ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം പൊതുയോഗങ്ങളിലോ മറ്റോ ഒതുങ്ങുന്ന ഒന്നല്ല. അത് സ്മാർട്ട്ഫോണുകളിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ മെറ്റാ (Meta) പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയിരിക്കുന്നു. ഡാറ്റാ അനാലിസിസും സങ്കീർണ്ണമായ അൽഗോരിതങ്ങളും ഉപയോഗിച്ച് വോട്ടർമാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്ന രീതിയാണ് ഇന്ന് പല രാഷ്ട്രീയ സംഘടനകളും പിന്തുടരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉപഭോക്തൃ വിപണിയായ ഇന്ത്യയിൽ വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും അത് വിശകലനം ചെയ്ത് ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള രാഷ്ട്രീയ സന്ദേശങ്ങൾ എത്തിക്കുകയും ചെയ്യുന്ന 'മൈക്രോ ടാർഗെറ്റിംഗ്' (Micro-targeting) രീതി ഇന്ന് വ്യാപകമാണ് (Vaidhyanathan, 2018). ഇത് കേവലം വിവരങ്ങൾ കൈമാറുന്ന ഒന്നല്ല, മറിച്ച് വോട്ടർമാരുടെ വികാരങ്ങളെയും മുൻവിധികളെയും ചൂഷണം ചെയ്യുന്ന സംവിധാനമായാണ് പ്രവർത്തിക്കുന്നത്.
സങ്കീർണ്ണമായ അൽഗോരിതങ്ങൾ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും (Misinformation) പ്രചരിപ്പിക്കുന്നത് ഇന്ത്യയുടെ സാമൂഹിക സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഇന്ന് ഉയർത്തുന്നത്. രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരുടെ ഫോൺ നമ്പറുകൾ, സോഷ്യൽ മീഡിയ താൽപ്പര്യങ്ങൾ, ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ ശേഖരിക്കാൻ വലിയ ഐ.ടി സെല്ലുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് ഇവർ ഓരോ വോട്ടറെയും പ്രത്യേക വിഭാഗങ്ങളായി തിരിക്കുന്നു. തുടർന്ന്, വോട്ടർമാരുടെ മനഃശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കി അവർക്ക് താൽപര്യമുള്ള അല്ലെങ്കിൽ അവർ ഭയപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് മാത്രം ബന്ധപ്പെട്ടവ പങ്കുവയ്ക്കുന്നു. ഇത് വോട്ടർമാരെ ഒരു 'ഫിൽട്ടർ ബബിളിനുള്ളിൽ' (Filter Bubble) തളച്ചിടാൻ കാരണമാകുന്നു, അവിടെ അവർക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ശരിവെക്കുന്ന വാർത്തകൾ മാത്രമേ കാണാൻ സാധിക്കൂ (Pariser, 2011) എന്നതാണ് യാഥാർത്ഥ്യം.
മെറ്റായുടെ (Meta) ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അൽഗൊരിതം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഉപഭോക്താക്കളെ കൂടുതൽ സമയം ആപ്പിൽ നിലനിർത്താനാണ്. ഇതിനായി വൈകാരികമായി പ്രകോപിപ്പിക്കുന്ന (Provocative) ഉള്ളടക്കങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും പറയപ്പെടുന്നു. പല രാഷ്ട്രീയ സംഘടനകളും ഈ സാങ്കേതികതയെ വിദ്വേഷ പ്രചാരണത്തിനാണ് ഉപയോഗിക്കുന്നത്. വർഗീയമായോ വിഭാഗീയമായോ ഉള്ളടക്കമുള്ള പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നത് അൽഗൊരിതത്തിന്റെ ഈ സ്വഭാവം കൊണ്ടാണ് (Matakos et al., 2017). ഇന്ത്യയിൽ ഇത്തരം വിദ്വേഷ പോസ്റ്റുകൾ പലപ്പോഴും ആൾക്കൂട്ട അക്രമങ്ങൾക്കും സാമൂഹിക അസ്വസ്ഥതകൾക്കും നാളിന്നുവരെ കാരണമായിട്ടുണ്ട്.

