അനീഷ് ഫ്രാൻസിസ്

വൃന്ദാവൻ ബോയ്സ്

പുഴ കടന്നാൽ ഇടതുവശത്ത് ഒരു റബ്ബർതോട്ടം. വലത്ത് വശം ചേർന്ന് ഒരു ആൽമരം.

കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിലേക്ക് ശിഖരങ്ങൾ പടർത്തി നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ ഒരു കോവിൽ. ഇരുപത്തിയഞ്ചു വർഷങ്ങൾക്കുമുമ്പ് ആ കോവിലിനരികിൽ ഒരു പെട്ടിക്കടയുണ്ടായിരുന്നു. ഞാൻ വണ്ടിയുടെ വേഗം കുറച്ച് വെളിയിലേക്ക് നോക്കി. ഇല്ല, അവിടെ പെട്ടിക്കടയില്ല. കട നടത്തിക്കൊണ്ടിരുന്ന അയ്യപ്പൻ ചേട്ടന് അന്നുതന്നെ പത്തറുപത്തിയഞ്ചു വയസ്സ് കഴിഞ്ഞിരുന്നു.

വൃന്ദാവനിലേയ്ക്ക് ഇനി എങ്ങോട്ടാണ് പോവേണ്ടത്? ഇടത്തോട്ടോ വലത്തോട്ടോ?

തലേന്നത്തെ ലഹരിപ്പാർട്ടിക്ക് ശേഷം ഇന്ന് വളരെ വൈകിയാണ് ഉണർന്നത്. തലയിൽ ഒരു മൂളക്കം മാത്രം.

ഇടത്തേയ്ക്ക് തിരിഞ്ഞു. കൂറ്റൻ കയ്യാലക്കെട്ടുകൾക്കപ്പുറത്ത് കാട്ടുപയർ തഴച്ചു മൂടിയ റബ്ബർതോട്ടങ്ങൾ. നേരം ഉച്ചതിരിഞ്ഞ് രണ്ടു മണി. വഴിയിലെങ്ങും ആരുമില്ല. പണ്ട് റോഡിനിരുവശവും വീടുകളുണ്ടായിരുന്നതായി വിദൂര ഓർമ്മ. തോട്ടങ്ങൾ കെട്ടിടങ്ങൾക്ക് വഴിമാറുന്നതാണ് പതിവ്. ഇവിടെ കെട്ടിടങ്ങൾ മരങ്ങൾക്ക് വഴിമാറിയിരിക്കുന്നു.

മൂത്രശങ്ക. വണ്ടി ഒതുക്കി. എ.സിയുടെ കുളിർമ്മയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പാലക്കാടൻ ചൂട് ചാടിവീണു. ഒരിലപോലും ചലിപ്പിക്കാതെ പ്രകൃതി എന്തോ ഗൌരവമായി ആലോചിക്കുന്നു. ഉണങ്ങിനിൽക്കുന്ന വാഴക്കൂട്ടങ്ങൾ. പറമ്പുകളുടെ അതിരിലെ മുൾവേലിത്തലപ്പുകളിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ചുവന്ന തുമ്പികൾ. ഇലകൾ പൊഴിഞ്ഞു നിൽക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ഒരു നീല തുവാല കീറിയിട്ടതുപോലെ ആകാശം. ഒരു സിഗരറ്റിനു തീ കൊളുത്തി.

ഇന്നലെ റിസോർട്ടിൽ എന്തായിരുന്നു?

അക്ബറും വൈശാഖനും കൂടി പുളയ്ക്കുകയായിരുന്നു. രണ്ടുപേരും രാവിലെ തന്നെ മടങ്ങി. വൈശാഖൻ ഓസ്ട്രേലിയക്ക് തിരിച്ചു പോകുന്നു. അക്ബർ ഹൈദരാബാദിനും. തനിക്ക് നാളെ രാത്രി തിരിച്ചുപോയാൽ മതി. അവരോട് ഒരു ദിവസം കൂടി നില്ക്കാൻ നിർബന്ധിച്ചതാണ്. വൃന്ദാവനിൽ ഒന്ന് കേറിയിട്ട് പോകാൻ...
പക്ഷേ അവന്മാർക്ക് ഒട്ടും നേരമില്ല.

എഞ്ചിനീയറിംഗിന് ഇവിടുത്തെ കോളേജിലാണ് ചേർന്നത്‌. താമസം കോളേജിൽ നിന്ന് നാലഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു വാടകവീട്ടിൽ. ആ വാടകവീടിന്റെ പേരായിരുന്നു വൃന്ദാവൻ. ഞങ്ങൾ നാല് കൂട്ടുകാർ. ഞാൻ വൈശാഖൻ, അക്ബർ, വിനു… കോളേജിൽ ഞങ്ങൾ വൃന്ദാവൻ ബോയ്സ് എന്നറിയപ്പെട്ടു. പഠനം കഴിഞ്ഞ് എല്ലാവരും നാലുവഴിക്ക് പിരിഞ്ഞു. വിനുവിന് വലിയ ആഗ്രഹമായിരുന്നു, ഇവിടേയ്ക്ക് വീണ്ടും വരാൻ. പഠിച്ച കോളേജും ആ നാടും കാണാൻ. ഒരുപാട് പ്ലാൻ ചെയ്തു. എപ്പോഴും എന്തെങ്കിലും പ്രശ്നം വന്നു മുടങ്ങും. ഒന്നുകിൽ ആർക്കെങ്കിലും ഫാമിലിയിൽ പ്രശ്നം, അല്ലെങ്കിൽ ജോലി. വിനുവിന് മാത്രം കുഴപ്പമില്ല. അവനും പെണ്ണും പിടക്കോഴിയുമില്ലായിരുന്നല്ലോ.

കഴിഞ്ഞ കൊറോണക്കാലത്ത് വിനു മരിച്ചു. അവനില്ലാതെ ഒരു ഗെറ്റ് ടുഗദർ ചിന്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

വിനു മരിച്ചതിന്റെ അഞ്ചാം വാർഷികമായിരുന്നു രണ്ട് മാസം മുൻപ്. അന്ന് അക്ബറാണ്‌ എല്ലാവർക്കും ഒന്ന് മീറ്റ് ചെയ്താലോ എന്ന് സജസ്റ്റ് ചെയ്തത്. അത് പഴയ കോളെജിൽ വച്ച് തന്നെയാണെങ്കിൽ വിനുവിന് സന്തോഷമാകുമെന്ന് ഞാൻ പറഞ്ഞു. വിനുവില്ലാതെ കോളേജിൽ പോകാൻ മറ്റുള്ളവർക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല.എങ്കിലും എന്റെ നിർബന്ധത്തിനു അവർ വഴങ്ങി.

ഒരിക്കൽ വിനു എന്നെ പാലക്കാട്ടേക്ക് വിളിച്ചിരുന്നു.

