കോവിഡ് വാക്‌സിൻ ഇനിയും ആ കറുത്ത ശരീരങ്ങൾ തന്നെ വേണോ?

ഓക്‌സ്‌ഫോർഡിൽ നടക്കുന്ന കോവിഡ് വാക്സിൻ നിർമാണം ഇപ്പോൾ ഘട്ടംഘട്ടമായുള്ള ഹ്യൂമൻ ട്രയലിലാണ്. ആദ്യഘട്ടം ദക്ഷിണാഫ്രിക്കയിലും രണ്ടാം ഘട്ടം കെനിയയിലുമാണെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കയും കെനിയയും സിംബാബ്വെയും ക്ലിനിക്കൽ ട്രയലുകളുടെ കേന്ദ്രങ്ങളായി മാറുന്നത്? ഇപ്പോഴും സാമ്രാജ്യത്വവും വംശീയതയും ആരോഗ്യരംഗത്തുപോലും ഒഴിയാബാധയായി തുടരുന്നു എന്നുവേണം മനസ്സിലാക്കാൻ

കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്ന അങ്കലാപ്പിലാണ് അടഞ്ഞ ലോകം. കോവിഡ് ചികിത്സകൾ തന്നെ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ മുഴുവൻ പ്രതീക്ഷയും ഇപ്പോൾ റഷ്യയിലാണ്​. ബഹിരാകാശത്തേക്ക് വണ്ടി തിരിച്ചുവിട്ടവരാണ്, ഈ കണ്ടുപിടിത്തവും കേമമായിരിക്കണം; എങ്കിലും ലോകാരോഗ്യ സംഘടനയും ഗവിയും(ഗ്ലോബൽ വാക്‌സിൻ അലയൻസ്) ഇതിനെ പിന്തുണച്ചിട്ടില്ല. ഇതിനിടെ, പ്രധാന ഗവേഷണ വിവരങ്ങൾ റഷ്യ ചോർത്തുന്നു എന്ന ആരോപണവുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വാക്സിൻ ഗവേഷകരും രംഗത്തെത്തിയിരുന്നു. ഓക്‌സ്‌ഫോർഡ് വാക്സിന്റെ കൂട്ടായ്മയിൽ ഇന്ത്യയും പങ്കാളിയാണ്.

ഏറ്റവും കൂടുതലാളുകളിൽ പരീക്ഷിക്കപ്പെട്ട് പാർശ്വഫലങ്ങളില്ലാത്ത, എന്നാൽ പ്രതിരോധ ശക്തി ഏറ്റവും കൂടുതൽ നൽകുന്ന വാക്സിനാവും മത്സരവിജയി. അത്രയധികം ആളുകളെ പരീക്ഷണത്തിന്​ എങ്ങനെയാവും തെരഞ്ഞെടുക്കുക? AstraZeneca എന്ന മരുന്നുഭീമന്റെ നിക്ഷേപത്തിൽ ഓക്‌സ്‌ഫോർഡിൽ നിന്ന് പുതിതായിറങ്ങുന്ന വാക്സിൻ ആരിലാവും പരീക്ഷിക്കപ്പെടുക എന്ന ചോദ്യം കണ്ടുപിടിത്തത്തോളം പ്രസക്തമാണ്. കാരണം, ഓരോ വാക്സിന്റെ പിന്നിലും കോർപറേറ്റുകൾ ഓട്ടമത്സരത്തിനു തയ്യാറായി നിൽക്കുന്നു.

മാറി മാറി വന്ന കോവിഡ് ചികിത്സകൾക്ക് ഇടംവലം നോക്കാതെ കൊടുത്ത അംഗീകാരങ്ങളിലെ രാഷ്ട്രീയ കൈകടത്തലുകൾ അത്ര നിഷ്‌കളങ്കമല്ല

വാക്സിന്റെ MRP വരെ തയ്യാറാക്കി കാത്തിരിക്കുകയാണ് കോർപ്പറേറ്റ് ഭൂതഗണങ്ങൾ. അല്ലെങ്കിൽ സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന വാക്സിൻ മനുഷ്യരിലെ പരീക്ഷണ ഘട്ടം തുടങ്ങും മുൻപുതന്നെ 80% ആത്മവിശ്വാസം പ്രകടിപ്പിച്ചത് എന്തടിസ്ഥാനത്തിലാണ്? Dexamethasone ചികിത്സയിൽ വിശദപഠനം നടക്കും മുമ്പ് മാധ്യമങ്ങൾ, മാന്ത്രികമരുന്നെന്ന രീതിയിൽ പ്രചരിപ്പിച്ചതിന്റെ ഔചിത്യമെന്താണ്?

മറക്കരുത്, ആ മനുഷ്യവിരുദ്ധ പരീക്ഷണങ്ങൾ

ഒരു മനുഷ്യന്റെ വ്യക്തിപരമായ വിവരങ്ങളോ ശരീരത്തിൽ നിന്നുള്ള ഏതെങ്കിലും സ്രവമോ ഭാഗങ്ങളോ ഉപയോഗപ്പെടുത്തിയുള്ള ഗവേഷണങ്ങളെ ഹ്യൂമൻ സബ്‌ജെക്ട് റിസർച്ച് എന്ന് വിളിക്കുന്നു. ഇപ്രകാരം ഒരാളിൽ നിന്ന് ഗവേഷണത്തിന് നിദാനമായ വിവരങ്ങളോ ജൈവവസ്തുക്കളോ ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കിൽ അവരുടെ സമ്മതപത്രം (informed consent)

കോവിഡ് 19 വാക്‌സിനായ സ്പുട്‌നിക് വിയുടെ റിപ്രസന്റേഷൻ
കോവിഡ് 19 വാക്‌സിനായ സ്പുട്‌നിക് വിയുടെ റിപ്രസന്റേഷൻ

വേണ്ടിവരും. ഗവേഷണത്തെക്കുറിച്ചു പരിപൂർണമായ വിവരങ്ങൾ കൈമാറിയശേഷം തീരുമാനം വ്യക്തിക്ക് വിട്ടുകൊടുത്ത്, പരസ്പര ധാരണയിലെത്തിയാലും ഗവേഷണത്തിന്റെ ഏതുഘട്ടത്തിലും അതിൽനിന്ന് പിന്മാറാനുള്ള അവസരം വ്യക്തിക്കുണ്ടെന്നു ബോധ്യപ്പെടുത്തുകയും വേണം.

clinical trial എന്നറിയപ്പെടുന്ന ഗവേഷണങ്ങൾ പുതിയതരം മരുന്നുകളെക്കുറിച്ചും വാക്സിനുകളെക്കുറിച്ചും മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ചും ഉള്ള പഠനങ്ങളാണ്. ക്ലിനിക്കൽ ട്രയലുകൾ പൊതുവെ കടുത്ത നിയന്ത്രണങ്ങളുള്ളവയാണ്; അതായത് ഗവേഷണവിധേയനായ വ്യക്തി റോഡപകടത്തിൽപെട്ടാലും റിപ്പോർട്ട് ചെയ്യണം. പിഴവ് സംഭവിച്ചാൽ ഗവേഷകന്റെ മെഡിക്കൽ ലൈസെൻസിനും ജീവനും വരെ ഭീഷണിയുണ്ട്.

മനുഷ്യശരീരങ്ങളിന്മേലുള്ള ഗവേഷണനിയമങ്ങൾക്ക് 50 വർഷത്തെ ചരിത്രമേയുള്ളൂ. രണ്ടാം ലോകമഹായുദ്ധ കാലത്ത്​ ജർമനിയിലും ജപ്പാനിലും കൊറിയയിലും അരങ്ങേറിയ മനുഷ്യത്വരഹിത പരീക്ഷണങ്ങൾക്ക്​ വിരാമം കുറിച്ചുകൊണ്ടാണ് ന്യൂറംബർഗ് കോഡ് ഉണ്ടായത്. മനുഷ്യരെ മൈനസ് ഊഷ്മാവിൽ തണുപ്പിച്ചു നോക്കുക, ഇരട്ടക്കുട്ടികളെ തുന്നിക്കെട്ടുക, കണ്ണിന്റെ നിറം മാറ്റുവാൻ കണ്ണിൽ തന്നെ മരുന്ന് കുത്തിവെക്കുക, മയക്കുമരുന്നില്ലാതെ

മനുഷ്യരെ കീറി മുറിക്കുക തുടങ്ങി യുദ്ധത്തടവുകാരിൽ നടപ്പിലാക്കിയ പരീക്ഷണങ്ങൾ മനസ്സാക്ഷിയുള്ളവർക്ക് സഹിക്കാവുന്നതല്ല. ന്യൂറംബർഗ് നിയമത്തിലെ മൂന്ന് സുപ്രധാന ഘടകങ്ങളായ voluntary informed consent, favorable

