സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയാ കൃഷ്ണ തന്റെ കുടുംബാംഗങ്ങളുടെ സാമീപ്യത്തിൽ പ്രസവിക്കുന്നതിന്റെ, ആശുപത്രിയിൽ നിന്നുള്ള വീഡിയോ അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. പ്രസവിച്ചതിന്റെ പിറ്റേ ദിവസം ദിയാ കൃഷ്ണ തന്റെ യുട്യൂബ് ചാനൽ വഴി പുറത്തുവിട്ട ഈ വീഡിയോ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ കണ്ടിരിക്കുന്നത് എൺപത്തിയെട്ടു ലക്ഷത്തിത്തിലധികം പേരാണ്. ‘മമ്മി വ്‌ളോഗ്‌സ്’ എന്നു വിളിക്കുന്ന, മാതൃത്വസംബന്ധമായ കോണ്ടന്റുകൾ നിർമിക്കുന്ന സ്ത്രീകളുടെ ഓൺലൈൻ ചാനലുകൾ, വിദേശ രാജ്യങ്ങളിൽ വളരെയധികം പ്രസിദ്ധവും ജനകീയവുമാണെങ്കിലും മലയാളി കാഴ്ചക്കാർക്കിടയിൽ ആദ്യമായി ഗർഭധാരണവും പ്രസവ സംബന്ധവുമായ വീഡിയോകൾ വൈറലായതും ചർച്ചയായതും നടിയും അവതാരകയും മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയുമായ പേളി മാണിയുടെ യുട്യൂബ് ചാനൽ വ്‌ളോഗുകൾ വഴിയാണ്. നാല്പത്തി രണ്ടു ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള അവരുടെ ചാനലിൽ തന്റെ ആദ്യ പ്രസവത്തിന്റെ വീഡിയോയ്ക്ക് തൊണ്ണൂറ്റി അഞ്ചു ലക്ഷമാണ് വ്യൂസ്. മമ്മി വ്‌ളോഗ്‌സ് എന്ന ഒരൊറ്റ ഫോർമാറ്റിലല്ലെങ്കിലും ഇന്ന് മാതൃത്വവും പേരന്റിങ്ങും ഇന്ത്യൻ സ്ത്രീകളുടെയും കുടുംബങ്ങളുടേയും വ്‌ളോഗുകളിൽ സർവസാധാരണമാണ്. അതിൽ തന്നെ പ്രസവം, കുഞ്ഞിന്റെ ജനനം തുടങ്ങിയവ മലയാളം വ്ളോഗുകളിൽ ഏറ്റവും കൂടുതൽ വ്യൂവർഷിപ് നേടുന്നവയുമാണ്.
സ്ത്രീകളും മാതൃത്വവും വ്‌ളോഗിങ്ങും
വീഡിയോ ബ്ലോഗിങ്ങ് അഥവാ വ്‌ളോഗിങ്ങ് ഇന്ന് ഒരു ക്രിയാത്മക ആവിഷ്കാരം എന്നതിലുപരി ഒരുപാട് പേർക്ക് ജോലിയും വരുമാന മാർഗവുമാണ്. കോവിഡ് ലോക്ക്ഡൗൺ സമയത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ വ്‌ളോഗിങ്ങ് സംപ്രേക്ഷകരും കാഴ്ചക്കാരുമുണ്ടാകുന്നത്. യൂട്യൂബ് എന്ന ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ സ്വന്തമായി ഒരു ചാനൽ തുടങ്ങി, അത് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ച്, പ്രൊഫഷണൽ കോണ്ടന്റുകൾ മുതൽ കുടുംബങ്ങളും കുഞ്ഞുങ്ങളുമടക്കം കോണ്ടന്റുകളാകുന്ന വ്‌ളോഗുകൾ വരെ സംപ്രേക്ഷണം ചെയ്യുന്ന നിരവധി പേരുണ്ട്. ഇതിൽ 100K, മില്യൺ കണക്കിനുള്ള വ്യൂസും, സമാന അളവിലുള്ള സബ്സ്ക്രൈബേഴ്‌സും ലൈക്‌സും ഷെയറുമൊക്കെ മാസം ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് അത്തരം ചാനലുകൾക്ക് നേടി കൊടുക്കുന്നത്. തൊഴിലില്ലായ്മ കൊണ്ട് വ്‌ളോഗിങ്ങ് തുടങ്ങിയവരും, വ്‌ളോഗിങ്ങ് വൻ വിജയമായി തൊഴിൽ ഉപേക്ഷിച്ചവരും, വ്‌ളോഗിങ്ങിലൂടെ പ്രശസ്തരായി മറ്റു തൊഴിൽ മേഖലകളിൽ (സിനിമ, മോഡലിംഗ്, ആങ്കറിങ് തുടങ്ങിയവ) അവസരം ലഭിച്ചവരുമുണ്ട്. ഇതിൽ തന്നെ സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.

