തന്നെയാരോ നിശ്ശബ്ദം പിൻതുടരുന്നുണ്ടെന്ന് അമുദയ്ക്ക് തോന്നിയത് പാലപൂത്ത ഒരു രാത്രിയായിരുന്നു. നിലാവിന്റെ ചീന്തിയെടുത്ത ഇതളുകൾപോലെ രാക്കാറ്റിൽ പാലമരച്ചില്ലകൾ വിറച്ചിരുന്ന ഒരു ഇരുണ്ട രാത്രി. വാഷ് ബേസിനിൽ കൈകഴുകി നില്ക്കുമ്പോഴും കുളിമുറിയിലെ ബാത്ത് ടബ്ബിലേക്ക് തന്നെത്തന്നെ സമർപ്പിക്കുമ്പോഴും ഉറങ്ങാനായി മെത്തവിരി മാറ്റിയിടുമ്പോഴും അവൾ തനിക്കു സമീപം കാൽപ്പാദശബ്ദങ്ങൾ കേട്ടു. നഗ്നപാദങ്ങളുടെ ടിക് ടിക് ശബ്ദങ്ങൾ. കാറ്റിന്റെ കൊലുസ്സുകളുടെ ചിരിയിൽനിന്ന് പക്ഷേ അതു വേർത്തിരിച്ചെടുക്കാൻ അവൾക്കായില്ല. വീടിന്റെ പിന്നാമ്പുറത്തെ പാലമരത്തിന്റെ ഇരുട്ടിൽനിന്ന് വിചിത്രമായൊരു ചൂളംവിളിയും കേൾക്കാമായിരുന്നു.
പുറത്തിട്ടിരുന്ന ചൂരൽക്കസേരയിൽ ഇരുന്ന് ആ ദിവസത്തെ അവസാനത്തെ സിഗരറ്റ് നുണയുന്നതിെൻ്റ നിർവൃതിയിലായിരുന്നു അവളുടെ ഭത്താവ് മിഥുരാജ്. അയാളുടെ മടിയിൽ ഏറ്റുമാനൂർ ശിവകുമാർ എഴുതിയ ‘യക്ഷിപ്പാല’ നിവർത്തിവെച്ച നിലയിൽ കിടന്നു. ഒരാഴ്ചയായി മിഥുരാജ് ആ നോവലിെൻ്റ വായനയിലായിരുന്നു. ജോലിത്തിരക്കുകാരണം രാത്രിയിൽ മാത്രമേ മിഥുരാജിന് വായന സാധ്യമായിരുന്നുള്ളൂ.
മെത്തവിരിച്ച് കൂജയിൽ ചുടുവെള്ളം നിറച്ചുവെച്ചശേഷം ഇടനാഴിയിലേക്കിറങ്ങുമ്പോൾ പാലപ്പൂക്കളുടെ രൂക്ഷഗന്ധം അവളെത്തേടിയെത്തി. ഒരു തരം നോവിക്കുന്ന മണം. ആ സമയത്ത് വോൾട്ടേജ് തീരെ കുറവായിരുന്നു. ചുവരിലെ ബൾബുകൾ പ്രസവിക്കുന്ന മഞ്ഞവെളിച്ചം അലസിപ്പോയ മുട്ടക്കരുപോലെ എങ്ങും വഴുവഴുത്തു കിടന്നു. എന്നാൽ ചുവരുകളുടെ അരികിലും നിലത്തും മോന്തായങ്ങളിലുമെല്ലാം ഇരുട്ട് കോപാന്ധനായ ഒരു സർപ്പം പോലെ പത്തിവിടർത്തി.
ഇടനാഴിയിൽനിന്ന് അമുദ തൊട്ടടുത്ത മുറിയിലേക്ക് കയറി. അപ്പോഴാണ് കൊലുസ്സിന്റെ ചിരി അവൾ വ്യക്തമായി കേട്ടത്. വിയർപ്പിൽക്കുതിർന്ന ഒരു നർത്തകി അണിയറിയിലേക്ക് തിടുക്കമേതുമില്ലാതെ നടന്നുപോകുന്നതുപോലെ. തൊട്ടടുത്ത് നിന്നായിരുന്നു അത്. പിന്നെ അതകന്നകന്ന് പോയി ഇരുട്ടിൽ വിലയം പ്രാപിച്ചു. അമുദ നിൽക്കുന്ന മുറിയിൽനിന്ന് ഇരുണ്ട മച്ചിലേക്കുള്ള ഗോവണി തുടങ്ങുന്നു. അതിന്റെ ഇളകുന്ന മരപ്പലകകളിലൂടെ കൊലുസ്സുചിരി കയറിപ്പോകുന്നത് അവൾ വ്യക്തമായി കേട്ടു. മുറിയിൽ അപ്പാടെ പൗരാണികമായൊരു ഇരുട്ട് കുറച്ചുകാലമായി ചേക്കേറിയിരുന്നു.