1955ലെ Cutter സംഭവം
1955ലെ Cutter സംഭവം

risk/benefit analysis, പരീക്ഷണത്തിൽ നിന്ന് ഏതുസമയത്തും പിന്മാറാനുള്ള അവകാശം എന്നിവ ഗവേഷണ നിയമങ്ങൾക്ക് അടിത്തറ പാകുകയിരുന്നു. പിന്നീടും പല തവണ ഇത്തരം പ്രവണതകൾ ആവർത്തിക്കപ്പെട്ടപ്പോൾ (ഉദാഹരണത്തിന് 1955ലെ Cutter സംഭവം- ലൈസൻസ് കിട്ടിക്കഴിഞ്ഞ ശേഷമുള്ള പോളിയോ വാക്‌സിൻ നിർമാണത്തിലെ പിഴവ് മൂലം 40,000 കുട്ടികൾ പോളിയോ ബാധിച്ചു, അഞ്ചു കുട്ടികൾ മരിച്ചു, 1960 കളിൽ

വാക്സിൻ മനുഷ്യകുലത്തെ ജീവിപ്പിച്ചു നിർത്തിയ അവിഭാജ്യ ഘടകമായിരുന്നു. എന്നാൽ അവ ആവിർഭവിച്ച വഴിയിൽ നമുക്ക് വേണ്ടെന്നു തോന്നിയ ആയിരങ്ങളെ ബലി കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത നാം മറന്നുകൂടാ

ഗർഭിണികളിൽ ഗർഭാസ്വസ്ഥതകളെ ചികിൽസിക്കാൻ thalidomide പരീക്ഷിച്ചതിൽ ജനിതക വൈകല്യങ്ങളോടെ കുട്ടികൾ ജനിച്ചു). 1964 ൽ world medical association ന്റെ നേതൃത്വത്തിൽ Helsinki report രൂപീകരിക്കപ്പെട്ടു. 1932-1972 കാലയളവിൽ ആഫ്രിക്കൻ വംശജരിൽ നടത്തിയ കുപ്രസിദ്ധമായ Tuskgee syphilis ഗവേഷണത്തിൽ മാരകമായ ചികിത്സാനിഷേധം കണ്ടെത്തുകയും 1978ൽ Belmont റിപ്പോർട്ട് രൂപീകൃതമാകുകയും ചെയ്തു. വ്യക്തികളോടുള്ള ബഹുമാനം (respect for persons), സാമൂഹ്യക്ഷേമം (beneficence), നീതി (justice) എന്നിവ ഗവേഷണങ്ങളുടെ മൂന്ന് സുപ്രധാന തത്വങ്ങളായി അംഗീകരിക്കപ്പെട്ടു.

എന്തുകൊണ്ട് ആഫ്രിക്ക?

ഗവിയുടെയും ലോകാരോഗ്യസംഘടനയുടെയും പരിപൂർണ പിന്തുണയോടെ ഓക്‌സ്‌ഫോർഡിൽ നടക്കുന്ന വാക്സിൻ നിർമാണം ഇപ്പോൾ ഘട്ടംഘട്ടമായുള്ള ഹ്യൂമൻ ട്രയലിലാണ്. ആദ്യ ഘട്ടം ദക്ഷിണാഫ്രിക്കയിലും രണ്ടാം ഘട്ടം കെനിയയിലുമാണെന്ന്​ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞൻ അതിനെതിരെ ശബ്ദമുയർത്തിയിരുന്നു. നമുക്ക് ഇതുവരെ പൂർണമായ അറിവില്ലാത്ത പുതിയ വാക്സിൻ ആഫ്രിക്ക പോലുള്ള ആവശ്യത്തിന് വെന്റിലേറ്ററോ ആശുപത്രികളോ PPE കിറ്റുകളോ ഇല്ലാത്ത രാജ്യത്ത് പരീക്ഷിക്കുന്നത് അപകടം വരുത്തിവെച്ചേക്കുമെന്ന മുന്നറിയിപ്പിനെ ലോകാരോഗ്യ സംഘടനാ മേധാവിയും കുറച്ചു ശാസ്ത്രജ്ഞരും കർശനമായി വിമർശിച്ചു. Didier Drogha എന്ന ആഫ്രിക്കൻ വംശജനായ ഫുട്‌ബോളർ, ആഫ്രിക്കൻ ജനങ്ങളെ ഗിനിപന്നികൾ ആക്കരുതെന്നും ഈ തീരുമാനം വേദനാജനകമാണെന്നും tweet ചെയ്തിരുന്നു. Global solidarity എന്ന ആശയം കൊണ്ട് ഇതിനെ എതിർക്കുന്ന WHO മേധാവി ഡോ. തേഡ്റോസ് ഇത് ആഫ്രിക്കക്ക് കിട്ടിയ ഭാഗ്യമാണെന്നും ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി വിപണിയിലെത്തിക്കഴിഞ്ഞാൽ ആഫ്രിക്കൻ ജനതക്ക് വാക്സിൻ പ്രാപ്യമായിരിക്കുമെന്നും പറഞ്ഞുവെച്ചു. അതായത് പരീക്ഷണവിധേയമായില്ലെങ്കിൽ വാക്സിൻ നിരയിൽനിന്ന് തന്നെ ആഫ്രിക്ക പിന്തള്ളപ്പെട്ടേക്കുമെന്നും അതിനു കാരണം ഇപ്പോഴും നിലനിൽക്കുന്ന വംശീയ-സാമ്പത്തിക കാരണങ്ങൾ ആണെന്നും പറയാതെ പറയുകയാണ് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിൽ റോക്കറ്റ് വേഗത്തിൽ കോവിഡ്​പകരുന്നുവെന്നും അതുകൊണ്ടാണ് ആഫ്രിക്കയെ വാക്സിൻ

