എല്ലാം തുടങ്ങുന്നതിന് നല്ലതിനാണ്. നല്ലതിനല്ല എന്നും പറഞ്ഞ് ഒന്നും തുടങ്ങാൻ പറ്റില്ല എന്നതു കൊണ്ടുമാത്രം. ഇനി മോശമെന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതെല്ലാം ഒളിപ്പിച്ചുവച്ചേ എന്തും തുടങ്ങൂ.
സാമൂഹ്യ മാധ്യമങ്ങൾ വ്യത്യസ്തമല്ല. സമൂഹത്തിൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ അൽഗോരിതം നടത്തുന്ന തേർവാഴ്ച്ച അന്ന് ഇത് തുടങ്ങിയവർക്ക് അറിയുമായിരിക്കില്ല. അറിഞ്ഞിരുന്നെങ്കിലും അവർ പിന്തിരിയില്ലായിരുന്നു എന്നതാണ് വാസ്തവം. കാരണം ഈ കമ്പനികൾ തുടങ്ങിയത് മനുഷ്യരാണ്, അൽഗോരിതങ്ങളല്ല.
മനുഷ്യരുടെ പ്രത്യേകതാ നമ്മൾക്ക് എന്ത് തോന്നിവാസവും ന്യായീകരിക്കാൻ കഴിയുമെന്നതാണ്. ആ ന്യായീകരണത്തിന് നമ്മൾ പലയിടങ്ങളിൽ നിന്നും ഉദാഹരണ സഹിതം കാണിച്ച് സ്വയം നിർവൃതിയടയും. പക്ഷെ വിഷയമതല്ല. ഇങ്ങനെയൊന്നും ആവണം എന്ന് കരുതി തുടങ്ങിയതല്ലെങ്കിലും എങ്ങനെ അതിങ്ങനെയായി. അതിനും ഉത്തരം എളുപ്പമാണ്. മനുഷ്യരാണ് ഇതുപയോഗിക്കുന്നത്. മനുഷ്യർ മനുഷ്യർക്ക് നേരെ ഉപയോഗിക്കുന്ന ഒരു അൽഗൊരിതമിക്ക് ആയുധമാണ് ഇന്ന് സാമൂഹ്യ മാധ്യമം. ഇതെഴുതുമ്പോൾ ഞാനും അതുപയോഗിക്കുന്നുണ്ട്. ഓരോ പോസ്റ്റും ഓരോ കമന്റും എന്തിന് ഓരോ ലൈക്കും ഷെയറും ഓരോ കാഞ്ചി വലി പോലെയാണ്.
ഞാൻ ആദ്യമായി സാമൂഹ്യ മാധ്യമം ഉപയോഗിച്ചു തുടങ്ങുന്നത് ഓർക്കൂട്ട് കാലത്താണ്. അന്ന് കൂടെ പഠിച്ചവരും കുടുംബത്തിലുള്ളവരുമായി ബന്ധപ്പെടുക എന്നതിലുപരി ഒന്നുമില്ലായിരുന്നു. പിന്നെ യൂട്യൂബ്- ഫേസ്‌ബുക്ക്- ട്വിറ്റർ- ഇൻസ്റ്റാഗ്രാം- ടിക്ടോക് അങ്ങനെ പലതും. ഇതല്ലാതെ ആ സമയത്ത് ഡിഗ്ഗ് വൈൻ ബെബോ എന്നങ്ങനെ കുറെയെണ്ണം വന്ന് പോയി. ഞാൻ എപ്പോഴും ഒരു ലേറ്റ് അഡോപ്റ്ററാണ്. കാരണം ടെക് മേഖലയിലാണെങ്കിലും എന്തൊക്കെ പുതിയത് വരുന്നു എന്ന് നോക്കിയിരിക്കാറില്ല.
ആരെയെങ്കിലുമൊക്കെ ചൊടിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞാലേ നമ്മളെ ഈ സാമൂഹ്യ മാധ്യമത്തിന് വേണ്ടൂ. നമ്മളെക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങൾക്ക് ഗുണമുണ്ടാവുന്ന പോസ്റ്റുകൾ ചെയ്യിക്കുക എന്നതാണ് അവരുടെ ഒരേയൊരു ലക്ഷ്യം. ഈ പ്ലാറ്റുഫോമുകളുടെ ശമ്പളം കിട്ടാത്ത പണിക്കാരനായി മാറിയിരുന്നു ഞാൻ.
