വെർച്വൽ ലോകത്തുമുള്ളത് ഇതേ ആണുങ്ങൾ തന്നെയാണ്

സൈബർ ഇടം സ്ത്രീകൾക്ക് നഷ്ടസൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും തിരിച്ചുപിടിക്കലുകളുടെ കൂടി ഇടമാണ്. സ്ത്രീകൾക്ക് സ്വസ്ഥവും സ്വകാര്യമായും സൗഹൃദങ്ങളും പ്രണയവും പങ്കുവയ്ക്കാൻ സാധിക്കുന്ന, പഠിക്കാനും പഠിപ്പിക്കാനും കഴിയുന്ന, വായിക്കാനും വായിക്കപ്പെടാനും ഉതകുന്ന, എഴുതാനും എഴുതപ്പെടാനും സാധിക്കുന്ന സർഗാത്മകതയുടെ പുതിയ ആകാശവും ഭൂമിയുമായി സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യാന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലിംഗഭേദമില്ലാതെ സൈബർ ഇടങ്ങളിലും സാധ്യമാകേണ്ടത് സർക്കാറിന്റെ കടമയാണ്

വിവരസാങ്കേതിക വിസ്​ഫോടനത്തോടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പ്രാദേശിക തലത്തിൽ നിന്ന് ആഗോളതലത്തിൽ എത്തിയിരിക്കുകയാണ്. മൊബൈൽ ഫോണുകളുടെയും കമ്പ്യൂട്ടറിന്റെയും അതുവഴി ഇന്റർനെറ്റിന്റെയും ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് സൈബർ ഇടങ്ങളിലെ അതിക്രമങ്ങളുടെയും തോത് വർധിച്ചു. ഭരണകൂടങ്ങൾ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന കൂട്ടത്തിൽ ആശയവിനിമയ ഉപാധികളും സൗജന്യമായി നൽകാൻ തുടങ്ങിയിരിക്കുന്നു. 2000ൽ നിലവിൽ വന്ന വിവരസാങ്കേതിക നിയമം (Information technology Act) 90 വകുപ്പുകളോടെ നിലവിൽ വന്നതിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം, ഇലക്ട്രോണിക് ഡാറ്റ ഇന്റർചേഞ്ച് വഴിയും മറ്റ് ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയും നടത്തുന്ന ഇടപെടലുകൾക്ക് നിയമപരമായ അംഗീകാരം നൽകുന്നു എന്നതും സാധാരണ ‘ഇലക്ട്രോണിക് കൊമേഴ്സ്' എന്നുവിളിക്കപ്പെടുന്ന ഇതിൽ, കടലാസ് അധിഷ്ഠിത ആശയവിനിമയത്തിനും സംഭരണത്തിനുമുള്ള ബദലുകൾ ഉപയോഗിക്കുന്നു എന്നതുമാണ്. അതുവഴി ഇലക്ട്രോണിക് ഫയലുകൾ സുഗമമാകുന്നു. കൂടാതെ ഇന്ത്യൻ ശിക്ഷാനിയമം, ഇന്ത്യൻ തെളിവ് നിയമം, ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവ ഭേദഗതിയും ചെയ്തു.

ഇ-കൊമേഴ്സ് ലക്ഷ്യം വെച്ചുണ്ടാക്കിയ നിയമത്തിൽ, ആശയവിനിമയത്തിലൂടെയും മറ്റും സൈബറിടത്തിൽ അതിക്രമം നടത്തുന്നവർക്കെതിരെ നടപടി എടുക്കുന്നതിന് വേണ്ടവിധത്തിൽ വകുപ്പുകൾ ചേർത്തിട്ടില്ല. 66 എ എന്ന വകുപ്പാണ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അവഹേളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിന് മൂന്നുവർഷം വരെ പിഴയോടെ തടവുശിക്ഷയ്ക്ക് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി വിധിയിലൂടെ ഈ വകുപ്പ് റദ്ദ് ചെയ്തിരിക്കുകയാണ്.

മൊബൈൽ ഫോണും ഇന്റർനെറ്റും നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റി ന്യൂ ജനറേഷൻ എന്ന വാക്ക് അക്ഷരംപ്രതി ഇന്ത്യയിലെ യുവത്വം ഏറ്റെടുത്തിരിക്കുകയാണ്​. യുവാക്കളും കുട്ടികളും ഇന്റർനെറ്റിന് അടിമപ്പെടുന്നുവെന്ന വിലാപം തീവ്രമായ ഘട്ടത്തിലാണ് കോവിഡ്, ലോക്ക്ഡൗണിലൂടെ മുഴുവൻ ജനങ്ങളെയും വീടകങ്ങളിൽ തളച്ചിട്ടത്. യഥാർത്ഥ ലോകം (Actual World) നഷ്ടപ്പെട്ട ജനത പൂർണ്ണമായും ആശ്രയിച്ചത് വിർച്വൽ ലോകത്തെയാണ്. മൊബൈൽ ക്യാമറയും ഇന്റർനെറ്റും കൈയിലുണ്ടെങ്കിൽ ഒരു രൂപ പോലും ചെലവില്ലാതെ ഒരു വ്യക്തിക്ക് യൂ ട്യൂബ് ചാനൽ തുടങ്ങാം. എങ്ങോട്ടും യാത്ര ചെയ്യാതെ നൂറുകണക്കിന് സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാം, സംസാരിക്കാം. വിർച്വൽ പൊതുഇടങ്ങളായ ഫെയ്സ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും എന്തും പോസ്റ്റാം.

ജനങ്ങളുടെ സൗഹൃദവലയങ്ങൾ വലുതാക്കുകയും പുത്തൻ മേച്ചിൽപുറങ്ങൾ ഗ്രൂപ്പുകളുടെ രൂപത്തിലും മറ്റും ഉടലെടുക്കുകയും ചെയ്തിരിക്കുന്നു. ഒരു പുതിയ ലോകം സാധ്യമായതു പോലെ ഈ സൈബർ ഇടം ജനം സ്വീകരിച്ചു, ജീവിതത്തിന്റെ വിവിധ കാര്യങ്ങൾക്കായി സംസ്‌കാരത്തിന്റെ, തൊഴിലിന്റെ, വിദ്യാഭ്യാസത്തിന്റെ, കച്ചവടത്തിന്റെ, രാഷ്ട്രീയത്തിന്റെ, മതത്തിന്റെ ആവശ്യങ്ങൾ മുടക്കം കൂടാതെ ഇന്റർനെറ്റ് എന്ന ബദലിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നു. മനുഷ്യൻ സാധാരണ വിഹരിക്കുന്ന പൊതുഇടങ്ങൾ ശൂന്യമാവുകയും മനുഷ്യരുടെ ദൃശ്യത സൈബർ ഇടത്തിൽ നിറയ്ക്കുകയും ചെയ്തിരിക്കുന്നു.
ഇവിടെയെല്ലാം പെൺ- ആൺ- ട്രാൻസ്ജെൻഡർ വ്യത്യാസമില്ലാതെയായിരിക്കും വ്യവഹാരങ്ങൾ എന്ന് തെറ്റിദ്ധരിക്കരുത്.

യഥാർത്ഥ പൊതുസമൂഹത്തിൽ പൊതുവെ മനുഷ്യർ പെരുമാറിയിരുന്നതുപോലെ തന്നെയാണ് സൈബർ പൊതുഇടങ്ങളിലും ഇവർ പെരുമാറിക്കൊണ്ടിരിക്കുന്നത്. അശ്ലീലം കാണുകയും കേൾക്കുകയും പ്രചരിപ്പിക്കുകയും മറ്റ് മനുഷ്യരെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കലും എല്ലാം സ്വാഭാവികതയോടെ ചെയ്തുകൊണ്ടിരിക്കുന്നു. മറ്റൊരു വ്യക്തിയുടെ ജീവിതം ഏതുവിധത്തിലും വളച്ചൊടിക്കുന്നതിനും അശ്ലീലവൽക്കരിക്കുന്നതിനും വികൃതവൽക്കരിക്കുന്നതിനും മടിയില്ലാത്തവരായിരിക്കുന്നു ചിലർ. അവർ തങ്ങളുടെ യൂ ട്യൂബ് ചാനൽ കൂടുതൽ ജനങ്ങളിലെത്തിക്കാൻ എരിവും പുളിയും ചേർക്കുന്ന ലാഘവത്തിൽ അശ്ലീലവും അപമാനകരമായ കഥകളും മെനഞ്ഞുണ്ടാക്കുന്നു, ഉൽസാഹത്തോടെ പ്രചരിപ്പിക്കുന്നു. അശ്ലീല മാലിന്യം നിറച്ച് ചാനലിനും ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും കാണികളെ കൂട്ടുകയും ചാനലുകളിൽ പരസ്യങ്ങൾ ഇടംപിടിക്കുകയും അക്കൗണ്ടിലേക്ക് പണം വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ എവിടെയെല്ലാമാണ് തന്റെ ജീവിതം വെച്ച് ചിലർ പണമുണ്ടാക്കുന്നതെന്നറിയാതെ നമ്മൾ മുന്നോട്ടുപോകുന്നു.

അഭ്യുദയകാംക്ഷികളായ ചില കാണികൾ ഈ ചാനലുകൾ ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് ഇതിന്റെ അപകടം തിരിച്ചറിയുന്നത്.
എന്തുചെയ്യണമെന്നറിയാതെ പൊലീസ് സ്റ്റേഷനിലേക്കും സൈബർ സെല്ലിലേക്കും വനിത സെല്ലിലേക്കും മുതൽ ആഭ്യന്തരമന്ത്രിക്ക് വരെ പരാതി അയക്കുകയും കാത്തിരിക്കുകയും ചെയ്യുന്നവർ ധാരാളം. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ആദ്യം പറയുന്നത് നിങ്ങളുടെ ഏതു ഫോണിലാണ്, കമ്പ്യൂട്ടറിലാണ് ഈ സന്ദേശം വന്നത്, ആ ഉപകരണം ഉടൻ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം, അല്ലാതെ കേസെടുക്കാൻപോലും സാധിക്കില്ല എന്നാണ്.

തന്റെ ജോലിയുടെയും ആശയവിനിമയത്തിന്റെയും മക്കളുടെ പഠനത്തിന്റെയും മറ്റു സ്വകാര്യ സന്തോഷങ്ങളുടെയും പ്രധാന ആണിക്കല്ലായ മൊബൈൽ ഫോൺ, അല്ലെങ്കിൽ കമ്പ്യൂട്ടർ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് പോകുകയെന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത ഭൂരിപക്ഷവും പരാതി കൊടുക്കുകയെന്ന പ്രാഥമിക നടപടിയിൽ നിന്ന് ഉടൻ പിൻവാങ്ങാൻ തയ്യാറാകും. സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ആവേശത്തിനനുസരിച്ച് അവയിലൂടെ സംഭവിക്കുന്ന കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിന് ഉതകുന്ന നിയമങ്ങളുടെ അഭാവം, തീർച്ചയായും വികസിത സമൂഹത്തിന് ഭൂഷണമല്ല.

സ്ത്രീകൾ, പൊതുവേ പുതിയ ഇടങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നവരാണ്. സൈബർ ഇടം സ്ത്രീകൾക്ക് നഷ്ടസൗഹൃദങ്ങളുടെയും സ്നേഹങ്ങളുടെയും തിരിച്ചുപിടിക്കലുകളുടെ കൂടി ഇടമാണ്. സ്ത്രീകൾക്ക് സ്വസ്ഥവും സ്വകാര്യമായും സൗഹൃദങ്ങളും പ്രണയവും പങ്കുവയ്ക്കാൻ സാധിക്കുന്ന, പഠിക്കാനും പഠിപ്പിക്കാനും കഴിയുന്ന, വായിക്കാനും വായിക്കപ്പെടാനും ഉതകുന്ന, എഴുതാനും എഴുതപ്പെടാനും സാധിക്കുന്ന സർഗാത്മകതയുടെ പുതിയ ആകാശവും ഭൂമിയുമായി സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളും, യൂ ട്യൂബ് ചാനലുകളും ഫേസ്ബുക്ക്​, ഇൻസ്റ്റഗ്രാം ഇടങ്ങളും മാറിയിരിക്കുന്നു. എന്നാൽ, സൈബർ പൊതുഇടങ്ങളിലെ സ്ത്രീയാഘോഷങ്ങൾ സദാചാരക്കണ്ണുകളാൽ നിരന്തരം പിന്തുടരപ്പെടുന്നു, അശ്ലീലവാക്കുകളാൽ അപമാനിക്കപ്പെടുന്നു, കൂട്ടത്തോടെ ആക്രമിക്കപ്പെടുന്നു. പൊറുതിമുട്ടിയ സ്ത്രീകൾക്ക് ആശ്രയിക്കാവുന്ന നിയമങ്ങളാകട്ടെ, തീരെ ശുഷ്‌കവും.
ലോക്ക്ഡൗണിൽ അടച്ചിട്ട തൊഴിൽശാലകളും പള്ളിക്കൂടങ്ങളും പുനരാവിഷ്‌കരിക്കുന്നത് വിർച്വൽ ഇടത്തിലാണ്. ഓരോ സ്ത്രീയുടെയും മൊബൈൽ ഫോണിലാണ് വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസ്​മുറികൾ. തൊഴിലിനും മറ്റ് സർക്കാർ ഇടപെടലുകൾക്കും സർഗാത്മകമായ പ്രകടനങ്ങൾക്കും രാഷ്ട്രീയ ചർച്ചാവേദികൾക്കും വെബിനാറുകൾ നടക്കുന്നതും മീറ്റിങ്ങുകൾ നടക്കുന്നതും മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ്. ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത വിധം സൈബർ ഇടം നിറഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഇവിടെ ജീവിക്കുന്ന, ജീവനോപാധികൾ തേടുന്ന സ്ത്രീകളെ Cyber bullying, cyber stalking, morphing, cyber pornography, email scooping, slut shaming, cyber sexually harassment എന്നിവയിലൂടെ അതിക്രമിക്കുന്നവരെ പൊലീസ് ആക്റ്റ് ഭേദഗതി എന്ന കേവല പ്രക്രിയയിലൂടെയല്ല, മറിച്ച് Cyber gender based കുറ്റകൃത്യങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യുന്ന നിയമനിർമാണത്തിലൂടെയാണ് ഇല്ലാതാക്കേണ്ടത്.

സൈബർ ഇടങ്ങളിൽ ഉത്തരവാദിത്വപൂർണമായി പെരുമാറാൻ ജനങ്ങളെ സജ്ജമാക്കുന്നതിന് കാർക്കശ്യ നിയന്ത്രണങ്ങളുള്ള നിയമനിർമാണം അത്യന്താപേക്ഷിതമാണ്. മനുഷ്യാന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലിംഗഭേദമില്ലാതെ സൈബർ ഇടങ്ങളിലും സാധ്യമാകേണ്ടത് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട സർക്കാറിന്റെ കടമയാണ്.

Comments