മിനിമലിസം എന്ന പേരിൽ ഞാൻ എഴുതിയ പുസ്തകത്തിന് (മനോരമ ബുക്സ്) നല്ല സ്വീകരണമാണ് വായനക്കാരിൽനിന്ന് കിട്ടിയത്. നിർബന്ധമായും ആവശ്യമായ വസ്തുക്കളെ ചേർത്തുനിർത്തുകയും അല്ലാത്തവയെ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് മിനിമലിസം. ജീവിതത്തി്‌ന്റെ മാനസിക- ഭൗതിക സമ്മർദ്ദങ്ങളെ ഇല്ലാതാക്കുകയാണ് മിനിമലിസം ചെയ്യുന്നത്. ഡിജിറ്റൽ മിനിമലിസത്തെക്കുറിച്ച് വളരെ ചെറിയ ഒരു പരാമർശമേ എന്റെ പുസ്തകത്തിൽ നടത്തിയിട്ടുള്ളൂ. കാൾ ന്യൂ പോർട്ടിന്റെ ഡിജിറ്റൽ മിനിമലിസം എന്ന പുസ്തകം വായിച്ചപ്പോൾ, ഇതാണ് ഈ കാലഘട്ടം ആവശ്യപ്പെടേണ്ട വായന എന്നു തോന്നി.
'ഒരിക്കൽ ഞാൻ ഒരു മനുഷ്യനായിരുന്നു’ എന്ന പേരിൽ ആൻഡ്രോ സുലിവർ ന്യൂയോർക്ക് മാഗസിനിൽ എഴുതിയ ലേഖനത്തെ പരാമർശിച്ചുകൊണ്ടാണ് കാൾ പോർട്ടിന്റെ പുസ്തകം തുടങ്ങുന്നത്: ‘അന്തമില്ലാത്ത വാർത്തകൾക്കും വിനോദ പരിപാടികൾക്കും റീലുകൾക്കും കമന്റ്‌സിനും ലൈക്കിനും ഒക്കെ അടിമയാകുന്നതിനുമുമ്പ് ഞാനൊരു മനുഷ്യനായിരുന്നു’ എന്നാണ് ആ ലേഖനത്തിന്റെ ചുരുക്കം. ഡീപ് വർക്ക് എന്ന തന്റെ ബെസ്റ്റ് സെല്ലറിനുശേഷം ഈ ലേഖനമാണ് ഡിജിറ്റൽ മിനിമലിസത്തെ കുറിച്ച് എഴുതാൻ തനിക്ക് പ്രേരണയായത് എന്ന് കാൾ പറയുന്നു.

ഇൻറർനെറ്റിന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ മെനക്കെടാതെ, സ്വമേധയാ അതിന്റെ അടിമത്തം സ്വീകരിക്കുന്ന മനുഷ്യരിൽ പലർക്കും അതിൽ നിന്ന് രക്ഷപ്പെടണമെന്നുണ്ട്, പക്ഷേ കഴിയുന്നില്ല. പുസ്തകമെഴുത്തിന്റെ ഭാഗമായി കാൾ നൂറുകണക്കിനാളുകളെ ഇൻറർവ്യൂ ചെയ്തു. അവരിൽ 95% പേരും, തങ്ങൾക്ക് ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടണം എന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെന്നു പറഞ്ഞു. നമ്മുടെ മാനസികാരോഗ്യത്തെ തകർക്കുന്ന ഒന്നാണ് ശരീരത്തിന്റെ ഒരു ഭാഗം എന്നപോലെ നമ്മൾ കൊണ്ടുനടക്കുന്ന സ്മാർട്ട്ഫോണുകൾ. അമിതമായ ഡിജിറ്റൽ ഉപയോഗം മനസ്സിനെ മാനിപ്പുലേറ്റ് ചെയ്യുന്നു. കൂടാതെ ഡിജിറ്റൽ പ്ലാറ്റ്ഫോം കാണിച്ചുതരുന്ന തുറന്ന ജീവിതങ്ങൾ, ‘നീ അത്ര പോരാ’ എന്നാണ് നമ്മളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.
കാൾ പോർട്ട് 30 ദിവസത്തെ ഡിജിറ്റൽ ഡിക്ലട്ടറിംഗ് (Digital Decluttering) എങ്ങനെ നടത്താമെന്ന് തന്റെ പുസ്തകത്തിൽ പറയുന്നു. ദിവസങ്ങൾക്കുശേഷം അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചു, "എനിക്ക് എന്താണ് നഷ്ടമായതെന്ന് അറിയില്ല അതിനേക്കാൾ ഒരുപാട് അധികം ലോകം എനിക്ക് തന്നു’’.
