ട്രൂകോപ്പി തിങ്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ചത് വിമർശനങ്ങൾക്കെതിരായ അധികാര പ്രയോഗം

‘‘അതിനിശിതമായിതന്നെ ഹിന്ദുത്വ രാഷ്ട്രീയത്തെയും അധീശത്വ അധികാരശക്തികളെയും വിമർശന വിധേയമാക്കുന്ന ട്രൂകോപ്പി തിങ്കിന്റെ നിലപാടാകാം, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിസേബിൾ ചെയ്യുന്നതിലേക്ക് ‘മെറ്റ’യെ നയിച്ചത്’’

ട്രൂകോപ്പി തിങ്കിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ ഡിസേബിൾ ചെയ്ത നടപടി അത്യന്തം പ്രതിഷേധകരവും തങ്ങൾക്ക് അഹിതമായ വാർത്തകളും വിവരങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരായ അധികാര പ്രയോഗവുമാണ്. അതിനിശിതമായി തന്നെ ഹിന്ദുത്വരാഷ്ട്രീയത്തെയും അധീശത്വ അധികാരശക്തികളെയും വിമർശന വിധേയമാക്കുന്ന ട്രൂകോപ്പിയുടെ നിലപാടാകാം ഇത്തരമൊരു നടപടിക്ക് കാരണമായത്.

സ്വതന്ത്രമായ അഭിപ്രായങ്ങളെയും ആശയ പ്രകാശന സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുകയെന്നതാണ് അമിതാധികാരശക്തികളുടെയും ഫാസിസ്റ്റുകളുടെയും സ്വഭാവം. ഇൻറർനെറ്റ് സാങ്കേതികയുടെ സാധ്യതയിൽ വളർന്നു വികസിച്ച സാമൂഹ്യ മാധ്യമങ്ങൾക്ക് എന്തെല്ലാം ദോഷങ്ങളും പരിമിതികളുമുണ്ടെങ്കിലും ആത്യന്തികമായി ഒരു സ്വതന്ത്രധാരയായി വർത്തിക്കാൻ കഴിയും. ആ ഒരു സാധ്യതയിലാണ് ട്രൂകോപ്പി പോലുള്ള ഓൺലൈൻ ബദൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്.

Screenshot from Truecopy Think’s New Instagram Handle

മുഖ്യധാരാ മാധ്യമങ്ങൾ കോർപ്പറേറ്റുവൽക്കരിക്കപ്പെടുകയും മൂലധന താല്പര്യങ്ങൾക്കാവശ്യമായ രീതിയിൽ വിഭജനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രചാരകരായി അധഃപതിക്കുകയും ചെയ്യുന്നിടത്താണ് ബദൽ മാധ്യമങ്ങൾ പ്രസക്തവും ഗൗരവാവഹമായ സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്ന സാധ്യതയായി മാറുന്നതും.

ഭരണാധികാരി ശക്തികൾക്കും അവരുടെ പ്രത്യയശാസ്ത്ര പ്രചരണങ്ങൾക്കും ഭീഷണിയാവുന്ന ബദൽ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വേട്ടയാടുന്ന സാഹചര്യമാണിന്ന് നിലനില്ക്കുന്നത്. കോർപ്പറേറ്റ്- വർഗ്ഗീയ കൂട്ടുകെട്ടിനെതിരായി ഉയരുന്ന ശബ്ദങ്ങളെയും പ്ലാറ്റുഫോമുകളെയും നിശ്ശബ്ദമാക്കുകയും പൂട്ടിക്കുകയും ചെയ്യുകയാണ് ഭരണാധികാരികളും മൂലധനശക്തികളും ചേർന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.

Comments