സക്കർബർഗിന്റെ മാപ്പുപറച്ചിൽ കൊണ്ട് തീരുമോ പ്രശ്നങ്ങൾ?

ഓൺലൈനിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട വിചാരണയിൽ, ‘മെറ്റ’ സി.ഇ.ഒ മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറഞ്ഞു. ഈ മാപ്പു പറച്ചിൽ കൊണ്ടുമാത്രം അവസാനിക്കുന്നതാണോ ഈ പ്രശ്‌നങ്ങൾ?.

ഴിഞ്ഞ ദിവസം ലോകത്തെ പ്രമുഖ ടെക് കമ്പനികളുടെ സി.ഇ.ഒമാരെ ഇരുത്തി യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മറ്റി ഒരു വിചാരണ നടത്തി. പ്രായപൂർത്തിയായിട്ടില്ലാത്തവർക്കെതിരെ ഓൺലൈനിൽ നടക്കുന്ന അതിക്രമങ്ങളും സുരക്ഷാ ഭീഷണികളുമാണ് ഇത്തരമൊരു വിചാരണ സംഘടിപ്പിക്കുന്നതിന് പ്രേരണയായത്. പ്രായപൂർത്തിയാകാത്തവർക്കുനേരെ ഓൺലൈനിൽ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ടെക് കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലായിരുന്നു വിചാരണ.

മെറ്റ, ടിക്ടോക്, എക്‌സ്, സ്‌നാപ്പ്, തുടങ്ങിയ കമ്പനികളുടെ മേധാവികളും വിചാരണയിൽ പങ്കെടുത്തിരുന്നു. അതിനിടെ മെറ്റയുടെ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഒരു മാപ്പപേക്ഷ നടത്തി. സക്കർബർഗിന്റെ മാപ്പുപറച്ചിൽ ഇങ്ങനെയായിരുന്നു: ദുഷ്‌കരമായ ഈ അവസ്ഥയിലൂടെ നിങ്ങൾക്ക് കടന്നു പോകേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇത്തരം വേദനകൾ ഒരു കുടുംബത്തിനുമുണ്ടാകരുത്. അതിനായാണ് ഞങ്ങൾകൂടുതൽ നിക്ഷേപം നടത്തുന്നത്.

കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനേക്കാൾ ലാഭത്തിൽ മാത്രം കണ്ണുവെച്ചാണ് സമൂഹ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് മുൻപും ആരോപണമുയർന്നിരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെയും മാനസികനിലയെയും ചിന്താശേഷിയെയും പോലും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് രക്ഷിതാക്കളും വർഷങ്ങൾക്കുമുമ്പുതന്നെ ആവശ്യമുയർത്തിയിട്ടുമുണ്ട്. എന്നാൽ ഇത്രയും പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തിൽ മെറ്റ പോലെ സമൂഹമാധ്യമങ്ങളുടെ കുത്തക കയ്യാളുന്ന ഒരു കമ്പനിയുടെ സി.ഇ.ഒക്ക് ബോധമുണ്ടായത് ഇപ്പോഴാണെന്ന് മാത്രം.

വിചാരണയ്ക്കിടെ കുട്ടികൾ ഓൺലൈനിൽ ചൂഷണംചെയ്യപ്പെടുന്നത് സംബന്ധിച്ച സെനറ്റർമാരും ആശങ്ക പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്നവർ സൗഹൃദം നടിച്ച് കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സ്ഥിരം സംഭവമാണ്. വഴങ്ങിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഇല്ലെങ്കിൽ കൂടുതൽ പണം വേണമെന്നുമുള്ള സ്ഥിരം ഭീഷണി തന്നെയാണ് ഇപ്പോഴും ഓൺലൈൻ ചൂഷകർ പ്രധാനാമായും പയറ്റുന്നത്.

ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ പോലെ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കുട്ടികൾ ഇത്തരം ചൂഷണങ്ങളുടെ ഇരയായ സംഭവങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാതെയല്ല സക്കർബർഗ് പരസ്യ ക്ഷമാപണം നടത്തിയതെന്ന് വ്യക്തമാണ്. കാരണം, കുറേ നാളുകളിലായി ലോകമൊട്ടുക്കും ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ വഴി ഇത്തരം സംഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. അവ സമൂഹമാധ്യമങ്ങൾ വഴി തന്നെ പ്രചരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഇതൊന്നും അറിയാതല്ല സക്കർബർഗിന്റെ മാപ്പപേക്ഷ. ‘നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’ എന്നായിരുന്നു സൗത്ത് കരോളിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റംഗം ലിൻഡ്‌സി ഗ്രഹാം അഭിപ്രായപ്പെട്ടത്.

എന്നാൽ, ചൂഷണം ചെയ്യപ്പെട്ട കുട്ടികൾക്ക് സക്കർബർഗിന്റെ പരസ്യമായ മാപ്പ് പറച്ചിൽ കൊണ്ട് എന്ത് ഗുണമാണുള്ളത്?. അല്ലെങ്കിൽ സക്കർബർഗിന്റെ ഒരു മാപ്പു പറച്ചിൽ കൊണ്ടു മാത്രം അവസാനിക്കുന്നതാണോ ഈ പ്രശ്‌നങ്ങൾ?. സമൂഹമാധ്യമങ്ങളിലെ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് കണ്ടെന്റ് കണ്ടെത്തി പൂർണമായും നീക്കം ചെയ്യാനും കണ്ടന്റ് പോസ്റ്റ് ചെയ്ത അക്കൗണ്ടിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സംവിധാനങ്ങളാണ് ഇനി വേണ്ടത്. മാപ്പ് പറച്ചിൽ കൊണ്ട് ഒന്നും മാറില്ലെന്ന ബോധ്യത്തോടെ, സമയം വൈകിയെങ്കിലും സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ചൈൽഡ് സെക്ഷ്വൽ കണ്ടന്റുകൾ നീക്കാൻ ഇനിയെങ്കിലും നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ജീവിതം തകർന്നുപോയ മനുഷ്യർക്ക് മാപ്പ് പറച്ചിലുകൾ കൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമില്ല. ഇത്തരം കണ്ടന്റുകളെ ഫീഡിൽ നിന്ന് നീക്കാൻ മെറ്റയുടെ അർട്ടിഫിഷ്യൽ ഇന്‌റലിജൻസ് ടൂളുകൾക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും എ.ഐ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന കാര്യത്തിൽ ഒരുറപ്പപുമില്ല.

ഉദാഹരണത്തിന് കമ്പനി നിയമങ്ങൾ ലംഘിച്ച് പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടന്റുകൾ എ.ഐ ടൂളുകൾ തിരഞ്ഞ് കണ്ടെത്തി നീക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും മെറ്റയുടെ തന്നെ ഒരു ഇന്റേണൽ ഡോക്യുമെന്റ് കാണിക്കുന്നത് ഇത്തരം കണ്ടന്റുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് എ.ഐക്ക് നീക്കാൻ കഴിഞ്ഞെതെന്നാണ്. മെറ്റ മാത്രമല്ല മറ്റ് പ്ലാറ്റ്‌ഫോമുകളും കാഴ്ചക്കാരെ എന്തുതരം കണ്ടന്റിലേക്കാണ് കൊണ്ടുപോകുന്നതെന്നതും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ആഗോളതലത്തിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ടിക്ടോക് ഈയിടെ കൊണ്ടുവന്ന പുതിയ പരീക്ഷണം നോക്കുക. പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും വലിയ അളവിൽ ഉപയോക്താവിനെ സ്വാധീനിക്കാൻ കഴിവുള്ളതാണ് ആ മാറ്റം. സാധാരണയായി കണ്ടുവരാറുള്ള സേർച്ച് ബട്ടൺ ടിക്ടോക് എടുത്തുമാറ്റിയിരിക്കുന്നു. ഹാഷ് ടാഗുകളും മറ്റും നിങ്ങൾക്കിനി ടിക്ടോക്കിൽ തിരഞ്ഞ് കണ്ടെത്താൻ കഴിയില്ലെന്നതാണ് പുതിയ അപഡേറ്റുകൊണ്ട് ടിക്ടോക് ഉദ്ദേശിക്കുന്നത്.

Comments