Digital Decluttering എങ്ങനെ?
ഈ ഡിജിറ്റൽ യുഗത്തിൽ 90% പേർക്കും, പരിപൂർണ്ണമായും, ടെക്നോളജിയെ ഉപേക്ഷിച്ച് ജീവിതം സാധ്യമല്ല. അതുകൊണ്ടുതന്നെ വളരെ പ്രായോഗികമായ ചില മാർഗനിർദേശങ്ങളാണ് കാൾ Digital Declutter-നായി മുന്നോട്ടുവെക്കുന്നത്. അത്യാവശ്യമല്ലാത്ത ആപ്പുകളെല്ലാം സ്മാർട്ട് ഫോണിന് പുറത്തുപോകട്ടെ. ഉദാഹരണമായി ഇ- മെയിലും whatsapp- ഉം, എക്സും, ലിങ്ക്ഡിനും; അങ്ങനെ തീർത്തും ഒഴിവാക്കാൻ പറ്റാത്ത ചിലതുമാത്രം ഫോണിൽ ഇരിക്കട്ടെ.

30 ദിവസത്തിനുശേഷം ഒഴിവാക്കിയ ആപ്പുകളെ തിരിച്ചുകൊണ്ടുവരാം, പക്ഷേ അതിനുമുമ്പ് സ്വന്തം മനസ്സിനോട് ഒരു ചോദ്യം ചോദിക്കണം: ഈ ടെക്നോളജി എന്റെ ജീവിതത്തിനോ മൂല്യങ്ങൾക്കോ എന്തെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരുമോ?
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നവരെ നമുക്ക് മനസ്സിലാക്കാം, അവർക്ക് ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടിയേക്കാം. മണിക്കൂർ കണക്കിന് ആരുടെയൊക്കെയോ വീഡിയോകളും റീലുകളും പോസ്റ്റുകളും നോക്കി സമയം ചെലവഴിക്കുന്നവർക്ക് എന്ത് ന്യായീകരണമാണ് ഈ ചോദ്യത്തിന് ഉത്തരമായി കിട്ടുക എന്നുകൂടി നോക്കുക. അത്തരക്കാർക്ക് കാൾ നൽകുന്ന നിർദേശം, അവരുടെ ഏറെ പ്രിയപ്പെട്ട ആപ്പുകൾ ഫോണിൽ നിന്ന് ലാപ്ടോപ്പിലേക്ക് മാറ്റുക എന്നതാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന നെഗറ്റീവ് ഫലങ്ങളെ കുറിച്ച് പിറ്റ്സ് ബർഗ് യൂണിവേഴ്സിറ്റിയിലെ ബ്രെയിൻ മാർക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങൾ കണ്ടെത്തിയത്, ഒരുപാട് സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കൂടുതൽ ഏകാന്തത അനുഭവിക്കുന്നു എന്നതാണ്.
മറ്റൊന്ന്, ഒഴിവുസമയം എങ്ങനെ ചെലവഴിക്കണം എന്നതിനെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാവുക എന്നതാണ്. ഇത്തരക്കാർക്ക് ഡിജിറ്റൽ ഡിസിപ്ലിൻ എന്തുകൊണ്ടും എളുപ്പമാവും. യൂറോപ്പിലും യു.കെയിലുമൊക്കെയുള്ള ചെറുപ്പക്കാർ ഉൾപ്പടെയുള്ളവർ, ഒഴിവുസമയം കല, കരകൗശല കാര്യങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്നു. പടിഞ്ഞാറൻ നാടുകളിലെ 90% പേർക്കും എന്തെങ്കിലും ഹോബി ഉണ്ടെന്നുള്ളതാണ് നമ്മളെ അവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടുതന്നെ സൈബർ അഡിക്ഷന് നമ്മുടെ നാട്ടിൽ സാധ്യത കൂടുതലുമാണ്.
ഇൻറർവ്യൂ ചെയ്തവരുടെ അനുഭവകഥകൾ പുസ്തകത്തിലുടനീളം പറയുന്നുണ്ട് കാൾ. ന്യൂസ് ചാനലുകൾക്ക് അഡിക്റ്റ് ആയ ഒരു ഇലക്ട്രിക് എൻജിനീയർ പറയുന്നത്, Digital Declutter-ന്റെ സമയത്ത് താൻ എല്ലാ ന്യൂസ് ആപ്പുകളും ചാനലുകളും ഡിലീറ്റ് ചെയ്തു എന്നാണ്. ഇന്നത്തെ ലോകത്തിന്റെ അവസ്ഥ വെച്ച് നോക്കിയാൽ പലതും അറിയാതിരിക്കുകയാണ് നല്ലത്. ഡിജിറ്റൽ മിനിമലിസ്റ്റുകൾ പലപ്പോഴും പരമ്പരാഗത രീതിയിലുള്ള പുസ്തക വായനയെ പ്രമോട്ട് ചെയ്യുന്നവരാണ്.

എന്തിനാണ് ലൈക്കും കമന്റും?
മനുഷ്യൻ സഹജീവികളുമായി കമ്യൂണിക്കേറ്റ് ചെയ്യാൻ പ്രത്യേക കഴിവുള്ള ജീവിയാണ്. അതുകൊണ്ടുതന്നെയാണ് അരിസ്റ്റോട്ടിൽ മനുഷ്യനെ ‘സോഷ്യൽ ആനിമൽ’ എന്ന് വിളിച്ചത്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വലിയൊരു ശതമാനം പേരും ഈ ലോകത്തെ അറിയുന്നത് സ്ക്രീനിലൂടെയാണ്. അതുകൊണ്ടുതന്നെ അധികം വൈകാതെ തന്നെ ആനിമൽ എന്ന അരിസ്റ്റോട്ടിലിന്റെ സംഞ്ജ നമുക്ക് മാറ്റിപ്പറയേണ്ടതായി വരും.
ന്യൂയോർക്കിൽനിന്ന് പുറത്തിറങ്ങുന്ന നേറ്റീവ് സയൻസ് എന്ന മാഗസിനിൽ വന്ന ഒരു ലേഖനത്തെ അടിസ്ഥാനപ്പെടുത്തി കാൾ പറയുന്നു: "നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തലച്ചോർ ചിന്തിക്കാനും പഠിക്കാനുള്ള വൈജ്ഞാനിക ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കും” .
പക്ഷേ ഈ വാദഗതിക്ക് അടിസ്ഥാനമായി ശാസ്ത്രീയമായ തെളിവുകൾ നികത്താൻ ലേഖനത്തിനു കഴിഞ്ഞില്ല.
ഡിജിറ്റൽ മിനിമലിസം എന്നത് ഡിജിറ്റൽ ലോകത്തെ മുഴുവാനായി ഒഴിവാക്കുന്നതല്ല, മറിച്ച് നിങ്ങളുടെ മാനസികവും ശാരിരികവും സാമൂഹികവുമായ ഉയർച്ചക്ക് ഉപകരിക്കുന്നവയെ മാത്രം ഉൾക്കൊണ്ടുള്ള ഡിജിറ്റൽ തെരഞ്ഞെടുപ്പാണ്.
സോഷ്യൽ മീഡിയക്കുവേണ്ടി വാദിക്കുന്നവർ പറയുന്നത്, ഇതുമൂലം കിട്ടുന്ന സാമൂഹിക ബന്ധങ്ങളെ കുറിച്ചാണ്. എന്നാൽ ഡാറ്റാ സയൻ്റിസ്റ്റായ മൊറിയ ബുർക്ക പറയുന്നത്, നമുക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തിയുടെ ലൈക്കും കമൻ്റും കിട്ടുന്നതുവഴി എന്തു മാറ്റമാണ് നിങ്ങളുടെ മാനസിക നിലയ്ക്കുണ്ടാകുന്നത് എന്നാണ് ആദ്യം ചിന്തി ക്കേണ്ടത് എന്നാണ്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന നെഗറ്റീവ് ഫലങ്ങളെ കുറിച്ച് പിറ്റ്സ് ബർഗ് യൂണിവേഴ്സിറ്റിയിലെ ബ്രെയിൻ മാർക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങൾ കണ്ടെത്തിയത്, ഒരുപാട് സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കൂടുതൽ ഏകാന്തത അനുഭവിക്കുന്നു എന്നാണ്. 19- 22 വയസ്സുള്ളവരിലാണ് മാർക്ക് പഠനം നടത്തിയത്. മനുഷ്യർക്കിടയിൽ സ്വാഭാവികമായി ഉണ്ടാകേണ്ട സൗഹൃദങ്ങളോട് ഈ കൂട്ടർക്ക് താല്പര്യം കുറയുന്നു. മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നതുവഴി ബ്രെയിൻ പ്രോസസ് ചെയ്യുന്ന പലതും- ഉദാഹരണത്തിന് മുഖത്തിലെ ഭാവഭേദങ്ങൾ, ബോഡി ലാംഗ്വേജ്, കണ്ണുകൾ, ഇളകുന്നത്- അങ്ങനെ പലതും നഷ്ടപ്പെടുന്നു. വ്യക്തികൾ പരസ്പരം സംസാരിച്ചുകൊണ്ട് ഉണ്ടാവുന്ന സൗഹൃദത്തിന് ക്ഷമയും സഹനശേഷിയും ആവശ്യമാണ്. അതുകൊണ്ടുതന്നെ അമേരിക്കയില ഒരു മിഡ് സ്ക്കൂളിലെ കുട്ടികളിൽ നടത്തിയ പഠനം പറയുന്നത്, പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് (സോഷ്യൽ മിഡിയ അഡിക്റ്റ്സിന്) സഹാനുഭൂതി കുറവാണെന്നാണ്. കാരണം മറ്റൊരു മനുഷ്യന്റെ സംഭാഷണത്തിൽ നിന്നും മുഖചലനങ്ങളിൽ നിന്നും അവർക്കൊന്നും വായിച്ചെടുക്കാൻ പറ്റാറില്ല എന്നതാണ്.

ഡിജിറ്റൽ മിനിമലിസം എന്നത് ഡിജിറ്റൽ ലോകത്തെ മുഴുവാനായി ഒഴിവാക്കുന്നതല്ല, മറിച്ച് നിങ്ങളുടെ മാനസികവും ശാരിരികവും സാമൂഹികവുമായ ഉയർച്ചക്ക് ഉപകരിക്കുന്നവയെ മാത്രം ഉൾക്കൊണ്ടുള്ള ഡിജിറ്റൽ തെരഞ്ഞെടുപ്പാണ് ഉദ്ദേശിക്കുന്നത്. പുസ്തകം ഡിജിറ്റൽ മിനിമലിസത്തിനായി മുന്നോട്ട് വയ്ക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്. ഒന്നാമതായി, സോഷ്യൽ മീഡിയയുടെ ലൈക്ക് ബട്ടൻ ക്ലിക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക. friend feed service- ലേക്കാണ് ഈ ക്രെഡിറ്റ് പോകുന്നത്. തംപ്സ് അപ്പ് ഐകൺ ആണ് ഫേസ്ബുക്കിന്റെ ഗതി മാറ്റിയത്. ഇത് കൂടാതെ ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാൽ അതിനെത്ര ലൈക്ക് കിട്ടി എന്ന് നിരന്തരം നോക്കികൊണ്ടിരിക്കുന്നവരും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കാൻ ഭയക്കുന്നവരും, സുഹൃത്തിന്റെ പോസ്റ്റിന് കീഴെ ലൈക്ക് അടിച്ചില്ലെങ്കിൽ അത് സൗഹൃദം തകർക്കുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കുന്നവരും സോഷ്യൽ മീഡിയ അഡിക്സ് എന്ന കാറ്റഗറിയില്‍പ്പെടുന്നു.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവോഴ്സ് ഉള്ളവർ പോലും എകാന്തത യെകുറിച്ചും അത് മൂലമുണ്ടാകുന്ന വിഷാദത്തെ കുറിച്ചും പറയുന്നത് പതിവായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. സോഷ്യൽ മീഡിയ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാൻ ഡിജിറ്റൽ മിനിമലിസ്റ്റുകൾ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട വഴി, കമ്യൂണിക്കേഷൻ SMS ആയോ മുമ്പ് ചെയ്തുവന്നതുപോലെ ടെക്സ്റ്റ് മെസ്സേജുകൾ വഴിയാക്കുകയോ ആണ്. പരമ്പരാഗതമെന്ന് വേണമെങ്കിൽ പറയാവുന്ന ഈ രീതി, ഡിജിറ്റൽ മിനിമലിസത്തിന്റെ ആദ്യ പടികളിൽ ഒന്നാണ്. കുറച്ച് കൂടിയ വിശദമായ മെസേജിങ്ങിന് ഇ-മെയിലാണ് ഡിജിറ്റൽ മിനിമലിസ്റ്റുകൾ ഉപയോഗിക്കുന്നത്.
ചിന്തിക്കുന്നവരുടെ ലോകമാണ് ഏറ്റവും സന്തോഷമുള്ളതെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. നമുക്ക് അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ മുങ്ങിപ്പോയ ഒരാളുടെ ചിന്താശേഷി എത്രത്തോളമുണ്ടെണ്ടെന്ന് ആലോചിക്കേണ്ട വിഷയമല്ലേ?
ഡിജിറ്റൽ മിനിമലിസ്റ്റുകൾ പൊതുവേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: മറ്റുള്ളവരുടെ ജീവിതവും യാത്രകളും മറ്റും കണ്ടതുകൊണ്ട് നമുക്കെന്താണ് പ്രയോജനം?
ഡേ ഇൻ മൈ ലൈഫ് എന്ന പേരിൽ ക്യാമറയ്ക്കുമുമ്പിൽ സെലിബ്രിറ്റികളും അല്ലാത്തവരും ഒക്കെ അഭിനയിച്ച് കാണിക്കുന്നതു മുഴുവൻ ആരാധനയോടെ നോക്കിക്കണ്ട്, അവരെ സ്നേഹിച്ചും വിമർശിച്ചും കമന്റുകൾ എഴുതുന്നവരും, തനിക്ക് ഇതുപോലെ ഒരു ജീവിതം കിട്ടിയില്ലല്ലോ എന്നാലോചിച്ച് സമയം കളയുന്നവരും അറിയുന്നി ല്ല, അവർ ഒരു സൈബർ അഡിക്ട് കാറ്റഗറിയിൽ പെട്ടിരിക്കുകയാണെന്ന്.
വർഷങ്ങൾക്കുമുമ്പ്, Anxious Generation എന്ന പുസ്തകം എഴുതിയ ജോനഥൻ ഹൈഡിത്, സുക്കർ ബർഗിനോട് ചോദിച്ചത്, fb കാരണം ജീവനൊടുക്കിയ കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാമോ എന്നായിരുന്നു. ഇന്ന് FB എന്നത് Instagram- ഉം ടിക് ടോക്കും മറ്റു പല പല ആപ്പുകളുമായി മാറി എന്ന് മാത്രം.

എനിക്ക് ഏറെ അടുപ്പമുള്ള ഒരു ഒമ്പത് വയസുകാരി, Instagram account open ചെയ്ത്, സ്ക്കൂൾ റീ ഓപ്പണിംഗ് വിശേഷങ്ങൾ ഇട്ടത് കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയില്ല. ഈയടുത്ത കാലം വരെ, സ്വന്തം കുഞ്ഞുങ്ങളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന രക്ഷിതാക്കളെയാണ് നമ്മൾ കണ്ടത്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നല്ലൊരു ശതമാനം കുട്ടികളും, ചിലപ്പോഴൊക്കെ മുതിർന്നവരും മറ്റുള്ളവരുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്തശേഷം, അവരവരെപറ്റിയുള്ള അവമതിപ്പിന്റെ മാറാപ്പ് ചുമന്നും കൊണ്ടാണ് നടക്കുന്നത്.
കുട്ടികൾക്ക് നല്ല ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും കൊടുക്കുന്നതുപോലെ പ്രധാനമാണ് അവരെ ആത്മവിശ്വാസമുള്ളവരായി വളർത്തുന്നതും. സോഷ്യൽ മിഡിയ പ്ലാറ്റ് ഫോമിലെ അച്ചടക്കമില്ലാത്ത സ്ക്രോളിംഗ് ഇല്ലാതാക്കുന്നതും അവരുടെ കോൺഫിഡൻസിനെ തന്നെയാണ് എന്ന് ഏറ്റവും ചുരുങ്ങിയത് രക്ഷിതാക്കളെങ്കിലും അറിഞ്ഞിരിക്കേണ്ടേ? അതുകൊണ്ടുതന്നെ സൈബർ അഡിക്ഷനിൽ നിന്ന് അവർ ആദ്യം പുറത്തുകടക്കണം. മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ നിർമ്മിക്കാൻ നമ്മൾ ഓരോരുമുൾപ്പെടുന്ന സമൂഹത്തിന് ബാധ്യതയുണ്ട് എന്ന ബോധ്യത്തോടെ ഓരോരുത്തരും മുന്നോട്ടു നടക്കേണ്ടിയിരിക്കുന്നു.
