സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങൾ ജനാധിപത്യ ഇടമാണോ എന്നു ചോദിച്ചാൽ സംശയിച്ചുനിൽക്കാനേ കഴിയൂ. സോഷ്യൽ മീഡിയ കൂടുതൽ ജനാധിപത്യവൽക്കരണം കൊണ്ടുവരുമെന്ന് നമ്മൾ പ്രതീക്ഷിച്ചിരിക്കാം. പക്ഷെ, അതിലേക്ക് മനുഷ്യരുടെ സ്വഭാവം മാറ്റാനുള്ള എന്തു പ്രക്രിയയാണ് നടന്നിട്ടുള്ളത്?
നുണപ്രചാരണങ്ങളും വയലൻസും രുചിയോടെ ആസ്വദിക്കുന്നവരായി മനുഷ്യർ നിലനിൽക്കുന്നതെങ്ങനെയാണെന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്. നേരത്തേ ഉണ്ടായിരുന്ന സിനിമ എന്ന ജനപ്രിയ മാദ്ധ്യമത്തിലൂടെ സെക്‌സും വയലൻസും ഒളിഞ്ഞുനോട്ടവും ആസ്വദിക്കുന്ന ജനതയല്ലേ നമ്മൾ? സോഷ്യൽ മീഡിയ അതിനെ ആയിരം മടങ്ങ് ആവർത്തനത്തിന് പ്രാപ്‌തമാക്കുകയാണ് ചെയ്തത്.
അടുത്തിടെ ഇറങ്ങിയ “കളങ്കാവൽ” എന്ന സിനിമ, കണ്ടിരിക്കാൻ പാകത്തിലുള്ളതായി തോന്നി. എന്നാൽ, അതിൽ വയലൻസും സെക്‌സും ചേർക്കാനുള്ള അവസരം നഷ്ടപ്പെടുത്തി എന്ന് ചിലർ എഴുതിക്കാണുമ്പോൾ എന്ത് കരുതണം?
ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക?
ജനാധിപത്യം ഒരു ആശയമായി രൂപപ്പെടുകയും തുടർന്ന് അതിലേക്കുള്ള ചില ചുവടുവെപ്പുകൾക്കുള്ള ശ്രമങ്ങളുമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക?
അൽഗോരിതത്തിന്റെ
നിയന്ത്രണങ്ങൾ
മനുഷ്യസമൂഹത്തിന്റെ വളർച്ച ടെക്നോളജിയുടെ വികാസത്തിലൂടെയാണ് സംഭവിച്ചിട്ടുള്ളത്. ഇതിന് സമാന്തരമായാണ് സാമൂഹ്യക്രമവും രാഷ്ട്രീയവും നിലകൊള്ളുന്നതും മാറിമറിയുന്നതും. തുടക്കത്തിൽ പുതിയ ടെക്നോളജിക്ക് കുറെയൊക്കെ സ്വതന്ത്രമായി നിൽക്കാൻ കഴിയുമെങ്കിലും പെട്ടെന്ന് അതിന്റെ ഉപയോഗം സാമ്പത്തിക കുത്തകകളുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിടിയിലാവുന്നതാണ് ചരിത്രത്തിൽ കണ്ടിട്ടുള്ളത്. ഏറെ താമസിയാതെ മനുഷ്യസമൂഹത്തെയും നിത്യജീവിതത്തേയും ചൂഴ്ന്നുനിൽക്കുന്നതായി ഇവ മാറും. കുറെയൊക്കെ വിട്ടുനിൽക്കാൻ ശ്രമിക്കാമെങ്കിലും പൂർണ്ണമായി അതിന് കഴിയില്ല. അതുകൊണ്ടുതന്നെ ഇത് എടുത്തുപയോഗിക്കുന്നവരും സാധാരണ ജനങ്ങളും ധാർമ്മിക പ്രതിസന്ധിയിലാകുന്നു.