ഫേസ്‌ബുക്ക് രസകരമായിരുന്നു. ബ്ലോഗിംങ്ങും ഓർക്കൂട്ടും ഒന്നിച്ച പോലൊരു പ്രതീതി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതിനുവേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നതാവും ശരി. ഒരിക്കലും കണ്ടെത്താൻ സാധിക്കാത്ത എന്നെയും അതുവഴി ഒരിക്കലും പരിചയപ്പെടാൻ സാധ്യതയില്ലാത്ത പലരെയും പരിചയപ്പെടാൻ കഴിഞ്ഞു പലരുമായി സൗഹാർദവും ലഭിച്ചു എന്നും ചേർത്തുപറയണം. കൂട്ടിയും കുറച്ചും ഹരിച്ചും നോക്കിയാൽ എനിക്ക് വ്യക്തിപരമായി ഗുണമാണുണ്ടായിട്ടുള്ളത്. എന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ സമൂഹത്തിന് ഗുണമാണോ ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് എനിക്ക് ഉറപ്പില്ല എന്നുമാത്രമേ പറയാൻ കഴിയൂ.
ഫേസ്‌ബുക്കിൽ എഴുത്ത് തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് യൂട്യൂബിൽ വീഡിയോ ചെയ്യണം എന്ന് തോന്നിത്തുടങ്ങിയത്. 2016- ലാണ് ആദ്യത്തെ മലയാളം വീഡിയോ ചെയ്ത് പോസ്റ്റുന്നത്. അതിന് മുൻപ് ഫേസ്‌ബുക്കിൽ പലരുടെയും ഇംഗ്ലീഷ് കവിതകൾ വായിച്ച് പോസ്റ്റിയിരുന്നു. 2016 ജൂലൈ ഒന്നാം തീയതിയാണ് ‘പഹയൻ’ എന്ന പേരിൽ ഒരു വീഡിയോ ഇട്ടത്. പിന്നെ അത് തുടർന്നു. വായനാനുഭവവും പ്രതികരണങ്ങളുമൊക്കെയായി രണ്ടു വർഷം. 2018 ആഗസ്റ്റിലെ പ്രളയകാലത്ത് എന്റെ ഒരു വീഡിയോ വൈറലായി. അവിടെ നിന്നാണ് എന്റെ സാമൂഹ്യ മാധ്യമ ജീവിതം ശരിക്കും തുടങ്ങുന്നത്. അതിനെ മാനസ്സിലാക്കാനും അതുവഴി എന്തൊക്കെയോ മാറ്റാനും അവസാനം സ്വയം മാറാനും ഇടമായത്.
ഇത്രയും പറഞ്ഞത്, നമ്മളെയൊക്കെ സാമൂഹ്യ മാധ്യമത്തിൽ എത്തിച്ചതിനും അതിൽ നിലനിർത്തുന്നതിനും ചില കഥകളും കാരണങ്ങളും ഉണ്ട് എന്ന് വ്യക്തമാക്കാനാണ്. സാമൂഹ്യ മാധ്യമത്തിൽ എത്താനുള്ള എന്റെ കഥയാണിത്. ഇന്ന് ഇതിൽ തുടരുന്നുണ്ടെങ്കിൽ അതിന് ചില കാരണങ്ങളും… കൂടെ എന്റെ ഉപയോഗാനുഭവങ്ങൾ പഠിപ്പിച്ച ചില പാഠങ്ങളും ഉണ്ട്.
വീഡിയോ വൈറലായ സമയത്ത് അതെന്താവും എന്നൊന്നും ഒരു എത്തും പിടിയുമില്ലായിരുന്നു. പക്ഷെ ആ ശ്രദ്ധയും പരിഗണനയും ഒക്കെ ഇഷ്ടപ്പെട്ടു. പിന്നീട് ചെയ്യുന്ന വീഡിയോകളും ധാരാളം ആളുകൾ കാണുകയും ചെയ്തു. മൂന്നാല് വർഷം പിന്നിട്ടപ്പോഴാണ് ഞാൻ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. എന്റെ സാമൂഹ്യ മാധ്യമ ഉപയോഗം എന്റെ മാനസികാസ്വാസ്ഥ്യത്തെ ബാധിക്കുന്നുണ്ട്. അത് മാത്രമല്ല, ആളുകളുമായിട്ടുള്ള കമന്റ് തർക്കങ്ങളും ഞാൻ ഉപയോഗിച്ചിരുന്ന ഭാഷയും നിരന്തരം നീണ്ടുനിന്ന ദേഷ്യവും തല്ലുംപിടിയുമായി എനിക്ക് വല്ലാത്തൊരു മടുപ്പായി മാറിയിരുന്നു. എനിക്ക് മാത്രമല്ല പലർക്കും ഞാനും മടുപ്പായി കാണണം എന്നും തോന്നി.
