നാം ജീവിക്കുന്നത് അസാധാരണമായ ഡിജിറ്റൽ കാലത്താണ്. കാലം എന്നതിനേക്കാൾ സമയം എന്ന വാക്കാണ് ചേരുക. കാലത്തിന്റെ പരപ്പിനെ നിമിഷത്തിന്റെ മിടിപ്പുകൊണ്ട് പകരംവെച്ചിരിക്കുന്നു. വിരലെത്തുന്നിടത്ത് വിവരങ്ങൾ തുളുമ്പിനിൽക്കുന്ന സമയം. അനന്തമായി വിജ്ഞാനവും വിനോദവും മുന്നിലെ സ്ക്രീനിലുണ്ട്. ആരും അകലെയല്ലാതായിരിക്കുന്നു. ‘അകലം’ എന്ന എന്ന സങ്കല്പം അവസാനിച്ചിരിക്കുന്നു. കാലസങ്കൽപങ്ങൾ തന്നെ മാറിമറിയുകയാണ്. ഇന്നലകളുടെ അടരുകളെ മുഴുവൻ ചിമിഴുകളിൽ കാത്തുസൂക്ഷിക്കാമെന്നിരിക്കെ ഭൂതകാലം, ഗൃഹാതുരതയുടെ അകലങ്ങളെ വെടിഞ്ഞ് വർത്തമാനകാലവുമായി തുല്യത പങ്കിടുന്നു. സമയം കാലങ്ങളുടെ സമനിരപ്പിലാണ് നാം നിൽക്കുന്നത്. ഭാവി അതിന്റെ വിദൂരദൂരമായ ‘അലക’ സങ്കല്പങ്ങളെ വിട്ടൊഴിഞ്ഞു. അടുത്ത നിമിഷമോ നിമിഷശകലമോ ആണ് ഡിജിറ്റൽ ഭാവികാലം.
2023-ൽ പുറത്തുവന്ന ‘ആ’ എന്ന നോവലിന്റെ ഒന്നാം അധ്യായത്തിൽ മാധ്യമകാലത്തെക്കുറിച്ച് ഒരു ലഘു സംവാദമുണ്ട്. മാറുന്ന കാലവും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചാണത്. പരമ്പരാഗത പത്രമാധ്യമത്തിലെ എഡിറ്റോറിയൽ യോഗമാണ് സന്ദർഭം. യോഗത്തിനിടെ സുഹൃത്തുമായി ദീർഘമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന യുവ മാധ്യമപ്രവർത്തകൻ സംഭാഷണം അവസാനിപ്പിച്ച് ആ മീറ്റിംഗിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നതാണ് സന്ദർഭം.
ഒരു ഡിജിറ്റൽ തിരയിൽ, ചിഴലിയിൽ, പേമാരിയിൽ രാഷ്ട്രതന്ത്രങ്ങളും ഭൂപടങ്ങളും മാഞ്ഞുപോയേക്കാം. മനുഷ്യരുടെ മുൻഗണനകൾ മാറിമറിയും. ഭാഷയാണതിന്റെ കളിസ്ഥലം.
നോവൽ സന്ദർഭം:
“ആ ഫോൺ സംഭാഷണം അവസാനിപ്പിക്കുമ്പോൾ ചീഫ് എഡിറ്റർ സി. ജെ. മാത്യുവിന്റെ ചേംബറിൽ എത്ര ശ്രമിച്ചിട്ടും കുറഞ്ഞുപോകുന്ന വരിക്കാരെക്കുറിച്ചുള്ള ആശങ്ക ചർച്ചചെയ്യുന്ന മുതിർന്ന പത്രപ്രവർത്തകർക്കൊപ്പം അണ്ടിപ്പരിപ്പും കൊറിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലാതെ ഞാൻ ഇരിക്കുകയായിരുന്നു. അത്യധികം ഗൗരവമായ ചർച്ചക്കിടയിൽ ഞാൻ ഫോണിൽ സംസാരിച്ചത് പിടിക്കാത്തതുകൊണ്ടാകണം ഡെയ്‍ലി ന്യൂസ് എഡിറ്റർ വർമ്മാജി ‘നിങ്ങൾ പുതിയ ആളുകൾക്ക് ഇതിനെക്കുറിച്ചെന്താണ് പറയാനുള്ളത്?’ എന്നൊരു ചോദ്യം പരമാവധി പുച്ഛത്തോടെ എനിക്കുനേരെ എറിഞ്ഞത്. ഞാനപ്പോൾ വിനോദിനൊപ്പം കൂടാൻ രണ്ടുദിവസത്തെ അവധി എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയിലായിരുന്നു.
