ലോകത്താകെയുള്ള മെറ്റ യൂസേഴ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ്. “കൂടുതൽ സംസാരം, കുറച്ച് തെറ്റുകൾ” എന്ന് വ്യക്തമാക്കിയാണ് സക്കർബർഗ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോണൾഡ് ട്രംപ് അമേരിക്കയിൽ രണ്ടാമതും പ്രസിഡൻറായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ലോകത്തിലേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമത്തിൻെറ ഉടമ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എക്കാലത്തും സക്കർബർഗിൻെറയും ഫേസ്ബുക്കിൻെറയും വലിയ വിമർശകനാണ് ട്രംപ്. കഴിഞ്ഞ ടേമിൽ ജോ ബൈഡൻ അധികാരത്തിലേറുമ്പോൾ സക്കർബർഗ് സഹായിച്ചുവെന്നും തനിക്കെതിരെ വലിയ ഗൂഢാലോചനകൾ നടത്തിയെന്നുമാണ് ട്രംപ് ആരോപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്കെതിരെയാണ് സക്കർബർഗ് പ്രവർത്തിച്ചതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമെ, താൻ അധികാരത്തിലെത്തിയാൽ സുക്കർബർഗിനെ ജയിലടയ്ക്കുമെന്ന് പോലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നിയമലംഘനങ്ങൾ നടത്തിയെന്നതുമാണ് ആരോപിച്ച കുറ്റങ്ങൾ. “ഞങ്ങൾ അയാളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇനിയെന്തെങ്കിലും നിയമലംഘനം നടത്തിയാൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” - സക്കർബർഗിന് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് നൽകിയ മുന്നറിയിപ്പ് ഇങ്ങനെയാണ്. ഈ ഭീഷണിയിൽ സക്കർബർഗ് ഭയക്കുന്നുണ്ടെന്ന് തന്നെയാണ് ഇപ്പോഴത്തെ അദ്ദേഹത്തിൻെറ പുതിയ പ്രഖ്യാപനങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.
ലോകത്ത് അമേരിക്കയുടെ പഴയ ആധിപത്യം തിരിച്ച് പിടിക്കുകയെന്നതാണ് ട്രംപിൻെറ രണ്ടാം വരവിലെ മുഖ്യ അജണ്ട. ‘അമേരിക്ക ഫസ്റ്റ്’ എന്നതായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന മുദ്രാവാക്യം. എക്സ് ഉടമ ഇലോൺ മസ്കിനെ കൂട്ടുപിടിച്ചായിരുന്നു ട്രംപിൻെറ പ്രചാരണം. സോഷ്യൽ മീഡിയയിൽ ട്രംപിന് കിട്ടിയ വലിയ പിന്തുണ എക്സിൽ നിന്നായിരുന്നു. ട്രംപിൻെറ പുതിയ ക്യാബിനറ്റിൽ സുപ്രധാന റോളിൽ മസ്കും കൂടെയുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായതിനാൽ മെറ്റക്കെതിരെ നീക്കങ്ങളുണ്ടാവുമെന്ന് സക്കർബർഗ് മുൻകൂട്ടി കണക്കാക്കുന്നുണ്ട്. അതിനാൽ തന്നെയാണ് ട്രംപിനെ സുഖിപ്പിക്കുന്ന തരത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കാൻ സക്കറും സംഘവും തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് പ്രഖ്യാപനത്തിലുള്ളത്. ഇതിൽ പലതും നേരത്തെ ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത് കൂടിയാണ്. അതിനാൽ തന്നെ പുതിയ ഭരണാധികാരിക്ക് കീഴ്പ്പെട്ട് കൊണ്ടാണ് സക്കർബർഗും മുന്നോട്ട് പോവുകയെന്നതിന് വ്യക്തമായ സൂചനയാവുകയാണ് മെറ്റയുടെ നയം മാറ്റം.
മെറ്റയുടെ മാറ്റങ്ങൾ
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് സക്കർബർഗ് വീഡിയോ തുടങ്ങുന്നത്. താൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചത് തന്നെ ആളുകൾക്ക് തങ്ങളുടെ അഭിപ്രായം സ്വതന്ത്രമായി പങ്കുവെക്കാൻ വേണ്ടിയാണ്. “അഭിപ്രായ സ്വാതന്ത്ര്യത്തിൻെറ പ്രാധാന്യം എന്തെന്ന് വ്യക്തമാക്കിക്കൊണ്ട് അഞ്ച് വർഷം മുമ്പ് ജോർജ്ടൌണിൽ ഞാൻ സംസാരിച്ചിട്ടുണ്ട്. ആ പറഞ്ഞതിൽ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലത്ത് ലോകത്തിൽ പലതും സംഭവിച്ചു. ഓൺലൈൻ കണ്ടൻറ് സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് വലിയ ചർച്ചകളുണ്ടായി. സർക്കാരുകളും ലെഗസി മീഡിയയും കണ്ടൻറ് സെൻസർ ചെയ്യാനുള്ള നടപടികളെടുത്തു. ഇതിൻെറ കാരണം പലതും രാഷ്ട്രീയമായിരുന്നു. എന്നാൽ മയക്കുമരുന്ന്, ക്രിമിനൽ കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണ, കുട്ടികളെ ചൂഷണം ചെയ്യൽ, ഭീകരവാദം തുടങ്ങിയ ഗുരുതരമായ വിഷയങ്ങളും ഇതിലുണ്ടായിരുന്നു. വളരെ ഉത്തരവാദിത്വത്തോടെയാണ് ഞങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടിരുന്നത്. കണ്ടൻറ് നിയന്ത്രണങ്ങൾക്കായി കൃത്യമായ ഒരു സംവിധാനം ഞങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സങ്കീർണമായ സംവിധാനത്തിൻെറ പ്രശ്നം എന്തെന്നുവെച്ചാൽ അത് വലിയ തെറ്റുകൾ വരുത്തുമെന്നാണ്. ആ തെറ്റുകൾ ഞങ്ങൾ തിരുത്താൻ പോവുകയാണ്,” ആമുഖമായി സക്കർബർഗ് പറയുന്നത് ഇതാണ്.
ഫാക്ട്ചെക്കേഴ്സിനെ വേണ്ട
സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാനമില്ലാത്തതും തെറ്റായതുമായ വിവരങ്ങൾ പങ്കുവെക്കപ്പെടുന്നത് വർധിച്ചതോടെയാണ് ഫാക്ട്ചെക്ക് എന്നൊരു സംവിധാനം ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വരുന്നത്. ഇത് എടുത്തുമാറ്റുകയാണെന്നാണ് സക്കർബർഗ് മെറ്റയിലെ ആദ്യമാറ്റമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫാക്ട് ചെക്കേഴ്സിന് പകരം ഇനി കമ്മ്യൂണിറ്റി നോട്ട്സായിരിക്കും ഉണ്ടായിരിക്കുക. ഇതിന് ഇലോൺ മസ്കിൻെറ എക്സിനെയാണ് മാതൃകയാക്കാൻ പോവുന്നതെന്നും സക്കർബർഗ് പറയുന്നു. “2016-ൽ ട്രംപ് അമേരിക്കയിൽ അധികാരത്തിലേറിയ കാലത്ത് തെറ്റായ വിവരങ്ങളുടെ പ്രചാരണം ജനാധിപത്യത്തെ എത്രത്തോളം മോശമായി ബാധിക്കുന്നുവെന്ന തരത്തിൽ ചർച്ചകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കുന്ന ആ വിഷയത്തെ വളരെ ഉത്തരവാദിത്വബോധത്തോടെയാണ് ഞങ്ങൾൾ പരിഗണിച്ചിരുന്നത്. എന്നാൽ ഫാക്ട്ചെക്കേഴ്സ് രാഷ്ട്രീയമായി വല്ലാതെ ചായ്-വ് കാണിക്കുകയാണ് ചെയ്തത്. അവർ ഉണ്ടാക്കിയെടുത്ത വിശ്വാസം അവർ തന്നെ തകർക്കുകയായിരുന്നു. അതിനാൽ കൃത്യമായ കമ്മ്യൂണിറ്റി നോട്ട് സിസ്റ്റത്തിലേക്ക് ഞങ്ങൾ ചുവടുമാറുകയാണ്,” സക്കർബർഗ് പറഞ്ഞു. ഒന്നാം ട്രംപിൻെറ കാലത്തോ, ട്രംപ് അധികാരത്തിന് പുറത്തിരുന്ന കാലത്തോ വരുത്തിയ നിയന്ത്രണങ്ങളിൽ തനിക്ക് പശ്ചാത്താപമുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് തന്നെയാണ് സക്കർബർഗ് ഇത് പറയുന്നത്.