വ്ളോഗർമാരും 'ഇൻഫ്ലൂവൻസർ' രാഷ്ട്രീയവും
സ്വതന്ത്രരെന്ന വ്യാജേന അവതരിക്കുന്ന വ്ളോഗർമാർക്കും ഇൻഫ്ലൂവൻസർമാർക്കും ഇന്ന് വലിയ ജനശ്രദ്ധ ലഭിക്കുന്നുണ്ട്. ഓഡിയൻസ് തങ്ങളുടെ കൂട്ടുകാരിലൊരാളായി തോന്നിപ്പിക്കുന്ന വിധത്തിലുള്ള അവതരണശൈലിയാണ് ഇവരുടെ കരുത്ത്. പരമ്പരാഗത മാധ്യമങ്ങൾ ഒരു വാർത്ത നൽകുമ്പോൾ ഓഡിയൻസ് പുലർത്തുന്ന ജാഗ്രത, തങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്ളോഗർ സംസാരിക്കുമ്പോൾ പുലർത്താറില്ല. ഇത് രാഷ്ട്രീയ സംഘടനകൾക്ക് തങ്ങളുടെ അജണ്ടകൾ 'നിഷ്പക്ഷമായ അഭിപ്രായം' എന്ന രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ എളുപ്പമാക്കുന്നു (Reuters Institute, 2025).
അതുപോലെ, വ്ളോഗർമാർ ഉപയോഗിക്കുന്ന 'തംബ്‌നെയിലുകൾ' (Thumbnails), വൈകാരികമായ തലക്കെട്ടുകൾ എന്നിവ മെറ്റയുടെയും യൂട്യൂബിന്റെയും അൽഗൊരിതങ്ങളെ പെട്ടെന്ന് ആകർഷിക്കുന്നു. ഇത് വിദ്വേഷം നിറഞ്ഞ ഉള്ളടക്കങ്ങൾ പോലും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് മിനിറ്റുകൾക്കുള്ളിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിദ്വേഷ വിപണി
സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണം രാഷ്ട്രീയലക്ഷ്യം വെച്ചുമാത്രമല്ല, അതൊരു വലിയ ഭീമൻ ബിസിനസ് കൂടിയാണ്. ഇന്ത്യയിലെ ഡിജിറ്റൽ രാഷ്ട്രീയാന്തരീക്ഷത്തിൽ, വിദ്വേഷവും വർഗീയതയും വിളമ്പുന്നത് ഇന്ന് കരിയർ ഓപ്ഷനായി മാറിയിരിക്കുകയാണ്. വ്ളോഗർമാരും ഇൻഫ്ലൂവൻസർമാരും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്നസങ്കീർണ്ണ സാമ്പത്തിക ശൃംഖല ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
മെറ്റ (Meta), യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ വരുമാന മാതൃക 'എൻഗേജ്‌മെന്റ്' (Engagement) അടിസ്ഥാനമാക്കിയുള്ളതാണ്. ഉപഭോക്താക്കളെ എത്രത്തോളം സമയം പ്ലാറ്റ്‌ഫോമിൽ നിർത്തുന്നുവോ, അത്രയും കൂടുതൽ പരസ്യ വരുമാനം പ്ലാറ്റ്‌ഫോമിനും കണ്ടന്റ് ക്രിയേറ്റർക്കും ലഭിക്കുന്നു എന്ന് സാരം.
അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് അറ്റൻഷൻ ഇക്കോണമി (Attention Economy). സമാധാനപരമായ ചർച്ചകളേക്കാൾ വേഗത്തിൽ ആളുകളെ ആകർഷിക്കുന്നത് പ്രകോപനപരമായ പ്രസംഗങ്ങളും വിദ്വേഷം നിറഞ്ഞ തംബ്‌നെയിലുകളുമാണ്. ഒരു വ്ളോഗർ ഒരു പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുമ്പോഴോ അല്ലെങ്കിൽ ഭീതി ജനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുമ്പോഴോ അൽഗൊരിതം ആ വീഡിയോ ലക്ഷക്കണക്കിന് ആളുകളിലേക്ക് നിമിഷനേരംകൊണ്ട് എത്തിച്ചുനൽകുന്നു. ഇത് കൂടുതൽ കാഴ്ചക്കാരെ (Views) നേടിക്കൊടുക്കുകയും വ്ളോഗറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പരസ്യവരുമാനമായി എത്തിക്കുകയും ചെയ്യുന്നു (Borderlines, 2025). വിദ്വേഷ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന വ്ളോഗർമാർക്ക് ലഭിക്കുന്ന റീച്ച് (Reach) അവരെ കൂടുതൽ ഇത്തരം വീഡിയോകൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് ഒരു സൈക്കിൾ പോലെ പ്രവർത്തിക്കുന്നു അതായത്: “വിദ്വേഷം വ്ളോഗർക്ക് പണം നൽകുന്നു, പണം കൂടുതൽ വിദ്വേഷം നിർമ്മിക്കാൻ പ്രോത്സാഹനമാകുന്നു.”
