X Telegram Meta:
ഭരണകൂട സെൻസറിങും സ്വയം സെൻസറിങും;
ചില ചോദ്യങ്ങൾ

ഭരണകൂടങ്ങൾ കണ്ടൻറ് സെൻസർ ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നത് തങ്ങളുടെ സ്വതന്ത്രമായ പ്രവർത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നാണ് എക്സും മെറ്റയും ടെലഗ്രാമും വാദിക്കുന്നത്. ബ്രസീലിൽ എക്സ് ബ്ലോക്ക് ചെയ്യപ്പെട്ടതും ടെലഗ്രാം സ്ഥാപകൻ പാവേൽ ഡ്യുറോവിൻെറ അറസ്റ്റും സക്കർബർഗിൻെറ കണ്ടൻറ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുമെല്ലാം വീണ്ടും സെൻസറിങ്ങിനെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്…

സോഷ്യൽ മീഡിയ ഉണ്ടായ കാലം മുതൽ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും സെൻസർഷിപ്പുമായും ബന്ധപ്പെട്ട ആലോചനകളും നടക്കുന്നുണ്ട്. ഒരു കോളേജിലെയോ സർവകലാശാലയിലെയോ ചെറിയ പ്രദേശത്തെയോ ആളുകളെ മാത്രം ഉൾക്കൊണ്ടിരുന്ന പ്ലാറ്റ്ഫോമുകളായി തുടങ്ങിയിടത്ത് നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഒരേ സമയം ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന ഇടമായി സോഷ്യൽ മീഡിയ മാറിയിട്ടുണ്ട്. അതിനാൽ, നല്ലതായാലും ചീത്തയായാലും തെറ്റായാലും ശരിയായാലും വ്യാജമായാലും എന്തും ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് പ്രചരിക്കുന്നത് സെക്കൻറുകൾ കൊണ്ടാണ്. ഹേറ്റ് ക്യാമ്പെയിനുകളും വ്യാജ പ്രചാരണങ്ങളും സമൂഹത്തിലുണ്ടാക്കുന്ന അപകടങ്ങൾ ചെറുതല്ല. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ സെൻസറിങ് ഒരു ആവശ്യകതയാണെന്ന വാദം ശക്തമായി ഉയരുന്നത്. അതേസമയം, സെൻസറിങ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന മറുവാദവും ഉയരുന്നു.

കോടതി ഉത്തരവുകൾ അനുസരിക്കുകയും നിലവിലുള്ള പിഴ അടയ്ക്കുകയും ചെയ്യാതെ ഒരു കാരണവശാലും എക്സിൻെറ നിരോധനം നീക്കില്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ ഡി മോറിയാസ് വിധിന്യായത്തിൽ വ്യക്തമായി പറയുന്നുണ്ട്.

സ്റ്റേറ്റ് നേരിട്ട് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഇപ്പോൾ നിയന്ത്രിക്കാൻ ഒരുങ്ങുന്നത്. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗും ടെലഗ്രാം സ്ഥാപകൻ പാവേൽ ഡ്യുറോവും എക്സ് ഉടമയായ ഇലോൺ മസ്കും പല രാജ്യങ്ങളിലെയും സർക്കാരുകളുടെ അപ്രീതിക്ക് പാത്രമാവുകയാണ്. പാവേൽ ഡ്യുറോവിൻെറ പാരീസിൽ വെച്ചുണ്ടായ അറസ്റ്റും ബ്രസീലിൽ എക്സിൻെറ നിരോധനവും ഈ ചർച്ചകളിലെ അവസാന കണ്ണികൾ മാത്രം. ബ്രസീലിൽ എക്സിന് ഒരു നിയമ പ്രതിനിധി (Legal Representative) വേണമെന്ന സുപ്രീം കോടതി ഉത്തരവ് ഇലോൺ മസ്ക് നിരാകരിച്ചതോടെയാണ് രാജ്യത്ത് നിരോധനം വന്നത്. വെബ്ബിലും മൊബൈൽ ആപ്പിലും എക്സിനെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇലോൺ മസ്കും ബ്രസീലിയൻ സുപ്രീം കോടതിയും തമ്മിൽ ഒരു മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്ലാറ്റ്ഫോം നിരോധിക്കപ്പെട്ടത്. കോടതി ഉത്തരവുകൾ അനുസരിക്കുകയും നിലവിലുള്ള പിഴ അടയ്ക്കുകയും ചെയ്യാതെ ഒരു കാരണവശാലും എക്സിൻെറ നിരോധനം നീക്കില്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ ഡി മോറിയാസ് വിധിന്യായത്തിൽ വ്യക്തമായി പറയുന്നുണ്ട്.
“ബ്രസീലിൻെറ പരമാധികാരത്തെ അവമതിക്കുകയാണ് ഇലോൺ മസ്ക് ചെയ്തത്. ഒരു രാജ്യത്തിൻെറ നിയമസംവിധാനത്തെയും ജുഡീഷ്യറിയെയും അംഗീകരിക്കാതെ എങ്ങനെയാണ് അവിടെ പ്രവർത്തിക്കാൻ സാധിക്കുക?,” ഡി മോറിയാസ് ചോദിച്ചു.

