2024 ജൂലൈ അഞ്ചിനാണ് ഫേസ്‌ബുക്കിൽ ഞാൻ അവസാനം ഒരു പോസ്റ്റിട്ടത്. അതിനുശേഷം സ്വന്തം ലേഖനങ്ങളും അഭിമുഖങ്ങളും വന്നപ്പോൾ പോലും അവ പോസ്റ്റ് ചെയ്തിട്ടില്ല. മുമ്പ് പലവട്ടം താൽക്കാലികമായി സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് മാറിനിന്നിട്ടുണ്ടെങ്കിലും ഇത്തവണ ഇതിനിവേണ്ടെന്ന ഉറച്ച തീരുമാനമെടുത്തു. എഴുത്തും ഗണ്യമായി കുറച്ചു. പലതും എഴുതാൻ തോന്നാറുണ്ട്. എഴുതിയിട്ട് ഒരു കാര്യവുമില്ലെന്ന മുമ്പേ ഉണ്ടായിരുന്ന ബോധം ബോധ്യമായി പരിണമിച്ചത് എപ്പോഴാണെന്ന് കൃത്യമായി ഓർമ്മയില്ല. സ്വാഭാവികമായി ഉരുത്തിരിഞ്ഞ ഒരു പരിണതിയായിരിക്കണം.
ഫേസ്‌ബുക്ക് ഒഴികെ ഒരു സമൂഹമാധ്യമത്തിലും ഒരിക്കലും സജീവമായിരുന്നില്ല. എപ്പോഴോ ഒരിക്കൽ ട്വിറ്ററിൽ ചേർന്നിരുന്നു, പക്ഷേ ഏതാനും പോസ്റ്റുകൾക്കുശേഷം അത് വിട്ടു. ടെലിവിഷൻ ചർച്ചകളിൽ അപൂർവ്വമായി മാത്രമേ പങ്കെടുത്തിട്ടുള്ളൂ. നിർബന്ധം കൊണ്ടോ സൗഹൃദങ്ങൾ കൊണ്ടോ അതിന് വഴങ്ങിയത് സമയനഷ്ടമായി മാത്രമാണ് അനുഭവപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ടീ ഒളിച്ചോട്ടമെന്ന ചോദ്യം പല സുഹൃത്തുക്കളും ഉന്നയിക്കാറുണ്ട്. ഇപ്പോഴിത് എഴുതുമ്പോൾ, യുവാൽ നോആ ഹരാരിയുടെ ഒരു ഹൃസ്വമായ പ്രസംഗത്തിലെ ഉള്ളടക്കം തികട്ടി തികട്ടി വരുന്നുണ്ട്. എന്തുകൊണ്ട് ഈ ശബ്ദമുഖരിതയിൽ പലരും മൗനം തെരഞ്ഞെടുക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം തരുന്നുണ്ട്. അതെനിക്ക് ഒരിക്കലും പറയാൻ കഴിയാത്തത്ര വ്യക്തതയോടെ, കൃത്യതയോടെ, അദ്ദേഹം വിവരിക്കുന്നുണ്ട്. ഇനി വരുന്ന ഖണ്ഡികകളിൽ അതുകൊണ്ടുതന്നെ പറയുന്നത് സ്വന്തം കാര്യമാണെങ്കിലും സ്വന്തം അഭിപായമാണെങ്കിലും യുവാലിന്റെ വാക്കുകളും ആശയങ്ങളും കടന്നുവരും. അവ 'ഉദ്ധരണി'കളാക്കി കൂടുതൽ വിരസത സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല.
സാർവ്വജനീനമായ നൈതികതയുടെ സ്ഥാനത്ത് പ്രാചീനമോ അർവ്വാചീനമോ ആയ സങ്കുചിത ഗോത്രബോധം മേൽക്കൈ നേടിയ ഒരു ലോകത്ത് സംഭാഷണത്തിന്റെ സാധ്യതകൾ എവിടെയാണ്?