മോഡേൺ മെഡിസിൻ ആരോഗ്യത്തിലും ആയുസ്സിലും വലിയ ഗുണമുണ്ടാക്കിയെങ്കിലും മാർക്കറ്റിന്റെ നീരാളിപ്പിടുത്തം മൂലം ധാർമ്മിക കടത്തിൽ പെട്ടുപോവുകയാണ്. ഈ കെണിയിൽ പെടാതിരിക്കാൻ ഒരുപാട് കാലം ക്ലിനിക്കൽ മെഡിസിനിൽ നിന്ന് വിട്ടുനിന്ന ആളാണ് ഞാൻ. അങ്ങനെ മാറിനിൽക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് പിന്നീട് മനസ്സിലായി. ഇതിനെക്കാളൊക്കെ എത്രയോ മടങ്ങ് സൂക്ഷ്മതയോടെ ഇപ്പോൾ മനുഷ്യജീവിതത്തിനു മേൽ അൽഗോരിതത്തിന് നിയന്ത്രണം സാദ്ധ്യമാകുന്നു എന്നതാണ്. മുൻകൂട്ടി അത് സെറ്റ് ചെയ്തിട്ടുള്ള മുൻഗണനകളെയും ക്രമത്തേയും കണ്ടന്റുകളേയും പിന്തുടരേണ്ടിവരുന്ന അവസ്ഥയാണുള്ളത്. അതിന്റെ ചട്ടങ്ങൾ പാലിക്കാൻ നമ്മൾ നിർബ്ബന്ധിതരാവുകയാണ്. ലൈക്കുകൾ സന്തോഷവും ആത്മരതിയും ബലൂൺ പോലെ വീർപ്പിച്ച് നമ്മെ ആകാശത്ത് മുട്ടിക്കുന്നു. അവമതി ഉണ്ടാകുമ്പോൾ ബലൂൺ പൊട്ടി താഴോട്ട് വീഴുന്നു. നമ്മുടെ സ്വഭാവവും താൽപര്യവും അറിയാതെ തന്നെ പ്രോത്സാഹിപ്പിക്കപ്പെടുകയും പിന്തുണക്കപ്പെടുകയും ഒക്കെ ചെയ്തേക്കാം. ഇതിന്റെ നിയന്താക്കൾ മറഞ്ഞിരുന്ന് ചരടു വലിക്കുന്നത് കാണാൻ കഴിയില്ല. നമുക്ക് എന്തും പ്രകാശിപ്പിക്കാൻ സ്വാതന്ത്ര്യം ലഭിച്ചതായി തോന്നുമെങ്കിലും തിരിച്ചറിയാനാവാത്ത വിധമുള്ള ഒരു സെൻസറിംഗ് നടക്കും. അനാവശ്യമായ കണ്ടെന്റുകൾക്ക് ചിലപ്പോൾ കൂടുതൽ ദൃശ്യതയും മറുപടിയും ലഭിച്ചേക്കാം. അങ്ങനെ അവ ആധികാരികവും ക്രമേണ പൊതുബോധവും ആകുന്നു.
ആത്മഹത്യ പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സോഷ്യൽ മീഡിയയിൽ പെട്ടെന്നുണ്ടാകുന്ന പ്രതികരണങ്ങളും ചേരി തിരിവും ഭയമുണ്ടാക്കുന്ന തരത്തിലായിരിക്കുന്നു.
‘മെറ്റ’ അറിവിന്റെ പൊരുളും മീഡിയയും
‘മെറ്റാ’ വഴി കിട്ടുന്ന അറിവിന്റെ യാഥാർഥ്യവും പലപ്പോഴും അറിയാൻ കഴിയില്ല. പ്രത്യയശാസ്ത്രം എന്നത് തലതിരിഞ്ഞ അറിവായി മുൻപ് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതിനെ നേരെയെടുത്ത് പഠിക്കുക എന്നത് ശ്രമകരമാണ്. കാരണം അത്ര മേൽ അത് ജനങ്ങളുടെ ഉള്ളിൽ പതിഞ്ഞു കിടക്കുന്നുണ്ടാവും. അതിനേക്കാൾ ശക്തമായി ഇപ്പോൾ സോഷ്യൽ മീഡിയക്ക് വ്യാജ പ്രചാരണങ്ങളിലൂടെ സോഷ്യൽ എഞ്ചിനീയറിംഗ് നടത്താൻ സാധിക്കുന്നു.