അതുകൊണ്ടുതന്നെ ‘ഈ രീതിയിൽ പത്രങ്ങൾ ഇനി അധികനാൾ പോകില്ല’ എന്നൊരു വാചകമാണ് നാവിൽ വന്നത്.
‘അതെന്താ അച്ചടി അവസാനിക്കാൻ പോകുന്നു, ഇനി ഡിജിറ്റൽ കാലമാണ് എന്നാണോ?’, മാത്യു സാർ അല്പം നർമ്മം കലർത്തി കണ്ണട ഊരി മേശമേൽവച്ചു. അദ്ദേഹത്തെ സന്തോഷിപ്പിക്കാനും എന്നെ ഒന്നിരുത്താനുമെന്നോണം വർമ്മാജി സാമാന്യം ഉച്ചത്തിൽ ചിരിച്ചു. മറ്റുള്ളവർ എന്തിനെന്നറിയാതെ വികൃതമായി പുഞ്ചിരിച്ചു് അദ്ദേഹത്തോട് സഹകരിച്ചു.
‘അച്ചടിയുടെ കാലം അവസാനിക്കും എന്ന പ്രവചനമോ ഡിജിറ്റൽ മാധ്യമങ്ങളാണ് ഇനി വരാനിരിക്കുന്നത് എന്ന തിരിച്ചറിവോ മാത്രമല്ല. അത് സാവധാനം സംഭവിച്ചുകൊണ്ടിരിക്കും. വിവരങ്ങൾ അറിയുന്നതിനോ അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിനോ നമ്മുടേതുപോലുള്ള പത്രങ്ങളും ആഴ്ചപ്പതിപ്പുകളും ഇന്നാരും ആശ്രയിക്കുന്നില്ലെന്നാണ് എന്റെ അനുഭവം. അല്ലെങ്കിൽ അവർ അറിഞ്ഞതിനേക്കാൾ പിറകിലാണ് നമ്മൾ. അവരുടെ അഭിപ്രായ രൂപീകരണത്തേക്കാൾ വളരെവളരെ പിന്നിലാണ് നമ്മൾ സഞ്ചരിക്കുന്നത്’- പൊടുന്നനെ എല്ലാവരിലും ചിരിമായുന്നതും മാത്യു സാറിന്റെ മുഖം ഗൗരവപ്പെടുന്നതും കണ്ണട തിരികെ മുഖത്ത് പ്രവേശിക്കുന്നതും കാണായി. കസേരയിൽ പിന്നാക്കം ചാഞ്ഞിരുന്ന് അദ്ദേഹം പറഞ്ഞു.

‘ശരിയാണ്. നമ്മുടെ ഉള്ളടക്കങ്ങൾ കാലത്തിന് വളരെ പിന്നിലാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്’, അദ്ദേഹം ഒന്നു നിർത്തി.
