‘ബേസ്ഡ് നമ്പ്യാർ’, ‘നായർ തിങ്സ്’, ‘നായർ വിങ്ങിസം’, ‘യുണൈറ്റഡ് നായർസ് ഇൻസ്റ്റഗ്രാം’ എന്നിവയെല്ലാം സാമൂഹ്യ മാധ്യമങ്ങളിലെ വളരെ ആക്ടീവായ ചില ഹാൻഡിലുകളാണ്. പ്രഥമദൃഷ്ടിയിൽ തന്നെ സവർണ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ഈ പേജുകൾ, പരമ്പരാഗതമായി തങ്ങൾ അനുഭവിച്ചുവന്ന വിശേഷാധികാരങ്ങൾ അഭിമാനത്തോടെ പ്രകടിപ്പിക്കുകയും അതുവഴി ഈ സോഷ്യൽ മീഡിയ കാലത്തും തങ്ങളുടെ സാമൂഹിക മൂലധനത്തെ ഉറപ്പിച്ചു നിർത്തുകയുമാണ് ചെയ്യുന്നത്.
ഉത്തരേന്ത്യയിലെ മേൽ ജാതിക്കാർക്കിടയിലും തമിഴ് ബ്രാഹ്മണർക്കിടയിലുമെല്ലാം ഇത്തരം പേജുകൾ വർഷങ്ങൾക്കു മുൻപ് തന്നെ ഉണ്ട്. എന്നാൽ മലയാളികളുടെ സോഷ്യൽ മീഡിയ ലോകത്തേക്ക് ഈ 'ട്രെൻഡ്' പ്രവേശിച്ചുവരുന്നതേയുള്ളൂ. എന്നാൽ അതുകൊണ്ട് മലയാളി സാമൂഹ്യ മാധ്യമങ്ങളിൽ ജാതീയത പ്രകടമാവാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല എന്ന് കരുതരുത്.
ദലിത്-ബഹുജൻ- ആദിവാസി സമുദായങ്ങളിൽ നിന്നുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ തുടർച്ചായി ജാത്യാധിക്ഷേപങ്ങൾ നേരിടേണ്ടി വരാറുണ്ടെന്നത് യാഥാർഥ്യമാണ്. മഹാത്മാ അയ്യങ്കാളിയെ വരെ അങ്ങേയറ്റം മോശമായ ജാത്യാധിക്ഷേപത്തിനു വിധേയമാക്കിയ സംഭവം നടന്നിട്ട് കാലം അധികമായിട്ടില്ല.
എന്നാൽ ഓരോ സവർണ്ണ ജാതിക്കും ഉപജാതിക്കും പോലും തങ്ങളുടെ ശ്രേഷ്ഠത വിളിച്ചുചൊല്ലുന്ന പേജുകൾ ഉണ്ടായിട്ട് അല്പകാലമേ ആയിട്ടുള്ളൂവെന്ന് പറയാം. ഈ പേജുകൾ പ്രത്യയശാസ്ത്രപരമായി 'ജാതി സംഘങ്ങളിൽ' നിന്നോ 'ജാതി ക്ലബ്ബുകളിൽ' നിന്നോ വ്യത്യസ്തമല്ല, മാത്രമല്ല ഇവയ്ക്ക് കിട്ടുന്ന പിന്തുണയും അമ്പരപ്പിക്കുന്നതാണ്.
ഇത്തരത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച, ബ്രാഹ്മിൻസ് ഓഫ് ഡി.യു. അടക്കമുള്ള ചില പേജുകൾ സാമൂഹ്യമാധ്യമങ്ങളും കടന്ന് ബ്രാഹ്മണ കുലീനത വിളിച്ചോതുന്ന ചില പൊതുപരിപാടികൾ സംഘടിപ്പിക്കാൻ ആരംഭിച്ചതും, ഇടതുപക്ഷ, അംബേദ്‌കറൈറ്റ് വിദ്യാർഥിപ്രസ്ഥാങ്ങളുടെ ശക്തമായ പ്രതിരോധം കൊണ്ട് മാത്രം യൂണിവേഴ്സിറ്റി അധികാരികൾക്ക് ഈ പരിപാടികൾക്ക് അനുമതി നിഷേധിക്കേണ്ടി വന്നുവെന്നതും ഇതിനോട് ചേർത്തുവായിക്കണം.
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ‘ബലിമഹാബലി’, ‘സർചാത്തൻ’ തുടങ്ങീ ജാതി വിവേചനത്തിനെതിരെ സംസാരിക്കുന്ന, ജാതിവിവേചനം തുറന്നു കാണിക്കുന്ന പുരോഗമന സ്വഭാവമുള്ള പേജുകളും വ്യക്തികളും, ഇല്ലാത്ത ജാതി ഉണ്ടാക്കുന്നു, ഇരവാദം നടിക്കുന്നു മുതലായ ആക്ഷേപങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
അതേസമയം ഈ സവർണ പേജുകൾ ഏതെങ്കിലും വിധത്തിൽ ചോദ്യം ചെയ്യപ്പെട്ടാലും ഇത് ‘ജാതിവാദം ഒന്നും അല്ല, തങ്ങളുടെ 'പാരമ്പര്യം' മാത്രമാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് പതിവ്. ദലിത് ഡിജിറ്റൽ കലാകാരി പ്രിയങ്ക പോൾ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ട് അധികകാലം ആയിട്ടില്ല. ഒരുഭാഗത്ത് സവർണ ജാതി പേജുകൾ വലിയ രീതിയിൽ 'നോർമലൈസ്' ചെയ്യുന്ന പരിപാടി ഇവിടെ കാര്യമായി നടക്കുന്നുണ്ട്. സണ്ണി എം. കപിക്കാട് പറയുന്നത് പോലെ ജാതിവിവേചനം നിലനിൽക്കുന്നുവെന്ന യാഥാർഥ്യം തുറന്നു പറയുന്നവർ ജാതിവാദികളും എന്നാൽ ജാതീയത പ്രകടിപ്പിക്കുന്നത് വളരെ സ്വാഭാവികവും ആവുന്ന വിചിത്രയുക്തിയാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ദലിത്/ബഹുജൻ പേജുകളുടെ സ്വഭാവം ഈ പ്രബല ജാതി പേജുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് വളരെ പെട്ടന്ന് മനസ്സിലാവും. അംബേദ്കർ, ജ്യോതി ഫുലെ എന്നിവരിൽ തുടങ്ങി ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും വരെയുള്ളവയുടെ ജീവിതവും ദർശനവും ഈ പേജുകളിൽ കാണാൻ സാധിക്കും. ഇത്തരം പേജുകൾ പലതിലും അവരുടെ ബയോയിൽ തന്നെ തങ്ങൾ ജാതി ഉന്മൂലനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവ സാന്നിധ്യം കൊണ്ട് തന്നെ ജാതിക്രമത്തെ എതിർക്കുന്നു, എന്നാൽ സവർണ ജാതി പേജുകളുടെ സ്ഥിതി നേർവിപരീതമാണ്.
ബ്രാഹ്മണ ജീവിതരീതിയും പാരമ്പര്യവും മനുഷ്യന്റെ അന്തസ്സിന്റെയും ബഹുമാനത്തിന്റെയും പരകോടിയാണെന്ന വിശ്വാസം ഉല്പാദിപ്പിയ്ക്കുന്ന സാഹിത്യ, കലാ സൃഷ്ടികൾ കൂടിയാണ് ജാതി വ്യവസ്ഥയെ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്. ‘സംസ്കാരവും പാരമ്പര്യവും’ എന്നുപറഞ്ഞ് ചില പ്രത്യേക സവർണജാതികളുടെ ബിംബങ്ങളെയും ജീവിതശൈലിയെയും മഹത്വവൽക്കരിക്കുന്ന ഇത്തരം പേജുകൾ സാമൂഹിക കൃത്രിമത്വത്തിന്റെ കൂടി ഉദാഹരണമാണ്. ചില പ്രത്യേക ജാതികളെ അടയാളപ്പെടുത്തുന്ന വസ്തുക്കൾ, ഭാഷാഭേദങ്ങൾ, ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ആചാരം മുതലായ ബിംബങ്ങങ്ങളുടെ മഹത്വവൽക്കരണവും ഈ പേജുകളിൽ കാണാം. ഇത്തരം പേജുകളെ ചോദ്യം ചെയ്യുന്നവരെ, സമൂഹവുമായി ബന്ധപ്പെട്ട രസകരമായ ഉള്ളടക്കത്തിൽ പോലും അനാവശ്യമായി ജാതി കണ്ടെത്തുന്ന ജാതിവാദി എന്ന് ലേബൽ ചെയ്യുകയാണ് പതിവ്. ഈ പേജുകളിലെ റീലുകൾ പരിശോധിച്ചാൽ അതിൽ ദലിതരടങ്ങുന്ന ജാതിവിഭാഗങ്ങളെ കടുത്തരീതിയിൽ അപരവത്കരിക്കുന്നതായി കാണാം.
പഴയ സവർണ തറവാടുകളുടെ ഫോട്ടോയും ദരിദ്രജീവിതം നയിച്ച ജനവിഭാഗങ്ങളുടെ കുടിലുകളും തമ്മിൽ താരതമ്യപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പഴമയിൽ ഊറ്റം കൊള്ളുകയും ദലിതരെയും ആദിവാസികളെയുമെല്ലാം അപമാനിക്കുകയും ചെയ്യുക, തങ്ങൾ കൂടുതൽ സൗന്ദര്യമുള്ളവരാണെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുക എന്നിവയെല്ലാം ഈ പേജുകളുടെ സ്ഥിരം രീതിയാണ്. പുന്നപ്രവയലാർ അടക്കമുള്ള എല്ലാ കർഷക-കാർഷിക തൊഴിലാളി മുന്നേറ്റങ്ങളെയും അപമാനിക്കുകയും, സർ സി.പിയെയും അക്കാലത്തെ ക്രൂരരായ ജൻമികളെയും പുകഴ്ത്തുകയും ചെയ്യുന്ന റീലുകളും ഇവർ ഷെയർ ചെയ്യാറുണ്ട്. ചരിത്രപരമായ അർദ്ധസത്യങ്ങളും വളച്ചൊടിച്ച വസ്തുതകളും മുൻനിർത്തി തങ്ങളുടെ സവർണ ഭൂതകാലത്തിൽ ഊറ്റം കൊള്ളുകയാണ് ഇവർ ചെയ്യുന്നത്. ഈ ചരിത്രപരതയെ ചോദ്യം ചെയ്ത് പോസ്റ്റുകൾക്കടിയിൽ വിമർശനാത്മകമായി പ്രതികരിക്കുന്നവരെ ജാതി അധിക്ഷേപം നടത്തുന്നതും സ്ഥിരമായി കാണാവുന്ന കാര്യമാണ്.
കാസ്റ്റ് പ്രൈഡ് ഒരു വ്യക്തിക്ക് സ്വന്തം ജാതിയോടുള്ള അടുപ്പം ശക്തിപ്പെടുത്തുകയും അതിന്റെ ക്ഷേമത്തിന് മുൻഗണന നൽകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ദലിത് പിന്നാക്ക വിഭാഗങ്ങളെ കൂടുതൽ പാർശ്വവൽക്കരിക്കുന്നതോടൊപ്പം തലമുറകളായി പ്രത്യേകാവകാശവും സാമൂഹിക മൂലധനവുമുള്ളവർക്ക് അന്യായമായ പ്രയോജനം നൽകുകയും ചെയ്യുന്നു. ജാതി അഭിമാനബോധം ഉയർത്തുകയെന്നതാണ് ഈ പേജുകളുടെ ലക്ഷ്യം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ജാതി പറഞ്ഞുള്ള അധിക്ഷേപിക്കലിൻെറ ഇടമാക്കി ഇവർ മാറ്റുകയാണ്. ‘വിവേചനം പ്രോത്സാഹിപ്പിക്കാതെ ബ്രാഹ്മണ സംസ്കാരത്തെയും പാരമ്പര്യത്തെയും ഒന്നിപ്പിക്കുക, സംരക്ഷിക്കുക’ എന്നതാണ് അതിന്റെ ഉദ്ദേശ്യമെന്ന് അവകാശപ്പെടുന്ന പരിഹാസ്യമായ ബയോ പോലും ചില പേജുകളിൽ കണ്ടിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ വളരെ നിഷ്കളങ്കമായ ട്രെൻഡുകളെന്ന് ദ്യോതിപ്പിച്ച്, അതിനിടയിലൂടെ ജാതി അഭിമാനബോധം വളർത്തുന്നതിനൊപ്പം, ജാതി അധിക്ഷേപം നടത്തുകയാണ് ഈ പേജുകൾ ചെയ്യുന്നത്. ഈ പേജുകൾ നിരുപദ്രവകരമാണെന്ന് കരുതുന്നവർ ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലേക്കുള്ള ആദ്യപടിയാണ് ഒരാളുടെ പ്രിവിലേജ് അംഗീകരിക്കുന്നത്. ജാതീയതയെ പറ്റിയുള്ള ചർച്ചകൾ ചില വിഷയങ്ങളിൽ മാത്രം ചുരുങ്ങുകയും, ജാതീയ നിലനിർത്താൻ വേണ്ടിയുള്ള ദൈനംദിന പ്രവർത്തികളെ ചർച്ചകൾക്ക് വിധേയമാക്കാതിരിക്കുകയും ചെയ്യുന്നത്, ജാതിവിരുദ്ധ പോരാട്ടങ്ങളെ പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത്.