സെറൂട്ട്

സെെനികകേന്ദ്രത്തിന്റെ ഭക്ഷണവിതരണ ക്യൂവിൽ ഇനി മൂന്നുപേരാണ് മുന്നിലുള്ളത്. നാലാമതാണ് ഞാൻ. സമയമിപ്പോൾ എന്തായിക്കാണും. ഇങ്ങോട്ടിറങ്ങുമ്പോൾ സൂര്യൻ ഉച്ചിയിലായിരുന്നു. ആളൊന്നുക്ക് മൂന്നുവീതം കുബ്ബൂസ് കൊടുക്കുന്നുണ്ടെന്ന് കൂകിവിളിച്ച് ലാമ്യ ഓടി. മറിച്ചൊന്ന് ചിന്തിക്കാതെ ഞാനും പിറകെ ഓടി.

അവൾക്ക് ഇളംപ്രായമല്ലേ. എന്തൊരു ഓട്ടം. രണ്ടുപെറ്റ ഞാൻ പിറകിലായിക്കൊണ്ടിരുന്നു. ആനക്കൊമ്പുപോലെ തോന്നിക്കുന്ന ഡിസെെനുള്ള ഒരു ടോബെ അവൾ തലയ്ക്ക് മീതെ ചുറ്റിയിരുന്നു. ഓട്ടത്തിനിടെ അത് അഴിഞ്ഞ് നിലത്തോളമെത്തി.

‘ലാമ്യ… ലാമ്യ…’, വിളിച്ച് വിളിച്ച് എന്റെ തൊണ്ടപൊട്ടി. കൂർത്ത കല്ലുകൊണ്ട് കാലുകീറി. വിണ്ടുകീറിയ കാലിന്റെ പച്ചയിറച്ചിയിൽ ഒരു കമ്പുകൊണ്ടപ്പോൾ ഞാൻ പുളഞ്ഞ് അവിടെയിരുന്നുപോയി.

ലാമ്യ ഓട്ടംനിർത്തി തിരിഞ്ഞുനിന്ന് എന്തോ ആംഗ്യം കാണിച്ചു. അവൾക്ക് എന്റെ അവസ്ഥ കണ്ടിട്ടും ഒരു കുലുക്കവുമില്ല.

‘ഇവാന.. എഴുന്നേൽക്ക്' – ലാമ്യ ഉറക്കെ വിളിച്ചുപറഞ്ഞു.
‘നീയിത് കണ്ടില്ലേ..'–- ഞാൻ കാലുപൊക്കി കാണിച്ചു.
‘ആളൊന്നുക്ക് മൂന്ന് കുബ്ബൂസ്’.

അവൾ എന്നെ വീണ്ടും പ്രലോഭിപ്പിച്ചു. കാറ്റടിച്ചപ്പോൾ ഉലഞ്ഞുപോയ ടോബോയ്ക്കിടയിൽ അവളുടെ ഒട്ടിയ വയറുകണ്ടു. പാവം പെണ്ണ്. കുറച്ചുനേരം കൂടി അങ്ങനെ നിന്നാൽ അക്വേഷ്യ മരത്തിന്റെ ഉണങ്ങിയ ഇല പോലെ വരണ്ട കാറ്റിൽ ലാമ്യ പാറിപ്പോയേക്കുമെന്ന് ഞാൻ ഭയന്നു. ആയാസപ്പെട്ട് എഴുന്നേറ്റിരുന്നപ്പോൾ അരയിൽ തിരുകിയ കത്തിയുടെ പിടി കയ്യിൽ തടഞ്ഞു.

നിങ്ങൾക്കറിയാമോ..
ഇതെന്റെ കല്യാണത്തിന് കിട്ടിയതാണ്. ഇതുപോലെ അറ്റം വളഞ്ഞ ഇരുപതോളം കത്തികൾ വീട്ടിലെത്തിച്ചാണ് സാമിർ വിവാഹാലോചനയുമായി വന്നത്. ഞങ്ങൾ സാൻഡെ വംശക്കാർ അങ്ങനെയാണ്. നിങ്ങൾക്ക് അതിനെക്കുറിച്ച് വലിയ പിടിയുണ്ടാവാൻ വഴിയില്ല.

സാമിറിന് വേറെയും ഭാര്യയുണ്ടായിരുന്നു. ഞങ്ങൾക്കതൊന്നും പ്രശ്നമായിരുന്നില്ല. മെഴുകുപോലിരുന്ന കയ്യും കാലും നഖം കൂർത്ത നീണ്ട വിരലുകളും കണ്ടപ്പോൾത്തന്നെ എനിക്ക് വായിൽ വെള്ളംപൊട്ടി.

ചായക്കോപ്പ പിടിച്ചുനിന്നിരുന്ന സാമിറിന്റെ വിരലുകൾ നോക്കി ചങ്ങാതിയായ ഹിനാറ്റ എന്നെ തോണ്ടി.

