സംവാദമാകട്ടെ, സ്ത്രീ ശരീരവും ലൈംഗികതയും

സമൂഹമാധ്യമം എന്ന പൊതുസത്ത പൊതുജനം എന്നസത്തയിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. കുടുംബം, ദാമ്പത്യം എന്നിവയെ സവർണ പുരുഷാധിപത്യസമവാക്യങ്ങളിൽ കെട്ടുറപ്പുളള മാതൃകയാക്കി പ്രതിഷ്ഠിക്കുകയും മറ്റെല്ലാത്തരം കുടുംബഘടനയെയും പരിഹാസ്യമോ അശ്ലീലമോ ആക്കുകയും ചെയ്യുന്ന നിരവധി വ്യവഹാരങ്ങൾ അവ പ്രോത്സാഹിപ്പിക്കുന്നു. നിലവിലുണ്ടായിരുന്ന മേലാള പുരുഷശീലങ്ങളെ മറികടക്കാൻ ശ്രമം നടക്കുന്ന പുതിയ കാലത്ത്, ഇതുവരെ പുരുഷാധിപത്യം എന്നു വ്യവഹരിച്ചിരുന്നതിനെയെല്ലാം ഇനിമുതൽ ‘നിലവാരമില്ലാത്ത പുരുഷയുക്തി' എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും

‘റെഫ്യൂസ് ദി അബ്യൂസ്, സൈബർ ഇടം ഞങ്ങളുടെയും ഇടം' എന്ന വിമൻ ഇൻ സിനിമ കളക്ടീവിന്റെ സമരവും അശ്ലീല പരാമർശക്കാരനെതിരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നടത്തിയ പ്രതിരോധവും കേരളത്തിലെ പെൺകരുത്തിന്റെ ചരിത്രപരമായ ചുവടുവെപ്പായി കാണേണ്ടതുണ്ട്.

ഇതേത്തുടർന്ന്, പരമ്പരാഗതമായി ശീലിച്ചുവെച്ചതും മൂല്യാധിഷ്ഠിതം എന്നു തെറ്റിദ്ധരിച്ചിരിക്കുന്നതുമായ ലിംഗബോധങ്ങളുടെ ചെളിപുരണ്ട വാക്കേറുകൾ കൊണ്ട് സമൂഹമാധ്യമചർച്ചകൾ പാരമ്പര്യനുണകളുടെ പിന്നാമ്പുറത്തേക്ക് സഞ്ചരിക്കുന്നത് തടുക്കേണ്ടത് തുല്യതാബോധമുളളവരുടെ ധാർമികദൗത്യമാണ്. വ്യവസ്ഥാനിർമിതികളുടെ മൂലകാരണങ്ങളിലേക്ക് സൂക്ഷ്മസഞ്ചാരം നടത്താതെയുളള പരിഹാരകർമങ്ങളൊന്നും ഫലപ്രദമാകില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്.

ലിംഗബോധത്തെ രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിൽ നല്ലൊരുപങ്കു വഹിക്കാൻ, കുടുംബം എന്ന സ്ഥാപനത്തിൽ അനായാസം പ്രവേശിക്കാനും ഇരിപ്പുറപ്പിക്കാനും കഴിയുന്ന മതങ്ങൾക്കും മാധ്യമങ്ങൾക്കും സാധ്യമാണ്. ഇതുരണ്ടും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുളള പൗരസ്വാതന്ത്ര്യം നിലവിലുണ്ടെങ്കിലും മതം വ്യക്തിയെ ജന്മനാ പിൻപറ്റുന്നതും, മാധ്യമങ്ങൾ സൗകര്യാർത്ഥം പറ്റിച്ചേരുന്നതുമാണ്.