നമ്മുടെ ദൃശ്യസംസ്കാരം അപകടം പിടിച്ച രീതിയിലേക്ക് കൊണ്ടുപോകുന്നതിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. നിലനില്പിനായുള്ള മത്സരം കൊണ്ടാകാം, നൈതികത പാടേ അവഗണിച്ച്, സി.സി ടി.വിയിൽ നിന്നൊക്കെയുള്ള ദൃശ്യങ്ങൾ ഇവയിൽ ആവർത്തിച്ചുകാണിക്കുന്നത്. അപകടങ്ങളും അക്രമങ്ങളും ഒഴിവാക്കാനുള്ള ഉപാധിയാണല്ലോ സിസി ടിവി. കേരളത്തിൽ റോഡപകടങ്ങൾ കുറക്കുന്നതിൽ ഇവ നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാം. മറഞ്ഞു പോകുമായിരുന്ന പല കുറ്റകൃത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിലും നീതി ലഭിക്കുന്നതുവരെ അത് മാഞ്ഞുപോകാതെ നിലനിർത്തുന്നതിലും പ്രധാന മാദ്ധ്യമങ്ങൾ സഹായിക്കുന്നുമുണ്ട്. സ്ത്രീകൾ അനുഭവിച്ചു പോന്ന, ചോദ്യംചെയ്യപ്പെടാതിരുന്ന പല വിഷയങ്ങൾക്കും ദൃശ്യത കിട്ടാൻ ഇവ സഹായകമായിട്ടുണ്ട്. എന്നാൽ, അക്രമങ്ങൾ ചിത്രീകരിക്കുന്നതും അവ ആവർത്തിച്ച് കാണിക്കുന്നതും മറ്റും നിയന്ത്രിക്കപ്പെടേണ്ട സമയമായി.

ആധിപത്യമുള്ളവരുടെ ചില താല്പര്യങ്ങളും ചിലപ്പോഴെങ്കിലും ഇതിൽ കാണാറുണ്ട്. ചില വിഷയങ്ങൾ പൊന്തിവരുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നത് കാണാം. ഇവയ്ക്ക് ഒരു പാറ്റേൺ ഉണ്ടായിരിക്കും. സോഷ്യൽ മീഡിയയും ടെലിവിഷനും സിനിമയും പരസ്പരം വാണിജ്യ താൽപ്പര്യങ്ങൾ പങ്കുവക്കുന്നതും കാണാം. ക്രൈം, ആത്മഹത്യകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്ന രീതി കൊണ്ട് ഇവ പകർച്ചവ്യാധി പോലെ ആവർത്തിക്കപ്പെടുന്നത് കാണാറുണ്ട്.
30 വർഷങ്ങൾക്കുമുമ്പ് ആത്മഹത്യാ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോൾ ഈ വിഷയത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് പരിശീലനം നടത്തിയിരുന്നു. വലിയ പ്രയോജനമൊന്നും ഉണ്ടായില്ല. ഇത്രയും കച്ചവടമത്സരം നടക്കുന്ന ഇക്കാലത്ത് ഇതിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷ ഇല്ലെങ്കിലും ഇത് അവഗണിക്കാൻ കഴിയുന്നതല്ല.
ആത്മഹത്യ പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സോഷ്യൽ മീഡിയയിൽ പെട്ടെന്നുണ്ടാകുന്ന പ്രതികരണങ്ങളും ചേരി തിരിവും ഭയമുണ്ടാക്കുന്ന തരത്തിലായിരിക്കുന്നു. മറ്റു മാദ്ധ്യമങ്ങൾ ഇതിന് ആക്കം കൂട്ടുകയാണ്. ഒന്ന് സമാധാനത്തോടെ ചിന്തിക്കാനോ കാര്യങ്ങൾ വിലയിരുത്താനോ കൂട്ടാക്കാതെ എല്ലാവരും പെട്ടെന്ന് തീർപ്പുകളിലെത്തുകയാണ്. ഉള്ളിലുള്ള വെറുപ്പും വിദ്വേഷവും ഒഴുക്കാനുള്ള ഇടമായി സോഷ്യൽ മീഡിയ മാറുന്നു. പല കൂട്ടുകാരും ഇങ്ങനെ ചെയ്യുമ്പോൾ ഗ്യാലറിയിലിരുന്ന് കയ്യടിക്കുകയും കൂക്കി വിളിക്കുകയും ചെയ്യുന്നതു പോലെയാണ് തോന്നുന്നതെന്ന് ഞാനവരോട് പറയാറുണ്ട്.
