കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന്​ വിപ്ലവം പ്രതീക്ഷിക്കുന്നത്​ മണ്ടത്തരമാണ്​

കഴിഞ്ഞ കാലാവസ്​ഥാ ഉച്ചകോടികളിലെടുത്ത തീരുമാനങ്ങളിൽനിന്ന്​ ഒട്ടും വ്യത്യസ്തമല്ല ഇത്തവണയും. ഉച്ചകോടി നടന്ന സമയമത്രയും കാലാവസ്ഥാ വ്യതിയാനത്തെ മാധ്യമങ്ങളിൽ നിറയ്ക്കാൻ സാധിച്ചു, ജനങ്ങളെ കൂടുതൽ ചർച്ചകളിലേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നത് ഒരു വിജയമാണെങ്കിൽ അങ്ങനെ കാണാം. മൂലധന വ്യവസ്ഥ നിലനിർത്താൻ നടത്തുന്ന മറ്റേതൊരു പ്രഹസനവും പോലെ മാത്രമേ ഇതിനെയും കാണേണ്ടതുള്ളൂ

കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന തീരുമാനങ്ങൾ പരിശോധിക്കുകയും, അവയെ വിമാർശനാത്മകമായി ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്​ ഈ ലേഖനം എഴുതാനിരുന്നത്. പക്ഷേ, ഷറം അൽ ഷെയ്ഖ് എന്ന ഈജിപ്ഷ്യൻ പട്ടണത്തെ കുറിച്ച് കുറിക്കുമ്പോളൊക്കെ മനസ്സ് പറന്നത് 2010-ൽ ഈജിപ്ഷ്യൻ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച ഈജിപ്ഷ്യൻ വിപ്ലവം എന്നറിയപ്പെട്ട ജനകീയ മുന്നേറ്റമാണ്.

അറബ് വസന്തമെന്ന് (Arab Spring) ലോകമെങ്ങും അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി തഹിറിർ ചതുരത്തിൽ (Tahrir Square) അണിനിരന്ന ലക്ഷോപലക്ഷം മനുഷ്യർ ഏകാധിപത്യത്തിലൂന്നിയതും മനുഷ്യത്വവിരുദ്ധവുമായ ഹുസ്​നി മുബാറക് സർക്കാരിനെതിരെ അഴിച്ചുവിട്ട ശക്തമായ സമരങ്ങളാണ് ഈജിപ്ഷ്യൻ വിപ്ലവം എന്നറിയപ്പെട്ടത് (Egyptian Revolution). വിപ്ലവകരമായ ഈ മുന്നേറ്റത്തിന് മുബാറക് സർക്കാരിനെ ഭരണത്തിൽനിന്ന് പുറത്താക്കാൻ കഴിഞ്ഞെങ്കിലും ഭരണകൈമാറ്റത്തിന് നേതൃത്വം കൊടുക്കാനോ, ഭരണത്തിൽ പങ്കാളിത്തം വഹിക്കാനുള്ള പദ്ധതികൾ മെനയാനോ, അതിനുശേഷം അധികാരത്തിൽ വന്ന ശക്തികൾ ജനാധിപത്യം പുലർത്തും എന്നുറപ്പിക്കാനോ സാധിച്ചില്ല. വിപ്ലവത്തിനുശേഷം അധികാരം ഏറ്റെടുക്കുന്നില്ല എന്നു തീരുമാനിച്ച വിപ്ലവകാരികൾ അത് പട്ടാളത്തിന് വിട്ടു നല്കി. ശേഷം ചരിത്രം.

ഹുസ്​നി മുബാറക് സർക്കാരിനെതിരെ അഴിച്ചുവിട്ട ശക്തമായ സമരങ്ങളാണ് ഈജിപ്ഷ്യൻ വിപ്ലവം എന്നറിയപ്പെട്ടത് / Photo: F.B, Egypt Is The Gift Of The Nile