മതവും ജാതിയും ഉപജാതിയും അച്ചടക്കവും അനുഷ്ഠാന മര്യാദകളും പാലിക്കാനുളള പരിശീലനക്കളരിയായി അവയുടെ അടിസ്ഥാന ഏകകമായ കുടുംബത്തെ ഉപകരണമാക്കുന്നു. അതിന്റെ അത്തരം അധികാരഘടനകൾ ഉറപ്പിച്ചുയർത്തിയിരിക്കുന്ന എല്ലാത്തരം വിഭാഗീയതകളെയും മറികടന്ന് തുല്യമാനവികത നിലനിർത്താനുളള സാധ്യത മറ്റേതിനേക്കാളും മാധ്യമങ്ങൾക്കുണ്ട്. കോവിഡ് യുഗം എല്ലാ വ്യവഹാരങ്ങളെയും മാധ്യമകേന്ദ്രിതമായി പുനർനിശ്ചയിച്ച കാലത്ത് പ്രത്യേകിച്ചും.

ശാസ്ത്ര സാങ്കേതികത, വ്യവസായമേഖല, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, സാമൂഹ്യക്ഷേമം എന്നിവയിലുണ്ടായ കുതിച്ചുകയറ്റം മൂല്യസങ്കൽപനങ്ങളിൽ ആനുപാതികമായി സംഭവിച്ചില്ല. അതുപോലെ, വിവിധസമുദായങ്ങളിലെ ജീവിതരീതികൾ പരിഷ്‌കരിക്കപ്പെട്ടുവെങ്കിലും മതബോധങ്ങൾ വേണ്ടത്ര നവീകരിക്കപ്പെടാതെപോയതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ

ആശയ നവോത്ഥാനം സാഹിത്യം ഉൾക്കൊണ്ടുവെങ്കിലും ഇതര കലാവിഷ്‌കാരങ്ങൾ സ്ത്രീവിരുദ്ധതകൾ ഉൾപ്പെടെയുളള വിഭാഗീയ രാഷ്ട്രീയം പിൻതുടരുകയാണുണ്ടായത്. സിനിമയും ദൃശ്യശ്രവ്യ മാധ്യമങ്ങളും അവയെ പരിപോഷിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തെ ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ അച്ചടിമാധ്യമങ്ങളുടെ പങ്ക് നിസ്സാരമായിരുന്നില്ല എന്ന് ഓർത്തുകൊണ്ടുവേണം ഈ പ്രശ്‌നത്തെ സമീപിക്കാൻ.

നവമാധ്യമങ്ങൾ വൈകാരികവും സാമൂഹികവും ബൗദ്ധികവുമായി വ്യക്തിതലത്തിൽ പകർന്ന ഉണർവ്വ് സമയത്തെയും സ്ഥലത്തെയും അതിവർത്തിച്ചുനിൽക്കാനുളള സ്വാതന്ത്ര്യത്തിന്റെയും സാന്നിധ്യത്തിന്റെയും സാധ്യതകൂടിയാണ്. നിശ്ശബ്ദമായി ശബ്ദിക്കാനും പ്രതിരോധിക്കാനും കൂട്ടംചേരാനും പ്രഹരിക്കാനും വരെയുളള സാധ്യത. ഒരേസമയം അഭിപ്രായങ്ങൾ രൂപപ്പെടുത്തുകയും നിമിഷങ്ങൾക്കുളളിൽ കൈമാറുകയും ചെയ്യുന്നതിനൊപ്പം വാസ്തവങ്ങളും വാസ്തവവിരുദ്ധതകളും കൊണ്ട് കലുഷിതമാകുന്ന അവസ്ഥ.

സമൂഹമാധ്യമം എന്നാൽ പൊതുജനം തന്നെയാണ്

സ്ത്രീകൾക്കുനേരെയുണ്ടാകുന്ന എല്ലാ സംഘടിത ആക്രമണങ്ങൾക്കും പിന്നിലുളള പൊതുബോധ രാഷ്ട്രീയത്തിന്റെ മാനങ്ങൾ മേൽ സൂചിപ്പിച്ച പല വിഭാഗീയ യുക്തികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഇടപെടലുകളുടെ സൃഷ്ടി തന്നെയാണ്.

