എം.കെ. അൻസാർ 80’s റെട്രോ ട്രെൻഡിൽ.

സീഡിയും വിനൈലും
പിന്നെ 80-കളുടെ ലുക്കും…
മലയാളിയുടെ റെട്രോ പ്രേമം

‘‘സീഡിയും വിനൈലും മാത്രമല്ല. ഡംബ് ഫോണുകൾ, ഡിജിറ്റൽ ക്യാമറകൾ, ലാൻഡ്‌ലൈനുകൾ… പഴയകാല ഉപകരണങ്ങൾക്ക് ആഗോളതലത്തിൽ പുതുജീവൻ ലഭിക്കുന്നു. ജെൻ സി തലമുറ പോലും ഇവയുടെ ഉപയോക്താക്കളാകുന്നു. നിരന്തരമായ നോട്ടിഫിക്കേഷനുകളും അൽഗോരിതങ്ങളും ഒഴിവാക്കി ഭൗതിക അനുഭവം തേടുന്നതാണ് കാരണം’’- എം.കെ. അൻസാർ എഴുതുന്നു.

രു മലയാളി ഇന്ന് ഫോൺ തുറക്കുമ്പോൾ രണ്ട് ലോകങ്ങൾ ഒരേസമയം തുറക്കപ്പെടുന്നു.

ഒന്ന്: പഴയ വിനൈൽ റെക്കോഡുകളും സീഡികളും വീണ്ടും വിപണിയിൽ മുന്നോട്ട് വരുന്ന വാർത്ത.
മറ്റൊന്ന്: ചാറ്റ്‌ ജി പി ടിയുടെ സഹായത്തോടെ സ്വന്തം ഫോട്ടോയെ 1980-കളിലെ മലയാളി യുവതിയോ യുവാവോ ആക്കി മാറ്റിയ ചിത്രങ്ങൾ. വലിയ മുടി, പഫ് സ്ലീവ്, കസവ് സാരി, ആസിഡ് വാഷ് ജീൻസ്, ഫിലിം ഗ്രെയിൻ… ഇവയെല്ലാം ചേർത്ത് ‘ഞാൻ അന്ന് ഉണ്ടായിരുന്നെങ്കിൽ’ എന്ന സങ്കൽപ്പം ജീവനുള്ള ചിത്രമായി മാറുന്നു.

ഇത് വെറും ഒരു ഫിൽട്ടർ ട്രെൻഡല്ല. ഡിജിറ്റൽ ക്ഷീണത്തിൽനിന്ന് രക്ഷപ്പെടാനുള്ള മലയാളിയുടെ കൂട്ടായ ആഗ്രഹമാണ്.

ലോകം ഞെട്ടിയ
വിൽപ്പന കണക്കുകൾ

റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (RIAA) ഏറ്റവും പുതിയ റിപ്പോർട്ട് ലോകത്തെ അത്ഭുതപ്പെടുത്തി. 2026-ന്റെ ആദ്യ പകുതിയിൽ സീഡി വിൽപ്പനയിലൂടെ 171.1 മില്യൺ ഡോളർ വരുമാനം ലഭിച്ചു. 2025-ലെ അതേ കാലയളവിലെ 107.9 മില്യൺ ഡോളറിനേക്കാൾ 58.6 ശതമാനം വർധനവ്. വിറ്റഴിച്ച സീഡികളുടെ എണ്ണം 45.7 ശതമാനം കൂടി 17.5 മില്യണിലെത്തി. വിനൈൽ റെക്കോഡുകളുടെ വിൽപ്പനയിലും 17.7 ശതമാനം വളർച്ചയുണ്ട്.

സീഡിയും വിനൈലും മാത്രമല്ല. ഡംബ് ഫോണുകൾ, ഡിജിറ്റൽ ക്യാമറകൾ, ലാൻഡ്‌ലൈനുകൾ… പഴയകാല ഉപകരണങ്ങൾക്ക് ആഗോള തലത്തിൽ പുതുജീവൻ ലഭിക്കുന്നു. ജെൻ സി തലമുറ പോലും ഇവയുടെ ഉപയോക്താക്കളാകുന്നു. നിരന്തരമായ നോട്ടിഫിക്കേഷനുകളും അൽഗോരിതങ്ങളും ഒഴിവാക്കി ഭൗതിക അനുഭവം തേടുന്നതാണ് കാരണം.

