ആശയപ്രകാശനസ്വാതന്ത്ര്യത്തിന്
ഭീഷണിയാകുന്ന ടെക്‌നോ ഒലിഗാർക്കി

മുതലാളിത്തത്തിന്‌റെ ലിബറൽ സാധ്യതകളെ തന്നെ കൊല്ലുന്ന മധ്യകാല ഫായൂഡൽ രീതിയിലാണ് സോഷ്യൽ നെറ്റ് വർക്കിംഗ് കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് യാനീസ് വാറുഫാകീസിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്‌

ട്രൂകോപ്പി തിങ്കിന്റെ ഇൻസ്റ്റാഗ്രാം ഡിസേബിൾ ചെയ്ത മെറ്റയുടെ നടപടിക്കെതിരായി ഞാനെഴുതിയ ലഘുകുറിപ്പ് വായിച്ച പലരും സാമൂഹ്യമാധ്യമരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ടെക്‌നോ ഒലിഗാർക്കിയുടെ കുടിലവും ജനാധിപത്യവിരുദ്ധവുമായ ഇടപെടലുകളെക്കുറിച്ച് ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും സംസാരിച്ചിരുന്നു. ഗസയിലെ ഇസ്രയേൽ യുദ്ധത്തെക്കുറിച്ചുള്ള എഴുത്തുകൾ, ബാബ്‌റിമസ്ജിദ്, അയോധ്യ വിഷയത്തിലെ വിശകലനങ്ങൾ തുടങ്ങിയവയെല്ലാം ഫേസ്ബുക്ക് ഉൾപ്പെടെയുള്ളവ നിരന്തരം ഷാഡോബാൻ ചെയ്യുകയാണ്.

സ്വതന്ത്രമായ ആശയപ്രകാശനങ്ങളെയും അഭിപ്രായരൂപീകരണത്തെയും തടയുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് മെറ്റ ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികളെ നയിക്കുന്നത് എന്നതാണ് തിരിച്ചറിയേണ്ടത്. ലോകവ്യാപകമായി തന്നെ കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികൾ സാമ്രാജ്യത്വത്തിനും അധിനിവേശ യുദ്ധങ്ങൾക്കും വംശീയതക്കുമെതിരായ പോസ്റ്റുകളെയെല്ലാം ഷാഡോബാൻ ചെയ്യുകയാണ്. പല വിദഗ്ധന്മാരും ഓൺലൈൻ മാധ്യമങ്ങളുടെയും ക്രൗഡ് ടെക്‌നോളജിയുടെയും കാലം ടെക്‌നോ ഫ്യൂഡലിസത്തിന്റേതാണെന്ന് വിശദീകരിക്കുന്നുണ്ട്.

സ്വതന്ത്രമായ ആശയപ്രകാശനങ്ങളെയും അഭിപ്രായരൂപീകരണത്തെയും തടയുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് മെറ്റ ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികളെ നയിക്കുന്നത്
സ്വതന്ത്രമായ ആശയപ്രകാശനങ്ങളെയും അഭിപ്രായരൂപീകരണത്തെയും തടയുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് മെറ്റ ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികളെ നയിക്കുന്നത്

താരതമ്യേന തുറന്ന സ്‌പേസായി വിവക്ഷിക്കുന്ന ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാൻ വൻകിട കോർപ്പറേറ്റ് സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികൾക്ക് ആകുന്നുവെന്നതാണ്. യാനീസ്‌വറൂഫാകീസിനെ പോലുള്ള സാമ്പത്തികശാസ്ത്രജ്ഞർ മുതലാളിത്തത്തിന്റെ ലിബറൽ സാധ്യതകളെ തന്നെ കൊല്ലുന്ന ഒരുതരം മധ്യകാലികഫ്യൂഡൽ രീതിയിലാണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികൾ പ്രവർത്തിക്കുന്നത് എന്നാണ് നിരീക്ഷിക്കുന്നത്‌. യാനീസ്‌വറൂഫാകീസ് സാങ്കേതികവിദ്യയുടെ അറിവിനെയും സ്വതന്ത്രമായ പ്രകാശനസാധ്യതകളെയും നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈയൊരു പ്രവണതയെ ടെക്‌നോഫ്യൂഡലിസം എന്നാണ് വിവക്ഷിക്കുന്നത്.

ആമസോൺ, ഗൂഗിൾ, ആപ്പിൾ, മെറ്റ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ടെക് കോർപ്പറേറ്റുകൾ തങ്ങൾക്കനഭിമതമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിരന്തരമായി ജനങ്ങളെ കാണിക്കാതിരിക്കാനുള്ള നിയന്ത്രണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്റർനെറ്റിന്റെ സ്വതന്ത്ര സാധ്യതകളെതന്നെ തടയുന്ന രീതിയിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ജനങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടെത്താൻ കഴിയുന്ന രീതിയിൽ അൽഗോരിതത്തെ പരിശീലിപ്പിച്ചവർ പിന്നീട് അൽഗോരിതം വാഗ്ദാനം ചെയ്യുന്നത് മാത്രം ഇഷ്ടപ്പെടാൻ ജനങ്ങളെ ട്രെയിൻ ചെയ്‌തെടുക്കുന്നു.

ഡാറ്റയിൽ നിയന്ത്രണവും കുത്തകയും സ്ഥാപിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികൾ രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ സാർവ്വദേശീയ പ്രശ്‌നങ്ങളിലും തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായ ഇടപെടലുകൾ നടത്തുന്നുവെന്നാണ് വർത്തമാന സംഭവങ്ങൾ കാണിക്കുന്നത്. പല സോഷ്യൽനെറ്റ്‌വർക്കിംഗ് കമ്പനികളും തങ്ങൾക്കനഭിമതരായ ഭരണാധികാരികളെയും പ്രസ്ഥാനങ്ങളെയും തകർക്കാനും തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായ രാഷ്ട്രീയ ഗ്രൂപ്പുകളെയും വ്യക്തികളെയും ഉയർത്തിക്കൊണ്ടുവരാനുള്ള ലോബീയിംഗ് നടത്തുന്ന സ്‌തോഭജനകമായ വാർത്തകളും സമീപകാലത്ത് പുറത്തുവന്നിരുന്നു.

ആമസോൺ, ഗൂഗിൾ, ആപ്പിൾ, മെറ്റ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ടെക് കോർപ്പറേറ്റുകൾ തങ്ങൾക്കനഭിമതമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിരന്തരമായി ജനങ്ങളെ കാണിക്കാതിരിക്കാനുള്ള നിയന്ത്രണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ആമസോൺ, ഗൂഗിൾ, ആപ്പിൾ, മെറ്റ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ടെക് കോർപ്പറേറ്റുകൾ തങ്ങൾക്കനഭിമതമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിരന്തരമായി ജനങ്ങളെ കാണിക്കാതിരിക്കാനുള്ള നിയന്ത്രണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

തീവ്രവലതുപക്ഷ രാഷ്ട്രീയത്തെയും മൂലധനശക്തികളെയും പ്രമോട്ട് ചെയ്യുകയെന്നതാണ് ഇത്തരം സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ കുപ്രസിദ്ധമാണ് മെറ്റ. സ്റ്റാറ്റിസ്റ്റയുടെ കണക്കുപ്രകാരം മെറ്റ യു.എസിൽ നടത്തുന്ന ലോബിയിംഗ് പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം ചെലവഴിച്ചത് 21.38 ദശലക്ഷം ഡോളറാണത്രെ. മെറ്റയുടെ ഇന്ത്യൻ മേധാവിയായിരുന്ന ആൾ ഇവിടുത്തെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് രംഗത്തുവന്നത് സമീപകാലത്താണ്.

മെറ്റ ഉൾപ്പെടെയുള്ള ടെക് കമ്പനികൾക്കെതിരായി പൊതുജങ്ങളെ തെറ്റായി സ്വാധീനിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിനും നിയമങ്ങൾ ലംഘിച്ചതിനും പല രാജ്യങ്ങളിലും കേസുകൾ ഉണ്ടായിട്ടുണ്ട്. 2021 ജൂണിൽ ഗൂഗിൾ വിപണി നിയമങ്ങൾ ലംഘിച്ചതായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇത്തരം കമ്പനികൾ ഒരുതരം ടെക്‌നോ ഒലിഗാർക്കിയായി വളർന്നുകഴിഞ്ഞിട്ടുണ്ട്. ഇവർ തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായ രീതിയിൽ പൊതുജനഭിപ്രയത്തെ നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മൂലധനത്തിനും വംശീയ വർഗീയവാദത്തിനുമെതിരായ എല്ലാ ആശയങ്ങളെയും ഫേസ്ബുക്ക് തൊട്ടുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളും നിയന്ത്രിക്കുകയാണ്. ജനങ്ങൾ കാണാതിരിക്കാനുള്ള ഷാഡോബാനിങ്ങാണ് ഇവർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.

Comments