സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന് ഏറ്റവും പുതിയ റെഗുലേഷൻസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിന് നേരത്തെ 36 മണിക്കൂർ, അതായത് ഒന്നര ദിവസം സമയം നൽകിയിരുന്നുവെങ്കിൽ ഇപ്പോൾ മൂന്ന് മണിക്കൂർ കൊണ്ട് നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡീപ് ഫെയ്ക്ക്, ചൈൽഡ് പോണോഗ്രഫി തുടങ്ങിയ വിഷയങ്ങളെ അഡ്രസ് ചെയ്യുന്നതിനാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നതെന്നൊക്കെയാണ് വിശദീകരണമെങ്കിലും അതിൻെറ മറവിൽ നടക്കാൻ പോവുന്നത് കടുത്ത സെൻസറിങ്ങ് ആവുമെന്നത് വ്യക്തമാണ്.
പ്രത്യക്ഷത്തിൽ നല്ലതാണെന്ന് തോന്നിച്ചുകൊണ്ട് അത്യന്തം ഗുരുതരമായ സെൻസർഷിപ്പ് ആണ് ഇത്തരം നിയന്ത്രണങ്ങളിലൂടെ കഴിഞ്ഞ കുറച്ച് കാലമായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻെറ തുടർച്ചയായി മാത്രമേ പുതിയ പരിഷ്കാരങ്ങളെയും കാണുവാൻ സാധിക്കുകയുള്ളൂ. നിയമവിരുദ്ധമെന്ന് സർക്കാരിന് തോന്നുന്ന ഒരു ഉള്ളടക്കം മൂന്ന് മണിക്കൂർ കൊണ്ട് നീക്കം ചെയ്യേണ്ടി വരുമ്പോൾ അതിൽ വലിയ ജനാധിപത്യവിരുദ്ധതയുണ്ട്.
കേന്ദ്ര സർക്കാരിന് താൽപ്പര്യമില്ലാത്ത കണ്ടൻറ് എടുത്ത് കളയുന്ന പ്രക്രിയ പതിവായി നടക്കുന്നു. എന്നാൽ ഹിന്ദുത്വ ഹാൻറിലുകളിൽ നിന്നുള്ള വ്യാജപ്രചാരണങ്ങൾ നിർബാധം തുടരാൻ അനുവദിക്കുകയും ചെയ്യുന്നു.
ഫെബ്രുവരി 20 മുതലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാവാൻ പോവുന്നത്. സർക്കാരിൻെറ ഭാഗത്ത് നിന്നോ കോടതിയിൽ നിന്നോ നിയമവിരുദ്ധ ഉള്ളടക്കമാണെന്നും നീക്കം ചെയ്യണമെന്നുമുള്ള നിർദ്ദേശം വന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ അത് ചെയ്തിരിക്കണമെന്ന അന്ത്യശാസനമാണ് നടപ്പിലാവുന്നത്. ഇത്തരത്തിൽ കടുത്ത നടപടികളിലേക്ക് പോവുന്നത് എന്തുകൊണ്ടാണെന്ന ഒരു വിശദീകരണവും സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
നിലവിലുള്ള ഐ.ടി. നിയമങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ഓൺലൈൻ കണ്ടൻറും സോഷ്യൽ മീഡിയ കണ്ടൻറും രാജ്യത്ത് കർശനമായി നിയന്ത്രിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് താൽപ്പര്യമില്ലാത്ത കണ്ടൻറ് എടുത്ത് കളയുന്ന പ്രക്രിയ പതിവായി നടക്കുന്നു. എന്നാൽ ഹിന്ദുത്വ ഹാൻറിലുകളിൽ നിന്നുള്ള വ്യാജപ്രചാരണങ്ങൾ നിർബാധം തുടരാൻ അനുവദിക്കുകയും ചെയ്യുന്നു. വളരെ സെലക്ടീവായ രീതിയിലാണ് ഐ.ടി. നിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്.

രാജ്യത്തെ പ്രധാനപ്പെട്ട പല മുഖ്യധാരാ മാധ്യമങ്ങളും ബി.ജെ.പിയുടെ നേരിട്ടോ പരോക്ഷമായതോ ആയ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി അജണ്ട സെറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് അവർ തങ്ങളുടെ പ്രൈം ടൈം ചർച്ചകളും പ്രധാനപ്പെട്ട പരിപാടികളുമൊക്കെ തയ്യാറാക്കുന്നത്. എത്തിക്സിൻെറ ഒരു കണിക പോലുമില്ലാതെ അവർ ആർ.എസ്.എസ് - ബി.ജെ.പി ഐ.ടി സെല്ലുകളുടെ വ്യാജപ്രചാരണങ്ങൾ ഏറ്റെടുക്കുന്നു. ഗൗതം അദാനി, മുകേഷ് അംബാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കേന്ദ്രത്തിൻെറയും വൻകിട വ്യവസായികളുടെയും പാലമായി പ്രവർത്തിക്കുന്നു. Godi Media എന്നൊരു പ്രയോഗം തന്നെ കോയിൻ ചെയ്യപ്പെട്ടിട്ടുള്ളത് അതിൻെറ അടിസ്ഥാനത്തിലാണ്.
