സോഷ്യൽ മീഡിയ മറ്റൊരു ലോകമാണ്. അവിടെ ഒരു മനുഷ്യന് ഒന്നിൽ കൂടുതൽ രൂപങ്ങൾ അല്ലെങ്കിൽ പ്രൊഫൈൽ സ്വീകരിക്കാൻ സൗകര്യങ്ങളുണ്ട്. മറ്റാരോ ആവാനുള്ള അവസരങ്ങളുണ്ട്. എന്തും പറയാനുള്ള സൗകര്യങ്ങളുണ്ട്. അവിടെയുള്ള മോറൽ വാല്യൂ സിസ്റ്റം ഒന്നുകൂടി അസംസ്കൃതമാണ്. അവിടെ ജീവിക്കുന്ന ജനത ഇവല്യൂഷന്റെ ആദ്യകാലങ്ങളിലാണ്. അവർ സംസ്കരിക്കപ്പെടാൻ താല്പര്യമില്ലാത്തവരാണ്.
അത് തെറ്റാണെന്നല്ല പറയുന്നത്. അതൊരു ജീവിതവഴിയാണ്. പക്ഷെ അതിന്റെ ദംശനം നമ്മുടെ നിത്യജീവിതത്തിലേക്ക് നാക്ക് നീട്ടുന്നുണ്ട്. നമ്മുടെ യഥാർഥ ജീവിതം സംസ്കരിക്കപ്പെട്ടെങ്കിലും അതിന്റെ നിയമാവലികളിൽ ജീവിച്ചുതീർക്കാൻ ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും. അവർക്ക് അസംസ്കൃതജീവിതം നയിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ് സോഷ്യൽ മീഡിയ. കാലമുണ്ടാക്കിയ ഒരു സമാന്തര ജീവിതമാർഗ്ഗമായി നമുക്ക് അതിനെ കാണാം. എന്തും പറയാം, ഒളിഞ്ഞിരിക്കാം, എങ്ങനെയും പറയാം.
കാലം നമ്മെ പല രീതിയിൽ മാറ്റിപ്പണിയും. നമ്മുടെ രൂപത്തെക്കാൾ വേഗത്തിൽ നമ്മുടെ വൈകാരികവും മോറലായതും സാമൂഹികവുമായ മാറ്റങ്ങൾ വേഗത്തിലാവും. എല്ലാം നല്ലതിനെന്നേ വിശ്വസിക്കാൻ തരമുള്ളൂ. നമ്മുടെ വൈകാരികമായ മാറ്റത്തെക്കുറിച്ച് പറയുമ്പോൾ ഒരു ഉദാഹരണം പറയാം. പത്ത് മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപിലെ ഒരു മരണവീടിന്റെ ദുഃഖസാന്ദ്രതയല്ല ഇന്നത്ത കേരളത്തിലെ മരണവീടുകൾക്ക്. അത് കുറച്ചുകൂടി ലൈറ്റർ ആയി. ഇത് മനുഷ്യനോടുള്ള വിലയില്ലയ്മയായി എനിക്ക് തോന്നുന്നില്ല, മറിച്ച് ജീവിതത്തെക്കുറിച്ച് നമ്മൾ കൂടുതൽ അറിഞ്ഞതുകൊണ്ടാവണം.
കോഗ്നിറ്റിവ് സയിന്റിസ്റ്റായ സ്റ്റീവൻ പിങ്കർ അദ്ദേഹത്തിന്റെ Enlightenment Now എന്ന പുസ്തകത്തിൽ ഡാറ്റയെ മുൻനിർത്തി പറയുന്നു, മനുഷ്യൻ ഇന്നോളം ജീവിച്ചിട്ടില്ലാത്ത സുന്ദരവും സമാധാനം നിറഞ്ഞതുമായ ലോകത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കുന്നത്. കാലം കഴിയുന്തോറും ഇവിടെ മനുഷ്യജീവിതം കൂടുതൽ മികവാർന്നതാകുമെന്ന് പ്രത്യാശിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഇടനൽകുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യൽ മീഡിയ ഇടപെടുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ പറയാം.