കേരളത്തിലെ തരംഗം

കേരളത്തിൽ ഏറ്റവും കൂടുതൽ വിനൈൽ റെക്കോർഡുകളും, നെസ്റ്റാൾജിക്ക് കാസെറ്റുകളും വിൽക്കുന്ന തിരുവനന്തപുരം ആറ്റിങ്ങലുള്ള സ്മാർട്‌സിറ്റി കടയുടമ നിസാമുദ്ദീൻ പറയുന്നു:

“എല്ലാ പ്രായത്തിലുള്ളവരും വിനൈൽ വാങ്ങാനെത്തുന്നു. പഴയ സിനിമാഗാനങ്ങൾ വിനൈൽ പതിപ്പിൽ ഇറങ്ങുന്നുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾ വാങ്ങുന്നു.”

അദ്ദേഹത്തിൻ്റെ സ്ഥിരം കസ്റ്റമറും, നല്ലൊരു വിനൈൽ, കാസറ്റ് ശേഖരത്തിനുടമയുമായ ആലുവ സ്വദേശി വിപിൻ ദാസ് കൂട്ടിച്ചേർക്കുന്നു:

“MP3യോ സ്ട്രീമിങ്ങോ ഒരു യഥാർഥ വിനൈലിന്റെ അനുഭവം നൽകാനാവില്ല. ശബ്ദനിലവാരം കുറവായാലും ആ സുഖം വേറെയാണ്.”

തിരുവോണത്തിന് പുറത്തിറങ്ങിയ ‘തിരുവോണ തരംഗിണി’ പോലുള്ള മലയാളം വിനൈൽ റെക്കോഡുകൾ ഇപ്പോൾ ലഭ്യമാണ്. മലയാളം ഹിറ്റുകളായിരുന്ന ധ്വനി, മണിച്ചിത്രത്താഴ്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നിവയുടെ വിനൈൽ റെക്കോർഡുകൾ ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിയുന്നു. തലമുറകളായി കൈമാറിവരുന്ന പഴയ ശേഖരങ്ങൾ കൂടി കണക്കാക്കിയാൽ ഉപയോക്താക്കളുടെ യഥാർഥ എണ്ണം വളരെ കൂടുതലായിരിക്കും.

സ്മാർട് സിറ്റി മ്യൂസിക് സ്റ്റോറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന വിനൈൽ റെക്കോ‍ഡുകൾ | Photo: നിസാമുദ്ദീൻ
സ്മാർട് സിറ്റി മ്യൂസിക് സ്റ്റോറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന വിനൈൽ റെക്കോ‍ഡുകൾ | Photo: നിസാമുദ്ദീൻ

സംഗീതമാധ്യമങ്ങളുടെ
നൂറ്റാണ്ട് യാത്ര

ഗ്രാമഫോൺ ശബ്ദത്തെ ആദ്യമായി വീട്ടിലെത്തിച്ചു. വിനൈൽ എൽപി ആൽബം എന്ന ആശയം ജനകീയമാക്കി. കാസറ്റ് സംഗീതത്തെ പോക്കറ്റിലാക്കി; മിക്സ് ടേപ്പുകൾ പ്രണയത്തിന്റെയും യാത്രയുടെയും ഓർമ്മകളായി. വാക്ക്മാൻ വ്യക്തിയുടെ ചെവിയിലേക്ക് സംഗീതം കൊണ്ടുവന്നു. സിഡി ഡിജിറ്റൽ ശബ്ദം കൊണ്ടുവന്നു. എംപി3യും നാപ്സ്റ്ററും സംഗീതത്തെ ഫയലാക്കി. ഐപോഡ് ആയിരക്കണക്കിന് പാട്ടുകൾ പോക്കറ്റിലാക്കി. സ്ട്രീമിങ് സ്വന്തമാക്കേണ്ട ആവശ്യം തന്നെ ഇല്ലാതാക്കി.