ആണുങ്ങളുടെ ചൂണ്ടുവിരലിന്റെ ആകൃതിയും അവരുടെ ലിംഗവും തമ്മിൽ ബന്ധമുണ്ടെന്ന് എന്നോട് പറഞ്ഞത് അവളാണ്. അതെനിക്ക് പുതിയ അറിവായിരുന്നു. ചുളുങ്ങിയ ചപ്രാച്ചി വിരലുകൾ, തടിച്ചുരണ്ട തക്കാളി വിരലുകൾ, മെലിഞ്ഞുനീണ്ട സെഗൂട്ട പഴം പോലുള്ള വിരലുകൾ.. അതിനുശേഷം ആണുങ്ങളുടെ വിരൽ നോക്കുമ്പോഴൊക്കെ ഒളിഞ്ഞുനോട്ടത്തിന്റെ ചെറുകുളിരെനിക്ക് കിട്ടാൻ തുടങ്ങി.

ഒരാഴ്ച കഴിഞ്ഞപ്പോൾ സാമിറിന്റെ നാടായ ജൂബയിൽനിന്ന് അപരിചിതമായ കെെപ്പടയിൽ ഒരു കത്തുവന്നു.

ഇവാന,
നീ ഉറങ്ങാറില്ലേ…
നിന്റെ കൺതടം വീർത്തും കറുപ്പുകെട്ടിയും കിടക്കുന്നുണ്ട്. ഇനി മുതൽ നന്നായി ഉറങ്ങണം. അന്നിട്ട മേൽക്കുപ്പായം എനിക്കിഷ്ടപ്പെട്ടു. അതെന്റെ ഇഷ്ടനിറമാണ്. ഞാൻ ആദ്യമായി വേട്ടയാടിപ്പിടിച്ച മാൻകൊമ്പ് വർഷങ്ങളോളം രഹസ്യമായി പൊതിഞ്ഞുസൂക്ഷിച്ചത് അതേ നിറത്തിലുള്ള വലിയ ഒരു സ്കാർഫിലായിരുന്നു. നിന്റെ മേൽക്കുപ്പായം എന്റെ നായാട്ടുകാലം ഓർമിപ്പിച്ചു. അതിനകത്തെ നിന്റെ ശരീരം കന്നിവേട്ടയിൽ ഞാൻ കീഴടക്കിയ പുള്ളിമാനെയും.

– സാമിർ.

കത്ത് ആവേശത്തോടെ ഹിനാറ്റയെ കാണിച്ചപ്പോൾ ആദ്യഭാര്യയോടും സാമിർ ഇതുതന്നെയായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് അവൾ നിസ്സാരമാക്കി. ഹിനാറ്റ അവന്റെ വിരലുകൾ നോക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അവൾ അതുവഴി അവന്റെ ലിംഗം ഭാവനയിൽ കാണുമെന്ന് എനിക്കറിയാമായിരുന്നു.

അവളൊരു അസത്ത് പെണ്ണാണ്. ചങ്ങാതിയാണെങ്കിലും വിശ്വസിക്കാൻ കൊള്ളില്ല. പുറത്തുപറയാൻ കൊള്ളാത്ത എന്റെയൊരു ദുഃസ്വപ്നം സന്ദർഭവശാൽ അവളോടൊന്ന് പറഞ്ഞപ്പോൾ നാടുനീളെ പറഞ്ഞുനടന്നു. അപ്പോൾ നിങ്ങൾ കരുതും അതെന്ത് സ്വപ്നമാണെന്ന്. നിങ്ങളെ എനിക്ക് ഹിനാറ്റയെക്കാൾ വിശ്വാസമുള്ളതുകൊണ്ട് പറയാം.

ഞങ്ങളുടെ കുടിലിന് പുറത്തിട്ട പായ്ക്കട്ടിലിൽ കിടന്ന് അജാനുബാഹുവായ ഒരു സ്ത്രീ സ്വയംഭോഗം ചെയ്യുന്ന ഒരു വല്ലാത്ത സ്വപ്നമായിരുന്നു അത്. ഞാൻ അറപ്പോടെ ആ കാഴ്ച നോക്കിനിൽക്കുമ്പോൾ ആകാശത്ത് ഒരിരമ്പം. ഭൂമിയിലേക്ക് പതിക്കുകയാണ് എന്തോ ഒന്ന്. ചാരനിറത്തിലുള്ള ആ സാധനം എന്താണെന്ന് വ്യക്തമാവുന്നതിനുമുമ്പേ മണൽക്കാറ്റ് വന്ന് ആ പരിസരമാകെ മൂടി. ആ വസ്തു നേരെ വന്ന് ആ സ്ത്രീയുടെ ദേഹത്ത് പതിച്ചു. അവരുടെയായിരിക്കണം, ചോര ഞങ്ങളുടെ ഭിത്തിയിലാകെ തെറിച്ചു. ഞാൻ ഉറക്കം ഞെട്ടിയെണീറ്റ് കണ്ണുതിരുമ്മി നോക്കുമ്പോൾ അതേ നിമിഷത്തിൽ യന്ത്രത്തോക്ക് ഘടിപ്പിച്ച ചാരനിറത്തിലുള്ള ഒരു പിക്കപ്പ് ഞങ്ങളുടെ വീടിന്റെ മുന്നിലെ നിരത്തിലൂടെ കടന്നുപോയി.