നമ്മൾ ഇന്ദ്രിയങ്ങളിലൂടെ ലോകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. ആ അറിവുകളും അനുഭവങ്ങളുമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമായി അല്ലെങ്കിൽ ബിൽഡിങ്ങ് ബ്ലോക്കായി നമ്മൾ കണക്കാക്കുന്നത്. ലോകത്തെ മറ്റൊരുവിധത്തിൽ അറിയാൻ സാധിക്കാത്തിടത്തോളം കാലം ഇന്ദ്രിയങ്ങളെ നമ്മൾ സത്യത്തിന്റെ വാതിലുകളായി കരുതുന്നു.
നോക്കൂ, നമ്മുടെ ഇന്ദ്രിയങ്ങളുടെ പെർസപ്ഷനിൽ നിലാവ് തെങ്ങോലകൾക്ക് തൊട്ടുമുകളിൽ സ്വയം പ്രകാശിക്കുന്ന ഒരു പാത്രത്തോളം വലിപ്പമുള്ള വർത്തുള സൗന്ദര്യം മാത്രമാണ്. നക്ഷത്രങ്ങൾക്ക് ആകാശത്തിൽ മിന്നാമിന്നികളോളം വലിപ്പമേയുള്ളൂ. പക്ഷെ ശാസ്ത്രം മറ്റു പല സാധ്യതകളുപയോഗിച്ച് നമ്മുടെ ബോധത്തോട് പറയുന്നു, നിലാവ് തെങ്ങോലയ്ക്ക് തൊട്ടുമുകളിലെ സ്വയം പ്രകാശിക്കുന്ന വർത്തുള സൗന്ദര്യമല്ല, മറിച്ച് അനേകായിരം കിലോമീറ്ററുകൾക്കകലെ കുണ്ടും കുഴികളും നിറഞ്ഞ ഭൂമിക്കു ചുറ്റും വലംവെയ്ക്കുന്ന ഒരു ഉപഗ്രഹമാണ്. നക്ഷത്രങ്ങൾ നിങ്ങൾ കാണുന്നതുപോലെ ചെറിയ നീലവെളിച്ചമല്ല.
ഇന്ദ്രിയങ്ങൾ ഒരുപാട് കള്ളം വിശ്വസിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നു. എല്ലാ അനുഭവങ്ങളും സത്യമല്ല. ലോകത്തിന്റെ സത്യമറിയാൻ ഇന്ദ്രിയാനുഭവങ്ങൾ നമുക്ക് മതിയാവില്ല.
പറഞ്ഞുവന്നത്, നമ്മുടെ ഇന്ദ്രിയങ്ങൾ നമ്മളോട് സത്യം സത്യമായി പറയാൻ പാകപ്പെട്ടിട്ടില്ല എന്നാണ്. ഇന്ദ്രിയങ്ങൾ ഒരുപാട് കള്ളം വിശ്വസിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നു. എല്ലാ അനുഭവങ്ങളും സത്യമല്ല. ലോകത്തിന്റെ സത്യമറിയാൻ ഇന്ദ്രിയാനുഭവങ്ങൾ നമുക്ക് മതിയാവില്ല. ഇന്ദ്രിയങ്ങൾ ഇവോൾവ് ചെയ്തിട്ടുള്ളത് സത്യങ്ങൾ അറിയാനല്ല. മറിച്ച്, ഈ ഭൂമിയിൽ കഴിഞ്ഞുകൂടിപ്പോവാനുള്ള മിനിമം സംവിധാനങ്ങളാണത്. ആ സംവിധാനങ്ങളുപയോഗിച്ച് സത്യത്തെ അറിയാൻ ശ്രമിച്ചാൽ നമ്മൾ പരാജയപ്പെടുകയേയുള്ളൂ.
Case Against Reality എന്ന പുസ്തകത്തിൽ ഡൊണാൾഡ് ഹഫ്മാൻ പറയുന്നു, നമ്മൾ കാണുന്ന കാഴ്ചകളൊന്നും റിയാലിറ്റിയല്ല, അവയൊക്കെ കണ്ണിൽനിന്ന് ബ്രെയിനിലേക്കയക്കുന്ന സിഗ്നനലുകളുപയോഗിച്ച് ബ്രെയിൻ നിർമ്മിച്ചെടുക്കുന്ന സിനിമകളാണ്. ഈ സിനിമകൾ നമ്മുടെതന്നെ നിർമ്മിതികളാണ്. ലഭിച്ച സിഗ്നലുകൾ ആവശ്യത്തിന് പൊടിപ്പും തൊങ്ങലും ചേർത്ത് നമ്മുടെയുള്ളിലെ സിനിമയെ നമ്മൾതന്നെ സംവിധാനം ചെയ്യുന്നു, അതായത് കണ്ണിലൂടെ ലഭിച്ച സിഗ്നലുകളോടൊപ്പം ബ്രെയിൻ ഒരു രസക്കൂട്ട് കൂടി ചേർത്താണ് നമ്മുടെ കാഴ്ചകൾ നിർമ്മിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ അനുഭവലോകമാണ്. ആ അനുഭവങ്ങൾ മാത്രമാണ് സത്യം എന്ന് നമ്മൾ പരിപൂർണ്ണമായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഒരുമിച്ചുള്ള ജീവിതം ദുസ്സഹമാവുന്നത്. ചില സമയങ്ങളിലെങ്കിലും നമ്മുടെ ഇന്ദ്രിയങ്ങൾ അസത്യങ്ങളെ ക്രോഡീകരിക്കുന്നു, അതിനനുബന്ധമായി ഒരു വൈകാരികാവസ്ഥയിലേക്ക് നമ്മളെത്തന്നെ അത് വിവർത്തനം ചെയ്യുന്നു. നമ്മൾ പെർസീവ് ചെയ്യുന്ന ഇൻഫർമേഷന്റെ മാനിഫെസ്റ്റേഷനാണ് നമ്മുടെ വൈകാരിക ലോകം. ഇവിടെ പെർസെപ്ഷൻ ടൂൾ തന്നെ തെറ്റുമ്പോൾ നമ്മൾ വലിയ തെറ്റായി ഇവിടെ ജീവിക്കുന്നു. ആ തെറ്റുകൾ ഒരു ഇൻഹിബിഷൻ ഇല്ലാതെ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാനും സാധിക്കുന്നു.

സോഷ്യൽ മീഡിയ അതിവൈകാരികതയുടെ ലോകമാണ്. ചുറ്റുപാടുമുള്ള സംഭവങ്ങളെ അതിവൈകാരികത എന്ന ആയുധമുപയോഗിച്ച് വെട്ടിവെടിപ്പാക്കാനാണ് സോഷ്യൽ മീഡിയ ശ്രമിക്കുന്നത്. കാപ്പിറ്റൽ പണിഷ്മെന്റാണ് ലോകത്തെ നേരെ നടത്താനുള്ള ഒരേയൊരു മാർഗ്ഗം എന്നവർ വിശ്വസിക്കുന്നു. ഒരു കൂട്ടം ആളുകൾ എല്ലാ സാമൂഹിക സാഹചര്യങ്ങളെയും വൈകാരികമായി നേരിടുമ്പോൾ, നിലവിളിക്കുമ്പോൾ നമ്മൾ നമ്മളെ നയിക്കാൻ നിർമ്മിച്ചെടുത്ത രാഷ്ടീയ സംവിധാനങ്ങളും മറ്റും സോഷ്യൽ മീഡിയയിലെ നിലവിളികൾക്ക് ചെവികൊടുക്കുന്നു. പുതിയ പോളിസികൾ നിർമ്മിക്കുന്നതിനും മറ്റും സോഷ്യൽ മീഡിയയുടെ അഭിപ്രായത്തോടെ താദാത്മ്യം പ്രാപിക്കുന്നു. ഇതൊരു ദുരന്തമായ ബൈപ്രൊഡക്ടാണ്.
സെത് സ്റ്റീഫൻസ് ഡേവിഡോവിറ്റ്സിന്റെ Everybody Lies എന്ന പുസ്തകം സോഷ്യൽ മീഡിയയിലെയും ഗൂഗിൾ സേർച്ചിനെയും അടിസ്ഥാനമാക്കി എഴുതിയ ഒരു റിപ്പോർട്ട് കൂടിയാണ്. സെത് തിരിച്ചറിയുന്നത്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകൾ, നമുക്ക് ആകാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ മാനിഫെസ്റ്റേഷനാണെങ്കിൽ ഗൂഗിൾ സേർച്ചുകളിൽ നമ്മൾ ആരാണെന്ന സത്യം തിരിച്ചറിയാൻ സാധിക്കും എന്നുതന്നെയാണ്. ഒരു സൊസൈറ്റിയുടെ ‘ഇന്നർ സൈക്കി’ ഗൂഗിളിലെ ഡാറ്റ അനലൈസ് ചെയ്താൽ മാത്രമേ അറിയാനാകൂ. ഗൂഗിളും മനുഷ്യനും തമ്മിലുള്ള ഇടപാടുകൾ വളരെ ഗോപ്യസ്വഭാവമുള്ളതാണ്. പകരം ഫേസ്ബൂക്കും ഇൻസ്റ്റാഗ്രാമും തുറന്ന പുസ്തകങ്ങളാണ്.
സോഷ്യൽ മീഡിയയിലെ റിസോഴ്സ് മാനിഫെസ്റ്റേഷനിൽ കള്ളമായാലും സത്യമായാലും ചതഞ്ഞരഞ്ഞുപോകുന്ന കുറച്ച് കാഴ്ചക്കാരുമുണ്ട്. അവരുടെ മനോനിലയെ അത് ബാധിക്കുന്നു. ജീവിതത്തിന്റെ താളവും വഴിയും നഷ്ടപ്പെടുന്നു.
ഒരു മനുഷ്യന് ഞാനെന്ന ബോധം വെയ്ക്കുന്ന നാൾമുതൽ ഉള്ളിലെ അഹം വിസ്തൃതമാക്കാൻ ആഗ്രഹിക്കുന്നു. ഈ വിസ്താരപ്പെടലിന്റെ അടിസ്ഥാനം സർവൈവൽ തന്നെയാണ്. കൂടുതൽ റിസോസ്ഫുൾ ആകുമ്പോൾ സർവൈവൽ ചാൻസ് കൂടുന്നു. പലരും പല രീതിയിലാണ് ഈ വലുതാവൽ ശ്രമം നടത്തുന്നത്. ചിലർ കാറും വലിയ വീടും മറ്റ് സൗകര്യങ്ങളും വിപുലപ്പെടുത്തുമ്പോൾ മറ്റു ചിലർ ബൗദ്ധികമായ ഉയർന്ന നിലവാരമുള്ളവരാണെന്ന് പറയുന്നു. ഇത് കളവായും സത്യമായും പറയാനുള്ള സൗകര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുണ്ട്. അതുകൊണ്ടാണ് ചിലർ വലിയ ഹോട്ടലുകളീൽ ചെക് ഇൻ ചെയ്തു എന്നും ചില ഇന്റലക്ച്വൽ മാഗസിന്റെ സ്ഥിരം വായനാക്കാരണെന്നും കള്ളം പറയുകന്നത്. സേതിന്റെ ഗവേഷണം അത് തെളിയിക്കുന്നു. ഇത്തരം കളവു നിറഞ്ഞ ഡാറ്റയെ നമ്മുടെ സോഷ്യൽ ഇൻസൈറ്റ് രൂപപ്പെടുത്തിയെടുക്കാൻ ആശ്രയിക്കുമ്പോൾ നമ്മൾ തകിടം മറിഞ്ഞുപോകുന്നു.
മറ്റൊരു പ്രശ്നം, സോഷ്യൽ മീഡിയയിലെ റിസോഴ്സ് മാനിഫെസ്റ്റേഷനിൽ കള്ളമായാലും സത്യമായാലും ചതഞ്ഞരഞ്ഞുപോകുന്ന കുറച്ച് കാഴ്ചക്കാരുമുണ്ട്. അവരുടെ മനോനിലയെ അത് ബാധിക്കുന്നു. ജീവിതത്തിന്റെ താളവും വഴിയും നഷ്ടപ്പെടുന്നു.

ഒരു ഫിൽട്ടറുമില്ലാതെ കള്ളപ്രചാരണം നടത്താൻ ഒരു വേദിയുണ്ടാവുമ്പോൾ സമൂഹം എന്ന രീതിയിൽ നമുക്ക് പലതും നഷ്ടപ്പെടുന്നു. ഒരു രാഷ്ടീയപാർട്ടി നേതാവിനെക്കുറിച്ച്, അയാളാണ് ഈ നാടിന്റെയും ലോകത്തിന്റെയും രക്ഷകനെന്ന് കരുതിക്കൂട്ടി പ്രചാരണം നടത്തുമ്പോൾ നമുക്ക് നല്ല നേതാക്കളെ ലഭിക്കാതാവുന്നു. അയാളുടെ അഗ്രഷൻ കോൺഫിഡൻസായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പം സാധിക്കുന്നു.
നമ്മുടെ ഉള്ളിൽ ഇപ്പോഴും ഒരു ട്രൈബലിസം ഉറങ്ങിക്കിടക്കുന്നുണ്ട്. അതിനെ കുത്തിപ്പുറത്തെടുത്ത് എളുപ്പം ജനാധിപത്യത്തെ അവർക്ക് തകിടം മറിക്കാനാകുന്നു. സത്യം പറയേണ്ട ആവശ്യമില്ല. ‘നമ്മുടെ ആളുകളാണ്’ എന്ന് മാത്രം പറഞ്ഞാൽമതി. നമ്മുടെ ട്രൈബാണ് എന്നുമാത്രം പറഞ്ഞാൽ മതി. നമ്മുടെ ഇവല്യൂഷണറി യാത്രയിൽ ട്രൈബലിസം നമുക്ക് ഗുണം ചെയ്തിട്ടുണ്ട്. നമുക്ക് ഒരുപാട് ഭാഷകളുണ്ടായി, ഒരുപാട് സംസ്കാരങ്ങളുണ്ടായി, ഇതൊക്കെ നമ്മെ പലതരത്തിൽ ചിന്തിപ്പിക്കാനും അതിജീവിക്കാനും പരിശീലിപ്പിച്ചു. പക്ഷെ ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ ബയാസിൽ പെട്ടുപോകാതെ നമ്മുടെ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് ഓരോ മനുഷ്യനും നേടേണ്ടതുണ്ട്.
മനുഷ്യൻ മുൻപില്ലാത്തവിധം മാറ്റത്തിന് വിധേയമാവുകയാണ്. അവരുടെ ചിന്തകൾ, താൽപര്യങ്ങൾ, ജീവിതത്തെക്കുറിച്ചുള്ള ബോധം എന്നിവ ആർക്കും തടയാൻ പറ്റാത്തവിധം മാറും. അതിൽ സോഷ്യൽ മീഡിയ ഒരു പങ്കുവഹിക്കുന്നു എന്നുമാത്രം.
പത്തുപന്ത്രണ്ടായിരം വർഷങ്ങൾക്കുമുൻപ് മനുഷ്യൻ കാർഷികവൃത്തിയിൽ ഏർപ്പെടുന്നതിനും മുൻപുണ്ടായ ‘ഹണ്ടറർ- ഗാതറർ’ സമൂഹത്തിൽ സജീവമായ സമത്വം നിലനിനിന്നിരുന്നു എന്ന് ആന്ത്രോപോളജിസ്റ്റുകൾ സാക്ഷ്യം പറയുന്നു. റിവേഴ്സ് ഡോമിനൻസ് അവരുടെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. കൃഷി നമ്മളെ കെട്ടകാലത്തിലേക്കുള്ള ഭക്ഷണസൂക്ഷിപ്പുകാരാക്കി. കൂടുതൽ വിഭവങ്ങൾ സംഭരിച്ചുവക്കുന്നവർ ശക്തരായി. ആ ശക്തിക്കെതിരെയുള്ള അബലരുടെ വിരോധമാണ് നമുക്കിപ്പോഴും ഒരു മനുഷ്യന്റെ അതിരുകവിഞ്ഞ പൊങ്ങച്ചത്തെ സഹിക്കാൻ പറ്റാതാക്കുന്നത്. സോഷ്യൽ മീഡിയയിലെ പൊങ്ങച്ചങ്ങളിൽ പലരും അസ്വസ്ഥരാവുന്നത് അതുകൊണ്ടാണ്. പൊങ്ങച്ചങ്ങൾ സമത്വത്തിന് എതിരാണ്. ഒന്നു രണ്ടു ലക്ഷം വർഷങ്ങളായി സമത്വസമൂഹമായി ജീവിച്ചതിന്റെ ബാഗേജ് നമ്മളിൽ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ട്. അതിന്റെ ജനിതകമുള്ളാണ് സോഷ്യൽമീഡിയയിലെ ആഡംബര പ്രകടനത്തിൽ നമ്മുടെ കാലുകളിൽ തറയ്ക്കുന്നുത്.
മനുഷ്യന് ജീവിക്കുന്നു എന്ന് തോന്നണമെങ്കിൽ നമ്മുടെ സെൻസിലൂടെ നമുക്കിഷ്ടമുള്ള ഇൻഫർമേഷൻ ഉള്ളിലേക്ക് വന്നുകൊണ്ടിരിക്കണം. പുറമെനിന്നുള്ള ഇൻഫർമേഷന്റെ ഒഴുക്ക് നിൽക്കുമ്പോഴാണ് ബോറടിക്കുന്നു എന്ന് നമ്മൾ പറയുന്നത്. കുട്ടികളിൽ ബോറടി സഹായകമാകുന്നത്, അവർക്ക് അവർക്കുള്ളിലേക്ക് നോക്കാൻ സമയം ലഭിക്കുന്നു എന്നതുകൊണ്ടാണ്. ഉള്ളിലേക്കുള്ള നോട്ടവും അതിലൂടെ കൈവരിക്കുന്ന ശാന്തതയിൽ നിന്നുമാണ് നമ്മളിൽ ക്രിയേറ്റീവ് ഇന്റലിജൻസ് ഉണ്ടാവുന്നത്. ഐൻസ്റ്റീൻ അപാരമായ ക്രിയേറ്റീവ് ഇന്റലിജൻസുള്ള മനുഷ്യനായിരുന്നു. ഇന്നത്തെ കുട്ടികൾക്കുണ്ടായ ഡിസ്ട്രാക്ഷൻ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ അദ്ദേഹം മറ്റൊരാൾ മാത്രമായി ജീവിച്ച് മരിച്ചേനെ എന്നെനിക്ക് തോന്നുന്നു. പറഞ്ഞുവന്നത്, ക്രിയേറ്റീവ് ഇന്റലിജൻസുള്ള കുട്ടികൾ പലതരം ഡിസ്ട്രാക്ഷൻ കാരണം, അവർ അവരെത്തന്നെ അറിയാതെ പോകുന്നു എന്നാണ്.

എന്തുതന്നെയായാലും മനുഷ്യൻ മുൻപില്ലാത്തവിധം മാറ്റത്തിന് വിധേയമാവുകയാണ്. അവരുടെ ചിന്തകൾ, താൽപര്യങ്ങൾ, ജീവിതത്തെക്കുറിച്ചുള്ള ബോധം എന്നിവ ആർക്കും തടയാൻ പറ്റാത്തവിധം മാറും. അതിൽ സോഷ്യൽ മീഡിയ ഒരു പങ്കുവഹിക്കുന്നു എന്നുമാത്രം. എന്നെങ്കിലുമൊരുനാൾ മനുഷ്യന് കോൺഷ്യസ്നെസ്സ് എന്ന അനുഭവത്തെ സത്യമായി മനസ്സിലാക്കാനും, അറിയാനും, മെരുക്കാനും പിന്നെ മെഷീനിലേക്ക് ഓഫ് ലോഡ് ചെയ്യാനും കഴിയുമെങ്കിൽ നമ്മളീക്കാണുന്ന ജീവിതമുണ്ടാവില്ല.
ഇതുവരെയുണ്ടായ മനുഷ്യപുരോഗതി മുഴുവൻ നമ്മുടെ നിലനിൽപ്പിനായിരുന്നു. ഇനിയും അങ്ങനെതന്നെയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. കാലത്തെ- അതായത് ടൈമിനെയും സ്പെയ്സിനെയും നമ്മൾ സത്യമായി മനസ്സിലാക്കുമ്പോൾ, നമ്മളീ ജീവിക്കുന്ന കാല്പനിക ജീവിതത്തിന്റെ എല്ലാ അടരുകളിനിന്നും നമ്മൾ അടർന്നുവീഴും. നമ്മളിപ്പോഴും ഒരു ഹാലൂസിനേഷനിലാണ്.