ഭീതിയോടെ മുറ്റത്തേക്ക് തിരിച്ചെത്തിയപ്പോൾ മുറ്റത്ത് മിഥുരാജ് ഉണ്ടായിരുന്നില്ല. അതൊടെ ഒരു മത്സ്യചൂണ്ടയെന്നപോലെ ഒരു നിലവിളി അമുദയുടെ തൊണ്ടയിൽ കുരുങ്ങി. യക്ഷിപ്പാല പൂഴിമണ്ണിൽ കമിഴ്ന്നു കിടപ്പുണ്ടായിരുന്നു. വെപ്രാളത്തോടെ മുറിയിലേക്ക് കടക്കുമ്പോഴാണ് ആ നടുക്കുന്ന കാഴ്ച അമുദയുടെ കണ്ണുകളിൽ കൊരുത്തത്. അവളുടെ കാൽപ്പാദങ്ങളിൽ കൊഴുത്ത നനവ് പടർന്നു. വാതിലിന്റെ ഉമ്മറപ്പടിയിൽ തലവീണു കിടക്കുകയായിരുന്നു മിഥുരാജ്. അയാൾ അരയിൽചുറ്റിയ ഒറ്റമുണ്ട് പാതിയും അഴിഞ്ഞുപോയിരുന്നു. മുഖം ഒരു പ്രേതം പോലെ വിളറിവെളുത്തിരുന്നു. നോക്കിയപ്പോൾ തന്റെ കാലുകൾ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടു അമുദ വെപ്രാളപ്പെട്ടു. അവൾക്ക് തലചുറ്റി. ചോര കണ്ടാൽ അമുദ പണ്ടേ തളർന്നുവീഴുമായിരുന്നു. ആർത്തവരക്തം തുടയിടുക്കിലേക്ക് വീണ ദിവസംപോലും അതു സംഭവിച്ചു. അവളിൽനിന്ന് അന്നേരം ഒരു നിലവിളിപോലും ഉയർന്നില്ല.
അപ്പോൾ അതൊരു അപകടമരണമായിരുന്നുവെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്?, പോലീസുകാരിലൊരാൾ അയാളുടെ അടങ്ങിനിൽക്കാത്ത മേൽമീശ തടവിക്കനപ്പിച്ച് അമുദയോട് ചോദിച്ചു.
അല്ല. അതൊരു കൊലപാതകമായിരുന്നു. ദീർഘമായൊരു നിശ്വാസമെടുത്ത് അമുദ പറഞ്ഞു: ‘എ പ്ലാൻഡ് മർഡർ’.
‘എങ്കിൽ പറയൂ. ആരാണ് ആ ഘാതകൻ?’, ഒരു അപസർപ്പക നോവലിലെ നായകനെ ശരീരഭാഷയിൽ അനുകരിച്ചുകൊണ്ട് ഇൻസ്പെക്ടർ മുന്നോട്ടുവന്ന് തിടുക്കത്തോടെ ചോദിച്ചു.
‘അതൊരു സ്ത്രീയാണ്. ഒരു ഒറ്റമുലയക്ഷി’, അമുദ പിറുപിറുത്തു.
കടുംപച്ച വിരിപ്പുള്ള ആശുപത്രിമെത്തയിലായിരുന്നു അവൾ. അവൾക്കരികെ മുഖത്ത് വിഷാദം ചുറ്റിയ ഒരു സിസ്റ്റർ നിയന്ത്രണാതീതമായ വിരലുകളോടെ നിന്നു. ആശുപത്രിയിലെ ജാലകവിരികളിൽ കാറ്റ് അതിന്റെ സാന്ത്വനക്കൈകളാൽ തലോടുന്നുണ്ടായിരുന്നു. പതിവിനു വിപരീതമായി പുതിയൊരു ഫാനായിരുന്നു ആ കൊച്ചുമുറിയിൽ കറങ്ങിക്കൊണ്ടിരുന്നത്. അതിന്റെ ലീഫിന്റെ നിഴലുകൾ അമുദയുടെ മുഖത്തെ ഭാവങ്ങളെ ഇടയ്ക്കിടെ മായ്ച്ചുകൊണ്ടിരുന്നു. കൈകാലുകളുടെയും തലയുടെയും മരവിപ്പിൽനിന്ന് അമുദ പൂർണ്ണമായും ഉണർന്നിരുന്നില്ല. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഉറക്കഗുളികകൾ എന്നപോലെ അവളെ തളർത്തി. ചുണ്ടുകളെ വരണ്ടതും ബലം പിടിപ്പിക്കുന്നതുമാക്കി. മുഖം ഈർപ്പം നഷ്ടമായ ഓറഞ്ചല്ലികളെപോലെ വിളറിപ്പിച്ചു. ഓരോ വാക്കും ഉച്ചരിക്കാൻ അവൾ ആവശ്യത്തിൽ കൂടുതൽ സമയമെടുത്തു. അവളുടെ കണ്ണുകളിൽ ആരുടെയും രൂപം മതിയാംവണ്ണം തെളിഞ്ഞില്ല. നിഴലുകൾ ചുറ്റും ഇളകിക്കൊണ്ടിരുന്നു.
ഒരാഴ്ചയായി അമുദയെ ചികിത്സിച്ചുകൊണ്ടിരുന്ന മനഃശാസ്ത്രജ്ഞൻ അവളുടെ അരികിലേക്ക് വന്നു. അവൾ വായിക്കുന്ന മനോഹരമായ കഥകൾ എഴുതിയ ഹേണസ്റ്റ് ഹെമിങ് വേയുടെ സൗമ്യമായ മുഖം. എന്നാൽ ആ കണ്ണുകൾ അത്രമേൽ സൗമ്യമല്ല. വജ്രത്തേക്കാൾ മൂർച്ചയുണ്ട് അതിനെന്ന് അമുദയ്ക്ക് തോന്നി.
‘ഡോക്ടർ, ഷി ഈസ് നോട്ട് ഓൾറൈറ്റ് അറ്റ് ദ റൈറ്റ് ടൈം. വാട്ട് വി സപ്പോസഡ് റ്റു ഡു?’
ഡോക്ടർ ഒരു എഴുത്തുകാരനുമാത്രം സാധ്യമാകുന്ന രീതിയിൽ മനോഹരമായി പുഞ്ചിരിച്ചു.