ഒരു തോറ്റ വിപ്ലവമായി മാധ്യമങ്ങൾ വിലയിരുത്തിയ ഈ സമരനേതാക്കൾക്കു പിന്നീട് നേരിടേണ്ടി വന്നത് കടുത്ത അടിച്ചമർത്തലുകലാണ്. സമരത്തിന്റെ മുൻനിര പോരാളികളിൽ ഭൂരിഭാഗവും സർക്കാർ നിരീക്ഷണത്തിലായി, മറ്റ് പലരെയും തടവിലാക്കി, ഒരുപാടുപേർക്ക് നാടുതന്നെ വിടേണ്ടിവന്നു. അതി ക്രൂരമായി സാമൂഹ്യ പ്രവർത്തകരെ, മുന്നേറ്റങ്ങളെ, ആക്റ്റിവിസ്റ്റുകളെ നിശ്ശബ്ദരാക്കുക എന്ന നയമാണ് ഈജിപ്തിൽ ഇന്ന് നടപ്പിലാക്കി വരുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കാലാവസ്ഥാ പ്രവർത്തകരെ അറസ്റ്റ് ചെയ്തും, സ്വദേശീയരായ സംഘടനകൾക്ക്​ പങ്കാളിത്തം നിഷേധിച്ചും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഈജിപ്ത് ഭരണകൂടം കാണിച്ചു. ഈ വർത്തമാന-ചരിത്ര പശ്ചാത്തലത്തിൽ വേണം ഈജിപ്തിൽ അരങ്ങേറിയ COP-27 ഉച്ചകോടിയെ മനസിലാക്കാനും വിലയിരുത്താനും.

പുറംലോകം കാണാത്ത ഒരു കത്ത്​

ഈജിപ്ഷ്യൻ വിപ്ലവം എന്ന്​ മാധ്യമങ്ങൾ വിളിച്ച 2010 ലെ മുന്നേറ്റത്തിന്റെ അമരത്തുനിന്ന യുവ നേതാക്കളിൽ ഒരാളായ അബ്​ദെൽ ഫത്ത (Abd El-Fattah) കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി ജയിലിൽ നിന്നെഴുതിയ കത്ത് എവിടെയുമെത്താതെ അപ്രത്യക്ഷമായി. പാക്കിസ്ഥാനെ ഉലച്ച പ്രളയത്തെ മുൻനിർത്തി ആഗോളതാപനത്തെ കുറിച്ച് അദ്ദേഹം എഴുതിയ കത്തിൽ സർക്കാരിനെയോ രാജ്യത്തെയോ പോലും പരാമർശിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു, എന്നിട്ടും അത് പുറംലോകം കണ്ടില്ല എന്ന് ദ ഗാർഡിയൻറിപ്പോർട്ട് ചെയ്യുന്നു. മനുഷ്യാവകാശ നിഷേധങ്ങൾ കൊണ്ട് കറ പറ്റിയ ഒരു രാഷ്ട്രത്തെ തുണി കൊണ്ട് മറയ്ക്കുന്നതിനുതുല്യവും വിരോധഭാസപരവുമായിരുന്നു അവിടെ സംഘടിപ്പിക്കപ്പെട്ട ഉച്ചകോടിയിലുയർന്ന ചർച്ചകളിൽ നിരന്തരം കടന്നുവന്ന നീതി, തുല്യത, ചരിത്രപരമായ കടമകൾ തുടങ്ങിയ പദങ്ങൾ. കടന്നുപോയ ഉച്ചകോടികൾ പോലെ തന്നെ സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങളെ കാലാവസ്ഥാ ഉടമ്പടികൾ വെറും പശ്ചാത്തലം മാത്രമായി എങ്ങനെ കാണുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമായി ഇതിനെ വിലയിരുത്താം.

അബ്​ദെൽ ഫത്തയുടെ മോചനം ആവശ്യപ്പെട്ട് ആനംസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ പോസ്റ്റർ

ഈ സാഹചര്യങ്ങൾ മുൻനിരത്തി COP-27 ഉച്ചകോടിയിലെടുത്ത പ്രധാന തീരുമാനങ്ങളെ വിലയിരുത്താം. കാർബൺ ബഹിർഗരണം 1.5 ഡിഗ്രിയിൽ നിർത്തുന്നതിനെ കുറിച്ച് ധാരാളം ചർച്ച വന്നതിനാലും, അതെങ്ങനെ നിയന്ത്രിക്കാം എന്ന് ഉടമ്പടി നടത്തിയവർ പോലും ഉറപ്പിച്ചു പറയാത്തതു കൊണ്ടും അതൊഴിവാക്കുന്നു.