കാരണം, സമൂഹമാധ്യമം എന്ന പൊതുസത്ത പൊതുജനം എന്നസത്തയിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. നേരിട്ടുനടന്ന സംവാദങ്ങൾ വെർച്വലാകുകയും ചുരുങ്ങിനിന്നിരുന്ന ഇടം, എണ്ണം എന്നിവ വിപുലമാകുകയും ചെയ്തു എന്നതൊഴിച്ചാൽ, ഡിവൈസ് ഉപയോഗിക്കുന്നവരും അല്ലാത്തവരും എന്ന പുതിയ ദ്വന്ദ്വം രൂപപ്പെട്ടതു മാത്രമാണ്​ വ്യത്യാസം. അന്നും ഇന്നും സാന്നിധ്യം നിലനിർത്തുന്നവയും ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ നിയന്ത്രിക്കുന്നതിൽ അനിഷേധ്യമായ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നതും മുഖ്യധാരാമാധ്യമങ്ങൾ തന്നെയാണ്.

കുടുംബം, ദാമ്പത്യം എന്നിവയെ സവർണ പുരുഷാധിപത്യസമവാക്യങ്ങളിൽ കെട്ടുറപ്പുളള മാതൃകയാക്കി പ്രതിഷ്ഠിക്കുകയും മറ്റെല്ലാത്തരം കുടുംബഘടനയെയും പരിഹാസ്യമോ അശ്ലീലമോ ആക്കുകയും ചെയ്യുന്ന നിരവധി വ്യവഹാരങ്ങൾ അവ പ്രോത്സാഹിപ്പിക്കുന്നു. പരിഹാസപാത്രങ്ങളായി ഫെമിനിസ്റ്റിനെ ചിത്രീകരിച്ച പഴയസിനിമാരീതിയുടെ തുടർച്ച അവാർഡ്‌ഷോകളിൽ വരെയുണ്ടാകുന്നു.

WCC ക്കുനേരെയും ഭാഗ്യലക്ഷ്മിക്കും സുഗതകുമാരിക്കും എതിരെയും ആർക്കും എന്തും പറയാമെന്ന താണതരം പുരുഷയുക്തി, നൂറ്റാണ്ടുകളായി ഇവിടെ നിലനിന്ന ആധിപത്യ പുരുഷബോധത്തിന്റെ സൃഷ്ടി തന്നെയാണെന്നതിൽ ആർക്കും തർക്കമില്ല. മുഖ്യധാരാ വാർത്താമാധ്യമങ്ങൾ നിലനിർത്തുന്ന ലിംഗരാഷ്ട്രീയം വല്ലപ്പോഴും അവ നടത്തുന്ന പുരോഗമനപരമായ ചർച്ചകളുടേതല്ല. അത്തരം സംവാദങ്ങളുടെ പതിന്മടങ്ങ് സമയം നീക്കിവെക്കുന്ന പ്രൈം ടൈം വിനോദപരിപാടികളുടെ തിരക്കഥകളും ചിത്രീകരണരീതിശാസ്ത്രങ്ങളുമാണ് പ്രേക്ഷകഭൂരിപക്ഷത്തെ ആകർഷിക്കുകയും ചിന്താപരമായ ലഹരിക്ക് അടിപ്പെടുത്തുകയും ചെയ്യുന്നത്.

ഏറ്റവും പുതിയകാലം സിനിമയെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുമ്പോഴും അതിനേക്കാൾ അനായാസമായി വീടകങ്ങളിൽ വിളമ്പിക്കൊണ്ടിരിക്കുന്ന മെഗാപരമ്പരകളുടെ പൊതുദൗത്യം എന്തെന്നു വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. സവർണ പുരുഷാധിപത്യപാരമ്പര്യങ്ങളും യുക്തിക്കു നിരക്കാത്ത മന്ത്രവാദം ഉൾപ്പെടെയുളള അനാചാരങ്ങളും കുറ്റകൃത്യങ്ങളും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സീരിയൽ വ്യവസായം, വിദ്യാലയങ്ങളും സർവ്വകലാശാലകളും പകർന്നുനൽകിക്കൊണ്ടിരിക്കുന്ന സകല അറിവുകളെയും നിർവ്വീര്യമാക്കുന്ന മ്ലേഛതകളുടെ പരിശീലനക്കളരികളാകുകയാണ് പലപ്പോഴും.