പരീക്ഷണവിധേയമായില്ലെങ്കിൽ വാക്സിൻ നിരയിൽനിന്ന് തന്നെ ആഫ്രിക്ക പിന്തള്ളപ്പെട്ടേക്കുമെന്നും അതിനു കാരണം വംശീയ-സാമ്പത്തിക കാരണങ്ങൾ ആണെന്നും പറയാതെ പറയുകയാണ് ലോകാരോഗ്യ സംഘടന

പരീക്ഷണങ്ങൾക്കായി നിർദ്ദേശിക്കുന്നതെന്നുമുള്ള പ്രസ്താവനകൾ ശരിയല്ല; കാരണം ഏപ്രിലിൽ ഈ പ്രസ്താവനയിറക്കുമ്പോൾ അമേരിക്കയും യു.കെ തന്നെയും കോവിഡ്​ ബാധിത രാജ്യങ്ങളിൽ ആഫ്രിക്കയെക്കാൾ ഏറെ മുന്നിലായിരുന്നു.
ക്ലിനിക്കൽ ട്രയലുകളെക്കുറിച്ച്​ വിശദമായി പഠിക്കുന്ന, ജർമൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന facing finance എന്ന സംഘടന 2016 ഫെബ്രുവരിയിൽ നാല്​ എഡിഷനുകളിലായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്, ദക്ഷിണാഫ്രിക്കയും കെനിയയും സിംബാബ്വെയും ക്ലിനിക്കൽ

1996ൽ നൈജീരിയയിൽ മരുന്നു പരീക്ഷണത്തിന് ഇരയായവർ

Photo/Médecins Sans Frontières
1996ൽ നൈജീരിയയിൽ മരുന്നു പരീക്ഷണത്തിന് ഇരയായവർ

Photo/Médecins Sans Frontières

ട്രയലുകളുടെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു എന്നാണ്. നേരത്തെ ചൈന, റഷ്യ, ഇന്ത്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് യൂറോപ്പിന്റെയും അമേരിക്കയുടെയും മരുന്ന് പരീക്ഷണങ്ങൾ അരങ്ങേറിയത്. ഈ രാജ്യങ്ങളിലെല്ലാം അന്താരാഷ്ട്ര ഗവേഷണ നിയമങ്ങളെല്ലാം നിലവിലുണ്ടെങ്കിലും അവയൊന്നും അത്ര കാര്യക്ഷമതയോടെ വർത്തിക്കുന്നില്ല എന്നതാണ് സത്യം. 1996 ൽ pfizer നൈജീരിയയിൽ നടത്തിയ meningitisനുള്ള മരുന്ന് പരീക്ഷണത്തിൽ 11 കുട്ടികൾ മരിക്കുകയും കുറെയേറെ കുട്ടികൾ വികലാംഗരായി തുടരുകയും ചെയ്തു. 2011 നവംബറിൽ ദി ഇൻഡിപെൻഡന്റ് പ്രസിദ്ധീകരിച്ച without consent: how pharmaceutical companies recruit Indian Guinea pigs എന്ന ലേഖനത്തിലും astrazeneca, pfizer, merck മുതലായ അമേരിക്കൻ-യൂറോപ്പ് കേന്ദ്രിത മരുന്ന് കമ്പനികൾ ethical നിയന്ത്രണങ്ങളെ കാറ്റിൽപറത്തി മനുഷ്യരെ പരീക്ഷണവിധേയരാക്കുന്നു എന്ന് കാണാം. മരുന്ന് പരീക്ഷണങ്ങളിൽ ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെ ഇത്തരം കമ്പനികൾ മുഖവിലക്കെടുക്കുന്നില്ലെന്നു മാത്രമല്ല ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരവും ലഭിക്കുന്നില്ല എന്നതും ദുഃഖസത്യമാണ്.