ഇപ്പോൾ വിനൈൽ തിരിച്ചുവരുന്നു. കാരണം അത് ഭൗതികതയും, ആൽബത്തിന്റെ സമഗ്രതയും, ‘ സ്ലോവ്‌ലി’യായുള്ള കേൾവി അനുഭവവും നൽകുന്നു. സ്ട്രീമിങ്ങിൽ ഒരു പാട്ട് കേട്ട് അടുത്തതിലേക്ക് ചാടാം. വിനൈലിൽ ഒരു വശം കഴിഞ്ഞാൽ റെക്കോഡ് മറിക്കണം. ആ ചെറിയ അസൗകര്യം തന്നെയാണ് ഇന്നത്തെ ആകർഷണം.

80-കളുടെ ലുക്ക് എന്തുകൊണ്ട് വൈറൽ?

സംഗീതത്തിലെന്നപോലെ രൂപത്തിലും റെട്രോ തിരിച്ചുവരുന്നു. ചാറ്റ്‌ജി പി ടിയിലൂടെ സ്വന്തം ഫോട്ടോയെ 80-കളിലെ മലയാളി ഫാമിലി പോർട്രെയ്റ്റ്, വിവാഹചിത്രം അല്ലെങ്കിൽ സ്റ്റുഡിയോ ഫോട്ടോ ആക്കി മാറ്റുന്ന ട്രെൻഡ് ഇൻസ്റ്റഗ്രാമിൽ നിറഞ്ഞിരിക്കുന്നു. സിനിമാ താരങ്ങളും, സെലിബ്രിറ്റികളും എന്തിന് രമേഷ് ചെന്നിത്തല, വി. ശിവൻകുട്ടി തുടങ്ങിയ രാഷ്ട്രീയക്കാർ മുതൽ സാധാരണക്കാർ വരെ ഈ ട്രെൻഡിൽ പങ്കുചേരുന്നു.

കസവ് സാരി, മുണ്ട്, പഴയ കേരളീയ വീടുകൾ, വലിയ മുടി, നരച്ച ഡെനിം ജീൻസുകൾ, ജാക്കറ്റുകൾ, ബോൾഡ് മേക്കപ്പ്- ഇവയെല്ലാം ചേർത്ത് പ്രാദേശിക സ്പർശമുള്ള റെട്രോ ചിത്രങ്ങൾ ഉണ്ടാക്കുന്നു. ഇത് വെറും നോസ്റ്റാൾജിയ അല്ല. ഡിജിറ്റൽ ലോകത്തിന്റെ വേഗതയ്ക്കും അൽഗോരിതം നിർദ്ദേശങ്ങൾക്കും ഒരു മറുപടിയാണ്. ‘ശ്രദ്ധയോടെ കേൾക്കുക’, ‘ശ്രദ്ധയോടെ കാണുക’ എന്ന സംസ്കാരം തിരിച്ചുവരുകയാണ്..

80’s  റെട്രോ ട്രെൻഡിൽ വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം
80’s റെട്രോ ട്രെൻഡിൽ വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം

ഒടുവിൽ…

മലയാളിക്ക് ഈ റെട്രോ പ്രേമം പുതിയതല്ല. കാസറ്റ് കടകൾ, പഴയ സിനിമാഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ- ഇവയെല്ലാം ഇപ്പോഴും ഓർമ്മകളിൽ ജീവിക്കുന്നു. ഇപ്പോൾ അത് സോഷ്യൽ മീഡിയയിലും വിപണിയിലും ഒരേസമയം പ്രത്യക്ഷപ്പെടുകയാണ്.

ഭാവിയിൽ സ്ട്രീമിങ് ഇല്ലാതാകില്ല. വിനൈലും സിഡിയും ഫാഷൻ ട്രെൻഡുകളും അതിനെ പൂർണമായി മാറ്റിസ്ഥാപിക്കില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്- മനുഷ്യൻ സംഗീതത്തിലും രൂപത്തിലും തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തിരയുന്നു. അതുകൊണ്ടാണ് 80-കളുടെ ലുക്കും വിനൈൽ റെക്കോഡും ഇന്നും മലയാളിയെ ആകർഷിക്കുന്നത്.

സംഗീതം കേൾക്കുക എന്നത് ഒരു ബട്ടൺ അമർത്തുന്ന പ്രവൃത്തി മാത്രമല്ല. ചിലപ്പോൾ അത് ഒരു കാലത്തോടൊപ്പം കുറച്ചുസമയം ജീവിക്കുന്ന അനുഭവമാണ്.

Comments