തെരഞ്ഞെടുപ്പുകൾക്ക് മുൻപുള്ള ക്യാമ്പെയിനുകളിലും ബി ജെ പി പ്രതിരോധത്തിലാവുന്നിടത്തും അവർ കൃത്യമായ ചായ്-വ് കാണിക്കുന്നു. കേരളത്തിലായാലും ഇല്ലാത്ത വലിപ്പം ബി.ജെ.പിക്ക് ഉണ്ടാക്കിക്കൊടുത്ത് എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾക്ക് ബദൽ എന്ന നിലയിൽ അവരെ അവതരിപ്പിക്കാൻ പല മുഖ്യധാരാ മാധ്യമങ്ങളും അഹോരാത്രം പണിയെടുക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തിന് ശേഷം ബി.ബി.സിക്ക് നൽകിയ ഒരു അഭിമുഖത്തിൽ താൻ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലാണ് വലിയ പിഴവ് കാണിച്ചതെന്ന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ആത്മവിമർശനം നടത്തിയിരുന്നു. മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ വലിയ ഇടപെടൽ തന്നെ നടത്തിയിട്ടുണ്ട്. കോർപ്പറേറ്റ് മാധ്യമങ്ങൾ കേന്ദ്രസർക്കാരിൻെറ മൗത്ത് പീസാവുമ്പോൾ സോഷ്യൽ മീഡിയയിൽ സ്വതന്ത്രമായ ഇടപെടലുകൾ നടക്കുന്നുണ്ട്.
ക്രെഡിബിൾ ആയി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളുടെയടക്കം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകൾ ഒരു സുപ്രഭാതത്തിൽ എടുത്ത് മാറ്റപ്പെടുന്നു. ദി വയറിൻെറ വെബ്സൈറ്റ് എത്ര തവണയാണ് ഈയടുത്ത കാലത്ത് തന്നെ ബ്ലോക്ക് ചെയ്യപ്പെട്ടത്?
ചില സമാന്തര മാധ്യമങ്ങൾ സർക്കാർ നയങ്ങൾക്കെതിരെ എതിർപ്പിൻെറ ശബ്ദം ഉന്നയിക്കുന്നുണ്ട്. അവരാവട്ടെ വലിയ വേട്ടയാടലുകൾ അനുഭവിക്കുന്നുണ്ട് താനും. ദി വയറിൻെറ വെബ്സൈറ്റ് എത്ര തവണയാണ് ഈയടുത്ത കാലത്ത് തന്നെ ബ്ലോക്ക് ചെയ്യപ്പെട്ടത്? ക്രെഡിബിൾ ആയി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളുടെയടക്കം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകൾ ഒരു സുപ്രഭാതത്തിൽ എടുത്ത് മാറ്റപ്പെടുന്നത് നമ്മൾ കണ്ടു. കാലങ്ങളായി അവരുടെ വാർത്തകൾ വായിച്ചും വീഡിയോ കണ്ടൻറുകൾ കണ്ടും ഫോളോ ചെയ്തുവന്ന ആളുകളെ കൂടിയാണ് ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കി കളയുന്നത്. എന്തിനാണ് തങ്ങളുടെ പേജുകൾ എടുത്ത് മാറ്റുന്നത് എന്നതിന് കൃത്യമായ വിശദീകരണം പോലും ലഭിക്കുന്നില്ല. സർക്കാർ നേരിട്ടല്ല ഇത് നടപ്പിലാക്കുന്നത്. മെറ്റയും എക്സും പോലുള്ള കമ്പനികൾ തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് വ്യക്തമായ വിശദീകരണം പോലും പറയാതെ പേജുകൾ എടുത്ത് കളയുന്നത്. ഈ പേജുകൾ വീണ്ടും മുമ്പുണ്ടായിരുന്ന അത്രയും ഫോളോവേഴ്സിലേക്ക് എത്തിക്കുകയെന്നത് മാധ്യമങ്ങൾക്ക് ശ്രമകരമായ ജോലിയായി മാറുന്നുണ്ട്. സർക്കാരിൻെറ മൗത്ത് പീസായി മാറുന്ന മാധ്യമങ്ങൾക്ക് നിയമവിരുദ്ധ കണ്ടൻറ് പ്രചരിപ്പിക്കുന്നതിൽ യാതൊരുവിധ നിയന്ത്രണവും ഇല്ലെന്നതാണ് ഇതിലെ വൈരുദ്ധ്യം.

2024-ൽ മാത്രം രാജ്യത്ത് സർക്കാരിൻെറ നിർദ്ദേശപ്രകാരം മാത്രം ഏകദേശം 28000 വെബ്സൈറ്റ് URL-കൾ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന കണക്കുകൾ പുറത്ത് വന്നിരുന്നു. ഐടി വകുപ്പിലെ 69-A വകുപ്പ് പ്രകാരമാണ് URL-കൾ നീക്കം ചെയ്യപ്പെട്ടിരുന്നത്. ഖലിസ്ഥാൻ അനുകൂലം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടുള്ളത്, വിദ്വേഷ പ്രചാരണം, രാജ്യസുരക്ഷ, രാജ്യവിരുദ്ധത തുടങ്ങിയ വിഷയങ്ങളാണ് കാരണങ്ങളായി പറഞ്ഞിട്ടുള്ളത്. ഫേസ്ബുക്കിൽ നിന്നും എക്സിൽ നിന്നുമാണ് കൂടുതൽ യുആർഎല്ലുകൾ നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. യൂ ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവ അടുത്ത ഘട്ടത്തിൽ വരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളുടെ കണക്കെടുത്ത് നോക്കിയാൽ ഓരോ വർഷവും ബ്ലോക്ക് ചെയ്യുന്ന കണ്ടൻറുകൾ കൂടി വരുന്നതായും കാണാം. 2022-ൽ 1,743, 2023-ൽ 6,074, 2024-ൽ 3,159 എന്നിങ്ങനെയാണ് ഫേസ്ബുക്കിലെ കണക്ക്. എക്സിൽ 2022-ൽ 3,417, 2023-ൽ 3,772, 2024-ൽ 2,950 എന്നിങ്ങനെയാണ് കണക്കുകൾ.
ഓൺലൈൻ സ്പേസുകളിലെ നിയമവിരുദ്ധ കണ്ടൻറ് നീക്കം ചെയ്യൽ പ്രക്രിയ തത്വത്തിൽ സമ്പൂർണമായ ഏകാധിപത്യത്തിലേക്ക് വഴിമാറും.
എഐ ജനറേറ്റഡ് കണ്ടൻറുകളുടെ കാര്യത്തിലും പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യമായാണ് എഐ കണ്ടൻറുകളെ രാജ്യത്ത് നിയമപരമായി നിർവചിക്കുന്നത്. ഡീപ്ഫേക്കുകൾ പോലെ യഥാർത്ഥമായി തോന്നിപ്പിക്കുന്നതിനായി സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആയ ഓഡിയോ, വീഡിയോ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഐ കണ്ടൻറുകൾ കൃത്യമായി ലേബൽ ചെയ്യണമെന്നും സ്ഥിരമായി ഇത്തരം ലേബലുകൾ ഉപയോഗിക്കണമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. നിയമവിരുദ്ധമായ എഐ കണ്ടൻറുകൾ കണ്ടെത്താനും നിയന്ത്രിക്കാനും ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കാനും കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരും ഐ.ടി. വിദഗ്ദരുമെല്ലാം ഇതിനോടകം തന്നെ കേന്ദ്രസർക്കാരിൻെറ പുതിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വളരെ ചെറിയ സമയപരിധിക്കുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യണമെന്ന നിർദ്ദേശം അതിവേഗ സെൻസർഷിപ്പ് ആയി മാറുമെന്ന് The Internet Freedom Foundation പറയുന്നു. “ഇത്രയും കുറഞ്ഞ സമയപരിധിക്കുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യേണ്ടി വരുമ്പോൾ മനുഷ്യസാധ്യമായ അവലോകനത്തിന് അവസരം നിഷേധിക്കപ്പെടുന്നു. അമിതമായ രീതിയിൽ നിർബന്ധിത നീക്കം ചെയ്യലായിരിക്കും ഇവിടെ സംഭവിക്കുക,” അവർ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
ഒന്നരദിവസം കൊണ്ട് ഉള്ളടക്കം പരിശോധിക്കേണ്ട സാഹചര്യത്തിൽ പോലും പലപ്പോഴും അത് മനുഷ്യസാധ്യമല്ലാതെ വരുന്നുണ്ട്. അതിനാൽ മൂന്ന് മണിക്കൂറിലേക്ക് മാറുമ്പോൾ പൂർണമായും ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ചുള്ള ഉള്ളടക്ക അവലോകനത്തിലേക്കായിരിക്കും കമ്പനികൾ ചുവട് മാറ്റുക. ഓൺലൈൻ സ്പേസുകളിലെ നിയമവിരുദ്ധ കണ്ടൻറ് നീക്കം ചെയ്യൽ പ്രക്രിയ തത്വത്തിൽ സമ്പൂർണമായ ഏകാധിപത്യത്തിലേക്ക് വഴിമാറും. സർക്കാർ പ്രതിരോധത്തിലാവുന്ന ഘട്ടങ്ങളിൽ സോഷ്യൽ മീഡിയയെ നിയന്തിക്കുന്നത് സുഗമമായി മാറുകയും ചെയ്യും.