ഭയത്തിന് ലോകവിപണിയിൽ നല്ല മാർക്കറ്റാണ്

വാക്സിന് ലോകജനത മുറവിളിക്കുമ്പോൾ അതിനെ കച്ചവടക്കണ്ണോടെ കാത്തിരിക്കുന്ന വേട്ടക്കാരെ കരുതിയിരിക്കണം. നമ്മിലെ ദുർബലവിഭാഗങ്ങളും നാം തന്നെയും ചൂഷണവിധേയരാകുന്നുണ്ടോ എന്ന ശ്രദ്ധ വേണം. ഇത് വാക്സിനെതിരെയുള്ള പ്രചാരണമല്ല. അനാവശ്യ ഭയം നിറക്കാനുള്ള വ്യഗ്രതയുമല്ല; മറിച്ചു മാറി മാറി വന്ന കോവിഡ് ചികിത്സകൾക്ക് ഇടംവലം നോക്കാതെ കൊടുത്ത അംഗീകാരങ്ങളിലെ രാഷ്ട്രീയ കൈകടത്തലുകൾ അത്ര നിഷ്‌കളങ്കമല്ല. ഇപ്പോഴും സാമ്രാജ്യത്വവും വംശീയതയും ആരോഗ്യരംഗത്തുപോലും ഒഴിയാബാധയായി തുടരുന്നു എന്നുവേണം

പ്രാണഭയമാണ് ആരോഗ്യപ്രവർത്തകരെ ദൈവമാക്കുന്നത്. അവരെ മനുഷ്യകവചമാക്കുന്ന കോർപറേറ്റുകൾ മുതലെടുക്കുന്നത്

മനസ്സിലാക്കാൻ. അമേരിക്കയിൽ കോവിഡ്, ആഫ്രിക്കൻ- അമേരിക്കൻ ജനതയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത് എന്ന് അമേരിക്ക തന്നെ സമ്മതിച്ചതാണ്. തൊലിനിറവും സമ്പത്തും നോക്കി ചികിത്സ നിഷേധിക്കുന്നതും ചൂഷണം ചെയ്യുന്നതും മെഡിക്കൽ രംഗം നിഷേധിച്ചാലും പകൽവെളിച്ചം പോലെ സത്യമാണ്.
പ്രസവസമയത്തെ മരണങ്ങളിൽ കറുത്തവർഗക്കാരായ അമ്മമാർ മൂന്നുമടങ്ങുകൂടുതൽ മരിക്കുന്നതും diabetes hypertension, ഹൃദ്‌രോഗങ്ങൾ എന്നിവ മൂലം ഇവരിൽ മരണസംഖ്യ കൂടുതലാണെന്നുള്ളതും ലോകത്ത് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവിനാൽ കറുത്ത കുട്ടികൾ മരിക്കുന്നതും ഇനിയും മെഡിക്കൽ സയൻസസിന് racial theoryയുടെ ചുമലിൽ കെട്ടിവെക്കാവുന്നതല്ല. രോഗവിവരങ്ങൾ കൈമാറുന്നതിൽനിന്ന്, അർഹമായ ചികിത്സ തേടുന്നതിൽനിന്ന് അവരെ മെഡിക്കൽ ലോകം മാറ്റിനിർത്തി. പകരം മെഡിക്കൽ ഗവേഷണങ്ങളിൽ ആ ശരീരങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെട്ടു. ചിന്താപരമായ വസ്തുത ഇതാണ്: ലോകം അധികമൊന്നും കൈകടത്താത്ത മെഡിക്കൽ ഗവേഷണരംഗത്തേക്ക് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളെ ലോകം നോക്കിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞിട്ടും 1960കൾക്കുശേഷം ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം ലോകത്തെ മുഴുവൻ തീപിടിപ്പിച്ചിട്ടും ആഫ്രിക്കയെ തന്നെ ആദ്യഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തു എന്നതാണ്.