‘നിങ്ങൾ സമയം കളഞ്ഞു. ഇങ്ങനെയായാൽ നമ്മൾ അവിടെ എത്തുമ്പോഴേക്കും സാധനങ്ങൾ തീരും’- എന്നെ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ ലാമ്യ പറഞ്ഞു.

സെെനികകേന്ദ്രത്തിൽ എത്തുമ്പോഴേക്കും ഒരു സമയമായിരുന്നു. അതിനടുത്ത് പൂട്ടിക്കിടക്കുന്ന പഴയൊരു വീടുണ്ട്. പിറകിൽ മഴക്കാട് അതിരിടുന്ന ഒരു പ്രേതഭവനം. മുൻപ് അവിടെ ആൾത്താമസമുണ്ടായിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ രാത്രിക്കുരാത്രി ആ കുടുംബം ഒന്നിച്ച് മൊസാദ് നദിയിൽ ചങ്ങാടമുണ്ടാക്കി പോയി എന്നാണ് പറയുന്നത്. അത് വെെറ്റ് നെെലിനോട് ചേരുന്ന കുഞ്ഞുനദിയാണ്. അങ്ങനെയാണെങ്കിൽ അവർ രക്ഷപ്പെട്ടുകാണും.

ആ വീടാണിപ്പോൾ ഭക്ഷ്യഫാക്ടറിയായി പ്രവർത്തിക്കുന്നത്. ഭക്ഷണമെത്തുമ്പോൾ അറിയിപ്പ് വരും. ഒരാഴ്ചയ്ക്കുള്ളത് ഒരുമിച്ച് തരും. മുൻകൂട്ടി അപേക്ഷ കൊടുത്താൽ ചിലപ്പോൾ മരുന്നും കിട്ടും.

ബ്രഡ് / കുബ്ബൂസ്
ഉണങ്ങിയ ഇറച്ചി / മീൻ
ഉള്ളി / ഉരുളക്കിഴങ്ങ്
ആടിന്റെ കരൾ
പാൽ / വെണ്ണ
ഈത്തപ്പഴം / കോൺ

ഫാക്ടറിക്ക് മുന്നിൽ പ്രദർശിപ്പിച്ച ബോർഡ് വായിച്ച് ഞാനും ലാമ്യയും കണ്ണുമിഴിച്ചു. ഛെ! അറിയാൻ വെെകിപ്പോയി. അയൽഗ്രാമങ്ങളായ ജബലിൽനിന്നും മൗറത്തിൽനിന്നും സ്ത്രീകൾ നേരത്തെ ക്യൂവിലെത്തിയിട്ടുണ്ട്. ഞങ്ങൾ ഗേറ്റ് കടക്കാൻ തുടങ്ങിയപ്പോൾ അർദ്ധസെെനിക വിഭാഗത്തിലെ ഒരാൾ വന്ന് ദേഹം പരിശോധിച്ചു.

ഞങ്ങൾ കെെകളുയർത്തി നിന്നു. എന്റെ അരക്കെട്ടിൽ തിരുകിയ ലോഹഭാഗത്ത് അയാളുടെ കെെയുടക്കി. ഞാൻ കത്തി പുറത്തെടുത്ത് കാണിച്ചു. എന്റെ ബുദ്ധിമോശം. ആയുധമെടുത്ത് ആരെങ്കിലും ഭക്ഷണം വാങ്ങാൻ വരുമോ... അയാൾ എന്നെ മാറ്റിനിർത്തുമെന്നുതന്നെ ഞാൻ പേടിച്ചു. പക്ഷെ, ഒന്നുമുണ്ടായില്ല. കയ്യിലെ ദണ്ഡുകൊണ്ട് ഒന്നുകൂടെ ഞങ്ങളുടെ ദേഹമാകെ ഉഴിഞ്ഞുനോക്കിയതിനുശേഷം അയാൾ മൂലയിൽ വച്ചിരിക്കുന്ന വലിയ ടിന്നിലേക്ക് ചൂണ്ടി. ഞാൻ കത്തി ടിന്നിൽ കൊണ്ടുപോയിട്ടു. ഭാഗ്യം ഞാൻ മാത്രമല്ല. അതിൽ വേറെയും ആയുധങ്ങൾ കണ്ടു. എന്നെപ്പോലെ വേറെയും വിഡ്ഢികൾ.

