സൈബർ ലാത്തി

തൊപ്പിയെക്കാള്‍ കൊടിയ കൊടി കെട്ടിയ വേറെയും ഒരുപാട് ടീമുകള്‍ സൈബറിടം വഴി പറക്കുന്നുണ്ട്. കേരളത്തിലെ ലാത്തി കൊണ്ട് ഒന്ന് തൊടാന്‍ കൂടി കഴിയാത്തത്ര ആഗോള താപ്പാനകളോ വിര്‍ച്ച്വല്‍ അധോലോകരോ ആണവര്‍. തൊപ്പി ഒരു ചെറിയ മീനാണ്. കൂട്ടത്തില്‍ ഒതുക്കാന്‍ പറ്റുമെന്ന് തോന്നുന്ന ഒരു ചട്ടമ്പിയെ തിരഞ്ഞെടുത്ത്, ഒതുങ്ങാന്‍ സാധ്യതയില്ലാത്തവര്‍ക്കുകൂടി ഒരു ആന്തലുണ്ടാക്കും വിധം ഒരു ഒരുക്കാക്കുകയേ ഇപ്പോൾ ചെയ്യാനുള്ളൂ.

ലാത്തി സൈബറിടത്തിലേക്ക് കടന്നു വരുന്നതേയുള്ളൂ. ലാത്തിയുടെ സീന്‍ ഓടിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. സൈബറിടം ഉണ്ടായിവരുന്നത് വളരെ അടുത്ത കാലത്താണ്. മൊത്തം മനുഷ്യചരിത്രം എടുത്തുനോക്കിയാ, അത് വളരെ അടുത്ത കാലത്തെപ്പൊഴോ സംഭവിച്ചതണ്.

ശരിക്കും പറഞ്ഞാ, ലക്ഷക്കണക്കിന് ഐ.ടി തൊഴിലാളികള്‍ രാപ്പകലില്ലാതെ പണിയെടുത്ത് സൈബറിടങ്ങളുണ്ടാക്കിയെടുത്തുകൊണ്ടിരിക്കുകയാണ്. അതാതിടങ്ങളിലെ ഭരണകക്ഷികള്‍ തങ്ങളലാവും വിധം അതിന് രാഷ്ട്രീയനേതൃത്വം കൊടുക്കുന്നു. മലയാളക്കരയില്‍ കെ ഫോണായും മഹാഭാരതത്തില്‍ ഡിജിറ്റല്‍ ഇന്ത്യയായും അതിന്റെ നടപടികള്‍ പലമാതിരി പ്രത്യയശാസ്ത്ര നയപ്രഖ്യാപനങ്ങളായി നടന്നുപോരുന്നു. ആഗോളമായെടുത്താ, സംഗതി ഒരു ബാബേല്‍ ഗോപുരം പോലെ ബിബ്ലിക്കലായൊരു ദാര്‍ശനികഭാവത്തോടെ, ഈശ്വരനിഷേധപരമായൊരു മൂലധനവാശിയോടെ കെട്ടിനിരത്തപ്പെടുകയാണ്.

ലാത്തി ഒരു അനിവാര്യതയല്ല എന്ന് ലാത്തിയുടെ കഠിനവിമര്‍ശകര്‍ പോലും ഇപ്പോള്‍ പറഞ്ഞുകേള്‍ക്കാറില്ല. എവിടെയെങ്കിലുമിരുന്ന്​ ഏതെങ്കിലുമൊരു അരാജകവാദി അങ്ങനെ എന്തെങ്കിലും ഒരു ഇത് പറഞ്ഞാലും അത് കേള്‍ക്കാന്‍ കുറച്ചുപാടാണ്. മാനവികമൂല്യങ്ങള്‍ തോളിലെടുത്തുവെച്ച് കാവടിയാടുന്ന തരം വിചിത്രതരമായൊരു ഹൈപ്പോത്തെറ്റിക്കല്‍ ലാത്തിയെ കുറിച്ചുള്ള പ്രത്യാശാനിര്‍ഭരമായ ലിബറല്‍ ആശയവാദവും ‘പൊക്കടാ അവനെ വെക്കടാ വെടി’ നിലപാടിലോടുന്ന കനത്ത പ്രയോഗങ്ങളെ കുറിച്ചുള്ള ഘോരാട്ടഹാസനിലവിളികളുമായി ലാത്തിയെ കുറിച്ചുള്ള വര്‍ത്തമാനകാല ഒച്ചപ്പാടുകള്‍ പങ്കുവെച്ചുപോയിരിക്കുന്നു.