“അവന്മാർ വേണ്ട. നീ വാ. നിനക്കൊരു സർപ്രൈസ് കിട്ടും’’, മദ്യപിച്ചു കുഴഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു. കല്യാണം കഴിക്കാതെ ഒറ്റത്തടിയായി നടക്കുന്നത് കൊണ്ട് അവൻ വളരെ ഫ്രീയായിരുന്നു. ആ ലൈഫ് അവൻ ശരിക്കും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരത്തിലുള്ള എന്തോ കുസൃതി ഒപ്പിച്ചിട്ടാവണം അവൻ അന്ന് വിളിച്ചത് .പക്ഷേ അന്ന് പോകാൻ പറ്റിയില്ല. പിന്നെ വിനുവൊട്ട് വിളിച്ചതുമില്ല.

കോളേജിന്റെ അടുത്തുള്ള ഒരു റിസോർട്ടിൽ മുറി ബുക്ക് ചെയ്തു. ഞങ്ങൾ കാമ്പസിൽ പോയി. അവധിയായിരുന്നതിനാൽ ക്ലാസ് മുറികൾ അടഞ്ഞു കിടന്നു.വല്ലാത്ത മൂകത. പിന്നെ വിനുവിന്റെ അസാന്നിധ്യം. അധികം നേരം അവിടെ ചെലവഴിക്കാതെ റിസോർട്ടിലേയ്ക്ക് മടങ്ങി. വൈശാഖൻ എവിടെനിന്നോ ജോയിന്റ് സംഘടിപ്പിച്ചിരുന്നു.

“എനിക്കിങ്ങോട്ട് വരാൻ താൽപര്യമുണ്ടായിരുന്നില്ല’’, വൈശാഖൻ പറഞ്ഞു.

ഒരു പുകയെടുത്തതിനുശേഷം അവൻ എന്നെ കുറ്റപ്പെടുത്തുന്ന മട്ടിൽ നോക്കി.

“നിന്റെ നിർബന്ധം കാരണമാണ്. അല്ലെങ്കിൽ വല്ല ഗോവയിലോ മറ്റോ പോയി മദാമ്മമാരുടെ കൂടെ അറുമാദിക്കാമായിരുന്നു.” അവൻ പറഞ്ഞു.

“ഒന്ന് അടങ്.പത്തമ്പത് വയസ്സായില്ലേ?” ഞാൻ പറഞ്ഞു.

“അമ്പത്. പത്തിരുപത്തിയഞ്ച് കൊല്ലം പഠിത്തം. പത്തിരുപത്തിയഞ്ചു കൊല്ലം പട്ടിപ്പണി. ജീവിതം പാതി തീർന്നു. കുറച്ചെങ്കിലും ജീവിക്കണ്ടെ?”

“ഇപ്പൊ വിനു ഉണ്ടായിരുന്നെങ്കിൽ എവിടുന്നെങ്കിലും ഒരു കിളുന്തിനെ സംഘടിപ്പിച്ചേനേ...”, അക്ബർ പറഞ്ഞു.

“അക്കാര്യത്തിൽ അവന്റെ കഴിവ് അപാരമായിരുന്നു. പാട്ട് ഇഷ്ടമുള്ള പെൺകുട്ടികളെ പാട്ട് പാടി വീഴ്ത്തും, കവിത ഇഷ്ടമുള്ളവരെ കവിതയിൽ വീഴിക്കും, പെയിന്റിംഗ്.... അളിയന്റെ കഴിവുകൾ എല്ലാം തന്നെ ഇളംമേനികൾക്ക് വേണ്ടിയുള്ളതായിരുന്നു’’.

വൈശാഖ് വിനുവിനെക്കുറിച്ച് പറഞ്ഞത് ശരിയായിരുന്നു.

“ഉണ്ട. അവന്റെ അപ്പനു രണ്ടു മൂന്നു ബാറും ക്രഷറും ഒക്കെ ഉണ്ടായിരുന്നു. അവൻ നല്ലപോലെ കാശും ഇറക്കിയിരുന്നു. കഴിവ് കണ്ടാണ് പെണ്ണുങ്ങൾക്ക് ആരാധന തോന്നുന്നത് എന്നൊക്കെ പറയുന്നത് ചുമ്മാതാ.... കാഷ് ഈസ് ദ മെയിൻ ഫാക്ടർ’’, അക്ബർ പറഞ്ഞു.

“അവൾടെ പേരെന്തായിരുന്നു… രമ്യയോ,രഷ്മിയോ?”
“ആര്?”
“നമ്മുടെ വൃന്ദാവന്റെ ഹൗസ് ഓണർ രാമചന്ദ്രൻ മാഷിന്റെ അമ്മാവന്റെ മോൾ?”
“അത് രാഖി.ബാലചന്ദ്രൻ, ചുള്ളിക്കാടിന്റെ ഫാൻ. അവളല്ലേ ആരാണ്ടടെ കൂടെ ഒളിച്ചോടിയെ’’, വൈശാഖ് ഓർമ്മിച്ചു.

“നിനക്കീ കാര്യത്തിൽ നല്ല ഓർമ്മയാണല്ലോടെ’’, അക്ബർ ഒരു പുകയെടുക്കുന്നതിനിടയിൽ പറഞ്ഞു.

“വിനുവിന് അവളെ ഒരു നോട്ടമുണ്ടായിരുന്നു. ഓർക്കുന്നുണ്ടോ അവൻ നാട്ടിൽ പോയി ഏതോ ലൈബ്രറിയിൽ നിന്ന് മെമ്പർഷിപ്പ് വരെയെടുത്ത് അവൾക്കു വേണ്ടി ഏതോ റെയർ ബുക്ക് ഒക്കെ സംഘടിപ്പിച്ചു കൊണ്ടുവന്നു കൊടുത്തത് ..”, ഞാൻ ചോദിച്ചു.

“അവൾ ഒളിച്ചോടിയത് അളിയന് ഒരു ഷോക്കായിരുന്നു .ഒന്ന് രണ്ടു മാസം സൈലന്റ് ആയി പോയി....” അക്ബർ പറഞ്ഞു.

“അവളെ പറ്റി പിന്നെ വല്ല വിവരവും കിട്ടിയോ? കുറച്ചു നാൾ ഭയങ്കര പുകിലല്ലായിരുന്നോ? അവളെ കാണാതായന്നോ, അവൾ ഏതോ ഭീകര സംഘടനയിൽ ചേർന്നെന്നോ ഒക്കെ പറഞ്ഞ്...”

“ആർക്കറിയാം .. പത്തിരുപത് സപ്ലി എഴുതിയെടുക്കാൻ നോക്കുന്നതിനിടയിൽ ഒളിച്ചോടിയ പെണ്ണിനെ തപ്പി പോകാൻ ആർക്കു നേരം?”

വൈശാഖൻ പറഞ്ഞത് ഓർത്തപ്പോൾ വണ്ടിയോടിക്കുന്നതിനിടയിൽ വീണ്ടും ചിരി വന്നു. ചിന്തകൾക്കിടയിൽ പരിസരം ശ്രദ്ധിച്ചില്ല.തനിക്ക് പിന്നെയും വഴി തെറ്റിയോ?

വഴിയിലെങ്ങും ആരെയും കാണുന്നില്ല. കറുത്ത മതിൽക്കെട്ടുള്ള ഒരു പുരയിടം. അതിനുള്ളിൽ വെളുത്ത കുമ്മായമടിച്ച ഓടിട്ട ഒരു വീട്. പായൽ പിടിച്ച പടിക്കെട്ടുകൾ തുടങ്ങുന്നിടത്ത് ഒരു കരിമ്പന.വൃന്ദാവനെക്കുറിച്ച് ഇത്രയും ഓർമ്മയുണ്ട്.