എന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൊണ്ട് ആർക്ക് എന്ത് പ്രയോജനം എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി. പുസ്തകങ്ങളും കവിതകളും തമാശകളുമായി സാമൂഹ്യ മാധ്യമം ഉപയോഗിച്ചിരുന്ന ഞാൻ പലരെയും ചൊടിപ്പിക്കുന്ന കണ്ടന്റുണ്ടാക്കുന്ന ഒരാൾ മാത്രമായി മാറിയിരുന്നു. പല വീഡിയോകളിൽ കൂടി സൗമ്യനാണ് എന്ന് പലരും അഭിപ്രായപ്പെട്ട ഞാൻ എനിക്കുതന്നെ സഹിക്കാൻ പറ്റാത്തത്ര മോശമായി മാറിയിരുന്നു. എന്നിട്ടും ഞാൻ തുടർന്നു.
പിന്നെയാണ് മെല്ലെ കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ആരെയെങ്കിലുമൊക്കെ ചൊടിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞാലേ നമ്മളെ ഈ സാമൂഹ്യ മാധ്യമത്തിന് വേണ്ടൂ. നമ്മളെക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങൾക്ക് ഗുണമുണ്ടാവുന്ന പോസ്റ്റുകൾ ചെയ്യിക്കുക എന്നതാണ് അവരുടെ ഒരേയൊരു ലക്ഷ്യം. ഈ പ്ലാറ്റുഫോമുകളുടെ ശമ്പളം കിട്ടാത്ത പണിക്കാരനായി മാറിയിരുന്നു ഞാൻ.
ആ സമയത്താണ് മെല്ലെ പോഡ്‌കാസ്റ്റുകൾ ചെയ്ത് തുടങ്ങിയത്. സ്ലോ ആൻഡ് ലോങ്ങ് കണ്ടന്റ് എന്ന് വേണ്ടമെങ്കിൽ പറയാം. അവിടെ കമന്റ് ബഹളങ്ങൾ ഇല്ല. ഞാനും എന്റെ മൈക്കും മാത്രം. ഞാൻ എന്നെ പറ്റിയും ഒരു കാര്യം ശ്രദ്ധിച്ചു തുടങ്ങി.

എന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് റിപ്ലൈ ചെയ്യും എന്നല്ലാതെ ഞാൻ മറ്റുള്ളവരുടെ പോസ്റ്റുകൾ അധികം നോക്കാറില്ല. വളരെ സെലക്റ്റഡ് ആയ ചില വ്യക്തികൾ, ചില ചാനലുകൾ- അത്ര മാത്രമായിരുന്നു എന്റെ സാമൂഹ്യ മാധ്യമ ഉപയോഗശീലം. കൂടുതൽ സമയവും പോഡ്‌കാസ്റ്റുകളിലായിരുന്നു ചെലവഴിച്ചത്.
അങ്ങനെ മൂന്ന് മാസത്തെ ബ്രേക്ക് എടുക്കാൻ തീരുമാനിച്ച് മാറി നിന്നു. ബുദ്ധിമുട്ടായിരുന്നു, പക്ഷെ നടന്നു. തിരിച്ചുവന്നപ്പോൾ അൽഗോരിതത്തിന്റെ ലിസ്റ്റിൽ വളരെ പിന്തള്ളപ്പെട്ടിരുന്നു എന്ന് മനസ്സിലായി. അന്ന് തീരുമാനിച്ചു, ഇനി പ്രതികരണങ്ങൾ വേണ്ട… കവിതകൾ, പരിഭാഷകൾ, ചില എഴുത്തുകൾ, സിനിമ, പ്രഫഷണൽ ഡെവലപ്മെന്റ്, പേഴ്സണൽ ഡെവലപ്മെന്റ്, സെൽഫ് റിഫ്ളക്ഷൻ… എന്നീ മേഖലകളിൽ മാത്രം ഊന്നൽ കൊടുക്കാം.