സൈബറിടം ഒരു ആഗോളപ്രതിഭാസമാണ്. ഒരു ആഗോളപ്രതിഭാസം ആയിരിക്കുന്നതാണ് അതിന്റെ പ്രസക്തിയും. അത് എല്ലാത്തരം കേരള പ്രദേശ് കമ്മറ്റികളെയും അതിന്റെ അതിശക്തമായ ഏകാത്മകത കൊണ്ട് അപ്രസക്തമായ ഫ്രാഞ്ചൈസികളാക്കി മാറ്റിക്കൊണ്ടിരിക്കയാണ്.

പാവം ലാത്തിയാവട്ടെ പ്രാചീനമായ ചില ആംഗലേയ കൊളോണിയല്‍ സങ്കല്പങ്ങള്‍ ഹൃദയത്തിലേറ്റി ജനാധിപത്യത്തിന്റെ ഏതോ ഓരത്തിലൂടെ മാര്‍ച്ച് ചെയ്യുകയാണ്, സൈബറിടം പോലെയുള്ള നവനിര്‍മ്മിതികള്‍ വഴിക്ക് ഒരു ദുര്യോധനനെ പോലെ മുണ്ടു പൊക്കിയും താഴ്ത്തി​യും ട്രയല്‍ ആന്‍ഡ് എറര്‍ മെതേഡിലൂടെ കാര്യങ്ങള്‍ മനസിലാക്കി വരികയാണ്, പിടി മുറുക്കാനുള്ള ഉപാധികള്‍ തേടുകയാണ്.

അതാതിടങ്ങളിലെ സൈനിക / ചാരവിഭാഗങ്ങള്‍ക്ക് ഇതേ പറ്റി നിഗൂഢമെങ്കിലും കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ദര്‍ശനമുണ്ടായിരിക്കും. ലാത്തിയെ സംബന്ധിച്ച് അത് പാടാണ്. കേരളത്തിലെ ലാത്തിക്ക് കേരളത്തിലെ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്. അതുപോലെ അവര്‍ക്ക് കേരളത്തിലെ കാര്യങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്യാനാവുന്നത്.

സൈബറിടം ഒരു ആഗോളപ്രതിഭാസമാണ്. ഒരു ആഗോളപ്രതിഭാസം ആയിരിക്കുന്നതാണ് അതിന്റെ പ്രസക്തിയും. അത് എല്ലാത്തരം കേരള പ്രദേശ് കമ്മറ്റികളെയും അതിന്റെ അതിശക്തമായ ഏകാത്മകത കൊണ്ട് അപ്രസക്തമായ ഫ്രാഞ്ചൈസികളാക്കി മാറ്റിക്കൊണ്ടിരിക്കയാണ്. ദേശീയത പോലും ഈ ഫ്രാഞ്ചൈസികളുടെ ഒരു ഹബ്ബ് മാത്രമായി ചുരുങ്ങികെട്ടിയാലും അത്ഭുതമില്ല. പക്ഷേ അതിന്റെ സമയം എന്തായാലും സമാഗതമായിട്ടില്ല തന്നെ.

തൊപ്പിയെക്കാള്‍ കൊടിയ കൊടി കെട്ടിയ വേറെയും ഒരുപാട് ടീമുകള്‍ സൈബറിടം വഴി പറക്കുന്നുണ്ട്. കേരളത്തിലെ ലാത്തി കൊണ്ട് ഒന്ന് തൊടാന്‍ കൂടി കഴിയാത്തത്ര ആഗോള താപ്പാനകളോ വിര്‍ച്ച്വല്‍ അധോലോകരോ ആണവര്‍. തൊപ്പി ഒരു ചെറിയ മീനാണ്. ishowspeed എന്ന യൂടൂബ് ചാനലിന്റെ ഒരു നാടന്‍ വെര്‍ഷന്‍ മാത്രമാണ് തൊപ്പിയെന്നും സൈബര്‍ ഇട ഗവേഷകര്‍ നിരീക്ഷിക്കുന്നു.