ചാനലിന്റെ പൊതുരാഷ്ട്രീയം എന്നത് ഭൂരിപക്ഷ പ്രേക്ഷകർക്കായി കൂടുതൽ സമയം കൈകാര്യം ചെയ്യുന്ന വിഷയങ്ങളല്ലാതെ മറ്റെന്താണ്? സമാനമായി സ്ത്രീവിരുദ്ധവും ട്രാൻസ് വിരുദ്ധവും ദളിത് വിരുദ്ധവുമായ സൗന്ദര്യസങ്കൽപങ്ങളും തൊഴിൽസങ്കൽപങ്ങളും വംശബോധവും ഉൽപാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുപോലെ പാരമ്പര്യ ബോധങ്ങളുടെ സ്‌ത്രൈണ കീഴ്‌വഴക്കങ്ങൾ പരിശീലിപ്പിക്കുന്ന മറ്റൊരു വിഭാഗമാണ് മുഖ്യധാരാ പത്രമാധ്യമങ്ങളുടെ സഹോദരസ്ഥാപനങ്ങളായ പെൺവാരികകൾ.

ട്രാൻസ് വ്യക്തിത്വങ്ങളും ദളിത് കീഴാളപക്ഷങ്ങളും അവരുടെ വ്യവഹാരങ്ങൾക്കുപുറത്താണെന്നു മാത്രമല്ല, മധ്യവർഗ്ഗ-ഉപരിമധ്യവർഗ്ഗ സ്ത്രീകളെ അധീശപുരുഷവർഗ താൽപര്യങ്ങൾ തൃപ്തിപ്പെടുത്താൻ പരിശീലിപ്പിക്കുക കൂടിയാണ്​ ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുമാത്രമെ WCC പോലെയുളള കൂട്ടായ്മകൾ സ്വീകരിക്കേണ്ട നിലപാടുകളെ വിശകലനം ചെയ്യാൻ കഴിയൂ.

സംഘടനാബോധത്തിന്റെ പ്രശ്‌നങ്ങൾ

പൊതുസമൂഹം എന്നത് ഒറ്റ സംവർഗ്ഗമല്ലാതിരിക്കെ, ഭൂരിപക്ഷം എന്നതും ഒറ്റ സംവർഗമല്ല. മേലാള ജനസഞ്ചയം ഭൂരിപക്ഷത്തിന്റെ പ്രതിനിധാനവുമല്ല. നവോത്ഥാനം ചിന്താപരമായ ഉണർവാണ് അർത്ഥമാക്കുന്നത്. സമഭാവനയോടെ ജീവിക്കാനും സഞ്ചരിക്കാനും പഠിക്കാനും പോലെയുളള അവകാശമാണ് തൊഴിലെടുക്കാനും ഉളളത്.

തൊഴിലിടങ്ങളിലെ അവകാശകേന്ദ്രിത നിയമങ്ങൾ പുനഃപരിശോധിക്കുകയും നിലവിലുളള നിയമങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നു അന്വേഷിക്കുകയും ചെയ്യേണ്ട ധാർമ്മിക ഉത്തരവാദിത്വം ഭരണകൂടത്തിനും ട്രേഡ് യൂണിയനുകൾക്കും ഒരുപോലെ ഉണ്ടാകേണ്ടതാണ്. ട്രേഡ് യൂണിയൻ എന്നത് തൊഴിലാളി സ്വത്വത്തിന്റെ ക്ഷേമതാൽപര്യങ്ങളെ എല്ലാ അർത്ഥത്തിലും പരിരക്ഷിക്കാൻ പര്യാപ്തമായിരിക്കണം.

നിലവിലുളള സിനിമാപ്രവർത്തകസംഘടനകളിൽ ആ ദൗത്യം ജനാധിപത്യബോധത്തോടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന മാതൃകാപരമായ കൂട്ടായ്മയായാണ് പുരോഗമനവാദികൾ WCC യെ കാണുന്നത്.
സിനിമ ഒരർത്ഥത്തിൽ സ്വയംസംരംഭക പ്രക്രിയ തന്നെയാണല്ലോ. പ്രൊജക്റ്റ് ചെറിയതോ വലിയതോ ആകട്ടെ, വ്യക്തിയോ ഒരുകൂട്ടം സംരംഭകരോ മുതൽമുടക്കി കൂടുതൽ ലാഭം ലക്ഷ്യം വെക്കുന്ന വ്യവസായം എന്ന നിലയിൽ പരിഗണിക്കുമ്പോൾ നിർമ്മാതാവിന്റെ / നിർമാതാക്കളുടെ ലാഭനഷ്ടക്കണക്ക് നിർണായകമാണ്.

വുമൺ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ
വുമൺ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ

സിനിമയുടെ മൂല്യം അളക്കാനുളള മാനദണ്ഡമായി പലപ്പോഴും അതിന്റെ കളക്ഷൻ നേട്ടം പരാമർശിച്ചു കാണാറുമുണ്ട്. മുൻനിര കലാകാരർ ഒഴികെയുളള നൂറുകണക്കിന് അണിയറ പ്രവർത്തകരിൽ പലരും ബഹിഷ്‌കൃതരാകുകയോ പ്രതിഫലം ഉൾപ്പെടെയുളള വിവേചനം നേരിടുകയോ ചെയ്യുന്നത് മറ്റു തൊഴിൽ മണ്ഡലങ്ങളിലേതുപോലെയുളള ജനാധിപത്യപരമായ സംഘടനാബോധം വളർന്നുവരാത്തതുകൊണ്ടുതന്നെയാണ്.

സംഘടനാ സംസ്‌കാരത്തെ മുതലാളിവിരുദ്ധത എന്ന അടിസ്ഥാനപ്രമാണത്തിൽ ഊന്നി നിൽക്കുന്ന വിലോമശക്തി എന്നുമാത്രം കരുതുന്നരീതി മറികടക്കാൻ യത്‌നിക്കേണ്ട ഉത്തരവാദിത്തം ജനശ്രദ്ധ നേടിയ മുൻനിര തൊഴിലാളി സംഘടനകൾക്കുമുണ്ട്. ഏകകേന്ദ്രിതമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന വലതുരീതിയെ പ്രതിരോധിക്കുന്നതിന്, തൊഴിലാളിപക്ഷത്തിന്റെ കേവലമായ അവകാശസംരക്ഷണ ധാരണകൾ മാത്രം പോരാ. നിലവിലെ തൊഴിലാളി അവകാശ സങ്കൽപങ്ങളെ കാലികമായി പുനർനിർവചിക്കുകയും പരിഷ്‌കരിക്കുകയും വേണ്ടതുണ്ട്.

‘നിലവാരമില്ലാത്ത പുരുഷയുക്തി'

ജാതിബോധത്താലും സ്ഥാപിത സൗന്ദര്യസങ്കൽപങ്ങളാലും കലുഷിതമായ ലിംഗബോധത്തെയാണ് കമ്പോളയുക്തികൾ ഏറ്റെടുത്ത് പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവയെ തകർക്കുന്ന നവോത്ഥാനപോരാട്ട തുടർച്ച ഇവിടെ ഉണ്ടായില്ല. നവോത്ഥാനം എന്നത് താൽക്കാലികമായ ചില ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം നിലച്ചുപോകേണ്ടതല്ലല്ലൊ.

നവോത്ഥാന പ്രക്രിയ ശക്തമാകുന്നതിന് സമാന്തരമായിത്തന്നെ ജാതി- സാമ്പത്തിക- അധികാര മേലാള യുക്തികളുടെ അവശേഷിപ്പുകൾ അവയുടെ നിലനിൽപിനായുളള പരിശ്രമങ്ങളിൽ ശ്രദ്ധയുന്നി പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാകും. അത് പ്രതിരോധിക്കാനുളള നിരന്തര ഇടതുബോധത്തെ ശക്തിപ്പെടുത്തേണ്ടത് അദ്ധ്വാനിക്കുന്ന ജനവിഭാഗമാണ്. ശാരീരികവും ബൗദ്ധികവുമായ എല്ലാത്തരം അദ്ധ്വാനവും അതിന്റെ ഭാഗമായിരിക്കണമെന്ന ജാഗ്രത പുലർത്തേണ്ടതും സർവീസ് സംഘടനകളുടെ ലക്ഷ്യമായിരിക്കണം.