അന്നിവിടെ മൺറോഡായിരുന്നു. ഇപ്പൊ റോഡിന്റെ വലിപ്പം കൂടി ടാർ ചെയ്തിരിക്കുന്നു. മറ്റൊരു അടയാളം കൂടി ഓർമ്മ വന്നു.

വീട്ടിൽ നിന്ന് കുറച്ചു മാറി പുരയിടത്തിന്റെ തെക്ക് ഭാഗത്ത് ഒരു കല്ലറ. രാമചന്ദ്രൻ മാഷിന്റെ കാർന്നോമ്മാരുടെ വിശ്രമസ്ഥലം. കുറച്ചകലെ താമസിക്കുന്ന രാമചന്ദ്രൻ മാഷിന്റെ അമ്മാവന്റെ വീട്ടുകാരെ എല്ലാ വാവിന്റെയന്നും അവിടെ വിളക്ക് കൊളുത്താൻ ഏൽപ്പിച്ചിരുന്നു. അവിടുത്തെ ഇളയ മോളായിരുന്നു രാഖി.

വീണ്ടും വണ്ടി നിർത്തി. ഇവിടെ മുഴുവൻ കാട് പിടിച്ച റബർ തോട്ടങ്ങൾ മാത്രം.

വൈശാഖിനെയോ അക്ബറിനെയോ ഒന്ന് വിളിച്ചാലോ? വിളിച്ചിട്ടും കാര്യമില്ല. അവന്മാർ ഇപ്പൊ യാത്രയിലായിരിക്കും.

വണ്ടി മുന്നോട്ടെടുത്തു. ഒരു മതിൽക്കെട്ടിന്റെ തുടക്കം കണ്ടു. ഇത് തന്നെയല്ലേ വൃന്ദാവൻ? പക്ഷേ അന്നത്തെതിനേക്കാൾ ഒരു പാട് വ്യതാസം തോന്നുന്നു. ഇടിഞ്ഞു പൊളിഞ്ഞ കറുത്ത മതിൽക്കെട്ടിനു പകരം, കരിങ്കല് കൊണ്ട് കെട്ടിയ കൂറ്റൻ മതിൽ. പഴയ വീടിനുപകരം ഒരു കോൺക്രീറ്റ് സൗധം. വലിയ ഗേറ്റ്.

വണ്ടി നിർത്തി എത്തി വലിഞ്ഞുനോക്കി. ആ പുരയിടത്തിൽ കല്ലറയില്ല.
ഇത് വൃന്ദാവനല്ല.
വണ്ടി തിരിക്കാൻ തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത്.
ഗേറ്റിൽ നിന്ന് കുറച്ചുമാറി ഒരു കരിമ്പന. ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും അതിനു മാറ്റമില്ല. വൃന്ദാവന്റെ മറുക് പോലെ അത് ഉയർന്നു നിൽക്കുന്നു. അപ്പോൾ തനിക്ക് തെറ്റ് പറ്റിയിട്ടില്ല. ഇത് തന്നെയാണ് സ്ഥലം.

ഗേറ്റ് പൂട്ടിയിട്ടില്ല. വിജാഗിരി തള്ളി മാറ്റി ഗേറ്റ് തുറന്നിട്ടു. അന്നത്തെ പടിക്കെട്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പൊ നേരെ വീടിന്റെ മൂന്നിലേക്ക് ഒറ്റ വഴി. വഴിയുടെ ഇരുവശവും ചെടികൾ‍‍. വീടിന്റെ മുറ്റത്ത് വണ്ടി നിർത്തി. ചരൽ വിരിച്ച വിശാലമായ മുറ്റം.

വണ്ടി നിർത്തി പരിസരം വീക്ഷിച്ചു. എവിടെയെങ്കിലും ഇരുപത്തിയഞ്ച് കൊല്ലം മുൻപത്തെ ഓർമ്മകൾ തല പൊക്കുന്നുണ്ടോ?

പണ്ട് വൃന്ദാവന്റെ കിഴക്ക് ഭാഗത്ത് ഒരു കിണർ ഉണ്ടായിരുന്നു. മാത്രമല്ല മുറ്റത്ത് നിന്നാൽ പുരയിടത്തിന്റെ തെക്ക് ഭാഗത്ത് റബ്ബർ മരങ്ങൾക്കിടയിലെ ആ കല്ലറ വ്യക്തമായി കാണാമായിരുന്നു. ഇപ്പോൾ കിണറുമില്ല, മരങ്ങളുമില്ല. കല്ലറയുമില്ല.

വൃന്ദാവൻ ആകെ മാറിപ്പോയിരിക്കുന്നു. മുൻപോട്ട് തള്ളി നിൽക്കുന്ന ഒരു പ്രധാന വരാന്തയും, അതിന്റെ ഇരുവശത്തുമായി മൂന്നു മുറികളും ഒരു അടുക്കളയും. അതായിരുന്നു പഴയ വീടിന്റെ ഒന്നാം നില . രണ്ടാം നിലയിൽ രണ്ടു ചെറിയമുറികൾ. ഓടിട്ട മേൽക്കൂര. ആ വീടിന്റെ സ്ഥാനത്ത് ഇന്ന് ആധുനികരീതിയിൽ പണിത ഇരുനിലക്കെട്ടിടം. സിമന്റ് ബ്ലോക്ക് പാകിയ മുറ്റം.

പക്ഷേ അതിൽ എവിടെയോ വൃന്ദാവൻ ഒളിച്ചിരിക്കുന്നത് പോലെ. തങ്ങൾ നാല് വർഷം ചെലവഴിച്ച വീട്. എത്ര ഓർമ്മകളാണ് ഇവിടെ തനിക്കുള്ളത്.എന്തായാലും വന്നതല്ലേ? ഒന്ന് അകത്തു കയറിയിട്ട് പോകാം. ഡോർ ബെല്ലടിച്ചു.

അകത്ത് അനക്കം ഒന്നുമില്ല. മുൻപിലത്തെ വാതിൽ ചാരിയിട്ടിരിക്കുകയാണ്.

“ഇവിടെ ആരുമില്ലേ?”
മറുപടിയില്ല.

ഒന്ന് കൂടി ഡോർ ബെല്ലടിച്ചു. പ്രതികരണമില്ല.ഒരു വട്ടം കൂടി ബെല്ലടിക്കാൻ ഒരുങ്ങി.പക്ഷേ ഒന്ന് മടിച്ചു. ശല്യപ്പെടുത്തുന്നത് ശരിയാണോ?.

പക്ഷേ ഇരുപത്തിയഞ്ച് കൊല്ലത്തിനുശേഷമാണ് താനിവിടെ വരുന്നത്. ഇനി വരുമോയെന്ന് പോലും അറിയില്ല. ജീവിതമല്ലേ?

മടിച്ചുമടിച്ച് ഒന്നുകൂടി ബെല്ലമർത്തി.

ഇപ്രാവശ്യം അകത്ത് ഒരനക്കം കേട്ടു. ആരോ നടന്നു വരുന്നുണ്ട്. വളരെ പതുക്കെ...

