‘For the People,
of the People,
By the Algorithm’
തെരഞ്ഞെടുപ്പുകൾ ഒരു യഥാർത്ഥ വ്യവസ്ഥാപിത ഇടത്തിൽ നടക്കുന്ന ജനാധിപത്യ രാഷ്ട്രീയ സംഭവമായി മാത്രമല്ല നാം ഇപ്പോൾ അനുഭവിയ്ക്കുന്നത്. തെരഞ്ഞെടുപ്പുകൾക്ക് എത്രയോ നാൾ മുമ്പേ തന്നെ അത് ഒരു ഡിജിറ്റൽ അനുഭവമായി, തുടർച്ചയായ ഫീഡായി, അവസാനമില്ലാത്ത സ്ക്രോളായി ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരികയാണ്.
രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങൾ, പാർട്ടി നിലപാടുകൾ, തർക്കങ്ങൾ, അഭ്യൂഹങ്ങൾ, പ്രതികരണങ്ങൾ- ഇവയെല്ലാം നമ്മൾ ആദ്യം കാണുന്നത് പത്രത്തിന്റെ മുൻപേജിലോ ടെലിവിഷൻ വാർത്തകളിലോ അല്ല, മറിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ, നമ്മുടെ തന്നെ ‘വെർച്ച്വൽ ചുമരുകളിലാണ്’.
എന്റെ ഇഷ്ടം, എന്നേക്കാൾ നന്നായി അറിയുന്ന പ്ലാറ്റ്ഫോം അൽഗോരിതങ്ങൾ! ചില സമയങ്ങളിൽ എന്റെ മനസ് (തലച്ചോറ്) വായിക്കാൻ ഈ അൽഗോരിതങ്ങൾക്ക് കഴിയുന്നോ എന്ന് പോലും സംശയിച്ച് പോകുന്നു. ‘റെക്കമെന്റുകളായി’ അവ വന്നു കഴിഞ്ഞു. അതുകൊണ്ട് പഴയ മുഖ്യധാരാ മാധ്യമ അജൻഡയല്ല, മറിച്ച്, എന്ത് കാണണം, എന്ത് മറയ്ക്കപ്പെടണം, ഏത് വിഷയം ‘പ്രധാന’മാകണം, ഏത് ശബ്ദം ശക്തമാകണം എന്നതെല്ലാം ഇന്ന് പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതമിക് ലോജിക്കുകളാണോ തീരുമാനിയ്ക്കുന്നത്?. ഇവിടെയാണ് ‘അൽഗോരിതമിക് സംസ്കാരം’ എന്ന ആശയം പ്രസക്തമാകുന്നത്.
‘അൽഗോരിത സംസ്കാരം’ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പൂർണ്ണമായി നിർണ്ണയിക്കും എന്ന വാദം അതിശയോക്തിയാകാം. പക്ഷേ അതിനെ അവഗണിക്കുന്നത് കൂടുതൽ അപകടകരമാണ്.
സോഷ്യൽ മീഡിയ ഇന്ന് വലിയൊരു വിഭാഗം ജനങ്ങളുടേയും പ്രാഥമിക വാർത്താ ഉറവിടമായി മാറിയ സാഹചര്യത്തിൽ, അൽഗോരിതങ്ങൾക്ക് തെരഞ്ഞെടുപ്പിനെ പോലും മറികടന്ന് ജനശ്രദ്ധയെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടോ? ഈ ചോദ്യം സൈദ്ധാന്തികപരമായ ഒന്നല്ലാതെയാവുകയും പ്രായോഗികമാണെന്ന തിരിച്ചറിവുമാണ് ഈ ലേഖനത്തിന്റെ കാതൽ. ‘അൽഗോരിതമിക് സംസ്കാരം’ കേരള രാഷ്ട്രീയ പൊതുമണ്ഡലത്തെ വരുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എങ്ങനെ പുനർനിർമിക്കും എന്ന് അന്വേഷിക്കാനുള്ള ശ്രമമാണിത്.
സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിയ്ക്കുന്ന അൽഗോരിതങ്ങൾ സാങ്കേതിക സംവിധാനങ്ങൾ മാത്രമല്ല; അവ രാഷ്ട്രീയ തീരുമാനങ്ങളെ പോലും സ്വാധീനിക്കുന്ന ശക്തമായ സാമൂഹ്യ- രാഷ്ട്രീയ ഏജന്റുകളാണ്. അൽഗോരിതങ്ങൾ വിവരങ്ങൾ വിതരണം ചെയ്യുന്ന ഉപകരണങ്ങളായി മാത്രമല്ല, ജനാധിപത്യ പ്രതിനിധ്യത്തിന്റെ സ്വഭാവം തന്നെ മാറ്റുന്ന സംവിധാനങ്ങളായാണ് പ്രവർത്തിക്കുന്നതെന്ന് Of the People, by the Algorithm: How AI Transforms the Role of Democratic Representatives എന്ന തലക്കെട്ടിൽ AI & Society ജേണലിൽ വന്ന ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
വോട്ടർ എന്ത് കാണണം, ഏത് രാഷ്ട്രീയ വിഷയം ‘പ്രധാന’മാകണം, ഏത് നേതാവിന്റെ ശബ്ദം ശക്തമായി കേൾക്കപ്പെടണം എന്നതെല്ലാം വലിയ രീതിയിൽ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതമിക് ലോജിക്കുകൾ തീരുമാനിക്കുന്നു. ഇതിലൂടെ, വോട്ടറുടെ രാഷ്ട്രീയബോധം രൂപപ്പെടുന്നത് യുക്തിപരമായ താരതമ്യത്തിലൂടെയല്ല, മറിച്ച് അൽഗോരിതങ്ങളിലൂടെ നയിക്കപ്പെടുന്ന അനുഭവങ്ങളിലൂടെയായി മാറും.

വോട്ടറുടെ രാഷ്ട്രീയ തീരുമാനം പലപ്പോഴും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുപരിയായി അൽഗോരിതത്താൽ നയിക്കപ്പെടുന്നതാണെന്ന് The influence of algorithms on political and dating decisions (Agudo & Matute, 2021) എന്ന പബ്മെഡിൽ വന്ന ഗവേഷണവും ഓർമ്മിപ്പിക്കുന്നു. പ്രസ്തുത പഠനത്തിൽ നടത്തിയ നിയന്ത്രിത പരീക്ഷണങ്ങളിൽ, അൽഗോരിതം പ്രത്യേക രാഷ്ട്രീയ സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചപ്പോൾ, അവരെക്കുറിച്ച് മുമ്പ് യാതൊരു അറിവുമില്ലാതിരുന്നിട്ടും പങ്കെടുത്തവരിൽ ആ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനുള്ള സാധ്യത ഗണ്യമായി വർദ്ധിച്ചതായി ഗവേഷകർ കണ്ടെത്തുന്നു. ഇതിലൂടെ, അൽഗോരിതം വിവരങ്ങൾ ക്രമീകരിക്കുന്ന ഒരു ഉപകരണം മാത്രമല്ല, തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുന്ന പ്രേരകശക്തിയാണെന്ന് വ്യക്തമാവുകയാണ്.
അൽഗോരിതങ്ങളുടെ
‘പൊതുമണ്ഢലം’
യുക്തിപരമായ ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്ന തുറസായതും സ്വതന്ത്രവുമായ രാഷ്ട്രീയ അഭിപ്രായ രൂപീകരണ കേന്ദ്രമായാണ് ഹേബർ മാസ് ‘പബ്ലിക് സ്ഫിയർ’ (പൊതുമണ്ഢലം) എന്ന ആശയത്തെ കാണുന്നത്. ശക്തമായ ജനാധിപത്യ സ്വഭാവമുള്ള പൊതുമണ്ഢലങ്ങളുള്ള ഒരു സമൂഹം തന്നെയാണ് (ആയിരുന്നു) കേരളം. നാട്ടിൻപുറത്തെ ചായപ്പീടികകൾ, ഗ്രാമീണ വായനശാലകൾ, രാഷ്ട്രീയ യോഗങ്ങൾ, യൂണിയൻ ചർച്ചകൾ, പത്രവായന- ഇവയൊക്കെ ചേർന്നതാണ് കേരളീയ പൊതുമണ്ഡലം.
എന്നാൽ ഡിജിറ്റൽ കാലഘട്ടത്തിൽ ഈ പൊതുമണ്ഡലത്തിന്റെ സ്വഭാവം മാറിയിരിക്കുന്നു. ഇന്ന് രാഷ്ട്രീയ ചർച്ചകൾ നടക്കുന്നത് സമൂഹ മാധ്യമ ഫീഡുകളിലും കമന്റ് ബോക്‌സുകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമാണ്. അൽഗോരിതങ്ങൾ ഇവിടെ നിഷ്പക്ഷ ഇടനിലക്കാരല്ല; അവ അധികാരത്തിന്റെ പുതിയ രൂപങ്ങളാണ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ സംഭവമായി മാത്രമാകില്ല. മറിച്ച്, അൽഗോരിതത്തിന്റെ ശക്തിയും പ്ലാറ്റ്ഫോം ക്യാപിറ്റലിസവും ജനാധിപത്യത്തെ പുനർനിർമ്മിക്കുന്നതിൽ എത്രമാത്രം ശക്തമാണ് എന്നതിന്റെ സാമൂഹിക പരീക്ഷണം കൂടിയാകും.
ഒരേ വാർത്ത എല്ലാവർക്കും ഒരേ രീതിയിൽ കാണിക്കപ്പെടുന്നില്ല. ഓരോ ഉപയോക്താവിന്റെയും മുൻപത്തെ ഇടപെടലുകൾ, താൽപര്യങ്ങൾ, രാഷ്ട്രീയ പക്ഷപാതിത്വം എന്നിവയെ അടിസ്ഥാനമാക്കി ‘പൊതുമണ്ഡലം’ പല ചെറിയ ഫിൽട്ടർ ചെയ്ത ഇടങ്ങളായി വിഭജിക്കപ്പെടുന്നു. ഇതോടെ ‘പൊതു’ എന്ന ആശയം തന്നെ തകർന്നുപോകുന്നു. എല്ലാവരും ഒരേ കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ‘പൊതുമണ്ഡലം’ അല്ല, മറിച്ച് അൽഗോരിതങ്ങൾ നയിക്കുന്ന ഒരേസമയം പല സമാന്തര സമൂഹ മാധ്യമ ‘പൊതുമണ്ഡലങ്ങളാണ്’ നിലനിൽക്കുന്നത്.
അൽഗോരിതം നിർണയിക്കുന്ന വാർത്തകൾ
ഇന്ന് കേരളത്തിൽ നടക്കുന്ന ഒരു രാഷ്ട്രീയ സംഭവത്തിന്റെ വാർത്താജീവിതം ആരംഭിക്കുന്നത് വാർത്താമുറിയിലോ എഡിറ്ററുടെ ഡെസ്കിലോ അല്ല. മറിച്ച്, മൊബൈൽ ക്യാമറയിൽ പകർത്തിയ കുറച്ച് സെക്കൻഡ് ദൃശ്യങ്ങളിലൂടെയോ, ഫേസ്ബുക് പോസ്റ്റിലൂടെയോ, ഒരു സ്‌ക്രീൻഷോട്ടിലൂടെയോ ആണ്. അതിന് പിന്നാലെ വരുന്ന ലൈക്കുകളും ഷെയറുകളും കമന്റുകളും ചേർന്നാണ് അതിനെ ‘വാർത്ത’യാക്കുന്നത്. ഈ പ്രക്രിയയിൽ, വാർത്തയെ നിർവചിക്കുന്ന മാനദണ്ഡം അതിന്റെ സാമൂഹ്യപ്രാധാന്യമല്ല, മറിച്ച് അതിന്റെ അൽഗോരിതമിക് കാഴ്ചയാണ് (Algorithamic Visibility).
സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ഏത് ഉള്ളടക്കത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കണം എന്ന് നിശ്ചയിക്കുന്ന ഈ കാലഘട്ടത്തിൽ, മുഖ്യധാരാ മാധ്യമങ്ങൾ പോലും പലപ്പോഴും ഈ ഡിജിറ്റൽ പ്രവാഹത്തെ പിന്തുടരുന്നവരായി മാറുന്നു. ഒരു വിഷയം സോഷ്യൽ മീഡിയയിൽ ‘ട്രെൻഡിങ്’ ആകുമ്പോൾ, അത് വാർത്തയായി കൈകാര്യം ചെയ്യാതെ ഒഴിഞ്ഞുനിൽക്കാൻ ഒരു മാധ്യമത്തിനും കഴിയില്ല. ഇതോടെ, എഡിറ്റോറിയൽ നിർണ്ണയത്തിന്റെ പരമ്പരാഗത സ്വാതന്ത്ര്യം അൽഗോരിതമിക് സമ്മർദ്ദത്തിന് കീഴടങ്ങുന്ന അവസ്ഥ രൂപപ്പെടുന്നു. വാർത്ത തിരഞ്ഞെടുക്കുന്നത് ഇനി “എന്താണ് പൊതുതാൽപര്യം” എന്ന ചോദ്യത്തിലൂടെയല്ല, “എന്താണ് ഇപ്പോൾ ഫീഡിൽ പ്രവർത്തിക്കുന്നത്” എന്ന കണക്കുകൂട്ടലിലൂടെയാണ്.
പക്ഷേ അൽഗോരിതം നടത്തുന്ന ഈ വാർത്താ തെരഞ്ഞെടുപ്പുസംവിധാനത്തെക്കുറിച്ച് പൊതുജനങ്ങളിൽ ഗൗരവമുള്ള സംശയങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ- സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ആളുകൾ അൽഗോരിതത്തെ സംശയത്തോടെയാണ് കാണുന്നതെന്നാണ് Reuters Institute Digital News Report 2023 – Attitudes towards Algorithms and their Impact on News എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം, വാർത്ത ലഭിക്കുന്നതിനുള്ള പ്രാഥമിക ഉറവിടമായി സമൂഹ മാധ്യമങ്ങളേയും സെർച്ച് എൻജിനുകളേയും നാം ഉപേക്ഷിക്കുന്നുമില്ല. ഈ വൈരുദ്ധ്യമാണ് ഇന്നത്തെ വാർത്താഉപഭോഗത്തിന്റെ അടിസ്ഥാന സ്വഭാവം.
കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഈ വിരോധാഭാസം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ഒരു വശത്ത് അൽഗോരിതം പറയുന്ന വാർത്തകളെക്കുറിച്ചുള്ള വിശ്വാസക്കുറവ്; മറുവശത്ത്, അതേ അൽഗോരിതം നൽകുന്ന ഉള്ളടക്കങ്ങളിലൂടെ വോട്ടറുടെ രാഷ്ട്രീയബോധം രൂപപ്പെടാനുള്ള സാധ്യതയും. ഈ മേഖലയിൽ ഒരു ഗവേഷണ സർവേ നടക്കേണ്ടതാണ്.

രാഷ്ട്രീയ പാർട്ടികളുടെ നയപ്രഖ്യാപനങ്ങളേക്കാൾ, നേതാക്കളുടെ വിവാദ പരാമർശങ്ങളോ, വ്യക്തിപരമായ ആക്രമണങ്ങളോ, വികാരാധിഷ്ഠിത പ്രതികരണങ്ങളോ ആണ് കൂടുതൽ ദൃശ്യത നേടുന്നത്. കാരണം, അൽഗോരിതങ്ങൾ മുൻഗണന നൽകുന്നത് യുക്തിപരമായ വിശദീകരണങ്ങൾക്കല്ല, മറിച്ച് വികാരം ഉണർത്തുന്ന ഉള്ളടക്കങ്ങൾക്കാണ്. ഒരേ വിഷയത്തെക്കുറിച്ച് വ്യത്യസ്ത വോട്ടർമാർക്ക് വ്യത്യസ്ത ‘വാർത്താ യാഥാർത്ഥ്യങ്ങൾ’ ലഭിക്കുന്ന അവസ്ഥയാണിത്. ഇതോടെ, തെരഞ്ഞെടുപ്പ് പൊതുവായ രാഷ്ട്രീയ സംവാദത്തിന്റെ ഫലമാകുന്നതിനു പകരം, വ്യക്തിഗത ഫീഡുകളിൽ നിർമ്മിക്കപ്പെടുന്ന അനുഭവങ്ങളുടെ കൂട്ടമായാണ് മാറുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ലളിതവും വ്യക്തിപരമാകുകയും, വോട്ടർ തീരുമാനങ്ങൾ വികാരപ്രേരിതമാകുകയും ചെയ്യുന്ന ഘട്ടത്തിലേയ്ക്ക് ഇപ്പോൾ തന്നെ പോയി കഴിഞ്ഞു. ഒരുവശത്ത് വിശ്വാസ്യതയും ആഴവും നിലനിർത്തേണ്ട ബാധ്യത. മറുവശത്ത്, സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ നിർണ്ണയിക്കുന്ന ശ്രദ്ധാ മത്സരത്തിൽ നിലനിൽക്കേണ്ട നിർബന്ധവും കാരണം മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ തന്നെ ഇരട്ട സമ്മർദ്ദത്തിലാണ്.
‘ശ്രദ്ധ കേന്ദ്രീകൃത’ സമ്പദ് വ്യവസ്ഥയും
‘ശ്രദ്ധ’യുടെ രാഷ്ട്രീയവും
ഡിജിറ്റൽ കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആശയങ്ങളുടെ മത്സരമായി മാത്രം ഇനി നിലനിൽക്കുന്നില്ല. അത് വലിയ രീതിയിൽ ‘ശ്രദ്ധ’ പിടിച്ചുപറ്റാനുള്ള അൽഗോരിത മത്സരമായി മാറുകയാണ്. ആരുടെ പ്രസ്താവന കൂടുതൽ സമയം സമൂഹമാധ്യമ ഫീഡിൽ നിലനിൽക്കുന്നു, ഏത് വിവാദമാണ് കൂടുതൽ സ്ക്രോൾ ചെയ്യപ്പെടുന്നത്, ഏത് വീഡിയോയാണ് വീണ്ടും വീണ്ടും കാണപ്പെടുന്നത്- ഇവയാണ് ഇന്നത്തെ രാഷ്ട്രീയശക്തിയുടെ സൂചകങ്ങൾ. ഇവിടെ നമ്മുടെ സമൂഹമാധ്യമങ്ങളിലെ ‘ശ്രദ്ധ’ (attention) ഒരു സ്വാഭാവിക മനുഷ്യപ്രതികരണമല്ല; അത് അളക്കാവുന്ന, വിൽക്കാവുന്ന, നിയന്ത്രിക്കാവുന്ന വിഭവമായി മാറിയിരിക്കുന്നു.
വാർത്ത തിരഞ്ഞെടുക്കുന്നത് ഇനി “എന്താണ് പൊതുതാൽപര്യം” എന്ന ചോദ്യത്തിലൂടെയല്ല, “എന്താണ് ഇപ്പോൾ ഫീഡിൽ പ്രവർത്തിക്കുന്നത്” എന്ന കണക്കുകൂട്ടലിലൂടെയാണ്.
ഈ രാഷ്ട്രീയമാറ്റം മനസ്സിലാക്കാൻ ക്ലോഡ് സെലിസ് (Claude Celis) അവതരിപ്പിക്കുന്ന The Attention Economy: Labour, Time and Power in Cognitive Capitalism (2020) എന്ന പുസ്തകം നിർണായകമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയം വെറും ഒഴിവുസമയമല്ല, മറിച്ച് അത് അദൃശ്യ തൊഴിൽ (invisible labour) ആണെന്നതാണ് സെലിസ് ചൂണ്ടിക്കാണിക്കുന്നത്. സ്ക്രോൾ ചെയ്യുന്നതും, ലൈക്ക് ചെയ്യുന്നതും, കമന്റ് ഇടുന്നതും, ഒരു വീഡിയോ അവസാനം വരെ കാണുന്നതുമെല്ലാം പ്ലാറ്റ്ഫോമുകൾക്ക് മൂല്യം സൃഷ്ടിക്കുന്ന കൂലിത്തൊഴിലായി നമ്മൾ ചെയ്തുകൊടുക്കുന്നു. (Celis, 2020).
സോഷ്യൽ മീഡിയയിൽ ഒരു ഉപയോക്താവ് ചെലവഴിക്കുന്ന ഓരോ നിമിഷവും, സ്‌ക്രോൾ ചെയ്യുന്ന ഓരോ ചലനവും, ലൈക്ക് ചെയ്യുന്നതും ഷെയർ ചെയ്യുന്നതുമെല്ലാം പ്ലാറ്റ്‌ഫോമുകൾക്ക് മൂല്യം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ്. ഉപയോക്താവിന് അത് രാഷ്ട്രീയ അഭിപ്രായപ്രകടനമായോ പങ്കാളിത്തമായോ തോന്നുമ്പോഴും, യാഥാർഥ്യത്തിൽ അത് ശമ്പളമില്ലാത്ത ഡിജിറ്റൽ തൊഴിലായി മാറുന്നു. ശമ്പളമില്ലാത്ത ഒരു ഡിജിറ്റൽ കൂലിപ്പണി. ഈ തൊഴിൽ വഴി സൃഷ്ടിക്കപ്പെടുന്ന ഡാറ്റയും ശ്രദ്ധയും പ്ലാറ്റ്‌ഫോമുകളുടെ സാമ്പത്തിക അടിത്തറയായി മാറുന്നു. ഇതോടെ, രാഷ്ട്രീയസംവാദം ജനാധിപത്യ ഇടപെടലെന്നതിൽനിന്ന് പ്ലാറ്റ്ഫോമുകളാൽ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക പ്രക്രിയയിലേക്ക് മാറ്റപ്പെടുന്നു.
അൽഗോരിതങ്ങൾ ഇവിടെ നിഷ്പക്ഷ സാങ്കേതിക സംവിധാനങ്ങളല്ല; അവ ശ്രദ്ധയെ നിയന്ത്രിക്കുന്ന അധികാര ഘടനകളാണ്. അതിനാൽ തെരഞ്ഞെടുപ്പുകാലത്ത് ഈ ശ്രദ്ധാ സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തമാകുന്നു. നയപരമായ വിശദീകരണങ്ങളേക്കാൾ, വികാരാധിഷ്ഠിത പ്രസ്താവനകൾക്കും വിവാദങ്ങൾക്കും വ്യക്തിപരമായ ആക്രമണങ്ങൾക്കും അൽഗോരിതമുകൾ മുൻഗണന നൽകുന്നു.
ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഒരു യഥാർത്ഥ ഇടത്തിൽ നടക്കുന്ന പ്രത്യയശാസ്ത്ര പോരാട്ടം എന്നതിലുപരി ഡിജിറ്റൽ പ്ലാറ്റ്ഫോം അൽഗോരിതം ഉപയോഗപ്പെടുത്തി ശ്രദ്ധ പിടിച്ചുനിർത്താനുള്ള പോരാട്ടമായി മാറുന്നു. ആർക്കാണ് കൂടുതൽ ദൃശ്യത, ആർക്കാണ് കൂടുതൽ എൻഗേജ്മെന്റ്- ഈ ചോദ്യങ്ങളാണ് രാഷ്ട്രീയ വിജയത്തിന്റെ സൂചകങ്ങളാകുന്നത്. ഇതോടെ, രാഷ്ട്രീയപ്രവർത്തനം ഒരു ദീർഘകാല സാമൂഹ്യ പ്രതിബദ്ധതയിൽനിന്ന്, തത്സമയ പ്രതികരണങ്ങളിലേക്കും വൈറൽ നിമിഷങ്ങളിലേക്കും ചുരുങ്ങുന്നു.

ജനാധിപത്യത്തിൽ ജനങ്ങളുടെ ‘സമയം’ ഏറ്റവും വിലയേറിയ വിഭവമാകുമ്പോൾ, അതിന്റെ നിയന്ത്രണം ആരുടെ കൈകളിലാണെന്ന (ഏത് ഡിജിറ്റൽ പ്ലാറ്റഫോമിന്റെ) ചോദ്യം രാഷ്ട്രീയമായി അതീവ ഗൗരവമുള്ളതായി മാറുന്നു. ഇവിടെ വോട്ടർ രാഷ്ട്രീയ തീരുമാനമെടുക്കുന്നത് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ, അല്ലെങ്കിൽ ‘അൽഗോരിതം നിങ്ങളെ നിയന്ത്രിക്കുന്ന’ നിങ്ങളുടെ ബോധ്യത്തിലാണോ? കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഈ ശ്രദ്ധാസമ്പദ്‌വ്യവസ്ഥയുടെ പ്രായോഗിക ഉദാഹരണമായി മാറിയേക്കും. വിജയിക്കുന്നത് ഡിജിറ്റൽ ഇടത്തിൽ കൂടുതൽ സമയം പിടിച്ചുനിർത്താൻ കഴിയുന്ന രാഷ്ട്രീയരൂപങ്ങളായി കൂടെ?
അൽഗോരിതവും ഡിജിറ്റൽ രാഷ്ട്രീയവും
ഡിജിറ്റൽ രാഷ്ട്രീയത്തിൽ എല്ലാം ഒരേ രീതിയിൽ ദൃശ്യമായിത്തീരുന്നില്ല. ചില വാർത്തകൾ ശബ്ദമില്ലാതെ കടന്നുപോകുമ്പോൾ, ചിലത് സമൂഹമാധ്യമ ഫീഡുകളിൽ ഇടിമുഴക്കത്തോടെ പ്രത്യക്ഷപ്പെടുന്നു. ഈ വ്യത്യാസം സംഭവിക്കുന്നത് വാർത്തയുടെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടല്ല, മറിച്ച് അതിന്റെ വൈകാരിക ചാർജ്ജ് കൊണ്ടാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന അൽഗോരിതങ്ങൾ നിഷ്പക്ഷമായി ‘വാർത്ത’ തിരഞ്ഞെടുത്ത് മുന്നോട്ട് വയ്ക്കുന്നില്ല; അവ മുൻഗണന നൽകുന്നത് കോപം, ഭയം, അപമാനം, സംഘർഷം തുടങ്ങിയ ശക്തമായ വികാരങ്ങൾ ഉണർത്തുന്ന ഉള്ളടക്കങ്ങൾക്കാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു (Bradshaw & Howard, 2018).
വിവാദങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായ തെറ്റുകളായി മാത്രം സംഭവിക്കുന്നില്ല; മറിച്ച് അവ കണക്കുകൂട്ടിയ ഇടപെടലുകളായി രൂപപ്പെടുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഈ അൽഗോരിത സ്വഭാവം ഒരു രാഷ്ട്രീയതന്ത്രമായി തന്നെ മാറ്റപ്പെടുന്നു. ഒരു രാഷ്ട്രീയ പരാമർശം, ഒരു വാചകം, ഒരു ചോദ്യോത്തര ഭാഗം- ഇവയെല്ലാം സമൂഹമാധ്യമങ്ങൾക്ക് അനുയോജ്യമായ ചെറിയ “ക്ലിപ്പുകളായി” രൂപപ്പെടുത്തപ്പെടുന്നു. ഈ ക്ലിപ്പുകൾക്ക് അൽഗോരിതം മുൻഗണന നൽകുമ്പോൾ, അവയുടെ രാഷ്ട്രീയ സന്ദർഭവും അർത്ഥസങ്കീർണ്ണതയും അപ്രധാനമാകുന്നു. (Reuters Institute, 2023).
തെരഞ്ഞെടുപ്പ് കാലത്ത് നെഗറ്റീവ് ഉള്ളടക്കങ്ങൾ /സെൻസേഷണൽ ഉള്ളടക്കങ്ങൾ എന്നിവയെ അൽഗോരിതമുകൾ വലിയ രീതിയിൽ ബൂസ്റ്റ് ചെയ്യുന്നതിലൂടെ പൊതു ചിന്താധാരയെ നിശ്ചിത ദിശയിലേക്കുമാത്രം തിരിച്ചുവിടാൻ കഴിയുന്ന നിശ്ചിതലക്ഷ്യമുള്ള പ്രചാരണമായി ഇത് മാറുന്നുവെന്ന് Just the Tip of the Iceberg: State of the Art of Coordinated Social Media Manipulation Research എന്ന പഠനം വ്യക്തമാക്കുന്നു (Bradshaw & Howard, 2018). ഇവിടെ പ്ലാറ്റ്ഫോം അൽഗോരിതങ്ങളുടെ സാമ്പത്തിക താൽപര്യവും രാഷ്ട്രീയക്കാരുടെ പൊളിറ്റിക്കൽ കുതന്ത്രങ്ങളും ഒരേ ദിശയിലേക്കാണ് നീങ്ങുന്നത് തോന്നിപ്പോകുന്നു.
അൽഗോരിതം മുന്നോട്ടുവെയ്ക്കുന്ന ഉള്ളടക്കങ്ങൾ ആവർത്തിച്ച് കാണിക്കുന്ന രാഷ്ട്രീയ സ്ഥാനാർത്ഥികളോട് ഉപയോക്താക്കൾക്ക് കൂടുതൽ അനുകൂലത രൂപപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ സമകാലിക രാഷ്ട്രീയ ചർച്ചകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമ്മുടെ രാഷ്ട്രീയക്കാർ ഈ അൽഗോരിതത്തെ നന്നായി പഠിച്ചിരിക്കുന്നു എന്നു കാണാം. ഭരണവിരുദ്ധ വികാരങ്ങൾ, പാർട്ടി ആഭ്യന്തര തർക്കങ്ങൾ, വ്യക്തിപരമായ ആരോപണങ്ങൾ, മത- സാംസ്‌കാരിക വിഷയങ്ങൾ- ഇവയെല്ലാം അൽഗോരിതം “വിജയകരമായ” ഉള്ളടക്കങ്ങളായി മാറ്റുന്നു (അല്ല നമ്മൾ അതെല്ലാം കണ്ട് വിജയമാക്കുന്നു). ഇതിന്റെ ഫലമായി, യഥാത്ഥ പ്രശ്നങ്ങൾ മറന്ന് വോട്ടർ ചിന്തിക്കുന്നത് ആ വിഷയത്തെ ചുറ്റിയുള്ള വികാരപരമായ ഫ്രെയിമുകളെക്കുറിച്ചാണ്.
അൽഗോരിതം മുന്നോട്ടുവെയ്ക്കുന്ന (Algorithm Recommending) ഉള്ളടക്കങ്ങൾ ആവർത്തിച്ച് കാണിക്കുന്ന രാഷ്ട്രീയ സ്ഥാനാർത്ഥികളോട് ഉപയോക്താക്കൾക്ക് കൂടുതൽ അനുകൂലത രൂപപ്പെടുന്നതായി The influence of algorithms on political and dating decisions എന്ന പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് (Agudo & Matute, 2021). ഇങ്ങനെ, ‘അൽഗോരിതം’ രാഷ്ട്രീയത്തിൽ വിവാദം ഒരു ഉപോൽപ്പന്നമല്ല; അത് തന്നെ ഒരു പ്രചാരണ വിഭവമാണ്. ശ്രദ്ധ പിടിച്ചുനിർത്താൻ കഴിയുന്ന വികാരങ്ങളാണ് രാഷ്ട്രീയശക്തിയായി മാറുന്നത്. ഇതോടെ, തെരഞ്ഞെടുപ്പ് ആശയങ്ങളുടെ മത്സരമല്ല, മറിച്ച് അൽഗോരിതമുകൾ നയിക്കുന്ന വൈകാരിക ഏറ്റുമുട്ടലായി മാറുന്നുവെന്നതാണ് ഡിജിറ്റൽ ജനാധിപത്യത്തിന്റെ പുതിയ യാഥാർത്ഥ്യം.
ജെൻ സി വോട്ടർമാരുടെ സ്വഭാവമാറ്റം
ജെൻ സി വോട്ടർമാരുടെ രാഷ്ട്രീയ പങ്കാളിത്തത്തിലെ സ്വഭാവമാറ്റമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധേയമാകുക. ഈ തലമുറ രാഷ്ട്രീയത്തെ അനുഭവിക്കുന്നത് റീലുകൾ, മീമുകൾ, ഷോർട്ടുകൾ, വീഡിയോകൾ, റിയാക്ഷൻ ക്ലിപ്പുകൾ, ലൈവ് ഡിബേറ്റുകൾ, പോഡ് കാസ്റ്റുകൾ എന്നിവയിലൂടെ തന്നെയാണ്. അതിൽ ഒരു തെറ്റുമില്ല. പക്ഷെ ഇവിടെയും രാഷ്ട്രീയ ആശയങ്ങളല്ല ആദ്യം എത്തുന്നത്; അൽഗോരിതമുകളാൽ നയിക്കപ്പെടുന്ന ‘പൊളിറ്റിക്കൽ പെർഫോർമൻസുകളാണോ’ എന്നതാണ് സംശയം.
ജെൻ സിയുടെ രാഷ്ട്രീയപങ്കാളിത്തം പലപ്പോഴും “low-cost, high-visibility” മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ഒരു മീം ചെയ്യുക, ഒരു വീഡിയോക്ക് റിയാക്ഷൻ നൽകുക, ഒരു നേതാവിന്റെ പ്രസ്താവനയ്ക്ക് കമന്റ് ഇടുക — ഇതൊക്കെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ പുതിയ രൂപങ്ങളായി മാറുന്നു. എന്നാൽ ഈ പങ്കാളിത്തം ശരിയ്ക്കുമുള്ളതാണോ, അതോ പ്ലാറ്റ്ഫോമിന് വേണ്ടിയുള്ളതാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
അൽഗോരിതമുകൾ നൽകുന്ന റിവാർഡുകൾ അവാർഡുകളെ പോലെയാണ് നാം കാണുന്നത്. കേരളത്തിലെ മീം പേജുകൾ, രാഷ്ട്രീയ ട്രോൾ കമ്യൂണിറ്റികൾ, ഇൻഫ്ലുവെൻസർമാരുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ എന്നിവയുടെ വളർച്ച ഇതിന്റെ ഉദാഹരണങ്ങളാണ്. ഇതിന്റെ ജനാധിപത്യ പ്രത്യാഘാതങ്ങൾ സൂക്ഷ്മമാണ്. ജെൻ സി രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന് ഒരിയ്ക്കലും പറയാൻ കഴിയില്ല. മറിച്ച് അവർ അൽഗോരിതം നയിക്കുന്ന മാധ്യമ ആവാസവ്യവസ്ഥയിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുകയാണെന്ന് നിരീക്ഷിക്കാം. എന്നാൽ ഈ പങ്കാളിത്തം രാഷ്ട്രീയ ഘടനയെ ശക്തിപ്പെടുത്തുന്നുണ്ടോ? അതോ പ്ലാറ്റ്ഫോം പൊളിറ്റിക്സിനോട് പൊരുത്തപ്പെടുന്ന രീതിയിൽ രാഷ്ട്രീയത്തെ ഡിജിറ്റൽ കാഴ്ചയാക്കി മാത്രം ചുരുക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. അടുത്ത നിയമസഭാതെരഞ്ഞെടുപ്പ് ഈ ‘ജെൻ സി അൽഗോരിതമിക് രാഷ്ട്രീയത്തിന്റെ’ ശക്തിയും അതിന്റെ പരിമിതികളും ഒരേസമയം തുറന്നുകാട്ടുന്ന പരീക്ഷണമായി മാറിയേക്കും.

ഈ വസ്തുതകൾ പരിഗണിച്ചാൽ, നിയമസഭാ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ സംഭവമായി മാത്രമാകില്ല. മറിച്ച്, അൽഗോരിതത്തിന്റെ ശക്തിയും പ്ലാറ്റ്ഫോം ക്യാപിറ്റലിസവും ജനാധിപത്യത്തെ പുനർനിർമ്മിക്കുന്നതിൽ എത്രമാത്രം ശക്തമാണ് എന്നതിന്റെ സാമൂഹിക പരീക്ഷണം കൂടിയാകും. ഇത് ജനാധിപത്യത്തിലെ തീരുമാനമെടുക്കൽ പ്രക്രിയയുടെ സ്വഭാവമാറ്റം കൂടിയായേക്കാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വെറും വിവരവിനിമയ ഇടങ്ങളല്ലെന്ന് ബെല്ലനോവ (Bellanova, 2016) വ്യക്തമാക്കുന്നതുപോലെ, അവ രാഷ്ട്രീയശക്തി വിന്യസിക്കുന്ന അടിസ്ഥാന സൗകര്യ സംവിധാനമായി (Infrastructure Systems) മാറിയിരിക്കുന്നു. ഇവിടെ അധികാരം തുറന്ന നിയന്ത്രണത്തിലൂടെയല്ല, മറിച്ച് ദൃശ്യത, ആവർത്തനം, ശ്രദ്ധ എന്നിവയിലൂന്നിയുള്ള അൽഗോരിതം നിയന്ത്രണത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.
അതിനാൽ, ചോദ്യം “അൽഗോരിതം തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുമോ?” എന്നതല്ല; മറിച്ച് “വോട്ടർമാർക്ക് അൽഗോരിതം നിയന്ത്രണത്തെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കഴിയുമോ?” എന്നതാണ്. തെരഞ്ഞെടുപ്പ് ഒരു ദിവസം നടക്കുന്ന വോട്ടിംഗ് പ്രക്രിയ മാത്രമല്ല; അത് തെരഞ്ഞെടുപ്പിന് മുൻപുള്ള മാസങ്ങളിൽ നാം എന്ത് കാണുന്നു, എത്ര സമയം ചെലവഴിക്കുന്നു, ഏത് വികാരങ്ങൾക്ക് അടിമയാകുന്നു എന്നതിന്റെ ഫലമാണ്. ഈ അർത്ഥത്തിൽ, ജനാധിപത്യം ഇന്ന് ഇ.വി.എം മെഷിനുകളിൽ മാത്രമല്ല, സമൂഹ മാധ്യമ ഫീഡുകളിലും പ്രവർത്തിക്കുന്നു.
‘അൽഗോരിത സംസ്കാരം’ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പൂർണ്ണമായി നിർണ്ണയിക്കും എന്ന വാദം അതിശയോക്തിയാകാം. പക്ഷേ അതിനെ അവഗണിക്കുന്നത് കൂടുതൽ അപകടകരമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്നത് ലളിതമായ രാഷ്ട്രീയ ചോദ്യമല്ല; മറിച്ച് ഒരു ആധുനിക ജനാധിപത്യ ചോദ്യമാണ്: നാം വോട്ടർമാരാണോ, അല്ലെങ്കിൽ അൽഗോരിതം നിയന്ത്രിക്കുന്ന പ്രേക്ഷകരാണോ?
