഗോവയില്‍ വെച്ചാണ്, മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനവളെ കാണുന്നത്.
ഞാനൊരു മദ്യശാലയുടെ വെളിയിലിട്ടിരിക്കുന്ന ഇരിപ്പിടത്തിലിരുന്ന് സായാഹ്നസൂര്യനെയും കടലിനെയും നോക്കിയിരുന്ന് മദ്യപിക്കുകയായിരുന്നു. അവിടേക്ക് നടന്നു വന്ന അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാന്‍ ഇവിടെയിരിക്കട്ടെ. നീ ഒരു കൂട്ട് ആഗ്രഹിക്കുന്നു എന്ന് നിന്റെ മുഖം പറയുന്നുണ്ട്. അതു സത്യമായിരുന്നു. ഞാന്‍ ഇരിക്കാന്‍ ക്ഷണിച്ചു. അവളുടെ ഉയരം എന്നെ അല്‍ഭുതപ്പെടുത്തി. മെലിഞ്ഞുനീണ്ട വൃദ്ധ. ആ പ്രായത്തില്‍ മനുഷ്യരില്‍ വിരളമായി മാത്രം കാണുന്ന പ്രസരിപ്പ് അവളിലുണ്ടായിരുന്നു.
ഒരു ബ്രേക്കപ്പിന്റെ ഏകാകിത?
അവള്‍ അലിവോടെ ചോദിച്ചു.
ഞാന്‍ ഞെട്ടിപ്പോയി. അത് അക്ഷരംപ്രതി ശരിയായിരുന്നു.
നമുക്ക് പ്രണയത്തിലാവാന്‍ അറിയാം. സ്വസ്ഥമായി പിരിയാന്‍ അറിയില്ല. ശത്രു രാഷ്ട്രങ്ങള്‍ പോലും ഇതിലും ഭേദമാണ്. അവള്‍ പറഞ്ഞു. പൊതുതാല്‍പ്പര്യമണ്ഡലം, കുട്ടികള്‍, ഉണ്ടോ?
ഉണ്ട്. മകള്‍. അവളുടെ കൂടെയാണ്, ഞാന്‍ മറുപടി പറഞ്ഞു.
ഒരുമിച്ചു മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ എന്റെ അച്ഛനുമമ്മയും പിരിഞ്ഞു എന്ന് അവള്‍ക്ക് അഭിമാനത്തോടെ പറയാന്‍ നിങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനില്‍ക്കേണ്ടതുണ്ട്. വിഭജനം ഒരു തലവേദനയാണ്, രാഷ്ട്രങ്ങള്‍ക്കും വ്യക്തികള്‍ക്കും. മുറിവുകള്‍ ഉണ്ടാകും. സാരമില്ല പതുക്കെ ഉണങ്ങിക്കൊള്ളും. അവള്‍ കാരുണ്യത്തോടെ പറഞ്ഞു.
ഞാന്‍ ഒരു റിട്ടയഡ് കോളേജ് അധ്യാപികയാണ്. ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റില്‍ ജീവിക്കുന്നു.
ഭര്‍ത്താവ്?
മരിച്ചുപോയി. അഞ്ചു വര്‍ഷമായി. പുഞ്ചിരിയോടെയാണവള്‍ അതു പറഞ്ഞത്. അയാള്‍ മരിച്ചതു നന്നായെന്നതു പോലെ.
