ന്യൂസ്​ റൂമിലിരുന്നു കണ്ടു, നിരാശപ്പെടുത്തുന്ന ഒരു ലോകം

‘‘വാർത്താ അവതാരക എന്ന നിലയ്ക്ക് ശൈലി സ്വയംമാറ്റി നിശ്ചയിച്ച വർഷമാണിത്. പെണ്ണ് ഉറക്കെ ചോദിച്ചാൽ അത് 'അടുക്കള വർത്തമാനമായി' പ്രേക്ഷകർക്കു തോന്നും എന്ന് പല കോണിൽനിന്ന് കേട്ടതോടെയാണ് സ്വഭാവികമായി തോന്നുന്ന രോഷം മറയ്ക്കാൻ തീരുമാനിച്ചത്’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. സ്​മൃതി പരുത്തിക്കാട്​​ എഴുതുന്നു.

വ്യക്തിപരമായി എന്നെ മാറ്റിമറിച്ച വർഷമാണ് കടന്നുപോയത്.

10 വർഷമായി തുടർന്ന സ്ഥാപനത്തിൽ നിന്ന് പഠിച്ചുവളർന്ന നഗരത്തിലേക്കുള്ള പറിച്ചുനടൽ, ഇവിടം പഴയതിന്റെ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ മാറിയെങ്കിലും...

വാർത്താ അവതാരക എന്ന നിലയ്ക്ക് ശൈലി സ്വയംമാറ്റി നിശ്ചയിച്ച വർഷമാണിത്. പെണ്ണ് ഉറക്കെ ചോദിച്ചാൽ അത് "അടുക്കള വർത്തമാനമായി' പ്രേക്ഷകർക്കു തോന്നും എന്ന് പല കോണിൽനിന്ന് കേട്ടതോടെയാണ് സ്വഭാവികമായി തോന്നുന്ന രോഷം മറയ്ക്കാൻ തീരുമാനിച്ചത്. ശബ്ദം താഴ്ത്തി ഉറച്ച് ചോദിക്കുന്ന, മേമ്പൊടിയ്ക്ക് ഒന്ന് ചിരിക്കുന്ന വനിത ആങ്കറിന്​ വല്യ സ്വീകാര്യതയാണ്. ഒരു ഡിബേറ്റിനുള്ള വിഷയമായതുകൊണ്ട് അധികം വിശദീകരിക്കുന്നില്ല.

സ്മൃതി പരുത്തിക്കാട്. ചിത്രം: എസ്.ബി. അഗ്നിവേശ്

സ്ഥാപനം മാറി ഒരു മാസത്തിനകമാണ് മീഡിയ വണ്ണിനെതിരെ കേന്ദ്രസർക്കാരിന്റെ നടപടിയുണ്ടാകുന്നത്. തുടർ ദിവസങ്ങളിലുണ്ടായ സൈബർ ആക്രമണങൾ എനിക്കെതിരെയും തിരിഞ്ഞു. സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്നുള്ള ആക്രമണങ്ങൾ അതിരൂക്ഷമായിരുന്നു. അതിനെ ചെറുത്തുനിൽക്കാൻ ഒട്ടേറെപ്പേരുണ്ടായി എന്നത് വലിയ ആശ്വാസമായി. ആൾക്കൂട്ടവും മൈക്കുമൊക്കെ കണ്ടാൽ വിറയ്ക്കുന്ന ഞാൻ കേന്ദ്രത്തിന്റെ പ്രതികാര നടപടിക്കെതിരെ സംസാരിക്കാൻ ശേഷിയുളളവളായി എന്നതും വ്യക്തിപരമായി സംതൃപ്തി നൽകുന്ന കാര്യമാണ്.

പക്ഷേ, ഒരു ന്യൂസ് റൂമിൽനിന്നുള്ള കാഴ്ച നിരാശപ്പെടുത്തുന്നതാണ്. രണ്ടു വർഷത്തെ അടച്ചിരുപ്പിനൊടുവിൽ ലോകം പുറത്തേക്കുള്ള വാതിൽ തുറന്നെങ്കിലും മനസ്സുകൾ എത്രമാത്രം അടഞ്ഞാണെന്ന് തെളിയിച്ച വർഷമാണിത്. മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ആളുകൾ പിന്നോട്ടാണ് സഞ്ചരിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് നടന്നത്.

സ്മൃതി പരുത്തിക്കാട്

പ്രണയനിരാസം പകയുടെ ഏതതിരും കടക്കുമെന്ന് തുടരെ തെളിയിച്ച വർഷമാണിത്. ലഹരിവലയുടെ അറ്റം കണ്ടെത്താനാകാതെ സ്വന്തം പാർട്ടിയുടെ യുവസംഘടനകൾ തന്നെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ കാലം. കരയും തീരവും ഒരുപോലെ സമരമുഖരിതമായ ഒരു വർഷം. വിഴിഞ്ഞത്തെ "നേരം തെറ്റിയ' വിലാപങ്ങൾ, "അപരിഷകൃത' പ്രതിരോധങ്ങൾ ഭരണകൂടത്തിന് ആയുധമായി. ഒടുവിൽ ഞങ്ങൾ ഒന്നും നേടാതെ സമരം അവസിപ്പിക്കുന്നുവെന്ന് ഫാദർ മൈക്കിൾ തോമസ് ചർച്ചയിൽ പറഞ്ഞപ്പോൾ ചോദ്യമുന്നയിച്ച എന്റെ തൊണ്ടയും കഴച്ചു. ഭരണകൂടത്തിന് നിസ്സാരരായ ലത്തീൻ സഭയെ "തീവ്രവാദി 'പ്രയോഗത്തിൽ തളയ്ക്കാനായെങ്കിലും ബഫർ സോണിൽ കാത്തോലിക്കാസഭ വരച്ച വരയിൽ സർക്കാർ കുഞ്ഞാടുകളായി.

