നിവേദ്യ കെ.സി.

EVIL EYE
എന്താണെന്നറിയോ
സക്കീർഭായിക്ക്?

ഇൻസ്റ്റഗ്രാമിൽ സ്ഥലജലവിഭ്രാന്തിയുണ്ടാക്കുന്ന ഇമോജികൾ സൃഷ്ടിക്കുന്ന ഏറ്റവും പുതിയ ഭാഷയുടെ Aura -യെക്കുറിച്ച്, ഇൻസ്റ്റഗ്രാമിൽ ആണ്ടുമുങ്ങിക്കഴിയുന്ന നിവേദ്യ കെ.സി എന്നൊരു കൊച്ചു Rizzzzz…


നനം കൊണ്ട് 2k കിഡ്സിന്റെ പട്ടികയിൽ ഉൾപ്പെടുത്തി pookkies ആക്കി മാറ്റപ്പെട്ട ഒരു വിഭാഗം മനുഷ്യജന്മങ്ങൾക്ക് (പുതിയ ഭാഷയിൽ പറഞ്ഞാൽ സ്കിബ്ബിഡികൾക്ക്) സമർപ്പിക്കുന്നതാണ് ഈ കുറിപ്പ്...

ഈ പറഞ്ഞതുപോലെ 'Gen Z kid' ആണെങ്കിലും ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങൾക്ക് വിധേയപ്പെടരുതെന്ന ഒരുതരം വാശിയോടെ തന്നെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരിലൊരാളാണ് ഞാനും. ജാതി, മതം, നിറം, ലിംഗം, ഭാഷ തുടങ്ങിയവയാൽ വിഭജിതമാണല്ലോ, നമ്മൾ, ഹോമോസാപിയൻസ്. അതിലേക്ക് പുതിയതൊന്നുകൂടി ഇന്ന് ഇൻജെക്റ്റ് ചെയ്യപ്പെടുന്നു; ജനിച്ച കാലം!!!

വൗ സൂപ്പർ...
ജനിച്ച വർഷം നോക്കി 80's, 90's, GEN-Z, GEN-ALPHA തുടങ്ങി പല തലമുറകൾക്ക് പല പേരുകൾ. എൺപതുകളിലെ അമ്മാവന്മാർ തൊട്ട് ആൽഫ ജനറേഷനിലെ 'പൂക്കീസ്' വരെ കൊണ്ടെത്തിച്ചു, കാലം. ഒരുപക്ഷേ മുന്നേ തന്നെ ഈ വ്യവസ്ഥ നിർമ്മിക്കപ്പെട്ടിരിക്കാം, സോഷ്യൽ മീഡിയ ശക്തമായ ഈ കാലത്ത് പ്രാബല്യത്തിൽ വന്നതാവാൻ സാധ്യതയില്ലേ?.

കുറച്ചു മാസങ്ങൾക്കുമുമ്പ് ഇൻസ്റ്റഗ്രാമത്തിൽ എനിക്കുണ്ടായ ഒരു ജീവിതാനുഭവം ഷെയർ ചെയ്യാം. സ്കൂളിൽനിന്നിറങ്ങിയശേഷം, അമ്പലപ്പറമ്പിൽ വള വിൽക്കാൻ വരുന്ന സദുവേട്ടനോട് കാണിക്കുന്ന പരിചയം പോലും കാണിച്ചിട്ടില്ലാത്ത ഒരു കൂട്ടുകാരി ഇൻസ്റ്റഗ്രാമിൽ പച്ചവട്ടത്തിനകത്ത് എന്നെ ആഡ് ചെയ്ത് ഒരു സ്റ്റോറി ഇട്ടേക്കുന്നു…
ആണ്ടവാ… അങ്ങനെ ഞാനും പച്ചവട്ടത്തിനകത്ത് എത്തിയെന്ന് കരുതി, ചില റീലുകളിൽ കാണുന്നതു പോലെ അങ്ങനെ എൻ്റെ ജീവിതത്തിന്റെ അർത്ഥവും കിട്ടിയെന്ന് കരുതി, മനസ്സിൽ “തൂമഞ്ഞേ മായല്ലേ” bgm ഒടുക്കത്തെ ബീറ്റിൽ പ്ലേ ചെയ്തുകൊണ്ട്, ഞാൻ ആ പച്ചവട്ടം തുറന്നു. അവളും കാമുകനും ചേർന്നുനിൽക്കുന്ന ഒരു ഫോട്ടോ ആയിരിക്കുമെന്ന് മനസ്സ് പറഞ്ഞെങ്കിലും, ടു കൺട്രീസ് സിനിമയിൽ അജു വർഗീസ് ചെയ്തുവച്ച പോലെ ഇമോജി കൊണ്ടൊരു ബിനാലെ ആയിരിക്കും അതെന്ന് അമ്മച്ചിയാണേ… ഞാൻ കരുതിയിട്ടില്ല.
ഒരു നല്ല ഫോട്ടോ… അതിന്റെ കൂടെ ഒരു പാട്ട്. പിന്നെ ഒരു പൂക്കി ക്യാപ്ഷൻ…
അതാ ആദ്യത്തെ ഇമോജി,
ദേ രണ്ടാമത്തെ ഇമോജി,
പിന്നെ ദോ മൂന്നാമത്തെ ഇമോജി.
ചറപറാ ഇമോജി.
സ്റ്റോറി കയിഞ്ഞ്…