വിദ്വേഷ പ്രചാരണം എങ്ങനെ സാമ്പത്തികമായി വളരുന്നു എന്ന് വ്യക്തമാക്കുന്ന പട്ടിക:

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും വോട്ടർമാരുടെ സാംസ്കാരികവും മതപരവുമായ വൈകാരികതകൾ വ്യത്യസ്തമാണ് എന്ന വസ്തുത രാഷ്ട്രീയ പാർട്ടികളുടെ ഐ.ടി സെല്ലുകൾ തന്ത്രപരമായി ഉപയോഗിക്കുന്നു. മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഉപഭോക്തൃ ഡാറ്റ സൂക്ഷ്മമായി വിശകലനം ചെയ്ത്, ഏത് ഭൂപ്രദേശത്ത് ഏതുതരം വിദ്വേഷം പ്രചരിപ്പിച്ചാലാണ് കൂടുതൽ 'എൻഗേജ്മെന്റ്' അല്ലെങ്കിൽ പ്രതികരണം ലഭിക്കുക എന്ന് ഇവർ മുൻകൂട്ടി നിശ്ചയിക്കുന്നു. ഇതിനെ 'അൽഗോരിതമിക് റീജിയണലിസം' (Algorithmic Regionalism) എന്നാണ് പറയുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ 'മതപരമായ അരക്ഷിതാവസ്ഥ'യാണ് പ്രധാനമായും വിറ്റഴിക്കപ്പെടുന്നത്. ഇതര മതസ്ഥർ ഭൂരിപക്ഷമാകുന്നു എന്ന തരത്തിലുള്ള വ്യാജ കണക്കുകളും ചരിത്രപരമായ വിദ്വേഷം ഉണർത്തുന്ന ഡീപ്ഫേക്ക് വീഡിയോകളും വ്ളോഗർമാർ വഴി ഇവിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. "നമ്മുടെ സംസ്കാരം അപകടത്തിലാണ്" എന്ന തരത്തിലുള്ള ആക്രോശങ്ങൾ ഈ മേഖലകളിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യ ഹേറ്റ് ലാബിന്റെ (India Hate Lab, 2025) റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ ഡിജിറ്റൽ വിദ്വേഷ പ്രചാരണങ്ങളിൽ 60 ശതമാനവും ജനങ്ങളിലേക്ക് എത്തിയത് പ്രാദേശിക വ്ളോഗർമാരിലൂടെയാണ് എന്നാണ്.
അതേസമയം കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ഉത്തരേന്ത്യൻ മോഡൽ നേരിട്ട് നടപ്പിലാക്കാൻ പ്രയാസമായതിനാൽ, വ്ളോഗർമാരെ ഉപയോഗിച്ച് പ്രാദേശികവാദവും ഭാഷാപരമായ വിദ്വേഷവുമാണ് രാഷ്ട്രീയ പാർട്ടികൾ വിപണനം ചെയ്യുന്നത്. 'അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെയുള്ള ഭീതി', 'പ്രാദേശിക ഭാഷയോടുള്ള അവഗണന' തുടങ്ങിയ വിഷയങ്ങൾ അൽഗോരിതം വഴി അതിവേഗം പ്രചരിപ്പിക്കുകയും രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയും.
കേരളത്തിലെ സവിശേഷമായ 'വിദ്വേഷ വിപണി' പരിശോധിച്ചാൽ, അവിടെ വ്ളോഗർമാർ നടത്തുന്നത് അതിസൂക്ഷ്മമായ സോഷ്യൽ എഞ്ചിനീയറിംഗാണെന്ന് കാണാം. ഓരോ സമുദായത്തിനിടയിലും മറ്റ് വിഭാഗങ്ങളെക്കുറിച്ച് സംശയവും ഭീതിയും പടർത്തുന്ന വീഡിയോകൾ നിർമ്മിക്കുകയും, മൈക്രോ- ടാർഗെറ്റിംഗ് വഴി അവ കൃത്യമായി ആ സമുദായത്തിലെ യുവാക്കളിലേക്ക് മാത്രം എത്തിക്കുകയും ചെയ്യുന്നു. കണക്കുകൾ പ്രകാരം ഫേസ്ബുക്കിനേക്കാൾ ഉപരിയായി, ഇത്തരം സമുദായം തിരിച്ചുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് കേരളത്തിൽ വിദ്വേഷത്തിന്റെ വിപണനം തകൃതിയായി നടക്കുന്നത്. ഇത്തരത്തിൽ, രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയെ ഒരൊറ്റ വിപണിയായല്ല, മറിച്ച് വിദ്വേഷത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാവുന്ന വ്യത്യസ്ത ഉപ-വിപണികളായാണ് കണക്കാക്കുന്നത്. ഇത് വോട്ടർമാരുടെ ചിന്താശേഷിയെ തകർക്കുകയും ജനാധിപത്യത്തെ വെറുമൊരു ഡാറ്റാ അധിഷ്ഠിത കച്ചവടമായി മാറ്റുകയും ചെയ്യുന്നു.