കളിക്കളത്തിൽ ഒരാൾ വീണ് എല്ലൊടിഞ്ഞ് കിടക്കുമ്പോൾ അങ്ങനെ ചെയ്യുന്നതിന് അർത്ഥമുണ്ടോ?
വിവേചനത്തോടെ പ്രതികരിക്കാനുള്ള ശേഷി സോഷ്യൽ മീഡിയ ഇല്ലാതാക്കുന്നുണ്ടോ?
സൈബർ സൈന്യവും സ്ത്രീകളും
സ്ത്രീകൾക്ക് ആത്മപ്രകാശനത്തിനും തൊഴിൽസംരംഭങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഇന്നത്തെ മീഡിയ ഇടം നൽകിയെന്നതും കാണാതിരുന്നുകൂടാ. മാനസികരോഗാശുപത്രികളിൽ പെട്ടു പോകാമായിരുന്ന പലരും സോഷ്യൽ മീഡിയ വഴി അവരുടെ തൻബോധം തുന്നിച്ചേർക്കുന്നതും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവർ അതിന് ഇഴ ചേർത്തു കൊടുക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. കച്ചവടത്തിനകത്ത് സംഭവിക്കുന്ന ചില നന്മകളാണത്. കച്ചവടക്കാർ എന്നും അത് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കൂടി കടന്നുപോകുമ്പോൾ പലതരം വർണ്ണപ്പകിട്ടുള്ള വസ്തുക്കൾ നിരത്തിയ, കലപില ബഹളമുള്ള പൂരപ്പറമ്പിലൂടെ ഒറ്റക്ക് നടക്കുന്ന പ്രതീതിയാണുണ്ടാവുക. അടുക്കും ചിട്ടയുമില്ല. എപ്പോൾ വേണമെങ്കിലും ഒരു കത്തിക്കുത്തോ വെടിക്കെട്ടപകടമോ ആനവിരണ്ടോടലോ പ്രതീക്ഷിക്കാം. അതുണ്ടാകാത്തിടത്തോളം ആസ്വദിച്ച് നടക്കുകയും ചെയ്യാം. വീട്ടിലിരുന്ന് കാണുമ്പോൾ ഒരു സുരക്ഷിതത്വം തോന്നുകയും ചെയ്യും.
പിതൃവാഴ്ചാകുടുംബത്തെയെന്നോണം സ്വന്തമായ ഇടം എന്ന തോന്നലുണ്ടാക്കി, ഒരു അടഞ്ഞ സ്ഥലമായാണ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ള വാട്ട്സ് ആപ്പ് മിക്കപ്പോഴും അനുഭവപ്പെടുന്നത്.
എന്നാൽ, രാഷ്ട്രീയമായി ഇവ ഉപയോഗപ്പെടുത്തുന്നതിലെ അപകടങ്ങൾ തിരിച്ചറിയേണ്ടതുമുണ്ട്. നുണകളും വിദ്വേഷവും പ്രചരിപ്പിക്കാൻ മാത്രമായി അധികാരവും സമ്പത്തുമുള്ള രാഷ്ട്രീയപ്പാർട്ടികൾ വലിയ സംവിധാനങ്ങൾ തന്നെ ഒരുക്കിയിട്ടുള്ളതായി പറഞ്ഞുകേൾക്കുന്നു. അവർ അതിൽ വിജയിച്ചു വരൂന്നതായി കാണുന്നതുകൊണ്ടാവണം, മറ്റു പാർട്ടികളും പ്രതിരോധത്തിനുവേണ്ടി തങ്ങൾക്കാവും വിധം സൈബർ സൈന്യത്തെ വിന്യസിച്ചുവരുന്നു. പൊതുവേ, രാഷ്ട്രീയ എതിരാളികളെ വീഴ്ത്താനുദ്ദേശിച്ചുള്ളതാണെങ്കിലും സ്ത്രീകൾ വല്ലാതെ സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ട്. ലൈംഗികാതിക്രമത്തിനെതിരെ സ്ത്രീകൾ തീർക്കുന്ന രാഷ്ട്രീയപ്രതിരോധത്തെ അരാഷ്ട്രീയമായി രാഷ്ട്രീയക്കാർ പോലും ഉപയോഗിക്കുന്നതുകാണാം. സ്വന്തം പാർട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാൻ ശ്രമിച്ചാലും എതിർ പാർട്ടിയിലുള്ള സ്ത്രീകൾക്കുനേരെയുള്ള സൈബർ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കാറുണ്ട്.
ലൈംഗികാതിക്രമങ്ങളെ, ‘പെണ്ണ് കേസ്’, ‘നാറ്റ കേസ്’ എന്നൊക്കെയുള്ള പദങ്ങളുപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് സ്ത്രീപക്ഷരാഷ്ട്രീയം ഉൾക്കൊള്ളാൻ സന്നദ്ധമാകാത്തതുകൊണ്ടാണ്. അത് മനസ്സിലാക്കിയിട്ടുള്ളവർക്കും, മറ്റുള്ളവരെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നുണ്ട്. സൈബറിടത്തിൽ സ്ത്രീകളും അക്രമകാരികളായി മാറുന്ന കാഴ്ചയിൽ വരെ ഇതെത്തുന്നത് സ്ത്രീപക്ഷരാഷ്ട്രീയവും ജനാധിപത്യബോധവും നമ്മുടെ പൊതുരാഷ്ട്രീയമണ്ഡലത്തിന് പുറത്തായിരിക്കുന്നതുകൊണ്ടാണ്.

വാട്സ് ആപ്പ് എന്ന അടഞ്ഞ ലോകം
പിതൃവാഴ്ചാകുടുംബത്തെയെന്നോണം സ്വന്തമായ ഇടം എന്ന തോന്നലുണ്ടാക്കി, ഒരു അടഞ്ഞ സ്ഥലമായാണ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ള വാട്ട്സ് ആപ്പ് മിക്കപ്പോഴും അനുഭവപ്പെടുന്നത്. രാഷ്ട്രീയമായോ മതപരമായോ ഒരുമിച്ചു പഠിച്ചവരുടെയോ കുടുംബക്കാരുടെയോ ഒക്കെയായിരിക്കും ഈ ഗ്രൂപ്പുകൾ. അറിവ് പകരാൻ എന്ന തരത്തിൽ രൂപീകരിച്ച ഗ്രൂപ്പുകൾ പോലും ക്രമേണ ആശയപരമായി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമാകുന്നു. എതിരഭിപ്രായമുള്ളവർ പുറത്ത് പോവുകയോ നിശ്ശബ്ദരാവുകയോ ചെയ്യുന്നു. ജനാധിപത്യപരമായ സംവാദങ്ങൾ ഇവിടെ നടക്കാറില്ല. എല്ലാവരും വിശ്വാസികളും പിടിവാശിക്കാരുമായി മാറുന്നതാണ് കാണുന്നത്. അവരവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള കണ്ടൻ്റുകൾ ഇഷ്ടം പോലെ ലഭ്യമാണ്. മനസ്സിന്റെ വിശപ്പ് ശമിപ്പിക്കുന്നതിനപ്പുറം ചിന്തിക്കേണ്ട കാര്യം വരുന്നില്ല. ഇതൊരു വരുമാനമാർഗ്ഗമായി സ്വയംതൊഴിൽ കണ്ടെത്താനും സഹായകമാണ്. അതിൽ കുഴപ്പമില്ല. പക്ഷേ, വൈദഗ്ധ്യം ആവശ്യമുള്ള ചികിത്സ പോലെയുള്ള വിഷയങ്ങൾ പോലും എല്ലാവരും ആധികാരികമായി കൈകാര്യം ചെയ്യുന്നു. എല്ലാവരും കവിതകൾ എഴുതുന്നതൊക്കെ നല്ല കാര്യമാണ്. പക്ഷേ, മത്സരവും വെറുപ്പും യാതൊരു നിയന്ത്രണവുമില്ലാതെ പടരുന്നത് ചിലരെയെങ്കിലും വിഷാദത്തിലും തകർച്ചയിലും എത്തിക്കുന്നതും കാണുന്നു.