സമൂഹമാധ്യമങ്ങൾ തനിക്കുചുറ്റും ഉറഞ്ഞുതുള്ളിയപ്പോൾ അതുണ്ടാക്കിയ അപമാനബോധത്തിൽ ജീവിതം അവസാനിപ്പിച്ച ദീപക് എന്ന ചെറുപ്പക്കാരന്റെ ആത്യന്തികനിസ്സഹായതയുടെ മരണത്തിനു മുമ്പുള്ള രണ്ടു ദിനങ്ങളും, വൈറലാകാനുള്ള വ്യഗ്രതയിൽ അയാളുടെ ജീവിതത്തിന് വിരാമവിധി പറഞ്ഞ, ഇപ്പോൾ സ്വയം കുറ്റപ്പെടുത്തി മഞ്ചേരിയിൽ തടവറയിൽ കഴിയുന്ന ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു യുവതിയുടെ വിഷമസന്ധിയും മനസ്സിനെ അലട്ടുന്നുണ്ട്. അയാൾ സ്വന്തം മാതാപിതാക്കളെ നോക്കി ഇന്നും ഈ ഭൂമുഖത്ത് ഉണ്ടാവേണ്ടതായിരുന്നു. ഷിംജിത നിയമവിചാരണയിലൂടെയും ആൾക്കൂട്ടവിചാരണയിലൂടെയും കടന്നുപോയ ദുരവസ്ഥ ഉണ്ടാവരുതായിരുന്നു. ഒരർത്ഥത്തിൽ ഇരുവരും കഴിഞ്ഞ കുറേക്കാലമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരലോചനത്തിന്റെ, ആൾക്കൂട്ടമനശ്ശാസ്ത്രം തെരുവുകളിൽനിന്ന് മുഖപുസ്തകം നൽകുന്ന മുഖമില്ലായ്മയുടെ സൗകര്യത്തിലേക്ക് കൂടി പ്രഹരശേഷിയോടെ സംക്രമിച്ചതിന്റെ ഇരകളാണ്.

സൂക്ഷ്മവും സ്ഥൂലവുമായ കലുഷധ്രുവീകരണങ്ങളും വെറുപ്പിന്റെ നൂറായിരം പുനരാവർത്തനങ്ങളും ദ്രുതവിധിപ്രസ്താവങ്ങളും നെഗറ്റീവായ ഊർജ്ജം എവിടെയുണ്ടോ അങ്ങോട്ട് ഹാലിളകി പാഞ്ഞടുക്കുന്ന വിവേകം കുറഞ്ഞ മനുഷ്യരുമാണ് സമകാലികലോകത്തിന്റെ മുഖ്യചേരുവകളെന്ന് പല വിദഗ്‌ദരും പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യങ്ങളുടെ വരവോടെ കേരളത്തിലിത് മറ്റ് സ്ഥലങ്ങളേക്കാൾ ശക്തമായി പ്രതിഫലിക്കുന്നുണ്ട്.

സാക്ഷരത നമുക്ക് ഉൽക്കർഷം മാത്രമല്ല സംസ്കാരച്യുതി കൂടി സമ്മാനിച്ചുവെന്നതിന്റെ വാചാലമായ തെളിവാണ് മലയാളിയുടെ സമൂഹമാധ്യമസജീവതയും സക്രിയതയും. "ഭാഷയ്ക്ക് തേയ്മാനം സംഭവിച്ചതുകൊണ്ട് ഒരു ചങ്ങാതി ആത്മഹത്യ ചെയ്തു"വെന്ന് എ. അയ്യപ്പൻ എഴുതിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അരാജകധിഷണയുടെ കവിയാൾരൂപം അത് കുറിച്ചതെങ്കിലും, ഇന്നത് കൂടുതൽ സത്യമാവുന്നുണ്ട്.
കെ.എ. ഷാജി ഈയിടെ ഒരു പോസ്റ്റിൽ എഴുതിയ വാചകം നമ്മുടെ കാലത്തെ അർത്ഥപൂർണമായി അടയാളപ്പെടുത്തുന്നുണ്ട്. മതമൈത്രിയെക്കുറിച്ച് അദ്ദേഹമെഴുതിയ ഒരു ലേഖനത്തോടുള്ള ഒരു ക്രിസംഘിയുടെ പ്രതികരണമാണ് സന്ദർഭം. "മൈത്രി പ്രകോപനപരമായി അയാൾക്കനുഭവപ്പെടുന്നു"വെന്നാണ് ഷാജി എഴുതിയത്. വെറുപ്പും വിദ്വേഷവുമല്ല പ്രകോപനമുണ്ടാക്കുന്നത്, മറിച്ച്, മനുഷ്യർ മൈത്രിയോടെയും സ്നേഹത്തോടെയും കഴിഞ്ഞെന്നോ കഴിയണമെന്നോ പറയുന്നത് "റാഡിക്കൽ" ആയ അപകടം പിടിച്ച സംഗതിയായാണ് അയാൾക്ക് തോന്നുന്നത്. ഇത്തരമാളുകൾക്ക് ശബ്ദമേധാവിത്വമുള്ള ഒരു പൊതുമണ്ഡലത്തിൽ "സ്നേഹമാണഖിലസാരമൂഴിയിൽ" എന്നോ "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്നോ പറയുന്ന വിവേകികൾക്ക് എന്ത് പങ്കാണ് വഹിക്കാൻ കഴിയുക? മാന്യവും കുലീനവുമായ ഭാഷയിൽ മനുഷ്യരോട് കാര്യമാത്രപ്രസക്തമായും പ്രതിപക്ഷ ബഹുമാനത്തോടെയും സംവദിച്ച് ശീലിച്ചൊരാൾക്ക് പച്ചത്തെറിയുടെ മലവെള്ളപ്പാച്ചിലിൽ എങ്ങനെ സമനില തെറ്റാതെ പിടിച്ചുനിൽക്കാനാവും?