തൊപ്പിയും മറ്റേതൊരു വ്യക്തിയെയും കണക്ക് സെന്‍സേഷണലിസത്തിന്റെ ഒരു അക്ഷയഖനിയാണ്. സെന്‍സേഷണലിസം ഉണ്ടാക്കാന്‍ അറിയാവുന്നവര്‍ക്ക് ചുമ്മാ ഇരിക്കുന്നവരെ പോലും ഇരയാക്കി സ്റ്റോറികള്‍ ചെയ്യാനാവും. അതവരുടെ കഞ്ഞികുടി പ്രശ്‌നമാണ്. ലാത്തിയുടെ ലാക്ക് കുറച്ച് വ്യത്യസ്തമായിരിക്കണം. ഇന്ന് തുടങ്ങി നാളെ അടച്ചിട്ട് പോവാന്‍ കഴിയുന്ന മീഡിയാ സ്ഥാപനങ്ങളെ പോലെയാവാന്‍ ലാത്തിയെ കൊണ്ടാവില്ല. ലാത്തി ഭരണകൂടത്തിന്റെ ഭാഗമാണ്. ലാത്തി തിരുകി കൊടുത്താ പിന്നെ, എന്തും പറഞ്ഞു കളയുമെന്ന് വീമ്പിളക്കുന്ന മീഡിയയുടെ വായില്‍ നിന്നാണെങ്കിലും ഒരു വാക്ക് പിന്നെ പുറത്ത് വരത്തില്ല.

ishowspeed യൂട്യൂബ് വ്ലോഗര്‍ ഡാരന്‍ വാട്കിന്‍സ് ജൂനിയര്‍
ishowspeed യൂട്യൂബ് വ്ലോഗര്‍ ഡാരന്‍ വാട്കിന്‍സ് ജൂനിയര്‍

ലാത്തി സൈബര്‍ ഇടത്തിലേക്ക് കടന്നു വരുന്നതേയുള്ളൂ. പക്ഷേ ലാത്തിക്ക് വേറെ നിവൃത്തിയില്ല. സൈബര്‍ ലോകത്തെ അപ്പാടെ നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ക്കുപോലും പരിമിതികളുണ്ട്. ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്റര്‍നെറ്റിന്റെ വയറൂരിവിടുക മാത്രമാണ് ഭരണകൂടത്തിനുപോലും ചെയ്യാനാവുന്നത്. പക്ഷേ അത്തരം ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ വാണിജ്യപരമായ ക്രയവിക്രയങ്ങളെയും സര്‍ക്കാര്‍ സംവിധാനത്തെയും തന്നെ റദ്ദാക്കി കളയുക വഴി കോടികളുടെ നഷ്ടമാവും ഉണ്ടാക്കുന്നത്. ഇത് ഒഴിവാക്കേണ്ടതാണ് എന്ന് ഉത്പാദനവ്യവസ്ഥയില്‍ പങ്കാളികളായ എല്ലാവരും സമ്മതിക്കും. പക്ഷേ നിയന്ത്രണം വിട്ടെന്ന് തോന്നിയാ പിന്നെ, വയറൂരിവിടാനേ ഭരണകൂടങ്ങള്‍ക്കുകൂടി ചെയ്യാനാവൂ.

സൈബര്‍ ലാത്തി എന്ന പ്രത്യേക വിഭാഗത്തിന് വൈവിദ്ധ്യമാര്‍ന്ന ഒരു പാട് വിഷയങ്ങളുടെ കലത്തില്‍ മാറിമാറി തലയിടാനുണ്ട്. അന്യായമായ സാമ്പത്തിക കുറ്റങ്ങളാണ് സൈബറിടങ്ങളില്‍ നടമാടുന്നത്. മാനാഭിമാനവും സദാചാരവും ഭാഷാശുദ്ധിയും സംസ്‌കാരവും ഒക്കെ, പോയാലും പോയില്ല എന്ന് സ്വയം വിചാരിച്ചും വിശ്വസിപ്പിച്ചും മനുഷ്യര്‍ ജീവിക്കും. പണം അങ്ങനെയല്ല. ആളുകള്‍തുരുതുരാ കേസ് കൊടുക്കും.

കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്റര്‍നെറ്റിന്റെ വയറൂരിവിടുക മാത്രമാണ് ഭരണകൂടത്തിനുപോലും ചെയ്യാനാവുന്നത്.
കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്റര്‍നെറ്റിന്റെ വയറൂരിവിടുക മാത്രമാണ് ഭരണകൂടത്തിനുപോലും ചെയ്യാനാവുന്നത്.