ലൈംഗികാതിക്രമത്തിനെതിരെ സ്ത്രീകൾ തീർക്കുന്ന രാഷ്ട്രീയപ്രതിരോധത്തെ അരാഷ്ട്രീയമായി രാഷ്ട്രീയക്കാർ പോലും ഉപയോഗിക്കുന്നതുകാണാം. സ്വന്തം പാർട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാൻ ശ്രമിച്ചാലും എതിർ പാർട്ടിയിലുള്ള സ്ത്രീകൾക്കുനേരെയുള്ള സൈബർ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കാറുണ്ട്.
തുറന്ന മാദ്ധ്യമങ്ങളിൽ സ്വന്തം മുഖം മറച്ച് ഉള്ളിലെ മാലിന്യം മുഴുവൻ ഒഴുക്കിവിടാനുള്ള ഇടമായി നമ്മുടെ സോഷ്യൽ മീഡിയ മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ പതുങ്ങിപ്പതുങ്ങി മാത്രം കടക്കുന്നതുകൊണ്ട് വ്യക്തിപരമായി എന്നെ ബാധിക്കാതിരിക്കുന്നു. പല സാദ്ധ്യതകളും നഷ്ടപ്പെടുമെങ്കിലും സ്വകാര്യത കൈവിടാതിരിക്കാനും സമാധാനവും സന്തോഷവും നിലനിർത്താനും അത് സഹായിക്കുന്നുണ്ട്. അഡ്രസ്സില്ലാത്തവരുടെ ചീഞ്ഞ കമൻ്റുകളിലേക്ക് നോക്കേണ്ടതില്ലെന്ന് ഞാൻ കൂട്ടുകാരോട് പറയാറുണ്ട്. സെപ്റ്റിക് ടാങ്കിൽ പോയി നോക്കി നിക്കേണ്ട കാര്യമില്ലല്ലോ.
വേണ്ടത്, ജനാധിപത്യ സംസ്കാരം
ജനാധിപത്യസംസ്കാരം വളരുന്നതിനു മുൻപാണ് ഇത്തരം സംവിധാനങ്ങൾ നമ്മുടെ സമൂഹത്തിലേക്ക് കടന്നുവരുന്നതെന്നതാണ് പ്രശ്നമാകുന്നത്. ഇവിടെനിന്ന് പിന്നോട്ട് പോകാൻ കഴിയാത്തതുകൊണ്ട് ആ സംസ്കാരം വികസിപ്പിച്ചെടുക്കുകയേ മാർഗ്ഗമുള്ളൂ. അതിന് മാധ്യമരംഗത്ത് നൈതികത പ്രയോഗത്തിൽ കൊണ്ടു വരണം. രാഷ്ട്രീയ സാമ്പത്തിക കൂട്ടുകെട്ടുകൾക്ക് വിധേയമായ മാധ്യമങ്ങൾക്ക് അതിന് അടുത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല. മെയിൻ സ്ട്രീം മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും പരസ്പരം വാണിജ്യത്തിന് സഹായകമായി പിന്തുണച്ചുകൊണ്ടിരിക്കുകയാണ്.