മതം വോട്ടാണെന്നും വോട്ടിനുവേണ്ടി ഇനിയും താഴാമെന്നും തെളിയിച്ച വേറെയും സംഭവങ്ങളുണ്ട്. ലവ് ജിഹാദ് തീവ്രപരാമർശം നടത്തിയ പാലാ ബിഷപ്പ് ഭരണകൂടത്തിന് തീവ്രവാദിയല്ല, മറിച്ച്, ചെന്നുകണ്ട് കൈ മുത്തേണ്ട ആളാണ്. പാഠ്യപദ്ധതി പരിഷ്‌കരണവും ജൻഡർ ന്യൂട്രൽ യൂണിഫോമും സമസ്തയുടെ കണ്ണുരുട്ടലിൽ ഒലിച്ചുപോയി. നവോത്ഥാന മതിൽ രണ്ടാം പിണറായി സർക്കാരിൽ ഇടിഞ്ഞു താഴെ വീണു. മത യാഥാസ്ഥികത്വത്തിന് കീഴടങ്ങിയ ഒരു വർഷം. വികസനം ആരെതിർത്താലും കൊണ്ടുവരുമെന്ന ഭീഷണിക്കുറ്റികൾ ജനം പിഴുതെറിഞ്ഞു.
പ്രതിപക്ഷത്തിനും മതം മുൻകയ്യെടുത്ത സമരങ്ങളിൽ അടിപതറി. വിഴിഞ്ഞ് തൊട്ടും തലോടിയും നിന്നു. ബഫർ സോണിൽ കൂടെ എന്നുറപ്പിച്ചു, സർക്കാർ ഒരടി മുന്നോട്ടുവച്ചത്തോടെ കളം നഷ്ടപ്പെട്ടു.

പ്രൊഫ. സായിബാബ, സ്റ്റാൻ സ്വാമി

വ്യക്തിപരമായി അല്ല, ഒരു പരിഷ്‌കൃത രാഷ്ട്രമെന്ന നിലയിൽ നമ്മുടെ നാടിന്റെ മുന്നോട്ടു പോക്ക് ആശങ്കയോടെയേ കാണാൻ കഴിയൂ. സ്റ്റാൻ സ്വാമിയെന്ന പുരോഹിതനെ തടവറയിലടച്ച്, വെള്ളം കുടിക്കാൻ സ്‌ട്രോ പോലും നൽകാതെ, മരണത്തിന് വിട്ടുനൽകിയ വ്യവസ്ഥയാണിത്. 90 ശതമാനം അംഗപരിമിതിയുളള പ്രൊഫ. സായിബാബ ജയിലിൽ തുടരുന്നു. നിരവധി പേർ വിചാരണ പോലും കിട്ടാതെ തടവറയുടെ ഇരുട്ടിൽ തുടരുന്നു. ഇക്ബാലിന്റെ കവിത സ്‌കൂൾ അസംബ്ലിയിൽ പാടിയതിന് പ്രിൻസപ്പലിനെതിരെ നടപടിയെടുക്കുന്ന സമൂഹം, ദ്രുതഗതിയിൽ ഫാസിസത്തിന്റെ ഇരുളിലേക്ക് നടന്നുചെല്ലുന്നതിന്റെ ആശങ്കയാണുണ്ടാക്കുന്നത്. ഇരുണ്ട കാലത്ത് എത്രമേൽ ശുഭാപ്തി വിശ്വാസം ഉണ്ടെങ്കിലും പ്രതീക്ഷയുടെ മിന്നാമിനുങ്ങുകൾ കാണുന്നില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നു.

2023 ൽ ഊഹിക്കാൻ കഴിയും, 2024 ൽ എന്ത് സംഭവിക്കുമെന്ന്. ഈ സർക്കാർ നിർവീര്യമാക്കിയ ഭരണഘടനാ മൂല്യങ്ങൾ തിരിച്ചുപിടിക്കുന്ന, ഏത് ജാതി മത രാഷ്ട്രീയ വിശ്വാസിക്കും നിർഭയമായി ജീവിക്കാനും പ്രവർത്തിക്കാനും കഴിയുന്ന, നീതി പുലരുന്ന കാലത്തിലേക്ക് നമുക്ക് നടന്നടുക്കാനാവുമോ? പ്രതീക്ഷ പുലർത്താനുളള ഊർജ്ജമെങ്കിലും 2023 ഇന്ത്യക്കാരിൽ നിറയ്ക്കുമോ?

Comments