സാർവ്വജനീനമായ നൈതികതയുടെ സ്ഥാനത്ത് പ്രാചീനമോ അർവ്വാചീനമോ ആയ സങ്കുചിത ഗോത്രബോധം മേൽക്കൈ നേടിയ ഒരു ലോകത്ത് സംഭാഷണത്തിന്റെ സാധ്യതകൾ എവിടെയാണ്? സമൂഹമാധ്യമയുഗത്തിന്റെ പൊതുസവിശേഷത അസംസ്‌കൃതിയുടെ മുഖ്യധാരാവൽക്കരണവും അറിവിന്റെയും വിവേകത്തിന്റെയും പ്രാന്തവൽക്കരണവുമാണ്. കേരളത്തിൽ അത് എല്ലാ പരിധികളും അതിലംഘിച്ചു കഴിഞ്ഞു.
ഒട്ടൊരു ദോഷൈകദൃഷ്ടിയോടെ മലയാളി സമൂഹമാധ്യമഉള്ളടക്കത്തെ ചുരുക്കിപ്പറഞ്ഞാൽ അതേകദേശം ഇങ്ങനെ ആയിരിക്കും: രതി, ആത്മരതി, ഹതാശരതി, രതിക്കുശുമ്പുകൾ, പിന്നെ നാനാവിധ ജാതി- മത- രാഷ്ട്രീയ- വൈയക്തിക കാലുഷ്യങ്ങളും! പ്രാചീനഗോത്രസംസ്കാരത്തിന്റെ യുക്തിയിലാണിത് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. എന്റെ മുൻവിധികളും ചായ്‌വുകളും ആവിഷ്കരിക്കുന്നവർക്ക് ഇഷ്ടപ്പെയ്ത്ത്, എതിർവശത്തുള്ളവർക്ക് തെറിയഭിഷേകം, ആരുടെയെങ്കിലും കാലിനിടയിലുള്ള വിശേഷങ്ങൾ പ്രമേയമായാലോ ആനന്ദസായൂജ്യവും. സമൂഹവിരുദ്ധവ്യക്തിത്വങ്ങൾക്ക് റിസ്ക്ക്ഫ്രീ അഴിഞ്ഞാട്ടമാണ് സമൂഹമാധ്യമങ്ങൾ സൗകര്യപ്പെടുത്തുന്നത്. മുഖത്തുനോക്കി തെറിവിളിച്ചാൽ ആക്ഷേപിച്ചാൽ അടികിട്ടും. തെറിക്കുത്തരം മുറിപ്പത്തൽ, ഇവിടെയോ എല്ലാം സുരക്ഷിതം. ഏറിയാൽ ഒരു ബ്ലോക്ക് അല്ലെങ്കിൽ മറുതെറി. അശാന്തം അവിശ്രാന്തം പാപം!
ഇരട്ടത്താപ്പുകളുടെ ഒരു കടൽതന്നെ ഇരമ്പുന്നത് കാണാൻ നല്ല രസമാണ്. എന്റെ എതിർപാർട്ടിക്കാരനെതിരിൽ ലൈംഗികാരോപണം വന്നാൽ ഞാൻ സ്ത്രീസംരക്ഷണച്ചാവേർ, എന്റെ പാർട്ടിക്കാരനാണെങ്കിലോ ഞാൻ ഒന്നുകിൽ മഹാമൗനി അല്ലെങ്കിൽ ന്യായീകരണവിദ്യയുടെ മഹാഭ്യാസി! വർഗീയതയുടെ കാര്യവും മഹാരസമാണ്. എന്റെ മതത്തിൽപെട്ടവരുടെ മതഭ്രാന്തിനും അപരവിദ്വേഷത്തിനും ആയിരംനാവുള്ള സാധൂകരണങ്ങൾ, മറ്റുമതസ്ഥരുടേതാണെങ്കിലോ മതനിരപേക്ഷതയുടെ ബഹുസ്വരതയുടെ ഉദാത്തമാനവികതയുടെ സരസ്വതീവിളയാട്ടം. അതിലേറ്റവും കേമം ഈ വിരുദ്ധോക്തികൾ ഒന്നിടവിട്ട ദിവസങ്ങളിൽതന്നെ ഒരേ പുറത്തിൽ വരുമെന്നതാണ്! താഴെ ഇഷ്ടപ്പെടുകയും കമന്റിടുകയും ചെയ്യുന്ന 'ബഹുഗോക്കൾ'ക്കോ ഐറണിയുടെ മരണം സുനിശ്ചിതമാണെന്നതിൽ സംശയമേതുമില്ല.