മുൻവാതിൽ ഞരങ്ങി.

“ആരാ? എന്ത് വേണം?” ഒരു പെൺകുട്ടിയുടെ തളർന്ന ശബ്ദം.

വാതിലിന്റെ ഒരു പാളി അൽപ്പം തുറന്നിട്ടുണ്ട്. ചോദിച്ചയാളിന്റെ മുഖം ശരിക്കും കാണാൻ കഴിയുന്നില്ല.

“ഞാനിവിടെ പണ്ട് താമസിച്ചിട്ടുണ്ട്. ഒരു ഇരുപത്തിയഞ്ച് കൊല്ലം മുമ്പ്.. നമ്മുടെ കെ.ഇ.പി എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കാൻ വേണ്ടി ഇവിടെ സ്റ്റേ ചെയ്തിരുന്നു. ചുമ്മാ, ഇവിടെ വന്നപ്പോൾ ഒന്ന് കേറണംന്നു തോന്നി.”

“നിങ്ങൾക്ക് ചിക്കൻ പോക്ക്സ് വന്നിട്ടുണ്ടോ?”, പൊടുന്നനെ അവൾ ചോദിച്ചു.
“ഉണ്ട്.”
“എനിക്ക് ചിക്കൻ പോക്ക്സ് പിടിച്ചിരിക്കുവാണ്. ഇത് മൂന്നാം ദിവസം. അതുകൊണ്ടാണ് ചോദിച്ചത്’’, അവൾ തളർന്ന സ്വരത്തിൽ പറഞ്ഞു.
“ഓ, സോറി.”
“ഇറ്റ്‌സ് ഓക്കെ, കയറിവരാൻ ധൈര്യം ഉണ്ടെങ്കിൽ വരാം.”

അവൾ ഒരു വാതിൽപാളി അൽപ്പം തുറന്നു തല പുറത്തേയ്ക്ക് നീട്ടി. അവളുടെ മുഖം മുഴുവൻ കുരുക്കൾ. പൊട്ടിയതും പൊട്ടാൻ തുടങ്ങുന്നതുമായ കുരുക്കൾക്കിടയിൽ ഒരു സ്വർണ്ണമുക്കുത്തിയുടെ തിളക്കം. അഴിഞ്ഞുലഞ്ഞു പാറിപ്പറക്കുന്ന മുടി. അവൾ അൽപ്പനേരം തന്നെ നോക്കി നിന്നു.

“ചേട്ടൻ സൈക്കോ ഒന്നുമല്ലല്ലോ അല്ലെ?” ഞാനിവിടെ ഒറ്റയ്ക്കാ’’, അവൾ പറഞ്ഞു.

“ഹ ഹ. പേടിക്കണ്ട.... ഒരു പ്രശ്നവുമില്ല. കുട്ടിക്ക് ബുദ്ധിമുട്ടാവുലോ എന്ന ടെൻഷൻ മാത്രം...”, ഞാൻ പറഞ്ഞു.

അവൾ വാതിൽ മുഴുവൻ തുറന്നു.
സ്വീകരണമുറിയിലെ ചില്ല് ജനാലകളിൽ വെളുത്ത കർട്ടനുകൾ. അവൾ ഒരു ജനാല തുറന്നിട്ടു. പച്ച നിറത്തിൽ ഒരു സോഫ. നീലയും ചുവപ്പും മഞ്ഞയും നിറമുള്ള കുഷ്യനുകൾ അവിടവിടെയായി കിടക്കുന്നു. ടീപ്പോയിൽ അരുന്ധതി റോയിയുടെ പുക വലിക്കുന്ന മുഖമുള്ള പുസ്തകം.

“മരുന്ന് കഴിക്കുന്നില്ലേ?” ഞാൻ ചോദിച്ചു.
“ഇല്ല. ശരിക്കും വന്നുപോട്ടെന്നു വിചാരിച്ചു’’.
“സഹായത്തിന്?”
അവളുടെ മുഖത്തെ വരണ്ട ചിരിയിൽ അതിനുള്ള ഉത്തരമുണ്ടായിരുന്നു.
അവൾ സോഫയിൽ തളർന്നിരുന്നു.
“നിക്കൊട്ടും വയ്യ. മുഖം മുഴുവൻ സൂചി കൊണ്ട് കുത്തുന്നത് പോലെ’’, അവൾ പറഞ്ഞു.

“എന്തെങ്കിലും മരുന്ന് കഴിക്കാമായിരുന്നു. ഇത്ര പെയിൻ വരില്ല’’, ഞാൻ പറഞ്ഞു.
“എനിക്ക് പെയിൻ ഇഷ്ടമാണ്. അതുണ്ടെങ്കിൽ പലതും മറക്കാൻ എളുപ്പമാണ്’’, അവൾ മുഖം പൊത്തിക്കൊണ്ട് പറഞ്ഞു.

“കുരുവിൽ പിടിച്ചമർത്തരുത്. അത് പൊട്ടിയാൽ അവിടം പിന്നെ കുഴിയാകും. മുഖം ആകെ വൃത്തികേടാകും.”

“കല്യാണവും പ്രേമവും ഒക്കെ നോക്കുന്നോർക്കല്ലേ മുഖസൗന്ദര്യമൊക്കെ നോക്കെണ്ടതുള്ളൂ.”

ജനാലവിരികൾ ചൂടുകാറ്റിൽ ഇളകി. അവൾ സോഫയിൽ ചാരിക്കിടന്നു കണ്ണടച്ചു.

“ഇയാൾ എന്തേലും കഴിച്ചായിരുന്നോ?’’, ഞാൻ ചോദിച്ചു.

“വിശപ്പില്ല. നിങ്ങൾ വീട് കണ്ടോളൂ..”, പറഞ്ഞിട്ട് അവൾ കണ്ണടച്ച് സോഫയിൽ ചുരുണ്ടുകിടന്നു.

ഞാൻ അടുക്കളഭാഗത്തേയ്ക്ക് നടന്നു. മുൻപ് അടുക്കളയുടെ വശത്ത് ഒരു മുറിയുണ്ടായിരുന്നു. രാമചന്ദ്രൻ മാഷ് വല്ലപ്പോഴും വരുമ്പോൾ തങ്ങുന്ന മുറി. അവിടെ ഒരു ടി. വിയുണ്ടായിരുന്നു. പിന്നെ രണ്ടു അലമാര നിറച്ചു പുസ്തകങ്ങളും. എം.ടിയുടെ മഞ്ഞും മാർക്കേസിന്റെ അപരിചിത ത്വീർത്ഥാടകരും ആദ്യം വായിച്ചത് ആ മുറിയിൽ വച്ചാണ്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന ഡ്യൂട്ടി ഓരോരുത്തർക്കും ഓരോ ദിവസമായി വിഭജിക്കപ്പെട്ടിരുന്നു. അതിന്റെ പേരിൽ എത്ര വട്ടം ഞങ്ങൾ വഴക്കിട്ടു. രാമചന്ദ്രൻ മാഷിനു വീട്ടിൽ നോൺ കയറ്റരുതെന്നു നിർബന്ധമുണ്ടായിരുന്നു. ഒരിക്കൽ അക്ബർ ഉണക്കമീൻ ഫ്രൈ ചെയ്തു കൊണ്ടിരുന്നപ്പോൾ രാമചന്ദ്രൻ മാഷ് കേറി വന്നതും മീൻ എടുത്തു ദൂരെ കളഞ്ഞതും മറ്റും എങ്ങിനെ മറക്കും.