‘സത്യസന്ധമായി ആലോചിച്ചാൽ നമുക്ക് കാരണങ്ങൾ ഇല്ലാതായിരിക്കുന്നു. എന്തിനുവേണ്ടിയാണ് രാപ്പകലില്ലാതെ പണിപ്പെട്ട് പത്രങ്ങളോ ആഴ്ചപ്പതിപ്പുകളോ അച്ചടിച്ചിറക്കുന്നത്? അതിന്റെ ദൗത്യമെന്താണ്? ഒന്നും നിർവഹിക്കാതെപോകുന്ന അക്ഷരക്കൂട്ടങ്ങളുടെ ഉൽപ്പാദകരാണ് നാം. നാല്പതോ നാല്പത്തഞ്ചോ വയസുകഴിഞ്ഞവരുടെ നൊസ്റ്റാൾജിയയാണ് ഇന്ന് പത്രങ്ങൾ. നിങ്ങൾ പറഞ്ഞതുപോലെ ഒരു ഇൻഫർമേഷനും ഒപ്പീനിയനുംവേണ്ടി ആരും പത്രങ്ങളെ ആശ്രയിക്കുന്നില്ല. ഓരോദിവസവും അല്ലങ്കിൽ ആഴ്ചയിലൊരിക്കൽ പുറപ്പെടുന്ന ആത്മരതിയുടെ കടലാസുരേഖകൾ’.
അപ്പോഴേക്കും എല്ലാവരുടെയും ചിരി പൂർണ്ണമായും മാഞ്ഞിരുന്നു. മാത്യു സാർ കസേര ഒന്നുകൂടി പിന്നാക്കം ചായ്ച്ച് മച്ചിലെ ശൂന്യതയിൽ കണ്ണും നട്ടാണ് സംസാരിച്ചത്. പിന്നീട് അവിടെ പടർന്ന നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹം നിവർന്നു.
‘ശരി. നമുക്കിവിടെ അവസാനിപ്പിക്കാം’.
എഡിറ്റോറിയൽ മീറ്റിംഗ് അവസാനിച്ചു. എല്ലാവരും എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. ചർച്ച അവിടെ അവസാനിച്ചതിന്റെ ആശ്വാസമായിരുന്നു എല്ലാവരുടെയും മുഖത്ത്.
പുറത്തേയ്ക്ക് പോകുന്നതിന്മുമ്പ് ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിന്റെ ഉള്ളടക്കം ഞാൻ മാത്യുസാറിന്റെ മേശപ്പുറത്തേയ്ക്ക് നീക്കിവച്ചു. ലീവ് ചോദിക്കാനൊരു ആമുഖം എന്ന നിലയിലാണ് ഞാനത് ചെയ്തത്. എന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി ചെറുചിരിയോടെ അദ്ദേഹം ആ കടലാസ് വായിച്ചു.
‘ഒരു പക്ഷെ, പത്രാധിപരുടെ തലമുറയിലെ അവസാന കണ്ണികളായിരിക്കും ഞാനൊക്കെ. വംശനാശം നേരിടുന്ന ജീവികകൾ. ഇനി ഒരെഡിറ്റർ ആവശ്യമുണ്ടാവില്ല, അല്ലേഡോ?’, ചിരിയോ പരിഹാസമോ ദുഃഖമോ വേർതിരിച്ചെടുക്കാനാവാത്ത വികാരങ്ങളാൽ കലങ്ങിയ മുഖമായിരുന്നു അപ്പോഴദ്ദേഹത്തിന്.
‘എൺപത് കഴിഞ്ഞെഡോ... ഓർമ്മകളുടെ ഡെപ്പോസിറ്റൊക്കെ കഴിഞ്ഞു...’, എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. അദ്ദേഹത്തിന്റെ മനസ്സ് പ്രക്ഷുബ്ധമാകുന്നത് ഞാനറിഞ്ഞു. ഒരേ വൃത്തപരിധിയിൽ കറങ്ങിയും സ്വയംതിരിഞ്ഞും പുലർന്നുപോന്ന അരനൂറ്റാണ്ടിന്റെ ഭ്രമണഭാരത്തിന്റെ നിസ്സാരതയിൽ അന്നാദ്യമായി അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനാകുന്നത് ഞാൻ കണ്ടു. കാലത്തിന്റെ ഓർബിറ്റിൽനിന്ന് പുറത്തേയ്ക്ക് തെന്നിമായാനിടയുള്ള ഒരു കൊള്ളിയാൻ.