അത്തരം ചോട്ടാ ചോട്ടാ സാമ്പത്തിക കുറ്റങ്ങള്‍ മുതല്‍ പല ഫ്ലേവറുകളിലുള്ള ഭീകരവാദങ്ങള്‍ വരെ സൈബര്‍ ലാത്തി കൈകാര്യം ചെയ്യുന്നുണ്ട്. അതിനിടയ്ക്കൂടി ഉണ്ടായിവരുന്ന ഇത്തരം സാംസ്‌കാരികപ്രശ്‌നങ്ങളില്‍ അവര്‍ക്ക് താല്‍പര്യം അവരുടെ പ്രാക്തനമായ പ്രശ്‌നപരിഹാരമാര്‍ഗ്ഗമാണ്. അതായത്, കൂട്ടത്തില്‍ ഒതുക്കാന്‍ പറ്റുമെന്ന് തോന്നുന്ന ഒരു ചട്ടമ്പിയെ തിരഞ്ഞെടുത്ത്, ഒതുങ്ങാന്‍ സാധ്യതയില്ലാത്തവര്‍ക്കുകൂടി ഒരു ആന്തലുണ്ടാക്കും വിധം ഒരു ഒരുക്കാക്കുക.

സൈബറിടങ്ങള്‍ കെട്ടിനിരത്തി തുടങ്ങിയതോടെ ദൃശ്യതയുടെ (സദാചാരത്തിന്റെയും) രാഷ്ട്രീയം തന്നെ ഒരു പാരഡൈം ഷിഫ്റ്റിലൂടെ കടന്നുപോയിരിക്കുന്നു. ഒരു നവസദാചാരലോകം പരുവപ്പെട്ടുവരുവോളം അതിന്റെ ഭാഗമായി കുറെ സംസാരങ്ങളും അടിപിടിയും ഒക്കെ ഉണ്ടായേ മതിയാവൂ.

ലാത്തി ഒരു പ്രശ്‌നത്തെയും സമഗ്രമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലാത്ത ഒരു നീണ്ട വടി മാത്രമാണ്. കാര്യഗൗരവം കിടക്കുന്നത് രാഷ്ട്രീയത്തിലാണ്. തൊപ്പി ഒരു പ്രശ്‌നമാണോ അല്ലിയോ എന്ന പ്രശ്‌നം തന്നെ വിഭിന്ന രാഷ്ട്രീയ പക്ഷക്കാര്‍ വ്യത്യസ്മായിട്ടായിരിക്കും കൈകാര്യം ചെയ്യുന്നത്. സൈബറിടങ്ങള്‍ കെട്ടിനിരത്തി തുടങ്ങിയതോടെ ദൃശ്യതയുടെ (സദാചാരത്തിന്റെയും) രാഷ്ട്രീയം തന്നെ ഒരു പാരഡൈം ഷിഫ്റ്റിലൂടെ കടന്നുപോയിരിക്കുന്നു. ഒരു നവസദാചാരലോകം പരുവപ്പെട്ടുവരുവോളം അതിന്റെ ഭാഗമായി കുറെ സംസാരങ്ങളും അടിപിടിയും ഒക്കെ ഉണ്ടായേ മതിയാവൂ. അങ്ങനെയൊരു ദിശയില്‍ നിന്നുനോക്കിയാല്‍ തൊപ്പിയെ പോലുള്ള ചെറിയ മീനുകള്‍ സെന്‍സേഷണല്‍ ട്രെന്‍ഡിങ്ങ് മോഡില്‍ നിന്നും നിമിത്തമാത്ര പ്രസക്തിയിലേക്ക് മാറിപ്പോവുന്നതും കാണാവുന്നതാണ്.

സെന്‍സേഷണലിസം ഉണ്ടാക്കാന്‍ അറിയാവുന്നവര്‍ക്ക് ചുമ്മാ ഇരിക്കുന്നവരെ പോലും ഇരയാക്കി സ്റ്റോറികള്‍ ചെയ്യാനാവും.
സെന്‍സേഷണലിസം ഉണ്ടാക്കാന്‍ അറിയാവുന്നവര്‍ക്ക് ചുമ്മാ ഇരിക്കുന്നവരെ പോലും ഇരയാക്കി സ്റ്റോറികള്‍ ചെയ്യാനാവും.