അടുക്കളയുടെ ഒരു മൂലയ്ക്ക് മദ്യക്കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നു. ഫ്രിഡ്ജിൽ നിറയെ ബിയർക്കുപ്പികൾ. സിങ്കിൽ കഴുകാതെ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ.

അടുക്കളയുടെ വലതു വശത്ത് പണ്ട് രാമചന്ദ്രൻ മാഷ് ഉപയോഗിച്ചിരുന്ന റൂമിന്റെ സ്ഥാനത്തു ഇപ്പോൾ ഒരു സ്റ്റോർ റൂമാണ്. ഒരു ചുവന്ന ബക്കറ്റിൽ കുറച്ചു അരിയിരിപ്പുണ്ട്.

കുക്ക് ചെയ്യുന്ന ടേബിൾ ഒന്ന് വൃത്തിയാക്കി. ആദ്യം വെള്ളം തിളപ്പിച്ചു. പിന്നെ അരി കഴുകിയിട്ടു. ഫ്രിഡ്ജിൽ നിന്ന് ഒരു ബിയർ കുപ്പിയുമായി സ്വീകരണമുറിയിലേക്ക് ചെന്നു.

അവൾ തളർന്നുറങ്ങുകയാണ്.

കവിളിൽ തട്ടിയപ്പോൾ അവൾ ഞരങ്ങിക്കൊണ്ട് ഉണർന്നു. അവൾ തന്നെ കണ്ണ് മിഴിച്ചു നോക്കി.

“ഞാൻ ഒരു ബിയർ എടുക്കുന്നത് കൊണ്ട് വിരോധമില്ലല്ലോ..?” ഞാൻ ചോദിച്ചു.

അവളുടെ കണ്ണുകൾ പാതി മയക്കത്തിൽ വീണ്ടുമടഞ്ഞു.

“എടുത്തോണ്ട് വന്നിട്ടാണോ ചോദിക്കുന്നെ?” അവൾ ചോദിച്ചു.

അവൾ അറിയാതെ വീണ്ടും കൈകൾ കൊണ്ട് മുഖത്ത് പരതാൻ തുടങ്ങി.

“സ്റ്റോപ്പ്’’, ഞാൻ പറഞ്ഞു.
അവൾ വേഗം കൈ താഴെയിട്ടു എന്നെ നോക്കി.

“ഇനി തൊടാൻ തോന്നുമ്പോൾ മനസ്സിൽ സ്റ്റോപ്പ് എന്ന് പറയണം’’, ഞാൻ പറഞ്ഞു.

അവൾ തളർച്ചയോടെ തലയാട്ടി.

“എനിക്കൊട്ടും വയ്യ’’, അവൾ വീണ്ടും പറഞ്ഞു.

ഞാൻ അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസിൽ ചൂട് വെള്ളം ആറ്റിച്ച് കൊണ്ടുവന്നു, “ഇത് കുടിക്ക്’’, ഞാനവളെ നിർബന്ധിച്ചു.

അവൾ ഒരു വിധത്തിൽ നിവർന്നിരുന്നു. പിന്നെ വെള്ളം കുടിക്കാൻ തുടങ്ങി. ഈ പാലക്കാടൻ ചൂടിൽ ഒരു തണുത്ത ബിയർ. അതും വർഷങ്ങൾക്ക് ശേഷം വൃന്ദാവനിൽ വച്ച്. ഞാൻ കൂട്ടുകാരെ മനസ്സിൽ ഒന്ന് ഓർത്തു. പിന്നെ ഒരു സിപ്പെടുത്തു.

അവൾ കൈ നീട്ടി എന്നെ തൊട്ടു.
“ആർ യൂ റിയൽ? എനിക്കിതൊരു സ്വപ്നം പോലെ തോന്നുന്നു.”
“നമ്മൾ കാണുന്നതെല്ലാം ഒരു സ്വപ്നത്തിനുള്ളിലെ സ്വപ്നം മാത്രം.”
അവൾ കണ്ണുകൾ വിടർത്തി എന്നെ നോക്കി.
“അത് ഞാൻ പറഞ്ഞതല്ല.”
“എഡ്ഗാർ അലൻ പോ?” അവൾ ചോദിച്ചു.
“അതെ.”
അവൾ പുഞ്ചിരിച്ചു.
“ഒരു വ്യതാസം തോന്നുന്നുണ്ട്. വെള്ളം കുടിച്ചു കഴിഞ്ഞപ്പോ..”
“എന്ത് വ്യതാസം?”
“ഇത്രയും നേരം എനിക്കീ ലോകം മുഴുവൻ ബോംബ് പൊട്ടിച്ചു കളയാൻ തോന്നുകയായിരുന്നു. ഇപ്പൊ അത് മാറി’’.
“പിന്നെ?”
“ഇപ്പൊ ദൂരെ ഉള്ള ഏതെങ്കിലും ഗ്രഹത്തിൽ ചെന്നിരുന്നു ഇങ്ങോട്ട് കല്ല് പെറുക്കി എറിയാൻ തോന്നുന്നു.”
“ചില പ്രത്യേക ആളുകളെ, അല്ലെ?” ഞാൻ ചോദിച്ചു.

ഇപ്രാവശ്യം ഞങ്ങൾ രണ്ടാളും ഒരുമിച്ചാണ് ചിരിച്ചത്.

“ശരിക്കും ഈ വീട് തന്നെയാണോ നിങ്ങളുടെ?” അവൾ ചോദിച്ചു.
“അതോ എന്നെ കൊന്ന് ഈ വീട് കൊള്ളയടിച്ചു പോകാൻ വന്നതോ?’
“അതായിരുന്നു പ്ലാൻ. പിന്നെ വേണ്ടെന്നു വച്ചു. ഇയാള് ചത്തു വേറെ വല്ലോ ഗ്രഹത്തിലും ചെന്ന് എന്നെ കല്ല് പെറുക്കി എറിഞ്ഞാലോ?’’
അവൾ വീണ്ടും ചിരിച്ചു.
ഞാൻ എഴുന്നേറ്റു. പിന്നെ ഒരു വട്ടം ചുറ്റും നോക്കി.
“ഈ വീട് തന്നെയാണ്. ഒരുപാട് വ്യതാസം വന്നിട്ടുണ്ട്. പക്ഷേ എവിടെയൊക്കെയോ പഴയ വീട് ഒളിഞ്ഞിരിക്കുന്നത് പോലെ. എനിക്കും സത്യം പറഞ്ഞാൽ നൂറു ശതമാനം ഉറപ്പില്ല.”
“നിങ്ങളുടെ മുറി ഏതായിരുന്നു?”, അവൾ ചോദിച്ചു.