ആണോ അമുദേ?
അവളുടെ ഭയമാളിയ മാൻകണ്ണുകളിലേക്ക് ഉറ്റുനോക്കി ഹെമിങ് വേ ചോദിച്ചു. അമുദ അതിന് മറുപടി പറഞ്ഞില്ല. കണ്ണുകൾ വീണ്ടും ഒരു മയക്കത്തിലേക്കങ്ങനെ വീണുപോകുകയാണ്. നിഴലുകൾ കെട്ടിപ്പിണയുന്നു. രണ്ടു കരിനാഗങ്ങൾ മനസ്സിലൂടെ അവയുടെ സർപ്പവഴുവഴുപ്പോടെ ഇഴയുന്നു. അവ പരസ്പരം കൊത്തുന്നു. ചുറ്റിപ്പിണയുന്നു. എവിടെനിന്നോ രൂക്ഷമായ രീതിയിൽ പാലപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് ഇരച്ചെത്തുന്നു.

അമുദയും മിഥുരാജും ആ കൊച്ചുവീട്ടിലേക്ക് താമസം മാറിയിട്ട് അധിക നാളുകളായിരുന്നില്ല. നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഇത്തിരിപ്പോന്ന ഒരു കൊച്ചുവീട്ടിലേക്ക് താമസം മാറേണ്ടിവരുമെന്നും അവൾ വിചാരിച്ചിരുന്നില്ല. ആദ്യമായി വീടുനോക്കാൻ വന്നപ്പോൾ ബ്രോക്കർ അവരോട് പറഞ്ഞു, ഇത്രയധികം കുറച്ച് വിലയിൽ മറ്റൊരു വീട് കിട്ടില്ല. പേടിത്തൊണ്ടന്മാരായ നാട്ടുകാർ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. മുമ്പുണ്ടായിരുന്ന ആരോ ഇതിനുള്ളിൽ തൂങ്ങിമരിച്ചിരുന്നെത്ര. അതാണിത്ര വിലക്കുറവ്. ഉടമയ്ക്ക് ഇത് എങ്ങനെയെങ്കിലും വിറ്റേ മതിയാവൂ. നിങ്ങൾ പട്ടണത്തിൽനിന്ന് വരുന്നവരല്ലേ? നിങ്ങൾക്കുണ്ടോ പ്രേതങ്ങളിലും യക്ഷികളിലും വിശ്വാസം.
മിഥുരാജിന്റെ കൈയിൽനിന്ന് സിഗരറ്റ് ഓസിനുവാങ്ങി ബ്രോക്കർ മഞ്ഞിച്ച പല്ലുകൾ കാണിച്ച് വെളുക്കെ ചിരിച്ചു.
പ്രേതങ്ങളേക്കാൾ, യക്ഷികളേക്കാൾ കൊള്ളപ്പലിശക്കാരനായ പത്രോസു മുതലാളിയെയായിരുന്നു മിഥുരാജിന് ഭയം. നഗരത്തിൽ സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനാണ് അവൻ അയാളിൽനിന്ന് വട്ടിപ്പലിശയ്ക്ക് പണമെടുത്തത്. ഒടുവിൽ പലിശ സ്റ്റുഡിയോയെ ഒന്നാകെ ഒരു പെരുമ്പാമ്പുപോലെ വിഴുങ്ങുമെന്നായപ്പോൾ മിഥുരാജ് അച്ഛൻ വഴിക്ക് കിട്ടിയ തറവാട്ടുവീട് കിട്ടിയ വിലയ്ക്ക് വിറ്റു. പത്രോസിന്റെ കടംവീട്ടിയതിൽ മിച്ചം വെച്ച കാശുമായാണ് വീട്ടുടമസ്ഥനുമായി വിലപറയാൻ ഒരു വെള്ളിയാഴ്ച ദിവസം കൂടിയിരുന്നത്. വിചാരിച്ചതിനേക്കാൾ പിന്നെയും വിലകുറയ്ക്കാൻ കമ്മീഷനിൽ കണ്ണുവെച്ച ബ്രോക്കർക്ക് കഴിഞ്ഞു.
ആദ്യത്തെ ദിവസം തന്നെ വീടിന് പിന്നാമ്പുറത്തെ പാലമരം മുറിച്ചുമാറ്റണമെന്ന് മിഥുരാജ് ആവശ്യപ്പെട്ടു. അന്നേരം കളിയായി അമുദ ചോദിച്ചു, പത്രോസുമുതലാളിയുടെ പിടിയിൽനിന്ന് രക്ഷനേടിയപ്പോൾ പ്രേതങ്ങളിലും യക്ഷികളിലും മിഥുന് വിശ്വാസം വന്നു തുടങ്ങിയോ?
ആ വാക്കിലെ പരിഹാസത്തിൽ സ്വയം വെന്താണ് മരംവെട്ടുകാരനെ മിഥുരാജ് അടുത്ത ദിവസം മടക്കിഅയച്ചത്. തൊട്ടപ്പുറത്ത് നാലു വീട്ടുകാരുണ്ടായിരുന്നെങ്കിലും ഒരേക്കർ വിസ്തൃതിക്കപ്പുറം അവർ വിളിപ്പുറത്തുനിന്ന് മാറിനിന്നു.
