എസ്. സൈനബ

യക്ഷി

ഒന്ന്

ബീവാത്തുവിനന്ന് കല്യാണം കഴിഞ്ഞതിൻ്റെ അഞ്ച് കൊല്ലം തികഞ്ഞ രാത്രിയായിരുന്നു. പതിവ് പോലെ ഭർത്താവ് കൂർക്കം വലി തുടങ്ങിയപ്പോൾ അവൾ കട്ടിലിൻെ വക്കത്ത് നിന്ന് പതുക്കെ എഴുന്നേറ്റു. ചെമ്പിലെ പാല് പാതി കുടിച്ച് മേശപ്പുറത്ത് വച്ചിരുന്നു. അതിനകത്ത് ഒരു കൊത്ക് ചത്ത്മലച്ച് പാറിക്കിടന്നു. ചെമ്പിൻ്റെ അകത്ത് കൈകടത്തി ചത്ത കൊതുകിനെ അവൾ സാവധാനം നുള്ളിയെടുത്തു. അതിൻ്റെ ഒടിഞ്ഞ കൈകാലുകളും ചിറകിൻ്റെ ഒരു ഭാഗവും ചെമ്പിനകത്ത് തന്നെ പാറിനിന്നു. നുള്ളിപ്പിടിച്ച കൊതുകിനെ ബലത്തിലൊന്ന് ഞെരിച്ചമർത്തിയപ്പോൾ ചോരയും മഞ്ഞനിറവും കലർന്ന നീര് അതിൻ്റെ വയറ് പൊട്ടിച്ചിന്തി. ഭർത്താവിൻ്റെ പാതിയഴിഞ്ഞ് കിടന്ന ലുങ്കി മുണ്ടിൻ്റെ അറ്റത്ത് കൊതുകിനെ തേച്ചൊട്ടിച്ച് ബീവാത്തു ജനാലയ്ക്കരികിലേക്ക് നീങ്ങി. കൊള്ത്ത് നീക്കി ജനാല തുറന്നു. മുറുക്കിച്ചുവപ്പിച്ച് തുപ്പിയ കൊഴുത്ത ഉമിനീര്, തെറിച്ച് വീണ കറ ജനാലക്കമ്പിയിൽ പെയിൻ്റടർന്ന ഭാഗത്ത് ഒട്ടിനിന്നു. അതിനെ മുറുകെ പിടിച്ചവൾ നിന്നു. പുറത്ത് കെട്ടഴിച്ച് വിട്ട കാറ്റ് ബീവാത്തുവിൻ്റെ മുഖത്ത് ആഞ്ഞൊന്നു മുത്തി. അതിൻ്റെ ആക്കത്തില് അവൾ വെറ്റിലച്ചെല്ലം തുറന്ന് ചുണ്ണാമ്പ് തേച്ച വെറ്റിലയിൽ അടയ്ക്കാത്തുണ്ടുകൾ പൊതിഞ്ഞ് രണ്ടായി മടക്കി വായിലേക്കിട്ട് ചവച്ചു. തലച്ചോറിൽ ഓർമയുടെ ചാറ് നിറഞ്ഞു.

മുലയ്ക്കും ചന്തിക്കുമൊക്കെ പിടിച്ച് നോക്കീട്ടാണ് മാപ്പിള വീട്ടിലെ പെണ്ണുങ്ങള് കാതറിന് ഈ പെണ്ണന്നെ മതീന്ന് പറഞ്ഞത്. ബീവാത്തുവിനന്ന് പതിനേഴ് തികഞ്ഞ് പതിനെട്ടിൻ്റെ തുടക്കം.

ആദ്യരാത്രി കയ്യിൽ പാൽച്ചെമ്പുമായി മണിയറയിൽ കാതറിൻ്റെ അടുത്ത് ഇരുപ്പുറപ്പിച്ച് പുരുഷൻ്റെ ചൂര് മണത്ത് തലയ്ക്കകം പെരുത്തു തുടങ്ങിയപ്പോഴാണ് തൊള്ളപൊട്ടി നിലവിളിച്ച് പിടഞ്ഞ്മാറി നീങ്ങിയ ഭർത്താവിനെ കണ്ടത്. അയാൾ തറയിലേക്ക് വിറച്ചുകൊണ്ട് കൈചൂണ്ടി. ചാല് കീറി ചോര രോമക്കാല് വഴി തറയിലൂടെ ഒഴുകി. അതിലേയ്ക്ക് കുപ്പായമിട്ട കാതറിൻ്റെ ഉടല് ബോധം കെട്ടു വീണു. വെള്ള ബനിയനും കള്ളിമുണ്ടിൻ്റെ പകുതിയിലേറെയും ചെമപ്പ് മുത്തിച്ചെമന്നു. കാതറ് തൊടാത്ത ബീവാത്തുവിൻ്റെ ഉടല് കുപ്പായമൂരിയെറിഞ്ഞ് ആനന്ദം കൊണ്ടു.

അതേ നിൽപ്പിൽ തന്നെ രണ്ട് വിരലുകൾക്കിടയിൽ ചുണ്ടു കൂർപ്പിച്ച് വറ്റിലച്ചാറ് പുറത്തേക്ക് തുപ്പി. ഉമ്മുമ്മത്തള്ളയും അങ്ങനെയാണ് ചെയ്യാറ്. തുപ്പിയത് പാതി യൊലിച്ച് താടിക്ക് താഴെ മൊട്ടിട്ട് നിൽക്കും. അതിനെ അമർത്തിത്തുടച്ച് കൊണ്ട് തള്ള യക്ഷിക്കഥകള് പറഞ്ഞ് തുടങ്ങും.

" നീ എച്ചിപ്പേയിനെ കണ്ടിട്ടിണ്ടാ. അത്ങ്ങള് വെള വെളേന്നിണ്ടാവും."

ഉമ്മുമ്മത്തള്ള കുഞ്ഞിബീവാത്തുവിൻ്റെ മുഖമുഴിഞ്ഞ് മുത്തി.

" പനൻ്റെ തലമണ്ടയ്ക്കാണ് അത്ങ്ങള് ഇരിക്കാ"

കുഞ്ഞി ബീവാത്തുവിൻ്റെ കണ്ണുകൾ ഉമ്മുമ്മത്തള്ള എവിടേക്കോ ചൂണ്ടിയ ചുളിവ് ഉദിക്കാൻ പോകുന്ന വിരലിൻ്റെ ദിശ തപ്പിപ്പാഞ്ഞു.

" ആണ്ങ്ങള് ആ വഴിക്ക് പോയാ ചുണ്ണാമ്പ് ചോയ്ച്ച് ചന്തക്കാരിയായിട്ട് പനേന്ന് എറങ്ങി വരും."

" ആണ്ങ്ങള് കൊടുക്കോ?"

" അയ്യേ... അപ്പഴേക്കും അത്ങ്ങള് ആണ്ങ്ങള്ടെ ചൊകര കുടിച്ച് കൊല്ലും."

" സെരിക്കും ചൊകര കുടിക്കോ ?"

ചോദ്യത്തിൻ്റെ അവസാനം ഒരു കൈകൊട്ടിച്ചിരി. പേടിച്ചാടീ തങ്കോ എന്ന് പറഞ്ഞ് കുഞ്ഞിബീവാത്തുവിനെ തള്ള പൊതിഞ്ഞു.

"എച്ചിപ്പേയികള് കുട്ടികള്നെ ഒന്നും ചെയ്യില്ലട്ടാ"

നീണ്ടു മെലിഞ്ഞ് ഉടല് ചുളിഞ്ഞ ഒരു വെളുത്തയെക്ഷി പാതികൊഴിഞ്ഞ പല്ലിടുക്കിൽ ഒട്ടി നിന്ന ചോരച്ചാറിനെ തുപ്പിക്കൊണ്ട് അട്ടഹസിക്കുന്നത് ബീവാത്തുവിൻ്റെ ഓർമ്മയെ പുതുക്കി.

ഒറ്റപ്പനകളെ കണ്ടാൽ ബീവാത്തു തള്ളയെ സംശയത്തോടെ നോക്കും.

" എച്ചിപ്പേയി ഇതിൻ്റെ മൊകളില് എങ്ങനെ കേറും ? "

" പറന്ന് കേറും "

അപ്പോ അതിന് കാലില്ലേ?"

" അതിന് കാലില്ലാടി മണ്ടൂസേ"

എന്തുകൊണ്ട് യക്ഷികൾക്ക് കാലുകളില്ല എന്ന മറുചോദ്യം ചോദിക്കുന്നതിനു മുന്നേ ഉമ്മുമ്മത്തള്ള ബീവാത്തുവിൻ്റെ തലക്കിട്ട് ചെറുങ്ങനെ ഒരു കൊട്ടു കൊടുത്തു. അവൾ സാവധാനം തലയുഴിഞ്ഞുകൊണ്ട് ദൂരെയുള്ള ഒറ്റപ്പനയിലേയ്ക്ക് നോക്കിയിരുന്നു.

യക്ഷികൾ ഒറ്റപ്പനയിലേക്ക് പറന്ന് കയറുന്നതും മുകളിലിരുന്നുകൊണ്ട് നടവഴിയിലൂടെ പോകുന്ന പുരുഷന്മാരെ നോട്ടമിടുന്നതും പെട്ടെന്ന് അവരുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ട് അവരുടെ ചോര ഊറ്റുന്നതും കിനാവുകളിൽ അടിക്കടി വന്നുപോയ്ക്കൊണ്ടിരുന്നു. പലനേരങ്ങളിലും ചോരയൂറ്റുന്ന യക്ഷി ഒറ്റമുണ്ടും റൗക്കയുമിട്ട തള്ളയായിരിക്കും. പേടിച്ച് പിടഞ്ഞെണീക്കുമ്പോൾ തൊട്ടടുത്ത് ബീടിച്ചൂരിൻ്റെ ഒരു വെള്ളപ്പുക മുഖമുരഞ്ഞ് പരക്കും. പുക മാഞ്ഞപ്പോൾ തെളിഞ്ഞത് ഉമ്മുമ്മത്തള്ളയുടെ വായയിൽ കത്തുന്ന ഒരു ബീഡിക്കുറ്റി, കൊള്ളിപ്പിശാചിൻ്റെ തീക്കൊള്ളിപോലെ!

രണ്ട്

കടം പെരുകി കടവിറ്റ് വരുന്ന വഴിയെയാണ് മൊയ്തീൻകുട്ടിയുടെ പൊറംമുതുകടച്ച് ഒരു ചവിട്ട് കൊടുത്തത്. കിട്ടിയ ചവിട്ടിൻ്റെ ഊക്കിൽ അങ്ങേര് മൂക്കും കുത്തിയാണ് മുറ്റത്ത് വീണത്.

കമിഴ്ന്നടിച്ച് വീണ് കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന അയ്സു ഉമ്മറത്തെ പടികളിറങ്ങി വന്ന് മൊയ്തീൻകുട്ടീടെ കരണത്ത് അഞ്ച് പെറ്റതിൻ്റെ കലി തീർത്തു.

" കള്ളപ്പന്നി ... നീ കണ്ട പൊലയാടിച്ചിക്ക് വേണ്ടി കട വിറ്റ് തൊലയ്ക്കോ?!"

അയ്സു മൊയ്തീൻകുട്ടീടെ പൊള്ളയ്ക്ക് പിടിച്ച് പോക്കി. അന്നുവരെ കാണാത്ത അയസൂനെ മൊയ്തീൻകുട്ടി കണ്ണും തുറിച്ച് നോക്കിപ്പിടഞ്ഞു. വഴിപോക്കരൊക്കെ ഈ കാഴ്ച കണ്ട് രസിച്ചു നിന്നു. പെറ്റ മക്കൾ തള്ളയ്ക്ക് പ്രാന്താണെന്ന് പറഞ്ഞ് പിറുപിറുത്തു.

മൊയ്തീൻകുട്ടിക്ക് സ്ത്രീകളോട് പൊതുവെ പ്രത്യേകമായൊരു സ്നേഹമുണ്ടിയിരുന്നു. അതിൻപ്രകാരം അയാൾ പല സ്ത്രീകൾക്ക് പല കാലയളവിൽ പണം കടമായും അല്ലാതെയും നൽകി. പിന്നീട് പണം ചോദിച്ചു മാത്രം സ്ത്രീകൾ മൊയ്തീൻകുട്ടിയെ സമീപിച്ചു. ലുങ്കി മുണ്ടിനകത്ത് കൈകടത്തി നീല വര വരഞ്ഞ അണ്ടർവെയറിൻ്റെ പോക്കറ്റിൽ നിന്നും ആരും കാണാതെ നോട്ടുകളും ചില്ലറക്കാശുകളും പെറുക്കിക്കൊടുക്കും. ചിലപ്പോൾ അന്നൊരു ദിവസത്തെ ലാഭം മുഴുവൻ വരവ് പെട്ടിയിൽ നിന്ന് വാരിയെടുത്ത് പെണ്ണുങ്ങളുടെ ഉള്ളം കൈയിൽ വച്ച് പൂട്ടും. അയ്സുൻ്റെ കയ്യിലെത്തിയ പണം മുഴുവൻ ഭർത്താവ് കടം വാങ്ങിച്ച് കൊണ്ട് കൊടുത്തതായിരുന്നു. ഇതൊക്കെ വൈകിയാണെങ്കിലും അയ്സൂൻ്റെ ചെവിക്കകത്ത് തുരികിക്കയറ്റിയത് കടയിലെ തന്നെ കുട്ടിമൂസയായിരുന്നു. മൂലയ്ക്ക് കിടന്ന വാററ്റുപോയ ഒറ്റച്ചെരുപ്പെടുത്ത് തിരിഞ്ഞോടാൻ തുനിഞ്ഞ മൊയ്തീൻ കുട്ടിയുടെ മുതുകടച്ച് അയ്സൂ ഒരേറുകൊടുത്തു. ഉടുമുണ്ട് അഴിഞ്ഞതറിയാതെ ഓട്ടപ്പായ്ച്ചിലെടുത്ത ഭർത്താവിനെ ഓർത്ത് ചിരിക്കുന്ന അയ്സൂനെ നോക്കി നാരായണി ചോദിച്ചു:

" എന്തിനാന്ന് നിങ്ങള് ഇങ്ങനെ ചിറിക്ക്ണ്?"

അയ്സു നാരായണിയുടെ ചോദ്യം കേട്ട് ചുണ്ടു കോണിച്ചുകൊണ്ട് അവരുടെ മുഖം നോക്കിപ്പറഞ്ഞു.

" ഒന്നിനും ലായ്ക്കില്ലാത്ത എൻ്റെ കെട്ടിയോനെ നെനച്ചാടി ഞാൻ ചിറിച്ചത്."

" എന്നാലും അയ്സാത്ത നിങ്ങള് ഇങ്ങനെ ചെയ്തല്ലോന്ന്... പത്തറുപത് കൊല്ലം കൂടെക്കിടന്ന മനുഷ്യനല്ലേ.."

" എടി മൂതേവീ...അയാള് മന്സനല്ല. അയാള് കഴ്തയാണ്ടി, മരക്കഴ്ത! തെമ്മാടിത്തരം കാട്ട്ണത് ആണായാലും പെണ്ണായാലും വീട്ടീ കേറ്റില്ല ഞാൻ.. ചമിട്ടിപ്പൊറത്താക്കും!"