എഴുത്തുകാരെ സംബന്ധിച്ച് അവസ്ഥ കുറേക്കൂടി പരിതാപകരമാണ്. ഹ്രസ്വമായ ഒരു പോസ്റ്റിൽ എഴുതിയ ഒരഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ചില വിവരദോഷികൾ നടത്തുന്ന ഉദ്ദീരണങ്ങൾ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന തരം അസ്തിത്വസന്ധിയിൽ നാമകപ്പെടും. അയാൾ ഒരു ജീവിതകാലമത്രയും കഷ്ടപ്പെട്ടെഴുതിയ ഒരു വരി പോലും വായിക്കാത്ത വിവരദോഷി അയാളെ അയാളുടെ രചനകളുടെ മൊത്തം ഉള്ളടക്കമെന്താണോ അതിന്റെ നേർവിപരീതനിലപാടിൽ പ്രതിഷ്ഠിക്കും. നിർമ്മതൻ, അൾട്രാലിബറൽ, അരാജകവാദി, സുടാപ്പി, ഇസ്ലാമിക തീവ്രവാദി, ഇസ്‌ലാമോഫോബ്, അമേരിക്കൻ വിരുദ്ധൻ, അമേരിക്കൻ ചാരൻ എന്നൊക്കെ സന്ദർഭോചിതം അഭിസംബോധന ചെയ്യപ്പെടാനുള്ള ഭാഗ്യം എനിക്ക് എത്രയോവട്ടം മുഖപുസ്തകത്തിൽ ലഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളുടെ ജനാധിപത്യസാധ്യതകളെ നാനാവിധ അധികാരശക്തികൾ സമർത്ഥമായി ഇല്ലാതാക്കി. പ്രാകൃതവും ഹിംസാത്മകവും ധ്രുവീകരണസമർത്ഥവുമായ ഒരു യുദ്ധക്കളമായി അവ മാറുന്നതാണ് താമസിയാതെ തന്നെ ലോകം കണ്ടത്.
ശബ്ദതാരാവലിയിൽ ഉണ്ടെങ്കിലും പൊതുമണ്ഡലത്തിൽ പരാമൃഷ്ടമായിക്കൂടെന്നു മാന്യന്മാർ കരുതുന്ന കിടിലൻ രോമവൈജ്ഞാനിക-ജീവശാസ്ത്ര- ജന്തുശാസ്ത്ര - ഗുപ്താവയവ സംജ്ഞകളുടെ ഭാഷാധാരാളിത്തം വേറെയും! ആണുങ്ങളുടെ മാത്രം കുത്തകയായി കാലങ്ങളോളം ഭാഷയിൽ പുളഞ്ഞ പച്ചത്തെറികൾ ഇപ്പോൾ സ്ത്രീകൾ കൂടി നിരങ്കുശം നിർവ്വിശങ്കം ഉപയോഗിക്കാൻ തുടങ്ങിയത് മാത്രമാണ് ഒരേയൊരാശ്വാസം; ആണധികാരധ്വനികളിൽ നിന്ന് അവയെ മുക്തമാക്കാൻ അവരൊട്ടും പ്രയത്നിച്ചില്ലെങ്കിൽ കൂടി. (തെറികളോട് ഇതെഴുതുന്നയാൾക്ക് വിരോധമൊന്നുമില്ല - അവയുടെ ഉപയോഗം മസൃണതയുടെ പരകോടിയിൽ ധനാത്മകവും പ്രചോദകവുമാകാമെന്ന് സിദ്ധാന്തവൽക്കരിച്ച പണ്ഡിതരുമുണ്ട്). പെണ്ണുങ്ങൾ തെറി പറയുമ്പോൾ കിട്ടുന്ന അസുലഭാനുഭൂതിയിൽ കോൾമയിർ കൊള്ളൂന്ന ആണവതാരങ്ങൾ വേറെയും!
സമൂഹമാധ്യമങ്ങളുടെ പ്രാരംഭഘട്ടത്തിൽ ഇതൊന്നുമായിരുന്നില്ല പ്രതീക്ഷ. മാനവരാശിയുടെ ആശയ വികാര വിനിമയങ്ങളിൽ ഭൂമിശാസ്ത്രപരമായ അതിരുകളെ ഭേദിക്കുന്ന അഭൂതപൂർവ്വകമായ ഒരു ജനാധിപത്യവൽക്കരണവിപ്ലവമാണ് പൊതുവെ പ്രവചിക്കപ്പെട്ടത്. മാനവികതയിലൂന്നിയ പുതിയ ആഗോള ഡിജിറ്റൽ സമുദായങ്ങളുടെ ഉദയം, വിവരത്തിന്റെയും അറിവിന്റെയും വീക്ഷണങ്ങളുടെയും പരമ്പരാഗതഎഡിറ്റോറിയൽ ഇടപെടലുകളില്ലാത്ത സ്വതന്ത്ര വിസ്ഫോടനം, അത് വഴിയുള്ള ഡാറ്റാ സമൃദ്ധി, വ്യാജവാർത്തകളെയും വിവരങ്ങളെയും വിദ്വേഷപ്രത്യയശാസ്ത്രങ്ങളെയും തങ്ങൾക്ക് ലഭ്യമായ നവീന ആയുധം ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രബുദ്ധജനതകളുടെ സക്രിയതയിൽ ഞെട്ടിത്തരിച്ച് പൊട്ടിത്തെറിച്ചു നിസ്സഹായരായിപ്പോകുന്ന രാഷ്ട്രീയ മത നേതൃത്വങ്ങൾ, അങ്ങനെ രൂപപ്പെടുന്ന പുതിയൊരാഗോള സംസ്കാരവും അതിനനുസൃതമായി പരിണമിക്കാൻ നിർബന്ധിതമാവുന്ന സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥകളും. ഇപ്രവചനങ്ങളിലെല്ലാം മുഴച്ച് നിന്നത് അൽഗോരിതം ഉണ്ണിയേശുവിനോളം നിഷ്കളങ്കമാണെന്ന സദ്‌വിചാരവും ജനം ആത്യന്തികമായി നൻമോന്മുഖമായ, സ്വന്തം ക്ഷേമത്തിന്റ നേർവഴികളറിയുന്ന ഒരു നിസ്വഗണവുമാണെന്ന തോന്നലായിരുന്നുവെന്ന് ഇന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്.

സമൂഹമാധ്യമങ്ങളുടെ ജനാധിപത്യസാധ്യതകളെ നാനാവിധ അധികാരശക്തികൾ സമർത്ഥമായി ഇല്ലാതാക്കി. പ്രാകൃതവും ഹിംസാത്മകവും ധ്രുവീകരണസമർത്ഥവുമായ ഒരു യുദ്ധക്കളമായി അവ മാറുന്നതാണ് താമസിയാതെ തന്നെ ലോകം കണ്ടത്. വിവേകഭാവങ്ങൾ അവയിൽ വേരാഴ്ത്തിയതേ ഇല്ലെന്ന് മാത്രമല്ല, ശത്രുതയുടെയും പരസ്പരഭർത്സനത്തിന്റെയും അപമാനവീകരണത്തിന്റെയും തട്ടകങ്ങളായി അവ പരിണമിച്ചു.
പൊതുസംവാദത്തിന്റെ നിലവാരത്തകർച്ചയും വിദ്വേഷവിനിമയത്തിന്റെ ലാഭസാധ്യതകളും സമൂഹമാധ്യമങ്ങൾ വരുന്നതിന് മുമ്പുതന്നെ തുടങ്ങിയിരുന്നു. രാപ്പകൽ വാർത്താചാനലുകളുടെ ആഗമനം പാതാളത്തിലേക്കുള്ള കുതിപ്പിന്റെ നാന്ദി കുറിച്ച നിമിഷമായിരുന്നു. ഇന്ത്യയിൽ നിന്ന് തന്നെ നമുക്ക് ഉദാഹരങ്ങൾ ധാരാളമുണ്ട്. അന്തിച്ചർച്ചകളിൽ ആദ്യഘട്ടത്തിൽ പങ്കെടുത്തിരുന്നവരും പിൽക്കാലത്ത് വന്നവരും തമ്മിലുള്ള വ്യത്യാസം നോക്കുക. ദേശീയചാനലുകളിലായാലും മലയാളചാനലുകളിലായാലും സ്വന്തം എഴുത്തു കൊണ്ടും ഗവേഷണം കൊണ്ടും പൊതുധൈഷണികനിലപാട് കൊണ്ടും വിശ്വാസ്യത സമ്പാദിച്ച വ്യക്തികളായിരുന്നു ആദ്യകാലത്ത് അന്തിച്ചർച്ചകളിലെ പാനലിസ്റ്റുകൾ. സംവാദനിലവാരത്തിന്റെ അവരോഹണത്തിന് ആനുപാതികമായി അവരുടെ തിരോധാനവും അന്ധന്യായീകരണത്തൊഴിലാളികളുടെ അരങ്ങേറ്റവും സംഭവിച്ചു.
പ്രമേയപരമായ നിലവാരത്തകർച്ചയോടൊപ്പം വ്യക്തിഹത്യയും തെറിയഭിഷേകവും ആൾക്കൂട്ടക്കൊലകളുടെ സമൂഹമാധ്യമാവിഷ്കാരങ്ങളും പൊതുമണ്ഡലത്തെ മലിനവും 'രോമാതുരവു'മാക്കി.
'നിരീക്ഷകർ' എന്ന പുതിയൊരു വർഗ്ഗത്തിന്റെ രംഗപ്രവേശനം പൊതുസംവാദചരിത്രത്തിലെ നിർണായകമായ ഘട്ടമായി. ജീവിതത്തിൽ ഏതെങ്കിലും വിഷയത്തിൽ ഒരു പുസ്തകം പോയിട്ട് ലേഖനം പോലുമെഴുതാത്ത കുറെ പുത്തൻകൂറ്റുകാർ ആകാശത്തിന് താഴെയുള്ള സകലവിഷയങ്ങളിലും ആധികാരികജ്ഞാനവും അഭിപ്രായവും വിളമ്പുന്ന സംവാദങ്ങളുടെ 'സംപൂജ്യത'യാണ് അന്ന് മുതൽ അരങ്ങ് തകർക്കുന്നത്. സോഷ്യൽ മീഡിയയുടെ വരവോടെ ഇവരുടെ പരശ്ശതം ക്ളോണുകൾ കൂടി അഹോരാത്രം നമ്മെ പ്രബുദ്ധരാക്കുന്ന തമാശയിൽ പങ്കുചേർന്നു.
പ്രമേയപരമായ നിലവാരത്തകർച്ചയോടൊപ്പം വ്യക്തിഹത്യയും തെറിയഭിഷേകവും ആൾക്കൂട്ടക്കൊലകളുടെ സമൂഹമാധ്യമാവിഷ്കാരങ്ങളും പൊതുമണ്ഡലത്തെ മലിനവും 'രോമാതുരവു'മാക്കി. ഈ ദുരന്തപരിണാമത്തിന്റെ ഫലം കാലുഷ്യങ്ങളുടെ മൊത്തക്കച്ചവടം മാത്രമായിരുന്നില്ല, ഏറെക്കുറെ ആഴവും പരപ്പുമുണ്ടായിരുന്ന പൊതുമണ്ഡലത്തിന്റെ പാതാളവൽക്കരണവും പാഷാണവൽക്കരണവും കൂടിയായിരുന്നു. ഇ.എം. എസ്സും മുണ്ടശ്ശേരിയും അഴീക്കോടും വിജയൻ മാഷും പോലുള്ള അതികായരായിരുന്നു മലയാളി എന്ത് ചർച്ച ചെയ്യണമെന്ന് ഒരു കാലത്ത് നിർണ്ണയിച്ചിരുന്നത്. ആ ദൗത്യം ഇപ്പോൾ നിർവ്വഹിക്കുന്നത് ബൗദ്ധിക'സംപൂജ്യരും' ശബ്ദമുഖരിത വഴി തലച്ചോറിന്റെ വലുപ്പക്കുറവ് മറച്ച്‌വയ്ക്കുന്നവരുമായ 'നങ്കൂരങ്ങളും നിരീക്ഷക'രുമാണ് - അവരോട് നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്ന സമൂഹമാധ്യമക്കൊതുകുകളും. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം'!

കലുഷതയുടെയും ആൾക്കൂട്ടഹിംസയുടെയും സമൂഹമാധ്യമതാണ്ഡവത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന വലിയൊരു ദുരന്തമുണ്ട്. അറിവും വിവേകവും വിചാരശീലവുമുള്ള ധൈഷണികരും പാമരരും പൊതുമണ്ഡലത്തിൽ നിന്ന് നിഷ്ക്രമിക്കുകയാണ്. (ഞാൻ മുഖപുസ്തകം വിട്ടതല്ല ഉദ്ദേശിച്ചത്) അവർ ഈ ശബ്ദമുഖരിതയുടെ സാംസ്കാരികമായ അസഹനീയതയിൽ നിന്ന് മൗനത്തിലേക്കും സ്വകാര്യതയിലേക്കും സംക്രമിക്കുകയാണ്. ഇതൊരാഗോളപ്രതിഭാസമാണ്. അറിവും മനനവും നിറഞ്ഞ ഒരു പുസ്തകമോ ഉപന്യാസമോ ആരും ശ്രദ്ധിക്കാതിരിക്കുകയും ഏതാനും അക്ഷരങ്ങളിൽ അർത്ഥശൂന്യത മുഖമുദ്രയായ ഒരു ട്വീറ്റ് എഴുതുന്നയാൾ 'സെലിബ്രിറ്റി' ആവുകയും ചെയ്യുന്ന കാലത്ത് അവർക്ക് വേറെ വഴിയെന്തുണ്ട്? നമ്മുടെ കാലത്തെ ഏറ്റവും നിഷ്ണാതരായ ചിന്തകരും എഴുത്തുകാരുമൊക്കെ തങ്ങളുടെ കാലത്തോട് മൗനം കൊണ്ടും അസാന്നിധ്യം കൊണ്ടും മാത്രം സംവദിക്കുന്ന ഒരു പൊതുമണ്ഡലത്തിൽ പ്രബുദ്ധതയുടെയും സംസ്കാരത്തിന്റെയും ഈടുവയ്പുകൾ എങ്ങനെ ഉണ്ടാവാൻ? റോമാ സാമ്രാജ്യത്തിന്റെ കാലം മുതൽ ഹിംസയും പ്രാകൃതത്വവും കൊടികുത്തി വാണ കെട്ട കാലത്തെല്ലാം വിവേകികളായ ബൗദ്ധികർ ആശ്രമങ്ങളിലേക്കും ലൈബ്രറികളിലേക്കും ഒതുങ്ങിയത് ചരിത്രവസ്തുതയാണ്. ഇന്നത്തെ ഡിജിറ്റൽ സർക്കസിൽ നിന്ന് പിന്തിരിഞ്ഞുപോകുന്ന ധൈഷണികർ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യുന്നത്, വിവേകത്തിനും ജ്ഞാനത്തിനും മനനത്തിനും സൂക്ഷ്മവിചാരങ്ങൾക്കും ഇടമില്ലാത്ത ഒരു പൊതുമണ്ഡലത്തിൽ തങ്ങൾ അപ്രസക്തരാണെന്ന് വേദനയോടെ തിരിച്ചറിയുകയാണ്. ഈ ശബ്ദമുഖരിതയിൽ അഗാധതലസ്പർശിയായ ചിന്തക്കോ ഗോത്രവൈരങ്ങൾക്കതീതമായ നിലപാടുകൾക്കോ ഇടമില്ലെന്നും അതിൽ സജീവമാകുന്നത് സംസ്കാരലോചനത്തിനും മസ്തിഷ്കഹനനത്തിനും ആത്മനഷ്ടത്തിനും മാത്രമേ സഹായിക്കുമെന്ന് മനസ്സിലാക്കി അറിവുള്ളവർ രംഗത്ത് നിന്ന് തിരോഭവിക്കുകയും പരിമിതവിഭവർ ദുർഗന്ധവും ദുഷ്ടതയും വാചികഹിംസയും നിരന്തരം പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒരു കാലത്തിൽ ഭാവിക്ക് വേണ്ടി കരുതിവെക്കാവുന്ന ധനാത്മകമായ എന്തുണ്ട്?
വാർത്തകളുടെ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രം നീളുന്ന ചാക്രികശബ്ദഘോഷങ്ങൾ മനുഷ്യചരിത്രത്തിന്റെ ബൃഹത്തായ വിശാലകാൻവാസിൽ താൽക്കാലികമായ ഒരപസ്വരം മാത്രമാണെന്ന തിരിച്ചറിവ് നൽകുന്ന മനസ്സുഖം അവാച്യമാണ്.
"ചെറിയ മനുഷ്യർ വ്യക്തികളെപ്പറ്റി സംസാരിക്കുന്നു. ശരാശരിക്കാർ സംഭവങ്ങളെപ്പറ്റിയും. ഉയർന്ന മനസ്സുള്ളവരോ ആശയങ്ങളെക്കുറിച്ച് സംസാരിക്കുന്നു." സമൂഹമാധ്യമങ്ങളിൽ, വിശിഷ്യാ മലയാളി സമൂഹമാധ്യമമണ്ഡലത്തിൽ ആശയപരമായ എന്ത് സംവാദമാണ് നടക്കുന്നത്? വൈയക്തിക കാലുഷ്യങ്ങളുടെ നിരന്തരവിരേചനമല്ലാതെ മറ്റെന്താണ് അവിടെയുള്ളത്? അപവാദങ്ങളില്ലെന്നല്ല, പക്ഷെ പൊതുവെ കാണുന്നത് പരസ്പരഭർത്സനങ്ങൾ മാത്രമാണ്. ഓരോരുത്തർക്കും അവരവരുടെ ശരികളുണ്ടാകാം. നിങ്ങൾ ആശയപരമായ ഒരു പോസ്റ്റിട്ടുവെന്നിരിക്കട്ടെ. ഏതാനും പേർ ലൈക്കടിക്കും. അല്പം വിവാദാത്മകമോ വ്യക്തിവിരോധം കലിക്കുന്നതോ ആയ ഒന്നിട്ടാലോ ഇഷ്ട്ങ്ങളുടേയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളുടെയും ബാഹുല്യം. ആത്യന്തികമായി സൂക്ഷ്മവും സ്ഥൂലവുമായ വിദ്വേഷങ്ങളുടെ, വൈരനിര്യാതനബുദ്ധിയുടെ, ആൾക്കൂട്ട ആക്രമണങ്ങളുടെ, നെഗറ്റിവ് ഊർജ്ജത്തിന്റെ ഒരു മഹാമണ്ഡലമാണ് സാമൂഹ്യമാധ്യമങ്ങളിന്ന്.
അതിൽനിന്ന് പൂർണമായി വിടുതൽ നേടിയത് മൂലം അപാരമായ ആശ്വാസം മാത്രമല്ല ലഭിച്ചത് - കൂടുതൽ വായിക്കാനും ആലോചിക്കാനുമുള്ള സമയം, മാനസികമായ തൃപ്തിയും സന്തോഷവും, ഫലശൂന്യവും അയഥാർത്ഥവുമായ ഈഗോ ട്രിപ്പുകളിൽ നിന്നുള്ള മോചനം, കൂടാതെ അവനവനോട് കൂടുതൽ സംവദിക്കാനും കലഹിക്കാനുമുള്ള അവസരവും. ഇപ്പോഴും മുഖപുസ്തകം നോക്കാറുണ്ട്. പക്ഷെ അതിന് വേണ്ടി സമയം ക്ലിപ്തപ്പെടുത്തി ആവശ്യമുള്ളത് മാത്രം ശ്രദ്ധിക്കും. ചുറ്റും നടക്കുന്ന വിവാദങ്ങൾ ഇപ്പോൾ മനസ്സിനെ അലട്ടാറേയില്ല.
വാർത്തകളുടെ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രം നീളുന്ന ചാക്രികശബ്ദഘോഷങ്ങൾ മനുഷ്യചരിത്രത്തിന്റെ ബൃഹത്തായ വിശാലകാൻവാസിൽ താൽക്കാലികമായ ഒരപസ്വരം മാത്രമാണെന്ന തിരിച്ചറിവ് നൽകുന്ന മനസ്സുഖം അവാച്യമാണ്. അത് കൂടുതൽ കൂടുതൽ പുസ്തകങ്ങളുടെ, പ്രത്യേകിച്ച് പഴയ ക്‌ളാസ്സിക്കുകളുടെ, ആനന്ദലോകത്ത് സഞ്ചരിക്കാനുള്ള പ്രേരണയും പ്രചോദനവും തരുന്നു. ഭാഷയുടെയും അറിവിന്റെയും ശൈലിയുടെയും വിസ്മയങ്ങൾ മാനവരാശിക്ക് കാഴ്ചവച്ച മഹാമനീഷികളുടെ ഗ്രന്ഥങ്ങളും സർഗ്ഗാത്മകതയും സമൂഹമാധ്യമങ്ങളിൽ നിന്ന് മാറിയതോടെ അധികമായി വഴങ്ങിത്തരുന്നു - ഒച്ചപ്പാടുകളുടെ അർത്ഥശൂന്യതയിൽ നിന്ന് രക്ഷപ്പെടുമ്പോൾ അഗാധമായ ഒരു നിശ്ശബ്ദത, മൗനസാകല്യം, ഹൃദയത്തിൽ നിറയുന്നു. ഒരർത്ഥത്തിൽ ഇത് കെട്ടകാലത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഒളിച്ചോട്ടം ആഹ്ളാദദായകമാണെങ്കിൽ, അനുഭൂതി സാന്ദ്രമാണെങ്കിൽ, അർത്ഥപൂർണമാണെങ്കിൽ അതല്ലേ കരണീയം?