നിരവധി സ്ത്രീകളാണ് പാചകം, കുടുംബം, സൗന്ദര്യ സംരക്ഷണം, യാത്ര, ജീവിതരീതി തുടങ്ങിയ കോണ്ടന്റുകൾ നിർമിക്കുന്ന ചാനലുകൾക്ക് പിറകിൽ. അവർ അതിലൂടെ മറ്റ് പല മേഖലകളിലും സംരംഭകരാകുന്നതും കാണാം. അടുത്തിടെയായി കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീ വ്‌ളോഗറുകൾക്ക് ഏറ്റവും അധികം വ്യൂസും സബ്സ്ക്രൈബേഴ്‌സും ലഭിക്കുന്നത് വിവാഹം, ഗർഭധാരണം, മാതൃത്വം തുടങ്ങിയ കോണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുമ്പോഴാണെന്ന് കാണാം. ഈ മമ്മി വ്‌ളോഗിങ്ങിന് സ്ഥിരം പ്രേക്ഷകരുണ്ടെന്നതു മാത്രമല്ല അതിൽ പലരും കോണ്ടന്റാകുന്ന കുഞ്ഞുങ്ങളുടെ ആരാധകരും കൂടിയാണ്.
പല സെലിബ്രിറ്റികളും തങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വകാര്യതയെ മാനിച്ച് ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്‌സിന്റെ മക്കൾ സെലിബ്രിറ്റികളായി ജനിക്കുകയും ഗർഭം ധരിക്കപ്പെട്ടതുമുതൽ അവരുടെ ജനനം, മതപരമായ ആചാരങ്ങൾ, ആഘോഷങ്ങൾ, നാഴികക്കല്ലുകൾ, പിറന്നാൾ എന്നിവ കുറേ കാലത്തേക്കുള്ള ചാനൽ കോണ്ടന്റും അതുവഴി മാതാപിതാക്കൾക്ക് പ്രശസ്തിയും വരുമാനവുമാകാറുണ്ട്. ചിലർ കുഞ്ഞുങ്ങളുടെ പേരിൽ പ്രത്യേകം ചാനൽ തുടങ്ങും. ജനിച്ച് ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുൻപേ സ്വന്തമായി ചാനലുണ്ടായ കുഞ്ഞും കേരളത്തിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വെരിഫൈഡ് യൂട്യൂബർ ആയ ഈ കുട്ടിക്ക് ജനിച്ചു ഇരുപത്തി രണ്ടു ദിവസം തികയുമ്പോൾ തന്നെ സബ്‌സ്‌ക്രൈബേർസ് ഒരു ലക്ഷം കഴിഞ്ഞു.