കിതച്ച് കൊണ്ടാണ് അയ്സു അത് പറഞ്ഞ് തീർത്തത്. നാരായണി മറുത്തൊന്നും പറയാൻ കഴിയാതെ തല കുനിച്ചിരുന്നു.

അന്ന് രാത്രി അവർ കുഞ്ഞി ബീവിത്തുവിന് ഒരു കഥ പറഞ്ഞു കൊടുത്തു. രാത്രി കുട്ടികളെയും പെണ്ണുങ്ങളെയും പിടിച്ച് കൊണ്ട് പോകുന്ന ചാക്ക് മാപ്പിളയെപ്പറ്റി.

" രാത്രീല് വരും... ചാക്ക്മാപ്പിള... കയ്യില് വലിയ ചാക്കിണ്ടാവും. അതില് കുട്ടികളെ പിടിച്ചിട്ട് കൊണ്ടുപോവും. "

"എന്നെയും ചാക്കില് പിടിച്ചിട്ടിട്ട് പോവോ?"

"പോവും."

"എൻ്റെ ഉമ്മാനെയും ചാക്കില് പിടിച്ചിട്ടിട്ട് പോവോ?"

"പോവും."

" ഉമ്മുമ്മാനെയും പിടിച്ചിട്ടിട്ട് പോവോ?"

" എന്നെ തൊട്ടാ ഞാനാ ചാക്ക്മാപ്പിളപ്പന്നീനെ ചവിട്ടിമുടുക്കും. നിൻ്റെ ഉമ്മാൻ്റെ വാപ്പ ഉടുമുണ്ടഴിഞ്ഞ് ഓടിയ മാതിരിയോടും."

" അപ്പോ ഞാനെങ്ങനെയാ ചാക്ക്മാപ്പിളൻ്റെ കയ്യീന്ന് രച്ചപ്പെടാ?"

" നീ തൊള്ളയിട്ട് ഉമ്മൂമ്മാനെ വിളിച്ചാ ഞാനോടി വന്ന് നിന്നെ രച്ചപ്പെട്ത്താ.. തൊള്ളയിടാണ്ടിര്ന്ന ഉമ്മുമ്മാക്ക് കാത് കേക്കില്ല. അത് നിന്നെ പിടിച്ചിട്ട് പോകും."

കുട്ടികളെയും പെണ്ണുങ്ങളെയും പിടിച്ചു കൊണ്ടുപോകുന്ന ചാക്ക്മാപ്പിള അവരെ എന്ത് ചെയ്യുമെന്ന് ചോദിക്കാൻ കുഞ്ഞിബീവാത്തു അന്ന് വിട്ട് പോയതായിരുന്നു. കാതറിൻ്റെ മുറിയിൽ ഉറക്കം വരാത്ത രാത്രികളിലൊക്കെ ജനാലക്കമ്പി പിടിച്ച് പുറത്തേയ്ക്ക് നോക്കി നിൽക്കും. ചുണ്ടുകൾ തമ്മിൽ മുട്ടിയുരുമ്മിയുണ്ടാകുന്ന വാക്കുകൾക്കുള്ളിൽ ആ ചോദ്യത്തെ അവൾ ഭദ്രപ്പെടുത്തി.

കോറുവാ ഒലിച്ച് ഉറങ്ങുന്ന ഭർത്താവിനെക്കണ്ട് അരിശം കൊണ്ടവൾ ഒറ്റപ്പനകളെ തപ്പി. അതിനു മുകളിൽ കുന്തിച്ചിരിക്കുന്ന യക്ഷിയെത്തപ്പി. ഉമ്മുമ്മത്തള്ള കഥ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ പനമുകളിൽ കാണാത്ത യക്ഷിമാരെക്കുറിച്ച് അവളോർത്തു. അവരെ ചാക്ക്മാപ്പിള പിടിച്ചുകൊണ്ടുപോയിരിക്കുമെന്നവൾ നമ്പി.

