കോവിഡിനൊപ്പം സഞ്ചരിക്കുന്ന മനുഷ്യന്റെ ഭാവിയെക്കുറിച്ച് സിസെക്

Truecopy Webzine

മൗലിക ചിന്തകൾ കൊണ്ട് കോവിഡുകാലത്തെ തീക്ഷ്ണമായി രേഖപ്പെടുത്തിയ മാർക്‌സിസ്റ്റ് ചിന്തകൻ സ്ലാവോയ് സിസെക്, കോവിഡിനൊപ്പമുള്ള മനുഷ്യരാശിയുടെ സഞ്ചാരത്തെയും അതിനെ നിയന്ത്രിക്കുന്ന ആധിപത്യരാഷ്ട്രീയത്തിന്റെ ഇടപെടലുകളെയും കുറിച്ച്​എഴുതുന്നു.

‘‘പ്രത്യയശാസ്ത്രം ഇക്കാലത്ത് പഴയപോലെയല്ല പ്രവർത്തിക്കുന്നത്. ദാർശനികർ ചൂണ്ടിക്കാണിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ ‘നൈതിക സത്ത'ക്ക് വിള്ളലുണ്ടായിരിക്കുന്നു. ഈ വിണ്ടുകീറൽ ഒരു 'സാമാന്യ' ജനാധിപത്യത്തെ സംബന്ധിച്ച് താങ്ങാവുന്നതിലേറെ തീവ്രമായിരിക്കുന്നു. ഈ പിടിവിട്ട അവസ്ഥ ഒരുതരം ആഭ്യന്തര ശീതയുദ്ധത്തിലേക്കാണ് അനുക്രമം പോകുന്നത്.''- ട്രൂ കോപ്പി വെബ്‌സീനിന്റെ പുതിയ പാക്കറ്റിൽ അദ്ദേഹം എഴുതുന്നു.

‘‘ട്രംപിനെ കേവലം കുറ്റപ്പെടുത്തുന്നതിനുപകരം ഇടതുപക്ഷം ട്രംപിൽനിന്ന് ഇതു പഠിക്കുകയും പ്രാവർത്തികമാക്കുകയും വേണം- ഒരു സാഹചര്യം ആവശ്യപ്പെടുമ്പോൾ നാം അസാധ്യമായത് ചെയ്യുകയും അലിഖിത നിയമങ്ങളെ പിളർക്കുകയും തകർക്കുകയും വേണം. നിർഭാഗ്യവശാൽ, ഇന്നത്തെ ഇടതുപക്ഷം റാഡിക്കലായുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്യാൻ അത്യധികം ഭയപ്പെടുന്നു. ഇടതുപക്ഷത്തിന് അധികാരമുള്ളപ്പോഴും സമൂലപരിവർത്തന സ്വഭാവമുള്ള കാര്യങ്ങൾ ചെയ്യാൻ അതിന് ആധിയും ആകുലതയുമാണ്: ‘നമ്മൾ ഇങ്ങനെ ചെയ്താൽ ലോകം എങ്ങനെ പ്രതികരിക്കും? നമ്മുടെ പ്രവൃത്തി സമൂഹത്തിൽ പരിഭ്രാന്തി പടർത്തുമോ?'
ദൗർഭാഗ്യവശാൽ, ഈ ഭീതിയുടെ അർഥമിതാണ്: ‘നമ്മുടെ ശത്രുപക്ഷത്തുള്ളവർ രോഷം കൊള്ളുകയും എതിരായി പ്രവർത്തിക്കുകയും ചെയ്യുമോ?'''-; അദ്ദേഹം എഴുതുന്നു.

‘‘വളരെ പ്രത്യക്ഷമായ, എല്ലാവർക്കും അറിയാവുന്ന ഒരു പച്ചപ്പരമാർഥം പരസ്യമായി പറഞ്ഞാൽ ഉണ്ടാവുന്ന വിലക്കും ഭവിഷ്യത്തും എന്താണെന്ന് വ്യക്തമാക്കുന്ന ഒരു അസാധാരണ സംഭവം പറയാം.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ഘടനയിൽ ഉയർന്ന പദവിയിലുള്ള ഒരാൾ, ഡെങ് സിയാവോ പിങിന്റെ അവസാന നാളുകളിൽ ഒരു വിദേശ മാധ്യമപ്രവർത്തകന് അഭിമുഖം കൊടുത്തു. ഡെങ് അപ്പോൾ ഔദ്യോഗികമായി ഭരണച്ചുമതല ഒഴിഞ്ഞിരുന്നു. എന്നാലും ഭരണചക്രത്തിന്റെ നിയന്ത്രണം ഡെങിനു തന്നെയായിരുന്നു എന്ന് ചൈനയിലെ എല്ലാവർക്കുമറിയാമായിരുന്നു. അഭിമുഖത്തിനിടെ ഡെങാണ് ഇപ്പോഴും ചൈനയിലെ യഥാർഥ ഭരണാധികാരിയെന്ന് പാർട്ടി അംഗം വിദേശ മാധ്യമ പ്രവർത്തകനോട് പറഞ്ഞു. അത് അച്ചടിച്ചുവന്നു. പിന്നെ സംഭവിച്ചതോ? രാഷ്ട്രരഹസ്യം പുറത്തുവിട്ടു എന്നാരോപിച്ച് ഈ പാർട്ടിയംഗത്തെ വിചാരണ ചെയ്യുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്തു. ഈ ഭരണകൂട സ്വകാര്യം ചിലർക്ക് മാത്രമേ അറിയാൻ അനുവാദമുള്ളു; എല്ലാവർക്കും ഇക്കാര്യം അറിയാമെങ്കിലും ലകാൻ പറയുന്നതുപോലെ എല്ലാവർക്കുമറിയുന്ന ഇക്കാര്യം അറിയാത്തത് ‘big Other' ന് മാത്രമാണ്, അതായത് പൊതു പ്രത്യക്ഷതയുടെ ക്രമത്തിന്.''