കണ്ടോ... ഞങ്ങൾ സാൻഡെ പെണ്ണുങ്ങളെല്ലാം ഒരുപോലെ ചിന്തിക്കുന്നവരാണ്. ഷെല്ലാക്രമണത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ ഇടയിൽപെട്ട് കയ്യോ കാലോ തലയോ ഉയിരോ പോയവരാണ് ഞങ്ങളുടെ ഭർത്താക്കന്മാർ. ചത്തുകഴിഞ്ഞാലും അവരുടെ കത്തിയോ തൂവാലയോ കൊണ്ടുനടക്കുന്ന കാൽപനികർ ഞങ്ങളും.

പക്ഷെ സാമിർ സുന്ദരനായിത്തന്നെയാണ് മരിച്ചത്. ഒരു നാൽപതുകാരന്റെ എല്ലാ അംഗസൗകുമാര്യത്തോടും കൂടെ. സമയവും കാലവുമെന്നും ഓർമയില്ല. ചോര കുടിയൻ സെറൂട്ട് ഈച്ചകൾ പെരുകുന്ന നനവുള്ള ഒരു മാസമായിരുന്നെന്നു മാത്രമേ പറയാൻ പറ്റൂ. അത് ഓർമയിൽ നിൽക്കാൻ കാര്യമുണ്ട്.

എന്റെയും സാമിറിന്റെയും വേഴ്ചയുടെ സമയത്തൊക്കെ ‘ഞാൻ രണ്ടാമത്തെയാളല്ലെ'യെന്ന കുത്തുവാക്ക് പറഞ്ഞ് അവന്റെ അഗ്നിയെ കെടുത്തുന്ന ഒരു ചീത്ത സ്വഭാവം എനിക്കുണ്ടായിരുന്നു. അത് കേൾക്കുമ്പോൾ സാമിർ നിസ്സഹായനാവും. മറുത്തൊന്നും പറയാതെ വീണ്ടും എന്നെ ചുംബിക്കാനൊരുങ്ങുമ്പോൾ ‘മറ്റവളുടെ മണം വരുന്നു’ എന്നു പറഞ്ഞ് ഞാൻ വീണ്ടും തളർത്തും.

അന്നും അതുപോലൊരു കുശുമ്പ് ദിവസമായിരുന്നു. സാമിറിന്റെ ആദ്യഭാര്യയുടെതാണെന്ന് എനിക്കുറപ്പുള്ള ഒരു പ്രത്യേക സുഗന്ധതെെലത്തിന്റെ മണം അവന്റെ ഉടുപ്പിൽനിന്നുണ്ടായപ്പോൾ ഞാൻ പിണങ്ങി തിരിഞ്ഞുകിടന്നു.

ജനാല തുറന്നപ്പോൾ ഒരു കാഴ്ച കണ്ടു.
ഞങ്ങളുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന വഴിയിൽ നിർത്തിയിട്ട ഒരു പട്ടാളജീപ്പിന്റെ എഞ്ചിനിൽ സെറൂട്ട് ഈച്ചകൾ പറ്റിപ്പിടിച്ച് കിടക്കുന്നു. ഒന്നും രണ്ടുമല്ല, ഒരു പറ്റം. പുറത്ത് നല്ല തണുപ്പല്ലേ. ചൂടുള്ള ഏതോ മൃഗമാണെന്ന് തെറ്റിദ്ധരിച്ച് ഇവറ്റകളെല്ലാം കൂടെ വന്നതാണ്. അതിനുമുൻപുള്ള മഴക്കാലത്ത് ഇവയുടെ ശല്യം ഭീകരമായിരുന്നു. കടിയേറ്റ് കുഞ്ഞുങ്ങളുടെ ദേഹമാകെ ചുവന്നുതടിച്ച് വ്രണമായി. മരുന്നുപോലും കിട്ടാത്ത അവസ്ഥയിൽ നരകമായിരുന്നു.

അവറ്റകൾ കുടിലുകയ്യേറുന്നതിനുമുമ്പേ ഈച്ചകളെ തുരത്തുന്ന നാട്ടുമരുന്ന് സംഘടിപ്പിക്കാനായി ഞാൻ സാമിറിനെ പറഞ്ഞുവിട്ടു.

അവൻ പോയി രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ഹിനാറ്റയാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. മരുന്നുശാലയിലേക്കുള്ള ഇടവഴി തിരിയുന്നിടത്ത് സാമിർ വെറുതെ മരിച്ചു കിടക്കുന്നതു കണ്ടു. ഇവിടെ രണ്ടാം ഭാര്യമാർക്ക് പുരുഷന്റെ ഉയിരുമായി മാത്രമാണ് ഇടപാട്. ഉയിരുവെടിഞ്ഞ ശരീരത്തിൽ യാതൊരു അധികാരവുമില്ല. നോക്കിനിൽക്കാം, കരയാം. അതിൽകൂടുതലൊന്നുമില്ല.

അന്ന് മണിക്കൂറുകൾക്കു മുമ്പ് ഞാൻ നിഷേധിച്ച ചുംബനം സാമിറിൻ്റെ തണുത്ത ചുണ്ടിൽനിന്ന് വടിച്ചെടുക്കാനാവുമെങ്കിൽ ഞാനത് ചെയ്യുമായിരുന്നു.