മൂന്ന്

" എന്തിനാമ്മാ ഇവിടെ കക്കൂസ്. കണ്ടത്തില് പോയാപ്പൊരെ നിങ്ങക്ക്?"

"എടാ നായിൻ്റെ മക്കളെ .. നിൻ്റെ തന്തയോട് എനിക്കൊരു കക്കൂസ് കെട്ടിത്തരാൻ ചോദിച്ചിട്ട് ആ പട്പാവി വാ തൊറന്നില്ല. എന്നിട്ടല്ലേ ആ നായി കണ്ടവള്മാർക്കൊക്കെ കാസ് എണ്ണിപ്പെറുക്കി കൊടുത്തത്. ഇത് ഞാനെൻ്റെ പണ്ടങ്ങള് വിറ്റ് കെട്ട്ണ കക്കൂസാ.. ഈ വീട്ടിലെ പെണ്ണ്ങ്ങൾക്ക് പോവാൻ. നിങ്ങളൊക്കെ കണ്ടത്തീപ്പോയി തൂറീനടാ."

അയ്സൂൻ്റെ ആവശ്യമായിരുന്നു കക്കൂസ് നിർമ്മാണം. കക്കൂസ് നിർമ്മാണത്തിന് ഇടം കണ്ടെത്തിയത് വീടിന് വലത് വശം. ആൺമക്കൾ എതിർത്തു. അവർക്ക് വെളിക്കിരിക്കാൻ തുറന്ന പറമ്പാണ് ഇഷ്ടം. മൂത്രിക്കാൻ വല്ലവനും പൊക്കിക്കെട്ടിയ മതിലുകളും.

പക്ഷെ, അവസാനം അവിടെ കക്കൂസ് പൊന്തി. ആ തെരുവിലെ തന്നെ ആദ്യത്തെ കക്കൂസ്. ഒരാൾക്ക് കഷ്ടിച്ച് ഇരിക്കാൻ പറ്റിയ പുതിയ കക്കൂസ്. മൊയ്തീൻ കുട്ടിയെ മുടുക്കിയോടിച്ചത് നാട്ടിൽ പാട്ടായതിൽപ്പിന്നെ അയ്സൂൻ്റെ മുന്നിലൂടെ കടന്ന് പോകാൻ മടിച്ച ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പുതിയ കക്കൂസ് കാണാൻ വന്നു. അയ്സു വീട്ടിന് മുന്നിൽ ഒരു കസേരയും ഒരു പ്ലാസ്റ്റിക് മേശയും പിടിച്ചിട്ടു.

കക്കൂസിൻ്റെ വാതിലിന് മുന്നിൽ മൂത്രമൊഴിക്കാൻ 50 പൈസയെന്നും തൂറാൻ ഒരു രൂപായെന്നും ആരെക്കൊണ്ടോ എഴുതി ഒട്ടിച്ചിരുന്നു. പെണ്ണുങ്ങൾക്ക് മാത്രമെന്ന് പ്രത്യേകമായി എഴുതി. അത് കുഞ്ഞിബീവാത്തു മാത്രമെ കണ്ടുള്ളൂ.