1960 കളിലെ എന്റെ യൗവനകാലം ഓർക്കുന്നു. അക്കാലത്ത് പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾ തെറിവാക്കുകൾ പറയുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുമായിരുന്നു. അധികാരത്തെ അമ്പരപ്പിക്കാനും കുഴക്കാനും അധികാരികളുടെ കാപട്യത്തെയും കൗടില്യത്തെയും നിന്ദിക്കാനുമായിരുന്നു അവർ അങ്ങനെ ചെയ്തിരുന്നത് എന്നാണ് ഉറപ്പിച്ചു പറഞ്ഞിരുന്നത്. എന്നാൽ നമുക്കിപ്പോൾ അനുഭവവേദ്യമായ സ്‌ഫോടനാത്മകമായ പൊതു അശ്ലീലതയോടൊപ്പം അധികാരസ്വരൂപങ്ങളുടെ തിരോധാനമല്ല നടക്കുന്നത്. മറിച്ച്, നായകവിഗ്രഹങ്ങളുടെ തീവ്രമായ പുനഃപ്രത്യക്ഷപ്പെടലുകളാണ്. നമുക്ക് മുൻപിൽ അവതരിക്കുന്നത് ഏതാനും പതിറ്റാണ്ട് മുൻപ് അചിന്ത്യമായ എന്തോ ഒന്നാണ് - അശ്ലീലതയും ആഭാസത്തരവും നിറഞ്ഞ നേതാക്കൾ.

ഇക്കാലത്ത് സംഭവിക്കുന്നത് വേറൊരു പ്രക്രിയയാണ്. പോപ്പുലിസ്റ്റ് രാഷ്ട്രീയ തരംഗം അധികാരിവർഗ്ഗത്തിന്റെ രാഷ്ട്രീയ സ്ഥാപനങ്ങളെ അസ്ഥിരമാക്കിയിരിക്കുന്നു, ഇളക്കി മറിച്ചിരിക്കുന്നു. ഈ സ്ഥാപനങ്ങളുടെ പ്രത്യയശാസ്ത്ര ആരുഢമായി വർത്തിച്ച, അവയെ സേവിച്ച, 'സത്യം/അസത്യം' എന്ന സ്ഥിതിവിശേഷം ഇടിഞ്ഞു വീഴുകയാണ്, അവസാനിക്കുകയാണ്. ഈ ശിഥിലീകരണത്തിന്റെ അന്തിമമായ കാരണം, ആധുനികോത്തര ആപേക്ഷിതാവാദത്തിന്റെ മുന്നേറ്റമല്ല. ഭരണവർഗ്ഗത്തിന് അതിന്റെ പ്രത്യയശാസ്ത്ര നടുനായകത്വം മുൻപെന്നപോലെ നിലനിർത്താൻ കഴിയുന്നില്ല. ഇത് ആത്യന്തികമായി ഭരണവർഗത്തിന്റെ പ്രത്യയശാസ്ത്ര നടുനായകത്വം ഏറ്റുവാങ്ങിയ തോൽവിയിൽ നിന്ന് മുളച്ചുപൊങ്ങിയ സാഹചര്യമാണ്.
മഹാമാരിക്കാലത്ത് സാമൂഹികവും സാമ്പത്തികവുമായ പിരിമുറുക്കങ്ങൾ മാത്രമല്ല പൊട്ടിത്തെറിച്ചത്. നാം പ്രകൃതിയുടെ കേന്ദ്രമല്ലെന്നും അതിന്റെ ഒരു ഭാഗം മാത്രമാണെന്നും അതിനാൽ നമ്മുടെ ജീവിതരീതികൾ മാറ്റേണ്ടതുണ്ടെന്നും മഹാമാരി ഓർമ്മിപ്പിച്ചു - നമ്മുടെ വ്യക്തിമാഹാത്മ്യവാദം പരിമിതപ്പെടുത്തണമെന്നും പൊതുതാല്പര്യങ്ങളെ മുൻനിർത്തിയുള്ള പുതിയ ഐക്യദാർഢ്യം പുഷ്ടിപ്പെടുത്തണമെന്നും ഭൂമിയിലെ ജീവിതപ്രവർത്തനങ്ങളിൽ നമ്മുടെ വിനീതമായ സ്ഥാനം അംഗീകരിക്കണമെന്നും മഹാമാരി ഓർമയിൽ കൊണ്ടുവന്നു- സിസെക് എഴുതുന്നു.

സ്ലാവോയ് സിസെകിനെ വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 28


Comments