ചിരി, ചുംബനം, ഹൃദയം, കൈവിരലുകൾ ഇതിനെല്ലാം വിവിധ അർഥതലങ്ങളിലുള്ള മാറ്റങ്ങൾ ഉണ്ട്. 👍🏾, 👎🏾, 👏🏾, ✊🏾 ഇതൊക്കെ കണ്ടും ഉപയോഗിച്ചും പരിചയിച്ച ഒരു തലമുറയ്ക്കിടയിലേക്കാണ് 👐🏾,🫰🏾,🤌🏾 ഇവയൊക്കെ കടന്നുവരുന്നത്.

അങ്ങനെയങ്ങ് വിടാൻ പറ്റുവോ… ഈ കാണിച്ച് വച്ചേക്കുന്നതിൻ്റെ അർത്ഥം മനസ്സിലാക്കാൻ എന്റെയുള്ളിലെ ഡിറ്റക്ടീവ് രാജപ്പൻ വളരെ പതുക്കെ ഒരു കോട്ടുവായും വിട്ടുകൊണ്ട് എഴുന്നേറ്റു. പച്ച കൊടിയും ചുവപ്പ് കൊടിയും ചില പ്രത്യേക സന്ദർഭങ്ങളിലല്ലാതെ ഞാൻ കാണുന്നത് കീബോർഡിലാണ്. ചുവന്നകാടും പച്ചക്കാടും ട്രെൻഡിങ് നമ്പർ പട്ടികയിലുണ്ട്. ഓക്കേ. കഷ്ടപ്പെട്ടാണെങ്കിലും അതെനിക്ക് പിടികിട്ടി. പക്ഷേ എല്ലാം മനസിലാക്കിയിട്ടും ഒരു സാധനം മാത്രം തലകുത്തി നിന്നിട്ടും മനസ്സിലാക്കാനായില്ല. 🧿 ഇത്, ഇത്…
ഈയൊരു സാധനം എന്താണോ എന്തോ എന്നും പറഞ്ഞ് Atheist ആയ ഞാൻ പൊതുവെ എല്ലാവരുമങ്ങ് വെറുതെയങ്ങ് വിളിക്കുന്നൊരുതരം ദൈവത്തെപ്പിടിച്ച് നീട്ടി ശരണം വിളിച്ചുപോയി. അവളോട് ചോദിക്കാൻ മാത്രമുള്ള ബന്ധവും ഇല്ല, ഇനി ഈ പണ്ടാരം കണ്ടുപിടിക്കാതെ ഉറങ്ങാനും പറ്റില്ല എന്ന അവസ്ഥയിലെത്തി ഞാൻ. നേരത്തേ പറഞ്ഞതുപോലെ, പല മാറ്റങ്ങൾക്കും ഇന്നും നിന്നുകൊടുക്കാതെ മറ്റുള്ളവരെപ്പറ്റി ചിന്തിക്കുന്ന ഒരു മോഡേൺ ഹ്യൂമൻ ബീയിംഗ് ആണ് ഞാൻ. അറിയാലോ… ഇങ്ങനെയായിപ്പോയി. പിന്നെ ഞാനും കാലഘട്ടം കൊണ്ട് പൂക്കീ ആണല്ലോ. കീബോർഡിൽ കയറിയിറങ്ങി തപ്പിപ്പിടിച്ച് ഇമോജി കണ്ടെത്തി ഗൂഗിളിൽ സെർച്ച്മുങ്ങി ഒടുക്കം ഞാനതിന്റെ നഗ്നരഹസ്യം കണ്ടെത്തി.
Evil eye…

രാജുവേട്ടൻ പറഞ്ഞ ഇല്യൂമിനാറ്റി വകയിൽ, ഇതിന്റെ ഏതാണ്ട് ബന്ധു ആയിരിക്കുമെന്നൊക്കെ ധരിച്ചുവച്ചിരിക്കുവായിരുന്നു. വിദഗ്ധാഭിപ്രായം തേടിയപ്പോൾ evil eye കണ്ടുപിടിച്ച കാലം തൊട്ടേയുള്ള ചരിത്രം ഗൂഗിൾ പറഞ്ഞുതന്നു. “Wearing it can truly safeguard them from harm” പച്ചമലയാളത്തിൽ, കണ്ണ് തട്ടാതിരിക്കാൻ വച്ച സാധനം.
കണ്ണ് തട്ടാതിരിക്കാൻ തകിടിൽ ഓരോ രൂപം വരച്ച് വച്ചിരുന്ന, അല്ലെങ്കിൽ കള്ളിമുള്ള് ചെടി വീടിന്റെ മുന്നിൽ കെട്ടിത്തൂക്കിയിരുന്ന ആ പഴഞ്ചൻ കാലത്തെയോർത്ത് പുച്ഛരസമൂറുന്ന e-gramam-ത്തിൽ, അതിന്റെ ന്യൂജെൻ പതിപ്പുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു കണ്ണേറ് കോലം കൊണ്ട് എനിക്ക് നഷ്ടമായത് ചുരുങ്ങിയത് ഒരു പത്ത് പന്ത്രണ്ടായിരം Aura ആണ്…
തേച്ചാലും മാച്ചാലും പോകുന്നില്ലല്ലോ കലികാലം!!!

സോഷ്യൽ മീഡിയ, ഇൻസ്റ്റന്റ് മെസേജിംഗ്, മീം സംസ്കാരം തുടങ്ങിയവയുടെ ആവിർഭാവത്തോടെ രൂപം കൊണ്ട ഭാഷാശൈലിയായാണ് ജെൻസി സ്ലാങിനെ (GENZ SLAG) വിലയിരുത്തുന്നത്. ഓരോ ഇമോജികൾക്കും നമ്മളറിയാത്ത പല അർത്ഥങ്ങളുണ്ടെന്നും പല സമയങ്ങളിലും അതിന്റെ ഉപയോഗം വ്യത്യസ്തമാണെന്നും സോഷ്യൽ മീഡിയ മനസിലാക്കി തന്നതിന് ഈ ജനറേഷൻ ഗ്യാപ്പിന് വലിയ പങ്കുണ്ട്.

AGE GAP ഉള്ള ദമ്പതികൾ തമ്മിലുള്ള ട്രോളും മീമും വൈറലാകുന്നതിന് ജെൻസി സ്ലാങ് വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഏട്ടായി, വാവാച്ചി എന്നീ ആദ്യകാല രൂപങ്ങളും അതിന്റെ പരിഷ്കരിച്ച പതിപ്പായ ഏറ്റായി, വാവ തുടങ്ങിയവയിൽ നിന്ന് bae- യും pookiee- യും, daddy-യും ആയി പരിണമിച്ചതിന് ജെൻസി സ്ലാങിന്റെ പങ്ക് വളരെ വലുതാണ്.

പ്രണയത്തിന് boodup എന്നൊരു പേര് കൂടിയുണ്ടെന്ന് ഞാനറിയുന്നത് വളരെ അടുത്തകാലത്താണ്

ജീവിതകാലത്തിലെ ആദ്യത്തെ പണി കിട്ടി കോഴിക്കോട് നഗരത്തിലെത്തിയപ്പോൾ തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് നല്ല ചായ കിട്ടുന്ന സ്ഥലവും, ചായ കുടിക്കാൻ കൂട്ടിനാളെയും തപ്പി ഡേറ്റിംഗ് ആപ്പിൽ കേറിയ ഒരു സുഹൃത്തിനെ എനിക്കറിയാം. Swipe ചെയ്ത് ചെയ്ത് ഒരാളെ കിട്ടി ചാറ്റ് തുടങ്ങി കുറച്ച് സമയം കഴിഞ്ഞ് You are so Rizzz എന്ന് മറുപടി പറഞ്ഞപ്പോൾ പുതിയ വല്ല തെറിയുമായിരിക്കുമോ എന്നുപേടിച്ച് അവനെ ബ്ലോക്ക് ആക്കി ആപ്പും അൺഇൻസ്റ്റാൾ ആക്കി പോയി, ആ ചങ്ങാതി.

ഗൂഗിളിൽ കയറി Riz എന്ന് search ചെയ്തിരുന്നെങ്കിൽ a person's ability to attract or charm someone, especially in a romantic or flirtatious way എന്നുകണ്ട് blush അടിച്ച് രണ്ട് ചായയും കുടിക്കാൻ പാകത്തിന് ആ ഡേറ്റിംഗ് വളർന്നേനേ… ഹാ യോഗമില്ല അമ്മിണിയേ…. Rizz എന്നാൽ charming ആണെന്നും slaps എന്നാൽ excellent ആണെന്നും skibidi കാർട്ടൂൺ അല്ല not nice ആണെന്നും ഒക്കെ GENZ SLAG സോഷ്യൽ മീഡിയയിൽ കൂടി പഠിപ്പിച്ചെടുത്തത് തന്നെയാണ്.

ചുരുക്കരൂപങ്ങൾ, കോഡ് മിക്സിങ്, മീം ഭാഷ തുടങ്ങിയവ കാലഘട്ടത്തിന്റെ ആശയവിനിമയത്തിന്റെ പോക്ക് സുഗമമാക്കാൻ സഹായിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കാൻ ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളുടെ സഹായവും ചോദിക്കേണ്ടി വരും.

ചുരുക്കരൂപങ്ങളെ നമ്മുക്ക് abbreviations എന്ന് വിളിക്കാം (അങ്ങനെയല്ലേ പതിവ്?)

LOL- LAUGH OUT LOUD
IDK- I DON’T KNOW
OMG- OH MY GOD

ഇതൊക്കെ 90’സ് കിഡ്സിനും അതിലും പഴഞ്ചൻ കിഡ്സിനും മനസിലാവുന്ന രീതിയിൽ കാലപ്പഴക്കം ബാധിച്ച ചുരുക്കരൂപങ്ങളാണ്.

പ്രേമലു സിനിമ ഇറങ്ങിയപ്പോൾ ആദി എന്ന കഥാപാത്രം പുട്ടിന് തെങ്ങ പോലെ ഉപയോഗിച്ച് ഉപയോഗിച്ച് JK (ജസ്റ്റ് കിഡിങ്) എന്നതും എല്ലാവർക്കും എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന ചുരുക്കരൂപങ്ങളിൽ ഒന്നായി.

എന്നാൽ AKA ( ALSO KNOWN FOR), SMH (SHAKING MY HEAD), DIY (DO IT YOURSELF), IRL (IN REAL LIFE)- SLAY, SUS, NO CAP ഇതൊക്കെ ഞാൻ അടക്കമുള്ള 2k കിഡ്സ് വരെ കേട്ടിട്ടുള്ളത് ചിലപ്പോൾ അടുത്ത കാലത്താവും. ഇതുവരെയും കേൾക്കാത്ത ആളുകളും ഉണ്ടായേക്കാം.

ഇനി കോഡ് മിക്സിങ് എന്ന പുതിയ കലാരൂപത്തെ പറ്റിയാണ്. അവൻ / അവൾ FULL CRINGE ആണ്, ഇവിടെ vibe ഇല്ല, തുടങ്ങിയവയൊക്കെ കോഡ് മിക്സിങിന് ഉദാഹരണങ്ങളായി കണക്കാക്കാം. ഇമോജികളും മീം റഫറൻസുകളും ആശയവിനിമയത്തിനുള്ള മറ്റൊരു ഉപാധിയായി കണക്കാക്കുന്നു.

ചിരി, ചുംബനം, ഹൃദയം, കൈവിരലുകൾ ഇതിനെല്ലാം വിവിധ അർഥതലങ്ങളിലുള്ള മാറ്റങ്ങൾ ഉണ്ട്. 👍🏾, 👎🏾, 👏🏾, ✊🏾 ഇതൊക്കെ കണ്ടും ഉപയോഗിച്ചും പരിചയിച്ച ഒരു തലമുറയ്ക്കിടയിലേക്കാണ് 👐🏾,🫰🏾,🤌🏾 ഇവയൊക്കെ കടന്നുവരുന്നത്.

👐🏾- തുറന്ന കൈകൾ, അഥവാ കെട്ടിപ്പിടുത്തം.

🫰🏾- സ്നേഹം കാണിക്കാൻ ഉപയോഗിക്കുന്ന ഈ ഇമോജി- പൂക്കി- കുട്ടികളുടെ ഔദ്യോഗിക ഇമോജി ആണ്.

🤌🏾- ശരിയായ അർത്ഥം അറിയില്ലേങ്കിലും ലേശം ഉളുപ്പുണ്ടോ എന്നാണ് എന്റെ കണ്ടെത്തൽ.

Committed, Single എന്നീ രണ്ട് റിലേഷൻഷിപ്പ് സ്റ്റാറ്റസ് മാത്രം പ്രചാരത്തിലുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് വിവിധ റിലേഷൻഷിപ്പ് വിഭാഗങ്ങളും കടന്നുവന്നു. SITUATION SHIP, LOVE BOMBING, GHOSTING, BENCHING, POCKETING ഇവയൊക്കെ അവയിൽ ചിലത് മാത്രം. മാട്രിമോണിയൽ ആപ്പുകളുടെ കൂടെ ഡേറ്റിങ് ആപ്പുകളും മത്സരിക്കാൻ തുടങ്ങിയപ്പോൾ ഇതിന്റെയെല്ലാം മാർക്കെറ്റിങ് വാല്യൂ കൂടി.

പ്രണയത്തിന് boodup എന്നൊരു പേര് കൂടിയുണ്ടെന്ന് ഞാനറിയുന്നത് വളരെ അടുത്തകാലത്താണ് (ആ വാക്കിനെ ചുറ്റിപ്പിടിച്ചതിനു പിന്നിലൊരു ചുറ്റിക്കളിയുണ്ടെന്ന് സംശയമുണ്ടോ? അവരോടാണ്; തൽക്കാലം അത് രഹസ്യമായിരിക്കട്ടേ…).
ചുവപ്പ് മുതൽ എല്ലാ നിറത്തിലുമുള്ള ഹൃദയങ്ങൾ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുലഭമാണ്.

🥺 ഈ ഇമോജി ഭുഃഖഭരിതനായ ഒരാളുടേതാണെന്ന് കരുതിയെങ്കിൽ തെറ്റി. Pleading face എന്നറിയപ്പെടുന്ന ഈ ഇമോജി ഉപയോഗിക്കുന്നത് cute or sweet ആയ എന്തെങ്കിലും ചിത്രത്തിലേക്കാണ്. (Aww,so cute 🥺)

ഇത്രയുമൊക്കെ പറഞ്ഞത്, എനിക്ക് കുറച്ചധികം Aura കിട്ടാനോ പുതിയ പിള്ളേരുടെ Aura -യെ വിമർശിക്കാനോ അല്ല. ഞാനും നിങ്ങളും 24 × 7 എന്ന കണക്കിൽ ഇൻസ്റ്റഗ്രാം വലയത്തിൽ കിടന്ന് കറങ്ങുന്ന ചിലരായതുകൊണ്ട്, അവിടുത്തെ ഭാഷയെ പരിചയപ്പെടുത്താൻ വേണ്ടിയാണ്. ഈ ഭാഷ കൈകാര്യം ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണം. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിപ്പോയാൽ, കളറ് മാറിയാൽ, ദിക്ക് ​തെറ്റിയാൽ, ജീവിതം പോലും ചിലപ്പോൾ തവിടുപൊടി. അതുകൊണ്ട് നോക്കീം കണ്ടും Gen z slang ഉപയോഗിച്ചാൽ നിങ്ങൾക്കും കിട്ടും നല്ല കലക്കൻ Aura…
(എന്ന് Aura ഉണ്ടാക്കാൻ Evil’s Eye തപ്പി യാത്ര തുടങ്ങിയ ഇൻസ്റ്റഗ്രാമിലെ ഒരു കൊച്ചു Rizzzzz…)

Comments