കുഞ്ഞുങ്ങളുടെ സ്വകാര്യത എന്നത്, ഓൺലൈനിൽ ആകട്ടെ ഓഫ്‌ലൈനിൽ ആകട്ടെ, ഇന്നും മാതാപിതാക്കളുടെ താത്പര്യമനുസരിച്ചാണ്. അതിന്റെ നൈതികതയും പരിണിതഫലങ്ങളുമൊന്നും പലർക്കും വിഷയമല്ല. കുഞ്ഞുങ്ങളുടെ ഏറ്റവും Vulnerable ആയ നിമിഷങ്ങൾ, വാശികൾ, അവരുടെ ദൗർബല്യങ്ങൾ, പരാതികൾ തുടങ്ങിയവ തമാശയുടെ അകമ്പടിയോടെ ഷെയർ ചെയ്യപ്പെടുമ്പോൾ അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ കളിയാക്കലായും നാണക്കേടായും എത്രത്തോളം പിൻതുടരുമെന്നത് ആശങ്കാജനകമാണ്. മെന്റൽ വെൽബീയിങ് വ്‌ളോഗർ ആയ അശ്വതി ശ്രീകാന്ത് കഴിഞ്ഞ ദിവസം ഈ ആശങ്ക പങ്കു വച്ച് അവതരിപ്പിച്ച ഒരു വീഡിയോയെ പലരും വളച്ചൊടിക്കുകയുണ്ടായി. വ്‌ളോഗർ മാതാപിതാക്കളുടെ ഉൾക്കാഴ്ച പലപ്പോഴും കുഞ്ഞിനെ കൊണ്ടുണ്ടാക്കുന്ന പ്രശസ്തിയും വരുമാനവും കുഞ്ഞിന്റെ ഭാവിക്ക് നല്ലതാണല്ലോയെന്നു ചിന്തിക്കുന്നതിൽ ഒതുങ്ങി പോകുന്നുവെന്നത് ദൗർഭാഗ്യകരമാണ്. "കുഞ്ഞിനെ മിസ്സ് ചെയ്യുന്നു. പതിവായി വീഡിയോ ചെയ്യൂ" എന്ന് അഭ്യർത്ഥിക്കുന്ന ഒരുപാട് അപരിചിതർ ഇത്തരം വ്‌ളോഗുകളുടെ കമന്റ് സെക്ഷനിൽ ഒരു പതിവ് കാഴ്ചയാണ്!
കോണ്ടന്റിന്റെ കാണാപ്പുറം
മമ്മി വ്‌ളോഗ്സ് ഒരുപാട് സ്ത്രീകൾക്ക് ജോലിയും വരുമാനവുമാകുന്നുവെന്നു മാത്രമല്ല അവർ സോഷ്യൽ മീഡിയ സമൂഹത്തിൽ പരിചിത മുഖങ്ങളും ഇൻഫ്ളുവൻസേഴ്‌സുമായി മാറുകയുമാണ്. സ്വന്തം ഫോണിൽ വീഡിയോ എടുത്ത് സ്വന്തമായി എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നവർ മുതൽ സ്വന്തം ഓഫീസും പ്രൊഡക്ഷൻ ഹൗസും ജീവനക്കാരുമൊക്കെയായി പടർന്നു പന്തലിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട്. അതൊരു തരത്തിൽ സ്ത്രീ ശാക്തീകരണം തന്നെയാണ്. എന്നാൽ അവരുണ്ടാക്കുന്ന കോണ്ടൻറ് പലപ്പോഴും ഇതിനു വിരുദ്ധമാകാം. വികസിത രാജ്യങ്ങളിലെ ട്രാഡ് വൈഫ് ട്രെൻഡ് ഇതിനുദാഹരണമാണ്.