ബ്രസീലിൽ തങ്ങൾക്കുണ്ടായ നിരോധനത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചിരിക്കുന്നത്. Photo: TED Conference / Flickr
ബ്രസീലിൽ തങ്ങൾക്കുണ്ടായ നിരോധനത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചിരിക്കുന്നത്. Photo: TED Conference / Flickr

ലോകത്ത് എക്സിൻെറ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ബ്രസീൽ. അവിടെ നിരോധനം നേരിടുന്നത് സ്ഥാപനത്തിന് സാമ്പത്തികമായി വലിയ തിരിച്ചടിയാണെന്ന കാര്യത്തിൽ തർക്കമില്ല. ബ്രസീൽ ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ (ഏകദേശം 40 മില്യൺ) മാസത്തിലൊരിക്കലെങ്കിലും എക്സ് ഉപയോഗിക്കുന്നവരാണെന്ന് മാർക്കറ്റ് ഗവേഷണ ഗ്രൂപ്പായ ഇ-മാർക്കറ്ററിൻെറ കണക്കുകൾ പറയുന്നു. ബ്രസീലിൽ തങ്ങൾക്കുണ്ടായ നിരോധനത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചിരിക്കുന്നത്.
“ജനാധിപത്യത്തിൻെറ ആണിക്കല്ലാണ് അഭിപ്രായ സ്വാതന്ത്ര്യം. ബ്രസീലിലെ തെരഞ്ഞെടുക്കപ്പെടാത്ത ഒരു സ്യൂഡോ ജഡ്ജി രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അത് അട്ടിമറിക്കുകയാണ്,” ഇലോൺ മസ്കിൻെറ പ്രതികരണം ഇങ്ങനെയാണ്.

ബ്രസീലിൽ എക്സ് ബ്ലോക്ക് ചെയ്തതും ടെലഗ്രാം സ്ഥാപകൻ ഡ്യുറോവിൻെറ അറസ്റ്റും സക്കർബർഗിൻെറ തുറന്നുപറച്ചിലുമെല്ലാം വീണ്ടും സോഷ്യൽ മീഡിയ സെൻസറിങ്ങിനെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

ബ്രസീലിലെ ഇൻറർനെറ്റ് നിയമങ്ങൾ പാലിക്കുന്നില്ല എന്നതാണ് എക്സിനെതിരായ നടപടിയിൽ കലാശിച്ചിരിക്കുന്നത്. എന്നാൽ അതിനുപിന്നിൽ മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. വ്യാജ പ്രൊഫൈലുകളും ഹേറ്റ് ക്യാമ്പെയിൻ നടത്തുന്ന പ്രൊഫൈലുകളും നിയന്ത്രിക്കണമെന്ന് നേരത്തെ തന്നെ എക്സിനോട് ആവശ്യപ്പെട്ടിരുന്നു. അതിലൊന്നും ഒരു നടപടിയുമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സുപ്രീം കോടതി ഇടപെടലുണ്ടാവുന്നത്. രാജ്യത്ത് ഒരു നിയമപ്രതിനിധിയെ വെക്കണമെന്ന ആവശ്യം കൂടി നിരാകരിച്ചതോടെയാണ് എക്സിനെ ബ്ലോക്ക് ചെയ്യാൻ സുപ്രീം കോടതി തീരുമാനിച്ചത്.