നാല്

ഓരു മുഴുത്ത ആടിനെ കാതറ് വീടിന് പിന്നാമ്പുറത്തിലേയ്ക്ക് കൊണ്ടുപോയി. വെളുത്ത രോമങ്ങളുള്ള ആട്. കയറിൻ്റെ ഒരറ്റം തൂണിലേക്ക് മുറുക്കിക്കെട്ടി മറ്റേ അറ്റംകൊണ്ട് ആടിൻ്റെ കഴുത്തിലേക്ക് കുരുക്ക് മുറുക്കി. ജീവിതത്തിനും മരണത്തിനും ഇടയിലെ ഏറ്റവും കുറുകിയ നിമിഷത്തിലകപ്പെട്ട അതിൻ്റെ ഉയിര് ഒച്ചത്തിൽ നിലവിളി കൂട്ടിക്കൊണ്ടിരുന്നു. ബീവാത്തു ഒരു വെട്ടുകത്തിയെടുത്ത് പിന്നാമ്പുറത്തിലേയ്ക്ക് നടന്നു. ആ വീട്ടിൽ കോഴിയെ അറുക്കുന്നതും ആടിനെ വെട്ടുന്നതും ബീവാത്തു ആയിരുന്നു. ഉമ്മുമ്മത്തള്ള കോഴിയെപ്പിടിച്ച് അറുക്കുന്നതും ആടിനെ അറുക്കുന്നതും പണ്ട് കണ്ടതാണ്. അത്ങ്ങൾടെ പിടച്ചിലും നിലവിളിയും ഒടുങ്ങുമ്പോൾ ദേഹം മൊത്തം ചോരയിൽ കുളിച്ച ഉമ്മുമ്മത്തള്ളയുടെ മുഖത്തുണ്ടാകുന്ന ഒരു ചിരി കാണാം.

ആടിനെ കെട്ടിയ കുരുക്ക് അഴിച്ചു മാറ്റിയത് ബീവാത്തുവാണ്. കാതറ് പിറകോട്ടു മാറി നിന്നു. വീട്ടിലെ പണിക്കാരത്തി ഒരുത്തിയാണ് ആടിൻ്റെ തല പിടിച്ച് നിർത്തിയത്. പിടഞ്ഞു തുള്ളുന്ന അതിൻ്റെ ശരീരം കണ്ടപ്പോൾ ബീവാത്തു വെട്ടുകത്തി ഓങ്ങി. ബീവാത്തുവിൻ്റെ മുഖത്തും ദേഹത്തും ചോര ചീറ്റിത്തെറിച്ചു. നീണ്ട ഒരു നിലവിളിയോടുകൂടി ആടിൻ്റെ തല തുണ്ടമായി. അടുക്കളയിൽ തലയടിച്ച് വീണ് കിടന്നപ്പോൾ ഉമ്മുമ്മത്തള്ളയും ഇങ്ങനെയാണ് തൊള്ളപൊളിച്ചത്. വീണ ആഘാതത്തിൽ തലയോട് പൊട്ടി. വെള്ളനാര് മുടിയിൽ ചോപ്പ് കലർന്നു. അയ്സൂൻ്റെ കണ്ണിൽ അപ്പോൾത്തന്നെ ഇരുട്ട് കേറി. അന്ന് തന്നെ മയ്യത്ത് കുളി കഴിഞ്ഞ് അയ്സു മണ്ണിലേക്ക് മടങ്ങി. അതിൻ്റെ പതിനാറാം പക്കം കക്കൂസിൻ്റെ ചുമരുകൾ നാല് വഴിക്ക് പിളർന്നു.

ആടിൻ്റെ തുണ്ടമായ തല നിലത്ത് വീണുരുണ്ടു. മുഖത്ത് ദേഹത്തും തെറിച്ച ചോര തുടച്ചു നീക്കുന്നതിനിടയിൽ കാതറ് ബീവാത്തുവിൻ്റെ മുഖത്തേയ്ക്ക് നോക്കി.

" കലിമ ചൊല്ലിയില്ലല്ലോ ശെയ്ത്താനെ..."

ഉമ്മുമ്മത്തള്ളയും ചൊല്ലാറില്ല.

ബീവാത്തുവിന് അന്നേരം തൻ്റെ നഖങ്ങൾ കൂർത്ത് വരുന്നതായും കോമ്പല്ലുകൾക്ക് നീളം വയ്ക്കുന്നതായും തോന്നി. അവൾ തൻ്റെ പുരുഷനെ ഇറുകെപ്പുണർന്ന് ചോര മണത്തു. .

Comments