ആനന്ദ് ഗംഗൻ

ആ വിന്റേജ് ഫ്രെയിം
നമ്മളോട് ചോദിക്കുന്നു,
നീയെന്നെ ഓർക്കാറു​ണ്ടോ?

സാങ്കേതികത സ്വയം സ്നേഹിക്കാൻ കയ്യിൽ വച്ചു നൽകുന്ന ഒരു പുതിയ കുഞ്ഞു കണ്ണാടിയാണ്, സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ,​ ജെമിനിയിൽ ക്രിയേറ്റ് ചെയ്തെടുക്കുന്ന കുട്ടിക്കാലത്തോടൊപ്പമുള്ള നമ്മുടെ ചിത്രം- ആനന്ദ് ഗംഗൻ എഴുതുന്നു.

രുമിച്ചൊരു ഫോട്ടോ എടുത്തശേഷം പോയാൽ മതിയെന്ന് നമ്മളോട് പറയുന്നത് മറ്റാരുമല്ല, നമ്മുടെ കുട്ടിക്കാലം തന്നെയാണ്. അവനെ / അവളെ അനുസരിച്ച്, കൂടെ - കൂട്ടിപ്പിടിച്ചിരുത്തി നമ്മൾ ഒരു ഫോട്ടോയ്ക്ക് പോസ് (പ്രോംപ്റ്റ്) ചെയ്യാൻ ഒരുങ്ങുകയാണ്. കണ്ണോട് കൺനോക്കിയോ, തോളോട് തോൾ ചേർന്നോ ഒരു വിൻറേജ് ഫ്രെയിം. പത്തോ ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുൻപുള്ള നമ്മളുമായൊരു മുഖാമുഖം. ഇത്രകാലം നീ എവിടെയായിരുന്നുവെന്ന് ആ പുതിയ ഫോട്ടോമേറ്റ് നിങ്ങളോട് ചോദിക്കുന്നുണ്ടോ? എത്ര നാളായി നിന്നെ കണ്ടിട്ടെന്നും നീ എന്നെ ഓർക്കാറുണ്ടോ എന്നും പരിഭവം പറയുന്നുണ്ടോ? ആ ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും നോക്കൂ, കണ്ണിമ ചിമ്മാതെ നോക്കൂ, നിങ്ങൾക്ക് ഇക്കാലമത്രയും ലഭിച്ച ഏറ്റവും നല്ല ഫോട്ടോമേറ്റ് ആ കാണുന്ന കുട്ടിക്കുരിപ്പ് തന്നെ അല്ലേ. ആകയാൽ നമ്മൾ ഇനിയും ഇടയ്ക്കിടെ കണ്ടുകൊണ്ടേയിരിക്കണം

ഓർക്കുന്നുണ്ടോ
ആ കാപ്പിക്കവിത?

ജെന്നി സെസീലിയ, എന്റെ പരിമിതമായ വായനാപരിസരത്തിൽ എവിടേയും അവരില്ലെങ്കിലും മുൻപ് ഇൻസ്റ്റാഗ്രാമിൽ വൈറലായ അവരുടെ വരികൾ ഓർക്കുന്നുണ്ട്. ഡീപ്പ് ഇൻ മൈ ഫീൽസ് എന്ന പുസ്തകത്തിൽ കുട്ടിക്കാലത്തെ കൂട്ടി അവർ കാപ്പി കുടിക്കാൻ പോകുന്നുണ്ട്. ആ കാപ്പിക്കാഴ്ചയിൽ അവർ മിണ്ടിയത് ഇത്രമാത്രം.

I met my younger self for a coffee this morning.
I was two minutes late. She was fifteen because it had taken that long for the unit nurse to sign her out.
She didn’t order anything because she was worried about cleanliness and germs. I ordered a strawberry frappe.
She wore leggings and a hoodie, her third set of clothes today. I wore cargo trousers and a jumper.
She said she didn’t have a future. I said that I know I belong in the world and I know I have a future.
She asked me if I still hate myself and if every minute is hard to get through. I told her that I don’t hate myself and that life is filled with joy.
She said that there is no reason she should exist. I told her that I’m a mental health nurse and a best-selling author and I know my life has meaning.
She cried. I hugged her and told her to hold on, that everything would be okay.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ജെമിനി ചിത്രം.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ജെമിനി ചിത്രം.

ജെന്നിയിൽ തീർന്നില്ല ആ ഓർമ തീർത്ഥാടനം. ജെന്നിക്കൊപ്പം ഒരു വലിയ മനുഷ്യപ്പട അന്ന് കാപ്പികുടിക്കാൻ അവരവരുടെ കുട്ടിക്കാലത്തെ കൂട്ടിയിറങ്ങി. വർത്തമാനസ്വത്വത്തിൽ നിന്ന് ഭൂതകാല സ്വത്വത്തിലേക്കുള്ള യാത്രയും സംസാരവും കാണുകയും കേൾക്കുകയും ചെയ്ത ലോകം ഇത് കൊള്ളാമെന്ന് കയ്യടിച്ചു. അതുവരെയുള്ള ജീവിതയാത്രാനുഭവങ്ങളുടെ കയ്പ്പും മധുരവും കുഞ്ഞിക്കാതിൽ പോയി പങ്കുവയ്ക്കാൻ പലരും വെമ്പി. പഠനം, പങ്കാളി, ജോലി, സമ്പാദ്യം, സുഹൃത്തുക്കൾ, സകല സംഭവവിവരങ്ങളും അവരവർ അവനവനോട് പങ്കുവച്ചു. അന്ന് വാക്കുകളിലൂടെ, വരികളിലൂടെ കണ്ട ആ ട്രെൻഡ് ഇന്ന് ജെമിനിയെ കൂട്ട് പിടിച്ച് ഒരു രൂപം ഒപ്പിച്ചെടുത്തു. വാക്കിനേക്കാൾ വൈകാരികമായി പുതിയ ചിത്രകഥ. ഇന്നിതാ എങ്ങും എവിടേയും ആത്മഭാഷണങ്ങളുടെ ഘോഷയാത്രകൾ.

ഓട്ടം, മുന്നോട്ടോട്ടം, നെട്ടോട്ടം

ഒരു റിലേ മത്സരത്തിന്റെ ഇടയിൽ ഓടേണ്ടിവരുന്നവരുടെ റോൾ മാത്രമാണ് പലർക്കും ജീവിതം. ആരോ ഏൽപ്പിച്ചൊരു ബാറ്റൺ പി‍ടിച്ച് അവർ ഓട്ടം തുടങ്ങും. ഓടിയോടി കിതച്ച് ആ ബാറ്റൺ ആർക്കോ കൈമാറി അവശരായി പിന്മാറും. എപ്പോൾ ഓടിത്തുടങ്ങണമെന്നത് അവർക്ക് ഗണിക്കാനാകില്ല. എങ്ങനെ തീരുമെന്നതും കണക്കിന്റെ കള്ളിക്ക് പുറത്ത് നിൽക്കും. ഓട്ടം തുടങ്ങിയവരേയും ഓട്ടം അവസാനിപ്പിച്ചവരേയും ഒപ്പിയെടുക്കുന്ന ക്യാമറയുടെ വെളിച്ചങ്ങൾ അവരിൽ വീഴില്ല. ജയവും തോൽവിയും അവർ കാണുന്നില്ല. ജയപരാജയങ്ങളുടെ ആദ്യാവസാനം കണ്ണിച്ചേരാതെ, രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന ദൗത്യം പൂർത്തിയാക്കി അവർ കളമൊഴിയും. സ്വന്തം ആഗ്രഹങ്ങളുടെ ബാറ്റണുമായി ഒരു ഫിനിഷിംഗ് ലൈനിലേക്ക് ജയിച്ചോ തോറ്റോ ഓടി കയറാനായില്ലെങ്കിൽ പിന്നെയെന്ത് ജീവിതം. അവനവനിഷ്ടങ്ങൾക്കൊപ്പമല്ല ഓട്ടമെങ്കിൽ ഓടുന്ന ദൂരം നിരാശയുടെ നീളം മാത്രമാണ്. പുതിയ ട്രെൻഡിനൊപ്പം തിരിഞ്ഞോടി, കണ്ടെത്തി, കൂടെ നിർത്തി ഫോട്ടോ എടുപ്പിക്കുന്ന നമ്മുടെ കുഞ്ഞോനും കുഞ്ഞോളും നമ്മളോട് ചോദിക്കുന്നത് അതുതന്നെയല്ലേ. എന്നിൽ നിന്ന് ഓടിയകന്ന നീ, നിന്നെ കണ്ടെത്തിയോ? അതിനപ്പുറം എന്താണ് അവന്/അവൾക്ക് നമ്മളോട് ചോദിക്കാനുള്ളത്.

ഒരു റിലേ മത്സരത്തിന്റെ ഇടയിൽ ഓടേണ്ടിവരുന്നവരുടെ റോൾ മാത്രമാണ് പലർക്കും ജീവിതം. ആരോ ഏൽപ്പിച്ചൊരു ബാറ്റൺ പി‍ടിച്ച് അവർ ഓട്ടം തുടങ്ങും. ഓടിയോടി കിതച്ച് ആ ബാറ്റൺ ആർക്കോ കൈമാറി അവശരായി പിന്മാറും.
ഒരു റിലേ മത്സരത്തിന്റെ ഇടയിൽ ഓടേണ്ടിവരുന്നവരുടെ റോൾ മാത്രമാണ് പലർക്കും ജീവിതം. ആരോ ഏൽപ്പിച്ചൊരു ബാറ്റൺ പി‍ടിച്ച് അവർ ഓട്ടം തുടങ്ങും. ഓടിയോടി കിതച്ച് ആ ബാറ്റൺ ആർക്കോ കൈമാറി അവശരായി പിന്മാറും.

നമ്മൾ, നമ്മളെ ഇനിയും കണ്ടുമുട്ടട്ടെ

എന്നെ തിരയുന്ന ഞാൻ എന്നത് നിതാന്ത സഞ്ചാരിയായിരുന്ന കവി, താൻ പിന്നിട്ട കാൽപാടുകളിലേക്ക് തിരിഞ്ഞുനോക്കാൻ തിരഞ്ഞെടുത്ത ഈ തലവാചകമായിരുന്നു. പുതിയ ട്രെൻഡും കേവലം ഭൂതക്കാലക്കുളിരനപ്പുറം മറന്നുവച്ച നമ്മളെ തിരഞ്ഞ് കണ്ടെത്താനുള്ള ഭൂതക്കണ്ണാടിയെന്ന് തോന്നുന്നു. പല പ്രായ- പല കാല ഗിയർ ചെയ്ഞ്ചുകൾ ആഗ്രഹങ്ങളുടെ ദിശ മാറ്റിയോ എന്ന ആത്മാന്വേഷണ വാതിൽ തുറക്കുന്ന ഒരു ചിത്രയാത്ര. രണ്ട് ദിശകളിൽ ഒരേ സമയം സഞ്ചരിക്കാവുന്ന സമയയാത്ര കൂടിയാണിത്. ബാല്യ-കൗമാരങ്ങളിൽ മുന്നിലേക്ക് നോക്കിക്കണ്ട വഴിയിലൂടെയാണോ ഇന്നത്തെ പിൻയാത്ര എന്നതിലാണ് പതിരും പൊരുളും. വഴി ഒന്നുതന്നെയെങ്കിൽ ചിത്രയാത്ര ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ കാറ്റും തണുപ്പും തരും. ട്വിസ്റ്റും ടേണും ആവശ്യത്തിലധികം കാണുന്ന ജിത്തു ജോസഫ് പടം പോലെ ജീവിതം മാറി മറിഞ്ഞെങ്കിൽ ഈ യാത്ര ആശകളിലും നിരാശകളിലും തട്ടിമറിയും. ആശകളുടെ ആകാശവും യാഥാർത്ഥ്യങ്ങളുടെ ഭൂമിയും തീർച്ചയായും രണ്ടുലോകം തന്നെ. മനഃസ്ഥിതിയും പരിതസ്ഥിതിയും പൊരുത്തപ്പെട്ടുപോകണമെന്നില്ല. നേടിയത് നേടാനാഗ്രഹിച്ചതാകണമെന്നേയില്ല. നേടിയത് നേടാനാഗ്രഹിച്ചതിലും സന്തോഷം നീട്ടിനൽകിയിട്ടുമുണ്ടാകും. നേട്ടം/നഷ്ടം എന്നതിനപ്പുറം ആ ചിത്രമളക്കേണ്ടത് ഒന്നുമാത്രം. നിങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും ഈ യാത്രയിൽ എവിടെവെച്ചെങ്കിലും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? സാങ്കേതികത സ്വയം സ്നേഹിക്കാൻ കയ്യിൽ വച്ചു നൽകുന്ന ഈ പുതിയ കുഞ്ഞു കണ്ണാടി അതിനുള്ളതാകട്ടെ. സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനായി സ്വാർത്ഥതയുടെ വഴിവെട്ടിയില്ലെങ്കിലും ജീവിതതിരക്കിൽ ചില ബക്കറ്റ് ലിസ്റ്റുകളെ കാണാതെ പോകാതിരിക്കുക. ഋതുഭേദങ്ങളിൽ ആത്മസംഘട്ടനങ്ങൾ ആവർത്തിക്കാതിരിക്കാനെങ്കിലും നമുക്ക് ഇടയ്ക്കിടെ നമ്മെ ചേർത്ത് ചിത്രകഥയെഴുതാം. എത്ര വലിയ ബുദ്ധി നിർമിതബുദ്ധി കാണിച്ചാലും വൈകാരികവിനിമയം കൊണ്ട് മനുഷ്യർ അതിനെ മറികടക്കുമെന്നതും ജീവിതദർശനങ്ങളിലേക്ക് അത് വേരാഴ്ത്തുമെന്നതും അധിക സന്തോഷം തന്നെ.


Summary: A nostalgic childhood-style image trend created using Gemini is going viral on social media, writes Anand Gangan.


ആനന്ദ് ഗംഗൻ

24 ന്യൂസിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററായും മനോരമ ന്യൂസിൽ അസ്സി. പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് കണ്ടന്റ് റൈറ്റർ.

Comments