മറ്റൊരു പ്രധാന മെസേജിങ് ആപ്പായ ടെലഗ്രാമിൻെറ സ്ഥാപകനും റഷ്യൻ വംശജനുമായ പാവേൽ ഡ്യുറോവ് ഫ്രാൻസിൽ അറസ്റ്റ് ചെയ്യപ്പെട്ടതും ഈയടുത്തായിരുന്നു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടുവെങ്കിലും ടെലഗ്രാമിലൂടെ ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. കണ്ടൻറ് സെൻസറിങ്ങിന് താനൊരിക്കലും തയ്യാറാവില്ലെന്ന് പലകുറി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഡ്യുറോവ്. പ്രായപൂർത്തിയാവാത്തവർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഓഫ്മിൻ (OFMIN) എന്ന ഏജൻസിയാണ് ഡ്യുറോവിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് ഉപയോഗം, ചൈൽഡ് പോൺ പ്രചാരണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ടെലഗ്രാമിലൂടെ നടന്നിട്ടും അതൊന്നും നിയന്ത്രിക്കാൻ ഡ്യുറോവ് തയ്യാറാവുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. അറസ്റ്റിന് ശേഷം ഡ്യുറോവിനെ ജാമ്യത്തിൽ വിട്ടുവെങ്കിലും ടെലഗ്രാമിലൂടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

കണ്ടൻറ് സെൻസറിങ്ങിന് താനൊരിക്കലും തയ്യാറാവില്ലെന്ന് പലകുറി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഡ്യുറോവ്. Photo: TechCrunch / flickr
കണ്ടൻറ് സെൻസറിങ്ങിന് താനൊരിക്കലും തയ്യാറാവില്ലെന്ന് പലകുറി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഡ്യുറോവ്. Photo: TechCrunch / flickr

ഭരണകൂടങ്ങളുടെ സമ്മർദ്ദത്തിന് മാർക്ക് സക്കർബർഗ് നേതൃത്വം നൽകുന്ന മെറ്റയും പലതവണ വിധേയരായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയെല്ലാം മെറ്റയിൽ നിന്നാണ് വരുന്നത്. കോവിഡ് 19-മായി ബന്ധപ്പെട്ട ചില കണ്ടൻറുകൾ സെൻസർ ചെയ്യാൻ ജോ ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നുവെന്ന് സക്കർബർഗ് ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. താൻ രാഷ്ട്രീയപരമായി നിഷ്പക്ഷനായി നിൽക്കാനാണ് കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പ് കാലത്ത് ശ്രമിച്ചതെന്നും സക്കർബർഗ് വ്യക്തമാക്കി. “കണ്ടൻറ് സെൻസർ ചെയ്യാൻ ആവശ്യപ്പെട്ട് സർക്കാരിൻെറ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. അതേക്കുറിച്ച് കൂടുതൽ തുറന്നുപറച്ചിൽ നടത്താൻ സാധിക്കാത്തതിൽ ഞാൻ ഇപ്പോൾ ഖേദം പ്രകടിപ്പിക്കുന്നു. ഭരണകൂടത്തിൻെറ സമ്മർദ്ദത്തിന് വഴങ്ങി കണ്ടൻറ് സ്റ്റാൻഡേർഡ് മാറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇനി ഇത്തരം ശ്രമം നടന്നാൽ ഞങ്ങൾ എന്തു വിലകൊടുത്തും അതിനെ എതിർക്കും,” അമേരിക്കയിലെ ഹൗസ് ജുഡീഷ്യറിക്ക് നൽകിയ കത്തിൽ സക്കർബർഗ് എഴുതി.

എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനുവേണ്ടി യൂസേഴ്സിൻെറ സ്വകാര്യവിവരങ്ങൾ പോലും അവരുടെ അനുവാദമില്ലാതെ എടുക്കുന്നുണ്ടെന്നതാണ് എക്സിനെതിരെ ഉയർന്നിട്ടുള്ള പ്രധാന ആരോപണങ്ങളിലൊന്ന്.

ബ്രസീലിൽ എക്സ് ബ്ലോക്ക് ചെയ്തതും ടെലഗ്രാം സ്ഥാപകൻ ഡ്യുറോവിൻെറ അറസ്റ്റും സക്കർബർഗിൻെറ തുറന്നുപറച്ചിലുമെല്ലാം വീണ്ടും സോഷ്യൽ മീഡിയ സെൻസറിങ്ങിനെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള കടുത്ത നടപടികൾ എടുക്കുന്നുണ്ട്. നേരത്തെ ചൈനീസ് ആപ്ലിക്കേഷനുകളായ ടിക് ടോക്, ഹലോ തുടങ്ങിയവയെല്ലാം ഇന്ത്യയിൽ നിരോധിച്ചിരുന്നു.

ഡാറ്റ സുരക്ഷയുടെ കാര്യത്തിൽ സക്കർബർഗിനും ഡ്യുറോവിനും ഇലോൺ മസ്കിനും സമാനമെന്ന് തോന്നുമെങ്കിലും, വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. മൂവരും നേരിടുന്നത് വ്യത്യസ്ത പ്രതിസന്ധികളാണ്. സക്കർബർഗിൻെറ ഫേസ്ബുക്ക് പലപ്പോഴും ഡാറ്റ തട്ടിപ്പുകൾക്ക് വിധേയമായിട്ടുണ്ട്. ബ്രിട്ടീഷ് കൺസൾട്ടിങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ടുണ്ടായ കേസ് അക്കൂട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പട്ടതായിരുന്നു. രാഷ്ട്രീയ പ്രചാരണത്തിൻെറയും മറ്റും ആവശ്യങ്ങൾക്ക് വേണ്ടി കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്കിൽ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പോലും ചോർത്തിയെന്നായിരുന്നു കേസ്. ഈ സംഭവത്തിന് ശേഷം വ്യക്തിവിവരങ്ങൾ ചോരാതിരിക്കുന്നതിന് വേണ്ടി ഫേസ്ബുക്ക് പുതിയ ചില അപ്ഡേറ്റുകൾ നടത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ സുരക്ഷിതമായിരിക്കണമെന്ന നിലപാടുണ്ടെന്ന് പറയുമ്പോഴും ഫേസ്ബുക്ക് തന്നെ ആളുകളുടെ സ്വകാര്യവിവരങ്ങൾ ചോർത്തുന്നുണ്ടെന്നതാണ് രസകരമായ കാര്യം. ഓരോ വ്യക്തിയുടെയും താൽപ്പര്യത്തിന് അനുസരിച്ച് ഫീഡ് തയ്യാറാക്കുന്ന തരത്തിലുള്ള ഫേസ്ബുക്കിൻെറയും ഇൻസ്റ്റഗ്രാമിൻെറയും അൽഗോരിതം പ്രവർത്തിക്കുന്നത് തന്നെ വ്യക്തികളുടെ വിവരശേഖരണത്തിൻെറ അടിസ്ഥാനത്തിലാണ്. അതിനാൽ തന്നെ ഡാറ്റ പ്രൈവസിയുടെ കാര്യത്തിൽ സക്കർബർഗ് പലപ്പോഴും പ്രതിരോധത്തിലാവാറുണ്ട്.

ഓരോ വ്യക്തിയുടെയും താൽപ്പര്യത്തിന് അനുസരിച്ച് ഫീഡ് തയ്യാറാക്കുന്ന തരത്തിലുള്ള ഫേസ്ബുക്കിൻെറയും ഇൻസ്റ്റഗ്രാമിൻെറയും അൽഗോരിതം പ്രവർത്തിക്കുന്നത് തന്നെ വ്യക്തികളുടെ വിവരശേഖരണത്തിൻെറ അടിസ്ഥാനത്തിലാണ്.
ഓരോ വ്യക്തിയുടെയും താൽപ്പര്യത്തിന് അനുസരിച്ച് ഫീഡ് തയ്യാറാക്കുന്ന തരത്തിലുള്ള ഫേസ്ബുക്കിൻെറയും ഇൻസ്റ്റഗ്രാമിൻെറയും അൽഗോരിതം പ്രവർത്തിക്കുന്നത് തന്നെ വ്യക്തികളുടെ വിവരശേഖരണത്തിൻെറ അടിസ്ഥാനത്തിലാണ്.

ട്വിറ്ററിനെ എക്സ് ആക്കി മാറ്റിയെടുക്കാൻ നടത്തിയ ഇലോൺ മസ്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വേണ്ടി വാദിക്കുന്നയാളാണ്. എന്നാൽ സ്വകാര്യ വിവരങ്ങളുടെ കാര്യത്തിൽ എക്സ് പലപ്പോഴും വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനുവേണ്ടി യൂസേഴ്സിൻെറ സ്വകാര്യവിവരങ്ങൾ പോലും അവരുടെ അനുവാദമില്ലാതെ എടുക്കുന്നുണ്ടെന്നതാണ് എക്സിനെതിരെ ഉയർന്നിട്ടുള്ള പ്രധാന ആരോപണങ്ങളിലൊന്ന്. യൂസേഴ്സിൻെറ വിവരങ്ങൾ ചോരുന്നതിൽ യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത ഇലോൺ മസ്ക് എങ്ങനെയാണ് ഡാറ്റ പ്രൈവസിക്ക് വേണ്ടി വാദിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

യൂസേഴ്സിൻെറ സ്വകാര്യവിവരങ്ങളുടെ കാര്യത്തിലും സെൻസറിങ്ങിലും പാവേൽ ഡ്യുറോവിൻെറയും ടെലഗ്രാമിൻെറയും നിലപാട് അൽപം വ്യത്യസ്തമാണ്. സീക്രട്ട് ചാറ്റുകൾക്ക് വേണ്ടിയുള്ള ഓപ്ഷനടക്കം സ്വകാര്യതയ്ക്ക് ടെലഗ്രാം കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. പരസ്യങ്ങളെ കൂടുതലായി ആശ്രയിക്കാത്തതിനാൽ അതിന് വേണ്ടിയുള്ള വിവരശേഖരണവും ടെലഗ്രാമിലൂടെ ഒരുപരിധി വരെ നടക്കുന്നില്ലെന്ന് പറയാം. ഡേറ്റ് റിപ്പോർട്ടലിൻെറ (Date Reportel) കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമം ഫേസ്ബുക്കാണ്. ഏകദേശം 3070 മില്യൺ ആളുകളാണ് ലോകത്താകമാനം ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. യൂ ട്യൂബ് (2500 മില്യൺ), വാട്ട്സാപ്പ് (2000 മില്യൺ), ഇൻസ്റ്റഗ്രാം (2000 മില്യൺ, ടിക് ടോക് (1600 മില്യൺ) എന്നിവയാണ് ആദ്യ അഞ്ചിലുള്ളത്. 900 മില്യൺ യൂസേഴ്സുള്ള ടെലഗ്രാം എട്ടാം സ്ഥാനത്താണുള്ളത്. എക്സ് ആദ്യ പത്തിൽ സ്ഥാനം പിടിച്ചിട്ടില്ല.

മെസേജിങ് ആപ്പുകളുടെ സെൻസറിങ്ങിൻെറ കാര്യത്തിൽ വ്യത്യസ്ത തലങ്ങൾ ഉണ്ടെന്നാണ് ഐ.ടി വിദഗ്ദനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ് പറയുന്നത്: “ഇലോൺ മസ്ക് പറയുന്ന തരത്തിലുള്ള സമ്പൂർണ അഭിപ്രായ സ്വാതന്ത്ര്യമാണ് ഒരു ഭാഗത്തുള്ളത്. രണ്ടാമത്തേത് പല രാജ്യങ്ങളും സോഷ്യൽ മീഡിയക്കുള്ളിൽ സെൻസറിങ്ങിന് വേണ്ടി ശ്രമിക്കുന്നുവെന്നതാണ്. മൂന്നാമത്തേത് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ തന്നെ അവരുടെ കണ്ടൻറിൽ വരുത്തുന്ന മിനിമലായ സെൻസറിങ്ങാണ്. വാട്ട്സാപ്പിലൊക്കെ അതാണ് സംഭവിക്കുന്നത്. യൂസർ ബിഹേവിയർ നോക്കി ആളുകളെ ബ്ലോക്ക് ചെയ്യുക, കണ്ടൻറ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ എടുത്ത് മാറ്റുക തുടങ്ങിയവയൊക്കെ മൂന്നാമത്തെ അപ്രോച്ചിൽ വരുന്നതാണ്. നാലാമത്തേത് കണ്ടൻറ് അഗ്നോസിറ്റിക് (Agnostic) ആണെന്ന് പറഞ്ഞ് മാറിനിൽക്കുക എന്നതാണ്,” അനിവർ അരവിന്ദ് ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

“സ്റ്റേറ്റ് സോഷ്യൽ മീഡിയയിലെ എല്ലാ മെസേജുകളും നോക്കിക്കൊണ്ടിരിക്കേണ്ട കാര്യമില്ല. എന്നാൽ സ്റ്റേറ്റിന് സ്വാഭാവികമായും പരാതികൾ ലഭിക്കും. പരാതി കിട്ടിയാൽ സ്റ്റേറ്റിന് നിയമവിധേയമായി കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് വേണ്ടി ആവശ്യപ്പെടാനുള്ള അധികാരമുണ്ട്.” - അനിവർ അരവിന്ദ്.
“സ്റ്റേറ്റ് സോഷ്യൽ മീഡിയയിലെ എല്ലാ മെസേജുകളും നോക്കിക്കൊണ്ടിരിക്കേണ്ട കാര്യമില്ല. എന്നാൽ സ്റ്റേറ്റിന് സ്വാഭാവികമായും പരാതികൾ ലഭിക്കും. പരാതി കിട്ടിയാൽ സ്റ്റേറ്റിന് നിയമവിധേയമായി കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് വേണ്ടി ആവശ്യപ്പെടാനുള്ള അധികാരമുണ്ട്.” - അനിവർ അരവിന്ദ്.

“ലോകത്തെ മിക്ക രാജ്യങ്ങളും ശ്രമിക്കുന്നത് സോഷ്യൽ മീഡിയക്ക് മുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്. എൻക്രിപ്ഷൻ (Encryption) ബ്രേക്ക് ചെയ്ത് കണ്ടൻറ് മോഡറേഷൻ (Content Moderation - ആളുകളിൽ നിന്നുണ്ടാവുന്ന നിയമപരമല്ലാത്ത, ഉപദ്രവകരമായ, വിദ്വേഷം പരത്തുന്ന തരത്തിലുള്ള കണ്ടൻറ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രീതി) ചെയ്യാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. എന്നാൽ അതേസമയത്ത് കണ്ടൻറിൽ ഇടപെടാനാവില്ലെന്ന നിലപാടാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പലതും എടുക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന വിഷയങ്ങളിൽ നടപടിയെടുക്കാൻ വാട്ട്സാപ്പും ടെലഗ്രാമുമൊക്കെ മുതിരാറുണ്ട്. ചൈൽഡ് സെക്ഷ്വൽ കണ്ടൻറിൻെറ കാര്യത്തിലൊക്കെ ഇത്തരത്തിൽ ശ്രദ്ധയോട് കൂടിയ നിലപാടാണുള്ളത്,” അദ്ദേഹം വ്യക്തമാക്കി.

എല്ലാ കണ്ടൻറുകളും എന്താണെന്നും അതിൻെറ സ്വഭാവം എന്താണെന്നുമൊക്കെ നോക്കി നിയന്ത്രിക്കണമെന്ന് സ്റ്റേറ്റ് ആവശ്യപ്പെട്ടാൽ അത് ഒരു പ്ലാറ്റ്ഫോമിനെ സംബന്ധിച്ച് പ്രാവർത്തികമായ കാര്യമല്ല