ആശുപത്രികൾ തന്നെ പലപ്പോഴും ഇരുമ്പുമറകളാണ്. ചികിത്സകർ പറയുന്നത് വിശ്വസിക്കുക മാത്രമാണ് ഏകവഴി. ഗൂഗിൾ ബിരുദവുമായി അവിടെച്ചെന്നിട്ട് ഒരു പ്രയോജനവുമില്ല, കാരണം ആശുപത്രിയുടെ ഭാഷ തന്നെ ഗ്രീക്കും ലാറ്റിനുമാണ്, അതെത്ര വിശദീകരിച്ചാലും സാധാരണക്കാരന് അപ്രാപ്യവുമാണ്. നമ്മുടെ വിദ്യാഭാസ സംസ്‌കാരം പ്ലൂട്ടോയുടെ ഉപരിതല ഊഷ്മാവ് പഠിപ്പിക്കുന്നവയും ഹൃദയാഘാതമെന്തെന്നു പോലും പറഞ്ഞു കൊടുക്കാത്തവയും ആണ്. ഈ അജ്ഞത സാധാരണക്കാരനിൽ ഭയം ജനിപ്പിക്കുന്നു. ആ പ്രാണഭയമാണ് ആരോഗ്യപ്രവർത്തകരെ ദൈവമാക്കുന്നത്. അവരെ മനുഷ്യകവചമാക്കുന്ന കോർപറേറ്റുകൾ മുതലെടുക്കുന്നത്. എല്ലാക്കാലത്തും ലോകവിപണിയിൽ ഭയത്തിനു നല്ല മാർക്കറ്റുമാണ്.

ഏതെങ്കിലും ക്ലിനിക്കൽ ട്രയലുകൾക്ക് വിധേയരാവും മുൻപ്
നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകളുണ്ട്.

പരീക്ഷണ വിധേയനാകുന്ന വ്യക്തിയുടെ പരിപൂർണ സമ്മതം. സമ്മതപത്രം ഒപ്പിടുന്നതിനു മുമ്പ് പരീക്ഷണമരുന്നിന്റെ ഫലങ്ങൾ, പാർശ്വ ഫലങ്ങൾ എന്നിവയെക്കുറിച്ചു വിശദ വിവരങ്ങൾ. വ്യക്തിയുടെ സ്വകാര്യതാസംരക്ഷണം. പരീക്ഷണത്തിന്റെ ഏതു ഘട്ടത്തിലും പിന്മാറാനുള്ള അവകാശം. നഷ്ടപരിഹാരം. പാർശ്വഫലങ്ങൾ അല്ലെങ്കിൽ അവിചാരിത ഫലങ്ങൾ ഉണ്ടായാലുള്ള ചികിത്സാ ലഭ്യത.
ഗവേഷണത്തിൽ പങ്കാളിയാവും മുൻപ് ഈ കാര്യങ്ങളിൽ പൂർണഗ്രാഹ്യമുണ്ടായിരിക്കണം.
മഹാമാരിക്കാലങ്ങളിൽ വാക്സിൻ മനുഷ്യകുലത്തെ ജീവിപ്പിച്ചു നിർത്തിയ അവിഭാജ്യ ഘടകമായിരുന്നു. എന്നാൽ അവ ആവിർഭവിച്ച വഴിയിൽ നമുക്ക് വേണ്ടെന്നു തോന്നിയ ആയിരങ്ങളെ ബലി കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത നാം മറന്നുകൂടാ.


Summary: ഓക്‌സ്‌ഫോർഡിൽ നടക്കുന്ന കോവിഡ് വാക്സിൻ നിർമാണം ഇപ്പോൾ ഘട്ടംഘട്ടമായുള്ള ഹ്യൂമൻ ട്രയലിലാണ്. ആദ്യഘട്ടം ദക്ഷിണാഫ്രിക്കയിലും രണ്ടാം ഘട്ടം കെനിയയിലുമാണെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കയും കെനിയയും സിംബാബ്വെയും ക്ലിനിക്കൽ ട്രയലുകളുടെ കേന്ദ്രങ്ങളായി മാറുന്നത്? ഇപ്പോഴും സാമ്രാജ്യത്വവും വംശീയതയും ആരോഗ്യരംഗത്തുപോലും ഒഴിയാബാധയായി തുടരുന്നു എന്നുവേണം മനസ്സിലാക്കാൻ


Comments