ഞാൻ സബരിത. സോഷ്യൽ വർക്ക് ബിരുദധാരിയാണ്. ഒരു എൻ.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഫോട്ടോഗ്രഫിയാണ് ആവിഷ്‌കാരമാധ്യമം.
ഈയിടെ ചെയ്ത ‘ഇൻഫെക്റ്റഡ് നെറ്റ്' (infected Net) എന്ന ഫോട്ടോഗ്രഫി പരമ്പര ഡിജിറ്റൽ ഇടത്തിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണാത്മകമായ ഒന്നായിരുന്നു. ഇതിനായി എട്ടൊമ്പതുമാസം എനിക്കുചുറ്റുമുള്ള സ്ത്രീകളുമായി സംസാരിച്ചു, അവർ എങ്ങനെയെല്ലാമാണ് സൈബർ സ്‌പേസിൽ ആക്രമിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ.
എങ്ങനെയാണ് അവർ പ്രതികരിച്ചത്, ആക്രമണത്തോടുള്ള ഉടൻ പ്രതികരണം എങ്ങനെയായിരുന്നു, അതിജീവിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് അവരിൽനിന്ന് തേടിയത്.
അധിക്ഷേപാർഹമായ ഉള്ളടക്കങ്ങളുടെ യഥാർഥ സ്‌ക്രീൻഷോട്ടുകൾ, ബ്ലാക്ക് ആന്റ് വൈറ്റ് സെൽഫ് പോർട്രെയ്റ്റ് സീരിസിനൊപ്പം ഞാൻ രേഖപ്പെടുത്തി.
വാക്കുകൾക്ക് ജനങ്ങളെ കൂടുതൽ സ്വാധീനിക്കാൻ കഴിയുമെന്നാണ് എന്റെ ബലമായ വിശ്വാസം.
15ാം വയസ്സിൽ എനിക്കൊരു സന്ദേശം കിട്ടി- ‘fuck you'.
അന്ന് അതിന്റെ അർഥം എനിക്ക് അറിയില്ലായിരുന്നു.
ഫോട്ടോകളും മെസേജുകളും ഉപയോഗിച്ച് കാമുകൻ ബ്ലാക്ക്‌മെയിൽ ചെയ്ത ഒരു പെൺകുട്ടിയെ എനിക്കറിയാം, ഇതേതുടർന്ന് അയാളുമായി അവൾക്ക് ലൈംഗികബന്ധത്തിലേർപ്പെടേണ്ടിവന്നു, ഇഷ്ടമില്ലാതെ തന്നെ. ഇത് അവളെ ആത്മഹത്യശ്രമത്തിലേക്കുവരെ നയിച്ചു.
ഞാൻ ഈ വിഷയത്തിൽ ഇടപെട്ടപ്പോൾ, കീഴടങ്ങരുത് എന്നായിരുന്നു എന്റെ ഉപദേശം- സ്വന്തം വ്യക്തിത്വത്തിൽ വിശ്വാസമർപ്പിക്കൂ, നിനക്ക് ഒന്നും നഷ്ടമായിട്ടില്ല.
നാം ഒരു സൈബർ കേസ് കൊടുക്കുകയാണെങ്കിൽ അയാൾ ജയിലിലടക്കപ്പെടും എന്നതുമാത്രമാണ് സംഭവിക്കുക, നിനക്ക് സംഭവിച്ചതും നീയും രഹസ്യമായി മാറും. ഇത് വളരെ വിക്ഷുബ്ദമായ ഒരു പ്രശ്‌നമാണ്, ഏതു സ്ത്രീയും ഇത്തരം പ്രശ്‌നങ്ങളെ പൊരുതി അതിജീവിക്കുക തന്നെ വേണം.
ഇതിനെ വെറുമൊരു അപരാധമായി കണ്ടാൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കും. പ്രാഥമികമായി നമ്മുടെ സമൂഹം സ്ത്രീകളുടെ കാര്യങ്ങളിൽ മോറൽ പൊലീസ് ആയി ചമയാറുണ്ട് എന്നും ഓർക്കുക.
എനിക്ക് നാലുവയസ്സുള്ളപ്പോൾ, ഇത്തരമൊരു അധിക്ഷേപം നേരിട്ടതിന് അടുത്ത ബന്ധുക്കളിൽ ഒരാൾ ആത്മഹത്യ ചെയ്ത സംഭവം എന്നെ പിടിച്ചുലച്ചിരുന്നു.
പുരുഷാധിപത്യ സമൂഹം ഒരു സ്ത്രീയെയും സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കില്ല, സംസ്‌കാരത്തിന്റെയും കുടുംബത്തിന്റെയും ബന്ധങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും പേരിൽ സ്ത്രീകളെ ഉപ്പിലിട്ടുവെക്കും.
സ്ത്രീ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾക്ക് സാക്ഷിയായതിന്റെ അനുഭവത്തിലാണ് ഈ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യാനുള്ള ത്വര എനിക്കുണ്ടായത്.
ഏതുതരം അധിക്ഷേപവും അധിക്ഷേപം തന്നെയാണ്, സൈബർ സ്‌പേസ് എന്ന വിപുലമായ ഇടത്തിൽ സ്ത്രീകൾ എളുപ്പം അതിനിരയാകുന്നുവെന്നുമാത്രം- ബ്ലാക്ക്‌മെയിൽ, സന്ദേശങ്ങൾ, വ്യക്തിപരമായ ആശയവിനിമയങ്ങൾ എന്നിവയെല്ലാം അവരെ ആക്രമിക്കാനുള്ള ഉപാധികളായി മാറുന്നു.
എന്നാൽ, ഈ വിഷയം ഗൗരവകരമായി പരിഗണിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെട്ടവർ കുറ്റക്കാരായി മാറുന്നു.
നാം സ്ത്രീകൾക്ക് നമ്മുടേതായ ജീവിതം ജീവിച്ചുതീർക്കേണ്ടതുണ്ട്, ഒന്നിനും കൊള്ളാത്ത അസംബന്ധ ഉപദേശങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ല.
അക്രമിയെ ബ്ലോക്ക് ചെയ്യുക, സന്ദേശങ്ങൾ അവഗണിക്കുക, സമൂഹമാധ്യമങ്ങൾ ഡീ ആക്റ്റിവേറ്റ് ചെയ്യുക- ഇതൊന്നുമല്ല പരിഹാരം. നാം മുറിവേൽപ്പിക്കപ്പെട്ടിരിക്കുന്നു, അത് നമ്മുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ ബാധിച്ചിരിക്കുന്നു, അതുകൊണ്ടുതന്നെ നമുക്ക് നിശ്ശബ്ദരായിരിക്കാൻ കഴിയില്ല.
ഒരു ബസിലോ പൊതുസ്ഥലത്തോ വെച്ച് ഒരു സ്ത്രീയെ ആരെങ്കിലും ആക്രമിച്ചാൽ നാം എന്തുചെയ്യും? ഉടൻ പ്രതികരിക്കില്ലേ? സൈബർ സ്‌പേസിലോ? ഇവിടെ, നമുക്ക് ആ ആക്രമണവഴി കണ്ടെത്താനും പരാതി കൊടുക്കാനും തെളിവ് വേണം, എന്നാൽ ഇവയെക്കുറിച്ച് ആളുകൾ അത്ര ബോധവാന്മാരല്ല.
‘ഇൻഫെക്റ്റഡ് നെറ്റ്' എന്ന പ്രോജക്റ്റിലൂടെ എനിക്ക് ഒരു കാര്യം മനസ്സിലാക്കാനായി: ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകൾ ആക്ഷേപകരമായ സന്ദേശങ്ങളാൽ ആക്രമിക്കപ്പെടാറുണ്ട്.
സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഇടതു, ദളിത് പക്ഷ ആക്റ്റിവിസ്റ്റുകളും പെരിയാറിസ്റ്റ് സ്ത്രീകളും വലതുപക്ഷ സംഘങ്ങളാൽ നിരന്തരം ആക്രമിക്കപ്പെടാറുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവർ, അവരുടെ യഥാർഥ ഐ.ഡികളിൽനിന്ന് സ്ത്രീ ആക്റ്റിവിസ്റ്റുകളെ നേരിട്ടുതന്നെ ആക്ഷേപിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇപ്പോൾ നമുക്കറിയാം, അത് അവരുടെ ഓൺലൈൻ അനുയായിവൃന്ദങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു. സ്ത്രീ ആക്റ്റിവിസ്റ്റുകൾ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നുണ്ടെങ്കിലും ചുരുക്കം സംഭവങ്ങളിൽ മാത്രമേ നീതി ലഭിക്കുന്നുള്ളൂ.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്ന നിയമം (POSH), ആഭ്യന്തര പരാതി പരിഹാര സമിതി (ICC) തുടങ്ങിയ സംവിധാനങ്ങളുണ്ട്.
സൈബർ അക്രമം പരിശോധിക്കാൻ സമൂഹമാധ്യമങ്ങളും ഇത്തരം വ്യവസ്ഥകൾ ആവശ്യമാണ്. നിരവധി സ്ത്രീകളും വിദ്യാർഥികളും പ്രൊഫഷനലുകളും കലാകാരരും രാഷ്ട്രീയപ്രവർത്തകരും ആക്റ്റിവിസ്റ്റുകളും വീട്ടമ്മമാരും സൈബർ അക്രമത്തിനിരയാകുന്നു. മറ്റ് കുറ്റകൃത്യങ്ങൾ പോലെ ഇതും കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്.