ഞാൻ ഇടതുവശത്തെ മുറി ചൂണ്ടിക്കാട്ടി.
“ആ മുറി. പക്ഷേ ഇത്ര വലിപ്പമില്ലായിരുന്നു.”
“ഞാനുമിവിടെ വാടകയ്ക്കാണ്. ഇപ്പൊ ആ മുറിയിലാണ് കിടക്കുന്നത്.”

അവൾ എഴുന്നേറ്റു മുറി തുറന്നു. അവളുടെ കുരുക്കൾ നിറഞ്ഞ മുഖത്തിന് പിന്നിൽ ശോഭയുള്ള മറ്റൊരു മുഖം ഒളിച്ചിരിക്കുന്നത് പോലെ എനിക്ക് തോന്നി. മേശയിലും കട്ടിലിലും ചിതറി കിടക്കുന്ന പുസ്തകങ്ങൾ. ഭിത്തിയിൽ സിൽവിയാ പ്ലാത്തിന്റെ ഒരു വലിയ ചിത്രം.

“സിൽവിയ ആണോ ഇഷ്ട എഴുത്തുകാരി?”
“ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ കൂടുതൽ ഇഷ്ടം അവരുടെ കെട്ടിയോനെയാണ്. പേര് മറന്നു.”
“ടെഡ് ഹ്യൂഗ്സ്.”
“അത് തന്നെ’’.

അവൾ മുറിക്കുള്ളിൽ കടന്ന് അലമാര തുറന്നു. നിരനിരയായി വച്ചിരിക്കുന്ന പുസ്തകങ്ങൾക്കിടയിൽ നിന്ന് ഒരു പുസ്തകം തിരഞ്ഞു കണ്ടുപിടിച്ചു. ഇപ്പോൾ അവളുടെ ക്ഷീണം മാഞ്ഞുപോയത് പോലെ.

സിൽവിയാ പ്ലാത്തിന്റെ മുഖമുള്ള മഞ്ഞനിറമുള്ള കവർ കണ്ടപ്പോഴേ എനിക്ക് പുസ്തകം ഏതെന്നു മനസ്സിലായി. ജോണി പാനിക്ക് ആൻഡ് ദി ബൈബിൾ ഓഫ് ഡ്രീംസ്. സിൽവിയാ പ്ലാത്തിന്റെ കഥകളും കവിതകളും കുറിപ്പുകളും അടങ്ങിയ പുസ്തകം.

“ഇതിൽ ഹ്യൂഗ്സ് എഴുതിയ ആമുഖം വായിച്ചു അങ്ങേരുടെ ഫാനായി, അല്ലെ?” ഞാൻ ചോദിച്ചു. അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.

ഞങ്ങൾ അടുത്ത മുറിയിലേക്ക് നടന്നു. ഇരുണ്ട മുറി. ഒരു ടേബിളും ചെയറും മാത്രം.
“ഞാനിവിടിരുന്നാ എഴുത്ത്. പിന്നെ പഠിത്തവും.”

“ഇത് വൈശാഖന്റെ മുറിയായിരുന്നു. അവൻ ഗ്രാഫിക്സിൽ പുലിയായിരുന്നു. ഇവിടെയിരുന്നു ഞങ്ങൾ കുറെ വരച്ചിട്ടുണ്ട്’’.
“വെള്ളമടിച്ചിട്ടില്ലേ?”
“അതീ മുറി മാത്രമല്ല. എല്ലാ മുറിയിലും’’.

രണ്ടാം നിലയിലേക്കുള്ള സ്റ്റെയർകേസിൽ കയറുന്നതിനു മുൻപ് ഞാൻ ഒരു നിമിഷം നിന്നു. ഞങ്ങൾ താമസിച്ചിരുന്നപ്പോൾ തടികൊണ്ടുള്ള ചവിട്ടു പടികളായിരുന്നു രണ്ടാം നിലയിലേക്ക്. ചവിട്ടുപടികൾ തുടങ്ങുന്നിടത്തു മഞ്ഞ നിറമുള്ള ഭിത്തിയിൽ വെളുത്ത കുമ്മായം പൂശിയ ഒരു തടി ജനാലയുണ്ടായിരുന്നു. ജനാലപ്പടിയിലിരുന്നാൽ നല്ല കാറ്റ് കിട്ടും.അവിടെയിരുന്നാൽ പറമ്പിന്റെ തെക്ക് വശത്തുള്ള കല്ലറ കാണാം. ചില രാത്രികളിൽ ഇരുട്ടിൽ ജ്വലിക്കുന്ന മഞ്ഞനാളം കാണാം. പക്ഷേ ഇപ്പൊ ആ ജനാലയുടെ സ്ഥാനത്ത് ഓഫ് വൈറ്റ് നിറമുള്ള ഭിത്തിയാണ്.

“മുഖം മുഴുവൻ കുത്തി പൊളിക്കുന്ന വേദന.”
അവൾ ഭിത്തിയിൽ ചാരിനിന്ന് പറഞ്ഞു.
“വേദന വരണം. എന്നാലെ കരിയൂ.”
“ജീവിതത്തിൽ മാത്രം എന്താ അങ്ങിനെ സംഭവിക്കാത്തെ? ഒണ്ലി വേദന. നോ കരിയൽ.?”
ഇപ്പോൾ അവളുടെ മുഖത്ത് വരണ്ട ചിരിയുണ്ട്.
“എന്തെങ്കിലും ചെല്ലണം ഉള്ളിലോട്ടു.അപ്പൊ കരിയാൻ തുടങ്ങും.”
“സ്നേഹം?”
“അല്ല. കഞ്ഞി.”
“കൊതി തോന്നുന്നു. കഞ്ഞി കുടിക്കാൻ.” അവൾ പറഞ്ഞു.

ഞങ്ങൾ മുകളിലെത്തി. രണ്ടു മുറികൾ. ആദ്യത്തെ മുറിയായിരുന്നു വിനുവിന്റെ. മറ്റേ മുറി വിനുവിന്റെ പൂജാമുറിയായിരുന്നു. രണ്ടു മുറിയും അടഞ്ഞു കിടന്നു. ഒന്നാമത്തെ മുറിയുടെ മുൻപിൽ ഗ്രില്ലിട്ട ഒരു ചെറു വരാന്ത. അവിടെ രണ്ടു വെളുത്ത ചൂരൽകസേരകൾ കിടന്നു.

“ഭയങ്കര ക്ഷീണം. കുറച്ചുനേരമീ വരാന്തയിൽ കൂടാരമടിച്ചാലോ’’, അവൾ ചോദിച്ചു.

“ഒരു മിനിറ്റ്’’, പറഞ്ഞതിനുശേഷം ഞാൻ താഴേക്ക് പോയി. അടുക്കളയിൽ ചെന്ന് വെന്ത കഞ്ഞി ഒരു പാത്രത്തിൽ പകർന്നു. രണ്ടു മുളകും ഉള്ളിയും ഉപ്പും ചേർത്തു ചതച്ചു. ഞാനതുമായി മുകളിലെത്തിയപ്പോൾ അവൾ കസേരയിൽ ചാരിയിരുന്നു ഉറങ്ങുകയായിരുന്നു. തോളിൽ തട്ടിയപ്പോൾ ഞെട്ടിയുണർന്നു.