ട്രാഡ് വൈഫ് (ട്രഡീഷണൽ ഭാര്യ) കോണ്ടന്റുകളിൽ പുരുഷൻ പുറംകാര്യങ്ങൾ നോക്കുന്ന വരുമാനമുള്ള കുടുംബനാഥനും സ്ത്രീ വീട്ടുപണിയും പാചകവും കുറെയേറെ കുഞ്ഞുങ്ങളെ പരിപാലിക്കലുമായി ജീവിക്കുന്ന വീട്ടമ്മയുമായി, മതവിശ്വാസമുള്ള, വളരെ വ്യതിരിക്തമായ ലിംഗവിഭജനം നിലനിൽക്കുന്ന കുടുംബങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് കാണാം. മറ്റു ചിലർ, ഇതിനെ തന്റെ ചോയിസ് ആയി നിർവ്വചിച്ച്, ‘സ്റ്റേ-അറ്റ്-ഹോം മോം’ എന്ന വാക്കുപയോഗിച്ച് ഇതേ കോണ്ടൻറ് കുറച്ചുകൂടി പുരോഗമനപരമായി അവതരിപ്പിക്കുന്നു. കേരളത്തിലും പരമ്പരാഗത സ്ത്രീ-സങ്കല്പത്തിലൂന്നി നിന്നു കൊണ്ട് പലരും സ്വയം അവതരിപ്പിക്കുന്നത് കാഴ്ചക്കാരെ ആകർഷിക്കാനും അവരിലൊരാൾ എന്ന് തോന്നിപ്പിക്കാനുമാകാം. ഒരു ഇരുപത്തിനാലു മണിക്കൂർ-വീട്ടമ്മയായി സ്വയം അവരോധിച്ചവർ പോലും ഈ അവതരണം തന്നെ ഒരു ജോലിയാണെന്നും അതിനു വരുമാനം കിട്ടുന്നുണ്ടെന്നും ഭാവിക്കുന്നില്ല.
മാതൃത്വവും ശിശുപരിചരണവും വളരെയധികം കാല്പനികവൽക്കരിച്ച് അത് സ്ത്രീകളുടെ പ്രാഥമിക ലക്ഷ്യമായി അവതരിപ്പിക്കുന്നവരുള്ളപ്പോൾ തന്നെ, അതിനു പിന്നിലെ ശാരീരിക, മാനസിക, വൈകാരിക അധ്വാനത്തെ വിശദീകരിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സപ്പോർട്ട് എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് കാണികൾക്ക് ഇൻഫൊർമേറ്റീവ് ആക്കുന്നവരുമുണ്ടെന്നുള്ളത് മറക്കുന്നില്ല. ഗർഭകാലത്തിലെ മാറ്റങ്ങൾ, പോസ്റ്റ്പാർട്ടം ഡിപ്രഷൻ, അമ്മയുടേയും കുഞ്ഞിന്റെയും മാനസികാവസ്ഥ, ജന്റിൽ പേരന്റിങ് മുതലായ വളരെ വിദ്യാഭ്യാസപരമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നവരിലൂടെ ഇത്തരം വിഷയങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സോഷ്യൽ മീഡിയയിൽ നിരവധി ആരോഗ്യകരമായ ചർച്ചകൾക്ക് കാരണമായി എന്നതും വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. അപ്പോഴും എണ്ണത്തിൽ പലപ്പോഴും കൂടുതൽ, കോണ്ടന്റുകൾ സെൻസേഷണൽ ആക്കാൻ ഉദ്ദേശിച്ച് മനപ്പൂർവം നെഗറ്റീവ് ആക്കുന്നവരും കടുത്ത സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നവരും വൈറൽ ആവാൻ വേണ്ടി വിവാദങ്ങൾ ഉണ്ടാക്കി സ്വകാര്യതയുടെ എല്ലാ അതിർവരമ്പുകളും ഭേദിക്കുന്നവരുമാണെന്നു കാണാം.