പക്ഷെ അലറിക്കരയുന്ന ആദ്യഭാര്യയുടെയും പ്രാർത്ഥനാപൂർവം എന്തോ ഉരുവിടുന്ന ഒരു കൂട്ടം പുരോഹിതന്മാരുടെയും എതിരെ വന്ന ഒരു വണ്ടിയുടെ മഞ്ഞവെളിച്ചത്തിന്റെയും ഇടയിൽ അവൻ പൂർണമായും എന്റെ കാഴ്ചയിൽനിന്ന് മറഞ്ഞു.

ബഹളങ്ങളില്ലാതെ, മുറിവുകളില്ലാതെ, മുഖം കോടാതെ, പത തുപ്പാതെ, ഈച്ച പൊതിയാതെ ആളുകൾ മരിക്കുന്നത് ഇവിടെ പതിവാണ്. വെടിയേറ്റ് രക്തം വാർന്ന് കിടക്കുന്ന ഏകാകികളായ മൃതദേഹങ്ങളും ഏറെക്കൂറെ ഈ മര്യാദ പാലിച്ചു.

നാലാംനാൾ ഉയിർത്തെണീറ്റ് വരേണ്ടതാണെന്ന് തോന്നുംവിധമാണ് സാമിർ ശവപ്പെട്ടിയിൽ കിടന്നത്. ഞാൻ നൽകിയ മുത്തുപിടിപ്പിച്ച ജുബ്ബ അവനെ ധരിപ്പിക്കാനുള്ള കരുണ അവർ കാണിച്ചു. അപൂർവമായി മാത്രം കണ്ടുകിട്ടുന്ന ഭാഗ്യവാനായ സാൻഡെ പുരുഷൻ. അങ്ങനെയല്ലാത്ത എത്രയോ ആളുകളുണ്ട്.

മാംസം ഉണക്കി പാക്കറ്റുകളിലാക്കി വിൽക്കുന്ന ഒരു അയൽവാസി ഞങ്ങൾക്കുണ്ടായിരുന്നു. കച്ചവടത്തിനുപോയ അവരുടെ ഭർത്താവിന്റെ കെെപ്പത്തി മാത്രമാണ് അവർക്ക് തിരിച്ചുകിട്ടിയത്. വെയിലത്ത് അയയിൽ ഉണങ്ങാനിട്ട ഇറച്ചിക്കഷണങ്ങൾക്കൊടുവിൽ അവരുടെ ഭർത്താവിന്റെ കെെപ്പത്തിയും കുരുങ്ങിക്കിടന്നു. അതുകണ്ട് ഭ്രാന്തിളകിയ ആ സ്ത്രീ പിന്നെയും ആറേഴു വർഷം ജീവിച്ചു.

വല്ലപ്പോഴും ഒറ്റയ്ക്ക് സംസാരിക്കുന്ന കിറുക്കൊഴിച്ചാൽ എനിക്ക് ഭ്രാന്തൊന്നും വന്നില്ല. ഞാനും ജീവിച്ചു.

എന്തൊക്കെയോ പറഞ്ഞ് ഞാൻ നിങ്ങളെ മുഷിപ്പിച്ചോ. നിങ്ങൾക്ക് ഇതൊക്കെ കേൾക്കാൻ താൽപര്യമുണ്ടോയെന്നുപോലും ഞാൻ ചിന്തിച്ചില്ല. ഏകപക്ഷീയമായ ദീർഘസംഭാഷണത്തിൽ നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് വിചാരിക്കട്ടെ.

സാമാന്യം നീണ്ട ക്യൂവായിരുന്നു ഭക്ഷ്യവിതരണകേന്ദ്രത്തിലേത്. പുറത്തിരിക്കുന്ന സെെനികോദ്യോഗസ്ഥനോട് വേണ്ട സാധനങ്ങൾ ഏതൊക്കെയെന്നു പറഞ്ഞാൽ അയാൾ സ്ലിപ്പ് എഴുതിത്തരും. അത് അകത്ത് പോയെടുക്കാം. ക്യൂ വളരെ പതുക്കെയാണ് നീങ്ങിക്കൊണ്ടിരുന്നത്. ഓരോരുത്തരായി ചെല്ലും. സ്ലിപ്പു വാങ്ങും. ആവശ്യപ്പെട്ട സാധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ ഉദ്യോഗസ്ഥൻ മുഖം നോക്കാതെ വെറുതെ തലയാട്ടിക്കൊണ്ടിരിക്കും. ബോർഡിൽ എഴുതിയ പകുതി സാധനങ്ങളും അവിടെയില്ലെന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി.

അടുത്തത് ലാമ്യയുടെ ഊഴമായിരുന്നു.

അവൾ ഒരാൾക്കുള്ള കുബ്ബൂസും ഉരുളക്കിഴങ്ങും മാത്രം പറഞ്ഞപ്പോൾ സ്ലിപ്പ് തരുന്നയാൾ സംശയത്തോടെ നോക്കി.