ലാത്തിക്ക് വേറെ നിവൃത്തിയില്ല. ഏറ്റവും പുതിയ ഉപകരണങ്ങള്‍ ലഭ്യമായാലും അവരുടെ അശ്വഹൃദയം പുരാതനമാണ്. അതിനെ സമഗ്രമായി മാറ്റിത്തീര്‍ക്കാന്‍ കെല്പുള്ള ഒരു ജനകീയരാഷ്ട്രീയം പരുവപ്പെടും വരെ അതങ്ങനെ തുടരുകയും ചെയ്യും. പൊക്കടാ അവനെ വെക്കടാ വെടി ലൈനിലേക്ക് കൂടുതല്‍ കൂടുതല്‍ ചായാതിരുന്നാല്‍ തന്നെ മഹാഭാഗ്യം.

രണ്ടനുബന്ധങ്ങള്‍:

ഒന്ന്. 2007- ല്‍ കരണ്‍ ഥാപ്പറിനുമുന്നില്‍ നിന്ന്​ ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച്​ ഇറങ്ങിപ്പോയ നരേന്ദ്ര മോദി, കരണ്‍ ഥാപ്പര്‍ പ്രതിനിധീകരിക്കുന്ന തരം മീഡിയയെ അപ്പാടെ അപ്രസക്തമാക്കി, ആഗോളതലത്തില്‍ തന്നെ സമര്‍ത്ഥമായ രാഷ്ട്രീയപ്രചാരണം അഴിച്ചുവിട്ട് അധികാരത്തിലെത്തുമ്പോള്‍, അതിനുവേണ്ടി ഉപയോഗിച്ച സൈബറിടങ്ങള്‍ ഇന്നത്തെ അപേക്ഷിച്ച് എത്രയോ ചെറുതായിരുന്നു. എന്നിട്ടും അതിന്റെ പ്രഹരശേഷി എത്രയോ വലുതായിരുന്നു. അതുകൊണ്ട് ലാത്തിയെ പോലെ രാഷ്ട്രീയവും സൈബര്‍ ഇടത്തിലേക്ക് കടന്നുവരുന്നതേയുള്ളൂ എന്നുപറയുന്നതിലേക്ക് വഴുതിവീഴരുതാത്തതാണ്.

കരണ്‍ ഥാപറും മോദിയുമായുള്ള 2007-ലെ ഇന്റര്‍വ്യൂയില്‍ നിന്ന്
കരണ്‍ ഥാപറും മോദിയുമായുള്ള 2007-ലെ ഇന്റര്‍വ്യൂയില്‍ നിന്ന്

രണ്ട്. സൈബറിടങ്ങള്‍ എന്തോ എഡിറ്റര്‍മാരില്ലാത്ത വാഗ്ദത്തഭൂമിയാണെന്ന മിഥ്യാധാരണ കുറച്ചധികം എഴുത്തുകാര്‍ക്കിടയിലും സജീവമായിരുന്നു. അവര്‍ ചേരിതിരിഞ്ഞ് കുറെ തമ്മില്‍ തല്ലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എഴുത്തച്ഛന്റെ യുദ്ധകാണ്ഡഭാഗങ്ങള്‍ എടുത്ത് കോപ്പി പോസ്റ്റ് ചെയ്താലും അത് വയലന്‍സ് കണ്ടന്റാണ് എന്ന് പറഞ്ഞ് റെസ്ട്രിക്റ്റ് ചെയ്യപ്പെടാം. അതേസമയം, ആഗോളാനന്തര ഗാലക്‌സി വയലന്‍സുകള്‍ കൊണ്ടാടുന്ന മാര്‍വല്‍ ഭാവനകള്‍ ഇതേ സൈബര്‍ മീഡിയകള്‍ വഴി വിറ്റുപോവുകയും ചെയ്യുന്നു. സൈബറിടങ്ങള്‍ക്ക് സ്വയം സിദ്ധമായൊരു ലാത്തി കൂടിയുണ്ടെന്ന് സാരം. ആരെ കടത്തിവിടണം എന്ന് നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള എ ഐ സംവിധാനങ്ങളുമുണ്ട്. അതിന്റെ വാണിജ്യബുദ്ധി സവിശേഷമാണ്. അഥവാ യുദ്ധകാണ്ഡഭാഗങ്ങള്‍ റെസ്ട്രിക്റ്റ് ചെയ്യപ്പെട്ടാലും രാമയണം കിളിപ്പാട്ട് വില കൊടുത്ത് വാങ്ങാനുള്ള വാണിജ്യലിങ്കുകള്‍ അവിടെ ലഭ്യമാവും എന്നാണ് പറഞ്ഞുവരുന്നത്.

Comments