അതേ സമയം തന്നെ, മാതൃത്വം ജീവിതത്തിന്റെ അവസാനമല്ലെന്നു തെളിയിക്കുന്ന, എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും സ്വന്തം സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും നേടിയെടുക്കാൻ കഴിയുമെന്ന് പ്രചോദിപ്പിക്കുന്ന ചില (പുറം)ജോലിക്കാരായ അമ്മമാർ പോലും, ഒരു ട്രപ്പീസ് കളി പോലെ ശ്രദ്ധാപൂർവം ബാലൻസ് ചെയ്ത്, ഇരുപത്തിനാലു മണിക്കൂറും പണിയെടുത്തു മാത്രം സാധിക്കേണ്ട എന്തോ ഒന്നാണ് സന്തോഷവും സംതൃപ്തിയും ശാക്തീകരണവും എന്ന് പറയാതെ പറഞ്ഞു വെയ്ക്കുന്നു. വെളുപ്പിനേ ഉണർന്ന് മേക്കപ്പിട്ട് ഒരുങ്ങി ശരീര സൗന്ദര്യ സംരക്ഷണം നടത്തി, വീട്ടിലെ എല്ലാ പണികളും ചെയ്യുന്ന, എല്ലാവർക്കും ഇമോഷണലി അവൈലബിൾ ആകുന്ന, പുറത്തെ പണികൾ ചെയ്ത് പണം സമ്പാദിക്കുന്ന, യാത്ര പോകുന്ന നിയോ ലിബറൽ സ്ത്രീയാവാൻ ഒരു സൂപ്പർവുമൺ-മോഡൽ അവർ പ്രേക്ഷകരിൽ എത്തിക്കുന്നു. സ്വന്തം ജീവിതത്തിലേക്ക് നോക്കി “എന്നെ കൊണ്ട് ഇതിനൊന്നും പറ്റുന്നില്ലല്ലോ” എന്ന് നെടുവീർപ്പിടുന്ന സ്ത്രീപ്രേക്ഷകർ ഇതിൽ എത്ര പെയ്ഡ് പ്രൊമോഷൻ അടങ്ങിയിരിക്കുന്നു എന്ന് പോലും പലപ്പോഴും മനസിലാക്കുന്നില്ല. വീട്ടുപണി ചെയ്യുന്നത് കോണ്ടന്റായിട്ടുള്ള വീഡിയോയിലെ പെയ്ഡ് പ്രൊമോഷൻ മിക്കപ്പോഴും സൗന്ദര്യവർധക ഉത്പന്നങ്ങളുടേതാണെന്നതാണ് ഇതിലെ തമാശ!
ഒരു കോണ്ടന്റ് തീരുമാനിച്ച്, അതിൽ എന്തൊക്കെ ഉൾപ്പെടണമെന്നും വേണ്ടെന്നും തിരുത്തി, ക്യാമറ ഓരോ സീനിനും അതിന്റെ സൗന്ദര്യപരതക്കനുസരിച്ച് സെറ്റ് ചെയ്ത്, എടുത്ത വീഡിയോ എഡിറ്റ് ചെയ്ത്, വോയിസ് ഓവർ അല്ലെങ്കിൽ മ്യൂസിക് കൊടുത്ത് “നിർമിക്കുന്ന” ഒരു ഉത്പന്നമായി അതിനെ കാണാനാവാതെ പച്ചയായ ജീവിതമായി തെറ്റിദ്ധരിച്ച്, അതു പ്രചരിപ്പിക്കുന്ന മൂല്യം കാണികൾ വലിയ തോതിൽ സ്വാംശീകരിക്കുന്നുണ്ട്. 'എ ഡേ ഇൻ മൈ ലൈഫ്' സ്റ്റൈലിലുള്ള വീഡിയോകൾ ഉദാഹരണമാണ്. വെളുപ്പിനെ നാലു മണിക്കെഴുന്നേൽക്കുന്ന സ്ത്രീക്കൊപ്പം മറ്റൊരാൾ കൂടി എഴുന്നേറ്റ് ക്യാമറ ചലിപ്പിക്കുന്നുണ്ട്. ലൈറ്റ് മേക്കപ്പിട്ട് റെഡിയായ അവർ ആ ക്യാമറക്കു വേണ്ടി ഒന്ന് കൂടി ഉണരുന്നുണ്ട്. തലേ ദിവസം തന്നെ വീട് വൃത്തിയാക്കി, അടുക്കള