രാഷ്ട്രീയ പാർട്ടികളും ഇൻഫ്ലുവൻസർമാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അതീവ രഹസ്യവും സങ്കീർണ്ണവുമായ രീതിയിലാണ് നടപ്പിലാക്കുന്നത്. ഇതിനായി നേരിട്ട് ശമ്പളം നൽകുന്നതിന് പകരം 'സെറഗേറ്റ് ഏജൻസികൾ' (Surrogate Agencies) അഥവാ നിഴൽ ഏജൻസികളെയാണ് പാർട്ടികൾ പ്രധാനമായും ആശ്രയിക്കുന്നത്. ഈ ഏജൻസികൾ ഒരു മറയായി പ്രവർത്തിക്കുന്നതിനാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ മറ്റ് അന്വേഷണ ഏജൻസികളുടെയോ പരിശോധനകളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ സാധിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളെന്നോ പി.ആർ (PR) ഏജൻസികളെന്നോ അവകാശപ്പെടുന്ന ഇത്തരം സ്ഥാപനങ്ങൾ വഴിയാണ് വ്ലോഗർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻതുകകൾ കൈമാറുന്നത്. ഇത് പലപ്പോഴും ഒരു 'ബിസിനസ് കൺസൾട്ടേഷൻ' എന്ന നിലയിൽ രേഖപ്പെടുത്തുന്നതിനാൽ ഇതിലെ രാഷ്ട്രീയ താൽപര്യങ്ങൾ പുറംലോകം അറിയുന്നതേയില്ല. വ്ലോഗർമാരുടെ വീഡിയോകൾ വൈറലാക്കാൻ ഐടി സെല്ലുകൾ നൽകുന്ന ബോട്ട് (Bot) സേവനങ്ങളും അൽഗൊരിതമിക് പിന്തുണയും ഇത്തരത്തിൽ പരോക്ഷമായ സാമ്പത്തിക സഹായമായാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യ ഹേറ്റ് ലാബിന്റെ (India Hate Lab) 2025-ലെ റിപ്പോർട്ട് പ്രകാരം, പറയപ്പെടുന്നത് ഇന്ത്യയിലെ മുൻനിരയിലുള്ള 100 രാഷ്ട്രീയ വ്ലോഗർമാരിൽ 65 ശതമാനം പേരും ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഐടി സെല്ലുമായി നേരിട്ടോ അല്ലാതെയോ സാമ്പത്തിക ബന്ധം പുലർത്തുന്നവരാണ് എന്നാണ്.

മെറ്റാ (Meta) പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ അൽഗൊരിതമിക് പിന്തുണയും, സെറഗേറ്റ് ഏജൻസികൾ വഴിയുള്ള രഹസ്യ ഫണ്ടിംഗും ഈ വിദ്വേഷ വിപണിയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു. വ്ളോഗർമാർ 'സ്വതന്ത്ര നിരീക്ഷകർ' എന്ന വ്യാജേന വിദ്വേഷവും തെറ്റായ വിവരങ്ങളും വിപണനം ചെയ്യുമ്പോൾ, വോട്ടർമാർ അറിയാതെ തന്നെ ഒരു വലിയ 'പ്രചാരണ യുദ്ധത്തിന്റെ' ഇരകളായി മാറുന്നു. ഈ രാജ്യത്ത് ജീവിക്കുമ്പോൾ നാം എന്ത് കാണണം എന്നവർ തീരുമാനിച്ചുകഴിഞ്ഞു. ഇതിനായി വിവരങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാനുള്ള വോട്ടർമാരുടെ വിവേചനബുദ്ധിയും കർക്കശമായ നിയമനിർമ്മാണങ്ങളുമാണ് ഈ 'ഡിജിറ്റൽ ഏകാധിപത്യത്തെ' പ്രതിരോധിക്കാൻ നമുക്ക് മുന്നിലുള്ള ഏക വഴി എന്ന് മനസിലാക്കണം.