കണ്ടൻറ് പോളിസി ലളിതമാക്കുന്നു
കുടിയേറ്റം, ജെൻഡർ തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തൊഴിവാക്കാൻ പോവുകയാണ് മെറ്റ. “ഞങ്ങൾ കൂടുതൽ തുറന്ന സമീപനമാണ് ഇക്കാര്യത്തിൽ എടുക്കാൻ പോവുന്നത്. വ്യത്യസ്ത അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കാൻ ഇനി ഞങ്ങളില്ല. ഞങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആളുകൾക്ക് തങ്ങളുടെ വിശ്വാസങ്ങൾ പറയാനും അനുഭവങ്ങൾ പറയാനും സാധിക്കണം. അത് ഞാൻ ഉറപ്പാക്കും” - സുക്കർബർഗ് വ്യക്തമാക്കി. ഏത് വിഷയത്തിലും വ്യക്തമായി അഭിപ്രായങ്ങൾ തുറന്നുപറയാവുന്ന ഇടമായി തങ്ങളുടെ പ്ലാറ്റ്ഫോമിനെ മാറ്റുകയാണ് ലക്ഷ്യമെന്നാണ് സക്കർബർഗ് പറയുന്നത്. ഫാക്ടചെക്കേഴ്സിനെ ഒഴിവാക്കുന്നതോടൊപ്പം ആളുകൾക്ക് പറയാനുള്ള കാര്യങ്ങളിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഇനിയില്ലെന്ന് മെറ്റ യൂസേഴ്സിനോട് പറയുകയാണ്. കുടിയേറ്റത്തിൻെറ കാര്യത്തിൽ മനുഷ്യത്വവിരുദ്ധമായ അഭിപ്രായങ്ങൾ പോലും പറഞ്ഞിട്ടുള്ളയാളാണ് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ ക്രിമിനൽ പ്രവൃത്തികൾക്കെല്ലാം കാരണം കുടിയേറ്റക്കാരാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഒന്നാം ട്രംപ് ഭരണകൂടകാലത്ത് മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് പ്രതീക്ഷിച്ച പോലെ നടപ്പാക്കാൻ സാധിച്ചിരുന്നില്ല. കൂടുതൽ കരുത്തനായി അധികാരത്തിലെത്തുന്ന ട്രംപ് കുടിയേറ്റത്തിലും മറ്റും ഇനി എടുക്കാൻ പോവുന്ന നിലപാടുകൾ എന്തെന്ന് ഇപ്പോൾ തന്നെ ഏകദേശം വ്യക്തമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നയങ്ങൾക്ക് പിന്തുണയുണ്ടെന്ന് സക്കർബർഗ് പറയാതെ പറയുകയാണ് ചെയ്യുന്നത്.