ശരിയാണ്, ആരെയെങ്കിലുമൊക്കെ ദേഷ്യം പിടിപ്പിക്കുന്ന പോസ്റ്റുകൾ ഇല്ലെങ്കിൽ അൽഗോരിതത്തിന് വലിയ ലോഗ്യമില്ല. പക്ഷെ എനിക്ക് എന്റെ മനസ്സമാധാനം തിരിച്ചു കിട്ടി.
ഇന്ന് വളരെ ചുരുങ്ങിയ വ്യൂസും കമന്റുകളും ലൈക്കുമൊക്കെയേ കിട്ടാറുള്ളൂ. പക്ഷെ അത് മതി. ആ ചെറിയ കൂട്ടം മതി. സാമൂഹ്യ മാധ്യമം എന്റെ വരുമാനമാർഗ്ഗമല്ല എന്നതുകൊണ്ടുതന്നെ മാറി നിൽക്കാൻ എളുപ്പമായിരുന്നു. തിരിച്ചുവന്നപ്പോൾ റീച്ച് കൂട്ടാതെ എനിക്കിഷ്ടമുള്ള, എന്നെ സന്തോഷിപ്പിക്കുന്ന, എനിക്ക് ഗുണമുണ്ടെന്ന് പൂർണ്ണ ബോധ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞും കേട്ടും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.
ഇന്ന് വളരെ ചുരുങ്ങിയ വ്യൂസും കമന്റുകളും ലൈക്കുമൊക്കെയേ കിട്ടാറുള്ളൂ. പക്ഷെ അത് മതി. ആ ചെറിയ കൂട്ടം മതി. സാമൂഹ്യ മാധ്യമം എന്റെ വരുമാനമാർഗ്ഗമല്ല എന്നതുകൊണ്ടുതന്നെ മാറി നിൽക്കാൻ എളുപ്പമായിരുന്നു.
ഇതിൽ നിന്ന് മനസ്സിലായത് എന്റെ പ്രതികരണങ്ങളും കളിയാക്കൽ വീഡിയോകളും കാത്തിരുന്നവരുടെ ഫീഡിൽ നിന്ന് ഞാൻ പൂർണ്ണമായും അപ്രത്യക്ഷമായി എന്നതാണ്. അവിചാരിതമായി എന്റെ വീഡിയോ കാണുമ്പോൾ ചിലർ കമന്റും- “ഇപ്പോൾ കാണാറില്ലല്ലോ എന്ന്”.
ശരിയാണ്, സ്വന്തം ഫീഡിൽ വരുന്നത് മാത്രമേ ലോകത്തിൽ നടക്കുന്നുള്ളൂ എന്ന് കരുതുന്നവരുടെ മുന്നിൽ ഞാൻ ജീവിച്ചിരിപ്പില്ല എന്നുതന്നെ. പണ്ട് എന്നെ കാത്തുനിന്നിരുന്നവരുടെ മുന്നിൽ ഞാൻ അതോടെ അദൃശ്യനായി. ഞാൻ അറിഞ്ഞോ അറിയാതെയോ അൽഗോരിതത്തിൽനിന്ന് എന്നെ തിരിച്ചുപിടിച്ചിരിക്കുന്നു.
ശരിയാണ്, പഴയ പ്രതികരണ- കമന്റ്- റിപ്ലൈ നേട്ടോട്ടങ്ങളിലെ ആ അഡ്രെനലിൻ റഷ് ഇന്നില്ല. പക്ഷെ സമൂഹത്തിനെ അതിന്റെ ആവശ്യത്തിന് ഉപയോഗിക്കാൻ സാമൂഹ്യമാധ്യമങ്ങൾ ശ്രമിക്കുമ്പോൾ അതിന് ഞാൻ കൂട്ടുനിൽക്കുന്നില്ല എന്ന സന്തോഷമുണ്ട്.
ഇന്നും വിഡിയോയും എഴുത്തും ഒക്കെയുണ്ട്. എന്നെ ഉപയോഗിക്കുന്നതിനുപകരം എനിക്ക് എങ്ങനെ സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാൻ പറ്റും എന്നായി ശ്രമം. അത് പറയാം. പക്ഷെ അതിന് മുൻപ് ഒരു വാക്ക് കൂടി പറയാനുണ്ട്.
‘Enshittification…’ കോറി ഡോക്ടറോവ് എന്ന മാധ്യമ പ്രവർത്തകനാണ് ആ വാക്കുണ്ടാക്കിയത്. അർത്ഥം ലളിതമാണ്. പണം കൊയ്യാൻ വേണ്ടി ഉപഭോക്താക്കളെയും ഉപഭോക്താക്കളെ തേടി വരുന്ന ബിസിനസ്സുകളെയും ഒരു പോലെ ചവച്ചു തുപ്പുന്ന ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ തരംതാഴലാണ് Enshittification… ഇതിന് കൃത്യമായൊരു മലയാളം വാക്കില്ല.. ഇതിൽ Shit എന്ന വാക്കിന് വിസർജ്ജനം എന്നാണല്ലോ അർഥം. അപ്പോൾ ഏതാണ്ട് അർത്ഥം നിങ്ങൾക്ക് ഊഹിക്കാം.. Crapification അല്ലെങ്കിൽ Platform Decay എന്നും ആളുകൾ ഇതിനെ കുറിച്ച് പറയാറുണ്ട്.

നമ്മൾ ഒന്നും ചെയ്തില്ലെങ്കിൽ സമൂഹത്തിന്റെ നാശം ഉറപ്പ് വരുത്തുന്ന ഒരു മഹാസംഭവമാണ് ഇത് എന്നുതന്നെ.
ഏതൊരു പ്ലാറ്റ്ഫോമിന്റെയും Enshittification മൂന്ന് സ്റ്റേജുകളായാണ് നടക്കുക.
ആദ്യത്തെ സ്റ്റേജ് ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ്, അതിന് ഇല്ലാത്ത, നടക്കാത്ത, തീർത്തും കള്ളങ്ങളായ ചില വാഗ്ദാനങ്ങൾ നൽകും. ഉദാഹരണത്തിന് ഞങ്ങൾ നിങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തും എന്ന വാഗ്ദാനം. ഫേസ്‌ബുക്ക് ആളുകളോട് പറഞ്ഞത് അതാണ്. ഞങ്ങൾ myspace പോലെ ആവില്ലെന്ന്. ഇന്നത്തെ കാര്യം നിങ്ങൾക്കറിയാം.
രണ്ടാമത്തെ സ്റ്റേജ്, ലാഭത്തിന് വേണ്ടി ഉപഭോക്താക്കളെ ദുരുപയോഗപ്പെടുത്തുക എന്നതാണ്. സ്വകാര്യത ഉറപ്പുവരുത്തും എന്നു പറഞ്ഞ അതേ ആളുകൾ ബിസിനസുകളോട് നമ്മുടെ സ്വകാര്യ വിവരങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് അവരുമായി പരസ്യങ്ങൾക്കായി വിലപേശി തുടങ്ങുന്നു. ബിസിനസ് നടക്കട്ടെ പിന്നെയല്ലേ ഉപഭോക്താവ്.
മൂന്നാമത്തെ സ്റ്റേജിൽ ഉപഭോക്താക്കളെയും പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ബിസിനസുകളെയും ഒരു പോലെ ദുരുപയോഗപ്പെടുത്തി താത്കാലിക ലാഭം കൊയ്യുന്നു.
“ഇതൊക്കെയല്ലേ മനുഷ്യാ ബിസിനസ്സ്.. ഇങ്ങനെ കിടന്ന് കരയല്ലേ” എന്നും ചിലർ പറയും. കരയുകയല്ല, ഒരു യാഥാർഥ്യം പറയുകയാണ്. ഇവിടെ സാമൂഹ്യ മാധ്യമങ്ങൾ മാത്രമല്ല, മറ്റു പല ഇന്റർനെറ്റ് സംഭവങ്ങൾക്കും Enshittification സംഭവിക്കും. Enshittification എന്ന പേരിൽ കോറിയുടെ ഒരു പുസ്തകം വന്നിരുന്നു, 2024-ൽ. വായിച്ചു നോക്കുക.
നമ്മുടെയെല്ലാം സമൂഹത്തിലെ നല്ലൊരു പങ്ക് ഈ പ്ലാറ്റുഫോമുകളുടെ വിസർജ്ജനപരമായ ജീർണ്ണതയുടെ ഭാഗമാണ്. ആയില്ലെങ്കിൽ ആയിക്കൊണ്ടിരിക്കുന്നു. ആരും അത് ആഗ്രഹിക്കുന്നില്ലെങ്കിലും അതിന്റെ പിടിയിൽ അമരുകയാണ്. അതിൽ ചെറു പ്രായത്തിലുള്ളവരും ധാരാളമുണ്ടെന്നത് പേടിപ്പെടുത്തുന്നു എന്ന് പറയുമ്പോൾ അതെന്റെ തന്ത വൈബാണ് എന്നും പറഞ്ഞ് തള്ളിക്കളയാം.
എന്താണൊരു പോംവഴി, നമ്മളെ തിരിച്ചു പിടിക്കാൻ. സമൂഹത്തിനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയുമോ എന്നറിയില്ല, പക്ഷെ വ്യക്തികൾക്ക് ഇതിൽ കുടുങ്ങാതിരിക്കാം.
എനിക്കിനിയുള്ളത് വെറും 1300 ആഴ്ചകൾ. അതായത് ഞാൻ ദിവസവും 2 മണിക്കൂർ സാമൂഹ്യ മാധ്യമത്തിന്റെ enshittification അനുഭവിച്ചാൽ എനിക്ക് നഷ്ടപ്പെടുന്നത് ഏതാണ്ട് 112 ആഴ്ചകളാണ്.
ഈ പ്ലാറ്റുഫോമുകളെല്ലാം ഒരുതരം പുഷ് ടെക്‌നോളജിയാണ്. നമ്മൾ ഒന്നും അന്വേഷിച്ചു പോകണ്ട, എല്ലാം നമ്മുടെ ഫീഡിൽ കൊണ്ട് വച്ചു തരും. അത് മാറണം. നമ്മൾ പുഷ് മാറ്റി പുൾ ടെക്നോളജിക്കാർ ആവണം. നമ്മൾക്ക് കാണേണ്ടത് ആദ്യമേ തീരുമാനിച്ച് തിട്ടപ്പെടുത്തി പോയി കണ്ടെത്തി കാണണം.
മൂന്ന് വർഷമായി എന്റെ ഫീഡ് വഴിയല്ല പലതും കാണുന്നതും വായിക്കുന്നതും. അന്വേഷിച്ച് പോയി കണ്ടെത്തുകയാണ്. എത്രയോ സമയം മറ്റു പലതിനുമായി ഇപ്പോൾ കിട്ടുന്നു. മാഗസിനുകൾ പുസ്തകങ്ങൾ നല്ല സീരീസുകൾ സിനിമകൾ കൂട്ടുകാർ.
മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്നത് നമ്മുടെ വിഷയമല്ല എന്ന് സ്വയം തോന്നണം ആദ്യം. നമ്മുടെ ജീവിതം മറ്റുള്ളവർക്കും വലിയ താല്പര്യമില്ല എന്ന കാര്യവും മനസ്സിലാക്കാൻ കഴിയണം. ബുദ്ധിമുട്ടാണ്, എങ്കിലും ശ്രമിക്കണം.
നമ്മൾ പുസ്തകങ്ങളിലേക്ക് തിരിച്ചുചെല്ലണം. പുസ്തകവായന ഇല്ലാത്തവരും അത് തുടങ്ങണം. ഗുണം ചെയ്യും. വീഡിയോകളിൽ നിന്നും പോഡ്‌കാസ്റ്റിലേക്ക് മാറണം.
നമ്മളിൽനിന്ന് ഈ സാമൂഹ്യ മാധ്യമങ്ങൾ കവർന്നെടുക്കുന്നത് നമ്മുടെ പരിമിതമായ ചെറിയ ജീവിതത്തിലെ വലിയൊരു സമയമാണ്. എൺപത് വയസ്സ് വരെ ജീവിക്കുന്ന ഒരു വ്യക്തി ആകെ ജീവിക്കുന്നത് 4000 ആഴ്ചകളാണ്. എനിക്കിനിയുള്ളത് വെറും 1300 ആഴ്ചകൾ. അതായത് ഞാൻ ദിവസവും 2 മണിക്കൂർ സാമൂഹ്യ മാധ്യമത്തിന്റെ enshittification അനുഭവിച്ചാൽ എനിക്ക് നഷ്ടപ്പെടുന്നത് ഏതാണ്ട് 112 ആഴ്ചകളാണ്. ആരുടെയൊക്കെയോ ജീവിതങ്ങളെ കുറിച്ച് ഏതോ അൽഗോരിതം ഫീഡിൽ കുത്തി നിറയ്ക്കുന്ന ചവറിനായി എന്റെ ചെറിയ ജീവിതത്തിലെ 112 ആഴ്ചകൾ. എന്റെ ശിഷ്ട ജീവിതത്തിന്റെ പത്ത് ശതമാനം.
വലിയൊരു വിലയാണ് പഹയാ അത്.

ഞാൻ ഈ തീരുമാനത്തിലെത്താൻ മറ്റൊരു കാരണം കൂടിയുണ്ട്. 90 ദിവസത്തിൽ മലയാളികൾ എന്റെ ഏതോ ചവറ് വീഡിയോ കാണാൻ ഉപയോഗിച്ചത് 4000 മണിക്കൂറാണ്. അവർക്ക് ഉറങ്ങാനും അവരുടെ പ്രിയപ്പെട്ടവരുടെ കൂടെ ചെലവഴിക്കാനും ഒക്കെയാകാമായിരുന്ന 4000 മണിക്കൂർ അവരെ അറിയാത്ത എനിക്കുവേണ്ടി ചെലവായി. ഞാനുണ്ടാക്കിയ, എനിക്കുപോലും ഓർമ്മയില്ലാത്ത ഏതോ ചവറു പോസ്റ്റിനായി. അതായിരുന്നു എന്റെ മാറ്റത്തിന് കാരണം. ഞാൻ അവരുടെ സമയത്തേക്കാൾ അവർക്ക് വിലപ്പെട്ടതാവരുത് ഒരിക്കലും.
ഇന്ന് സത്യത്തിൽ കുറവ് പേർ മാത്രമേ എന്റെ പോസ്റ്റുകൾ കാണുന്നുള്ളൂ. അതൊരു സന്തോഷമാണ്. കാരണം വ്യൂസ് കുറവ്- കമന്റുകൾ കുറവ്- ബഹളം കുറവ്. എന്റെ ഓഡിയോ പോഡ്‌കാസ്റ്റുകൾ കേൾക്കുന്നവരാണ് ഇന്ന് കൂടുതൽ. ചിലർ അത് കേട്ടിട്ട് നീണ്ട ഇമെയിലുകൾ അയക്കും. ഞാൻ മറുപടി നൽകും. ചിലരുമായി ഇടയ്ക്ക് ഞാൻ സൂമിൽ സംസാരിക്കും. അതിന്റെ സുഖം എന്റെ ഒരു പോസ്റ്റിന്റെയും കമന്റ് ബോക്സിൽ എനിക്ക് കിട്ടില്ല.
ഇന്നും ഞാൻ വീഡിയോ ചെയ്യാറുണ്ട്. പുസ്തകം പരിചയപ്പെടുത്തുക, പരിഭാഷപ്പെടുത്തിയ കവിതകൾ വായിക്കുക, സിനിമകൾ പരിചയപ്പെടുത്തുക, കരിയർ സംബന്ധമായ വിഷയങ്ങൾ മലയാളത്തിൽ പറയുക. കേൾക്കാൻ കുറവ് പേരെ ഉള്ളൂ, പക്ഷെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമുണ്ട്. സാമൂഹ്യ മാധ്യമങ്ങൾക്ക് വിഷം വിൽക്കാനായി ആളുകളെ അലോസരപ്പെടുത്തുകയോ അനാവശ്യമായി ഉത്തേജിപ്പിക്കുകയോ ചെയ്യുന്ന പോസ്റ്റുകളിട്ട് അതിന് കൂട്ടുനിൽക്കുന്നില്ല.
ഓഡിയോ കേൾക്കുന്നവരാണെങ്കിൽ നടക്കുമ്പോഴും ജിമ്മിൽ പോകുമ്പോഴും വണ്ടിയോടിക്കുമ്പോഴും കേൾക്കുന്നു. കേൾക്കാനായി മാത്രം ആരും സമയം കളയുന്നില്ല എന്നാണ് മനസ്സിലാവുന്നത്.
സാമൂഹ്യ മാധ്യമം ഇവിടെയുണ്ടാകും. അതിൽ നിർമ്മിത ബുദ്ധി ഇന്നുള്ളതിനേക്കാൾ കൂടുതൽ വരും. നമ്മളെയും നമ്മളെ പോലുള്ള മനുഷ്യരെയും കണ്ടെത്തി വീണ്ടെടുക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്.