സർവീസ് സംഘടനകളുടെ നേതൃത്വങ്ങൾ പലപ്പോഴും നിർദ്ദിഷ്ട വ്യക്തിസംഘങ്ങളാൽ നിയന്ത്രിക്കപ്പെടുമ്പോൾ അത് തൊഴിലാളി അവകാശ സംരക്ഷണം ലക്ഷ്യമിടുന്ന ട്രേഡ് യൂണിയൻ അല്ലാതായി മാറാനുളള സാധ്യത വളരെ കൂടുതലുമാണ്. അതിൽ തൊഴിലാളിപക്ഷത്തിന്റെ എല്ലാ അടരുകളിൽ നിന്നും - പ്രായ, പദവി, ലിംഗ ഭേദമെന്യേ - പ്രാതിനിധ്യം ഉണ്ടായിരിക്കുകയും ഒന്നോ രണ്ടോ വർഷത്തിനുളളിൽ നേതൃനിര കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴേ അത് സർവജന പങ്കാളിത്തമുളള കൂട്ടായ്മയായി നിലനിൽക്കുകയുള്ളൂ. അവകാശസംരക്ഷണവും അനിവാര്യമായ സന്ദർഭങ്ങളിലെ പ്രതിരോധവും തുടർപ്രക്രിയയായി നിലനിർത്തുകയും വേണം.

താരങ്ങൾ എന്ന സങ്കൽപനത്തെ മറികടന്ന് അഭിനേതാവ് എന്ന ജനാധിപത്യബോധത്തിലേക്ക് നടീനടൻമാർ രൂപാന്തരപ്പെടേണ്ടതുമുണ്ട്. അതിന്റെ സ്ഫുരണങ്ങൾ WCC യുടെ നിലപാടുകളിൽ കാണുന്നത് ആശാവഹമാണ്.

നവോത്ഥാന മുന്നേറ്റങ്ങളുടെ രീതിശാസ്ത്രങ്ങളിൽ എല്ലാത്തരം വിഭാഗീയതകളെയും നിരാകരിക്കുന്ന ഭാഷണത്തിന്റെയും ഇടപെടലിന്റെയും പ്രത്യയശാസ്ത്രങ്ങൾ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. സ്ത്രീയുടെ ശരീരം, ലൈംഗികത എന്നിവയെ സംവാദാത്മകമാക്കുന്ന ആശയരാഷ്ട്രീയം രൂപപ്പെടുകയും വേണം.

നിലവിലുണ്ടായിരുന്ന മേലാള പുരുഷശീലങ്ങളെ മറികടക്കാൻ പരിഷ്‌കരണവാദികളായ നിരവധി പുരുഷൻമാരും സ്ത്രീകളും ട്രാൻസ്‌ജെൻഡറുകളും ഒന്നിച്ചു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത്, ഇതുവരെ പുരുഷാധിപത്യം എന്നു വ്യവഹരിച്ചിരുന്നതിനെയെല്ലാം ഇനിമുതൽ ‘നിലവാരമില്ലാത്ത പുരുഷയുക്തി' എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും.


Summary: സമൂഹമാധ്യമം എന്ന പൊതുസത്ത പൊതുജനം എന്നസത്തയിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. കുടുംബം, ദാമ്പത്യം എന്നിവയെ സവർണ പുരുഷാധിപത്യസമവാക്യങ്ങളിൽ കെട്ടുറപ്പുളള മാതൃകയാക്കി പ്രതിഷ്ഠിക്കുകയും മറ്റെല്ലാത്തരം കുടുംബഘടനയെയും പരിഹാസ്യമോ അശ്ലീലമോ ആക്കുകയും ചെയ്യുന്ന നിരവധി വ്യവഹാരങ്ങൾ അവ പ്രോത്സാഹിപ്പിക്കുന്നു. നിലവിലുണ്ടായിരുന്ന മേലാള പുരുഷശീലങ്ങളെ മറികടക്കാൻ ശ്രമം നടക്കുന്ന പുതിയ കാലത്ത്, ഇതുവരെ പുരുഷാധിപത്യം എന്നു വ്യവഹരിച്ചിരുന്നതിനെയെല്ലാം ഇനിമുതൽ ‘നിലവാരമില്ലാത്ത പുരുഷയുക്തി' എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും


Comments