ഇരകൾക്കും വേട്ടക്കാർക്കും ഒപ്പമുള്ള ഉടമ്പടികൾ

കാലാവസ്ഥാ ഉച്ചകോടിയുടെ അജണ്ടയിൽ ഇടം നേടിയ വിഷയങ്ങളിലൊന്നാണ്​ കാലാവസ്ഥാ വ്യതിയാനവും ക്ഷത സാധ്യതയുള്ള ജനവിഭാഗങ്ങളുടെ സുസ്ഥിരതയും (sustainability of vulnerable communities). കാലാവസ്ഥാ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുന്ന, വികസ്വര- ദരിദ്ര രാജ്യങ്ങളിലെ അടിസ്ഥാന ജനവിഭാഗങ്ങളെ പലപ്പോഴും വിസ്മരിക്കുന്ന ചർച്ചകൾ അരങ്ങേറുന്ന ആഗോള നയങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഉൾപ്പെടുത്തൽ വളരെ പ്രധാനമാണ്​. അജണ്ടയിൽ മാത്രം ഒതുങ്ങാതെ ഈ വിഷയം അന്തിമ തീരുമാനങ്ങളിലും ഇടം പിടിച്ചു എന്നത് കാലാവസ്ഥാ നയങ്ങളിൽ അതുമൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ലേശങ്ങൾ ഒരുപാട് വൈകിയാണെങ്കിലും പരിഗണിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്.

കേവലം പരിഗണന കൊണ്ടോ ക്ഷത സാധ്യത കൂടുതലാണ് എന്ന അംഗീകാരം കൊണ്ടോ എന്തു പ്രയോജനം എന്നു ചോദിക്കാം. ഒന്നുമില്ല. ഇത് കൃത്യമായ ഇടപെടലുകളിലേക്ക് നയിച്ചാൽ മാത്രമേ കാര്യമുള്ളൂ. ആ നിലയ്ക്ക് ഉച്ചകോടിയിൽ ഈ വിഷയത്തിൽ ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടായതായി വിലയിരുത്താം, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങൾ (loss and damages) കണക്കിലെടുത്ത് ക്ഷത സാധ്യത കൂടുതലുള്ള രാജ്യങ്ങൾക്ക് (vulnerable countries) സാമ്പത്തിക സഹായം നല്കുക എന്നത്​. ഒരു പ്രത്യേക ഫണ്ട് ഇതിനായി മാത്രം രൂപീകരിക്കാനും, അതിലേക്ക് വികസിത രാജ്യങ്ങൾ പങ്ക് നൽകണമെന്നും ഉച്ചകോടിയിൽ ധാരണയായി. ഇതിനെ മുൻനിരത്തി യു.എൻ. ക്ലൈമറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്‌റ്റൈൽ ഇങ്ങനെ പറഞ്ഞു: ""കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഏറ്റവും രൂക്ഷവും മോശമായതുമായ ആഘാതങ്ങൾ നേരിടുന്ന, ജീവനും, ജീവനോപാധിയും തകർക്കപ്പെടുന്ന ജനഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നല്കുന്നത് സംബന്ധിച്ച്​ ദശാബ്ദങ്ങൾ നീണ്ട ചർച്ചകൾക്ക്​ നമ്മൾ ഒരു വഴി കണ്ടെത്തിയിരിക്കുന്നു.''

2022 നവംബറിൽ ഈജിപ്തിൽ നടന്ന COP 27ൽ നിന്ന് / Photo: F.B, COP 27

പക്ഷേ, ഈ ഫണ്ടിൽ വികസിത രാജ്യങ്ങൾ നൽകേണ്ട തുകയെക്കുറിച്ചോ അവരുടെ ഉത്തരവാദിത്തത്തെകുറിച്ചോ, അത് ഉറപ്പിക്കാൻ സാധിക്കുന്ന നടപടികളെ കുറിച്ചോ കൃത്യമായി പറയുന്നില്ല. അതുകൊണ്ടുതന്നെ ഇതും മുൻ വർഷങ്ങളിലെ വാഗ്​ദാനങ്ങളായ കാലാവസ്ഥാ ഫൈനാൻസ്, കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ/തടയാൻ വേണ്ട സാങ്കേതിക കൈമാറ്റം തുടങ്ങിയവ പോലെ ചുരുങ്ങില്ല എന്നു പറയാൻ സാധിക്കില്ല. ഇവയൊക്കെ മുറപോലെ എല്ലാ ഉടമ്പടികളിലുമുണ്ട് എന്നതും ഇത്തവണയും ഉണ്ട് എന്നതും ശ്രദ്ധിക്കുക. പിന്നെ, ലോക ബാങ്ക്​ ഉൾപ്പെടുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ ഒരു വശത്ത് ഘടനാപരമായ ക്രമീകരണങ്ങൾ (Structural Adjustment) എന്നൊക്കെ പറഞ്ഞ്​ പരിസ്ഥിതി വിഭവങ്ങളെ കമ്പോളവത്കരിക്കുകയും, സ്വകാര്യവത്കരിക്കുകയും ചെയ്യാൻ മുന്നിട്ടു നിൽക്കുകയും മറ്റൊരു വശത്ത് കാലാവസ്ഥാ അഭയാർഥികൾക്കും, ക്ഷത സാധ്യത ഉള്ള രാജ്യങ്ങൾക്കും സാമ്പത്തിക സഹായം നൽകുകയും, അതിലേക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പങ്ക് ചോദിക്കുകയും ചെയ്യുന്നത് വലിയ തമാശയാണ്. പരിസ്ഥിതിക്കുമേൽ അന്താരാഷ്ട്ര മൂലധനത്തിന്റെ കടന്നുകയറ്റത്തെ ഏറ്റവും പിന്തുണച്ച, അതിന്​ വഴിവെട്ടിയ ഈ സ്ഥാപനങ്ങൾ തന്നെ ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായി പോരാടുന്നു. ഇരകളുടെയും വേട്ടക്കാരുടെയും ഒപ്പം നടത്തുന്ന ഒരു പ്രത്യേക കാലാവസ്ഥാ ഉടമ്പടി.

ജസ്റ്റ് ട്രാൻസിഷൻ (നീതിയുക്തമായ ഊർജ്ജ പരിവർത്തനം)?

ഊർജ്ജ പരിവർത്തനത്തെ (energy transition) കുറിച്ച് ഉയരുന്ന ചർച്ചകളിൽ പലപ്പോഴും ഖനിജ വാഴ്ചയിൽ (fossil regime) നിന്ന്​ ഫോസിലിതര (കാർബൺ പുറന്തള്ളൽ കുറവുള്ള) ഊർജ്ജ വാഴ്ചയിലേക്കുള്ള (renewable energy regime) മാറ്റവും സ്വഭാവവും എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് കാര്യമായ ഇടപെടലുകൾ കാണാൻ സാധിക്കില്ല. ഇതിൽ നിന്ന് വ്യത്യസ്തമായി, സാമൂഹ്യ നീതിയിൽ ഊന്നിയുള്ളതാവണം അത്തരമൊരു പരിവർത്തനം എന്നർഥം വരുത്തുന്ന ആശയമാണ് ജസ്റ്റ് ട്രാൻസിഷൻ (just transition). അതായത് പുതിയൊരു ഊർജ്ജ ഘടന നിർമ്മിക്കുമ്പോൾ അതുമൂലം അടിസ്ഥാന ജനവിഭാഗങ്ങൾക്കും, തൊഴിലാളികൾക്കും ആസന്ന നഷ്ടം (immediate loss) സംഭവിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുണ്ട്. അജണ്ടയിൽ ഇടം നേടിയ ഈ ആശയം പക്ഷേ തീരുമാനങ്ങളിൽ തീരെ കടന്നുവന്നില്ല എന്നത് നിരാശയുണ്ടാക്കുന്നതാണ്. പ്രായോഗികമായി എടുക്കേണ്ട നടപടികളെ കുറിച്ച് ഗുണകരമായ പരമാർശങ്ങൾ തീരെയില്ലാത്ത സാഹചര്യം വികസ്വര രാജ്യങ്ങളെ വല്ലാതെ ബാധിക്കും എന്നതിൽ തർക്കമില്ല. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം നേരിടുമ്പോഴുണ്ടാകുന്ന നഷ്ടങ്ങൾ ഖനിജ ഊർജ്ജ മേഖലയിലെ തൊഴിലാളികൾക്കുമേൽ മാത്രം വരുന്നു എന്ന വിഷയത്തെ പൂർണമായി പരിഗണിക്കാൻ കഴിയാതെ പോകുകയും ചെയ്യുന്നു.

പക്ഷേ അതിൽ ഒട്ടും അതിശയമില്ല. കാരണം പരിവർത്തനം നീതിയുക്തമാകണമെങ്കിൽ നിലനില്ക്കുന്ന സാമ്പത്തിക- സാമൂഹ്യ വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. ഇനി പരിവർത്തനം തന്നെ ഒരു ആവശ്യമാണോ എന്നു സംശയിക്കാനുതകുന്ന രീതിയിലാണ് എമിഷൻ റീഡക്ഷനെ കുറിച്ച് പറയുന്നത്. തീരുമാനത്തിൽ പറയുന്നത് ഖനിജ ഇന്ധനങ്ങൾ വേണ്ട എന്നല്ല, മറിച്ച് അതിന്റെ ഉപയോഗം ‘കുറയ്ക്കാം' അല്ലെങ്കിൽ ഹരിതമായ രീതിയിൽ ഖനിജ ഇന്ധനങ്ങൾ ഖനനം ചെയ്യാം എന്നാണ്​. ആഹാ!