സ്പൂണിൽ കഞ്ഞി കോരിക്കുടിക്കുമ്പോൾ അവൾ കണ്ണ് തുടച്ചു.
“ഒത്തിരി എരിവുണ്ടോ?”
അവൾ എന്നെ നിർന്നിമേഷമായി നോക്കി.
“എരിവിന്റെയല്ല.” അവൾ പറഞ്ഞു.

“ഇടയ്ക്ക് ഞാൻ ഹെയർ മസാജ് ചെയ്യാൻ പോകും. അവിടുത്തെ ചേച്ചി എന്റെ കവിളിൽ തിരുമ്മും. അപ്പോഴും ഇതുപോലെ എന്റെ കണ്ണ് നിറയും. ശരിക്കും ഞാൻ അവിടെ പോകുന്നത് അവർ എന്റെ കവിളിൽ പിടിച്ചമർത്താൻ വേണ്ടിയാണ്.”

ഗ്രില്ലിന്റെ ഇരുമ്പഴികൾക്കപ്പുറം കരിമ്പനയുടെ തലപ്പ് കാണാമായിരുന്നു. മുടിയഴിച്ചിട്ട് അവശയായി നിൽക്കുന്ന ഒരു യക്ഷിയെപ്പോലെ അത് നിൽപ്പ് തുടരുന്നു.

“ഈ വരാന്തയിലായിരുന്നു ഞങ്ങളുടെ കംബ്യൂട്ടർ. പിരിവിട്ടു വാങ്ങിച്ച ഒരു പി.ത്രീ സിസ്റ്റം. ഇവിടെയിരുന്നു എത്ര സിനിമകൾ കണ്ടു. പക്ഷേ അന്നത്തെ വരാന്തയ്ക്ക് ഇത്ര വലിപ്പം ഉണ്ടായിരുന്നില്ല.”

“ഇത്ര വർഷം കഴിഞ്ഞില്ലേ... ഓർമ്മകൾ വളർത്തിയതാവും’’, അവൾ പറഞ്ഞു.
“ഈ മുറികൾ തുറക്കാറില്ലേ?” ഞാൻ ചോദിച്ചു.

“ആദ്യത്തെ മുറി പഴയ ഹൌസ് ഓണറുടെ സാധനങ്ങൾ ഒക്കെ വച്ചിരിക്കുന്നതാ. അത് ഞാൻ ഇത് വരെ തുറന്നിട്ടില്ല. മറ്റേ മുറി ഒരിക്കൽ തുറന്നു. സൂയിസൈഡ് ചെയ്യാൻ... പിന്നെ വേണ്ടെന്നു വച്ചു.”
അവൾ ഒരു സ്വാഭാവിക കാര്യം പറയുന്നത് പോലെ പറഞ്ഞു.

“എന്താ വേണ്ടെന്നുവച്ചത്?”

അവൾ പ്ലേറ്റ് ഗ്രില്ലിന്റെ അരികിൽ വച്ചിട്ട് എഴുന്നേറ്റു ചെന്ന് ആ മുറി തുറന്നു. ഒരു കിളിവാതിൽ പോലൊരു ജനാല മാത്രമുള്ള ശൂന്യമായ മുറി. അവൾ ആ ജനാല തുറന്നു പുറത്തേയ്ക്ക് ചൂണ്ടി. പുറത്ത് നിറയെ പൂത്ത ഒരു കൊന്നയുടെ ശിഖരം.

“അന്ന് ഞാനീ ജനാല തുറന്നപ്പോൾ ഇതേ കാഴ്ചയായിരുന്നു കണ്ടത്. വെയിലേറ്റ് സ്വർണ്ണനിറം തോന്നിക്കുന്ന കൊന്നപ്പൂക്കൾ. അതിന്റെ അരികിൽ ഒരു കുരുവി കൂട് വയ്ക്കാൻ തുടങ്ങുന്നതും.”

ഞാനൊന്നും മിണ്ടിയില്ല.

“എന്താ ആലോചിക്കുന്നത്? അന്നു ഈ മുറി എങ്ങിനെയായിരുന്നെന്നോ?” അവൾ ചോദിച്ചു.

“ഓർമ്മകൾ ആകെ കൂടിക്കുഴഞ്ഞു....
അന്നൊരു മുറി ഉണ്ടായിരുന്നു. ഞങ്ങളുടെ ഫ്രണ്ട് വിനു അത് പൂജാമുറിയായിട്ടാ ഉപയോഗിച്ച് കൊണ്ടിരുന്നത്. പക്ഷേ അതിനിങ്ങനെ ഒരു കിളിവാതിൽ ഉണ്ടായിരുന്നില്ല.”

ഞങ്ങൾ രണ്ടാമത്തെ മുറിയുടെ മുന്നിൽ ചെന്ന് നിന്നു. അവൾ ഭിത്തിയിലെ രവിവർമ്മ ചിത്രത്തിനു പിന്നിൽ നിന്നു ഒരു താക്കോൽ എടുത്തുകൊണ്ടു വന്നു ആ മുറി തുറന്നു.

“ഇതും കൂടി കണ്ടോളൂ..”, തുറക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ഞങ്ങൾ അകത്തു കടന്നു.

ഭിത്തിയിൽ വിനുവിന്റെ ഒരു ഫോട്ടോ. അവൻ ആ വീടിന്റെ മുൻപിൽ നിൽക്കുന്ന ചിത്രം.

“അത് പഴയ ഹൌസ് ഓണർ ആണെന്ന് തോന്നുന്നു.”
അവൾ പറഞ്ഞു.
അപ്പോൾ ഈ വീട്... ഇത് വിനു വാങ്ങിയിരുന്നോ?.
മുറിയുടെ ഒരു മൂലയ്ക്ക് ഞങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന പി.ത്രീ കമ്പ്യൂട്ടർ.
“ഇത് വർക്ക് ചെയ്യുമോ?” ഞാൻ അവളോട് ചോദിച്ചു.
“പഴയ വിൻഡോസ് 95 ആണ്. പക്ഷേ പഴയ ഹൌസ് ഓണർ കാര്യമായി സൂക്ഷിച്ചതാണ്. ഞാൻ ഒരിക്കൽ ഓൺ ചെയ്തു നോക്കിയിട്ടുണ്ട്. പക്ഷേ പെട്ടെന്ന് ഓഫായി പോകും’’.
അവൾ കമ്പ്യൂട്ടർ ഓൺ ചെയ്തു. വിൻഡോസ് ലോഡ് ചെയ്തു. ഡസ്ക്ടോപ്പിൽ വിനുവും മറ്റൊരു പെൺകുട്ടിയും ചേർന്ന് നിൽക്കുന്ന ചിത്രം. അത്.. അത് രാഖിയല്ലേ..

അടുത്ത നിമിഷം കമ്പ്യൂട്ടർ ഓഫായി.

“ഒരുപാട് വർഷം പഴക്കമുള്ള കമ്പ്യൂട്ടർ അല്ലെ ..അതുകൊണ്ടാണ്’’, അവൾ പറഞ്ഞു.
ഇതായിരുന്നോ അവന്റെ രഹസ്യം? അതോ മറ്റേതെങ്കിലും രഹസ്യം ഒളിപ്പിക്കാൻ ശ്രമിച്ചതോ?