“ഭക്ഷണം ഇനിയെന്ന് വരുമെന്ന് പറയാൻ പറ്റില്ല. എല്ലാവർക്കുമുള്ളത് വാങ്ങുന്നതാണ് നല്ലത് ”– അയാൾ പറഞ്ഞു.

“ഇതുമതി. ഒരാളേയുള്ളൂ’’, ലാമ്യ സ്ലിപ്പ് വാങ്ങി.

മുൻപ് ഭക്ഷണം വരുമ്പോൾ ഉച്ചക്കിറുക്കുള്ള ഒരച്ഛനും പന്ത്രണ്ടുകാരനായ ഒരനിയനും അടക്കം മൂന്നുപേർക്കുള്ള സ്ലിപ്പ് അവൾ വാങ്ങിയിരുന്നു.

അന്നവൾക്കൊരു പ്രേമമുണ്ടായിരുന്നു. അവളുടെ കാമുകൻ എല്ലാ വെള്ളിയാഴ്ചകളിലും ജബൽ നദിയുടെ തീരത്ത് കാണാൻ വരും. കുതിർത്ത ബദാമിന്റെ മണവും നിറവുമുള്ള ഒരുത്തൻ. അയ്ഹാൻ.

യുദ്ധം തുടങ്ങിയപ്പോൾ ഗ്രാമത്തിലെ പല ചെറുപ്പക്കാരെയും പോലെ അയ്ഹാനെയും നിർബന്ധിത സെെനിക സേവനത്തിന് നിയോഗിച്ചു. കവിത പറയാനും പ്രേമിക്കാനും നാടകം കളിക്കാനും മാത്രമറിയാവുന്ന ഒരു സാധു. സെെന്യം തെരച്ചിലിന് വരുമ്പോഴോക്കെ അവൻ നദിയിലേക്ക് ഊളിയിടുകയോ മരത്തിനുമുകളിൽ കയറിയിരിക്കുകയോ ചെയ്യും. ലാമ്യയെ കാണാൻ വരുമ്പോൾ അവൻ ദൂരെനിന്നേ ചൂളമടിക്കും. അവൾ കുടിലിന് പുറത്തിറങ്ങിയാൽ കയ്യിൽ ചുറ്റിയ പച്ച കർച്ചീഫ് വീശി സിഗ്നൽ കാണിക്കും.

ജബലിന്റെ തീരത്ത് അവർ സ്ഥിരമായി ഇരിക്കുന്ന സ്ഥലമുണ്ട്. തിനയുടെ തണ്ടും പുല്ലും ഉണങ്ങിയ ചെളിയും കൂട്ടിയിട്ട് അവിടെ അവരൊരു രഹസ്യയിടം ഒരുക്കിയിട്ടുണ്ട്. പട്ടാളത്തിന്റെ മാർച്ചിങ്ങ് ഗാനങ്ങൾ കേൾക്കുമ്പോൾ അവൻ അവളുടെയും അവൾ അവന്റെയും ചെവിപൊത്തി പുൽക്കൂനക്കുള്ളിൽ മറഞ്ഞിരിക്കും.

നദിയിലേക്കിറങ്ങാൻ പണ്ടാരോ വെട്ടിയുണ്ടാക്കിയ വഴുക്കുപിടിച്ച പടവുകളിൽ ചാടാൻ നല്ല സമയം നോക്കി പതുങ്ങിയിരിക്കുന്ന പച്ചത്തവളകളെയും തെളിഞ്ഞ വെള്ളത്തിലെ പ്രതിബിംബത്തിനൊപ്പം സയാമീസ് ഇരട്ടകളെപ്പോലെ പറ്റിച്ചേർന്നിരിക്കുന്ന മീവിസ് പാറ്റകളെയും നോക്കി നേരം കളയും. അവന്റെ കാലിലെ തിണർത്ത പാടുകളെ അവൾ പെരുവിരൽ കൊണ്ട് തുടച്ചുമാറ്റാൻ നോക്കും. ചെളി കുഴച്ച് പാമ്പിനെയും പരുന്തിനെയുമുണ്ടാക്കും. ഉമ്മവെക്കും. ലാമ്യ കോട്ടുവാ ഇടുന്നതുവരെ അവർ നാടകം കളിക്കും.