എന്റെ മനസ്സവള്‍ വായിച്ചതുപോലെ വിശദീകരിച്ചു. ആള്‍ മരിച്ചപ്പോള്‍ ഞാന്‍ ആകെ പകച്ചു പോയി. കുറേ നിലവിളിച്ചു. യജമാനന്‍ മരിച്ച പട്ടിയുടെ മോങ്ങല്‍ മാത്രമായിരുന്നു അതെന്ന് ഞാന്‍ വൈകാതെ തിരിച്ചറിഞ്ഞു. മൃഗശിക്ഷകനെ കൈമോശം വന്ന മൃഗത്തിന്റെ സംഭ്രമം. സ്വാതന്ത്ര്യം എന്തു ചെയ്യണമെന്നറിയാത്ത അടിമയുടെ അനിശ്ചിതത്വം. പതുക്കെ പതുക്കെ ഞാനത് ആസ്വദിച്ചു തുടങ്ങി. അയാള്‍ കുറേ നേരത്തേ മരിച്ചു പോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് പലപ്പോഴും വിചാരിച്ചു. അവള്‍ കുസൃതിയോടെ പറഞ്ഞു.
ഞങ്ങള്‍ മണിക്കൂറുകള്‍ അവിടിരുന്നു. വര്‍ഷങ്ങളുടെ അടുപ്പമുള്ളതു പോലെ സംസാരിച്ചു. മദ്യശാല അടക്കാറായപ്പോള്‍ എഴുന്നേറ്റു. ഞാന്‍ ചോദിച്ചു. ഞാന്‍ നിന്റെ മുറിയിലേക്കോ നീ എന്റെ മുറിയിലേക്കോ?
ലഹരി കുഴച്ച നാവു കൊണ്ട് അവള്‍ പറഞ്ഞു; നീ എന്റെ മുറിയിലേക്ക്.
മുറിയില്‍ വെച്ച് ഞാനവളെ ഉമ്മ വെച്ചു തുടങ്ങിയപ്പോള്‍ ലക്ഷ്മി ചോദിച്ചു, നിന്റെ ആവേശത്തിന്റെ പൊരുളെന്താണ്? ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു വയോധികയെ പ്രണയിക്കുകയും കാമിക്കുകയും ചെയ്യുന്നതിന്റെ അനുഭവാവേശമാണോ? അതോ ഭാര്യയെ നഷ്ടമായ ഒരാളുടെ അടി തെറ്റിയ വീഴ്ചയോ? പരാജിതരായ ആണുങ്ങള്‍ അമ്മമാരെ തേടുന്ന പതിവു തിരക്കഥയോ? എനിക്കറിയില്ല. ഞാന്‍ നിന്നെ പ്രണയിക്കുന്നു.
വാര്‍ധക്യത്തിന്റെ ചുളിവുകളുള്ള അവളുടെ കഴുത്തില്‍ ഞാന്‍ ഉമ്മ വെക്കവേ ലക്ഷ്മി പറഞ്ഞു, ഞാനിപ്പോള്‍ ഒരു ജലജീവിയാണ്. ശല്‍ക്കങ്ങളുള്ള ജല ജീവി.
എന്റെ മല്‍സ്യകന്യകേ, ഞാനവളെ പ്രണയ പൂര്‍വ്വം വിളിച്ചു.
നാല്
ആംബുലന്‍സില്‍ നഗരസഭയുടെ ശവസംസ്‌കാര സ്ഥലത്തേക്ക് പോകവേ ഞാനും നിന്റെ മകനും അടുത്തടുത്തിരുന്നു. ആറു പേര്‍ അവരുടെ കാറുകളില്‍ വന്നു. എല്ലാം പെട്ടന്നു കഴിഞ്ഞു. ഒരു ജീവിതം എത്ര പെട്ടന്നാണ് തെളിവുകളില്ലാതെ അപ്രത്യക്ഷമാകുന്നത്?
അതു കഴിഞ്ഞ് ഞങ്ങള്‍ ഒരു ബാറില്‍ കയറി. മദ്യത്തിന്റെ ലാഘവത്വത്തില്‍ ആറു പേരിലൊരാള്‍ ചോദിച്ചു: നിങ്ങള്‍ ലക്ഷ്മിയുടെ ആരാണ്?
ഞാന്‍ പറഞ്ഞു, സുഹൃത്ത്.
സുഹൃത്ത്? അയാള്‍ നെറ്റിചുളിച്ചു.
എഴുപതു വയസ്സുള്ള ഒരു സ്ത്രീക്ക് സുഹൃത്തുക്കള്‍ ഉണ്ടാവുന്നത് മനസിലാക്കാന്‍ കഴിയാത്ത മനുഷ്യരാണ് നിന്റെ അന്തിമചടങ്ങുകള്‍ക്ക് വന്നിരിക്കുന്നത്. എനിക്ക് സങ്കടം തോന്നി. എത്ര സ്‌നേഹരഹിതവും അനുഭാവ ശൂന്യവുമായ ജീവിതമാണ് നീ ജീവിച്ചത്!
ഞാനെന്റെ മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ കഠിനമായ ഏകാന്തത അനുഭവിച്ചു. നിന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുമ്പോഴെല്ലാം നീ പറയാറുള്ളത് ഓര്‍മിച്ചു. മരണാസന്നമായ ഒരു ശരീരത്തിന് അലിവോടെ എഴുതുന്ന യാത്രാ മംഗളമാണ് നിന്റെ ചുംബനങ്ങള്‍.
എനിക്കു കരച്ചില്‍ വന്നു.
അഞ്ച്
നിന്റെ മകന്റെ കാള്‍ എനിക്കു വന്നു. നിങ്ങളെ കാണാനാവുമോ?
ഞാനാ വിളി പ്രതീക്ഷിച്ചിരുന്നു.
ഞാന്‍ എന്റെ ഫ്ലാറ്റിലേക്കു വരാനുള്ള ഗൂഗിള്‍ മാപ്പ് അയച്ചു കൊടുത്തു. നിന്റെ മരണം ഉണ്ടാക്കിയ ശൂന്യതയെ എങ്ങിനെ അതിജീവിക്കുമെന്നറിയാതെ ഇരിക്കുകയായിരുന്നു ഞാന്‍. നീ മരിച്ചു പോയി എന്നതിനര്‍ത്ഥം ഇനിയൊരിക്കലും എനിക്കു നിന്നെ കാണാനോ തൊടാനോ മിണ്ടാനോ കഴിയില്ലെന്നാണ്. എനിക്കതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഞാനത് അര്‍ഹിക്കുന്നില്ല. എനിക്കിനിയും നിന്നെ കാണണം. നീ മരിച്ചു പോയി എന്നത് എനിക്കു നിന്നെ കാണാന്‍ പറ്റാതിരിക്കാന്‍ മാത്രമുള്ള കാരണമായി എനിക്കു അംഗീകരിക്കാന്‍ കഴിയുന്നില്ല.
തീവ്രമായ അടുപ്പത്തിലിരിക്കുന്ന മനുഷ്യരിലൊരാള്‍ മരിച്ചാല്‍ മരിച്ചയാളിന് മറ്റെയാളെ കാണാന്‍ വരാനുള്ള വൈകാരികവും ധാര്‍മികവുമായ ഉത്തരവാദിത്തമുണ്ട്. എനിക്കുതോന്നി. നീ പക്ഷേ വന്നില്ല. എനിക്ക് നിന്നോട് ദേഷ്യം തോന്നി. നീ എന്താണിത്രയും ഇന്‍സെന്‍സിറ്റീവായി പെരുമാറുന്നത്? ഞാന്‍ ഒന്നിനു പിറകെ മറ്റൊന്നായി പെഗ്ഗുകള്‍ വിഴുങ്ങി.
നിന്റെ മകന്‍ വന്നു. അവന്‍ ഞാന്‍ കരുതിയ അത്രയും ബുദ്ധിശൂന്യനല്ല. അവനെന്റെ അവസ്ഥ മനസ്സിലായി. അവന്റെ അമ്മയുടെ മരണത്തില്‍ ഏറ്റവുമധികം ദുഃഖിക്കുന്ന മനുഷ്യന്‍ ഞാനാണെന്ന് അവന് മനസ്സിലായി.
ഞാനവന് കാപ്പിയുണ്ടാക്കി കൊടുത്തു. നീ പറഞ്ഞ് എനിക്കവന്റെ കാപ്പിയുടെ പാകമറിയാം. ഞങ്ങള്‍ ഏറെ നേരം ഒന്നും സംസാരിച്ചില്ല.
ഞാന്‍ ഫ്രിഡ്ജില്‍ നിന്നു മദ്യക്കുപ്പിയെടുത്തു. അവനെന്തോ എന്നോട് പറയാനുണ്ട്. അത് ഈ കുപ്പിക്കുള്ളിലുണ്ട്. മൂന്നെണ്ണം കഴിച്ചതോടെ അവന്‍ കരയാന്‍ തുടങ്ങി.
ഞാന്‍ അമ്മയോട് നീതി കാണിച്ചില്ല, അവന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.
ഞാനവനെ കരയാന്‍ അനുവദിച്ചു. കരയുന്ന മനുഷ്യരെ കരയാന്‍ വിടുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ചും പുരുഷന്‍മാരെ.
ആണഹന്ത വിട്ട് അവര്‍ കരയുന്നുണ്ടെങ്കില്‍ അതത്രയ്ക്കും മനസ്സിനെ ഉലയ്ക്കുന്ന കാരണം കൊണ്ടാവും.
ടെലിവിഷനില്‍ കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പു ഫലം വന്നു കൊണ്ടിരുന്നു. ബി.ജെ.പി തോറ്റു.
ഇന്ത്യയില്‍ നിന്ന് ബി.ജെ.പി പുറത്താവുന്നതിന്റെ ആദ്യ സൂചനയാണ്. ഞാന്‍ നിന്നോട് പറഞ്ഞു. അതു കാണാന്‍ നില്‍ക്കാതെ നിന്റെ അമ്മ ധൃതിപ്പെട്ട് എങ്ങോട്ടാണ് പോയത്?
മദ്യം കഴിക്കാനായി മാത്രം വന്ന ഒരാളിനെപ്പോലെ അവന്‍ കുടിച്ചുകൊണ്ടിരുന്നു. ഞാന്‍ വിലക്കിയില്ല. നിന്റെ മരണത്തില്‍ തകര്‍ന്നുപോയ ഞാനെന്ന കഥാപാത്രം ഇല്ലായിരുന്നെങ്കില്‍ അവനെ നിന്റെ മരണം ബാധിക്കുമായിരുന്നില്ല.
അവന്റെ പശ്ചാത്താപബോധത്തിനു കാരണം എനിക്കും നിനക്കുമിടയിലെ ആഴമുള്ള ബന്ധമാണ്.
അവന്‍ ഇരുന്നയിരുപ്പില്‍ ചര്‍ദ്ദിച്ചു. ജില്ലാ കലക്ടറായ നിന്റെ മകന്‍. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കരയുകയും ചര്‍ദ്ദിക്കുകയും ചെയ്യുന്ന ജില്ലാ കലക്ടര്‍. ഞാനവന്റെ ഷര്‍ട്ടഴിച്ചു മാറ്റി. കുളിമുറിയിലേക്കു കൊണ്ടു പോയി ഷവര്‍ ഓണ്‍ ചെയ്തു. കുളിച്ചു വരുമ്പോള്‍ അവനു ധരിക്കാനുള്ള ഷര്‍ട്ടും പാന്റും എടുത്തുവെച്ചു.
അവന്‍ ഒന്നും മിണ്ടാതെ വസ്ത്രങ്ങള്‍ ധരിച്ചു. എന്നെ ആലിംഗനം ചെയ്തു. ആ നോവല്‍ നിങ്ങള്‍ പൂര്‍ത്തിയാക്കണം. അവന്‍ പറഞ്ഞു. ഞാനതു ചെയ്യാം. ഞാനവനെ ആശ്വസിപ്പിച്ചു.
അവന്‍ പോയി. ഞാന്‍ ഒറ്റക്കായി.
നിന്റെ മരണം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഞാന്‍ ഏകാന്തനായി.