Photo: F.B, Coal for Sale

ഒരു ഉദാഹരണം പറഞ്ഞാൽ, ഹരിത ഊർജ്ജ സ്രോതസ്സുകൾ നിർമിക്കുന്നതിൽ വലിയ വളർച്ച ഇന്ത്യയിലുള്ളതായി കാണാം. പക്ഷേ വലിയ രീതിയിൽ സ്വകാര്യ മേഖലയിലൊതുങ്ങുന്ന ഈ സംരംഭങ്ങൾ നിലനില്ക്കുന്ന സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കും എന്നു കരുതാൻ കഴിയുമോ? ഇല്ല! ഈ പരിവർത്തനത്തിന്റെ തോത് മാത്രം നോക്കി ഇന്ത്യയിൽ വിഭവനീതിയുണ്ടെന്നും, വിഭവവിതരണത്തിലെ അസമത്വം കുറയുന്നു എന്നും പറയാൻ സാധിക്കുമോ? ഇല്ല. കാരണം വ്യവസ്ഥിതിയിൽ ഒരു മാറ്റവും വരാതെയുള്ള ഇത്തരം മാറ്റങ്ങൾ തൊലിപ്പുറത്തെ ചികിത്സ പോലെയാണ്. ഉള്ള അസമത്വങ്ങളെ ഊട്ടി ഉറപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ, അത്രമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.

സങ്കീർണ വിഷയമാണിത്​ എന്നതിൽ തർക്കമില്ല. അതിൽ നിലനില്ക്കുന്ന ഊർജ്ജ കമ്പനികളുടെ സ്വാധീനം വളരെ വലുതാണ്, സാമ്പത്തികമായും, രാഷ്ട്രീയമായും. പക്ഷേ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകളിൽ നിരന്തരമായി സാമൂഹ്യനീതി (climate justice), തുല്യത (climate equity), ചരിത്രപരമായ പുറന്തള്ളൽ (historic emissions), അതിൽ വ്യാവസായിക വിപ്ലവത്തിനും (industrial revolution) കോളനിവല്ക്കരണത്തിനുമുള്ള (colonialism) പങ്ക്- ഇവയൊന്നും കടന്നുവരാത്തിടത്തോളം വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്​.

കഴിഞ്ഞ ഉച്ചകോടികളിലെടുത്ത തീരുമാനങ്ങളിൽനിന്ന്​ ഒട്ടും വ്യത്യസ്തമല്ല ഇത്തവണയും. ഉച്ചകോടി നടന്ന സമയമത്രയും കാലാവസ്ഥാ വ്യതിയാനത്തെ മാധ്യമങ്ങളിൽ നിറയ്ക്കാൻ സാധിച്ചു, ജനങ്ങളെ കൂടുതൽ ചർച്ചകളിലേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നത് ഒരു വിജയമാണെങ്കിൽ അങ്ങനെ കാണാം. മൂലധന വ്യവസ്ഥ നിലനിർത്താൻ നടത്തുന്ന മറ്റേതൊരു പ്രഹസനവും പോലെ മാത്രമേ ഇതിനെയും കാണേണ്ടതുള്ളൂ. മറിച്ച്​, പുരോഗമനപരമായ മാറ്റമാണ്​ആഗ്രഹിക്കുന്നതെങ്കിൽ വികേന്ദ്രീകൃതമായ, ജനങ്ങൾക്ക് കൂടുതൽ അധികാരം നല്കുന്ന, അവരുടെ കാലാവസ്ഥാ അനുഭവങ്ങൾ പരിഗണിക്കുന്ന, അതിനുതകുന്ന പരിഹാരങ്ങൾ കണ്ടെത്തുന്ന ഒരു സംവിധാനമാകും ഇത്തരം ചർച്ചകൾ വഴി ഉണ്ടാവുക.

പിന്നെ, മനുഷ്യാവകാശ ധ്വംസനങ്ങളുടെ കൂടാരമായ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വത്വം മിനുക്കാൻ ഇത് സഹായിച്ചു. മാത്രമല്ല കൊക്ക കോള പോലെ വളരെ ‘സുസ്ഥിരവും മനുഷ്യമുഖവുമുള്ള’ ഒരു അന്താരാഷ്ട്ര കുത്തകയെ പച്ച പുതപ്പിക്കാനും ഇത് സഹായിച്ചു.

References
https://www.theguardian.com/environment/2022/oct/18/greenwashing-police-state-egypt-cop27-masquerade-naomi-klein-climate-crisis.
https://unfccc.int/news/cop27-reaches-breakthrough-agreement-on-new-loss-and-damage-fund-for-vulnerable-countries.
https://unfccc.int/sites/default/files/resource/CMA2021_10_Add3_E.pdf
https://mnre.gov.in/.

Comments