പരമാവധി കാഴ്ചക്കാരെ നേടുന്നതിനുള്ള മത്സരഓട്ടത്തിൽ ഏറ്റെടുത്ത ഗൗരവമുള്ള വിഷയവും പകുതിവഴി നിർത്തി പുതിയതിലേക്ക് ചാടിവീഴും. അന്വേഷണം പോലും നടത്താതെയുള്ള റിപ്പോർട്ടുകൾ, ഒരു വശത്തുനിന്നുമാത്രം കേട്ടു കൊണ്ടുള്ളവ, സാമൂഹ്യ വിശകലനം നടത്താതെ പക്ഷപാതപരമായ അവതരണങ്ങൾ എന്നതെല്ലാം എല്ലാ മാദ്ധ്യമങ്ങളുടേയും പൊതു സ്വഭാവമാണ്. ഇതിന് അപവാദമായി, ധാർമ്മികമായ ഉത്തരവാദിത്വത്തോടെ നടത്തുന്ന മീഡിയാ അവതരണങ്ങളെ പിന്തുണക്കുകയും നേരിട്ട് അറിവ് തേടുകയും കൂടിച്ചേരലുകളും നിയമപോരാട്ടവും നടത്തുകയുമൊക്കെ ചെയ്തുകൊണ്ടേ ഈ അവസ്ഥയിൽനിന്ന് പുറത്തു കടക്കാനാവൂ.

ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനുപകരം എളുപ്പത്തിൽ എങ്ങനെ ജനങ്ങളെ മാസ് ആയി നേടാം എന്നാണ് രാഷ്ട്രീയപ്പാർട്ടികൾ ചിന്തിക്കുന്നത്. ജെൻഡർ വ്യത്യാസം പോലുമില്ലാതെ ജനക്കൂട്ട അക്രമത്തിന്റെ ഒരു പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ട്. അത് ജാഗ്രതയോടെ കാണേണ്ട രാഷ്ട്രീയപ്പാർട്ടികൾ സോഷ്യൽ മീഡിയയിലോ പൊതു മാദ്ധ്യമരംഗത്തോ പ്രത്യക്ഷപ്പെടുന്ന ജനക്കൂട്ടത്തെ ഒന്നോടെ സംഘടിപ്പിക്കാൻ നോക്കുന്നത് അപകടകരമാണ്. ഇത് താൽക്കാലിക നേട്ടം ഉണ്ടാക്കിയാലും ഭാവിയിൽ ഗുണം ചെയ്യില്ല.
തെരഞ്ഞെടുപ്പിലൊക്കെ ഇത്തരം അപകടങ്ങളിലേക്ക് പോകാൻ സാദ്ധ്യത കാണുന്നുണ്ട്. സാമുദായിക -രാഷ്ട്രീയ നേതാക്കളെ പ്രീണിപ്പിക്കുകയും നൈതികത വെടിഞ്ഞ് മീഡിയ സ്വാധീനക്കാരെ കൈയിലെടുക്കുകയും ഒക്കെ ഉണ്ടായേക്കാം. മറുവശത്ത് ഒറ്റപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും ധാർമ്മികമായ പ്രചാരണത്തിന് മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ധ്രുവ് റാത്തിയെ പോലെയുള്ളവർ വലിയ സ്വാധീനം ഉണ്ടാക്കുന്നു. തെരഞ്ഞെടുപ്പിലും മറ്റും വ്യാജപ്രചാരണങ്ങളെ മറി കടക്കാൻ ഇത്തരം ധാർമ്മികമായ ഇടപെടലുകൾക്ക് കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. മീഡിയ അനിവാര്യമായ, ലോഗരിതത്തിന്റെ ലോകത്ത് നേരും നുണയും വേർതിരിക്കുക പ്രയാസം തന്നെയാണ്.
അടഞ്ഞ സൈബറിടത്തിൽ നിന്ന് ഇടക്കെങ്കിലും പുറത്തുകടന്ന് ലോകത്തെ നേരിട്ടറിയാൻ ശ്രമിക്കാം. ജനാധിപത്യസംസ്കാരം വളരാനുതകുന്ന തരത്തിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ പോലെയുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. വോട്ടുകൾ മാത്രം ലക്ഷ്യം വയ്ക്കാതെ രാഷ്ട്രീയപ്പാർട്ടികൾ ജനാധിപത്യമൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നത് ഇന്നത്തെ അവസ്ഥ മെച്ചപ്പെടാൻ സഹായിക്കും.
