കാലം പി.കെ റോസിയിൽ നിന്ന് റിമ കല്ലിങ്കലിലെത്തി, പക്ഷേ ഒട്ടും വളരാതെ ആൺകൂട്ടം

2016 ലെ ഒരു ചലച്ചിത്ര അവാർഡ് ദാന ചടങ്ങ്. സൂപ്പർതാരങ്ങൾ, താരരാജാക്കന്മാർ ഒക്കെയുണ്ട് സദസ്സിന്റെ മുൻനിരയിൽ. നൃത്തപരിപാടിയുടെ അനൗൺസ്മെന്റ് കഴിഞ്ഞു. കർട്ടൻ ഉയർന്നതും നർത്തകികൾ പ്രവേശിക്കുന്നു. പെട്ടെന്ന് അവരുടെ ഇടയിലേക്ക് അവൾക്കൊപ്പം എന്നെഴുതിയ ചുവന്ന ബാനറുമായി പ്രധാന നർത്തകിയുടെ വേഷത്തിൽ റിമാ കല്ലിങ്കൽ നടന്നുവരുന്നു. സ്വാഭാവികമായും നൃത്തം തുടരുന്നു. വളരെ അപ്രതീക്ഷിതവും ധീരവുമായ ഒരു പ്രതിഷേധ പ്രകടനമായിരുന്നു അത്. ഇന്ന് ഈ നിമിഷം വരെയും നാളെയും പിന്നോട്ടില്ലയെന്ന് ഉറപ്പിച്ചുള്ള ഒരുപ്രതിഷേധ യാത്രയുടെ തുടക്കമായിരുന്നു അത്. മുന്നിലിരുന്ന് അമ്പരന്നവരിൽ പ്രശസ്ത സംവിധായകരും, നായക നടന്മാരും, താരസംഘടനാ ഭാരവാഹികളും എല്ലാമുണ്ടായിരുന്നു. മലയാള സിനിമാ ലോകം മുൻപൊരുകാലത്തും കണ്ടിട്ടില്ലാത്ത സമരമുറകളാണ് ഒരുകൂട്ടം സ്ത്രീകളുടെ ഭാഗത്തുനിന്നും ആ കാലങ്ങളിൽ ഉണ്ടായത്. ആ സമരത്തിന്റെ മുൻനിരയിലുള്ള നടിയാണ് റിമാ കല്ലിങ്കൽ. പൗരത്വ പ്രക്ഷോഭ സമയത്തും പ്രളയകാലത്തും രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റു സമരമുഖങ്ങളിലുമെല്ലാം മുൻനിരയിൽ നാം കാണുന്ന സോഷ്യൽ ആക്ടിവിസ്റ്റ്. ആത്മബലമുള്ള ആ സ്ത്രീയുടെ മുഖമോ പ്രസ്താവനയോ ധീരമായ നിലപാടുകളോ പ്രഖ്യാപനങ്ങളോ ഉള്ള ഏതു ഫേസ്ബുക്ക് പോസ്റ്റിനടിയിലും ചെന്നുനോക്കിയാൽ കേരളത്തിലെ മുഖമില്ലാത്ത ആൺക്കൂട്ടത്തിന്റെ ആക്രോശം കാണാം. വ്യവസ്ഥകളോട് സമരത്തിലേർപ്പെടുന്ന സ്ത്രീയുടെ നേർക്കുള്ള ആൺക്കൂട്ടത്തിന്റെ പൊതുമനോഭാവമാണ് അവിടെ പ്രകടമാക്കപ്പെടുന്നത്. റിമാ കല്ലിങ്കൽ ഒരു ഉദാഹരണം മാത്രം.

ശബ്ദിക്കുന്ന ധീരരായ ഏത് സ്ത്രീയുടെ നേരെയും ഇതുതന്നെയാണ് സൈബർ അക്രമികളുടെ മനോഭാവം. ഇതൊരു സാധാരണ സംഭവമാണെന്നും ഇതിനെതിരെ പ്രതികരിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്ന മട്ടിൽ നമ്മൾ എപ്പോഴും അതുമായി സമരസപ്പെട്ട് കഴിയുകയാണ്.

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് 2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ റിമ കല്ലിങ്കൽ

ആങ്ങേയറ്റം ഹീനമായ രീതിയിലാണ് സ്ത്രീകൾ ഇവിടെ ആക്രമിക്കപ്പെടുന്നത്. അവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് കുറ്റമറ്റതും നീതിയിലധിഷ്ഠിതമായതും വേഗതയിലുള്ളതുമായ ഒരു നിയമപ്രക്രിയയെക്കുറിച്ചുള്ള ആലോചനകൾ പോലും ഭരണകർത്താക്കളുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, തരംകിട്ടുന്നിടത്തെല്ലാം അവരും സ്ത്രീകൾക്കെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തുകയാണ് പതിവ്. ഭരണപക്ഷവും പ്രതിപക്ഷവുമൊക്കെ ഇക്കാര്യത്തിൽ ഒരുപക്ഷം തന്നെയാണ്.

നാവുകൊണ്ടും ലിംഗംകൊണ്ടുമുള്ള അധിക്ഷേപങ്ങൾ ഓരോ തരത്തിൽ അധികാരത്തിന്റെ ബഹുരൂപപ്രയോഗങ്ങളാണെന്നുവരുന്നു. ചെറിയ ചിരിയിലൂടെയും നോട്ടത്തിലൂടെയും കണ്ണിറുക്കലിലൂടെയും നേതാക്കന്മാരുടെ വരെ ഉള്ളിലെ അശ്ലീലം വെളിപ്പെട്ടുപോകുന്ന എത്രയോ സന്ദർഭങ്ങൾ. രമ്യാ ഹരിദാസും, ശൈലജ ടീച്ചറും, മേഴ്സിക്കുട്ടിയമ്മയും, ലതികാ സുഭാഷും ശോഭാ സുരേന്ദ്രനും, ടി.എൻ സീമയും, സി.കെ ജാനുവും കെ.ആർ ഗൗരിയമ്മയും ഹീനമായി അധിക്ഷേപിക്കപ്പെട്ടിരിക്കുന്നു.

പൊതു ഇടങ്ങളിൽ മാത്രമല്ല, പെണ്ണുങ്ങളുടെ മുഖത്തും തുപ്പരുതെന്ന്, തുപ്പിയാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് നിയമമുണ്ടാകണം. അത് കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ഞാനാരെയും കൊല്ലാത്തത് നിയമത്തെ പേടിയുള്ളതുകൊണ്ടാണ്, പൊലീസ് കൊണ്ടുപോകുമെന്ന് അറിയാവുന്നതുകൊണ്ടാണ്, എന്നെ ചീത്തവിളിക്കുന്നവനും ആ പേടിയുണ്ടാവണം.

പി.കെ റോസിയിൽനിന്ന് റിമാ കല്ലിങ്കലിലേക്കും രാജലക്ഷ്മിയിൽ നിന്നും കെ.ആർ മീരയിലേക്കും വലിയ കാലദൂരമുണ്ട്. അപമാനത്തിന്റെയും അവഗണനയുടെയും മുറിവുകളേറ്റ് നാടുവിടേണ്ടിയും ആത്മഹത്യ ചെയ്യേണ്ടിയും വന്ന ആദ്യകാല നായികമാരിൽനിന്നും എഴുത്തുകാരികളിൽ നിന്നും കാലം കുറേയധികം മുന്നോട്ടുപോയിരിക്കുന്നു. പൊരുതുകയും സമരങ്ങൾക്ക് നേതൃത്വം വഹിക്കുകയും സഹജീവികൾക്ക് ധൈര്യം പകരുകയും തങ്ങൾക്കുനേരെ ഉയരുന്ന വിരലുകൾ ഒടിച്ചുകളയുകയും ചെയ്തുകൊണ്ട് സ്ത്രീസമൂഹം വളരെയേറെ മുന്നോട്ടു സഞ്ചരിച്ചുകഴിഞ്ഞു. പക്ഷേ കല്ലെറിയുകയും കൂക്കിവിളിക്കുകയും ചെയ്യുന്ന ആ ആൾക്കൂട്ടത്തെയൊന്നു നോക്കൂ, അവർക്ക് എന്തുതരം വളർച്ചയാണുണ്ടായിട്ടുള്ളത്! വളരാനാവാത്തവർക്ക് വളരുന്നവരെ കാണുമ്പോൾ ഉണ്ടാവുന്ന പരിഭ്രാന്തിയും ആശയക്കുഴപ്പവും എത്രഭീകരമാണ്.

ഇന്ത്യാക്കാരന്റെ സംസ്‌കാരത്തിന് ആശയക്കുഴപ്പത്തിന്റെ സംസ്‌കാരം എന്നാണോ അർത്ഥമെന്ന ഒ.വി വിജയന്റെ ചോദ്യം ഏറെ പ്രസക്തമാണ്. ശബ്ദിക്കാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്. രണ്ടായിരാമാണ്ടിൽ ജിലെത്ത് ബിദോയ ലിമയെന്ന കൊളംബിയൻ മാധ്യമപ്രവർത്തകയുടെ അനുഭവം മറക്കാറായിട്ടില്ല. റിപ്പോർട്ടിങ്ങിനിടെ എതിരാളികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തവിവരം സ്വതന്ത്രയായ നിമിഷം തന്നെ അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. ലോകമെമ്പാടുമുള്ള വനിതാ മാധ്യമപ്രവർത്തകരുടെ പിന്തുണകിട്ടി അവർക്ക്. ആക്രമണം നടന്ന് പതിനൊന്ന് വർഷങ്ങൾക്കുശേഷം അറസ്റ്റു ചെയ്യപ്പെട്ട അക്രമി പറഞ്ഞത് അവളെ നിശബ്ദയാക്കുകതന്നെയായിരുന്നു തന്റെ ലക്ഷ്യമെന്നായിരുന്നു.

സാമൂഹികമായി ഇടപെടാനുള്ള സ്ത്രീകളുടെ സാധ്യതകളെയും അവകാശങ്ങളെയും ഇല്ലായ്മ ചെയ്യുക തന്നെയാണ് വെർബൽ റേപ്പിസ്റ്റുകളുടെയും ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകൾക്ക് വലിയ സ്വാധീനമുള്ള ഏറ്റവുംവലിയ ഒരു പൊതു ഇടത്തിൽ നിന്ന് സ്ത്രീയെ ഒഴിവാക്കാനുള്ള ഈ ശ്രമത്തിനെതിരെയുള്ള പോരാട്ടംകൂടിയാണ് സ്ത്രീകൾക്ക് ഇന്ന് സൈബർ ജീവിതം. വളരെ ആക്രമണോത്സുകമായ ഒരു ആണത്ത നിർമ്മിതി ബോധപൂർവ്വം ഇവിടെ ഉണ്ടാക്കിയെടുക്കുന്നതിൽ മതരാഷ്ട്രീയ സംഘടനകൾക്ക് ഗണ്യമായ പങ്കുണ്ട്. ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും തീവ്രദേശീയവാദത്തിന്റെയും വർഗീയവാദത്തിന്റെയും പുതിയ പുതിയ കൾട്ടുകളുടെയുമൊക്കെ പിൻബലത്തോടുകൂടി വളർന്നുവരുന്ന ഈ ആണത്തനിർമ്മിതികളെ സാമൂഹികമായും രാഷ്ട്രീയമായും നേരിടുകയെന്നത് സ്ത്രൈണ രാഷ്ട്രീയത്തിന്റെ പ്രധാന വശമാണ് എന്ന് എ.കെ രാമകൃഷ്ണൻ നിരീക്ഷിക്കുന്നുണ്ട്. (ആൺകോയ്മയുടെ ഉത്സവങ്ങൾ, എ.കെ രാമകൃഷ്ണൻ)

ഇന്ന് സ്ത്രീകൾ സ്വന്തം ജീവിതത്തെ എഴുതുമ്പോഴും സ്വയം വിശകലനം ചെയ്യുമ്പോഴും ഒരു സെൽഫി പോസ്റ്റു ചെയ്യുമ്പോൾ പോലും ഫെമിനിസ്റ്റ് ചിന്തകളും അതിന്റെ പ്രയോഗങ്ങളും ആ സൈദ്ധാന്തിക പരിസരങ്ങളും അറിഞ്ഞോ അറിയാതെയോ അവരെ സ്വാധീനിക്കുന്നുണ്ട്. വേലികളും മതിലുകളും ചാടിക്കടക്കുകയാണ് സ്ത്രീകൾ. സോഷ്യൽ മീഡിയയുടെ വലിയ ലോകം അവരെ ആന്തരികമായും ബാഹ്യമായും ശാക്തീകരിക്കുകയാണ്. താൻ ഒറ്റക്കല്ല, തന്നെപ്പോലെ ഒരായിരം പെണ്ണുങ്ങൾ എന്ന തിരിച്ചറിവിൽ സ്ത്രീ സൗഹൃദത്തിന്റേതായ ഒരു വിശാല ഐക്യം രൂപപ്പെടുന്നു. വിദൂരങ്ങളിലിരുന്നും അവർ ആ സൗഹൃദവും സാഹോദര്യവും ശക്തിയും പങ്കുവെക്കുന്നു. വിമോചനമെന്നത് ആരും പുറത്തുനിന്ന് കൊണ്ടുവന്ന് സമ്മാനിക്കുന്ന ഒന്നല്ലെന്നും സ്വന്തം ഉള്ളിൽ നിന്ന് സ്വയമേ രൂപപ്പെട്ടുവരേണ്ട ഒന്നാണെന്നും അവർ തിരിച്ചറിഞ്ഞിരിക്കുന്നു.

പൊതുരംഗത്ത് ഇടപെടുന്ന സ്ത്രീ ഇന്നൊരു അപൂർവ്വതയല്ല. അതി സാധാരണതയാണ്. ഏതാണ്ട് എല്ലാ സ്ത്രീകളും ഏതെങ്കിലും തരത്തിൽ പൊതുവ്യക്തിത്വമായിരിക്കുന്നു. മുറുകിയതും കർശന നിയന്ത്രണങ്ങൾക്ക് വിധേവുമായിരുന്ന ലോകത്തുനിന്ന്, രക്ഷാകർത്താക്കളുടെ സംരക്ഷണത്തിൽ നിന്ന് ഒക്കെയുള്ള മോചനം. സ്വയം കുതറി പുറത്തുകടക്കുകയാണവൾ. മറ്റുള്ളവരുടെ നിയന്ത്രണത്തെ ഭയക്കാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കുവാൻ കാണിക്കുന്ന ആ ധൈര്യത്തെയാണ് സാമ്പ്രദായിക ബോധങ്ങൾ ഭയക്കുന്നത്.

ഒരു പെൺകുട്ടി ഏത് വസ്ത്രങ്ങൾ ധരിക്കണമെന്ന് മുൻപ് വീട്ടുകാരാണ് നിർദേശങ്ങൾ നൽകുകയും തീരുമാനിക്കുകയും ചെയ്തിരുന്നതെങ്കിൽ ഇന്ന് ആ "വലിയ ചുമതല' , സൈബർ ആങ്ങളമാർ ഏറ്റെടുത്തിരിക്കുന്നു. വീടിന്റെ തടവിൽനിന്നും കുതറി പുറത്തുകടക്കുന്ന സ്ത്രീകളേയും പെൺകുട്ടികളേയുമാണ് ഈ ആശയക്കുഴപ്പക്കാർ വട്ടമിട്ട് ആക്രമിക്കുന്നത്. അനശ്വര രാജൻ എന്ന പെൺകുട്ടിക്കുനേരെയുണ്ടായ സൈബർ ആക്രമണം നൽകുന്ന സൂചനകളെ ലഘുവായി കാണാനാവില്ല. കാലുകൾ കണ്ട് ഹാലിളകുന്നവർ പെണ്ണിന്റെ സകല അവയവങ്ങളേയും വലിച്ച് പുറത്തിടുകയും മേലുകീഴ് കയറി മേയുകയും ചെയ്യുന്നു. അമ്മയും പെങ്ങളുമുള്ള സദാചാരകമ്മിറ്റികൾ ആവുകയും തള്ളകേട്ടാൽ പൊറുക്കാത്ത തെറി പറയുകയും ചെയ്യും. ഒക്കെ സംസ്‌കാര സംരക്ഷണത്തിനാണ്. മനുസ്മൃതി കേരള പുരുഷന്റെ മെയിൻ കാംഫ് ആവുകയാണ്. ഹോ ഹൊയ് ഇതാ രക്ഷാധികാരികൾ വരുന്നു, ഞങ്ങളുടെ വരുമ്പുകളിൽ നിന്ന് നിങ്ങൾ മാറിനടക്കുക എന്നാണ് അത് പെണ്ണിനോടു പറയുന്നത്. സൈനിക വത്കൃതമായ ആൺകോയ്മാ ഭരണകൂടത്തിന്റെ ഇത്തരം അപകടസാധ്യതകളെക്കുറിച്ച് വളരെയധികം ബോധവതികളാണ് ഫെമിനിസ്റ്റുകളായ ഇവിടുത്തെ ഓരോ സ്ത്രീയും. അതുകൊണ്ടാണ് ഇക്കൂട്ടർ ഫെമിനിസ്റ്റുകളെ തീക്കട്ടപോലെ ഭയക്കുന്നത്.

പ്രതികരണത്തിനും പ്രതിഷേധം രേഖപ്പെടുത്താനും ആരോഗ്യകരമായ വഴികൾ തെരഞ്ഞെടുക്കുവാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളും എതിർക്കുന്ന കക്ഷിയെ വായടപ്പിക്കുവാനാണ് താൽപര്യപ്പെടുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വംശനാശം വരുത്തുവാനായി രാഷ്ട്രീയകക്ഷികളും താരനേതൃത്വങ്ങളും മൗനാനുവാദം നൽകി പരിപോഷിപ്പിക്കുന്നവരാണ് ഇവിടുത്തെ സൈബർ ഗുണ്ടകൾ. മുഖമില്ലാത്ത ഒരു ആൾക്കൂട്ടമാണത് . നവമാധ്യമങ്ങളിൽ സ്വതന്ത്ര ആശയങ്ങൾ പറയുന്ന ഏതൊരു സ്ത്രീയ്ക്കുനേരെയും വരുന്ന ആക്ഷേപങ്ങളിൽ പ്രധാനപ്പെട്ടത് ഫെമിനിച്ചി, ഫെമിനിസ്റ്റ് കൊച്ചമ്മ എന്നൊക്കെയുള്ള വിശേഷണങ്ങളാണ്. ചരിത്രത്തിലുടനീളം അധീശശക്തികൾ സ്ത്രീകൾക്കു കൽപ്പിച്ചു നൽകിയ നിശബ്ദതയെ അട്ടിമറിക്കുന്നതിന് ഓരോ സ്ത്രീയും ചരിത്രത്തിലും കാലത്തിലും ഇടപെട്ടുകൊണ്ടു നടത്തിയ ബോധപൂർവ്വമായ പരിശ്രമങ്ങൾക്കു കിട്ടിയ വിളിപ്പേരുകളാണവ. ഈ കാലഘട്ടത്തിൽ ഓരോ സ്ത്രീയും ഫെമിനിസ്റ്റാണ്. തന്റേതായ സ്വാതന്ത്ര്യ സങ്കല്പനങ്ങളുള്ള ഓരോ സ്ത്രീയ്ക്കും അവരവർ നിൽക്കേണ്ട ഇടത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കിക്കൊടുത്ത ബഹുതരങ്ങളായ ആശയങ്ങളുടെ സംഹിതയാണ് ഫെമിനിസത്തിന്റേത്. സ്ത്രീകളുടേത് മാത്രമായ ലോകത്തേയല്ല, സ്ത്രീയ്ക്ക് തുല്യ ശബ്ദമുള്ള, തുല്യപദവിയും തുല്യ ആദരവും തുല്യ അവകാശങ്ങളുമുള്ള സമത്വാധിഷ്ഠിതമായ ഒരു ലോകത്തെയാണ് മറ്റേതൊരു പുരോഗമന പ്രസ്ഥാനവുമെന്നപോലെ ലോകത്തിലെ സ്ത്രീവാദ പ്രസ്ഥാനവും ആഗ്രഹിക്കുന്നത്. പക്ഷേ അത് സ്ത്രീകൾക്ക് നിഷ്പ്രയാസം സാധിക്കുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ നിരന്തരം ശബ്ദിക്കേണ്ടിവരുന്നു എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നത് സ്ത്രീകൾക്കുനേരെയല്ല. സാമൂഹികാവസ്ഥകൾക്കുനേരെയാണ്.

