പൗരസമൂഹം തിരിച്ചറിയുന്നുണ്ടോ, ജനാധിപത്യത്തിന്റെ വെളിച്ചമാണ് കെട്ടുപോകുന്നത്

എഴുത്തുകാരുടെ ഭാവനയും ഭരണകൂടത്തിന്റെ ഭാവനയും ഒരേ തരംഗദൈർഘ്യത്തിലാവണമെന്ന് ശഠിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്, ട്രൂകോപ്പി തിങ്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ചതിലൂടെ പുറത്തുവരുന്നത്.

നാം ജീവിച്ചിരിക്കുന്നത് ഒരുതരം ‘കാഫ്കേസ്കിയൻ’ കാലഘട്ടത്തിലാണെന്നു പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. വിചിത്രവും ഭയാജനകവും നിഗൂഢവുമായ ലോകത്തെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കാനാവുക? കാഫ്കയുടെ കഥാപാത്രം, ജോസഫ് കെ (ദ ട്രയൽ), ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നതെങ്കിൽ, ചെയ്യുന്നതെല്ലാം കുറ്റമായി ഭവിക്കുന്ന രാഷ്ട്രീയ പരിസരത്തിലാണ് നാം ജീവിക്കുന്നത്. ട്രൂകോപ്പി തിങ്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും എഴുതിയത്.

എഴുത്തുകാരുടെ ഭാവനയും ഭരണകൂടത്തിന്റെ ഭാവനയും ഒരേ തരംഗദൈർഘ്യത്തിലാവണമെന്ന് ശഠിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. പൊലിസ് സ്‌റ്റേറ്റിനെ പോലെ വാക്കിനെ ‘മതിയ്ക്കുന്ന’ മറ്റൊന്നുമില്ലെന്ന് ഇറ്റാലോ കാൽവിനോയുടെ നിരീക്ഷണം അർഥവത്തായിത്തീർന്നിരിക്കുന്നു.

Screenshot from Truecopy Think’s New Instagram Handle
Screenshot from Truecopy Think’s New Instagram Handle

ജനങ്ങൾ ഭരണകൂടത്തെ സൃഷ്ടിക്കുന്നതാണ് ജനാധിപത്യത്തിന്റെ പതിവുരീതിയെങ്കിലും വർത്തമാനകാലത്ത് അത് തലകീഴായി നിൽക്കുന്നു. ഭരണകൂടം ജാതിയും മതവുമൊക്കെ തരാതരം പോലെ ഉപയോഗിച്ച് ഒരു പുതിയ ‘ജനത’യെ, അവരുടെ വരുതിക്കുനിൽക്കുന്ന ഒന്നിനെ, വാർത്തെടുക്കാൻ തുനിയുന്നു. വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച (1904) പ്രശസ്ത റഷ്യൻ ഭിഷഗ്വരൻ ഇവാൻ പാവ്‌ലോവും വി.ഐ. ലെനിനും തമ്മിൽ 1919-ൽ നടന്ന സംഭാഷണം ഇത്തരുണത്തിൽ ഓർമ വരുന്നു. വിപ്ലവാനന്തര റഷ്യൻ രാഷ്ട്രീയ സാഹചര്യത്തിനിണങ്ങുംവിധം മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്താനുള്ള മാർഗമാണ് ലെനിൻ പാവ്ലോവിനോട് അന്വേഷിക്കുന്നത്

പാവ്‌ലോവ്: റഷ്യൻ ജനതയെ എങ്ങനെ സ്റ്റാൻഡേർഡൈസ് ചെയ്യാമെന്നാണോ ഇതുകൊണ്ട് താങ്കൾ അർഥമാക്കുന്നത്?
ലെനിൻ: അതെ, തീർച്ചയായും... അതാണ് എനിക്ക് വേണ്ടത്... താങ്കൾ താങ്കളുടെ പഠനങ്ങളിലൂടെ അതിന് ഞങ്ങളെ സഹായിക്കണം
(Joel E. Dimsdale, Dark Persuasion:A History of Brainwashing from Pavlov to Social Media).

ഇതാണ് നമ്മുടെ ഭരണകൂടവും ശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി ചുരുക്കിച്ചുരുക്കി ഭരണകൂടത്തെ അനുസരിക്കുന്നതിനുള്ള ഉത്തരവാദിത്തമായി അവർ അതിനെ മാറ്റി തീർത്തുകൊണ്ടിരിക്കുന്നു. ‘ഞാനില്ലയെങ്കിൽ നീ വെറും കരിക്കട്ട’ എന്ന് അയ്യപ്പപ്പണിക്കരുടെ രാധ കൃഷ്ണനോട് പറയുന്നതിന്റെ (ഗോപികാദണ്ഡകം) വിരുദ്ധോക്തി. ഭരണാധികാരികളെ പരമാധികാരികളും ജനങ്ങളെ അവരുടെ സിൽബന്ധികളുമാക്കുന്ന രാഷ്ട്രീയമാണ് അരങ്ങുതകർക്കുന്നത്. ഭരണകൂടങ്ങൾ മാധ്യമങ്ങളെ മടുത്തുതുടങ്ങി എങ്കിൽ അതിന്റെ അർഥം ജനാധിപത്യത്തെ മടുത്തുതുടങ്ങി എന്നു കൂടിയാണ്. ഇതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ഇന്ത്യ: സ്വാതന്ത്ര്യത്തിന്റെ അളവുകോൽ

  • ഇൻറർനെറ്റ് സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 2023-ൽ 70 രാജ്യങ്ങളുടെ പട്ടികയിൽ 50-ാം സ്ഥാനത്ത്.

  • മാധ്യമ സ്വാതന്ത്ര്യത്തിൽ 2023-ൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 161ാം സ്ഥാനത്ത്.

  • ജനാധിപത്യ സൂചികയിൽ 2023-ൽ 202 രാജ്യങ്ങളുടെ പട്ടികയിൽ 108-ാം സ്ഥാനത്ത്.

2017 മുതൽ 2020 വരെയുള്ള നാലു വർഷം ഇന്ത്യൻ ഭരണകൂടം 17,636 യു.ആർ.എൽ / അക്കൗണ്ടുകൾ / വെബ് പേജുകൾ ബ്ലോക്ക് ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് (Parakala Prabhakar, The Crooked Timber of New India: Essays on a Republic in Crisis). ഇതിൽ 1,717 ഉത്തരവുകൾ ഫെയ്സ്ബുക്കിനും 2,731 ഉത്തരവുകൾ ട്വിറ്ററിനും അയച്ചുകൊടുത്തു എന്ന് പരകാല പ്രഭാകർ പറയുന്നു.

ഇതിനോടൊപ്പം പ്രാധാന്യമർഹിക്കുന്ന മറ്റൊരു പഠനം കൂടി കഴിഞ്ഞവർഷം പുറത്തു വന്നു: Indian Media: Trends and Pattern, Report by Lokniti. രാജ്യത്തുടനീളമുള്ള അച്ചടി, ദൃശ്യ മാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രവർത്തിച്ചിരുന്ന 206 മാധ്യമപ്രർത്തകരുമായി അഭിമുഖം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ നമ്മുടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം വെളിപ്പെടുത്തുന്നു. അഭിമുഖത്തിൽ പങ്കെടുത്തവരിൽ 82 ശതമാനവും തങ്ങൾ പ്രവർത്തിയെടുക്കുന്ന സ്ഥാപനങ്ങൾ ബി.ജെ.പിയെ അനുകൂലിക്കുന്നവയാണെന്നും, 80 ശതമാനം പേർ മാധ്യമങ്ങൾ പൊതുവെ നരേന്ദ്ര മോദിക്ക് അനുകൂലമായാണ് വാർത്തകൾ കൊടുക്കുന്നതെന്നും, 61 ശതമാനം പേർ പ്രതിപക്ഷകക്ഷികളെ കുറിച്ചുള്ള വാർത്തകൾ കൊടുക്കുന്നതിൽ മാധ്യമങ്ങൾ നീതി പുലർത്തുന്നില്ലെന്നും വിശ്വസിക്കുന്നു! ഇത്തരമൊരു സാഹചര്യത്തിൽ മാധ്യമസ്വാതന്ത്ര്യ സൂചികയിലും ജനാധിപത്യത്തിന്റെ സൂചികയിലും നമ്മുടെ രാജ്യം താഴോട്ടു പോകുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു.

ചരിത്രം വസ്തുതകളെയും ഫിക്ഷൻ വസ്തുതകളെക്കുറിച്ചുള്ള സത്യത്തെയും മാധ്യമങ്ങൾ ഇവ രണ്ടിനെയും ഒരുപോലെ വെളിപ്പെടുത്തുന്നു എന്നാണ് പൊതുധാരണ. ഈ വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിത്തറയും. എന്നാൽ ഇതിനെ തകിടം മറിക്കുന്ന രീതിയിലാണ് ഇന്ത്യയുടെ പോക്ക്. മാധ്യമലോകത്ത് എല്ലാം സുഭദ്രമാണെന്നല്ല പറഞ്ഞു വരുന്നത്. അവിടെ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട്താനും. എന്നാൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല, പിന്നയോ മാധ്യമ ലോകത്തെ അനഭിലഷണീയമായ പ്രവണതകളെ ഇല്ലായ്മ ചെയത് മാധ്യമ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുകയാണ് അതിന് ചെയ്യെണ്ടത്. നിർഭാഗ്യവശാൽ, മുഖം നന്നാകത്തതിന് കണ്ണാടിയെ കുറ്റം പറയും പോലെയാണ് മാധ്യമങ്ങളോട് നമ്മുടെ ഭരണകർത്താക്കൾ അനുവർത്തിക്കുന്ന നയം. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തിരുത്തൽ ശക്തിയെയാണ് ഇതിലൂടെ നമുക്ക് നഷ്ടമാവുന്നത്. ജപ്പാൻ കവി ഇസുമി ഷിക്കിബുവിന്റെ (Izumi Shikibu) വരികളിലൂടെ നാം നേരിടുന്ന ഈ പ്രതിസന്ധിയെ അനാവരണം ചെയ്യാം. “നാശോന്മുഖമായ ഈ വീടിന്റെ വിള്ളലുകളിലൂടെ കൊടുംകാറ്റ് ആർത്ത് എത്തുന്നുണ്ടെങ്കിലും നിലാവെളിച്ചവും അതിനൊപ്പം അരിച്ചെത്തുന്നുണ്ട്”.

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

മാധ്യമ സ്വാതന്ത്ര്യം എന്ന ആ വിള്ളലിനെ അടയ്ക്കുമ്പോൾ ഇല്ലാതാവുന്നത് കൊടുങ്കാറ്റ് മാത്രമല്ല ജനാധിപത്യത്തിന്റെ വെള്ളി വെളിച്ചവുമാണ്. പൗരസമൂഹം ഇത് മനസിലാക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇതിനെതിരെ ഒന്നും ചെയ്യാതെ ചരിത്രത്തെ അതിന്റെ പതിവ് ഭാവങ്ങളിലേക്ക് പോകാൻ അവർ അനുവദിക്കുന്നു, സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതറിയാതെ.

Comments