തയാറാക്കി പച്ചക്കറികൾ അരിഞ്ഞു വെച്ചിട്ടുണ്ടാകും. അത് ചെയ്ത് കൊടുക്കാൻ ചിലപ്പോൾ അവർക്ക് മറ്റു വീട്ടംഗങ്ങളുണ്ടാവും, പണിക്കാരുണ്ടാകും, ചിലപ്പോൾ ഒരു ടീം തന്നെ ഉണ്ടാവും. ഷൂട്ട് സമയം അവരുടെ കുട്ടികളെ നോക്കാൻ ആളുണ്ടാകും. ഓരോ ഷോട്ടിനും ഇടയിൽ അവർ ബ്രേക്ക് എടുത്ത് അതുവരെ ഷൂട്ട് ചെയ്തത് നോക്കി ശരിയാവാത്ത ഭാഗങ്ങൾ ഒന്ന് കൂടി ആവർത്തിക്കുന്നുണ്ടാവും. പല തവണ വസ്ത്രം മാറുന്നുണ്ടാവും. സെൽഫ് ഷൂട്ട് ചെയ്യുന്നവർ പോലും അങ്ങനെ തന്നെയാണ്. ക്യാമറയുടെ ആംഗിളുകൾ മാറുന്നുണ്ട്. എന്നാൽ നമ്മൾ അവരെ നേരിട്ടു കണ്ടുകൊണ്ടിരിക്കുകയാണ് എന്നൊരു മേക്ക്-ബിലീഫ് ആണ് അവർ ഉണ്ടാക്കിയെടുക്കുന്നത്.

സോഷ്യൽ മീഡിയ കോണ്ടന്റ് എന്നത് അടിസ്ഥാനമായി നമ്മൾ എന്ന പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഒരു ഉല്പന്നമാണ്. അതിൽ ആര് എന്ത് ചെയ്യുന്നു, നമ്മൾ എന്ത് 'കാണണം' 'കാണണ്ട' മുതലായ സ്ഥാപിത താത്പര്യങ്ങൾ ഉണ്ട്, പരസ്യവും പ്രൊമോഷനും വഴിയുള്ള സാമ്പത്തിക താത്പര്യങ്ങൾ ഉണ്ട്, സംപ്രേക്ഷണം ചെയ്യുന്നവർ അവരുടെ ഇമേജ് എങ്ങനെ സൃഷ്ടിക്കപ്പെടണം എന്ന് തീരുമാനിക്കുന്നുണ്ട്, വീഡിയോയുടെ തമ്പ്നെയിലും ക്യാപ്‌ഷനും എങ്ങനെ ചെയ്‌താൽ വ്യൂവർഷിപ് കൂട്ടാം എന്ന് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലെ ട്രാഡ് വൈഫും, സ്റ്റേ-അറ്റ് -ഹോം അമ്മമാരും, സ്വന്തമായി കൃഷി ചെയ്ത് സ്വയം വിളവ് നടത്തി അമ്മിക്കല്ലിലും അരകല്ലിലും വിറകടുപ്പിലും സ്വയം പാചകം ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്ന പ്രകൃതി ജീവിതങ്ങളുമെല്ലാം അവരെന്ന കോണ്ടന്റിനെ നമുക്ക് വിൽക്കുന്ന ഒന്നാം തരം മുതലാളിമാരാണ്.
ശരിയായ വിവരത്തിൽ നിന്ന് ശ്രദ്ധതിരിക്കലിലേക്ക് സഞ്ചരിക്കുന്ന ഈ സത്യാനന്തര കാലത്ത്, വേണ്ടതിനെ ഉൾക്കൊള്ളാനും വേണ്ടാത്തതിനെ തള്ളിക്കളയാനുമുള്ള തേജ്യ-ഗ്രാഹ്യ ബുദ്ധിയോടെ സമീപിച്ചാൽ, ഈ റീൽ-റിയൽ വ്യത്യാസം മനസിലാക്കിക്കൊണ്ടു തന്നെ നമുക്ക് കാഴ്ചക്കാരായിരിക്കാം. അപ്പോഴാണ്, കൂടുതൽ ക്രിയാത്മകമായ കോണ്ടന്റുകൾ നമുക്ക് മുൻപിൽ അവതരിപ്പിക്കാൻ വ്‌ളോഗർമാരും നിർബന്ധിതരാകുക.