പഴയ ഒരു വീടായിരുന്നു അത്. നാലു ഇടുങ്ങിയ മുറികളും വിശാലമായ അടുക്കളയും ഇരുണ്ട മച്ചും. മച്ചിൽ നിറയെ കൂട്ടിയിട്ട സാധനങ്ങൾ. പഴയ കട്ടിലുകളും മരസാമാനങ്ങളും അവയെ കൂട്ടിയിണക്കുന്ന കാടുപിടിച്ച മാറാലകളും. വൃത്തിയാക്കിയെങ്കിലും സാധനങ്ങൾ കൊണ്ടിടാൻ മറ്റൊരു ഇടമില്ലാത്തതിനാൽ അവയെല്ലാം ഒരു മൂലയിലേക്ക് ഒതുക്കിവെച്ചു. എങ്കിലും അതിനിടയിലൂടെ ആരോ നടക്കുന്നതുപോലെ ആമുദയ്ക്ക് ചിലപ്പോഴെല്ലാം തോന്നി. പതിഞ്ഞ കാലടികൾ. കൊലുസ്സിട്ട ചിരികൾ. ചിലപ്പോൾ കട്ടിലുകൾ ഞരങ്ങുന്ന ശബ്്ദങ്ങൾ. വേറെ ചിലപ്പോൾ അടച്ചിട്ട ജാലകങ്ങൾ കാറ്റിൽ തുറന്നടയുന്ന കാതടപ്പിക്കുന്ന ഒച്ചകൾ.
ഭർത്താവിനോട് നിരന്തരം കലഹിച്ചിരുന്ന നാട്ടുമ്പുറത്തുകാരിയായ ഒരു സ്ത്രീയാണ് മുമ്പ് അതിനുള്ളിൽ മരിച്ചതെന്ന് അയൽക്കാരി സ്ത്രീ അമുദയോട് പറഞ്ഞു. അവൾ ഒരു ഒറ്റമുല സ്ത്രീയായിരുന്നെത്ര. ജന്മനാ അവൾക്ക് രണ്ടുമുലകളും ഉണ്ടായിരുന്നില്ല. ഇടത്തെ മുലയ്ക്ക് പകരം ഒരു കുഴി മാത്രം. അതുകൊണ്ട് ജീവിച്ചിരുന്ന കാലത്തും അതിനുള്ളിൽനിന്ന് ആ സ്ത്രീ അധികമൊന്നും പുറത്തിറങ്ങിയില്ല. കുടിയനായ ഭർത്താവിനോട് അവൾ പക്ഷേ നിരന്തരം കലഹിച്ചിരുന്നു. ഒരുനാൾ ഒരു കയറിന്റെ നിസ്സംഗതയിൽ അവൾ ജീവിതത്തെ കെട്ടിത്തൂക്കുകയും ചെയ്തു.
ആ സ്ത്രീയാണോ ഇപ്പോഴും അതിനകത്തുള്ളത്?
ഇൻസ്പെക്ടർ മടുപ്പോടെ അമുദയുടെ മുഖത്തേക്ക് നോക്കി.
എനിക്കറിയില്ല സാർ. പക്ഷേ അവിടെ ഒരു യക്ഷിയുണ്ട്. ഒറ്റമുലയക്ഷി, അതെ, അതു സത്യമാണ്.
വന്യമായി തലയാട്ടിക്കൊണ്ട് അമുദ പറഞ്ഞു. അവളുടെ കണ്ണുകൾ രണ്ടു ഗോട്ടികളെപോലെ തിളങ്ങി. നെഞ്ച് അസാമാന്യമായി ഉയർന്നു താഴ്ന്നു. പിന്നെ അവൾ തുറന്നിട്ട ജാലകങ്ങളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോൾ അവളുടെ മുഖം കൂടുതൽ രൗദ്രമായി.

ഓർമ്മകൾ അമുദയിൽ കരിനാഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞു. മിഥുരാജിനെ അവൾ ആദ്യമായി കണ്ടത് ഒരു ക്യാമറയ്ക്ക് പിന്നിലായിരുന്നു. കോളേജ് അഡ്മിഷനു രണ്ടു കോപ്പി ഫോട്ടോ ആവശ്യമായി വന്നു. അന്ന് മിഥുരാജ് സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയിട്ടില്ല. രണ്ടിനു പകരം മിഥുരാജ് അവളുടെ നാലു ഫോട്ടോയെടുത്തു. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു,
കുട്ടിയൊരു ഫോട്ടോജിനിക്കാണ്. സർപ്പിളമായ ഒരു ഉടലഴകുണ്ട് കുട്ടിക്ക്. മോഡലിംഗിൽ ശ്രദ്ധിച്ചാൽ നല്ലൊരു നിലയിൽ എത്താൻ പറ്റിയേക്കും.
മിഥുരാജ് നൽകിയ ഫോട്ടോയിലേക്ക് അമുദ അത്ഭുതത്തോടെ നോക്കി. അത് തന്റെ ചിത്രമാണെന്ന് എന്നിട്ടും അവൾക്ക് വിശ്വാസം വന്നില്ല. സുന്ദിയായ ഒരു സ്ത്രീയുടെ ചിത്രം. വിചിത്രമായ ആംഗിളിൽ നിന്നെടുത്തിരിക്കുന്നു. ഒറ്റനോട്ടത്തിൽ നിൽപ്പിലെ സൗന്ദര്യം മാത്രമാണ് കാഴ്ചക്കാരുടെ ശ്രദ്ധയിൽപ്പെടുക. അതാണ് ആ ഫോട്ടോയുടെ പ്രത്യേകതയും വിചിത്രമായ സൗന്ദര്യവും. എങ്കിലും തന്റെ വസ്ത്രങ്ങളുടെ നിറങ്ങളിലൂടെയല്ലാതെ ആ സുന്ദരിയെ തന്നോട് സദൃശ്യപ്പെടുത്താൻ അമുദയ്ക്ക് കഴിഞ്ഞില്ല. മിഥുരാജിനെ അവൾ പിന്നീട് പലപ്രാവശ്യം പലയിടത്തുവെച്ചും കണ്ടുമുട്ടി. കൂടുതലും കോളേജിന്റെ പരിസരങ്ങളിൽ. അതിൽ ചിലതെല്ലാം മിഥുൻരാജ് ഒരുക്കിയ കൂടിക്കാഴ്ചകളായിരുന്നെന്ന് പ്രണയം അസ്ഥിയിൽ പിടുത്തമിട്ടതിനുശേഷമാണ് അവൾക്ക് തിരിച്ചറിയാനായത്.
ആകാശത്ത് കോടമഞ്ഞു നിറഞ്ഞ ഒരു ദിവസം അമുദ നഗരത്തിലേക്ക് എന്നെന്നേക്കുമായി ഒളിച്ചോടി. വിവരം പറഞ്ഞിരുന്നെങ്കിൽ അച്ഛൻ വിവാഹം നടത്തിത്തരുമെന്ന് അമുദയ്ക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ അച്ഛനെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടന്ന് അവൾ തീരുമാനിച്ചു. അമ്മയുടെ ചികിത്സയുടെ ഭാരംതന്നെ അച്ഛനെ വിട്ടുപോയിരുന്നില്ല. അർബുദകോശങ്ങളെ ഇല്ലാതാക്കിയില്ലാതാക്കി അച്ഛന്റെ സമ്പാദ്യമെല്ലാം ചോർന്നുപോയി. ഒടുവിൽ അമ്മയുടെ ശവസംസ്കാരദിവസം അമുദയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ഊരിവാങ്ങുമ്പോൾ അച്ഛൻ നിലയറ്റ് പൊട്ടിക്കരഞ്ഞ ദൃശ്യം അവളുടെ മനസ്സിനെ മാസങ്ങളോളം നീറ്റിയിരുന്നു.
നിന്റെ ഈ ഉടൽ പകൽവെട്ടത്തിൽ ഞാൻ ക്യാമറിയിലൂടെ ഒന്നു കാണട്ടെ അമുദേ?, രജിസ്റ്റർ വിവാഹത്തിെൻ്റ അടുത്ത ദിവസം, വാടകവീടിന്റെ ജാലകങ്ങൾ മലർക്കേ തുറന്നിട്ടുകൊണ്ട് മിഥുരാജ് അമുദയോട് ചോദിച്ചു.
വെയിൽ അവളുടെ നഗ്നമായ മേനിയിൽ പുളഞ്ഞുരസിക്കുകയായിരുന്നു. അവളുടെ ചോര ചെടച്ചുനിൽക്കുന്ന ഇടത്തെ മുലയുടെ കണ്ണുകളെ മിഥുരാജ് ക്യാമറയുടെ ഡെയഫ്രം നീക്കി ആസ്വദിച്ചു. അയാളുടെ മുഖം വികാരത്താൽ വിജ്രംഭിക്കുന്നത് അമുദ കണ്ടു. അയാൾ കാഴ്ചയിലൂടെ രതിയായാസ്വദിക്കുന്നത് നോക്കിനിൽക്കേ, ഒരു ഭീതി അമുദയെ പിടികൂടി. മിഥുരാജ് എല്ലാം കാണുന്നത് ക്യാമറക്കണ്ണിലൂടെ മാത്രമായോയെന്ന സന്ദേഹം അവളെ തീണ്ടി.
കല്ല്യാണം കഴിഞ്ഞ ആഴ്ചയിൽത്തന്നെ മിഥുരാജിന് കെ.എം.സി ചെരുപ്പിന്റെ പരസ്യം ലഭിച്ചു. അതിനുകിട്ടിയ അഡ്വാൻസ് തുകയും ബാക്കി വരുന്നത് പലിശയ്ക്കെടുത്തും നഗരമധ്യത്തിൽ അയാൾ പുതിയ സ്റ്റുഡിയോ തുടങ്ങി. അമുദയുടെ പേരു തന്നെയാണ് സ്റ്റുഡിയോയ്ക്ക് നല്കിയത്. പരസ്യത്തിൽ അഭിനയിക്കാനുള്ള വ്യഗ്രതയിൽ ആ സ്റ്റുഡിയോയിലേക്കുള്ള കോവണി കയറി കൂടുതൽ കൂടുതൽ സുന്ദരികൾ എത്താൻ തുടങ്ങിയപ്പോൾ മിഥുരാജിനെ അന്വേഷിച്ചുചെല്ലുന്ന പരസ്യനിർമ്മാതാക്കളുടെ എണ്ണവും അധികരിച്ചു.
പിന്നെ എന്താണ് സംഭവിച്ചത്? കാര്യങ്ങൾ കുറച്ചുകൂടി വ്യകതമായി പറയാമോ?, ഇൻസ്പെക്ടർ ക്ഷമകെട്ട് അമുദയെ നോക്കി. അവളുടെ മുഖത്ത് അയാളുടെ ശകാരങ്ങൾ യാതൊരു ഭാവവും വിടർത്തിയില്ല. ആശുപത്രി അധികൃതർ നല്കുന്ന പച്ചഗൗണിനുള്ളിൽ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. നീണ്ടു ലക്ഷണമൊത്ത വിരലുകൾ. വാർന്ന ഉടൽ. കുറിയ മനോഹരമായ പാദങ്ങൾ. നീണ്ട കഴുത്ത്. കൂർത്തതെങ്കിലും ഒതുങ്ങിനിൽക്കുന്ന മുല. ഇൻസ്പെക്ടറുടെ പുരുഷൻ കണ്ണുകൾ അവളുടെ മുല ഞെട്ടിനെ തേടുന്നതുപോലും അമുദ ശ്രദ്ധിച്ചില്ല.

പാലമരം ആദ്യമായി പൂത്തദിവസംതന്നെ അതിന്റെ രൂക്ഷഗന്ധം വീട്ടിനുള്ളിലേക്ക് ചീറിയടിച്ചു. അമുദയ്ക്ക് ശ്വാസം മുട്ടി. അടിവയറ്റിൽനിന്ന് പൊട്ടിയൊഴുകിയ ഒരാക്കാനത്തോടെ അമുദ വാഷ്ബേസിനടുത്തേക്കൊടി. അവൾ ചർദ്ദിച്ച മഞ്ഞവറ്റുകൾ കുഞ്ഞുകുഞ്ഞു ജഡങ്ങളെപ്പോലെ വെള്ളപ്പരപ്പിൽനിന്ന് അവളെ തുറിച്ചുനോക്കി. അമുദയുടെ വയറ്റിനുള്ളിലെ കടൽചൊരുക്കിന് അവസാനമുണ്ടായില്ല. ഒടുവിൽ അവൾ മൂന്നുമാസം പ്രായമുള്ള ഒരു മാംസപിണ്ഠത്തെ പ്രസവിച്ച് തന്റെ വയറൊഴിച്ചു. ആശുപത്രിക്കട്ടിലിൽ അവൾ വാഴത്തടിപോലെ തളർന്നു കിടന്നു. ഉണർന്നപ്പോൾ അവൾക്ക് ഇടത്തെ മുല ശക്തമായി വേദനിക്കുന്നതുപോലെ തോന്നി. ആശുപത്രിയിലെ മാലിന്യമടിഞ്ഞ കണ്ണാടിചില്ലിൽ അതിന്റെ പ്രതിബിംബം അല്പം വികൃതമായി തോന്നിപ്പിച്ചു. പാൽ നിറഞ്ഞു വീർത്തതുപോലെ.
സാരമില്ല പേടിക്കാനൊന്നുമില്ല. ഇത്തരം സില്ലി കാര്യങ്ങൾക്കൊന്നും അമുദ പേടിക്കരുത് കേട്ടോ. ഇതു പുരട്ടിയാൽ ഭേദമായിക്കൊള്ളും, ഡോക്ടർ ഒരു ഓയിൻമെൻ്റ് എഴുതിക്കൊടുത്ത് അമുദയെ സമാശ്വസിപ്പിച്ചു.
എങ്കിലും നമുക്ക് ഫർദർ ചെക്കപ്പ് നടത്താൻ സാമ്പിളെടുക്കാം അല്ലേ....
മരുന്നു പുരട്ടിയപ്പോൾ ഡോക്ടർ പറഞ്ഞതുപോലെ അവൾക്ക് അല്പം ആശ്വാസം തോന്നി. എന്നാൽ വീട്ടിലെത്തിയപ്പോൾ ഏകാന്തയ്ക്കൊപ്പം മുലയിലെ വേദനയും അവളെ വലച്ചു. മിഥുരാജിന് സ്റ്റുഡിയോയിൽനിന്ന് ലീവെടുക്കാൻ കഴിയില്ലായിരുന്നു. അയാളുടെ സ്റ്റുഡിയോയിൽ കൂടുതൽ കൂടുതൽ പണികളെത്തുന്നു. ഉടലഴകുള്ള സുന്ദരികളും. എല്ലാം വീടിന്റെ ഐശ്വര്യമാണെന്ന് മിഥുരാജും വിശ്വസിക്കാൻ തുടങ്ങി. എന്നാൽ ഒരാഴ്ച കഴിഞ്ഞ് മിഥുൻരാജ് ഡോക്ടറുമായി വന്നത് അമുദയെ വീണ്ടും ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോകുവാനായിരുന്നു. വീണ്ടും പച്ചവരിയിട്ട വിരിപ്പുകൾ. കാറ്റൊഴിഞ്ഞ ജാലകവിരികൾ. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവൃത്തങ്ങൾ. മൂക്കും വായും മൂടിക്കെട്ടിയ വിചിത്രമായ ഒരു നാടകത്തിലേക്കെന്നപോലെ വേഷം ധരിച്ച ഡോക്ടർമാർ. നീണ്ട വിരലുകളിൽ മാംസത്തെ പിളർത്തുന്ന തിളങ്ങുന്ന കത്തികൾ. പച്ചവിരിയിട്ട ടേബിളിൽ തന്റെ ഇടത്തെ മുല അറുത്തുമാറ്റാൻവേണ്ടി ഒരു ദിവസം അമുദ നീണ്ടുനിവർന്നു കിടന്നു. ഇളംമാംസം അറുത്തുമാറ്റിയപ്പോൾ അമുദക്ക് ഭയം തോന്നിയില്ല. വേദനിച്ചുമില്ല. ഭയവും വേദനയും അപ്പോഴേക്കും അവളെ വിട്ടകന്നിരുന്നു.
സാരമില്ല. വിധിയെ തോല്പിക്കാൻ നമുക്കാവില്ല. പക്ഷേ അതിജീവിക്കാനാവും. അമുദ അതിനായി പരിശ്രമിക്കണം. എല്ലാം പതിയെ ശരിയായിക്കോളും, ആശുപത്രിയിൽനിന്ന് മടങ്ങിയത്തിയപ്പോൾ അവളുടെ ചോരപ്പൂപോലെ ചുവന്ന വിരലുകൾ സ്പർശിച്ച് മിഥുരാജ് പറഞ്ഞു.
പകലത്രയും അമുദ ഉറങ്ങി. രാത്രിയിൽ അവൾക്ക് പലപ്പോഴും ഉറക്കംഞെട്ടി. അപ്പോൾ പാലമരത്തിൽനിന്ന് അതിരൂക്ഷഗന്ധം അവളെ പൊതിഞ്ഞു. മച്ചിലെ സാധനങ്ങൾക്ക് പതുക്കെ ഇളക്കംവെച്ചു. പലപ്പോഴും കൊലുസ്സിന്റെ ചിരികൾ അവളുടെ കിടക്കവരെ നീണ്ടുവന്നു. പിന്നെ അതു പാലമരച്ചുവട്ടിലേക്ക് നിരാശയോടെ തിരിച്ചുപോയി. വീട്ടിനുള്ളിലെ അചേതന വസ്തുക്കളെല്ലാം ജീവൻകിട്ടിയെഴുന്നേൽക്കുന്നപോലെ അവൾ പകലിലും സ്വപ്നം കാണാൻ തുടങ്ങി.
കിടക്ക വിട്ടെഴുന്നേറ്റപ്പോൾ അമുദയ്ക്ക് കൂടുതൽ ഊർജ്ജം തിരിച്ചു കിട്ടിയതുപോലെ തോന്നിച്ചു. അവൾ പാലമരത്തിന്റെ ചുവട് ഒരാളെ വരുത്തി വൃത്തിയാക്കി. അതിന്റെ കൊഴിഞ്ഞ ഇലകളെല്ലാം തീയിട്ട് ചാരമാക്കി. അതിലേക്ക് പടർന്നുകയറിയ കരിവള്ളികളെ വെട്ടിമാറ്റി. മച്ചിലെ സാധനങ്ങളെല്ലാം പൊടിതുടച്ചുവെച്ചു. എന്നിട്ടും സമയം വല്ലാതെ നീണ്ടുകിടന്നപ്പോൾ അവൾ വീട്ടുപൂട്ടി നഗരത്തിലേക്ക് ബസ്സു കയറി.
പുലർച്ചെ നഗരം മഞ്ഞിനുള്ളിൽ മരവിച്ചുകിടന്നു. രാത്രിയിൽ പെയ്ത മഴയുടെ സ്നേഹസ്പർശനങ്ങളിൽ അലിഞ്ഞ് അപരിചിതമായ വഴികളിലൂടെ അവൾ നടന്നു. കുട്ടികൾ അവളെ നോക്കി ചിരിച്ചു. അവരുടെ കുസൃതികളിലേക്ക് മിഠായികൾ എറിഞ്ഞും കഥകൾ പറഞ്ഞും അവൾ സമയം കളഞ്ഞു. പിന്നെ അവൾ ഷോപ്പിംഗ് മാളുകളിലേക്ക് കുലീനമായ ചുവടുകൾവെച്ചു. പുസ്തകം നോക്കിയും വസ്ത്രങ്ങൾ പരിശോധിച്ചും സമയം പോക്കി. അവിടെവെച്ചാണ് അവൾ വിചിത്രമായ പലതും കാണാൻ തുടങ്ങിയത്. മിഥുരാജ് ഒരു പെൺകുട്ടിയുടെ ഇടുപ്പിൽ കൈചുറ്റി ഇലവേറ്ററിലൂടെ മുകളിലേക്ക് കയറിപ്പോകുന്നു. അമുദയിൽ ജിജ്ഞാസയുണർന്നു. എവിടേക്കാണ് അവർ പോകുന്നത്? പുതിയ ഉടുപ്പുകൾ അവർ വാങ്ങുന്നതും തിരിച്ച് കാറിൽ കയറുന്നതും ഒരു കളിപ്പാട്ടം കണക്കെ ഷോപ്പിംഗ് മാളിന്റെ പതുപതുത്ത വഴിയിലൂടെ പുറത്തേക്ക് മിഥുരാജിന്റെ ചുവന്ന സ്വിഫ്റ്റ് നീങ്ങുന്നതും കേവലമൊരു കൗതുകത്തോടെ അവൾ നോക്കി നിന്നു. പരിസരം അവർ ശ്രദ്ധിച്ചതേയില്ല. മിഥുൻരാജിനൊടൊപ്പമുള്ള പെൺകുട്ടിക്ക് അമുദയോളം തന്നെ നീളമുണ്ടായിരുന്നു. വിടർന്ന് നിതംബംവരെ എത്തുന്ന മുടിയും. പുറകിൽനിന്ന് നോക്കിയാൽ അത് അമുദ തന്നെയാണെന്ന് ആരും തെറ്റിദ്ധരിച്ചുപോകും.
ഷോപ്പിംഗ് മാളുകളിൽ മാത്രമല്ല, കോഫീ ഹൗസുകളിൽവെച്ചും കടലോരത്തുവെച്ചും ഹോട്ടലുകളുടെ വിശാലമായ ലോബിയിൽവെച്ചും അമുദ അവരെ വീക്ഷിച്ചു. നിഴൽപറ്റി അമുദ പിൻതുടരുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടതേയില്ല. അമുദയ്ക്ക് ഹരം പിടിച്ചു തുടങ്ങി. താൻ സ്വയം ഒരു അപസർപ്പക നോവലിലെ കഥാപാത്രമായതുപോലെ അവൾക്ക് ആത്മവിശ്വാസം വർദ്ധിച്ചു. മരങ്ങളുടെയും തൂണുകളുടെയും കമ്പിക്കാലുകളുടെയും നിഴൽപ്പറ്റി ഹോട്ടൽമുറിയുടെ ഇരുണ്ടതും തണുപ്പുനിറഞ്ഞതുമായ ഇടനാഴിവരെ അമുദ ചെന്നെത്തി.

അവിടം ഇരുട്ട് പാകിക്കിടക്കുകയായിരുന്നു. അമുദ തൂണുകളുടെ മറവിൽനിന്ന് ഇരുട്ടിലേക്ക് നീങ്ങി. ആറാംനിലയിലെ അവസാനത്തെ മുറിയിലേക്ക് മിഥുരാജും ആ യുവതിയും കടന്നുപോകുന്നത് അവൾ വ്യക്തമായികണ്ടു. പക്ഷേ അമുദയ്ക്ക് അതിൽ പരിഭവമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ക്യാമറയിലൂടെ മിഥുരാജിന് നോക്കിരസിക്കാൻ പാകത്തിൽ അയാൾ കീറിമുറിക്കാത്ത ഒരു ശരീരം തേടുന്നു.
പിന്നീട് വീട്ടിലേക്കും ആ പതിഞ്ഞ കാലൊച്ചകൾ കടന്നെത്തിയത് അവൾ പതിയെ അറിഞ്ഞുതുടങ്ങി. ഇരുട്ടിൽ കാറ് പതുക്കെ വന്നു നില്ക്കുന്നതും ഉടനെ കാലടികൾ മച്ചിലേക്ക് നീങ്ങിപ്പോകുന്നതും ഏറെക്കഴിഞ്ഞ് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി മിഥുരാജ് ഒരു കുടുംബനാടകത്തിലേക്കെന്നപോലെ പ്രത്യക്ഷമാകുന്നതും പതിവായി. ഉറക്കം ഞെട്ടിയാൽ അവൾ പഴയതുപോലെ തനിച്ചായി. മരപ്പടിയഴികൾക്കപ്പുറം ഒരു പുരുഷന്റെയും സ്ത്രീയുടെയും അടക്കിച്ചിരികൾ അവൾ കേട്ടു. പക്ഷേ കൊലുസ്സുചിരികളും പാലപ്പൂഗന്ധങ്ങളും അപ്പോഴേക്കും അവളെ കൈവിട്ടുപോയിരുന്നു.
ഒരു ദിവസം കണ്ണാടിയിലേക്ക് നോക്കിയ അമുദ ഞെട്ടിപ്പോയി. അവളുടെ മുഖം കൂടുതൽ സുന്ദരമായിരിക്കുന്നു. നനുത്ത തൊലി എണ്ണതേച്ചുമിനുക്കിയതുപോലെ തിളങ്ങുന്നു. ചുണ്ടുകളിൽ ഒരു വശ്യത തുടിക്കുന്നു. പക്ഷേ നോക്കിനിൽക്കേ അണപ്പല്ലുകൾ വളരുന്നതും അത് കൂർത്ത കോർമ്പൻ പല്ലുകളായി രൂപാന്തരപ്പെടുന്നതും കണ്ണുകൾ തീക്ഷ്ണമാകുന്നതും അതിൽനിന്ന് അജ്വലിക്കുന്നതും മുഖം വലിഞ്ഞ് മുറുകി വികൃതമാകുന്നതും കണ്ടവൾ സ്തബ്ധയായി. മുടി കാറ്റിൽപ്പറന്ന് ആൽവൃക്ഷം പോലെ വിടർന്നു പന്തലിച്ചു. സുതാര്യമായ വിരലുകളിൽ നഖങ്ങൾ കൂർത്തുവന്നു. തൊണ്ടയിൽനിന്നമർന്നൊരു നിലവിളിയോടെ അവൾ കണ്ണാടിചില്ലുകൾ ഒരു ഭ്രാന്തിയെപ്പോലെ എറിഞ്ഞുടച്ചു.
ശകതിയായി തലകുടഞ്ഞ് ഇൻസ്പെക്ടർ മുറിയിലൂടെ നാലഞ്ചു ചാൽ നടന്നു. തലയ്ക്കകത്ത് ഒരു വണ്ടുകയറിയതിന്റെ വെപ്രാളത്തോടെ അയാൾ ഇരു കൈകളും തലയിൽ ശകതിയാൽ പിടിച്ചു കുലുക്കി. എന്നിട്ട് നാടകീയമായി അമുദയുടെ നേരെ തിരിഞ്ഞു. ഒരു നിമിഷം അയാൾ സംഭീതനായി.
കട്ടിലിൽ അമുദ ഇല്ലായിരുന്നു. അവൾ ധരിച്ചിരുന്ന പച്ചവസ്ത്രങ്ങൾ കുളിമുറിയിലേക്ക് കയറിയ ഒരു സ്ത്രീ ഉപേക്ഷിച്ചതുപോലെ അനാഥമായി കട്ടിലിൽ ചുരുണ്ടു കിടക്കുന്നു. കട്ടിലിനടിയിൽനിന്ന് പിൻവാതിലിലേക്ക് നീളുന്ന വഴിയിൽ നിറയെ അമുദയുടെ കുറിയ മനോഹരമായ പാദങ്ങൾ അവശേഷിപ്പിച്ച നനഞ്ഞ മുദ്രകൾ ഒരു ചോദ്യത്തിന്റെ വാൾമുനപോലെ കിടക്കുന്നത് അയാൾ ഒട്ടൊരു ഭീതിയോടെ കണ്ടു.