ഞങ്ങൾ മുറിയടച്ചു പടികൾ ഇറങ്ങി.

“വീടെല്ലാം കണ്ടിട്ട് എന്ത് തോന്നി. ഓർമ്മകൾ തിരിച്ചു വന്നോ?” അവൾ ഞാൻ ഇറങ്ങിവരുന്നതും കാത്തു പടികളുടെ ചുവട്ടിൽ നിൽക്കുകയായിരുന്നു. ഞാൻ ഭിത്തിയിലേക്ക് വിരൽ ചൂണ്ടി.

“പണ്ട് അവിടെയൊരു ജനലുണ്ടായിരുന്നു. ഇപ്പൊ അതില്ല. ഭിത്തി മാത്രം. അതുപോലെയായി എന്റെ ഓർമ്മകളും.”

അവൾ സ്വീകരണമുറിയിലെ സെറ്റിയിൽ ചുരുണ്ട് കൂടി.

“ഇപ്പൊ എങ്ങിനെയുണ്ട്?”

“കഞ്ഞി കുടിച്ചപ്പോൾ ആശ്വാസം. വേദന കുറഞ്ഞു .. ഉറക്കം വരുന്നുണ്ട്.”

ഞാൻ അവൾക്കരികിൽ ഇരുന്നു. പുറത്ത് ജനാലയ്ക്കപ്പുറത്ത് കരിമ്പനത്തലപ്പിനു കുട പോലെ ഒരു മേഘം വട്ടംചുറ്റുന്നു.

“എനിക്ക് പോകാൻ സമയമായി.”

അവൾ കണ്ണ് തുറന്നു എന്നെ അൽപ്പനേരം നോക്കി.

“എനിക്ക് തോന്നുന്നു ഇതൊരു ഹാലുസിനേഷൻ ആണെന്ന്. എന്റെ അസുഖം വഷളായപ്പോ എന്റെ മനസ്സ് സൃഷ്ടിച്ചതാവണം നിങ്ങളെ...”

ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു, “എന്താ അങ്ങിനെ തോന്നാൻ?”
അവൾ വീണ്ടും പറഞ്ഞു, “നിങ്ങൾ എന്നോട് ഒന്നും ചോദിച്ചില്ല. നോ ജഡ്ജ്മെന്റ്. ഞാൻ എന്തിനു സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു. എനിക്ക് റിലേഷനില്ലേ.. എന്നൊക്കെ..”

സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നു. ഞാൻ അവളെ എഴുന്നേൽപ്പിച്ചു മുറിയിൽ കൊണ്ടുപോയി കിടത്തി. അവൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഈ സന്ദർശനം ഒരു സ്വപ്നമായി മാറും, വാതിൽ ചാരിയിടുമ്പോൾ എനിക്ക് തോന്നി.

പുറത്തു ചൂട് കുറഞ്ഞിരിക്കുന്നു. ഇലചാർത്തുകൾക്കിടയിൽ പോക്കുവെയിലിന്റെ സ്വർണ്ണത്തുണ്ടുകൾ വീഴുന്നു.

എന്തുകൊണ്ടോ ഞാൻ വിനുവിനെക്കുറിച്ച് മനഃപ്പൂർവം ഓർക്കാൻ ശ്രമിച്ചില്ല. വണ്ടി മുന്നോട്ടെടുക്കുന്നതിനു മുൻപ് എല്ലാം മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിച്ചു. അവന്റെ രഹസ്യങ്ങൾ രഹസ്യങ്ങളായി തുടരട്ടെ.

പാലം കടക്കുന്നതിനു മുൻപ് ആൽമരത്തിനു ചുവട്ടിലുള്ള കോവിലിൽ ഞാൻ വണ്ടി നിർത്തി. ആൽമരത്തിനു മുന്നിൽ ബീഡി പുകച്ചു കൊണ്ടിരിക്കുന്ന വൃദ്ധൻ എന്നെ കണ്ടു അടുത്തു വന്നു. അയ്യപ്പൻ ചേട്ടൻ. അയാൾക്ക് ഇപ്പോഴും യാതൊരു മാറ്റവുമില്ല.

“വഴി തെറ്റിയല്ലേ...?”അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു. ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

“നിങ്ങൾ പിള്ളര് സെറ്റ് അന്ന് താമസിച്ച രാമചന്ദ്രൻ മാഷിന്റെ വീട് ഇവിടുന്നു വലത്തോട്ട് പോണം.”, അയാൾ പറഞ്ഞു.
“വലത്തോട്ട്?” ഞാൻ ആവർത്തിച്ചു ചോദിച്ചു.
“അതെ. വൃന്ദാവൻ വലത്തോട്ടുള്ള വഴിയിലാണ്.”
“അപ്പൊ ഇടത്തോട്ടുള്ള വഴി?”
“ആ ഭാഗം മുഴുവൻ തോട്ടമല്ലേ.. ആ പിന്നെ ഒരു വീടുണ്ട്. രാമചന്ദ്രൻ മാഷിന്റെ അമ്മാവന്റെ.... അവരല്ലേ അവിടെ ഇടയ്ക്ക് നിങ്ങളുടെ വീട്ടിൽ വിളക്ക് വയ്ക്കാൻ വന്നിരുന്നത്..”

ഞാൻ ദീർഘമായി നിശ്വസിച്ചു. എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും ഞാനത് വേണ്ടെന്ന് വച്ചു.

“പിന്നെ ഒരിക്കൽ വരാം. ഇപ്പൊ ഒരുപാട് താമസിച്ചു.” ഞാൻ അയ്യപ്പൻ ചേട്ടനോട് യാത്ര പറഞ്ഞു. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു. റിയർവ്യൂ മിററിൽ ആൽമരവും ആ കവലയും ചെറുതായി ചെറുതായി വരുന്നത് നോക്കി ഞാൻ വണ്ടി മുൻപോട്ടോടിച്ചു. കണ്ണാടിയിലെ ദൃശ്യത്തിൽ അയ്യപ്പൻ ചേട്ടൻ ഉണ്ടായിരുന്നില്ല. ഈ നിമിഷത്തിനുവേണ്ടി മാത്രമായി അയാൾ കാലത്തിനുപിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ടതാണോ?

പാലം കടന്നതിനുശേഷം ഞാൻ വണ്ടി നിർത്തി പുറത്തിറങ്ങി. പുഴയുടെ തീരത്തേക്ക് ചാഞ്ഞുകിടന്ന ഇല്ലിക്കാടിനു മുകളിലെ സന്ധ്യാകാശത്തിലൂടെ ഒരു കൂട്ടം പക്ഷികൾ പറന്നുപോകുന്നതും നോക്കി ഞാൻ അൽപനേരം നിന്നു.


Summary: Vrindavan boys, Malayalam Short Story written by Aneesh Francis published in Truecopy Webzine packet 264.


അനീഷ് ഫ്രാൻസിസ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. വൈദ്യുത ബോർഡിൽ അസിസ്റ്റൻറ്​ എഞ്ചിനീയർ. ദൂരെ ദൂരെ റോസാക്കുന്നിൽ (കഥ) വിഷാദ വലയങ്ങൾ, ശ്വേതദണ്ഡനം (നോവെല്ല) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments