ഭക്ഷണത്തിൽ ‘ഉപവാസം’ ചെയ്യുന്നത് പോലെ, ഡിജിറ്റൽ ഉള്ളടക്കത്തിന്റെ അമിത ഉപഭോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഡോപമിൻ ഫാസ്റ്റിംങ്. ഇന്ന് ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപഭോഗം നമ്മുടെ മനസ്സിനും ശരീരത്തിനും പ്രതികൂലമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന അക്കാദമിക പഠനങ്ങളുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഡോപമിൻ ഫാസ്റ്റിംങിന് സവിശേഷ പ്രാധാന്യമുണ്ട്. ഡോ. അന്ന ലെംബ്കെയുടെ (Dr. Anna Lembke) Dopamine Nation എന്ന പുസ്തകത്തിലാണ് ഈ ആശയത്തിന്റെ പ്രാധാന്യം വായിച്ചത്. കൗതുകത്തിന്റെ പുറത്ത് പിന്നീട് നടത്തിയ ചെറിയ ഡിജിറ്റൽ വായനയാണ് ഈ ലേഖനത്തിന്റെ കാതൽ.
ഡോപമിൻ ആനന്ദത്തിന്റെ രാസഭാഷ
ഡോപമിൻ തലച്ചോറിലെ ഒരു പ്രധാന രാസവസ്തുവാണ്. ഇത് നാഡീകോശങ്ങൾ തമ്മിൽ സന്ദേശം കൈമാറുന്നതിന് സഹായിക്കുന്നു. ഒരു മനോഹരഗാനം കേൾക്കുമ്പോഴും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴും റീലുകൾ കാണുമ്പോഴും തലച്ചോറിൽ ഡോപമിൻ പുറപ്പെടുന്നു. ചുരുക്കം പറഞ്ഞാൽ ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടത്തോടെ ചെയ്താൽ നമ്മുടെ ശരീരത്തിൽ ഡോപമിൻ ഉത്പാദിപ്പിക്കപ്പെടും. അതുവഴി നമുക്ക് ശ്രദ്ധ, പ്രേരണ, ആനന്ദം എന്നിവ അനുഭവിക്കാൻ കഴിയും. എന്നാൽ, ഈ ആനന്ദം പരിധിയിൽ കൂടുതലായാൽ തലച്ചോറിന്റെ Pleasure – Pain ബാലൻസിങിനെ ബാധിക്കുമെന്ന് ഡോ. അന്ന ലെംബ്കെയുടെ പുസ്തകത്തിൽ പറയുന്നുണ്ട്. അമേരിക്കൻ സൈക്യാട്രിസ്റ്റായ അന്ന ലെംബ്കെ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ സ്റ്റാൻഫോർഡ് അഡിക്ഷൻ മെഡിസിൻ ഡ്യുവൽ ഡയഗ്നോസിസ് ക്ലിനിക്കിന്റെ മേധാവി കൂടിയാണ്.
ഡോപമിൻ ഫാസ്റ്റിംങ്: ആശയം എവിടെ നിന്നു വന്നു?
കാലിഫോർണിയയിലെ മാനസികാരോഗ്യവിദഗ്ധൻ ഡോ. കാമറൺ സെപാഹ് (Dr. Cameron Sepah) ആണ് ഡോപമിൻ ഫാസ്റ്റിങ് (Dopamine Fasting) എന്ന ആശയം അവതരിപ്പിച്ചതെന്നാണ് വായനയിൽ മനസിലായത്. ഡോ. കാമറണിന്റെ അഭിപ്രായത്തിൽ ഡോപമിൻ ഫാസ്റ്റിങ് എന്നാൽ ശരീരത്തിൽ നിന്ന് ഡോപമിൻ ഹോർമോൺ തീർത്തും ഒഴിവാക്കുക എന്നല്ല, മറിച്ച് സ്മാർട്ട് ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉത്തേജനങ്ങളിലൂടെ (Stimuli) ലഭിയ്ക്കുന്ന ഡോപമിൻ ഉൽപാദനം കുറയ്ക്കുക. പകരം നമ്മുടെ ദിനചര്യകളുടെ ഭാഗമായുള്ള വ്യായാമങ്ങളോ മറ്റ് ഇഷ്ട വിനോദങ്ങളോ ജീവിതചര്യയിൽ ഉൾപ്പെടുത്തി അവ കൂടുതൽ ഇഷ്ടത്തോടെ ചെയ്യുമ്പോൾ സംഭവം ഡോപമിൻ ഫാസ്റ്റിങായി മാറും. ഇതിന് “ഡിജിറ്റൽ ഡീറ്റോക്സ്” എന്നും പറയാം. ആധുനികവും സാങ്കേതികവിദ്യ കേന്ദ്രീകൃതവുമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന നമ്മളിലെ അനാരോഗ്യകരമായ ഡിജിറ്റൽ മാധ്യമങ്ങളുടെ ആധിപത്യം കുറയ്ക്കാൻ കഴിയുന്ന കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയായാണ് ഡോ. കാമറൺ ഡോപമിൻ ഫാസ്റ്റിങിനെ വിശദീകരിയ്ക്കുന്നത്. ഹാർവാഡ് മെഡിക്കൽ സ്കൂളിന്റെ പബ്ലിഷിങ് പ്ലാറ്റ്ഫോമിൽ 26.02.2020-ന് ‘Dopomine Fasting: Misunderstanding science spawns a maladaptive fad’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇത് വിശദീകരിയ്കുന്നു. ഡിജിറ്റൽ ലോകത്തിൽ നിന്ന് മാറി വായന, നടക്കൽ, യോഗ, ധ്യാനം, ക്യഷിപ്പണി, പരസ്പരമുള്ള ചെറു സംഭാഷണങ്ങൾ (Micro Interactions) പോലുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ഇഷ്ടത്തോടെ ഏർപ്പെടുന്നതാണ് ഡോപമിൻ ഫാസ്റ്റിംങിന്റെ പ്രായോഗിക മുഖം.

റീലുകൾ കാണുമ്പോൾ കിട്ടുന്ന ആനന്ദം എങ്ങനെ വേദനയാകുന്നു?
“The pursuit of pleasure for its own sake leads to pain, but if we are willing to tolerate pain, we paradoxically open ourselves to more enduring pleasure.” - Lembke’s core observation.
മസ്തിഷ്കത്തിന്റെ പ്രവർത്തനം ഒരു തുലാസുപോലെയാണ്. സന്തോഷകരമായ (Pleasure) ഒരു പ്രവർത്തനത്തിന് ശേഷം ഡോപമിൻ ലെവൽ ഉയർന്നാൽ, തലച്ചോറിന് തുലാസിന്റെ ബാലൻസ് തിരിച്ചുകൊണ്ടുവരാൻ ഒരു ‘വേദന’ (Pain) വേണ്ടിവരുമെന്നാണ് ഡോ. അന്ന ലെംബ്കെ തന്റെ പുസ്തകത്തിൽ പറയുന്നത്. ഉദാഹരണമായി സോഷ്യൽ മീഡിയയിൽ ഒരുപാട് “ലൈക്കുകൾ” കിട്ടുമ്പോൾ നമ്മുടെ മസ്തിഷ്കം അതിനെ വലിയ അംഗീകാരമായി/സന്തോഷമായി (Reward & Pleasure) കണ്ട് നമ്മളിൽ ചുരുങ്ങിയ സമയത്തിൽ വലിയ അളവിൽ ഡോപമിൻ റിലീസ് ചെയ്യും. എന്നാൽ മസ്തിഷ്കം അതിന്റെ Pleasure – Pain ബാലൻസ് നിലനിർത്താൻ അതേ “ലൈക്കുകളെ” ഉപയോഗപ്പെടുത്തി വലിയ നിരാശയിലേയ്ക്കും നയിക്കുമെന്നാണ് നിരീക്ഷിയ്ക്കുന്നത്. അയ്യോ… ഞാൻ എത്ര സമയമാണ് ഈ ഫോണും കുത്തി പിടിച്ചിരുന്നത് എന്നതിൽ തുടങ്ങുന്നു നമ്മുടെ നിരാശ. ഈ സോഷ്യൽ മീഡിയ ലോകത്തെ വലിയ അംഗീകാരം – വലിയ നിരാശ (High reward – High sadness) എന്നീ ദ്വന്ദങ്ങളിൽ നമ്മൾ നിരന്തരമായി വ്യവഹരിയ്ക്കുന്നത് നമ്മുടെ മസ്തിഷ്കത്തിന്റെ ബാലൻസിങ് ബുദ്ധിമുട്ടാക്കും. ഇത് മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ ബാധിയ്ക്കുമെന്നുമാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. സ്മാർട്ട്ഫോണുകൾ, സോഷ്യൽ മീഡിയ, ഗെയിമിംങ് എന്നിവയുടെ അമിത ഉപയോഗം നമ്മളിൽ ‘വലിയ ആനന്ദം’ ഉണ്ടാകുന്നുണ്ടെങ്കിലും അത്രയും തന്നെ ‘വലിയ വേദനയും/നിരാശയും’ വരുത്തുന്നുവെന്ന് ഡോ. അന്ന ലെംബ്കെ തന്റെ പുസ്തകത്തിൽ പറയുന്നു.

ഡോപമിൻ ഫാസ്റ്റിങ് വ്യക്തികളിൽ പോസിറ്റീവായ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നതായി സമീപകാല പഠനങ്ങളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പബ്മെഡ് (PubMed) ഡാറ്റബേസിൽ A Literature Review on Holistic Well-Being and Dopamine Fasting: An Integrated Approach എന്ന തലക്കെട്ടിൽ വായിച്ച ലേഖനത്തിൽ ഓരോരുത്തരുടെയും ജീവിതശൈലിയിൽ ഡോപമിൻ ഫാസ്റ്റിങിന്റെ ഫലങ്ങൾ പരസ്പരം വളരെയധികം വ്യത്യാസപ്പെട്ടിരിയ്ക്കാമെന്നും, എല്ലാം ഡിജിറ്റലാകുന്ന ഈ ആധുനിക കാലത്ത് ഡോപമിൻ ഫാസ്റ്റിങ് ശരിയായ രീതിയിൽ നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും സൂചിപ്പിക്കുന്നുണ്ട്.
മോശം പെരുമാറ്റ ശീലങ്ങളെ (Behavioral Addiction) മാറ്റാൻ ഉപകരിയ്ക്കുന്ന ഒരു ശാസ്ത്രീയ ചികിത്സാ സമീപനമായി ഡോപമിൻ ഫാസ്റ്റിങിനെ ഉപയോഗിയ്ക്കുന്നുണ്ട്. എന്നാൽ ഡിജിറ്റൽ മാധ്യമങ്ങളുടെ പുത്തൻ പ്രവണതകളിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങൾക്ക് അവരുടെ മാനസികാരോഗ്യവും ക്ഷേമവും നിലനിർത്താൻ എങ്ങനെ ഡോപമിൻ ഫാസ്റ്റിങിനെ ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ച് കുടുതൽ ഭാവി പഠനങ്ങൾ നടത്തണമെന്ന് വില്ലി ഓൺലൈൻ ലൈബ്രറിയിൽ Maladaptive or misunderstood? Dopamine fasting as a potential intervention for behavioral addiction എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഇന്ന് നമ്മുടെ ജീവിതം ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ സന്തോഷം തരുന്ന (Minimum time but maximum gratification) ഡിജിറ്റൽ മാധ്യമ ഉത്തേജനങ്ങളുടെ (Digital Media Stimuli) അധീനതയിലാണ്. എന്നാൽ, ആ ആനന്ദത്തിന്റെ പിന്നാലെ വരുന്നത് വലിയ ശൂന്യത, ഉത്കണ്ഠ, കുറ്റബോധം എന്നിവയാണെന്നാണ് Dopamine Nation നമ്മെ ഓർമ്മിപ്പിക്കുന്നത്. അതിനാൽ, ഭക്ഷണത്തിൽ ഉപവാസം പോലെ, ഡിജിറ്റൽ ഉപവാസവും (Digital Fasting) അത്യാവശ്യമാണ്.
ഡോപമിൻ ഫാസ്റ്റിംങ് ഒരു നിയന്ത്രണവും വെല്ലുവിളിയുമാണ്, അല്ലാതെ ഭയപ്പെടുത്തുന്ന കാര്യമല്ല. അത് നമ്മെ സ്വയം തിരിച്ചറിയാനുളള ഇടവും ചുറ്റുപാടുകളെ പുതുതായി അനുഭവിക്കാനുളള അവസരവും സമ്മാനിക്കുന്നു. പ്രായോഗികമായി വ്യായാമം, ധ്യാനം, നടത്തം, സർഗാത്മകമായ ഇടപെടലുകൾ എന്നിവയിലൂടെ നമ്മുക്ക് ഒരു ഡിജിറ്റൽ ഇടവേളയും ഡോപമിൻ ഫാസ്റ്റിങും സാധ്യമാകും. ഒടുവിൽ, ജീവിതത്തിൽ സന്തോഷം നൽകുന്നത് “കൂടുതൽ” ഡിജിറ്റൽ ഇടത്തിലെ ഉത്തേജനങ്ങൾ മാത്രമല്ല, അതിലുപരിയായി നേരിട്ടുള്ള ഇന്ദ്രിയ അനുഭവങ്ങളും ആരോഗ്യമുള്ള മനസുമാണെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.