“ഒരു പ്ലാറ്റ്ഫോമിൻെറ യു.എസ്.പിയുടെ (Unique Selling Propsition) ഭാഗമായാണ് ഒരു കണ്ടൻറിനെ എങ്ങനെ വിൽക്കണമെന്ന് അവർ തീരുമാനിക്കുന്നത്. ടെലഗ്രാം പ്രധാനമായും വലിയ ഫയലുകളും കണ്ടൻറുകളുമൊക്കെ ഷെയർ ചെയ്യപ്പെടുന്ന പ്ലാറ്റ്ഫോമാണ്. ആ മീഡിയ പൈറേറ്റഡ് ആണോ, ചെൽഡ് പോൺ ഷെയർ ചെയ്യപ്പെടുന്നുണ്ടോ എന്നതിനെയൊക്കെ നിയന്ത്രിക്കുന്നതിന് പല രീതികളുണ്ടാവാം. അത് പ്ലാറ്റ്ഫോം ആണ് തീരുമാനിക്കേണ്ടത്. ചിലപ്പോൾ ഇത്തരം കണ്ടൻറ് ഷെയർ ചെയ്യുന്ന ഐഡികൾ കണ്ടെത്തി നിയന്ത്രിക്കുന്നതാവാം. റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് അനുസരിച്ച് കണ്ടൻറിനെയോ യൂസറെയോ നിയന്ത്രിക്കുന്നതാവാം. സ്റ്റേറ്റ് സോഷ്യൽ മീഡിയയിലെ എല്ലാ മെസേജുകളും നോക്കിക്കൊണ്ടിരിക്കേണ്ട കാര്യമില്ല. എന്നാൽ സ്റ്റേറ്റിന് സ്വാഭാവികമായും പരാതികൾ ലഭിക്കും. പരാതി കിട്ടിയാൽ സ്റ്റേറ്റിന് നിയമവിധേയമായി കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് വേണ്ടി ആവശ്യപ്പെടാനുള്ള അധികാരമുണ്ട്. എന്നാൽ പ്ലാറ്റ്ഫോം മുൻകൂട്ടി നടപടികൾ എടുക്കണമെന്നത് എപ്പോഴും പ്രായോഗികമായി നടക്കുന്ന കാര്യമായേക്കില്ല. ടെലഗ്രാമുമായി ബന്ധപ്പെട്ട് നടന്ന കാര്യം ഒരു വലിയ പ്രശ്നമായി വ്യക്തിപരമായി ഞാൻ കണക്കാക്കുന്നില്ല. മനുഷ്യർ സമൂഹത്തിൽ ഇടപെടുന്ന പോലെത്തന്നെയാണ് സോഷ്യൽ മീഡിയയിലും ഇടപെടുന്നത്. അതിൻെറ പ്രതിഫലനമാണ് സംഭവിക്കുന്നത്. എല്ലാ കണ്ടൻറുകളും എന്താണെന്നും അതിൻെറ സ്വഭാവം എന്താണെന്നുമൊക്കെ നോക്കി നിയന്ത്രിക്കണമെന്ന് സ്റ്റേറ്റ് ആവശ്യപ്പെട്ടാൽ അത് ഒരു പ്ലാറ്റ്ഫോമിനെ സംബന്ധിച്ച് പ്രാവർത്തികമായ കാര്യമല്ല.” അനിവർ അരവിന്ദ് വ്യക്തമാക്കി.

“കണ്ടൻറ് നിയന്ത്രണത്തിൻെറ കാര്യത്തിൽ ഏത് രീതിയാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് പൊതുവായി പറയാൻ സാധിച്ചെന്ന് വരില്ല. ഇത് പ്ലാറ്റ്ഫോം യു.എസ്.പി V/s കണ്ടൻറ് റെഗുലേഷനെന്ന നടന്നുകൊണ്ടേയിരിക്കുന്ന പ്രോസസിൻെറ ഭാഗമാണ്. ഉദാഹരണത്തിന് ഇന്ത്യയിൽ ജഡ്ജ്മെൻറ് ഉണ്ടാവുകയും അന്വേഷണത്തിൻെറ ഭാഗമായി ഐടി വകുപ്പ് ചാർത്തുകയും ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ സാധിക്കുകയുള്ളൂ. അതിനപ്പുറത്തേക്ക് ഭരണകൂടത്തിൻെറ നിയന്ത്രണം വരുന്നുവെന്നതാണ് ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇവിടെ നിയമത്തിൽ മാറ്റം വരുത്തുകയല്ല ചെയ്യുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Comments