‘ഒരോർമ്മയും അവശേഷിപ്പിക്കാതെ ചിലപ്പോൾ മനുഷ്യർ മാഞ്ഞുപോകും. കല്ലച്ചുകൂടങ്ങളിൽ വിയർത്തവരെ നാം എത്രയോമുമ്പേ മറന്നുപോയിരുന്നു. അല്ലേ? കാലം ആവശ്യപ്പെടുന്നില്ലങ്കിൽ പിന്നെ....’, ആ വാക്യം പൂർണ്ണമാക്കാതെ ഒപ്പിട്ട കടലാസ് എനിക്ക് നേരേ നീട്ടി. എന്തൊക്കെയോ പറയാമായിരുന്നിട്ടും ഒന്നും പറയാനാകാതെ ഞാൻ മുറിവിട്ടിറങ്ങി.
കുളിച്ചുകൊണ്ടിരുന്നപ്പോൾ അതുതന്നെയാണ് ഞാൻ ആലോചിച്ചത്. ഓർമ്മകളുടെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശകൊണ്ടാണ് ശരിക്കും മനുഷ്യർ ജീവിക്കുന്നത്. ആ ഓർമ്മകളെ ഒരു മെമ്മറി കാർഡിലേയ്ക്ക് പകർത്താനായാൽ ശരീരം ഒരു പാഴ്‍വസ്തുവായി മാറുമോ? മജ്ജയും മാംസവും തൃഷ്ണകളും അരിച്ചെടുത്ത ഹാർഡ് ഡിസ്കുകളിൽനിന്ന് വൈകാരികമായ ആ ഓർമ്മകളെ ഡീ കോഡ് ചെയ്യാനാവുമോ?അവിടെ മനുഷ്യരുടെ ഭാഗധേയം എന്തായിരിക്കും?”

ഈ ചോദ്യങ്ങൾ പങ്കുവച്ചാണ് നോവൽ ഭാഗം അവസാനിക്കുന്നത്. ചോദ്യങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം.
ഡിജിറ്റൽ സമയം മനുഷ്യരെ, അവരുടെ ഭാഗധേയങ്ങളെ മാറ്റിപ്പണിയുകയാണ്. ഒരു ഡിജിറ്റൽ തിരയിൽ, ചിഴലിയിൽ, പേമാരിയിൽ രാഷ്ട്രതന്ത്രങ്ങളും ഭൂപടങ്ങളും മാഞ്ഞുപോയേക്കാം. മനുഷ്യരുടെ മുൻഗണനകൾ മാറിമറിയും. ഭാഷയാണതിന്റെ കളിസ്ഥലം. നിർമ്മിത ബുദ്ധിയും, മെറ്റ എ ഐയും ഭാഷയാൽ നിർമ്മിതമെത്രെ. ഏതു ഭാഷയിലേയ്ക്കും വ്യാകരണത്തിലേയ്ക്കും പരകായം ചെയ്യാവുന്ന ഡിജിറ്റൽ ലീലയിലെ കളിക്കാരോ കാണികളോ, പങ്കാളികളോ ആയി പുതുവായനക്കാരും എഴുത്തുകാരും, സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളും മാറുകയാണ്. രാഷ്ട്ര-സാമൂഹ്യ സങ്കല്പങ്ങൾകുഴമറിയുന്നതും സ്വാതന്ത്ര്യവും ജനാധിപത്യവും സാഹോദര്യവും സമത്വവും നീതിയും ധാർമ്മികതയും അറിവും ആനന്ദവും അച്ചുകൂട സദാചാരങ്ങളിൽ നിന്ന് പാറിപ്പറന്നുപോകുന്നതും അക്ഷരങ്ങൾ പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നതും കാണുക. നാം ഭാഷയാൽ സ്നാനം ചെയ്യപ്പെട്ടവരെത്രെ.