സൈബർ ലോകത്തെ സ്ത്രീയുടെ ഇടപെടലുകൾ അവൾക്ക് പ്രത്യേകമായ ഒരു ദൃശ്യത നൽകിയിട്ടുണ്ട്. അതിന്റെ ഫലമുണ്ടായ ആത്മവിശ്വാസം ഏതു ഗുരതരമായ സാമൂഹ്യവിഷയവും തന്റെ ചിന്തയ്കക്കു വഴങ്ങുമെന്നും അത്തരം ചർച്ചകളിൽ പങ്കെടുക്കേണ്ടത് തന്റെ കർത്തവ്യമാണെന്നും അവളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സൈബർ ലോകത്തെ അറിയുക, അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മധ്യവർത്തി സ്ത്രീയിന്ന് തിരിച്ചറിയുന്നു. ഏതെല്ലാം തരത്തിൽ പഴുതുകളടച്ചാലും പുതിയ പഴുതുകൾ ഉണ്ടാക്കിക്കൊണ്ട് എല്ലാനിയമത്തെയും അട്ടിമറിച്ചുകൊണ്ട് ഒരു ക്രിമിനൽ സമൂഹം ഇവിടെ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ച് മുമ്പെന്നത്തേതിനേക്കാൾ ജാഗരൂകരാണ് പുതിയ കാലത്തെ സ്ത്രീ. അവരിൽ ഒരാളെ തൊട്ടാൽ ഒരു സമൂഹമൊന്നടങ്കം ഉണരുന്നു. അവിടെ ചലച്ചിത്രമേഖലയിലുള്ളവരുണ്ട്, രാഷ്ട്രീയ രംഗത്തുള്ളവരുണ്ട്, മാധ്യമ രംഗത്തുനിന്നുള്ളവരുണ്ട്, അധ്യാപകരുണ്ട്, എഴുത്തുകാരുണ്ട്. വീട്ടമ്മമാരുണ്ട്. എല്ലാവരും ചേർന്ന്, ആശയങ്ങൾ പ്രചരിപ്പിക്കുന്നു. പരസ്പരം കൈകോർക്കുന്നു. അവർ പുതുവഴി വെട്ടുകയാണ്. തെറ്റായ വഴിയെന്ന് നിങ്ങൾ വിലക്കിയിരുന്നിടത്തെല്ലാം ഇതാ ഞങ്ങൾ എന്നു വിളംബരം ചെയ്തുകൊണ്ടാണ് സൈബർ ലോകത്തെ പെൺ ഇടപെടലുകൾ. സ്വയം ദുർബലപ്പെടുത്തേണ്ടതോ ഗുപ്തമാക്കിവെക്കേണ്ടതോ ആയി ഒന്നുമില്ലെന്ന് അവർ പ്രഖ്യാപിക്കുകയാണ്. മാറുന്ന കാലത്തിന്റെ സാങ്കേതികതകളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുവാനുള്ള വൈദഗ്ധ്യവും കാലംതന്നെ അവർക്ക് നൽകിക്കഴിഞ്ഞു.

ഡോണ മയൂര

തികച്ചും സ്ത്രീവിരുദ്ധമായ ഒരിടത്തിൽ വിവേചന ബുദ്ധിയോടെ വിവേകത്തോടെ ഇടപെടേണ്ടതെങ്ങനെയെന്ന പാഠവും ഈ ലോകം അവർക്ക് നൽകിയിരിക്കുന്നു. എങ്കിലും ഒന്ന് പറയാതെ വയ്യ, ചതിക്കുഴികൾ ഒഴിവാക്കാൻ പഠിക്കുകയെന്നത് പെണ്ണിന് ഒരുനിരന്തര പരിശീലനം തന്നെയാണ്. ആ നശിച്ച പരിശീലനം തന്നെയാണ് ബൗദ്ധികവും ഭൗതികവുമായ യുദ്ധമാണ് ഒരു സ്ത്രീ തന്റെ ജീവിതകാലമാത്രയും ചെയ്തുകൊണ്ടിരിക്കുന്നത്. അത് തീരെ സമാധാനപരമായ ഒരു യുദ്ധമല്ല.

ഡോണമയൂര എഴുതിയ ഈ കവിത പറയുന്നത് അത് തന്നെയല്ലേ.

"നിങ്ങൾ മുലഞെട്ടുകളെന്ന് വിളിക്കും'

"എന്റെ നെഞ്ചിലുണ്ട്,
വെടിയുണ്ടയേറ്റുള്ള
രണ്ട്
കറുത്ത പാടുകൾ.
ബൗദ്ധികവും ഭൗതികവുമായ
യുദ്ധങ്ങളിൽ
നിരന്തരം
പെട്ടുപോയതിൻ
പാടു(ട്ടു)കൾ.'എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments