സമയ് റെയ്ന

Disabled വ്യക്തികളെ പരിഹസിക്കുന്ന കണ്ടൻറ്, ഇൻഫ്ളുവൻസർമാരെ നിയന്ത്രിക്കാൻ സുപ്രീംകോടതി

പോഡ്കാസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും ഡിസേബിൾഡ് വ്യക്തികളെ പരിഹസിച്ച അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരായ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർണായകമായ ഇടപെടൽ.

News Desk

ഡിസേബിൾഡ് വ്യക്തികളെയും സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും പരിഹസിക്കുന്ന തരം കണ്ടൻറുകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ നിയന്ത്രിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പോഡ്കാസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും ഡിസേബിൾഡ് വ്യക്തികളെ പരിഹസിച്ച അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരായ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർണായകമായ ഇടപെടൽ. ഭിന്നശേഷിയുള്ളവരും അപൂർവ ജനിതക ബുദ്ധിമുട്ടുകൾ നേരിടുന്നതുമായ വ്യക്തികളെ പരിഹസിച്ച് കണ്ടൻറ് പങ്കുവെച്ച India's Got Latent അവതാരകൻ സമയ് റെയ്ന, വിപുൽ ഗോയൽ, ബൽരാജ് പരംജിത് സിംഗ് ഘായ്, സോണാലി തക്കർ, നിശാന്ത് ജഗദീഷ് തൻവാർ എന്നീ അഞ്ച് ഇൻഫ്ലുവൻസർമാർ നിരുപാധികം മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. CURE SMA Foundation എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചത് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ്.

"ആവിഷ്കാര സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണം. ഇത് വ്യക്തികൾക്കെതിരായ അവഹേളനമാണ്. ഇങ്ങനെയാണ് തമാശകൾ ഉണ്ടാക്കുന്നതെങ്കിൽ അതിൻെറ അവസാനം എവിടെയാവും? സോഷ്യൽ മീ‍ഡിയ ഇൻഫ്ളുവൻസർമാർ ചെറിയ ഉത്തരവാദിത്വമെങ്കിലും കാണിക്കണം. ഇന്ന് ഡിസേബിൾഡ് വ്യക്തികളെയാണ് അധിക്ഷേപിച്ചത്. നാളെ അത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയുമൊക്കെ ആയിമാറാം. ഈ വിഷയത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണം. വ്യത്യസ്ത കാഴ്ച്ചപ്പാടുകളെല്ലാം പരിഗണിച്ച് വിശാലമായ അർത്ഥത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാക്കേണ്ടത്,” കോടതി പറഞ്ഞു.

 India's Got Latent അവതാരകൻ സമയ് റെയ്ന, വിപുൽ ഗോയൽ, ബൽരാജ് പരംജിത് സിംഗ് ഘായ്, സോണാലി തക്കർ, നിശാന്ത് ജഗദീഷ് തൻവാർ എന്നീ അഞ്ച് ഇൻഫ്ലുവൻസർമാർ നിരുപാധികം മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു.
India's Got Latent അവതാരകൻ സമയ് റെയ്ന, വിപുൽ ഗോയൽ, ബൽരാജ് പരംജിത് സിംഗ് ഘായ്, സോണാലി തക്കർ, നിശാന്ത് ജഗദീഷ് തൻവാർ എന്നീ അഞ്ച് ഇൻഫ്ലുവൻസർമാർ നിരുപാധികം മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഡിസബലിറ്റി നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ഈ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തണമെന്ന് CURE SMA Foundation-ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അപരാജിത സിങ് പറഞ്ഞു. “വിഷയം ജനങ്ങളിൽ കൂടുതൽ പ്രചരിപ്പിക്കാൻ അവർ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസ് ഉപയോഗപ്പെടുത്തട്ടെ. അതായിരിക്കും ഏറ്റവും നല്ല ക്ഷമാപണം,” അവർ പറഞ്ഞു. ‘Spinal Muscular Atrophy’ എന്ന ജനിതകബുദ്ധിമുട്ട് നേരിടുന്ന വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് CURE SMA Foundation. വിദ്വേഷ പ്രസംഗത്തിന് തുല്യമായ പരാമർശങ്ങളാണ് ഇൻഫ്ളുവൻസർമാർ നടത്തിയതെന്ന് സംഘടന പറഞ്ഞു. ഡിസേബിൾഡ് വ്യക്തികളെ അധിക്ഷേപിക്കുന്ന വീഡിയോകളും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇത് ഇൻഫ്ളുവൻസേഴ്സിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വിഷയമല്ല, ഡിസേബിൾഡ് വ്യക്തികളെ അപഹസിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന കണ്ടൻറുകൾ നിയന്ത്രിക്കുന്നതിന് ഐ.ടി നിയമങ്ങളിലും സിനിമാട്ടോഗ്രാഫ് നിയമത്തിലും വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മനുഷ്യരുടെ അന്തസ്സിനെ ഇകഴ്ത്തുന്ന തരത്തിലുള്ള കണ്ടൻറുകളെ നിയന്ത്രിക്കാൻ പര്യാപ്തമായ തരത്തിലുള്ള നിയമനിർമ്മാണം ആവശ്യമാണെന്ന കാര്യത്തിൽ സുപ്രീം കോടതിക്ക് സംശയമൊന്നുമില്ല. ഇനി മാർഗ്ഗനിർദ്ദേശങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും മുൻകൈ എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.


Summary: Supreme Court directed formulating comprehensive guidelines to regulate social media influencers content targeting persons with disabilities, women, children and elderly.


Comments