അയ്ഹാൻ: അതാ നോക്ക്. ഇന്നും വരുന്നുണ്ട്.
ലാമ്യ: ആര്?
അയ്ഹാൻ: നീ കാണുന്നില്ലേ?
ലാമ്യ: ഇല്ലല്ലോ.
അയ്ഹാൻ: സൂക്ഷിച്ച് നോക്ക്. കാണുന്നില്ലേ അയാളുടെ നരച്ച പച്ച നിറമുള്ള സ്കാർഫ്.
ലാമ്യ: അവിടെ ഒന്നുമില്ല. കാടാണ്, ഇരുട്ടാണ്.
അയ്ഹാൻ: അയാൾക്ക് കനലിന്റെ നിറമാണ്. നോക്ക് നോക്ക്. കാറ്റത്ത് നീണ്ട മുടി പറക്കുന്നു.
ലാമ്യ: നീ സ്വപ്നം കാണുകയാണ്.
അയ്ഹാൻ: അല്ല. അയാളുടെ കയ്യിലെ തോക്കുകണ്ടോ. അതിന് ഒരു രണ്ടായിരം വയസ്സുണ്ടാവും.
ലാമ്യ: എന്റെ കുഞ്ഞ് അങ്ങോട്ട് നോക്കണ്ട. കണ്ണടക്ക്.
അയ്ഹാൻ: ഞാൻ നോക്കാതിരുന്നിട്ടും അയാളെന്തിനാണ് നിഴലുപോലെ എന്റെ പിറകേ വരുന്നത്.
അവന്റെ കണ്ണു നിറഞ്ഞു.
“മതി നാടകം കളിച്ചത്”

ലാമ്യ അവനെ അണച്ചുപിടിച്ച് കിടക്കുമ്പോഴാണ് സായാഹ്നസവാരിക്കിറങ്ങിയ ഒരു സെെനികോദ്യോഗസ്ഥൻ അവരെ കാണുന്നത്. പ്രേമിക്കുമ്പോഴാണല്ലോ ഉഴപ്പുന്നതും ശ്രദ്ധ മാറുന്നതും. അവർ നിരുപാധികം അയാളുടെ കൺമുന്നിൽ പെടുകയായിരുന്നു. ആൾപൊക്കമില്ലാത്ത കുഞ്ഞുചെടികൾ മാത്രമുള്ള വിശാലമായ ഒരിടമായിരുന്നു അത്. ഓടാനോ മറഞ്ഞിരിക്കാനോ അവർക്ക് സാധിച്ചില്ല.

കെെത്തണ്ടയിൽ ഒരു വ്യാളിയുടെ മുഖവും ജനറലിന്റെ തൊപ്പിയും രണ്ടറ്റത്തായി പച്ച കുത്തിയ അയാൾ മര്യാദയില്ലാതെ അവർക്കരിയിൽ വന്നിരുന്നു. ലാമ്യ അയ്ഹാനൊപ്പം വല്ലായ്മയോടെ എഴുന്നേറ്റു.

അയാൾ അലസനായി ചാരിയിരുന്ന് അവരോട് ഒരു യുഗ്മഗാനം പാടാൻ ആവശ്യപ്പെട്ടു.

"മുന്തിരി വെെനിന്റെ മണം"– നിലത്തുവീണുകിടന്ന അവളുടെ ശിരോവസ്ത്രത്തിന്റെ അറ്റമെടുത്ത് അയാൾ മണപ്പിച്ചു.

“ഒരെണ്ണം വാങ്ങിച്ചിട്ട് വാ”– അയാൾ കയ്യിലെ സിഗരറ്റ് കുത്തിക്കെടുത്തി അയ്ഹാന് കാശെടുത്ത് കൊടുത്തു.

“പതുക്കെ മതി. തിരക്കില്ല”
അയാളുടെ കണ്ണിൽ ആർത്തി തിളങ്ങി.
അവൻ പോവാതെ പരുങ്ങി നിന്നു.

തിളങ്ങുന്ന മോതിരം. സിഗരറ്റ് മണം. ഞൊട്ടയിടുന്ന വിരലുകൾ. കയ്യിൽ അലസമായി കിടക്കുന്ന തോക്ക്. ചവറിനിടയിൽ ഭക്ഷണം തിരയുകയായിരുന്ന ഒരു പെൺപട്ടിയെ അയാൾ ഒറ്റവെടിക്ക് തീർത്തു.

ലാമ്യയൊന്ന് ഞെട്ടുക പോലും ചെയ്യാത്തത് അയാളെ അസ്വസ്ഥനാക്കി.

"നിന്റെ പെണ്ണിന് പേടിയില്ലേ’’ – അയാൾ അവനോട് ചോദിച്ചു.
"ഇല്ലേ”– മറുപടിയില്ലാഞ്ഞപ്പോൾ അയാൾ എഴുന്നേറ്റ് അവൾക്കഭിമുഖമായി വന്നുനിന്നു.
"ഇല്ലേ”– അയാൾ ഇടതുകെെകൊണ്ട് അയ്ഹാന്റെ വയറിൽ തോക്കമർത്തി.
ഭീമാകാരനായ ഒരു ഹിപ്പൊപ്പൊട്ടാമസിന്റെ നിഴലുപോലെ അയാൾ അവർക്കുമുന്നിൽ വിരിഞ്ഞുനിന്നു.
ഒറ്റക്കുതിപ്പിന് തോക്ക് തട്ടിമാറ്റി അവളവനെയുംകൊണ്ട് കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് ചാടി.

അവർ നീന്തി അക്കരേക്കെത്തുന്ന സമയം എടുത്തിരുന്നില്ല അവളുടെ കുടിലു കത്താൻ. കോണാകൃതിയിലുള്ള കുടിൽ ആകാശത്തേക്ക് ഉന്നം വച്ച് തീപാറ്റി. പാതിവെന്ത് പുറത്തേക്ക് ചാടിയ അവളുടെ അനിയനെ തോക്കുധാരികൾ വെടിവച്ചിട്ടു. പുറത്ത് ഉണക്കാനിട്ട അവളുടെ അച്ഛന്റെ നീളൻ കെെയുള്ള ഒരു ജുബ്ബയൊഴികെ ബാക്കിയെല്ലാം കൂടെക്കത്തി.

ജബലിൽനിന്ന് അയ്ഹാനില്ലാതെ ഒറ്റയ്ക്ക് നീന്തിക്കയറിയ അവളും എന്നെപ്പോലെയായിരുന്നു. ഭ്രാന്ത് വന്നില്ല. പിന്നെയും ജീവിച്ചു.

സ്ലിപ്പ് വാങ്ങിയ ലാമ്യ സാധനങ്ങളെടുക്കാനായി ഫാക്ടറിക്കകത്തെ മുറിയിലേക്ക് ചെന്നു. അടുത്തത് ഞാനാണ്. എന്തായാലും വെെകി. ഇനിയിപ്പോ അത്താഴമാക്കാം.

സെെനികകേന്ദ്രത്തിൽനിന്നുള്ള മാലിന്യം ശേഖരിച്ച് കൊണ്ടുപോവുന്ന ട്രക്കിൽ സാമിറിന്റെ കത്തി കൊണ്ടിട്ട ബിന്ന് കയറ്റുന്നത് ഞാൻ വെറുതെ നോക്കിനിന്നു. ട്രക്ക് നിരങ്ങിനീങ്ങി ഗേറ്റ് കടന്നു.

സമയം കടന്നുപോവുന്നു.
ലാമ്യയെവിടെ.

ഞാൻ സ്ലിപ്പ് വാങ്ങി വാതിൽക്കൽനിന്നു.
അവളെവിടെ.

പതുക്കെ അകത്തെ ഇരുട്ടിലേക്ക് പാളിനോക്കി.
വലിയ ചാക്കുകളിലും പാത്രങ്ങളിലും ഭക്ഷ്യസാധനങ്ങൾ അടുക്കിവച്ചിരിക്കുന്നു. കുറേ കൊതുകും കുറച്ച് പുഴുക്കളും കണക്കെഴുതുന്ന ഒരു പട്ടാളക്കാരനും അകത്തുണ്ട്. ലാമ്യയുടെ പേരിലുള്ള കുബ്ബൂസും ഉരുളക്കിഴങ്ങുമുള്ള ഒരു കുഞ്ഞുപൊതി മുറിയുടെ മൂലയിൽ വച്ചതുകണ്ടു.

ലാമ്യ... ഞാൻ തല അകത്തേക്കിട്ട് വിളിച്ചു.
മറുപടിയുണ്ടായില്ല.
അകത്ത് അടച്ചിട്ട മുറിയിൽ ഒരു ഞരക്കം. എന്റെ ഉടൽ വിറച്ചു.
കുഞ്ഞേ... ഞാൻ വീണ്ടും വിളിച്ചു.

മുറി തുറന്ന് ഒരാൾ പുറത്തേക്ക് വന്നു. അയാൾ ക്യൂവിൽ നിൽക്കുന്ന സ്ത്രീകളെയൊന്നാകെ നോക്കി.

‘കോട്ടൺ തുണിയുണ്ടോ ആരുടെയെങ്കിലും കയ്യിൽ"
ആരും അനങ്ങിയില്ല. അയാൾ എന്നെ ചോദ്യപൂർവ്വം നോക്കി.
‘ആരുടെ കയ്യിലുമില്ലേ’.

ഉടുത്ത ടോബെ ഞാൻ അരയോളം അഴിക്കുന്നത് അയാൾ സാകൂതം നോക്കിനിന്നു.

‘ഈ പരിഷ്കാരങ്ങളൊക്കെയായോ’– അയാൾ എന്റെ അർദ്ധനഗ്നമായ മാറിലെ അടിവസ്ത്രത്തിന്റെ സ്ട്രാപ്പ് കയ്യിലെ ദണ്ഡുകൊണ്ട് വലിച്ചുവിട്ടു. മുറിച്ചുകൊടുത്ത ടോബെയുടെ കഷണവുമായി അയാൾ അകത്തെ മുറിയിലേക്ക് പോയപ്പോൾ കണക്കെഴുത്തുകാരൻ എന്റെ സ്ലിപ്പ് ചോദിച്ചു.

ഞാൻ കിതപ്പാറ്റി പറഞ്ഞു:
ഉള്ളി
ഉണങ്ങിയ മീൻ
പാല്
ആറ് കുബ്ബൂസ്.

Comments