ഇൻസ്റ്റാഗ്രാമിലെ
വിഗ്രഹപ്രതിഷ്ഠ യാദൃച്ഛികമല്ല

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും ഏതു തരം കണ്ടന്റ് കാണുന്നവരായിക്കൊള്ളട്ടെ, നിങ്ങളുടെ ഫീഡിൽ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഒന്നിലധികം റീലുകൾ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാം. കാവിക്കൊടി വീശി ആർത്തുല്ലസിക്കുന്ന വീഡിയോ ശകലങ്ങൾ എങ്ങനെയാണ് വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പേജുകളിലേക്ക് ഒരേ ദിവസം യാദൃച്ഛികമായി എത്തിപ്പെടുന്നത്?

ജനുവരി 20 തൊട്ട് ഈ നിമിഷം വരെ, നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും ഏതു തരം കണ്ടന്റ് കാണുന്നവരായിക്കൊള്ളട്ടെ, നിങ്ങളുടെ ഫീഡിൽ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഒന്നിലധികം റീലുകൾ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാം.

നിങ്ങൾ യാത്രകളുമായി ബന്ധപ്പെട്ട പേജ് ആണ് ഫോളോ ചെയ്യുന്നതെങ്കിൽ അയോദ്ധ്യയിലെ ക്ഷേത്രത്തിലേക്ക് എങ്ങനെ യാത്ര ചെയ്യാം, അവിടെയെന്തെല്ലാം കാണാനുണ്ട് എന്നെല്ലാം ഉൾപ്പെടുത്തിയ വീഡിയോ ആയിരിക്കും കാണുന്നത്. ഫുഡ് കണ്ടന്റ് പേജാണെങ്കിൽ അയോധ്യ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചു വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഫുഡിനെക്കുറിച്ചുള്ള വീഡിയോ ആയിരിക്കും. ഫോട്ടോഗ്രാഫി പേജിലൂടെ രാമക്ഷേത്രത്തിന്റെ ഡ്രോൺ വിഷ്വൽ ആയിരിക്കും കണ്ടന്റ്. ഇനി ഇതൊന്നുമല്ലാതെ ഗോവ ടൂറിസവുമായി ബന്ധപ്പെട്ട പേജാണെങ്കിൽ പോലും പുതിയതായി പബ്ലിഷ് ചെയ്തിരിക്കുന്ന വീഡിയോ അയോദ്ധ്യ ക്ഷേത്രമായിരിക്കും. ഇത്രയും കാലം ഇതുപോലൊരു കണ്ടന്റ് ഈയൊരു പേജിൽ വന്നിട്ടില്ലലോ എന്നു കാണുന്നവർ അത്ഭുതപ്പെട്ടേക്കാം.

ഇൻസ്റ്റാഗ്രാമിൽ Million followers- ഉള്ള അതിലേറെ റീച്ചുള്ള ലോകത്തിലെ പ്രധാന പേജുകൾ / അക്കൗണ്ടുകളുടെയെല്ലാം പ്രധാന വിഷയം അയോദ്ധ്യ ക്ഷേത്രമാണ്.

കാവിക്കൊടി വീശി ആർത്തുല്ലസിക്കുന്ന വീഡിയോ ശകലങ്ങൾ എങ്ങനെയാണ് വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പേജുകളിലേക്ക് ഒരേ ദിവസം യാദൃച്ഛികമായി എത്തിപ്പെടുന്നത്? യാതൊരു അസ്വാഭാവികതയും തോന്നാതെ ലൈക്ക് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുന്നവരോടാണ്.

നിങ്ങൾ എന്തു കാണണം എന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല, അത്‌ തടയാനോ നിയന്ത്രിക്കാനോ കഴിയാത്ത സാഹചര്യത്തിനുമപ്പുറം പോയിരിക്കുന്നു. നോക്കൂ, ഇന്ന് ഇന്ത്യയെന്ന ‘സെക്യുലർ’ സ്റ്റേറ്റിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേയുടെ പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ബോർഡുകളിൽ തെളിയുന്നത് രാമക്ഷേത്ര ഉദ്ഘാടനചടങ്ങുകളാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം ആഗ്രഹിച്ചിരുന്നതും നേരിട്ട് സെൻസർ ചെയ്യപ്പെടുന്നതുമായ കാര്യങ്ങൾ മാത്രമാണ് ജനം കണ്ടിരുന്നത്. ഇവിടെ പ്രത്യക്ഷത്തിൽ അത്തരമൊരു സാഹചര്യം ഇല്ലെന്നു മാത്രമാണ് വ്യത്യാസം. നിങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിൽ പോലും വ്യക്തമായ കൈ കടത്തൽ പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമാണ്. കണ്ണു തുറന്നു കാണണമെന്ന് മാത്രം.


Comments