നയം നടപ്പിലാക്കുന്നതിൽ പുതിയ രീതി
മെറ്റയുടെ നയങ്ങൾ നടപ്പാക്കുന്ന രീതിയിൽ മാറ്റം വരുത്തുമെന്നും സക്കർബർഗ് വ്യക്തമാക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവയിൽ അക്കൗണ്ടുകളുള്ള യൂസേഴ്സിനുള്ള സെൻസർഷിപ്പ് പരമാവധി കുറയ്ക്കും. ഗുരുതരമായ നിയമലംഘനങ്ങളും മറ്റും ചെറുക്കാനുള്ള നടപടികൾ പഴയതിനേക്കാൾ ശക്തമായി തുടരും. എന്നാൽ അത്ര ഗുരുതരമല്ലാത്ത വിഷയങ്ങളിൽ മെറ്റ എടുക്കുന്ന നടപടികൾക്ക് പഴയ മൂർച്ചയുണ്ടാവില്ലെന്ന് സക്കർബർഗ് അറിയിക്കുന്നു. അതായത് റിപ്പോർട്ട് ചെയ്യുന്ന പ്രൊഫൈലുകളുടെയും കണ്ടൻറുകളുടെയുമൊക്കെ കാര്യത്തിൽ മെറ്റ ഇനി ഒന്നുകൂടി ആലോചിക്കും. ഗുരുതരമായ വിഷയമാണെങ്കിൽ മാത്രം കടുത്ത നടപടിയുണ്ടാവും. ഇല്ലെങ്കിൽ തലോടലേ ഉണ്ടാവൂ. അത്രയ്ക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ കണ്ടൻറ് ഒഴിവാക്കാൻ പാടുള്ളൂവെന്ന് ടീമിന് നിർദ്ദേശം നൽകുമെന്നും സക്കർബർഗ് സുവ്യക്തമായി പറയുന്നുണ്ട്. മോശം കണ്ടൻറുകൾ ഒഴിവാക്കണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ, മനപൂർവമല്ലാതെയും അപ്രതീക്ഷിതമായുമൊക്കെ പോസ്റ്റിടുന്ന വളരെ നിഷ്കളങ്കരായ വ്യക്തികളുടെ കണ്ടൻറ് അതിൻെറ പേരിൽ എടുത്ത് കളയുന്ന രീതി ഇനി മെറ്റ പിന്തുടരില്ല.
ഇനി രാഷ്ട്രീയം പറയാം…
ഗൗരവമുള്ള ചർച്ചകൾ നടക്കുന്ന ഒരിടമാണ് ഫേസ്ബുക്ക്. സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പോസ്റ്റുകൾ വർധിപ്പിക്കുന്നത് മെറ്റ ഇനി ഒരു നയമായി തന്നെ സ്വീകരിക്കും. അവിടെയും ട്രംപിൻെറ രണ്ടാം വരവിനെ സുക്കർബർഗ് പരോക്ഷമായി പരാമർശിക്കുന്നുണ്ട്. “രാഷ്ട്രീയ ചർച്ചകളുടെ അതിപ്രസരം സമ്മർദ്ദമുണ്ടാക്കുമെന്ന് നേരത്തെ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അത് മാറുകയാണ്. നമ്മൾ മറ്റൊരു യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. സൗഹൃദപരവും പോസിറ്റീവുമായ ഇടങ്ങളായി ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും ത്രെഡിനെയും നിലനിർത്തും,” സുക്കർബർഗ് പ്രഖ്യാപിക്കുന്നു.
കാലിഫോർണിയയിൽ നിന്ന് ടെക്സാസിലേക്ക്
മെറ്റയുടെ സുപ്രധാന ടീമിനെ കാലിഫോർണിയിൽ നിന്ന് ടെക്സാസിലേക്ക് മാറ്റുമെന്നാണ് അഞ്ചാമത്തെ സുപ്രധാന തീരുമാനം. ട്രസ്റ്റ് ആൻറ് സേഫ്റ്റി, കണ്ടൻറ് മോഡറേഷൻ, കണ്ടൻറ് റിവ്യൂ ടീമുകളെയാണ് ടെക്സാസിലേക്ക് മാറ്റുന്നത്. സ്വതന്ത്ര ആവിഷ്കാരത്തിന് പ്രാധാന്യം നൽകുന്ന കണ്ടൻറ് പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നതിന് മറ്റ് ബാഹ്യ ഇടപെടലുകളില്ലാതെ പ്രവർത്തിക്കാൻ ഇത് സൗകര്യം ചെയ്യുമെന്നാണ് സക്കർബർഗിൻെറ അഭിപ്രായം.
ട്രംപിനൊപ്പം…
അഞ്ച് സുപ്രധാന നയങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങൾ ട്രംപിന് നൽകാൻ പോവുന്ന പിന്തുണയെക്കുറിച്ചാണ് സക്കർബർഗ് സംസാരിക്കുന്നത്. ട്രംപിൻെറ അമേരിക്ക ഫസ്റ്റ് മുദ്രാവാക്യത്തിനൊപ്പം മെറ്റയുമുണ്ടെന്ന വ്യക്തമായ പ്രഖ്യാപനമാണ് അദ്ദേഹം നടത്തുന്നത്. “ആവിഷ്കാര സ്വാതന്ത്ര്യത്തിന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന ഭരണഘടനാ നയങ്ങളുള്ള രാജ്യമാണ് അമേരിക്ക. സെൻസർഷിപ്പ് കൂടുതൽ ശക്തമാക്കിക്കൊണ്ടുള്ള പുതിയ പുതിയ നിയമങ്ങളാണ് യൂറോപ്പിലാകെ ഉണ്ടാവുന്നത്.
ക്രിയേറ്റീവായ ഒന്നും തന്നെ അവിടെ ചെയ്യാൻ പറ്റില്ലെന്ന അവസ്ഥയാണ്. കമ്പനികൾ എടുക്കുന്ന തീരുമാനങ്ങൾ പോലും മാറ്റണമെന്ന് ഉത്തരവിടുന്ന രഹസ്യകോടതികൾ ലാറ്റിനമേരിക്കയിൽ പ്രവർത്തിക്കുന്നുണ്ട്. ചൈന അവരുടെ രാജ്യത്ത് പ്രവർത്തിക്കുന്നതിൽ ഞങ്ങളുടെ ആപ്പിനെ പോലും നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നമ്മുടെ നയങ്ങൾ സുഗമമമായി നടപ്പിലാക്കാനുള്ള ഏകവഴിയെന്നത് അമേരിക്കൻ സർക്കാരിൻെറ പിന്തുണയോടെ പ്രവർത്തിക്കുക എന്നുള്ളതാണ് ” - ട്രംപിനോടുള്ള സക്കർബർഗിൻെറ വിധേയത്വം ഈ വാക്കുകളിലുണ്ട്. കഴിഞ്ഞ നാല് വർഷത്തെ ജോ ബൈഡൻ ഭരണത്തോടുള്ള വിമർശനവുമുണ്ട്. അമേരിക്കയിൽ കടുത്ത കണ്ടൻറ് സെൻസർ നടപടികളാണ് ബൈഡൻ ഭരണകൂടം നടപ്പാക്കിയതെന്നാണ് സുക്കർബർഗ് അഭിപ്രായപ്പെടുന്നത്. “ആവിഷ്കാര സ്വാതന്ത്ര്യം തിരിച്ച് പിടിക്കാനുള്ള അവസരമാണ് ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്നത്. വലിയ ആവേശത്തോടെ ഞാൻ അതിനൊപ്പം നിൽക്കുകയാണ്,” സക്കർബർഗ് പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സക്കർബർഗിനെതിരെ താൻ നടത്തിയ ഭീഷണി ഫലിച്ചുവെന്ന് ഡോണൾഡ് ട്രംപും ഉറച്ച് വിശ്വസിക്കുന്നുണ്ട്. മെറ്റയുടെ നയവ്യതിയാനത്തെ അദ്ദേഹം സ്വാഗതം ചെയ്തിട്ടുമുണ്ട്.
ലോകത്താകമാനം ഏകദേശം മൂന്ന് ബില്യണിലധികം യൂസേഴ്സുള്ള സ്ഥാപനമാണ് മെറ്റ. നയംമാറ്റങ്ങൾക്കൊപ്പം തന്നെ മറ്റൊരു സുപ്രധാന തീരുമാനവും കമ്പനി എടുത്തിട്ടുണ്ട്. മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡൻറായി റിപ്പബ്ലിക്കൻ അനുഭാവിയായ ജോയൽ കപ്ലാനെ നിയമിച്ചിരിക്കുന്നു. മുൻ യു.കെ. ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് ട്രംപിൻെറ അടുത്ത അനുയായിയായ ജോയൽ കപ്ലാൻ ഈ സ്ഥാനത്തേക്ക് വരുന്നത്. ഇത് കൂടി കൂട്ടിവായിക്കുമ്പോൾ മെറ്റയുടെയും സക്കർബർഗിൻെറയും ചുവടുമാറ്റം സുവ്യക്തം.